Tuesday, September 20, 2022
ഒരു പിടി അവിലുമായ് ..
.
സിനിമാപാട്ടു ചരിത്രത്തിലെ ഭക്തകവി ആരെന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ . എന്നാൽ അദ്ദേഹം തന്റെ സിനിമാ ജീവിതത്തിൽ മനസ്സിൽ നിറഞ്ഞു കവിയുന്ന ആ ഭക്തി പ്രണയത്തിൽ ചാലിച്ചും എഴുതാൻ ശ്രമിച്ചിരുന്നു എന്നതും നമ്മൾ കേട്ടറിഞ്ഞ സത്യം..
ശ്രീ എസ് രമേശൻ നായർ ...
എഴുതിയ ഭക്തി ഗാനങ്ങളോളം വരില്ല അറുനൂറ്റി അമ്പതോളം വരുന്ന സിനിമാഗാനങ്ങൾ . രമേശൻ നായരുടെ സിനിമാ ഗാനങ്ങളെ ഇകഴ്ത്തിയതല്ല . അതിന്റെ പകിട്ട് ഒന്ന് വേറെ തന്നെയാണ്. ചലച്ചിത്ര ഗാനങ്ങളെ വിലയിരുത്തും മുൻപ് തീർച്ചയായും അനുഭവിച്ചറിയേണ്ടത് ഹിന്ദു ഭക്തി ഗാന ആൽബങ്ങളെ ആണ്. ഭക്തിഗാന ചരിത്രത്തിൽ തന്നെ രമേശൻ നായർ സാഹിത്യത്തെ വെല്ലാൻ മറ്റാരും ഇതുവരെ എഴുതിയിട്ടില്ല. മുൻപും പിൻപും ..
കൃഷ്ണഭക്തിയുടെ നിറകുടം തുളുമ്പി ശ്രോതാക്കളിലേക്കും അത് പ്രവഹിക്കും . എഴുതിയ ഗാനങ്ങളിൽ ശ്രീകൃഷ്ണ ഭക്തി ഗാനങ്ങളാണ് മുഖ്യം . അതങ്ങ് വെറുതെ എഴുതി പോയതല്ല . സിനിമാ ഗാനങ്ങൾ എഴുതേണ്ടി വരുമ്പോൾ കഥയ്ക്ക് അനുസരിച്ചേ പാട്ടെഴുത്തുകാരന് ചലിക്കാനാവൂ . തന്റേതായ അറിവ്, കാഴ്ചപ്പാടുകൾ പാട്ടുകളിൽ കൂടുതൽ ചെലുത്താനാവില്ല . കഥാ സന്ദർഭത്തിനനുസരിച്ചു മാത്രം തൂലിക ചലിപ്പിക്കുന്നവർ ആണല്ലോ പാട്ടെഴുത്തുകാർ. എന്നാൽ ഭക്തി ഗാനരസപ്രദമായിട്ടെഴുതുമ്പോൾ തന്റെ മനസ്സ് അതിൽ വിലയിപ്പിക്കാൻ ഗാനരചയിതാവിനാവുന്നു. വിഷാദവും, നിർവൃതിയും , ആശയും , പ്രതീക്ഷയും , വിരഹവും, സ്നേഹവും , പരാതിയും എല്ലാം ഭക്തിരൂപേണ എഴുതി ചേർക്കാൻ ആവും. ആ വിലയനം ശരിക്കും അനുഭവിക്കും ഒട്ടേറെ ആൽബങ്ങളിൽ . ആദ്യകാല കാസ്സറ്റുകളായ പുഷ്പാഞ്ജലി, വനമാല, മയിൽപ്പീലി എന്നിവയിലൂടെ മാത്രം കേൾവിക്കാരനായി പോയാൽ മതി.
അനുഭവതീക്ഷണത നിഴലിക്കുന്ന വരികൾ , സമർപ്പണമായ ഒരു മനസ്സ് , വാക്കുകളിലെ കുലീനത്വം എന്നിവ അനുഭവവേദ്യമാകും ..
എൺപതുകളിലെ , തൊണ്ണൂറുകളിലെ കാസറ്റ് കാലങ്ങളെ തിരികെ കൊണ്ടുവരും ഈ ആൽബങ്ങളിലൂടെ കടന്നുപോവുമ്പോൾ . ഭക്തി ഗാന കാസ്സെറ്റ് വിൽപ്പനയിൽ ചരിത്രം സൃഷ്ടിച്ചവ ആയിരുന്നു മുകളിൽ പറഞ്ഞ മൂന്നും ..
പുഷ്പാഞ്ജലി
വിവിധ സ്ഥലങ്ങളിലെ പ്രസിദ്ധ ക്ഷേത്രങ്ങളിലെ മുഖ്യദൈവങ്ങളെ പ്രകീർത്തിച്ചുകൊണ്ട് എഴുതപ്പെട്ടത് ...
പി കെ കേശവൻ നമ്പൂതിരി - രമേശൻ നായർ കൂട്ടുകെട്ടിൽ പിറന്ന ഭക്തിസാന്ദ്രമായ വൈഭവം !
സ്വജീവിതം സമ്പൂർണമായി വിഗ്നേശ്വരന് സമർപ്പിക്കുന്ന അപൂർവഭക്തിയുടെ നിറവ് .... ആദ്യ ഗാനം തന്നെ വിഗ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാൽക്കലുടക്കുവാൻ വന്നു ... ഒരദൃശ്യ സാന്നിധ്യത്തിന്റെ അനുഭവ നിർവൃതിയിൽ കവി പിന്നീടുള്ള എല്ലാ ഗാനങ്ങളും എഴുതി നിറച്ചു.
ഗുരുവായൂരമ്പലത്തിന്റെ പ്രൗഢിയും , വാകച്ചാർത്തിന്റെ അനുപമനിർവൃതിയും ചാലിച്ചെഴുതിയ രണ്ടാമത്തെ ഗാനം . ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം ....
ക്ഷേത്ര ചുറ്റുപാടുകളെ കുറിച്ചും, ഐതിഹ്യങ്ങളെക്കുറിച്ചും കേവല അറിവുണ്ടെങ്കിലേ ഭക്തി ഗാന രചന പൂർണമാവൂ .
വടക്കുന്നാഥന് സുപ്രഭാതം പാടും വണ്ണാത്തിക്കുരുവികൾ നമ്മൾ ..
കൂടും പിണികളെ കണ്ണാലൊളിക്കും കൂടൽമാണിക്യസ്വാമീ ..
നീലമേഘം ഒരു പീലിക്കണ്ണ് ..
എന്നിവയോക്കെ നിസ്സാരമായി എഴുതിപോവാവുന്ന ഒന്നല്ല ..
മൂകാംബികേ ഹൃദയ താളാഞ്ജലി എന്ന ഗാനം ശ്രദ്ധിക്കുക.
സകല വേദത്തിന്റെയും അധിപതിയായവളേ ഞാനാകുന്ന എഴുത്തോലച്ചിറകിൽ ഗാനാമൃതം ചുരത്തിക്കുമോ എന്ന അഭ്യർത്ഥന മറ്റു രൂപത്തിലും വന്നിട്ടുണ്ട്...
നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ എന്ന വരികളിലൂടെ മയിൽപ്പീലി ആൽബത്തിൽ ജയവിജയ സംഗീതത്തിൽ...
തുടർന്ന് വന്ന വനമാല എന്ന ആൽബത്തിനും സംഗീതം പികെ കേശവൻ നമ്പൂതിരി തന്നെയായിരുന്നു. രണ്ടു പേരുടെയും പ്രാധാന്യം തരംഗിണി മനസ്സിലാക്കിയിരുന്നു...
വനമാല മൊത്തം കൃഷ്ണഭക്തി വഴിഞ്ഞൊഴുകുന്ന ഗാനാമൃതം തന്നെയാണ്.
അതി ഗംഭീരമായ ഒരു തുടക്കം.... അണ്ഡകടാഹങ്ങൾ തിരയടിച്ചുണരുന്നു അഗ്രെ പശ്യാമി .....
കണികാണും നേരം എന്ന ഗാനത്തിന്റെ ചുവടു പിടിച്ചാണെങ്കിലും അതിലും മഹത്തരമായ വരികൾ നമുക്ക് നൽകിക്കൊണ്ട് " കായാമ്പൂക്കളോടിടയും തിരുമെയ് കണികാണേണം കൃഷ്ണാഹരേ : എന്ന ഗാനം.
ഇതിൽ എഴുതേണ്ട കാര്യമില്ല. ഒരു ഭക്തമാനസത്തിന്റെ ഉടമ അല്ല ഞാൻ . എന്നാൽ രമേശൻ നായർ എഴുതിയ ചിലതൊക്കെ എന്തൊക്കെ നമ്മളെകൊണ്ട് ചിന്തിപ്പിക്കുന്നു എന്ന് ചില ഏകാന്ത നിമിഷങ്ങളിൽ ഓർത്തുപോവാറുണ്ട് ..
അനേക മൂർത്തേ അനുപമകീർത്തേ
അവിടുത്തേക്കൊരവിൽപ്പൊതി
അനന്തദുഃഖത്തീയിൽപ്പിടയുമൊ
യൊരാത്മാവിന്റെയഴൽപ്പൊതി ...
ആയിരം നാവുള്ളൊരനന്തതേ
നിനക്കാവുമോ ഭഗവാനെ വാഴ്ത്താൻ
വാതാലയമാം വൈകുണ്ഠം വാഴുന്ന
വേദാന്തരൂപനെ വാഴ്ത്താൻ ...
എന്നീ വരികളൊക്കെ കവിത തന്നെയാണ്....
ആകാശം നാഭീ നളിനം എന്ന ഗാനത്തിൽ ആലിലയിലെ അനന്തശയനത്തോടൊപ്പം മനസ്സും തുടിച്ചു നിൽക്കും ..
ആ ഹൃദയസമർപ്പണം ആണ് ഏറെ ആകർഷണം . മനുഷ്യനിലെ അന്തർനീലമായ ഹൃദയസ്മിതം , അതെന്തുമാത്രമാണ് വരികളെ പുൽകുന്നത്. നിഷ്കളങ്കമായ ഭക്തിയുടെ പൂർണോദയം ദർശിക്കും നമ്മൾ ..
ഭഗവാന്റെ ശ്രീപാദ ധൂളീകണം ..
വേദങ്ങൾ മീളാൻ മൽസ്യം നീ ...
ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും...
അഷ്ടപദി ഗുരുവായൂരപ്പന്റെ ഇഷ്ടസഖി ...
ഗുരുവായൂരേകാദശി തൊഴുവാൻ പോവുമ്പോൾ ..
എന്നിവയൊക്കെ തന്നെ ആ ഹൃദയ നൈർമല്യത്തിന്റെ ഉത്തമോദാഹരണങ്ങളാണ് ...
വീണ്ടും കൃഷ്ണഭക്തിരസാനുഭവങ്ങൾ ...
മയിൽപ്പീലി എന്ന ആൽബത്തിൽ ജയവിജയ സംഗീത സംവിധായകനായി എത്തി ...
ഒട്ടും കുറയാത്ത നിതാന്ത സംഗീത ധാര ...
ചന്ദനചർച്ചിത നീലകളേബരം ....
ഒരു പിടി അവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ
വരികയായ് ദ്വാരക തേടി....എന്ന ഗാനത്തിലെ
എൻ മിഴിനീരിലെ നാമ ജമപങ്ങളെ
പുണ്യമാം തീരത്തണച്ചവനേ..
വിറകിൽ ചിതഗ്നിയായ്‍ കാട്ടിലലഞ്ഞപ്പോൾ
വിധിയോടൊളിച്ചു.. കളിച്ചവനേ..
എന്റെ ദൈവം.. ഭവാനെന്റെ ദൈവം
എന്നയിടത്തൊക്കെ എത്തുമ്പോൾ ഇത് വെറും ഭക്തിഗാനം മാത്രമല്ല സർവവും തുടിക്കുന്ന ജീവൽ മന്ത്രം തന്നെയാണ്....
ചെമ്പൈക്കു നാദം നിലച്ചപ്പോൾ ...
ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാനുരുകുന്നു കർപ്പൂരമായി..
ഈ ഗാനങ്ങൾക്കൊക്കെ ഞാനെന്തു പറയാൻ..!!!!!
രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ
ഞാൻ പാടും ഗീതത്തോടാണോ
എന്ന ഗാനം ഒരു സിനിമാ ഗാനം എന്ന് നിനച്ചു കൊണ്ട് പാടി നടന്നിട്ടുണ്ട്...
യമുനയിൽ ഖരഹരപ്രിയയായിരുന്നെങ്കിൽ ...
ഹരികാംബോജി രാഗം പഠിക്കുവാൻ ...
എന്നീ ഗാനങ്ങളൊക്കെ പിന്നെയും നിർവൃതി നേടിക്കഴിഞ്ഞ ഒരു മനസ്സിന്റെ സുന്ദര സ്വപ്നങ്ങളാണ് ..
ഇനിയെത്ര കിടക്കുന്നു...
ഭക്തി നിർഭരമായ അനേകം സൃഷ്ടികൾ !!
ഇനിയൊന്നിലേക്കും പോകാൻ ഉദ്ദേശിക്കുന്നില്ല...
നിറഞ്ഞു കവിയുന്ന മനസ്സിനെ തലോടി ...
വിശ്രമിക്കൂ വിശ്രമിക്കൂ...
ജൂൺ 18 ...
ഈ മഹാനുഭാവന്റെ ചരമ ദിനം ആണ്..
ഒന്നാം വാർഷികം...
നമസ്‌കരിക്കുന്നു...
NB : ചലച്ചിത്ര ഗാനങ്ങളിലൂടെ ഒരു ഭാഗം കൂടി...
Subscribe to:
Post Comments (Atom)
No comments:
Post a Comment