മുല്ലനേഴിക്കവിതകളിലൂടെ സഞ്ചരിച്ചപ്പോൾ കിട്ടിയ അതെ നിർവൃതി ഗാനങ്ങളിലൂടെയും കിട്ടും. അതാണ് മുല്ലനേഴി വിരുത്!!ചിലതിലൂടെയൊക്കെ ഒന്ന് പോയി വരാം. വളരെ നനുനനുത്ത ആ മനസ്സിനെ സിനിമാ ഗാനങ്ങളിൽ കാണാം എന്നത് സന്തോഷിപ്പിക്കുന്ന ഒരു കാര്യം കൂടിയാണ്...
നായകാ പാലകാ എന്ന ഭക്തി ഗാനം സിനിമയിൽ എവ്വിധമാണ് ചിത്രീകരിച്ചത് എന്നറിയില്ല . എന്നാലും യേശുവിനെ സ്മരിച്ചു കൊണ്ടാണെന്നു തോന്നുന്നു. എന്നാൽ മറ്റേതൊരു ദൈവത്തെ കുറിച്ചായാലും തെറ്റ് പറയാനും ആവില്ല. പൊതുവിലായൊരു ഒരു ദൈവീക പ്രാർത്ഥന എന്ന് പറയാം. നായകനായാലും, സംരക്ഷിക്കുന്നവനായാലും അവൻ മനുജസ്നേഹമുള്ളവനാണ്... മനുഷ്യനെയും ദൈവത്തെയും അടുപ്പിച്ചു നിർത്തുന്ന മാഹാത്മ്യത്തെ പുകഴ്ത്തുന്ന ഒരു ഗാനമായി തോന്നി...
ഞാവല്പഴങ്ങളിലെ കറുകറുത്തൊരു പെണ്ണാണ് എന്ന ഗാനത്തിന്റെ വരികളിലൂടെ പോകുമ്പോൾ മനസ്സിലാക്കിത്തരുന്നത് , കറുത്ത ചന്തത്തിനകത്തുരുകുന്ന കനവിന്റെ നോവാണവൾ, പോരെങ്കിൽ കറുത്ത ചിപ്പിതൻ അകത്തുറയുന്ന വെളുത്ത മുത്തുമാണ്.... കറുകറുത്തൊരു പെണ്ണാണ് എന്ന നേരിയ കല്ലുകടിയിൽ നിന്നും അവളെ വർണ്ണിക്കാൻ വാക്കുകളില്ലാതെ കവി കുഴങ്ങുന്നുണ്ട്. എല്ലാത്തിലും അവളെ തന്നെ കാണുന്നു. മേഘത്തിന്റെ ഇടയിലൂടെ തെന്നിത്തെറിച്ചു വരുന്ന തിങ്കളെ പോലെയുമാണ്. എള്ളിൻ കറുപ്പ് പോലെ എങ്കിലും ഉള്ളിന്റെ ഉള്ളു തുടുത്താണിരിക്കുന്നത് ... ശ്യാമിന്റെ ഉള്ളിന്റെ ഉള്ളിലെ സംഗീതം കവിഞ്ഞൊഴുകിയത് .
കുറച്ചു വരികളിലൂടെ മനുഷ്യമനസ്സിന്റെ മോഹങ്ങളും മോഹഭംഗങ്ങളും വരച്ചു കാട്ടിയ ഗാനമാണ് "മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു " എന്നത്.അറിയാത്ത പാതകളിലൂടെ മനസ്സിന്റെ മോഹസഞ്ചാരം .കാലത്തിന്റെ തിരിമറച്ചിലിൽ കണ്ണുനീരോടെ കാത്തുകാത്തിരിപ്പാണ് ജീവിതത്തിന്റെ താളങ്ങളേറ്റു വാങ്ങാനായി.. മോഹത്തിന്റെ ആരോഹണങ്ങളിൽ രോമാഞ്ചങ്ങളുതിർക്കുമ്പോഴും ചിറകു കരിഞ്ഞു വീഴുന്ന അവരോഹണത്തിന്റെ വേദനകൾ... എം ബി ശ്രീനിവാസൻ തന്റെ മൗനസംഗീതത്തിന്റെ കെട്ടഴിച്ചു വിട്ട അപൂർവ ഗാനങ്ങളിൽ ഒന്ന്...
മറക്കാനാവില്ല സ്വർണപ്പക്ഷികളിലെ ഗാനങ്ങൾ. എന്റെ കൗമാരത്തുടക്കത്തിലെ നൊമ്പരമായി " സ്മൃതികൾ നിഴലുകൾ ....
കാറ്റിൻ കവിളിണയും ഈറൻമിഴിയിതളും ഏതോ വിരലുകൾ തേടുന്ന ഓർമ്മ...ആൾത്തറയും കാവും അരളിപ്പൂമരവും അന്തിവിളക്കുകളും അഴകും എല്ലാം ഇഴുകിച്ചേർന്നു ഈ ഓർമ്മഗാനത്തിൽ.. ഇന്നിത് വീണ്ടും കേട്ടപ്പോൾ അന്ന് തുടിച്ച മനസ്സിനോടൊപ്പം ഇന്നിന്റെ ചിന്തകളും കൂടികലർന്നു ... രവീന്ദ്രന്റെ സ്മൃതികൾ മനസ്സിനെ കുളിരണിയിച്ചു..
അതിലെ തന്നെ
ദേവാംഗനെ നീയീ ഭൂമിയിൽ ...
താമരപ്പൂവിലായാലും ..
എന്നിവയൊക്കെ ഹരിതാഭമായി വിടർന്നു വിരിഞ്ഞു മനസ്സിൽ...
നാടൻപാട്ടിന്റെ ഈണങ്ങളുമായി നമ്മുടെ ഓർമ്മകളിൽ തെളിഞ്ഞു വരുന്ന ഒരു സംഗീതജ്ഞൻ ഉണ്ട്.. കെ രാഘവൻ മാസ്റ്റർ . മുല്ലനേഴിയുടെ നാട്ടുപച്ചയിലേക്ക് ഇറ്റിവീണ മഞ്ഞുതുള്ളി ..
കാട്ടിലെ പാട്ടിൽ ഇവരുടെ കോമ്പിനേഷൻ അപാരമാണ്...
ചിരിക്കുന്ന നിലാവിന്റെ കണ്ണുനീർപാടം .. എന്നത് .ലളിതമായ വരികളോടെ കെ രാഘവൻ സംഗീതം മേമ്പൊടി ചേർത്ത് നമുക്ക് വിളമ്പിയപ്പോൾ പഴയ ചില ഗാനങ്ങളുടെ പട്ടികയിലേക്ക് ഇതും ചേർത്ത് വെച്ചിരുന്നു..
അമ്പിളികൊമ്പത്തെ പൊന്നൂഞ്ഞാലിൽ ...
എന്ന ജാനകി ഗാനവും മികച്ചത്...
ഞാനൊന്ന് പറയട്ടെ എന്നതിലെ ...ഈ നീലയാമിനീ തീരത്തുറങ്ങാത്ത .... എന്ന ഗാനം കവി പറഞ്ഞപോലെ ചൂടാത്ത പൂവിന്റെ മനസ്സിന് കാതോർത്ത് പാടുന്ന രാഗങ്ങൾ !!
വെള്ളം എന്ന എംടി ഹരിഹരൻ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റുകളായിരുന്നു. കാലം തെറ്റിയെത്തിയ ചിത്രം ഏറെ വിജയം നേടിയില്ലെങ്കിലും വലിയ ശ്രദ്ധ നേടിയിട്ടുണ്ട് അതിലെ പാട്ടുകൾ. ദേവരാഗങ്ങളുടെ ശില്പിയായ ദേവരാജൻ കൂട്ടുകെട്ട് ഒരു കാരണം തന്നെയായിരുന്നു.
സൗരയൂഥ പഥത്തിലെങ്ങോ സംക്രമ പൂ വിരിഞ്ഞു...
കോടനാടൻ മലയിലെ മാണിക്യച്ചെമ്പഴുക്ക ...
സ്വർഗ്ഗസങ്കൽപ്പത്തിൻ തേരൊളി കേട്ടെന്റെ ...
ആ സിനിമാസ്കോപ് ചിത്രത്തിന്റെ വലിപ്പത്തിലും ആ ദൃശ്യങ്ങളും പാട്ടുകളും ഇന്നും മനസ്സിലുണ്ട്..
രവീന്ദ്രൻ സംഗീതത്തിന്റെ വെള്ളച്ചാട്ടം വീണ്ടും മുല്ലനേഴി പാട്ടുകളിൽ...
കയ്യും തലയും പുറത്തിടരുത് എന്ന തോപ്പിൽ ഭാസി നാടകത്തിന്റെ സിനിമാരൂപവും കേമമായിരുന്നു. ഒരാക്ഷേപഹാസ്യ രൂപത്തിൽ അത് മലയാളസിനിമയ്ക്ക് കരുത്തേകിയ കാലം. അതിലും നല്ല രണ്ടുമൂന്നുഗാനങ്ങൾ ഉണ്ടായിരുന്നു.
ആകാശ നീലിമ മിഴികളിലെഴുതും അനുപമ സൗന്ദര്യമേ... എന്ന തുടക്കം അതി ഗംഭീരം എന്ന് വിശേഷിപ്പിക്കുന്നു...
പിന്നീടേറെ ഗാനങ്ങളൊന്നും പിറവിയെടുത്തിരുന്നില്ല...എന്നാലും പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം എന്ന ഗാനം ഓർമ്മയിൽ വരുന്നു. സന്മനസ്സുള്ളവർക്ക് സമാധാനത്തിനു വേണ്ടി ജെറി അമൽദേവ് ഈണം കൊടുത്തത് .ശ്രീനിവാസന്റെ തമാശയ്ക്കൊപ്പം ആ പാട്ടും ജനഹൃദങ്ങളിൽ വേരൂന്നിയിരുന്നു...
നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്നതിലെ
കറുത്ത രാവിന്റെ കന്നികിടാവൊരു വെളുത്ത മുത്ത്... എന്നത് വേറിട്ട് നിൽക്കുന്നു...
അമ്മയും നന്മയും എന്ന സ്വന്തം കവിത ഈ ചിത്രത്തിൽ ഗാനമായി വരുന്നുണ്ട്..
ഈ സംഗീതയാത്ര അവസാനിപ്പിച്ചത് മികച്ചൊരു ഗാനത്തോടെ തന്നെ.
ഇന്ത്യൻ റുപ്പിയിലെ ഈ പുഴയും സന്ധ്യകളും, നീലമിഴിയിതകളും... എന്നത്. പ്രണയിനിയുടെ ഓർമ്മകളേകുന്ന നനുത്ത സ്പർശങ്ങൾ ... ഷഹബാസ് അമൻ അതിന്റെ ഹൃദയം കണ്ടെത്തി അതിനെ സ്വസ്ഥമായൊഴുകാൻ വിടുകയും ചെയ്തു. വരികളിൽ ഉഴറിയിരുന്ന നൊമ്പരത്തെ സംഗീതത്തിൽ ലയിപ്പിക്കുന്ന അപൂർവത...
പറയേണ്ടതെല്ലാം പറഞാണോ അങ്ങ് തിരികെ പോയത്!!.. അറിയില്ലെങ്കിലും കേൾക്കേണ്ടതെല്ലാം കേട്ടെന്ന് ഞങ്ങൾ പറയില്ല. പറയാത്തതിലും അധികം ആ മനസ്സിലുണ്ടായിരുന്നു... അല്ലെ?