Tuesday, September 20, 2022
സണ്ണി സ്റ്റീഫൻ --ബഹുമുഖപ്രതിഭ
ഒരു ബഹുമുഖ പ്രതിഭയെ കുറിച്ച് സംസാരിക്കുന്നതു തന്നെ മനസ്സിനേറെ സന്തോഷം തരുന്നത് . അത് സർഗപ്രതിഭയ്ക്കപ്പുറം മാനവികതയുടെ കാവലാൾ പോലും ആവുന്നൊരാൾ ആവുമ്പോൾ!! ഏറെ ഉല്ലാസപ്രദം .... അദ്ദേഹം കൈകാര്യം ചെയ്ത മേഖലകളിൽ നിന്ന് കുഞ്ഞു സംഭാവനകൾ മാത്രം തന്ന മലയാള സിനിമാ സംഗീത രംഗത്തെ കുറിച്ചും കൂടി പറഞ്ഞു പോവണം...
സംഗീത രംഗത്ത് പ്രത്യേകിച്ച് ക്രിസ്ത്യൻ ഭക്തി ഗാനങ്ങളുടെ നൂറു കണക്കിന് ശേഖരങ്ങളുടെ ഉടമ , കവി , പ്രാസംഗികൻ , അതിൽ തന്നെ സമാധാന സന്ദേശവുമായി മത മേഖലയിൽ ആണെങ്കിൽ പോലും സർവ്വ ചരാചരങ്ങളെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന ഉദ്ബോധനങ്ങളുമായി ലോക സഞ്ചാരം ചെയ്യുന്നവൻ ,ഫാമിലി കൗൺസിലർ , മോട്ടിവേഷൻ സ്പീക്കർ എന്നിവയിൽ കൂടി സർവോപരി ഒരു സോഷ്യൽ ആക്ടിവിസ്റ്റ് ... വിശേഷണങ്ങളുടെ പൂമാലകളാൽ അനുഗ്രഹിക്കപ്പെട്ടവൻ .... ശ്രീ സണ്ണി സ്റ്റീഫൻ ....
അദ്ദേഹത്തിന്റെ സംഗീത സംഭാവനകളെ ഒന്ന് തൊട്ടു തലോടി പോവാനേ കഴിയൂ...
സിനിമയിൽ ഒരു നീണ്ട സംഗീതകാലങ്ങൾ ഒന്നും ഇദ്ദേഹത്തിന് അവകാശപ്പെടാനില്ല എങ്കിലും അവലോകനം ചെയ്യുമ്പോൾ ഒട്ടും ഒഴിച്ച് കൂടാൻ ആവാത്ത വ്യക്തിയും കൂടിയാ ണ് . റിലീസാവാത്ത ചില സിനിമകളിൽ ആദ്യം മുതൽ തന്നെ കയറിയിറങ്ങി പോവേണ്ടി വന്ന ഹതഭാഗ്യൻ ആയിപ്പോയി. എന്നാലും ഉത്രം നക്ഷത്രം എന്ന ഇറങ്ങാത്ത സിനിമയിലെ ഒരു ഗാനം ... അതുണർത്തിവിടുന്ന ഉന്മേഷം ... !!!
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ എന്ന കെ ജയകുമാർ വരികൾ !!! അതൊന്നു മാത്രം മതി സണ്ണി സ്റ്റീഫൻ മലയാള സിനിമാ സംഗീതത്തിന് നൽകിയ അപൂർവ്വ വിരുന്ന് ...., ടോക്കിയോ നഗറിലെ വിശേഷങ്ങൾ , ചിരട്ട ക്കളിപ്പാട്ടങ്ങൾ എന്നിവയിലെ പാട്ടുകൾക്ക് ഈണം കൊടുത്തുവെങ്കിലും കരുണം എന്ന ജയരാജ് ചിത്രം അദ്ദേഹത്തിന് അംഗീകാരവും നേടിക്കൊടുത്തു. നാടൻ പാട്ടുകളുടെ അപൂർവ ഈണങ്ങളുമായി കരുണത്തിൽ തിളങ്ങിയപ്പോൾ കേരള സ്റ്റേറ്റ് അവാർഡും നേടിയെടുക്കാൻ പറ്റുകയുണ്ടായി . എന്തുകൊണ്ടോ സിനിമയിൽ പിന്നീട് പാട്ടുകളുമായി വന്നിട്ടില്ല.
ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾക്ക് ഇദ്ദേഹം നൽകിയ സംഭാവനകൾ നിസ്സീമമാണ് .തിരുനാമസങ്കീർത്തനം എന്ന ഗാനം രാധികാ തിലകിന്റെ ശബ്ദത്തിൽ നമ്മൾ എത്ര കേട്ടു !!!
തന്നാലും നാഥാ ആത്മാവിനെ ....
അനാദികാലം മുൻപേ ദൈവം ...
അത്യുന്നതങ്ങളിൽ നിന്നിങ്ങു വന്നു ...
തുടങ്ങിയെത്രയെത്ര !!!!
ആൽബം ഗാനങ്ങൾക്കും സംഗീതം കൊടുത്തിരിക്കുന്നു പൂത്താലം എന്ന ഓണപ്പാട്ടുകളിലെ ഇദ്ദേഹത്തിന്റെ സംഭാവനയാണ് ഏറെ ഉയർന്നുനിൽക്കുന്നത് .
അതിലെ ഉത്രാടപ്പൂവിളിയിൽ കേരളമുണരുകയായ് എന്ന ഗാനം ക്ലാസിക്കൽ ഈണങ്ങളൂം തനിക്ക് വശം എന്ന് തെളിയിക്കുന്നു. കർണ്ണാട്ടിക് മ്യൂസിക് കൂടാതെ ഹിന്ദുസ്ഥാനി സംഗീതത്തിലും അഗ്രഗണ്യൻ ആണിദ്ദേഹം ...
സീരിയൽ രംഗത്തും മികച്ച ഈണങ്ങൾ നൽകിയിട്ടുണ്ട് ഇദ്ദേഹം . തപസ്യയിലെ " മോഹനരാഗതരംഗം ..." ചിത്രയുടെ പാട്ടുകളിൽ തന്നെ മുൻപിൽ നിൽക്കുന്നു.
ദേശാടനപക്ഷികൾ , അതിഥി , നിറമാല .ഈ സ്നേഹതീരം , ഓമനത്തിങ്കൽ പക്ഷി എന്നിവ പ്രസിദ്ധം...
പാട്ടുകളുടെ സന്തത സഹചാരിയായ ഇദ്ദേഹത്തിന്റെ മൂല്ല്യമേറിയ ജീവിതവീക്ഷണം തന്നെയാണ് ഇത്രയേറെ മൃദുല സംഗീതത്തിനും ഉറവിടമായത് . മനസ്സിനെ തരളിതമാക്കുന്ന ഈ സംഗീത ധാര എന്നും നിലനിൽക്കട്ടെ ..
Subscribe to:
Post Comments (Atom)
No comments:
Post a Comment