Monday, November 30, 2020

സുജാതാമോഹന്റെ ഗാന സാമ്രാജ്യത്തിലൂടെ ഭാഗം 1



കണ്ണെഴുതി പൊട്ടു തൊട്ടു  വന്നവൾ  

1975 ൽ മലയാള സിനിമാ ഗാനരംഗത്ത് ഒരു പുത്തൻ താരോദയമുണ്ടായി. ഒരു കുഞ്ഞു താരം . അവൾ പ്രഭാപൂരിതമാക്കി പിന്നീട് സിനിമാ ഗാനശാഖയാകെ .പന്ത്രണ്ടാമത്തെ വയസ്സിൽ പാടാനെത്തിയവൾ . അതും നായികയ്ക്ക് ശബ്ദം നൽകിക്കൊണ്ട്. അതും പ്രണയലഹരിയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഒരുവൾക്കു വേണ്ടി. കണ്ണെഴുതി പൊട്ടു തൊട്ടു നിൽക്കുന്ന കണ്ണാന്തളി പൂവിന്റെ നാണത്തെ പ്രകീർത്തിച്ചു കൊണ്ടൊരു ഗാനം.  സുജാത എന്ന പുതിയ ഗായിക . 1975 ൽ ടൂറിസ്റ്റ് ബംഗ്ളാവ് എന്ന ചലച്ചിത്രത്തിന് വേണ്ടി ഓ എൻ വി കുറുപ്പ് രചിച്ച " കണ്ണെഴുതി പൊട്ടു തൊട്ട് കല്ലുമാല ചാർത്തിയപ്പോൾ " .... ഈ ഗാനം സംഗീതം ചെയ്തത് എം കെ അർജുനൻ മാസ്റ്ററും . കാട്ടുപൂവിലൂടെ പ്രണയഭാവങ്ങൾ  പ്രതിഫലിച്ചു കണ്ട നായികയുടെ ഭാവങ്ങൾ ആ കുഞ്ഞു ഗായിക ഭംഗിയാക്കുകയും ചെയ്തു. കൊഞ്ചലോടു കൂടിയുള്ള ഗാനാലാപനത്തിനു അന്ന് വലിയ സ്വീകരണമാണ് ലഭിച്ചത്. റേഡിയോവിൽ അത് മുഴങ്ങി വിലസിയത് ഇന്നുമോർക്കുന്നു..


പത്തു വർഷത്തെ സുജാതയുടെ ഗാനസമ്പത്തിലൂടെ ഒന്ന് കണ്ണോടിക്കുകയാണ്. ആ കുരുന്നു പ്രായം മുതൽ ഒരുറച്ച ശബ്ദമായി മലയാളത്തിൽ തുടർച്ച നേടിയ കാലത്തിലൂടെ ഒരു തിരിഞ്ഞുനോട്ടം. എല്ലാം വിധത്തിലുമുള്ള ഗാനങ്ങളും ആ തുടക്കകാലത്തു സുജാതയ്ക്ക് പാടാൻ കിട്ടുകയുണ്ടായി. പ്രണയ പരവശ ഗാനങ്ങൾ മുതൽ , ഭക്തി ഗാനങ്ങൾ, വിഷാദഗാനം, തമാശ ഗാനം , യുഗ്മഗാനം, സംഘഗാനം തുടങ്ങിയവയിലൊക്കെ പ്രാവീണ്യം നേടിയിട്ടായിരുന്നു ജൈത്രയാത്ര.. ഇരുത്തം വന്ന ഗായികയായി മാറി പിന്നീട് സുജാത. പന്ത്രണ്ടാം വയസ്സിൽ പാട്ടിൽ ഒളിഞ്ഞിരിക്കുന്ന ആ കൊഞ്ചൽ ഭാവം എന്നാൽ മുഴുവനായി സുജാതയെ കൈവിട്ടതായി കാണുന്നില്ല. പക്ഷെ അതൊരു കുറവായല്ല പറഞ്ഞത്.


ആദ്യത്തെ  പ്രണയമോഹിതകൽപ്പനകൾ നിറഞ്ഞ ഗാനത്തിന് ശേഷം ഗാനഗന്ധർവനുമായിട്ടായിരുന്നു അടുത്തത് . ഭരണിക്കാവ് ശിവകുമാർ രചിച്ച്  ശ്യാം ഈണം പകർന്ന ": സ്വപ്നം കാണും പെണ്ണെ ... സ്വർഗം തേടും കണ്ണേ "  എന്നത് ..കാമം ക്രോധം മോഹം എന്നതിലേത് . പ്രണയശരങ്ങളേൽക്കുന്ന അവളുടെ ഭാവങ്ങൾ പാട്ടിൽ വരുത്തിക്കൊണ്ട് ഭംഗിയാക്കി സുജാത. ": വരൂ സ്വർഗ്ഗദേവാ .." എന്നിടത്തൊക്കെ വരുത്തിയ ഭാവം ശ്രദ്ധിക്കപ്പെട്ടു.

കുട്ടിത്തത്തിൽ നിന്നും വിടുതൽ നേടുന്ന ഗായികയെ കണ്ടു നമ്മൾ ..


സുജാതയയ്ക്ക് കിട്ടിയ വലിയൊരു ഭാഗ്യം   തുടക്കത്തിൽ തന്നെ യേശുദാസിനൊപ്പം , ശേഷം സഹ ഗായികമാരൊത്തു പല ഗാനങ്ങളിലും സഹകരിക്കാൻ കഴിഞ്ഞതും ....

രണ്ടാമത്തെ ചിത്രം മുതൽ തന്നെ , മൂന്നാമത്തെ പാട്ടുമുതൽ അത് സാധിച്ചു. 


"രാജാധിരാജന്റെ വളർത്തു പക്ഷി " എന്ന ഗാനം അമ്പിളിയുമൊത്തു പാടാൻ കഴിഞ്ഞു.

തുടക്കകാലത്തു തന്നെ കുറച്ചേറെ ഭക്തിഗാനങ്ങൾ ആലപിക്കാൻ പറ്റിയിട്ടുണ്ട്. അപരാധിയിലെ ലതാ രാജുവുമൊത്ത് " നന്മ നേരും 'അമ്മ ,വിണ്ണിൻ രാജകന്യ "  എന്നതിലൂടെ ശബ്ദത്തിനൊരു സാത്വികഭാവവും കൈവന്നു .രാജപരമ്പരയിലെ "വിശ്വം ചമച്ചും, ഭരിച്ചും വിളങ്ങുന്ന " എന്ന മറ്റൊരു ഗാനത്തിലൂടെ അത് വീണ്ടും നമ്മൾ കേട്ടറിഞ്ഞു..


1977 ൽ തന്നെ ഓർമ്മകൾ മരിക്കുമോ എന്നതിലൂടെ മങ്കൊമ്പ് ഗോപാലകൃഷ്ണൻ  എം എസ് വിശ്വനാഥന്റെ  ജ്വലിക്കുന്ന കാമത്തിന്റെ അമ്പേറ്റ്‌ വിവശയായ നായികയ്ക്ക് വേണ്ടി

"നാണം.. കള്ളനാണം .. കണ്ണിൽ ബാണം .. കാമബാണം " ....അതിൽ  അതിസുന്ദരമായ ഹമ്മിങ്ങുകളോടോ  പ്രിയ ഗായിക ...


അപരാധി എന്ന ചിത്രത്തിൽ തന്നെ തന്റെ പ്രായത്തിനനുസരിച്ചോരു ഗാനം പാടാൻ പറ്റി ." തുമ്പീ തുമ്പീ തുള്ളാൻ വായോ " ....


യേശുദാസിന്റെ പ്രോത്സാഹനത്തോടെ സിനിമയിൽ സ്ഥിരമായ സുജാതയ്ക്ക് അദ്ദേഹം ഈണം പകർന്ന പാട്ടുകളും ആലപിക്കാൻ കഴിഞ്ഞു. 1981 ഇറങ്ങിയ മൂന്നു ചിത്രങ്ങളിൽ യേശുദാസിന്റെ സംഗീത ലഹരി പടർന്നിരുന്നു. താറാവിൽ കല്ല്യാണീ മേനോനോടൊത്ത് "ഒറ്റക്കാലിൽ തപസ്സു ചെയ്യും കൊറ്റി "

സഞ്ചാരിയിൽ " കർപ്പൂരദീപം തെളിഞ്ഞു " എന്ന ഭക്തിഗാനവും . അമ്പിളിയുടെ " വൃന്ദാവനം സ്വർഗ്ഗമാക്കിയ ശ്രീകൃഷ്ണാ " എന്ന അവിസ്മരണീയ ഗാനത്തോട് കിടപിടിക്കുന്ന ഒന്നായിരുന്നു അത്...

യേശുദാസിന്റെ സംഗീതത്തിൽ പൂച്ചസന്യാസിയിൽ ഒരു തമാശ ഗാനം മൂന്നു പ്രഗത്ഭ ഗായികമാരോടൊത്താലപിക്കാൻ സുജാതയ്ക്ക് കഴിഞ്ഞു... " ഇവനൊരു സന്യാസി ... കപടസന്യാസി " എന്നത്  വാണിജയറാം , അമ്പിളി , എസ്  പി ശൈലജ എന്നിവരോടൊപ്പമാണ് പാടേണ്ടി വന്നത്..


കാര്യം നിസ്സാരത്തിലെ  കണ്മണി പെണ്മണിയെ ...

അഷ്ടപദിയിലെ പണ്ട് പണ്ടൊരു കാലത്ത്

കാറ്റത്തെ കിളിക്കൂടിലെ  കൂവരം കിളി കൂട് 

ആദ്യത്തെ അനുരാഗത്തിലെ രാഗം അനുരാഗം ...

എന്നിവയൊക്കെ  ഇരുത്തം വന്ന ഒരു ഗായികയുടെ ശബ്ദമിശ്രണങ്ങളാണ് ...


കെ എസ് ചിത്രയ്ക്ക് മുൻപേ മലയാളത്തിൽ വന്നു ചേർന്ന സുജാത ചിത്രയോടു ചേർന്നും മലയാള സിനിമാ ഗാന പ്രപഞ്ചത്തെ സമ്പുഷ്ടമാക്കി ...

( തുടരും... )

പുലരിപ്പൂ പോലെ ചിരിച്ചും ....

 

സിനിമയിൽ ആദ്യമെഴുതിയ പാട്ടിനു തന്നെ അവാർഡ് നേടുകയെന്നത് അത്യപൂർവമായ ഒരു സംഗതിയാണ്. ഇക്കൊല്ലത്തെ സ്റ്റേറ്റ് അവാർഡ് അത്തരം ഒരു കാര്യത്തിനും സാക്ഷ്യം വഹിക്കുക ഉണ്ടായി. മികച്ച പാട്ടെഴുതിയ ആൾ ശ്രീ സുജേഷ് ഹരി . പുലരിപ്പൂ പോലെ ചിരിച്ചും ... എന്ന ഗാനത്തിന് ... സംഗീതം ചെയ്ത വിശ്വജിത് വലിയൊരു അഭിനന്ദനം അർഹിക്കുന്നു. പിന്നെ ഭാവമധുരമായി പാടിയ സിത്താരയും ...


ഒരസാധാരണ പ്രണയകാവ്യം തന്നെയാണിത് . ഏറ്റവും മികച്ചതിന് തന്നെ അവാർഡ് കൊടുത്തതിന് ഇക്കൊല്ലം ജൂറി അംഗങ്ങൾക്ക് അഭിമാനിക്കാം. അത്രയേറെ അതിലെ വരികൾ ചിത്രത്തിലെ കഥാ സന്ദർഭത്തോട് ചേർന്ന് നിൽക്കുന്നു. 


പുലരിപ്പൂ പോലെ ചിരിച്ചും എന്ന ആഗാനം  ഒരാൺ വേർഷൻ ആയി മുൻപ് ഒരാൽബത്തിൽ കേട്ടിട്ടുണ്ട്. അത് തീർത്തും വിരഹഗാനം തന്നെയായിരുന്നു. എന്നാൽ സിനിമയിൽ ആ ഗാനം ഒരു പെൺ വേർഷനായി മാറ്റിയപ്പോൾ അതീവ സുന്ദരമാകുകയും ചെയ്തു. അൽപ്പാൽപ്പം ചില മാറ്റങ്ങൾ എങ്കിലും  തുടക്കത്തെ പ്രണയ സാഫല്യവും, അതിന്റെ സ്നേഹതുടർച്ചയും, പിന്നീട് അവൾ അനുഭവിക്കുന്ന ഒറ്റപ്പെടലും, സ്നേഹനിരാസവും എല്ലാം അതിൽ ഉൾച്ചേർന്നിരിക്കുന്നു.


പുലരിപ്പൂ പോലെ വെണ്മയാർന്നു ചിരിച്ചും,കളിച്ചും ജീവിതം മുന്നോട്ടു നീങ്ങുന്നു. ഏതന്തിയിലും കൂട്ടായും, സീമന്തസിന്ദൂരം മായാതെ കാത്തും പാതി മെയ്യും, പാതി മനസ്സും ഒരൊറ്റ ശ്വാസകുളിരിൽ കൂട്ടായി ചേര്ന്നും , ഒരിക്കലും പിരിയാതെ പുണർന്നു കുളിർന്നും പൊയ്‌പ്പോയ നാളുകൾ ..കുഞ്ഞു നോവുകളിൽ പോലും കണ്ണീരലകൾ ഒന്നായി ചേർന്ന് പെയ്യുന്നതും .....

അതൊക്കെ ഓർമ്മകളാവുകയായിരുന്നു.....


പ്രണയിച്ചു വിവാഹം കഴിച്ചവർ  പിന്നീട് വല്ലാത്ത ഒരു സാഹചര്യത്തിൽ അകന്നു കഴിയേണ്ടി വരുമ്പോൾ .. ഒറ്റയ്ക്കായി പോയ ഒരുവളുടെ സങ്കടങ്ങളാണ് ഈ പാട്ടു നിറയെ.  നല്ലൊരു കുടുംബത്തിൽ ജനിച്ചവൾ  എങ്കിലും അമിത മദ്യാസക്തി കാരണം അയാൾക്കു സംഭവിക്കുന്ന ചില അബദ്ധങ്ങളുടെ  അകെത്തുക . അതാണ്  സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചലച്ചിത്രത്തിന്റെ ഇതിവൃത്തം .  അവൻ ജയിലകപ്പെട്ടപ്പോൾ വീട്ടിലും, സമൂഹത്തിലും വരെ തീർത്തും ഒറ്റപ്പെട്ടു പോയ ഒരുവളുടെ ദീനത ആണ് ഈ  പാട്ടിലൂടെ ഇതൾ വിരിയുന്നത്.


പല്ലവിയ്ക്കും, അനുപല്ലവിക്കും ശേഷം പിന്നത്തെ വരികൾ മുഴുവൻ അവളുടെ വേദനയുടെയും, ഒറ്റപ്പെടലിന്റെയും , സ്നേഹരാഹിത്യത്തിന്റെയും സാക്ഷ്യമാണ്...

ജീവിതത്തിൽ തീർത്തും ഏകാകിയായി പോയ അവൾ പിന്നെ തിരിച്ചറിയുകയാണ്. ഇനി നിന്റെ സ്നേഹം എന്നിൽ മുല്ലയായി പൂവിടില്ല , നിന്റെ സ്നേഹനിലാവെന്നിലിനി പൊഴിഞ്ഞു വീഴില്ലെന്നും ... സ്നേഹദാഹത്താലുലയുമ്പോൾ എന്നിൽ നിന്നും പൊഴിഞ്ഞു വീഴുന്ന പൂവിതളുകൾ കൊർത്തിനി നീയൊരു മാല്ല്യം തീർക്കില്ലെന്നും , എന്റെ മൂകരാഗത്തിനിനി നീ തംബുരു മീട്ടില്ലെന്നും ഭീതിയോടവൾ മനസ്സിലാക്കുന്നു..

നിന്റെ സംരക്ഷണം ഇല്ലാതാവുമ്പോൾ ഒരു രാവിലും ഇനി ഒരു നിഴൽക്കൂട്ടു പോലും ഇല്ലാതാവുകയാണ്...ജീവിതത്തിലെ ഏതപായ നിമിഷങ്ങളിലും ,ഏത്  തോരാ രാമഴയിലും നീയെന്ന കൂട്ടെനിക്കില്ലാതായിരിക്കുന്നു ..അവസാന ശ്വാസം നിലച്ചു കഴിഞ്ഞാൽ പോലും  നീയെന്നെ നെഞ്ചിൽ ചേർത്തു പിടിച്ചു കൊണ്ട് തേങ്ങില്ലയെന്ന ദുഃഖസത്യവും ഞാൻ മനസ്സിലാക്കുന്നു..അതിനു ശേഷം നിന്റെ ജീവിതത്തിൽ ഞാനെന്ന അദ്ധ്യായം തന്നെ ഇല്ലാതാവുകയും ചെയ്യും എന്നുമറിയാം...


ഇത്രയേറെ പ്രണയത്തെയും, കുടുംബ ബന്ധത്തെയും ചേർത്തു പിടിച്ച ഒരു ഗാനം അടുത്തൊന്നും കേട്ടിട്ടില്ല. സുജേഷ് ഹരി മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനം ആണ്..  ഇനിയും ഏറെ ഗാനങ്ങൾ വരാനിരിക്കുന്നു. ഞങ്ങൾ അക്ഷമയോടെ കാത്തിരിക്കുന്നു ...

എല്ലാവിധ ആശംസകളും നേരുന്നു .....

Wednesday, November 25, 2020

കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ...

 

സങ്കീർണമായ മനുഷ്യാവസ്ഥകളെയും, ബന്ധങ്ങളെയും വെള്ളിത്തിരയിലെ ചലിക്കുന്ന ബിംബങ്ങളാക്കിയ ചലച്ചിത്രകാരൻ ശ്രീ പത്മരാജൻ . ഒരു കൊലപാതകത്തിലൂടെ ഒരു നാടിന്റെ തുടിപ്പാവുന്ന രാമനിലൂടെ സ്വാതന്ത്ര്യത്തിന്റെ മേച്ചിൻപുറങ്ങളും , ഇടത്താവളങ്ങളും എല്ലാം അന്ന് കണ്ടറിഞ്ഞു. മലയാളി ഇതുവരെ ദർശിക്കാത്ത ദൃശ്യചാരുത .പെരുവഴിയമ്പലം .

അസ്തിത്വത്തിന്റെ കുതിപ്പും കിതപ്പും ....


ഭരതൻ , ഐ വി ശശി , കെ ജി ജോർജ് , കെ എസ് സേതുമാധവൻ ചിത്രങ്ങൾക്ക് തിരക്കഥാകാരനായി തുടക്കം. സ്വതന്ത്ര സംവിധായകനായി പെരുവഴിയമ്പലം.  ശേഷം പതിനേഴ് സിനിമകൾ സംവിധാനം ചെയ്തു.  ഓരോന്നും വ്യത്യസ്തമാർന്നത് . 


സിനിമകളെ അപഗ്രഥിക്കുന്ന ഒരു കുറിപ്പല്ലിത് .   പത്മരാജൻ സിനിമകളിലെ ഗാനങ്ങൾ . അതിലൂടെ ഒന്ന് പോയി വരാം..

പത്മരാജൻ സിനിമയിൽ ഗാനങ്ങൾ പ്രാധാന്യമുള്ളതല്ല എന്ന് പറയുമ്പോൾ ഇതൊക്കെയല്ലേ , അതൊക്കെയില്ലേ എന്ന് ആസ്വാദകർ തിടുക്കപ്പെടും .. 18 സിനിമകൾ സംവിധാനം ചെയ്തതിൽ പതിനൊന്നെണ്ണത്തിൽ മാത്രം പാട്ടുകൾ ഉണ്ട്. ഏഴെണ്ണത്തിൽ ഗാനങ്ങൾ ഇല്ല. താൻ തിരക്കഥയെഴുതിയ മറ്റു സംവിധായകർ ചെയ്തതിൽ മിക്കതിലും മികച്ച ഗാനങ്ങൾ ഉണ്ട്.  എന്നാൽ പത്മരാജൻ സിനിമകളിൽ പാട്ടിനുവേണ്ടി പാട്ടൊരിക്കലും ഉൾപ്പെടുത്തിയിട്ടില്ല.  നാലാമത്തെ സിനിമ മുതൽ ആണ് സിനിമയിൽ പാട്ടു വന്നുതുടങ്ങിയത്.  രണ്ടോ മൂന്നോ ഗാനങ്ങളിൽ കൂടുതൽ ഒരിക്കലും ചേർക്കാറുമില്ല.

പെരുവഴിയമ്പലം,ഒരിടത്തൊരു ഫയൽവാൻ , കള്ളൻ പവിത്രൻ എന്നിവയ്ക്ക് ശേഷം നവംബറിന്റെ നഷ്ടത്തിൽ ആദ്യമായ് പാട്ടുരംഗം വരുന്നു.  പ്രണയനഷ്ടം സംഭവിച്ച നായികയുടെ മാനസികഭാവങ്ങളും ജീവിതരീതികളും ചിത്രീകരിച്ച സിനിമയാണ് നവംബറിന്റെ നഷ്ടം . കൂട്ടുകാരികളുടെ കുസൃതികളും , കളികളും , സ്നേഹപ്രകടനങ്ങളും നിറഞ്ഞൊഴുകുന്ന സീനുകളോടെ " അരികിലോ , അകലെയോ , എവിടെയാണ് നീ " ... പൂവച്ചൽ ഖാദറിന്റെ വരികൾക്ക് എം ജി രാധാകൃഷ്ണന്റെ സംഗീതം.. പ്രണയനഷ്ടത്തിന്റെ തീവ്രതയിൽ  ഏകാന്തതയിൽ അകപ്പെട്ടുപോയ ഒരുവളുടെ നൊമ്പരങ്ങൾ വാക്കുകളാക്കിയ ഗാനം കൂടിയുണ്ട്..."ഏകാന്തതേ നിന്റെ ദ്വീപിൽ " ...


അങ്ങിനെ പത്മരാജനും സിനിമയിലെ അവിഭാജ്യഘടകമായ പാട്ടിന്റെ കൂട്ടുകാരനാവുകയായിരുന്നു . എന്നാൽ അളവിൽ കവിഞ്ഞൊരു അടുപ്പം പാട്ടിനെ സിനിമയോട് ബന്ധിപ്പിക്കുന്നതായി കാണുന്നില്ല എന്ന ദുഃഖസത്യം പറയാതെ വയ്യ.

എന്നാലും തുടർച്ചയായി പിന്നീട് വന്ന നാല് സിനിമകളിലും പാട്ടുകൾ കൊടുത്തിട്ടുണ്ട്. കൂടെവിടെ, പറന്നു പറന്നു പറന്ന് , തിങ്കളാഴ്ച നല്ല ദിവസം , നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്നിവയിലാണിത് ..


ബാല്യത്തിൽ 'അമ്മ നഷ്ടപ്പെട്ട ഒരു കോടീശ്വര പുത്രന്  അമ്മയെന്ന വാത്സല്യവും, സ്നേഹവും, സംരക്ഷണവും വരെ ആലീസിൽ നിന്ന് ലഭിക്കുമ്പോൾ , അവരുടെ ബന്ധത്തിൽ അസൂയാലുവാവുന്ന ക്യാപ്റ്റൻ തോമസിന്റെ പെരുമാറ്റത്തിന്റെ വഴി വിട്ട നീക്കങ്ങളും എല്ലാം കൂടിക്കലർന്ന ചിത്രം. മഹത്തരമായെതൊന്നിനെ ആണോ അതിനെ ചേർത്തുപിടിക്കുന്നുണ്ട് പത്മരാജൻ സിനിമകൾ.  ആലീസിന്റെ നന്മയും, രവി പുത്തൂരാൻ്റെ സാരള്യവും എല്ലാം ഹൃദ്യമായൊരനുഭവം .   ഓ എൻ വി കുറുപ്പിന്റെ രചനയിൽ രണ്ടു പാട്ടുകൾ .  " ആടിവാ കാറ്റേ .. പാതിരാകാറ്റേ "

"പൊന്നുരുകും പൂക്കാലം  നിന്നെ കാണാൻ വന്നു "  .....

ജോൺസന്റെ പൊന്നുരുകുന്ന സംഗീതം...


പാട്ടുകൾ സിനിമാ പ്രേക്ഷകർ ആഗ്രഹിക്കുന്നത് കൊണ്ട് ചേർക്കുന്നതായി തോന്നാറുണ്ട്. പല പാട്ടുകളിലും നായകനോ നായികയോ പാടുന്നതായിട്ടല്ല . പകരം പശ്ചാത്തലത്തിൽ മുഴങ്ങുന്ന സംഗീതസ്വരങ്ങൾ ..അപൂർവം സിനിമകളിലെ കഥാപാത്രങ്ങൾ ചുണ്ടനക്കുന്നതായി ചിത്രീകരിച്ചിട്ടുള്ളൂ..

കഥാപാത്രങ്ങൾ പാടുന്നതായി വന്നിട്ടുള്ളതു ഇവയൊക്കെ ആണ് ...


നവംബറിന്റെ നഷ്ടത്തിലെ   അരികിലോ അകലെയോ ..

കൂടെവിടെയിലെ  പൊന്നുരുകും പൂക്കാലം..

നൊമ്പരത്തിപ്പൂവിലെ ഗാനങ്ങൾ

ഞാൻ ഗന്ധർവനിലെ  ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം, പാലപ്പൂവേ , ദേവീ  ആത്മരാഗമായി ..

ഇത്രയും ഗാനങ്ങൾ മാത്രമേ പാടി അഭിനയിക്കുന്നതായിട്ടുള്ളൂ..

ബാക്കി എല്ലാ ഗാനങ്ങളും  അണിയറയിലെ ശബ്ദങ്ങൾ മാത്രം.. എന്നാൽ അവയ്ക്കുമുണ്ട്  സിനിമയിൽ പ്രധാന സ്ഥാനം . വെറുതെ ഒരു സമയംകൊല്ലിയായോ , വൈകാരികസുഖം തരുവാനായോ മാത്രം ചേർത്തുകെട്ടിയതല്ല എന്ന് സ്പഷ്ടം.  

ഒരിടിത്തീ പോലെ ചില സിനിമകളിൽ പാട്ടുതിർന്നു വീഴും.. നായികയും നായകനും കെട്ടിപ്പുണർന്നുകൊണ്ടും , മരം ചുറ്റിക്കൊണ്ടും, സ്വിറ്റ്സർലാൻഡിലോ , അമേരിക്കയിലോ, ഒക്കെ ഉടനടി എത്തപ്പെടുന്ന മായികജാലങ്ങൾ .... അതൊന്നും പത്മരാജൻ സിനിമകളിൽ പ്രതീക്ഷിക്കേണ്ട. അത്തരം ഒരൊറ്റ പാട്ടും അദ്ദേഹം ചിത്രീകരിച്ചിട്ടില്ല. നമ്മുടെ നാട്ടിൽ നിന്നും ഒരൊറ്റ നായകനും നായികയും സ്വപ്നത്തിൽ ദൂരങ്ങൾ താണ്ടിയിട്ടില്ല... ഇവിടുത്തെ മണ്ണിലും , പ്രകൃതിയിലും മാത്രം അഭിരമിക്കുന്നവർ ..


മുൻപ് ചിത്രീകരിച്ച പല സീനുകളും കോർത്തിണക്കി , അല്ലെങ്കിൽ വെട്ടിമാറ്റിയ അത്യാവശ്യമില്ലാത്ത രംഗങ്ങൾ  ഒരുമിച്ചൊരു ഗാനത്തിൽ  ഇഴചേർക്കുന്നതായി പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്.  പാട്ടൊരു വഴിക്കും, സീനുകൾ മറ്റൊരു വഴിക്കും എന്നപോലെ എന്ന് പറയുമ്പോഴും  ഒരിക്കലും മടുപ്പനുഭവപ്പെടാത്ത തരത്തിൽ അത് അവിസ്മരണീയമാക്കാൻ പത്മരാജന് കഴിഞ്ഞിട്ടുണ്ട് എന്നും പറയാതിരിക്കാൻ വയ്യ .

ഉദാഹരണത്തിന് ചില പാട്ടുകളിലൂടെ പോവാം..

തൂവാനത്തുമ്പികളിലെ  മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി ....

മൂന്നാം പക്കത്തിലെ  താമരക്കിളി പാടുന്നു...

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ   ആകാശമാകെ കണിമലർ ..

ഇന്നലെയിലെ  നീ വിൺ പൂ പോൽ ...

ദേശാടനക്കിളി കരയാറില്ലയിലെ  പൂ വേണോ പൂ വേണോ ...

വാനമ്പാടി ഏതോ തീരങ്ങൾ തേടുന്ന ...

കൂടെവിടെയിലെ ആടിവാ കാറ്റേ പാതിരാ കാറ്റേ ..

തിങ്കളാഴ്ച നല്ല ദിവസത്തിലെ  പനിനീരുമായി ഇളംകാറ്റ് വീശി ..

ഇവയൊക്കെ തന്നെ അത്തരം ഒരേ പാറ്റേണിൽ പിറവികൊണ്ട പോലെ തോന്നും... എന്നാൽ ഓരോന്നും വ്യത്യസ്തവും തന്നെ എന്ന അറിവും പങ്കുവെക്കുന്നു.  ഒരിക്കലും ആ പാട്ടുസീനുകൾ സിനിമയിൽ അധികപ്പറ്റാവുന്നുമില്ല എന്നതും ശ്രദ്ധനീയം ..


കൂടെവിടെയിലെ "പൊന്നുരുകും പൂക്കാലം"  ആലീസിന്റെ മനസ്സിൽ നിറയുന്ന സന്തോഷാധിക്യത്തിന്റെ പ്രതിഫലനങ്ങളാണ് .

മൂന്നാം പക്കത്തിലെ  " ഉണരുമീ ഗാനം " ഒരു മുത്തശ്ശന്റെ സ്നേഹാധിക്യത്തിന്റെ പ്രകടനങ്ങൾ പ്രേക്ഷകമനസ്സിനെ ആ പാട്ടിലൂടെ  എത്രമാത്രം സിനിമയിലേക്ക് അടുപ്പിച്ചു എന്നതിന് ഒരുദാഹരണം.


പത്മരാജൻ  സിനിമയിലെ മികച്ച പാട്ട് ഏതെന്നു ചോദിച്ചാൽ ഉടനടി ഉത്തരം ഉണ്ട്....

ഭൂതകാലം നഷ്ടപ്പെട്ട മായയുടെ മനസ്സിന്റെ വിഭ്രമാവസ്ഥയും , പുതിയ ബന്ധങ്ങൾ നൽകുന്ന സ്നേഹ സമ്പുഷ്ടതയും  ഭാവിയുടെ മൂടൽമഞ്ഞു നിറഞ്ഞ അകലകാഴ്ചകളായി സ്വപ്നദർശനം നൽകിയപ്പോൾ ..... ഓർമ്മപ്പൂവുകളെ തഴുകി ഉണർത്തുന്ന ആ സ്നേഹ പീലീസ്പർശത്തിന്റെ സുഖാലസ്യത്തിൽ നിന്നൊരു ഗാനം ... " കണ്ണിൽ , നിൻ മെയ്യിൽ , ഓർമ്മപ്പൂവിൽ ഇന്നാരോ പീലി ഉഴിഞ്ഞോ "  .... അവ്യക്തമായ അവളുടെ തിരിച്ചറിവുകൾ  കൈതപ്രം ദാമോദരൻ നമ്പൂതിരി എത്ര ഭാവസാന്ദ്രമായി വരികളാക്കി ! പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ തെളിമയാർന്ന സംഗീതധാര..


കുടുംബത്തിൽ മാനസികമായും ശാരീരികമായും പീഡനമനുഭവിച്ച സോഫിയ എന്ന പെൺകുട്ടിയെ പ്രേമിച്ച സോളമൻ .അവരുടെ പ്രണയകഥ പറയുന്ന നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ... അതിലെ ...

" പവിഴം പോൽ പവിഴാധരം പോൽ ..പനിനീർ പൊൻമുകുളം പോൽ  :" എന്ന ഗാനവും ചിത്രീകരണവും ഒരിക്കലും മറക്കാനാവാത്തത് . പ്രണയത്തിന്റെ മുന്തിരിപ്പഴങ്ങളും, സംരക്ഷണത്തിന്റെ പുതപ്പും ഏകുന്നവൻ , സോളമൻ . അവന്റെ പ്രണയിനി സോഫി .

ഈ രണ്ടു ഗാനങ്ങളും പത്മരാജൻ സിനിമാചരിത്രത്തിൽ പാട്ടിന്റെ രണ്ടു സുവർണ്ണ ഗോപുരങ്ങൾ തന്നെയാണ്... ദൂരെ നിന്നേ കാണാവുന്ന , ഇളവെയിലിൽ വെട്ടിത്തിളങ്ങുന്ന രണ്ടു ഗോപുരങ്ങൾ ....


ജി വേണുഗോപാൽ എന്ന ഗായകന്റെ പാട്ടു ജീവിതത്തിൽ എന്നുമോർക്കാൻ രണ്ടു ഗാനങ്ങൾ പത്മരാജൻ വക സംഭാവന.

തൂവാനത്തുമ്പികളിലെ ഒന്നാം രാഗം പാടി ..

മൂന്നാം പക്കത്തിലെ  ഉണരുമീ ഗാനം..


പശ്ചാത്തല സംഗീതത്തിനും വളരെയേറെ പ്രാധാന്യം കൊടുത്ത സംവിധായകൻ ആണിദ്ദേഹം. അതും മികച്ച സംഗീതജ്ഞരായ ജോൺസൻ, ശ്യം , തുടങ്ങിയവർക്കും അവസരം  ഉണ്ടായിട്ടുണ്ട്...


ഒരു ലേഖനത്തിൽ എഴുതാൻ പാകത്തിലുള്ള അത്രയും പാട്ടുകളെ ഇദ്ദേഹത്തിന്റെ സിനിമകളിൽ നിന്നും കേട്ടെടുക്കാനുള്ളൂ... അത്രയും മതിതാനും.. രംഗങ്ങളുടെ അത്യാവശ്യ ഭാഗത്തു മാത്രം പാട്ടുകൾ എടുത്തുവെച്ച  ആ അതുല്യ കലാകാരനെ പാട്ടുകളിലൂടെയും സ്മരിക്കാൻ കഴിയും എന്നതും ഗന്ധർവമാഹാത്മ്യം ...

Monday, November 23, 2020

പാട്ടിന്റെ തിരുവാവണി രാവ് ...

 

പാട്ടെഴുത്തിന്റെ ,ഈണങ്ങളുടെ ഇഴയടുപ്പങ്ങളിലൂടെ നൂണ്ടിറങ്ങാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. മനസ്സിലടിയുറച്ചു പോയ പഴയ ഗാനങ്ങളിൽ നിന്നും ഒരു കാലത്തും പടിയിറങ്ങേണ്ടി വന്നിട്ടില്ല . അതെന്നും മനസ്സിലൊരു നിധി തന്നെയാണ്. കാലം കഴിയുന്നതിനനുസരിച്ചു സിനിമകളിൽ പാട്ടൊരു അധികപറ്റാവുകയാണോ ! ഇന്നത്തെ ഗാനങ്ങളെ വിമർശിക്കുമ്പോൾ പലരും എന്നോട് പറഞ്ഞിട്ടുണ്ട്

 " ഇന്ന് പാട്ടില്ലേ ?"

 " നിങ്ങൾ ഇന്നത്തെ ഗാനങ്ങൾ ശ്രദ്ധിക്കാഞ്ഞിട്ടാണ് "

" ഇന്നത്തെ ഗാനങ്ങളും കേൾക്കൂ .. എന്നിട്ടു വിമർശിക്കൂ "

ഇതൊക്കെ മനസ്സിലേക്ക് കയറ്റിവിട്ടു . പത്തു കൊല്ലത്തെ ഏകദേശം എല്ലാ ഗാനങ്ങളിലൂടെയും കയറി ഇറങ്ങി.  കേൾക്കാത്തത് കേട്ടു .  നിറയെ എഴുത്തുകാരും സംഗീതജ്ഞരും , ഗായകരും. പുതിയവർ കഴിവുള്ളവരാണ്.  എഴുതുന്നതിലും, സംഗീതം ചെയ്യുന്നവരിലും എല്ലാമുണ്ട് പ്രതിഭകൾ.  ഒരു കാര്യം എനിക്ക് മനസ്സിലായി. സംഗീതം നശിപ്പിച്ച ഏറെ നല്ല വരികൾ ഇവിടെ പിറന്നിട്ടുണ്ട്. ബി കെ ഹരിനാരായണന്റെതൊക്കെ ഏറെയും നല്ല വരികളാണ്. എന്നിട്ടും സംഗീത അതിപ്രസരത്തിൽ പലതും മുങ്ങിപ്പോയി . ഇതിനിടയിലും അദ്ദേഹത്തിന്റെ പല വരികളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് . അത് പറയാതെ വയ്യ. അവിടെയും സംഗീതം അല്പം മൃദുലത കൈവരിച്ചത് കൊണ്ടും ... 


ഷാൻ റഹ്‌മാൻ എന്ന സംഗീതജ്ഞനെ കുറിച്ചൽപ്പം പറയാം എന്ന് കരുതുന്നു. ഇന്നത്തെ യുവത്വം ഏറെ ആസ്വദിക്കുന്ന സംഗീതമായി തീർന്നിരിക്കുന്നു ഷാൻ റഹ്‌മാൻ ഈണങ്ങൾ. യൂ റ്റിയൂബിലൂടെ ഏറെ സഞ്ചരിച്ചാൽ  ആരാധകരുടെ നീണ്ട നിര കാണാൻ കഴിയും... അതിലുമേറെ പുറത്തുണ്ടാവാം.   അദ്ദേഹത്തിന്റെ കുറെ ഏറെ ഗാനങ്ങൾ കേട്ടു . ഒറ്റ വാക്കിൽ പറയാം . ഇദ്ദേഹത്തിൽ സംഗീതമുണ്ട്. എന്നാൽ ഏറെയും ഒരേ റൂട്ടിൽ ഓടുന്ന ബസ്സ്  പോലെ ആണെന്ന് പറഞ്ഞാൽ ആരും പിണങ്ങേണ്ട.  അതിനിടയിലും കുറച്ചെണ്ണം ഓർത്തുവെക്കാനുണ്ട് അതുമിവിടെ പറയാം. മലയാള സിനിമ സംഗീത രംഗത്തെ ഇന്നത്തെ കാലത്തെ പ്രതിനിധീകരിക്കുന്നു ഷാനീണങ്ങൾ .... 


2009  ൽ ഈ പട്ടണത്തിൽ ഭൂതം  എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക്  സംഗീതം ചെയ്തുകൊണ്ട് പ്രവേശം.  ഗിരീഷ് പുത്തഞ്ചേരി വരികൾക്ക് തുടക്കം തന്നെ ഈണം നൽകാൻ ഭാഗ്യമുണ്ടായി ഷാന് . ഈ പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിന് വേണ്ടി ഗിരീഷിൻറെ സുന്ദരമായ വരികൾക്ക് ..അതിലെ  "മാമരങ്ങളെ ഒരു മഞ്ഞുകൂടു നെയ്തു താ ""ആരോ നിലാവായ് തലോടി "  

തുടക്കം പാട്ടാസ്വാദകർ സ്വീകരിച്ചിരുന്നു. 


പിന്നീട് വിനീത് ശ്രീനിവാസൻ സിനിമകളുടെ ഒരു ഭാഗമാവുകയായിരുന്നു ഷാൻ. ഷാൻ സംഗീതം ആ ചിത്രങ്ങൾക്ക് നല്ല മൈലേജ് കൊടുത്തിട്ടുണ്ട് .  ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ് എന്നതിലെ യുവത്വത്തിന്റെ തുടിക്കുന്ന ചലനങ്ങൾ നിറഞ്ഞ ആട്ടും പാട്ടും നിറഞ്ഞത് . അവസാന ഗാനം ശരിക്കും സിനിമയുടെ ഒരു കൊട്ടിക്കലാശം തന്നെയായിരുന്നു ."നേരിന്‍ വഴി തന്‍ ജാലകവാതില്‍ നീ

ഇട നെഞ്ചിന്‍ തുടികളിലുണരും സ്വരമോ നീ..

നിന്‍ മലർ വാടിയിലെന്നും വാടാമലരുകൾ ഞങ്ങൾ

അനഘ സംഗീതമിവിടെ ഒഴുകുന്നിതാ

അമര സൗഹാർദ്ദമിവിടെയുണരുന്നിതാ

ആയിരം കാതമകലെ നിന്നു നീ

തൂകിടും മന്ദഹാസം

ഇവിടെ ഈ സന്ധ്യശോഭയില്‍ ഞാനറിവൂ.  "   


വിനീതിലെ കവിയും, ഗായകനും, അഭിനേതാവും, സംവിധായകനും ഉണർന്നുലഞ്ഞ സിനിമ . തരക്കേടില്ലാത്ത ഒരു പാട്ടെഴുത്തുകാരൻ ആണ് വിനീത്. ഷാനീണം ഇവയിലെ മിക്ക ഗാനങ്ങൾക്കും മുതൽക്കൂട്ടാണ്.   " നിൻ മലർവാടിയിലെന്നും  വാടാമലരുകൾ ഞങ്ങൾ "  . ഷാൻ എന്ന സംഗീതജ്ഞനെ തിരിച്ചറിഞ്ഞ ഗാനം ... 


അനു എലിസബത്ത് എന്ന പുതു എഴുത്തുകാരിയുടെ വരികൾക്ക് ഈണം നൽകി ഇദ്ദേഹം. " ശ്യാമാംബരം പുൽകുന്നൊരാ " എന്ന നല്ല വരികൾക്ക് ...  


പിന്നീട്  വിനീതിന്റെ തന്നെ മേൽനോട്ടത്തിൽ ചിത്രീകരിച്ച തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലും ഷാൻ ഈണം തന്നെ. സകലകലാ വല്ലഭനായ വിനീതിന്റെ വരികൾക്ക് തന്നെ ഈണം ചേർക്കുന്നത്.. " അനുരാഗത്തിൻ വേളയിൽ " മലയാളക്കരയാകെ അലയടിച്ച ഒരു ഗാനം. നായകൻറെ സൂപ്പർ പെർഫോമൻസും മറ്റൊരു കാരണം. എങ്കിലും വരികളും സംഗീതവും മികച്ചു നിന്ന ഒരു ഗാനം തന്നെ ഇത്... അനു എലിസബത്ത് വീണ്ടും... "തട്ടത്തിൻ മറയത്തെ പെണ്ണെ " ... സച്ചിൻ വാരിയർ എന്ന പുതു ഗായകനിലൂടെ .... 


അനൂപ് മേനോന്റെ വരികളിലൂടെ കാലിഫോർണിയയിൽ ഒരു നീക്കം.." മഞ്ഞുതിരും രാവിനുള്ളിൽ " എന്നത് ആവറേജ് സുഖം തന്ന ഗാനം ..


2014 ൽ ഹരിനാരായണൻ ഗാനങ്ങളെ പുൽകികൊണ്ട്  ഷാൻ സംഗീതം ഒരു തുടക്കമിട്ടു. അത് ഹിറ്റായിരുന്നു. " കാറ്റു മൂളിയോ '' ..

 ഓം ശാന്തി ഓശാനയിൽ .മനു മഞ്ജിത്തിന്റെ  " മന്ദാരമേ .. " എന്നതും വരികൾ കൊണ്ടും സംഗീതം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. 


ഒരു വടക്കൻ സെൽഫിയിലൂടെ  തമാശപ്പാട്ടുകൾക്കും ഈണം നൽകിക്കൊണ്ട് ഷാൻ റഹ്‌മാൻ ." എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല""കൈക്കോട്ടും കണ്ടിട്ടില്ല കയ്യിൽ തഴമ്പുമില്ല " എന്ന കോമഡി ഗാനങ്ങൾക്ക് . പാട്ടുകളുടെ ചിത്രീകരണം കൊണ്ടും നവീൻ പ്രകടനം കൊണ്ടും അതേറെ ശ്രദ്ധിക്കപ്പെട്ടു. മടിയൻ യുവത്വത്തിന്റെ പ്രതീകം എന്ന പോലെയുള്ള ഒരു നവീൻ കഥാപാത്രം .. 

വിനീത് ശ്രീനിവാസന്റെ എഴുത്തും,പാടലും ...


ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ  മലയാളി എന്നുമോർക്കുന്ന അല്ലെങ്കിൽ ഒരു പ്രവാസി മനസ്സിൽ സൂക്ഷിക്കുന്ന ചില ദൃശ്യങ്ങളും പാട്ടും, സംഗീതവും....": തിരുവാവാണി  രാവ് " എന്ന ഗാനം വരികളുടെ അർത്ഥം ചോർന്നു പോവാതെ സംഗീതം കൊടുക്കാൻ ഷാൻ റഹ്‌മാന്‌ കഴിഞ്ഞു ..  മനു മഞ്ജിത് മനസ്സറിഞ്ഞെഴുതിയ ഗാനം...


പിന്നീട്  ...." തെന്നൽ നിലാവിന്റെ "    ഒരു മുത്തശ്ശി ഗദ , ബി കെ ഹരിനാരായണൻ എന്നതിലൂടെ  ചുറ്റിത്തിരിഞ്ഞു കൊണ്ട്  ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ കോളിളക്കം സൃഷ്ടിച്ച ഗാനത്തിലൂടെ ആ ഗാനസഞ്ചാരം തുടർന്ന് കൊണ്ടിരുന്നു. പി എം എ ജബ്ബാറിന്റെ പഴയൊരു പാട്ടായ " ഒരു മാണിക്യ മലരായ പൂവി " യുവത്വത്തിന്റെ കളിയും ചിരിയും നിറഞ്ഞ ലോകത്തിലൂടെ ..


.വീണ്ടും ഹരിനാരായണനിലൂടെ ... നല്ല വരികളിലൂടെ പോയി കുളിരലയിലൊരു മുങ്ങി നിവരൽ സാധിക്കുന്നുണ്ട് ഷാൻ സംഗീതത്തിന് ... അരവിന്ദന്റെ അഥിതികളിലെ " രാസാത്തി എന്നെ വിട്ടു പോകാതേടീ " ...  നല്ലൊരു കമ്പോസിംങ് ആണ്. കൂടാതെ സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്നതിലെ .."ഇല്ലിക്കൂടിനുള്ളിൽ " എന്ന ബി കെ ഹരിനാരായണൻ ഗീതവും ഷാൻ സംഗീത ലോകത്തിനു ഒരു മുതലാണ് ...


ഇനിയും സംഗീതം തുടരുക. ആദ്യം പറഞ്ഞ പോലെ ഒരേ റൂട്ടിലെ ബസ്സ് ...  അതാവരുത്. ഒരേ കാഴ്ചകൾ , ഒരേ അനുഭൂതികൾ... കാഴ്ചകൾ വ്യത്യസ്ഥമാവട്ടെ . ഈണത്തിലെ ഉച്ചസ്ഥായികൾ ഹൃദ്യം . പാശ്ചാത്യ സംഗീതത്തിൽ നിന്ന് നല്ലതു ഊറ്റിയെടുക്കുന്ന വിരുത് എല്ലാം നല്ലത് .... തുടരുക... സംഗീതയാത്ര... ആശിർവാദങ്ങൾ ...

Tuesday, November 17, 2020

പാതിപെയ്ത ആഷാഢ മേഘങ്ങൾ

 


മാനസികമായ ഐക്യം തന്നെയാണ് ശരിയായ സുഹൃദ്ബന്ധത്തിനു നിദാനം . അത് പലപ്പോഴും കൂട്ടായ പ്രവർത്തനങ്ങളിലേക്കും തിരിയും. ബിസിനസ് രംഗങ്ങളിൽ അങ്ങിനെ വിജയിച്ചവരെത്ര ! സാഹിത്യരംഗത്തും അത്തരം ബന്ധങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന മികച്ച സൃഷ്ടികൾ ഉണ്ടായിട്ടുണ്ട്.  എം ടി - എൻ പി മുഹമ്മദ് ,  - പുനത്തിൽ കുഞ്ഞബ്ദുള്ള - സേതു , കെ എൽ മോഹനവർമ്മ - മാധവിക്കുട്ടി എന്നിവരിൽ നിന്നും രൂപപ്പെട്ട നോവലുകൾ ഉദാഹരണങ്ങൾ . സിനിമയിലും അത്തരം കൂട്ട് തിരക്കഥകളും, സംവിധായകരും , സംഗീത സംവിധായകരും ഉണ്ടായിട്ടുണ്ട്. 


പറയാൻ ഉദ്ദേശിച്ച കാര്യം നേരിയ സാമ്യമുള്ള മറ്റൊരു ബന്ധത്തെ കുറിച്ചാണ്. ഒരു സംരംഭം തുടങ്ങുമ്പോൾ  സമാനമനസ്കരായവരെ കൂടെ കൂട്ടി അവർക്കു ചേർന്ന രീതിയിലുള്ള ചുമതലകൾ ഏൽപ്പിക്കുന്നതും കാണാവുന്നതാണ്. സിനിമയിൽ പുതുമുഖമായി എത്തുന്നവരിൽ അത്തരം കൂട്ടുകെട്ടുകൾ ഏറെയുണ്ട്.


ഭദ്രൻ - പുതിയങ്കം മുരളി കൂട്ടുകെട്ടിനെ ഒന്ന് വിശദമാക്കാം. പാട്ടെഴുത്തിൽ 1982ൽ പുതുമുഖമായെത്തിയ പുതിയങ്കം മുരളിയും, സംവിധായകനായി കന്നിയാത്ര തുടങ്ങിയ ഭദ്രനും ഒന്ന് ചേർന്ന സിനിമയായിരുന്നു എന്റെ മോഹങ്ങൾ പൂവണിഞ്ഞു. സംഗീതം പ്രേമേയമാക്കി ഒരുക്കിയെടുത്ത ചിത്രം. പ്രണയവും, വിരഹവും, ചതിയും , പ്രതികാരവും ഒത്തുചേർത്ത് സൃഷ്ടിച്ചെടുത്ത ആ ചിത്രം കാലം ആവശ്യപ്പെട്ട ചിത്രം . 1982 ലെ ഹിറ്റ്‌ ചിത്രമായിരുന്നു ശങ്കർ, മേനക , മോഹൻലാൽ എന്നിവർ നടിച്ച ഈ ചിത്രം. അതിലെ രണ്ടു ഗാനങ്ങൾ എഴുതിയത് പുതിയങ്കം മുരളിയാണ്. ബിച്ചുതിരുമല രചിച്ച നനഞ്ഞ നേരിയ പട്ടുറുമാൽ, തംബുരു താനേ ശ്രുതി മീട്ടി എന്നതൊക്കെ വമ്പൻ ഹിറ്റായി റേഡിയോവിൽ ശ്രോതാക്കളാവശ്യപ്പെട്ടുകൊണ്ടേയിരുന്ന ഗാനങ്ങൾ. എന്നാൽ വിരഹത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ഒഴുകിവീണ ഒരു ഗാനമുണ്ടിതിൽ . പ്രകൃതിയോട് ചേർത്ത് തങ്ങളുടെ ദുഖങ്ങളെ ദർശിക്കുന്ന വിരഹകാമുകർ. അന്നത്തെ കാലത്തെ വളരെ വ്യത്യസ്തതയാർന്ന ഒരു രചനയായിരുന്നു അത്.


"ആഷാഢ മേഘങ്ങൾ 

നിഴലുകളെറിഞ്ഞു

വിഷാദ ചന്ദ്രിക മങ്ങി പടർന്നു

വിരഹം വിരഹം 

രാവിനു വിരഹം

രാഗാർദ്രനാം കിളി 

തേങ്ങിത്തളർന്നു.... "

വിരഹത്തിന്റെ അത്യാഗാധമായ നിലനിൽപ്പ് .  ദൂരങ്ങളിലുള്ള കമിതാക്കൾ പാടി പാടി അറിയുന്നത്.  നല്ലൊരു അനുഭവമായിരുന്നു ആ ഗാനം. ദക്ഷിണാ മൂർത്തി സ്വാമിയുടെ വിരഹാശ്രുസംഗീത ധാര ..


1983 ൽ ചങ്ങാത്തം എന്ന ചിത്രത്തിലൂടെ വീണ്ടും  ആ സ്നേഹബന്ധം തുടർന്നു .  ഭദ്രൻ - പുതിയങ്കം മുരളി കൂട്ടുകെട്ട്.

സിനിമ അത്ര വിജയിച്ചില്ല . അതെ പോലെ പാട്ടുകളും .. എന്നാലും പ്രണയിനിയുടെ പിണക്കത്തിലേക്കു പാട്ടുമായി വരുന്ന നായകൻറെ ഭാവങ്ങൾ പകർത്തിയ ഗാനം കൊള്ളാമായിരുന്നു. ഏറെ ഒന്നും കേൾക്കാത്ത നല്ലൊരു ഗാനം.


"ഈറൻ പീലിക്കണ്ണുകളിൽ

ശോകം വീണ്ടും മെയ്യെഴുതി "


എന്ന ഗാനം രവീന്ദ്രൻ സംഗീതം കൊണ്ടും മെച്ചപ്പെട്ടതായി.  സിനിമയുടെ പരാജയം പാട്ടുകളെയും ബാധിച്ചു.


1984 ഒരാവറേജ്‌ വിജയവുമായി  ഭദ്രൻ വീണ്ടും വന്നു. കൂടെ പുതിയങ്കം മുരളി എന്ന പാട്ടെഴുത്തുകാരനും ...

കെ ടി മുഹമ്മദിന്റെ തിരക്കഥയുടെ ബലത്തിൽ സിനിമ പ്രേക്ഷകർ ഇഷ്ടപ്പെട്ടു. നല്ല പാട്ടുകളും. ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ എന്നതായിരുന്നു ആ ചിത്രം ...


"ഇന്ദ്രനീലമെഴുതിയ മിഴികള്‍ തന്‍

മാഹേന്ദ്ര ജാലത്തിലോ..

പത്മരാഗം ചൂടിയ ചൊടികള്‍ തന്‍

മൌനരാഗത്തിലോ

അലിഞ്ഞു പോയെന്റെ ഹൃദയം

കളഞ്ഞു പോയെന്റെ ഹൃദയം  "


അതിമനോഹരമായ ഒരു റൊമാന്റിക് പശ്ചാത്തലത്തിൽ പൂർണചന്ദ്രോദയം പോലെ പാട്ടുദയം . ശ്യാം സംഗീതത്തിന്റെ അപാര സാധ്യതകൾ നിറമാല ചാർത്തിയത് ... കണ്ണിനും , കാതിനും ഇന്നും അതിന്റെ ലയവിന്യാസം കൊതികൊള്ളിക്കുന്നൊരോർമ്മ ...

അതിലെ തന്നെ ....

" ആരോമലെ നിലാവിൽ നീ പാടു രോമാഞ്ച രാഗം " 

എന്ന ഗാനത്തിലൂടെ ആ പാട്ടുകാലവും ഏകദേശം തീരുക തന്നെയായിരുന്നു. 


പിന്നീടുള്ള ഭദ്രൻ ചിത്രങ്ങളിലൊന്നും ഈ കൂട്ടുകെട്ട് തുടർന്ന് കണ്ടില്ല. പുതിയങ്കം മുരളി എന്ന പാട്ടെഴുത്തുകാരനും അതോടു കൂടി ശനിദശയും .. ശേഷമിറങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. പ്രിയപ്പെട്ട കുക്കു പോലുള്ള ചിത്രങ്ങളിലെ   എസ് പി വെങ്കിടേഷ് ഈണങ്ങളിലൂടെ തുടരാനൊരു ശ്രമം ഉണ്ടായെങ്കിലും കൂടുതൽ വിജയിച്ചു കണ്ടില്ല..2009 നു ശേഷം പുതിയങ്കം മുരളിയുടെ ഗാനങ്ങൾ ഇറങ്ങിയിട്ടില്ല ....


ശക്തമായ ബന്ധങ്ങൾ സിനിമയിൽ പലർക്കും അവസരങ്ങൾ ലഭിക്കുന്നതിന് കാരണമാവാറുണ്ട്.  ആ ബന്ധം പിന്നീട് വഴിയിൽ നഷ്ടപ്പെടുമ്പോൾ ചിലർക്ക് സിനിമയുമായുള്ള ബന്ധവും അറ്റുപോവുന്നു. മറ്റു ചിലരാകട്ടെ  അപ്പോഴേക്കും തങ്ങളുടേതായ ഒരു ഇടം അവിടെ കണ്ടെത്തുകയും അതുറപ്പിക്കുകയും ചെയ്തിട്ടുണ്ടാവും. നിർഭാഗ്യവാന്മാരും അവസരങ്ങൾ തേടി പോവാത്തവരും  പാതിവഴിയിൽ അവസാനിപ്പിച്ചു കൊണ്ട് മടങ്ങുകയും ചെയ്യുന്നു.... എന്തായാലും പാട്ടിന്റെ ലോകത്ത്  പുതിയങ്കം മുരളി എന്ന പേര്  അടയാളപ്പെടുത്തിയിട്ടുണ്ട് എന്നത് തീർച്ച...

Monday, November 2, 2020

ഈറൻകാറ്റിൻ ഈണം പോലെ ...

 


2010 ൽ തുടങ്ങി 2020 ൽ എത്തി നിൽക്കുന്ന ഒരാളുടെ സിനിമാപാട്ടുകാലത്തെ ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. സിനിമ ആസ്വദിക്കുന്നവരിൽ ഒരു ചേരിതിരിവും സാധ്യമല്ല . ആസ്വാദനത്തിന്റെ അളവിൽ വരെ . അളന്നെടുക്കുന്ന രീതി തന്നെ പ്രാധാന്യം. ഇന്നത്തെ കാലത്ത് ആസ്വാദനത്തിനും ജാതിമത രാഷ്ട്രീയ ചിന്താധാരകൾ വഴിമരുന്നിടും . ആ സ്ഫോടനത്തിൽ നിന്നും 'ഉത്തമ ' ആസ്വാദനക്കുറിപ്പും പുറത്തുവരും.  ചിലപ്പോൾ അതാവും രേഖപ്പെടുത്തുന്ന സിനിമാചരിത്രത്തിലേക്കുള്ള നീക്കിവെപ്പും. അപ്പോഴും ഉത്തമമായെതെന്നു നമ്മൾ വേർതിരിക്കുന്നത് സാക്ഷാൽ പ്രേക്ഷരിൽ, ശ്രോതാക്കളിൽ  ഉറങ്ങിക്കിടക്കുന്നുമുണ്ടാവും. അവരാണ് സിനിമയെ എന്നും രക്ഷിക്കുന്നതും, ചിലപ്പോൾ ശിക്ഷിക്കുന്നതും. 


ആസ്വാദനത്തിന്റെ കാര്യം പറഞ്ഞു കൊണ്ട് നീങ്ങുമ്പോൾ ഇന്നത്തെ പാട്ടുകളിലേക്കു വീണ്ടും വീണ്ടുമെന്നെ ആരൊക്കെയോ നിർബന്ധിച്ചു കൊണ്ട് വരുന്നു. പാട്ടെഴുത്തിന്റെ കാലത്തെ കുറിച്ചെഴുതുമ്പോൾ എന്നും ഒരു സുവർണ്ണകാലത്തെ ഓർമ്മിപ്പിച്ചു കൊണ്ടേ തുടങ്ങൂ...  ഒരസ്തമയമെന്നു നിനച്ച കാലം വരെ മനസ്സിലുണ്ടായിരുന്നു. അത്തരമൊരു അടഞ്ഞ ചിന്ത വേണ്ടെന്നു തീരുമാനിച്ചപ്പോൾ ഇന്നിന്റെ ഒറ്റതിരിഞ്ഞിട്ടുള്ള ചില പാട്ടുയാത്രക്കാരെ കണ്ടെത്താനും കഴിഞ്ഞു....


ഒരു സിനിമയിൽ ഒരാൾ തന്നെ പാട്ടെഴുത്തുകയും , ഒരാൾ തന്നെ സംഗീതം ചെയ്യുകയും ആയിരുന്നു പതിവ്. ആ പതിവ് എന്നാണു തെറ്റിയതെന്ന് ചികഞ്ഞു പോവുമ്പോൾ നമ്മൾ പലരിലും എത്തപ്പെടും. ഇപ്പോൾ ഒരു സിനിമയിൽ തന്നെ അഞ്ചാറു പാട്ടെഴുത്തുകാരും, അതുപോലെ തന്നെ അത്രതന്നെ സംഗീത സംവിധായകരും വരെ പണിയെടുക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. രണ്ട് പാട്ടെഴുത്തുകാർ ഇല്ലാത്ത സിനിമ തന്നെ കുറവ് ഇപ്പോൾ.  വ്യത്യസ്ത രീതിയിലുള്ള പാട്ടുകൾ കേൾക്കാൻ കഴിയുന്നത് സുഖമുള്ള കാര്യം തന്നെ. 


ബീ കെ ഹരിനാരായണൻ എന്ന പാട്ടെഴുത്തുകാരൻ 2010 ൽ ഇവിടെ ഉദയം ചെയ്തു. ചിത്രീകരണത്തിന്റെ എല്ലാ പുതിയ ടെക്നിക്കുകളും ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു കാലത്താണ് ഈ എഴുത്തുകാരൻ മലയാളത്തിൽ പാട്ടെഴുത്തുകാരനായി വന്നത്.  സംഗീതം എഴുത്തിനെ നിയന്ത്രിച്ചിരുന്ന കാലത്തെന്നു പറഞ്ഞാൽ എഴുതുന്നവർക്കും വേദനിക്കും. അവരുടെ വികലപ്പെടുത്തേണ്ടി വന്ന വാക്കുകൾ ശബ്ദമില്ലാതെ കരയുന്നതവർ കേൾക്കും. എന്നിട്ടും എഴുത്താണ് മുഖ്യം അല്ലെങ്കിൽ ഞാൻ ചെയ്യുന്ന പ്രവർത്തിയാണ് വിലപ്പെട്ടത് എന്ന് തോന്നുന്ന ഒരാൾക്ക് വ്യാകുലപ്പെടേണ്ട കാര്യമില്ല.  അത്തരമൊരു  ചിന്താഗതി ഹരിനാരായണൻ എന്ന  ഗാനരചയിതാവിനുണ്ട് എന്ന് ആ പത്തു വർഷത്തെ  ഗാനങ്ങളിലൂടെ പോയപ്പോൾ എനിക്കും മനസ്സിലായി. പാട്ടിൽ അദ്ദേഹം ഏകനാണ്. പല ഗാനങ്ങളിലും നിറഞ്ഞുകവിയുന്ന ആ മനസ്സ് കാണാം. പക്ഷെ അത്തരം എത്രയോ ഗാനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. സംഗീതത്തിന്റെ , പാടിയവരുടെ അധികപ്രകടനങ്ങൾ എന്ന് മാത്രം പറഞ്ഞുവെക്കുന്നു.  


ദി ത്രില്ലറിലൂടെ കടന്നുവന്നെങ്കിലും ത്രില്ലടിക്കാൻ മലയാളിക്ക് പിന്നെയും കാത്തിരിക്കേണ്ടി വന്നു. 2014 ൽ എന്നാലതിനു ഭാഗ്യമുണ്ടായി. "ഓലഞ്ഞാലി കുരുവീ ഇളം കാറ്റിലാടി വരൂ നീ "എന്ന ഗാനവുമായി നമ്മുടെ  മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ കഴിഞ്ഞു ഇദ്ദേഹത്തിന് .എൺപതു കാലങ്ങളെ മനസ്സിലെന്നും താലോലിച്ചു സൂക്ഷിക്കുന്നവർക്കതു തീർത്തും നിർവൃതിദായകമായി .എബ്രിഡ് ഷൈൻ എന്ന സംവിധായകന് പ്രേക്ഷകന് എന്തുവേണമെന്നു അറിവുണ്ടായിരുന്നു.  1983 നു ശേഷവും അതിന്റെ അനുഭവസാക്ഷ്യങ്ങൾ ഉണ്ടല്ലോ !.അത്തരമൊരു പാട്ടു ചിത്രീകരണവും  ഒരു എബ്രിഡ് ഷൈൻ തുടക്കം തന്നെയായിരുന്നു. അത് ഹരിനാരായണനും തന്റെ മനസ്സ് മലർക്കെ തുറക്കാനായി... നാലുമണിപ്പൂവും, ചെറുമഷിത്തണ്ടും ഉണർത്തിവിട്ട ബാല്യകുതൂഹലങ്ങൾ വീണ്ടുമൊന്നു തളിർക്കാനുതകി .... പതറാത്ത ശബ്ദവിന്യാസത്തോടെ ജയചന്ദ്രനും , വാണിജയറാമും...  വാണിജയറാമിന്റെ തിരിച്ചു വരവ് ആഘോഷിച്ച കാലം.... നന്ദി  ശ്രീ  ഗോപി സുന്ദർ ... 


ഗോപീ സുന്ദർ സംഗീതം  പലപ്പോഴും ഹരിനാരായണൻ വരികളോട് കൂട്ടുചേർന്നു പോകുന്നുണ്ട്. എന്നുമുണ്ടാവുമല്ലോ ഇത്തരം കൂടിച്ചേരലുകൾ... സലാല മൊബൈൽസിലെ " ഈറൻകാറ്റിൻ ഈണം പോലെ " എന്ന ഗാനവും ചിട്ടപ്പെടുത്തിയത് നോക്കുക. ഏറ്റം മൃദുലമായ വരികളെ ഇതിലേറെ എങ്ങിനെ തൊട്ടുണർത്തും.... അതും അത്രയേറെ ഭാവസാന്ദ്രമായ അനുഭവങ്ങൾ പാടി തരുന്ന ശ്രേയാൽ ഘോഷാലിലൂടെ !! പുതുകാലത്തെ നല്ലൊരു പാട്ടറിവ്‌ തന്നെയായിരുന്നു  ഈറൻകാറ്റിന്റെ തൊട്ടുതലോടൽ . മഴനിലാവിൽ ഖയാൽ പാടുന്നതൊക്കെ !!  


"നോവിന്റെ കായൽക്കരയിൽ തനിയെ തേങ്ങുന്നു "  എന്നൊരു ഗാനം ഉണ്ട് .മിഖായേൽ എന്ന ചോരക്കളി ചിത്രം. അതിൽ പിരിമുറുക്കം തോന്നുന്ന നിമിഷത്തിൽ തന്നെ ഈ പാട്ടൊഴുകി വരും.  ചോര കല്ലിച്ച നിമിഷങ്ങളെ തുടച്ചുനീക്കുന്ന പാട്ടിന്റെ സ്പർശം . ഗോപിയുടെ ആർദ്രസംഗീതമിതിനും . 

ശ്രേയ എന്ന ഹിന്ദി ഗായികയെ ഏറെ പുകഴ്ത്തുമ്പോഴും ഇടയ്ക്കിടെ കയറി വരുന്ന മറ്റൊരു മുഖമുണ്ട്. അതേ ഭാവത്തോടെ പാടുന്ന മലയാളത്തിന്റെ ഗായിക . സിതാര കൃഷ്ണകുമാർ . സിതാര പകർന്നു തരുന്ന ശ്രവണസുഖം . സിതാരയിലൂടെ , ഹരിയുടെ, ഗോപിയിലൂടെ ഈ ഗാനം ഇനിയുമേറെക്കാലം ഇവിടെ ജീവിക്കും... 


മുരുകാ മുരുകാ പുലി മുരുകാ എന്ന തരത്തിലുള്ള ഗാനങ്ങളൂം രണ്ടു പേരും ചേർന്ന് സൃഷ്ടിച്ചിട്ടുണ്ട്. ഇന്നത്തെ കാലം ആവശ്യപ്പെടുന്നത് അത്തരത്തിലുള്ളതും ആവാം.  വിജയമാണല്ലോ ഏതൊരു നിർമ്മാതാവും കൊതിക്കുന്നത്. അതിനോട് ചേർന്ന് നിൽക്കാനേ മറ്റുള്ളവർക്കും കഴിയൂ..  കഴിവുകൾ ചിലപ്പോൾ ഭാരമായി തോന്നിയേക്കാവുന്ന നിമിഷങ്ങളുമുണ്ടാവും ... 


ഗിരിയോടുള്ള പൂജയുടെ അത്യാകർഷണത്തിന്റെ നറും തമാശകൾ നിറഞ്ഞ ചിത്രമായ ഓം ശാന്തി ഓശാനയിലെ " കാറ്റ് മൂളിയോ പ്രണയം " എന്നത് ഇടക്കൊക്കെ മൂളക്കം പോലെ തോന്നിയെങ്കിലും രചനയുടെ സൗകുമാര്യത്തിൽ ഇടയ്ക്കിടെ ഓളങ്ങൾ സൃഷ്ടിക്കുന്നു മനസ്സിൽ. ഷാൻ റഹ്‌മാൻ സംഗീതം കുഴപ്പമില്ല.. 


നാദിർഷായുടെ നർമ്മം പാട്ടിൽ വരെയെത്തി .  നല്ലൊരു കാമുകനുണ്ട് നാദിർഷയിൽ . അതുകൊണ്ടും ആ ദൃശ്യം സുന്ദരമായി . നനുനനെ വിരിയുന്ന മലരായി പ്രണയത്തെ എഴുതി ഹരിനാരായണൻ .നാദിർഷ തന്നെ സംഗീതം ചെയ്ത ഈ ഗാനം എഴുത്തിലും സംഗീതത്തിലും മികവ് പുലർത്തുന്നു. 


ഏഴു ജന്മവും ചിറകായി മാറുവാനായി പ്രണയത്തെ വാക്കുകളാൽ പുനഃസൃഷ്ടിക്കുന്ന ഹരിനാരായണൻ സ്പർശം തെളിഞ്ഞു വിലസിയത് തീവണ്ടിയിലെ ഈ ഗാനത്തിലാണ് .."ജീവാംശമായ് താനേ നീ എന്നിൽ കാലങ്ങൾ മുന്നേ വന്നു " ..പൂവാടി തേടി നടന്ന ശലഭം പോൽ അവളുടെ കാൽപാദം തേടി അലഞ്ഞവൻ ...ഓരോ രാവും പകലുകളാക്കിയും, ഓരോ നോവും മധുരിതമാക്കിയും തുടർന്നത് ...കാറ്റ് പോലെ , നിള പോലെ പ്രണയത്തിന്റെ നിറഞ്ഞൊഴുക്ക് ...  പാട്ടുകാരനിലെ കവി സന്തോഷിച്ച നിമിഷങ്ങളാവും ഇവ. സരളമായ വാക്കുകളിലൂടെ പൂവായും, ശലഭമായും  വിടർന്നുലഞ്ഞ വാക്കുകൾ.... കൈലാസ് മേനോൻ എന്ന സംഗീത സംവിധായകന്റെ അർദ്ധ ക്‌ളാസിക്കൽ പ്രണയം . എങ്കിലും സംഗീതത്തിന്റെ വഴികൾ തമിഴിലെ പ്രസിദ്ധമായ ഒരു ഗാനത്തിൽ കൊണ്ടെത്തിച്ചു.. രീതിഗൗള രാഗത്തിന്റെ തനിമ നിലനിർത്തിയ "കൺകൾ ഇരുന്താൽ .." എന്ന സുബ്രമണ്യപുരത്തിലെ ഗാനം. ഒരു സിനിമയെ എന്നുമോർമ്മിപ്പിക്കുന്ന ഗാനചിത്രീകരണവും, പാട്ടും...  രാഗങ്ങളെക്കുറിച്ച് ഏറെയൊന്നും അറിയാത്ത ഞാൻ ഈ രാഗത്തെത്തേടി പോയി... കാണാതിരിക്കാൻ ആവാത്ത തരത്തിൽ ഒന്നായിപ്പോയ ഹൃദയങ്ങൾ താലോലിക്കുന്ന രാഗസൗരഭം അനുഭവിച്ചറിഞ്ഞു ഞാൻ...  


ഷാൻ റഹ്മാന്റെ സംഗീതം ഹരിനാരായണൻ വരികൾക്ക് ഉതകും വിധം ചിട്ടപ്പെടുത്തിയ ഗാനമാണ്   അരവിന്ദന്റെ അതിഥികളിലെ " രാസാത്തി എന്നെ വിട്ടു പോകാതെ " എന്ന ഗാനം. മൂകാംബി ജീവിതത്തിന്റെ ചില ഏടുകളിൽ കൂടി കടന്നു പോയ ഗാനം ഹൃദ്യമായിരുന്നു... 


കലാഭവൻ മണിക്ക് ആദരം അർപ്പിക്കും പോൽ അതീവ ഹൃദ്യമായ  ഒരു രചനയാണ്‌  " കൂടപ്പുഴയോരത്തെ മാടക്കിളിപെണ്ണാള്  " എന്നത്. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന പദം ഏൽപ്പിക്കുന്ന വേദനയുടെ ഓളമുണ്ട്... ആ അതുല്ല്യ കലാകാരനെ സെന്തിൽ കൃഷ്ണ എത്രമാത്രം അവിസ്‌മരണീയമാക്കി എന്നാ ചിത്രം കാണുന്നവർ ഓർക്കും..  നോക്കിലും, വാക്കിലും,.എല്ലാം മണി നിറഞ്ഞു നിന്ന സിനിമ. ഈ ഗാനവും ഹരി നാരായണന്റെ ഒരു അഞ്ജലി തന്നെയാണ് തീർച്ചയായും...  


അരുൺരാജിന്റെ  ഒരു ബോംബ് കഥയിലെ  "മൂവാണ്ടൻ ചോട്ടിൽ കണ്ടപ്പോ തന്നെ " എന്നത് ഒരു നാടൻ മട്ടിലുള്ള വരികളും, സംഗീതവും ... 


രഞ്ജിൻ രാജ് എന്ന പുതുമുഖ സംഗീതസംവിധായകന്റെ വരവ് തന്നെ ആഘോഷപൂർണമായി. ജോസഫ് എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഗംഭീരമായിരുന്നു. അജീഷിന്റെ പൂമുത്തോളെ  എന്ന ഗാനം കഴിഞ്ഞാൽ അതിലെ മറ്റു ഗാനങ്ങൾ ഹരിനാരായണന്റേതായിരുന്നു. ഒരു പ്രാർത്ഥനാഗീതമായ  

"ഉയിരിൻ നാഥനെ ഉലകിൻ ആദിയെ ഇരുളിൻ വീഥിയിൽ വിരിയാൻ നീവരൂ "അതിലെ തന്നെ അനുപല്ലവിയിലെ വരികൾ തന്ന അനുഭൂതി വിവരണാതീതം ..." ഞാനെന്നൊരീ ജന്മം 

നീ തന്നൊരീ സമ്മാനം 

ആനന്ദമാം ഉറവേ ....

ജോസഫിന്റെ മനഃസംഘർഷങ്ങളെ  ഭക്തിയിലലിയിച്ച വരികൾ... " കരിനീലക്കണ്ണുള്ള പെണ്ണെ " മറ്റൊരു പ്രണയഗീതം... 


രാഹുൽ രാജ് എന്ന ദക്ഷിണേന്ത്യൻ സംഗീതജ്ഞനെ മറന്നും കൊണ്ടൊരു ഹരിനാരായണ ഗീതങ്ങളില്ല ! ഹേമന്തം തൻ്റെ കൈക്കുമ്പിളിൽ തൂവിയ നിലാപ്പുവാണ് നീ എന്ന് പ്രണയിനിയോട് പറയുന്ന വരികളിലും തുടർന്നും  പ്രണയാഭിനിവേശം മൃദുലമായ് ഒപ്പിയെടുത്ത ഗാനം.!  വരികളുടെ ആത്മാവ് തൊട്ടെടുത്ത രാഗലയം ... ആ ലയനം തുടർന്നും എസ്രയിലെ ലൈലാകമേ എന്നതിലും മിന്നിത്തിളങ്ങിയിരുന്നു .


പാട്ടിന്റെ തുഴയെറിഞ്ഞു നീങ്ങിയ കാലമിപ്പോൾ 2020 ൽ എത്തി നിൽക്കുന്നു. വളരെ കുറച്ചു പാട്ടുകളിലൂടെയേ ഞാൻ പോയിട്ടുള്ളൂ... അഞ്ചൂറിൽ എത്താറായി ഹരിനാരായണൻ ഗീതങ്ങൾ .അതിൽ നിന്നും ഏറെ ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്ത് പങ്കിടുന്നു. ആ ഇഷ്ടങ്ങളിനിയും തുടരണം ഹരീ.... 


ഈ കോവിഡ് കാലത്ത് തീയ്യേറ്റർ കാണാതെ കംപ്യൂട്ടറിൽ ജനനമെടുത്ത " സൂഫിയും സുജാതയും എന്നതിലെ ഗാനം പറയാതെ ഇതിനൊരു താൽക്കാലിക വിരാമമില്ലല്ലോ... സിനിമയും ഗാനങ്ങളും സോഷ്യൽ മീഡിയ കൊണ്ടാടിയത്...തുടക്കത്തിലെ ആ ഒതുക്കം നിലനിർത്തിയ കവിയുടെ ഈ ഗാനവും ഏറെ പ്രചരിക്കപ്പെട്ടു .." വാതുക്കല് വെള്ളരിപ്രാവ്‌ " എം ജയചന്ദ്രന്റെ സംഗീതമികവിൽ പാട്ടസ്വാദകർ ഏറ്റെടുത്ത  പാട്ടുമാണിത് . വെള്ളിമീനായ് നീയെന്ന റൂഹ് റൂഹ്...  ഗംഭീരം...പ്രേമംവെളിച്ചം ഉള്ളുനിറച്ചൊരു താള്....


ഇനിയുമെത്ര രചനകൾ!  

കാത്തിരിക്കുന്നു ഞങ്ങൾ...

ഇനിയൊരു കാലത്തേക്ക് ....

 


വർണ്ണാഭമായ ഒരു പാട്ടുകാലം നമുക്കുണ്ടായിരുന്നു. അങ്ങിനെ എഴുതുമ്പോൾ തന്നെ നെറ്റിചുളിക്കുന്നവരും, ചോദ്യം ചെയ്യുന്നവരും ഉണ്ടാവാം . ഉണ്ടാവണം. ഇപ്പോഴില്ലേ എന്ന് അസ്വസ്ഥതയോടെ ചിലർ .. 


എഴുത്തിനു ശേഷം ഈണം ചേർക്കുന്ന കാലത്തിൽ നിന്നും മാറി തെയ്യാറാക്കിയ ഈണത്തിലേക്കു വരികളെ ചിലപ്പോൾ വികൃതമായി ചേർത്തു വെക്കേണ്ടി വരുന്ന എഴുത്തുകാരുടെ ധർമ്മസങ്കടങ്ങൾ ഉണ്ടിന്ന് .മുറിഞ്ഞു പോകുന്ന വാക്കുകൾ , അർത്ഥമില്ലായ്മയിൽ  കുടുങ്ങി അപശബ്ദമായി പരിണമിച്ചതും നമ്മൾ കേട്ടറിഞ്ഞു . എന്നാലും അതിലും ആശയുടെ കിരണങ്ങൾ ഉണ്ടായിരുന്നു എന്നതും സത്യം. എഴുത്തും സംഗീതവും ഇഴുകിച്ചേർന്ന പഴയ കാല കെട്ടുറപ്പ് .. അവിടെ നിന്നും മടങ്ങുമ്പോൾ ഇന്നത്തെ കാലത്തെ ഗാന സ്രഷ്ടാക്കളെ  ഒന്നോർത്തെടുക്കുന്നു...  


സിനിമയ്ക്ക് മുൻപേ പാട്ട് 

ഹിറ്റാവുന്നത് ഇപ്പോൾ പുതിയ സംഭവമല്ല. "ഞാനും ഞാനുമെന്റാളും ആ നാൽപ്പതു പേരും പൂമരം കൊണ്ടേ ഒരു കപ്പലുണ്ടാക്കി " എന്ന വ്യത്യസ്തതയാർന്നൊരു ഗാനം  അനുഭൂതിയലകൾ സൃഷ്ടിച്ചിരുന്നു ഇവിടെ.   പൂമരം എന്ന ചലച്ചിത്രം മലയാള സിനിമയിൽ ഇതുവരെ ഇറങ്ങിയവയിൽ നിന്നും അതിന്റെ പ്രമേയം കൊണ്ട് വ്യത്യസ്തമായിരുന്നു. മഹാത്മാഗാന്ധി യുവജനോത്സവത്തിന്റെ ലൈവ് ആയിരുന്നോ അത് എന്ന് നമുക്ക് തോന്നും . ഒട്ടും അസ്വാഭാവികത തോന്നിക്കാത്ത തരത്തിൽ അത് ചിത്രീകരിക്കാൻ കഴിഞ്ഞതിൽ അണിയറപ്രവർത്തകർക്ക് അഭിമാനിക്കാം. സംഗീത സാന്ദ്രമായ ഒരു അനുഭവം കൂടിയായിരുന്നു അത്. പുതുമുഖങ്ങളുടെ ഒരു മേളനം . അഭിനേതാക്കളായാലും,  സംവിധായകനായാലും എല്ലാം..  പാട്ടെഴുത്തിലും ഒരു പുതുമുഖം അതിൽ തെളിഞ്ഞു വിലസിയത് നമ്മൾ അനുഭവിച്ചറിഞ്ഞു.  കവിയും എന്റെ സുഹൃത്തുമായ  ശ്രീ അജീഷ് ദാസൻ എന്ന പുതുമുഖപ്രതിഭ . കവിതയിൽ തന്റെ കഴിവ് തെളിയിച്ച യുവകവി. എന്നാൽ മുകളിൽ പറഞ്ഞ ഗാനം പക്ഷെ അദ്ദേഹത്തിന്റെ സൃഷ്ടി ആയിരുന്നില്ല.   ആ പാട്ടിന്റെ ആദ്യ ലഹരി ഒതുങ്ങിയപ്പോൾ തെളിഞ്ഞു വന്നത് അജീഷ് എന്ന  പ്രതിഭയുടെ മുഖമായിരുന്നു.  മൂന്നു ഗാനങ്ങൾ അതിൽ അജീഷ് ചെയ്തിട്ടുണ്ട്.  രണ്ടു ദിവസമായി ഞാൻ അജീഷിന്റെ പൂമരം ഗാനങ്ങൾ കേട്ടുകൊണ്ടിരിക്കുകയായിരുന്നു.  വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്നത് .സരളമായ വരികളുടെ അസാധാരണമായ ഒതുക്കം എന്നെ അത്ഭുതപ്പെടുത്തി. ഫൈസൽ റാസി സംഗീതം ചെയ്ത " നേരമായ് നിലാവിലീ ജാലകം തുറന്നീടാം ..." എന്ന ഗാനം പകർന്നു തന്നതെന്തൊക്കെ എന്ന് ഞാൻ എന്നോട് ചോദിച്ചു...ഒരു കണ്ണീർത്തുള്ളി തുളുമ്പി, ഒന്ന് വിതുമ്പി ഞാൻ ... എന്തിനോ...    അത്രയ്ക്കൊരു ഫീൽ തന്നു ആ ഗാനം .പതുങ്ങി വന്ന സംഗീതത്തിന്റെ കുഞ്ഞു വിരലുകൾ നനുനനുത്ത നോവറിവുകൾ നൽകി കൺപോളകളെ നനച്ചു കളഞ്ഞു. സുഖകരമായ സംഗീതത്തിന്റെ അകമ്പടിയും അജീഷ് കവിതയും ചേർന്നപ്പോൾ മറ്റൊരു ലോകം തന്നെ സൃഷ്ടിക്കപ്പെടുകയായിരുന്നു.  ഉത്സവാന്തരീക്ഷം നിലനിൽക്കുന്ന സിനിമാ തന്തു ആണെങ്കിലും പാട്ടുകൾ നേർത്ത വിഷാദം ഉള്ളിലടക്കിയ തംബുരു നാദങ്ങളായിരുന്നു . അതിങ്ങനെ ചിത്രത്തിന്റെ ഓരോ ഇടവേളകളിലും  പടർന്നു കയറിയ നാദവിസ്മയം തന്നെയായിരുന്നു.  വൈകാരികത മുറ്റി നിൽക്കുന്ന , ഗൃഹാതുരത്വം നിറഞ്ഞു കവിയുന്ന ഒരു ഗാനം കൂടി ഉണ്ട്.  മഹാരാജാസ് കോളജിൽ പഠിച്ചവർക്കും , കലാലയ ജീവിതം ആഘോഷിച്ചവർക്കും വേദനയുടെ നെയ്യുറുമ്പുകൾ കടിക്കുന്ന അനുഭവമായിരിക്കും...  ലീല ഗിരീഷ് കുട്ടൻ എന്ന അനുഗ്രഹീത സംഗീതകാലാകാരൻ ഈണമിട്ട  ": ഇനിയൊരുകാലത്തേയ്ക്കൊരു പൂ വിടർത്തുവാൻ ഇവിടെ ഞാനീമരം നട്ടു " എന്ന ഗാനമേൽപ്പിച്ച സുഖവേദനയുടെ ആലസ്യത്തിൽ നിന്നും മുക്തനായിട്ടില്ല ഞാൻ ഇതുവരെ... അതിലെ " വിരഹജനാലകൾ, വിജനവരാന്തകൾ " എന്ന പ്രയോഗത്തിലെ വൈകാരികതയും എടുത്തു പറയേണ്ടത്...പൂ വിടർത്തുവാൻ മരവും,തീ പടർത്തുവാൻ മിഴികളും നട്ടു പോവുന്നവന്റെ  അടർന്നു പോരുവാനാവാതെ വേരുറച്ചു പോവുന്നവന്റെ വിരഹജ്വാലകൾ ....  മഴയോർമ്മ ചൂടി നിൽക്കുന്ന ഇലകളെ പോലെ  കലാലയഓർമ്മകൾ  ... സൗഹൃദവും, പ്രണയവും, മഴയുടെ മൗനമായും, ശിശിരത്തിന്നിലകളായും അടർന്നു പോയ മണ്ണിൽ നിന്നും തിരിച്ചുവരവില്ലാത്ത ഒരു വിടവാങ്ങൽ...   കവിയുടെ വിങ്ങുന്ന മനസ്സിനെ ദർശിച്ചു ഈ പാട്ടിൽ...   

മറ്റൊരു ഗാനവുമുണ്ടതിൽ . അതിസുന്ദരമായ ഒരു രേഖാചിത്രം പോലെ തനിമയാർന്നത് ..  കടവത്ത് ഉപേക്ഷിക്കപ്പെട്ടതായ ഒരു തോണി . തുഴക്കാരനില്ലാതെ , പുഴയുടെ പാട്ടറിയാതെ , നാവായ പങ്കായമുണരാതെ മണലിലമർന്ന തോണി...പുഴയിലൊഴുകിയ ഒരു കാലമോർത്ത്  തളരുന്ന  ഒരു തോണിജീവിതം അഥവാ മനുഷ്യജീവിതം... "കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ , പുഴയില്ലാതെ " എന്ന കവിത നിറഞ്ഞു തുളുമ്പിയ ഗാനം... 


പൂമരത്തിലെ ഗാനങ്ങൾ നൽകിയ ആത്മവിശ്വാസം  കവിയ്ക്ക് തുടർ ചിത്രങ്ങളിലും ഗുണം ചെയ്യുക ഉണ്ടായി .. ആറോളം ചിത്രങ്ങൾക്ക് പാട്ടുകൾ എഴുതിയ അജീഷിന്റെ കഴിവ് തെളിയിക്കപ്പെട്ടത് മൂന്നു ചിത്രങ്ങളിലാണ്.  പൂമരം, ജോസഫ് , തൊട്ടപ്പൻ.  കവിതകളിൽ നിന്നും ആർജിച്ചെടുത്ത കരുത്തും, പദസമ്പത്തും വിതറിയിട്ടിരിക്കയാണ് ആദ്യചിത്രമായ പൂമരത്തിൽ .. തുടർ ചിത്രങ്ങളായ ഒരു ബോംബുകഥയും, ഒരൊന്നൊന്നര പ്രണയ കഥയും കാര്യമായ ചലനങ്ങൾ കൊണ്ടുവന്നില്ലെങ്കിലും  ബോംബുകഥയ്ക്ക് വേണ്ടി ചെയ്ത പോലെ ഉള്ള ഗാനങ്ങളിൽ കൂടുതൽ മുഴുകി പോകരുത് എന്നൊരപേക്ഷയുണ്ട് .... 


 ജോസഫിലെ പ്രധാന ഗാനം  അജീഷിന്റേതാണ് .  മലയാളികൾ  ആഘോഷിച്ച ഗാനം . " പൂമുത്തോളെ " എന്ന് ഒരൊറ്റ വാക്ക് മാത്രം പറഞ്ഞാൽ  ആ പാട്ടിലെത്തപ്പെടുന്ന പ്രയോഗങ്ങൾ നിറഞ്ഞ ഒരു ഗാനം.  ഒരച്ഛന്റെ മകളോടുള്ള മാനസികാടുപ്പത്തിന്റെ തീക്ഷ്ണത പൂമുത്തോൾ എന്ന സ്നേഹത്തിൽ നിന്നും വാറ്റിയെടുത്ത പദപ്രയോഗത്തിൽ തുടങ്ങി ഒരു മഴവില്ലു പോലെ ഉദിച്ചുയരുകയായിരുന്നു.. ജന്മം മുഴുവൻ അവൾക്കു വേണ്ടി, ഏതു ഇടറിച്ചയിലും കൈത്താങ്ങായി, അവൾക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹമായി സ്വയം സമർപ്പിക്കുന്ന  ഒരച്ഛൻ മനം ...  രഞ്ജിൻ രാജ് എന്ന പുതുമുഖ സംഗീത സംവിധായകന്റെ നല്ല തുടക്കവുമായിരുന്നു .  അവാർഡുകൾ വാരിക്കൂട്ടിയ ഗാനം. സിനിമയിൽ നിരഞ്ജ് സുരേഷ് ഭംഗിയായ പാടിയെങ്കിലും  ഇതേ ഗാനം തന്നെ പാടിയ വിജയ് യേശുദാസിനാണ് അവാർഡുകൾ എല്ലാം കിട്ടിയതും എന്നത് ഖേദകരം തന്നെ... 


തൊട്ടപ്പനിലെ  സിതാരയുടെ ശബ്ദത്തിൽ ലീല ഗിരീഷ് കുട്ടൻ  സംഗീതം ചെയ്ത  " കായലേ.... കായലേ  ... നീ തനിച്ചല്ലേ" എന്ന ഗാനവും അജീഷ് ദാസന്റെ കയ്യൊപ്പു കലർന്ന കവിത തന്നെ...  വീർപ്പുമുട്ടിക്കുന്ന ഒരു ജീവിത സന്ദർഭത്തിന്റെ ഗാന ചിത്രീകരണം ..പ്രകൃതിയിലേക്ക് കലർന്ന് ചേരുന്ന ദുഖത്തിന്റെ നിഴൽപ്പാടുകൾ . ചോദിക്കുകയാണ് ...  നീയുമെന്നെ പോലെ തനിച്ചല്ലേ ... എന്ന്. കടലോളമുണ്ട് സങ്കടങ്ങൾ നെഞ്ചിൽ .... അത് നീയറിയുന്നില്ലേ എന്ന് കായലിനോടും, കാറ്റിന്നലകളോടും  ... ചങ്കിലുറഞ്ഞു കൂടുന്ന വിഷാദത്തിന്റെ ചുഴികളും തീർക്കുന്ന തീരാ വേദനകൾ ....  

അജീഷ് എന്ന പാട്ടെഴുത്തുകാരന്റെ  യാത്ര തുടങ്ങിയിട്ടേ ഉള്ളൂ... ഇനിയുമെത്ര ചിത്രങ്ങൾ കാത്തിരിക്കുന്നു. എത്രയെത്ര പാട്ടുകൾ പിറക്കാനിരിക്കുന്നു....   കാത്തിരിക്കുന്നു ഞങ്ങളും പ്രിയ എഴുത്തുകാരാ .... എല്ലാ ഭാവുകങ്ങളും നേരുന്നു ....