Wednesday, February 8, 2017

രേഖപ്പെടുത്തപ്പെട്ട കരച്ചിലാണ് കവിത


സിനിമാപ്പാട്ടുകളുടെ മാസ്മരികതയിൽ മുങ്ങി നിവരുന്നത്‌ വയലാർ ,ദേവരാജൻ കാലഘട്ടം മുതൽ തുടങ്ങിയതാണ്‌ . ഈ ന്യൂ ജനറേഷൻകാലത്ത് ഇത്തരം മുങ്ങി നിവരൽ പുതുരചനകളിൽ നടക്കുന്നില്ല എന്ന ദുഃഖം നമ്മെ അലട്ടുന്നില്ല. കാരണം പഴയ കാലഘട്ടത്തിലെ ആ പവിത്രമായ ശാന്തിഘട്ടിൽ തന്നെയാണ് നാമിപ്പോഴും മുങ്ങി നിവരുന്നത്‌. ഇവരിൽ പുത്തഞ്ചേരിയുടെ കാലം വന്നപ്പോഴേക്കും പാട്ടുകൾക്ക് രൂപഭാവമാറ്റം വന്നു കഴിഞ്ഞിരുന്നു. പാട്ട് മാത്രം എഴുതുന്നവരിൽ നിന്നും കവികളിൽ പാട്ട് എഴുതുന്നവരിലേയ്ക്ക് പുത്തഞ്ചേരിയേയും ചേർത്തു വെയ്ക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്.
ഗാനങ്ങൾ ഏറെ കൊണ്ടാടിയപ്പോഴും ഒരു കവിതാപുസ്തകം വലിയ വായനയറിയാതെ ഇവിടെ ഉണ്ടായിരുന്നു. സാധാരണക്കാർ നെഞ്ചേറ്റി ലാളിച്ചതാണ് പുത്തഞ്ചേരിയുടെ സിനിമാ ഗാനങ്ങൾ . ഇദ്ദേഹത്തിന്റെ കവിതകളിൽ നിന്നും ഊറ്റിയെടുത്ത സത്ത് തന്നെയാണ് പാട്ടുകളും എന്ന് തോന്നിപ്പോവും ഈ പുസ്തകത്തിലൂടെ ഒരു വായനായാത്ര നടത്തുമ്പോൾ . എന്റെ ഹൃദയത്തെ സ്പർശിച്ച ചിലത് ഞാനിവിടെ പറഞ്ഞു പോവാം.
അനാമിക
ഈ ലോകത്തിൽ പിടയുന്ന ഓരോ അനാമികകയ്ക്ക് വേണ്ടിയും നീറുന്ന ഹൃദയമായ് കവി.
"നിനക്ക് പടരാൻ മുറ്റ -
ത്താരോ വെട്ടിയ മാവ് ഞാൻ .
നിനക്ക് വറ്റുണ്ണാനായ്
പൊട്ടിച്ചീന്തിയ മണ്‍കലം "
എന്ന് പറയുന്നിടത്ത് കവി തന്റെ നിസ്സഹായതയും , ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നു. ചിലപ്പോഴത്രയൊക്കെയെ കഴിയൂ ഒരു കവിയ്ക്ക് .

ബദരീനാഥം
ജന്മവും, മരണവും, പാപവും , പുണ്യവും ഇഴുകിച്ചേർന്നു കിടക്കുന്ന ബദരീനാഥം പോലുള്ള തീർഥാടനകേന്ദ്രങ്ങളുടെ മായാവലയത്തിൽ പെട്ട ഒരു കവിയേയും ഈ കവിതയിൽ കാണാം. പ്രകൃതിയുടെ സമസ്തസൌന്ദര്യത്തിലും അകപ്പെട്ട ഒരു വേദാന്തിയുടെ തീർപ്പുകൾ ഇതിൽ നേർത്ത മന്ത്രങ്ങളാവുന്നു .
"അകലെയൊരു ചുരവളവിലേകാന്ത വീഥിയിൽ
അലറുന്ന പാഷാണവൃഷ്ടി ..
അവിടെയൊരു യമി, തന്റെ പൂർവാശ്രമം തൊട്ടു
'പുനരപി' കളെണ്ണും സമഷ്ടി .."
എന്ന് പറയുന്നിടത്ത് പുത്തഞ്ചേരിയിലെ യഥാർഥ മനുഷ്യൻ അർദ്ധനിമീലിതനായ് നിലകൊള്ളുകയാണ് .

കർക്കിടകം
ഗിരീഷ്‌ പുത്തഞ്ചേരിയുടെ കവിതകളിൽ ഹൈന്ദവ ബിംബങ്ങൾ നിറയെ കാണാം എന്നൊരു പരാതി കേട്ടിട്ടുണ്ട്. ഭാരതീയ സംസ്കാരത്തെ ഹൈന്ദവം , അഹൈന്ദവം എന്നൊക്കെ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയോ അന്ന് തുടങ്ങിയതാണ്‌ ഈ അധോഗതി.
കർക്കിടകം ഓർമ്മപ്പെടുത്തുന്നത്‌ വറുതിയുടെ നാളുകളാണ് . ആ കൊടും പേമാരി നാളുകൾ വിശപ്പറിയാതെ ഇരിയ്ക്കാനും സമയം കൊല്ലാനും എല്ലാം വേണ്ടിയാണ് ഒരു സമ്പൂർണ്ണ കാവ്യ ഗ്രന്ഥം വായിക്കാൻ ഒരു ജനത തെയ്യാറായത് . രാമായണം പിന്നീട് ഒരു ഹൈന്ദവ കാവ്യഗ്രന്ഥമായി ചിലർ തരം താഴ്ത്തിക്കളഞ്ഞു. കവി ഇതിൽ കാണുന്നത് ഒരു ഭർത്താവ് അയാൾ ഒരു രാജാവായാലും , ദേവൻ ആയാലും തന്റെ സഹധർമ്മിണിയോട് ചെയ്ത അതിക്രൂരതയാണ് .
"രഘുരാമന്നിതാ
പരിത്യജിക്കുവാൻ
പഴംപുരാണമായ്
പഴുക്കുന്നു സീത"
എന്ന് കവി വ്രണിതഹൃദയനായ് തേങ്ങുകയാണ് .
"മടക്കൂ നീ നിന്റെ
മഹിതമാം ഗ്രന്ഥം "
എന്ന് കവി സഹിക്കാതെ പറയുമ്പോൾ അവിടെ തെളിഞ്ഞു നില്ക്കുന്നത് ഒരു ഹൈന്ദവ കവിയല്ല. മനുഷ്യപക്ഷത്ത് നില്ക്കുന്ന ഒരുവനാണ് .

അക്കിത്തം
ഇതിവിടെ പകർത്താതെ നിവൃത്തിയില്ല എന്ന് തോന്നി. അക്കിത്തം എന്ന മഹാകവി ഗിരീഷിന്റെ മനസ്സിൽ നിറഞ്ഞു നില്ക്കുന്നത് കാണണ്ടേ !

" ആരെൻ നെഞ്ചുതുളച്ചൊരോടക്കുഴൽ തീർ -
ത്താരഭീരാഗച്ചോരയിൽ ,സ്നേഹമാ-
മാദിതാളവും, ത്രിപുടയും വാറ്റി ,നീരാറ്റിയെന്നെ -
പ്പാടാൻ പ്രാണഞരമ്പിലെശ്ശതതന്ത്രിയിൽ പുണ്യ
കാംബോജിയാക്കി? "

അമ്മ
അമ്മയെന്ന സത്യത്തെ അറിയാൻ ശ്രമിക്കാതെ സ്നേഹത്തെക്കുറിച്ച് എന്തുമെഴുതുന്നത് പാഴാണ് .
പക്ഷെ ഈ കവിയ്ക്ക് അങ്ങിനെയല്ല.
അമ്മ ഇങ്ങനെയാണ്.
" ആരോ കുടഞ്ഞിട്ട മഞ്ഞിൽക്കുളിർന്നുനി-
ന്നലിവോടെയേൽക്കുന്ന ശീലം,
പിന്നെത്തിരിഞ്ഞു നടക്കവേ, ഞാൻ കേട്ടു
പിൻവിളിക്കാനുള്ള ശ്വാസം "

ആറ് പേർ പിരിയുമ്പോൾ
ആറ് പേർ പിരിയുമ്പോൾ എന്ന കവിതയിൽ പഠനകാലവും, തീരാവ്യാധി പോലെ പിന്തുടർന്നിരുന്ന ദാരിദ്ര്യവും എല്ലാം വിഷയമാവുന്നു.
മഴക്കാലത്തുള്ള ഒരു ബാല്യകാല ഓർമ്മ .

" അവസാനത്തെ വാതിലും പൂട്ടി
*അപ്പുനായർ മടങ്ങവേ
പുതുശ്ശേരിത്താഴത്തെ
പ്രളയവാരിധി താണ്ടുവാൻ
എനിക്കും, പിലാച്ചേരി കൃഷ്ണനും
ഒരു ചേമ്പിൻതുമ്പിലെ ആലില !" * അപ്പുനായർ -- സ്കൂൾ ശിപായി .

ഗീത
ഹാ ..ആധുനിക ഗീത ചിലപ്പോൾ ഇങ്ങനെയാവും പറയുന്നത്.
സ്ത്രീ അനുഭവിക്കുന്ന പീഡനങ്ങൾക്ക് നേരെ ഈ ആധുനിക ഗീത എന്തൊക്കെയോ പറയാൻ ഉദ്ദേശിക്കുന്നുണ്ട് .
" കണ്ണനറിഞ്ഞിട്ടും
ജടായു തടുത്തിട്ടും
കരിമ്പൂച്ച കരഞ്ഞിട്ടും
സംഭവിക്കേണ്ടത്‌ സംഭവിച്ചു !
"സംഭാവാമി യുഗേ ... യുഗേ.. "
എന്ന് പറയുന്നിടത്ത് കവി കൂടുതൽ പറയാൻ മിനക്കെടുന്നില്ല .

ഗുരുപ്രണാമം
കവി ശ്രീ യൂസഫലി കേച്ചേരിയുടെ സപ്തതി ആഘോഷ സ്മരണയ്ക്ക് പുത്തഞ്ചേരി എഴുതിയതിൽ നിന്ന്...
"സാരസ്വതത്തിന്റെയഗ്നികാണ്ഢങ്ങളിൽ
സാന്ദ്രാനന്ദാവബോധം തിരഞ്ഞൊരാൾ "
എന്നെഴുതി തന്നിലേയ്ക്ക് ചേർത്തു നിർത്തുന്ന സ്നേഹത്തെ നമ്മൾ കാണുന്നു.

പുത്തഞ്ചേരി ഇന്ത്യയിലെ ഒട്ടുമിക്ക പുണ്യസ്ഥലങ്ങളൊക്കെ സന്ദർശിച്ചതായി പല കവിതകളിൽ നിന്നും മനസ്സിലാക്കാം. അത്ഭുതനേത്രനായി സകലതും ഉൾക്കൊണ്ട് വിജ്രംഭിച്ചു നില്ക്കയാണ് കവി.
" കയറണം ഹിമാലയം.ഉമയുടെയുത്കണ്ഡയും
ഊഷ്മളപ്രണയവും തപംകൊണ്ട ശരണാലയം "
-----------------------------------------------------------
ഇവിടെ നമസ്കരിക്ക ! വേദാന്തവിത്തുക്കൾ പ-
ണ്ടിതിലേയല്ലയോ കൈവല്യം തിരഞ്ഞുപോയ്‌.."

അച്ഛനോട്
സംസ്കൃതത്തിലും , ആയുർവേദത്തിലും വിദഗ്ദൻ ആയിരുന്നത്രെ പുത്തഞ്ചേരിയുടെ അച്ഛൻ . അച്ഛന്റെ മരണ ശേഷം ഒരോർമ്മക്കുറിപ്പായി ഈ കവിത.
" അമ്മയ്ക്ക് കൊടുക്കാൻ മറന്നോ-
രാഴക്ക്‌ കണ്ണീരിൻഖനി തുരക്കാൻ ...
മുറ്റത്തെചെമ്പരത്തിക്കൊമ്പൊടി-
ച്ചായുർവേദം ചവപ്പിച്ചെ -
ന്നസ്ഥിയിൽക്കഷായത്തി -
ന്നക്ഷരശ്ലോകം തുളിപ്പിക്കാൻ ...
------------------------------------------
മണ്ണിന്നടിയിൽ
മഴ നനഞ്ഞു കിടക്കുന്നവനച്ഛൻ ...
മൌനം കൊണ്ട് പുതച്ചവൻ ...

കവിത ഒരു സുന്ദരമായ അനുഭവമല്ല കവിയ്ക്ക് .
ആ പിറവിയുടെ അല്ലെങ്കിൽ അനുഭവത്തിന്റെ വേദനയിൽ അമർന്ന് കിടക്കുന്നത് സുഖം തന്നെയെങ്കിലും ...
"കവിതയെഴുതുമ്പോൾ
പാതാളത്തിലകപ്പെട്ടുപോയതുപോലെ
ഒരു പൊള്ളലാണുള്ളിൽ ..

അണലിയുടെ വിഷപ്പല്ല്
ഞരമ്പിലേക്കാഴ്ന്നിറങ്ങുമ്പോഴുള്ള
നീറ്റമായി, അതെന്നെ ചുറ്റിവരിയാറുണ്ട് .
വെടിയേറ്റ കരിമ്പുലിയുടെ അലർച്ച പോലെ
അതെന്നെ പ്രകമ്പനം കൊള്ളിക്കാറുണ്ട് ...

ഒലീവിലയുടെ തണുപ്പായെന്നെ
ഒരിക്കലും തലോടിയിട്ടില്ല...
പ്രണയത്തിന്റെ ജലശ്രോതസ്സായി
ഒരിക്കലുമതെന്നെ കുളിർപ്പിച്ചിട്ടില്ല ....

പ്രണാമങ്ങളോടെ ..
ഫെബ്രുവരി 10 . ഗിരിഷ് പുത്തഞ്ചേരിയുടെ  ചരമ വാർഷികം ആണ്..
പ്രണാമങ്ങളോടെ ....


കവി --  ഗിരീഷ് പുത്തഞ്ചേരി 
കവിതകൾ -- ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകൾ 
മാതൃഭൂമി ബുക്ക്സ് 

Sunday, February 5, 2017

സിറാജുന്നീസയെ വായിക്കുമ്പോൾ



സിറാജുന്നീസയെന്ന പതിനൊന്നുകാരിയുടെ പേര് കേരളത്തിന്റെ ചരിത്രസംഭവങ്ങളിലൊന്നും വലിയ ഇടം നേടിക്കൊടുത്ത പേരൊന്നുമല്ല.1991 ൽ പാലക്കാടിന്റെ പുൽപള്ളി തെരുവിൽ വീട്ടുമുറ്റത്തു വെടിയേറ്റ് മരിച്ചു വീണ ഒരു കുട്ടി. മുന്നൂറിലേറെ കലാപകാരികളെ കലാപത്തിലേക്ക് നയിച്ചവൾ . അത്തരമൊരു പേര് കേസ്സു ഡയറികളിൽ ഉണ്ടായിരുന്നു എന്നത് പോലീസ് കേസ്സെഴുത്തുകളെ നാണം കെടുത്തുന്നു. ജീവിച്ചിരുന്ന സാക്ഷാൽ സിറാജുന്നീസ ഒരു സത്യമായിരുന്നു. വൈരാഗ്യത്തിന്റെയും,വെറുപ്പിന്റെയും ,ചേരിത്തിരിക്കലുകളുടെയും ഈ കാലത്ത് അവൾ ഉയർത്തിവെക്കാവുന്ന ഒരു ബിംബം തന്നെയാണ്.

ആ കുരുന്നു ബാല്യത്തിന് പ്രണാമങ്ങൾ അർപ്പിക്കുന്നു ആദ്യം. എന്നാൽ ടീ ഡി രാമകൃഷ്ണൻ സിറാജുന്നീസ എന്ന തന്റെ കഥയിൽ മരണപ്പെട്ട് അടക്കം ചെയ്ത സിറാജുന്നീസയെ വീണ്ടും പോസ്റ്റ്മാർട്ടം നടത്തുകയാണ്. മൂന്നു കാലഘട്ടങ്ങളിലായി ഇന്ത്യയിൽ മൂന്നിടങ്ങളിൽ പുനർജനിക്കുന്ന ഒരുവളായി മാറ്റുകയാണ്. വെടി കൊണ്ടിട്ടും മരിക്കാതെ ചികിത്സയിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്ന സിറാജുന്നീസയുടെ മൂന്നു മുഖങ്ങൾ. എല്ലാ മുഖങ്ങൾക്കും പീഡിപ്പിക്കപ്പെടുന്ന ഇന്ത്യൻ മുസ്ലീമിന്റെ ചിത്രം ആവരണമായി ചേർക്കുകയാണ്. എക്കാലത്തും ഇവിടെ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്ന, ഇന്ത്യ ഒരിക്കലും മുസ്ലീങ്ങൾക്ക് സ്വതന്ത്ര ജീവിതം അനുവദിക്കുന്ന സ്ഥലം അല്ല എന്നൊക്കെ തീർത്തും പറഞ്ഞുവെക്കുമ്പോൾ അംഗീകരിക്കാൻ പ്രയാസം തോന്നുന്നു. സിറാജുന്നീസയുടെ മൂന്നു കാലങ്ങളിലും മാനസികമായും, ശാരീരികമായും പീഡിപ്പിക്കപ്പെടുന്നുണ്ട്. ഗുജറാത്ത് കലാപത്തിന്റെ നാളുകളിൽ പോലീസ് മേധാവികള്‍ അവളെ പീഡിപ്പിച്ചു കൊല്ലുന്നതായാണ് കാണിച്ചിരിക്കുന്നത് .രണ്ടാമത്തെ ജന്മത്തിൽ സിറാജുന്നീസ എന്ന മുസ്‌ലിം പെൺകുട്ടി ലതാ മങ്കേഷ്കറുടെ ഗാനങ്ങൾ പാടി പ്രശസ്തയാവുന്നതായി പറയുന്നു. ഒരു മുസ്‌ലിം പെൺകുട്ടി സത്യം ശിവം സുന്ദരം എന്ന പേരിൽ ലതാ മങ്കേഷ്കറുടെ ഗാനങ്ങളുമായി ആരാധകരെ സന്തോഷസാഗരത്തിൽ ആറാടിക്കുകയാണ് . ഒരു മുസ്ലീമായതിന്റെ പേരിൽ ഇവൾ ലതയുടെ ഗാനങ്ങൾ പാടാൻ പാടില്ല എന്ന് ഹൈന്ദവ സംഘടനകൾ ശഠിക്കുന്നു . അനുസരിക്കാത്ത സിറാജുന്നീസയെ ഒരു വേദിയിൽ വെച്ച് വെടിവെച്ചു കൊല്ലുകയാണ് . മൂന്നാമത്തെ ജന്മത്തിൽ ഒരു കാശ്മീരിയെ സ്നേഹിച്ചു വിവാഹം ചെയ്യുന്ന ഒരു ജെ എൻ യു അധ്യാപികയായി സിറാജുന്നീസ. കാഷ്മീരിയെ വിവാഹം ചെയ്തതിന്റെ പേരിൽ സൈനികമേധാവികളിൽ നിന്നും ഇവൾ അനുഭവിക്കുന്നതും ശാരീരിക പീഡനങ്ങൾ തന്നെ. സമകാലീന സംഭവങ്ങളുടെ നേർചിത്രങ്ങൾ എന്ന് ഈ പുസ്തകത്തിന്റെ പ്രകാശന വേളയിൽ ശ്രീ കെ ഇ എൻ പ്രകീർത്തിച്ചതായി ഓർക്കുന്നു. സമകാലീന സമൂഹത്തിലെ ചെറുത്തുനിൽപ്പുകളെ സാഹിത്യപരമായി അടയാളപ്പെടുത്തന്ന കഥകൾ എന്നും പറയുകയുണ്ടായി. ഇന്ത്യൻ സാഹചര്യങ്ങൾ മറ്റു മതസ്ഥർക്ക് ജീവിതത്തെ മുന്നോട്ടു നയിക്കാൻ ആവാത്ത വിധം തടസ്സപ്പെടുത്തുന്നു എന്ന് പെരുപ്പിച്ചു പറയുമ്പോൾ ഇവിടെ സ്വതന്ത്രവും,സ്വസ്ഥതയോടും കൂടി കഴിയുന്ന ബഹുഭൂരിപക്ഷം ഹിന്ദുക്കളല്ലാത്തവരെ വീണ്ടും വീണ്ടും ഒറ്റപ്പെടുത്താൻ മാത്രമേ ഉപകരിക്കുന്നുള്ളൂ… ഇതിനർത്ഥം ഹൈന്ദവ ഭീകരതയില്ല എന്നല്ല. ചരിത്രത്തെ സത്യസന്ധമായി അറിയണമെങ്കിൽ ചരിത്ര സംബന്ധിയായ പുസ്തകങ്ങളെ ആശ്രയിക്കാതെ ചരിത്രാന്വേഷികരായ നോവലിസ്റ്റുകൾ എഴുതിയ നോവലുകൾ വായിക്കുക. യഥാർഥ സത്യത്തെ നമ്മൾ കണ്ടെത്തും. ഒരു ചിന്തകൻ എവിടെയോ പറഞ്ഞതാണിത്. അത്തരുണത്തിൽ സിറാജുന്നീസ എന്ന കഥാ സമാഹാരത്തിലെ സിറാജുന്നീസ എന്ന കഥയെങ്കിലും സമകാലീന സംഭവങ്ങളോട് അതർഹിക്കുന്ന നീതിയല്ല പുലർത്തുന്നത് . അർഹിക്കുന്നതിലപ്പുറം ചാർത്തിക്കൊടുക്കുകയാണ്. ഇന്ത്യൻ മണ്ണ് മുസ്‌ലിം ജനവിഭാഗത്തിന് ഉല്ലസിച്ചു താമസിക്കാൻ പറ്റിയ ഇടം അല്ലെന്നു വരുത്തിത്തീർക്കാൻ ടീ ഡി രാമകൃഷ്ണൻ എന്ന എഴുത്തുകാരൻ ശ്രമിച്ചിരിക്കുന്നു എന്ന് പറയേണ്ടിരിക്കുന്നു. കാലങ്ങൾ കഴിയുമ്പോൾ ഇന്ത്യയെന്ന ഒരു “മത ഭീകര രാഷ്ട്ര”ത്തെ വായനക്കാർ സങ്കൽപ്പിച്ചു നോക്കും, സത്യത്തിന്റെ ഭീമാകാരമുഖം കണ്ട് ഞെട്ടും. ഇത്തരത്തിൽ ഒരു കൃതിയെ സമീപിച്ചുകൊണ്ടു വിമർശിച്ചെഴുതുമ്പോൾ ഇരയുടെ പക്ഷത്തു നിന്നും നമ്മളെ വേട്ടക്കാരന്റെ പക്ഷത്തേക്ക് മാറ്റി നിർത്താൻ ബോധപൂർവമുള്ള ശ്രമങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്. സിറാജുന്നീസ മൂന്നു ജന്മങ്ങളിലും അനുഭവിക്കുന്ന അതിക്രമങ്ങളുടെ, ലൈംഗിക കടന്നുകയറ്റങ്ങളുടെ തീഷ്ണതയെ ലഘൂകരിച്ചു കണ്ടുവെന്നും, സംഘപരിവാർ ഭീകരതയെ സൗമ്യവൽക്കരിക്കുകയും ചെയ്തുവെന്നും പഴി കേൾക്കാനും സാധ്യത  കാണുന്നു. എഴുത്തുകാരന്റെ പക്ഷം എപ്പോഴും മനുഷ്യപക്ഷം ആണ്. വർഗ്ഗീയതയുടെ പക്ഷത്ത് ഹൈന്ദവതയും, ഇരയാവുന്നത് മുസ്‌ലിം പക്ഷവും എന്ന ഉറപ്പിച്ചു വെച്ചിരിക്കുന്ന വാദം തീർച്ചയായും മനുഷ്യപക്ഷത്തു നിന്നുള്ള വീക്ഷണം അല്ല.

കൂടുതലൊന്നും സിറാജുന്നീസ എന്ന കഥയെ കുറിച്ച് പറയാനില്ല. കഥയെന്ന രീതിയിൽ കഥാകഥനത്തിന്റെ കാര്യത്തിൽ അത്രത്തോളം നീതി പുലർത്തി എന്ന് പറയാനാവില്ല. ചടുലതയോടെ സംഭവങ്ങൾ പറഞ്ഞുവെച്ചിട്ടുണ്ട്. സാഹിത്യത്തോടു അടുത്തുനിൽക്കാത്ത ഒരുതരം കഥപറച്ചിൽ .
ടീ ഡി രാമകൃഷ്ണൻ എന്ന നോവലിസ്റ്റിനെ നമുക്കറിയാം. ഇട്ടിക്കോരയിലൂടെയും, ദേവനായകിയിലൂടെയും മലയാള നോവലിന്റെ ഗതി തിരിച്ചുവിട്ടയാൾ. നോവലിലെ വ്യത്യസ്തത നമ്മൾ അനുഭവിച്ചറിഞ്ഞത്. ദേവനായകിയിൽ തന്നെ തമിഴ് സ്ത്രീ വിമോചനപോരാളികൾ സൈന്യാധിപരിൽ നിന്നും അനുഭവിക്കുന്ന ശാരീരിക  പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരണങ്ങൾ നമ്മൾ വായിച്ചിട്ടുണ്ട്. സമാനരീതിയിൽ തന്നെ ഇന്ത്യൻ പട്ടാളമേധാവികളെ ചിത്രീകരിക്കുമ്പോൾ അതും ചരിത്രത്തിലേയ്ക്ക് അറിവായി മാറുകയാണ്. അറിവാണ് സത്യം എന്നത് മറക്കരുത്.

പക്ഷെ എന്തൊക്കെ എഴുതിയാലും പറഞ്ഞാലും ചിലതൊന്നും ഇല്ലാതാവുന്നില്ല എന്ന് കൂടി പറഞ്ഞവസാനിപ്പിക്കുന്നു.

ശബ്ദങ്ങളെ , പ്രജകളുടെ ഉയരുന്ന ശബ്ദങ്ങളെ ഭയക്കുന്നവർ ഭരിക്കുന്നവർ. എന്തൊരു വിരോധാഭാസമാണിത്! ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് അവർ പടച്ചുവിടുന്ന നിയമങ്ങളുടെ ഊരാക്കുടുക്കുകളിൽ പെട്ട് ശബ്ദമുയർത്തിയാൽ വിലങ്ങുകൾ വന്നു വീഴും.അതി പുരാതനകാലം മുതൽ തന്നെ അത് തുടർന്ന് വന്ന് ഇന്ന് മതങ്ങളുടെ അദൃശ്യശക്തികളാൽ ഭരിക്കപ്പെടുന്ന ജനാധിപത്യ സർക്കാരുകളിലേക്കും വിഷബീജമായ്‌ പരന്നിരിക്കുന്നു. ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന നിയമവ്യവസ്ഥകളെ ചോദ്യം ചെയ്യേണ്ടവർ എഴുത്തുകാർ. എഴുത്തുകാർ സർക്കാരിനെതിരെ തിരിയുമ്പോൾ അവരുടെ വായടക്കാൻ, അവരുടെ ജീവനെടുക്കാൻ ഭൂതഗണങ്ങൾ തെരുവിലേക്കും, വീടകങ്ങളിലേയ്ക്കും കുതിയ്ക്കുന്നു. ചിലരുടെ വായിൽ പുസ്കാരങ്ങളുടെ അപ്പക്കഷ്ണങ്ങൾ തിരുകിയും, അക്കാദമികളിൽ സ്ഥാനങ്ങൾ നൽകിയും നിശ്ശബ്ദരാക്കുന്നു. ഒരിക്കലും തിരുത്താൻ ആവാത്ത എഴുത്താണികളുടെ മുനകൾ ഒടിച്ചു കളയുന്നു. ഏകാധിപതികളായ ഭരണാധികാരികളുടെ പാദസേവ നടത്തുന്ന എഴുത്തുകാർ പുസ്കാരങ്ങൾ വാരിക്കൂട്ടുകയും, ക്ലാസിക്കുകളുടെ സ്രഷ്ടാക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഈ കഥാസമാഹാരത്തിലെ രണ്ടാമത്തെ കഥയാണ് ” വെറുപ്പിന്റെ വ്യാപാരികൾ ” . സമകാലീക ഇന്ത്യൻ സംഭവങ്ങളെ മുൻനിർത്തിയാണ് ഈ കഥ രചിച്ചിരിക്കുന്നത്. നോവലിസ്റ്റ് രാമചന്ദ്രനെ തെരുവിൽ സർക്കാരിനെതിരെ പ്രസംഗിച്ചതിന്റെ പേരിൽ ഹൈന്ദവ കാര്യാലത്തിലേയ്ക്ക് വിളിപ്പിക്കുകയാണ്. സുന്ദർജി എന്ന് വിളിക്കുന്ന ഉന്നത നേതാവ്. നോവലിസ്റ്റും, സുന്ദർജിയും സഹപാഠികളായിരുന്നു. സുന്ദർജി മത തീവ്രവാദത്തിന്റെ ലൈനിലേക്കാണ് തിരിഞ്ഞുപോയത് .
അവിടെ വെച്ചുള്ള ഇവരുടെ സംഭാഷണങ്ങളിൽ നിന്നും രാജ്യം നേരിടുന്ന സകല പ്രശ്നങ്ങളെ കുറിച്ചും സൂചനകൾ കിട്ടുന്നുണ്ട്. ബീഫ് പ്രശ്നം, മതത്തിന്റെ പേരിലുള്ള ഭിന്നിപ്പിക്കൽ, എല്ലാം ചർച്ചയാവുന്നു. രാമചന്ദ്രനെ അവരിലേക്ക്‌ അടുപ്പിക്കാനുള്ള എല്ലാ അടവുകളും പ്രയോഗിക്കുന്നു. വെച്ച് നീട്ടുന്ന അംഗീകാരങ്ങൾ,പദവികൾ . ഒടുവിൽ ഭീഷണി വരെ എത്തി. ശേഷം അദ്ദേഹത്തെ വീട്ടിലേയ്ക്കു കൊണ്ടുവിടുവാൻ അനുചരന്മാരെ നിയോഗിക്കുന്നു. പോകും വഴിയിൽ കാറിൽ വെച്ച് നോവലിസ്റ്റിനെ  ഇവർ വധിക്കുന്നു..

ഈ കഥയിലും സംഭവങ്ങളുടെ പെരുമഴയിൽ വായനക്കാരൻ നനഞ്ഞൊലിക്കുകയാണ്. സത്യത്തിന്റെ നേർക്കാഴ്ചകൾ തന്നെ കഥയിലുമെങ്കിലും ഇവിടെയും കഥയെന്ന നിലയിൽ ഒരു ഞെരുങ്ങിപ്പോക്ക് വായനക്കാരനനുഭവപ്പെടും . ഇക്കാലത്തു ഉയരുന്ന കടുത്ത ശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്യാൻ വെമ്പൽ കൊള്ളുമ്പോഴും സൗമ്യശബ്ദങ്ങളായ എം ടി വാസുദേവൻ നായരെ പോലുള്ളവരോടും വാളും ചിലമ്പും ഓങ്ങി നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത് സമകാലീനകാഴ്ച തന്നെ.
സിറാജുന്നീസ എന്ന കഥാസമാഹാരത്തിൽ വേറെയും കഥകളുണ്ട്..
ഈ രണ്ടു കഥകളുടെ വായനാരസത്തിൽ നിന്നും വായനക്കാരന് അടുത്ത കഥയിലേയ്‌ക്ക്‌ പോകാവുന്നതാണ്. തീർച്ചയായും വായിച്ചിരിക്കേണ്ടത് തന്നെ.. അതുകൊണ്ടു തന്നെ മറ്റു കഥകളുടെ മായിക പ്രപഞ്ചത്തിലേയ്ക്ക് നിങ്ങൾ തനിയെ പോകുക…അഞ്ചോളം കഥകൾ ബാക്കിയുണ്ട്.
സിറാജുന്നീസ എന്ന കഥാസമാഹാരം ടീ ഡി രാമകൃഷ്ണന്റെ ആദ്യത്തെ ഡീസി ബുക്ക്സ് സംരംഭമാണ്…. പേജ് 88 . വില 80 .

സെല്ലുലോയ്ഡിലെ തച്ചൻ

   



ദൃശ്യമാധ്യമത്തിലെ മികവുറ്റൊരു കലാസൃഷ്ടിയാണ്,കണ്ടുപിടുത്തമാണ് സിനിമ. ആയിരത്തിത്തൊള്ളായിരത്തി പതിമൂന്നിൽ ഇന്ത്യയിലെ ഇരുൾ നിറഞ്ഞ മുറിയിലേയ്ക്കു കടന്നുവന്ന കറുപ്പും വെളുപ്പും കലർന്ന വെളിച്ചം ഓടിക്കളിക്കുന്ന നിഴൽചിത്രങ്ങൾ. ഐതിഹ്യങ്ങളിലെ, ചരിത്രങ്ങളിലെ സംഭവങ്ങൾ കടന്ന് അന്നത്തെ കാലത്തെ മനുഷ്യചരിത്രത്തിലേയ്ക്കും സിനിമ മുഖം തിരിച്ചപ്പോൾ അത് തീർത്തും ജനകീയമായി. പിന്നെയും കാലങ്ങൾ കഴിഞ് ആയിരത്തി തൊള്ളായിരത്തിഇരുപത്തിയെട്ടിൽ വിഗതകുമാരനിലൂടെ മലയാളവും ആ നിഴൽ ചിത്രങ്ങൾ അനുഭവിച്ചു. ഒരു സിനിമാഭിനിവേശം നൽകിയ കൊടും ദുരിതങ്ങൾ അനുഭവിച്ചുകൊണ്ട് മണ്മറഞ്ഞു പോയ വിഖ്യാത ചലച്ചിത്രകാരൻ ജെ സി ഡാനിയേലിനെ ഓർമ്മിക്കാതെ മലയാള സിനിമയ്‌ക്കൊരു ചരിത്രമില്ല.വിഗതകുമാരനിലെ സംവിധായകനും, നടിയുമൊക്കെ ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്കു വലിച്ചെറിയപ്പെട്ടു. റോസി എന്ന നായിക എവിടെയോ എത്തപ്പെട്ടു,ജീവിതത്തിൽ നിന്നും ഒറ്റപ്പെട്ടുപോയിരുന്നു അവർ. സിനിമ നൽകിയ സർവ്വനാശം സംവിധായകന്റെ ജീവിതവും തുലച്ചുകളഞ്ഞു. സിനിമയെ അഗാധമായി സ്നേഹിക്കുന്ന മിക്കവരും അറിയാതെ പോയ ആ നിർഭാഗ്യജീവിതങ്ങളുടെ കഥ ശ്രീ കമൽ എന്ന സംവിധായകൻ “സെല്ലുലോയ്ഡ് ” എന്ന തന്റെ സിനിമയിലൂടെ വിശദമായി പ്രേക്ഷകന് വേണ്ടി ചിത്രീകരിക്കുകയുണ്ടായി. ഏകദേശം എൺപത്തഞ്ചു വർഷങ്ങൾ വേണ്ടിവന്നു ആ വിഖ്യാത കലാകാരന് ഒരു പുനർജ്ജന്മം കിട്ടാൻ. കമൽ എന്ന സംവിധായകന്റെ മാസ്റ്റർപീസ് തന്നെയാണ് “സെല്ലുലോയ്ഡ് ” എന്ന സിനിമ

ശ്രീ ഉണ്ണികൃഷ്ണൻ ആവള ശ്രീ കമൽ എന്ന കമാലുദീനുമായി സംസാരിച്ച് രൂപപ്പെടുത്തിയെടുത്ത ഒരു പുസ്തകം ആണ് “ആത്മാവിൻ പുസ്തകത്താളിൽ ” . നാൽപ്പത്തിനാലോളം സിനിമകൾ സംവിധാനം ചെയ്ത ശ്രീ കമൽ എന്ന കലാകാരന്റെ ജീവിതകഥ.

ഒരെഴുത്തുകാരനിൽ നിന്ന് എഴുത്തെങ്ങിനെ വേറിട്ട് നിൽക്കുന്നു, മിഴിവാർന്നു നിൽക്കുന്നു എന്നതിനും ഒരുദാഹരണമാണ് “ആത്മാവിൽ പുസ്തകത്താളിൽ “. ആദ്യം മുതൽ അവസാനം വരെ ഈ പുസ്തകം കമലിന്റെ വാക്കുകളായി മാത്രം അനുഭവിപ്പിക്കുന്ന രീതിയിൽ ആണ് എഴുതപ്പെട്ടിട്ടുള്ളത്. അതായത് സ്വന്തം ജീവചരിത്രം കമൽ തന്നെ എഴുതിയ രീതിയിൽ. സ്വയം കഥ പറച്ചിൽ തന്നെ, ചിന്തകളും. ശ്രീ ഉണ്ണികൃഷ്ണൻ ആവള എന്ന എഴുത്തുകാരൻ നിറഞ്ഞു നിൽക്കുകയാണ് ഭാഷയിൽ എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ഇങ്ങനെ എഴുതുന്നതും. കമൽ എന്ന കലാകാരനോടുള്ള അദമ്യമായ സ്നേഹവും,ആരാധനയും കാരണം എഴുത്തുകാരൻ മറഞ്ഞു നിൽക്കുകയായിരുന്നു . കണ്ണിനാലും, കാതിനാലും ആവാഹിച്ചെടുത്ത കമലിന്റെ അനുഭവസമ്പത്ത് ഇത്തരത്തിൽ ഒരു പുസ്തകത്താളിൽ നിരത്തിയപ്പോൾ എഴുത്തിനെന്തൊരു തീവ്രത,ഭംഗി…!

സിനിമയെന്ന കലയുടെ രൂപപ്പെടലുകൾക്കു പിന്നിലെ നൂറുകണക്കിന് പേരുടെ സഹനവും,ത്യാഗവും എല്ലാം ഇതിൽ നമുക്ക് അനുഭവവേദ്യമാവും. സിനിമയെന്ന ഏക സ്വപ്നവുമായി മദ്രാസ്സിലേയ്ക്ക് വണ്ടി കയറിയ കമൽ എന്ന ചെറുപ്പക്കാരനെയും അവിടെ വരവേറ്റത് ദുരിതങ്ങൾ തന്നെയായിരുന്നു. നിസ്സാരമായ ഒരു സംഗതിയല്ല ഒരു സിനിമാപ്രവേശം എന്നതും, അതിനേറെ പേരുടെ കാലടിക്കീഴിൽ അമരേണ്ടി വരുമെന്നും അയാൾ മനസ്സിലാക്കുന്നു. ബഹദൂർ എന്ന മലയാളസിനിമാ ഹാസ്യസാമ്രാട്ടിന്റെ ബന്ധുവായിട്ടും അദ്ദേഹവും കമലിനെ .നിരുത്സാഹപ്പെടുത്തുകയായിരുന്നു. കാരണം മറ്റൊന്നുമായിരുന്നില്ല. നൂറുകണക്കിന് പേരുടെ അഭിനിവേശങ്ങൾ കുരുതികൊടുക്കപ്പെട്ട ഭൂമികയാണ് കോടമ്പാക്കം, മദ്രാസ് സിനിമാസാമ്രാജ്യം. അവിടെ കമലും എരിഞ്ഞടങ്ങിപ്പോവാൻ വിധിക്കപ്പെടരുതെന്നേ ശ്രീ ബഹദൂറും കരുതികാണുകയുള്ളു . എന്നാൽ തിരികെ പോവാതെ മറ്റൊരിടത്തു തങ്ങി തന്റെ തട്ടകം ഇതുതന്നെയെന്നു തീരുമാനിച്ചിറങ്ങിപ്പുറപ്പെടുകയായിരുന്നു കമൽ .

സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കും മുൻപ് തന്നെ സിനിമയിൽ വന്നു പോയ പലരുടെയും ദുരന്തജീവിതങ്ങൾ അദ്ദേഹത്തിന് കാണേണ്ടി വന്നു. അതിൽ വായനക്കാരനെ വളരെ വിഷമിപ്പിക്കുന്ന ഒരാളുടെ ജീവിതമുണ്ട്.
ജീവിതം എന്ന് മുഴുവൻ പറയുന്നതിനേക്കാൾ ജീവിതാവസാനം എന്ന് പറയാം. ജീവിതത്തിന്റെ അന്ത്യനാളുകളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ, മരുന്നുപോലും വാങ്ങാൻ കഴിയാതെ , ദുരിതപർവം അനുഭവിച്ചു മൺമറഞ്ഞുപോയ അനുഗ്രഹീത കലാകാരൻ ശ്രീ മുതുകുളം രാഘവൻ പിള്ള . മുതുകുളത്തിന്റെ അവസാനനാളുകളിൽ കമൽ പരിചയപ്പെടേണ്ടി വരുന്നുണ്ട് .. കുറച്ചു ദിവസം കഴിഞ് ശ്രീ കൊച്ചിൻ ഹനീഫയാണ് പറഞ്ഞുകൊടുക്കുന്നത് സിനിമാസാമ്രാജ്യത്തിൽ ഒരു ചലനവും സൃഷ്ടിക്കാത്ത ആ മരണവാർത്ത.പലരും അറിയാതെ എരിഞ്ഞടങ്ങിയ ഒരു ജന്മം. നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തിളങ്ങി നിന്നിരുന്ന മുതുകുളം എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുതുകുളം രാഘവൻ എന്ന കലാകാരന്റെ ദയനീയ അന്ത്യം .വായിച്ചറിഞ്ഞ വായനക്കാരനും ജീവിതപ്രഹേളികയെ ഓർത്ത് വിതുമ്പിപ്പോവും..
ഉർവ്വശിപ്പട്ടം നേടി ഇന്ത്യയിലെ അതുല്യനടിയായി ആദരിക്കപ്പെട്ട ശോഭ എന്ന നടിയുടെയും, അവരുടെ ‘അമ്മ പ്രേമയുടേയും ആത്മഹത്യകളും വായനക്കാരനെ വ്യഥകളുടെ തീരങ്ങളിലേക്കു വലിച്ചിഴക്കും. ഈ സംഭവങ്ങളൊക്കെ സിനിമയിലെ നിലനിൽപ്പിന്റെ അവസ്ഥകളായി കമൽ മനസ്സിലാക്കിയെടുക്കുകയായിരുന്നു.

അസ്സോസിയേറ്റ് ഡയറക്ടർ , കഥ, തിരക്കഥാകൃത്ത് എന്നീ വഴികളിലൂടെ ഒരു സ്വതന്ത്ര സംവിധായകനാവാൻ അദ്ദേഹത്തിന് ഇരുപത്തഞ്ചോളം ചിത്രങ്ങളിൽ പ്രവർത്തിക്കേണ്ടി വന്നു. സംവിധായകനാവാൻ വഴിതുറന്നു വന്നിട്ട് അടഞ്ഞു പോയ ആദ്യ സിനിമയും, പരാജിതനായി നാട്ടിലേയ്ക്കുള്ള തിരിച്ചുപോക്കും …പിന്നീട് ഭാര്യ പകർന്നു നൽകിയ ഉറപ്പിന്റെ ബലത്തിൽ ആത്മവിശ്വാസത്തിന്റെ തീരങ്ങളിലേയ്ക്ക് തിരിച്ചു കയറുകയായിരുന്നു കമൽ. ശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.. സ്വതന്ത്ര സംവിധായകനായ ആദ്യ സിനിമ ” മിഴിനീർപ്പൂവുകൾ ” സാമ്പത്തികമായി അത്ര വിജയം കൈവരിച്ച ചിത്രം അല്ലെങ്കിലും കലാപരമായി ഉയർന്ന നിലവാരം പുലർത്തുന്നത് തന്നെയായിരുന്നു. വ്യത്യസ്തമായ ഒരു കഥ, ഒരു സംവിധായകന്റെ ആദ്യ ചിത്രം എന്ന് തോന്നാത്ത തരത്തിലുള്ള ഒരു ഒഴുക്ക് ആ ചിത്രത്തിൽ ഉടനീളം അനുഭവപ്പെട്ടിരുന്നു. പി എൻ മേനോൻ, ഭരതൻ, സേതുമാധവൻ തുടങ്ങിയ പ്രഗത്ഭരോടൊപ്പം പ്രവർത്തിച്ചതിന്റെ കാഴ്ച നല്ലൊരു ചലച്ചിത്രസംവിധായകന്റെ ഉദയം ആയിരുന്നു.

മിഴിനീർപ്പൂവുകൾ അടക്കം നാല്പത്തഞ്ചോളം ചിത്രങ്ങൾ. ഒന്നിനൊന്നു വ്യത്യസ്തം. സിനിമാ ചിത്രീകരണത്തിനിടയിലെ തിക്താനുഭവങ്ങൾ കാരണം ഒരു തമിഴ്സിനിമയും, ഒരു ഹിന്ദി സിനിമയും നിവൃത്തികേടുകൊണ്ടും, അതൃപ്തിയോടെയും പൂർത്തിയാക്കേണ്ടി വന്ന അനുഭവങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്.
സിനിമ ഒരു കൂട്ട്സംരംഭം ആണെങ്കിലും കമലിന്റെ അഭിപ്രായത്തിൽ അത് നിർമ്മാതാവിന്റെയും, കഥാകൃത്തിന്റെയും, സംവിധായകന്റെയും കല എന്നാണ് . താരങ്ങൾ പറഞ്ഞഭിനയിക്കുന്നവർ മാത്രം..ഇന്നത്തെ താരാധിപത്യം നിറഞ്ഞ കാലത്ത് ഈ വാക്കുകളിൽ നിന്നും വ്യതിചലിക്കാൻ അദ്ദേഹം തെയ്യാറായിട്ടില്ല. താരരാജാക്കന്മാർ കാരണം സിനിമ മലീമസമാകുന്നത് വർത്തമാന കാഴ്ച.

മലയാള സിനിമ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന കാലമാണിത്. സിനിമ കല എന്നതിലപ്പുറം കച്ചവടം മാത്രമായപ്പോൾ ഒരു ചരക്ക് വിപണിയിലെത്തിക്കുമ്പോഴുള്ള മത്സരങ്ങൾ ഉടലെടുത്തു. അതിന്റെ ഗുണം കുറഞ്ഞു തുടങ്ങി. പണ്ടൊക്കെ നിർമ്മാതാക്കൾ വരെ കലാകാരന്മാർ ആയിരുന്നു. ഇന്ന് കള്ളപ്പണം വെളുപ്പിക്കാൻ വരെ സിനിമയെടുക്കുന്നവർ ഉണ്ട്. ഇവിടെയൊക്കെ തകരുന്നത് സിനിമ എന്ന ഉദാത്ത സൃഷ്ടി തന്നെയാണ്. മറ്റൊരു പ്രശ്നവും ഇപ്പോൾ ഉടലെടുത്തിരിക്കുന്നു . നിർമ്മാതാക്കളും,തിയ്യേറ്റർ ഉടമകളും തമ്മിലുള്ള വീതം വെക്കലിന്റെ തർക്കം അതി രൂക്ഷമായിരിക്കുകയാണ്. തീയ്യറ്ററുകളിൽ നിന്നും സിനിമകൾ പിൻവലിക്കപ്പെടുന്ന അതി ഹീനമായ പ്രവർത്തികളും മലയാള സിനിമ അനുഭവിക്കുകയാണ്. സിനിമ ഉണ്ടെങ്കിലേ തീയേറ്ററിന് നിലനിൽപ്പുള്ളൂ. തീയേറ്റർ ഉണ്ടെങ്കിലേ സിനിമയ്ക്കും നിലനിൽപ്പുള്ളൂ. ഇതിനൊക്കെ അപ്പുറം കാണാൻ ജനങ്ങൾ തെയ്യാറായാലേ ഈ കലാരൂപവും കാലത്തെ അതിജീവിക്കുകയുള്ളു എന്നും ബന്ധപ്പെട്ടവർ മനസ്സിലാക്കുന്നത് നന്നാവും…
മലയാള സിനിമയുടെ സുവർണകാലഘട്ടം കഴിഞ്ഞു. ഈ ന്യൂ ജനറേഷൻ കാലത്ത്‌ ചിലപ്പോൾ നല്ല സിനിമകൾ വിരളമായി കാണാം എന്ന യാഥാർഥ്യം മറക്കുന്നില്ല. എങ്കിലും സർഗ്ഗധനർ ഒഴിഞ്ഞയിടമിന്നും ശൂന്യമാണ്. ഇവിടെയൊക്കെ തന്നെയാണ് കമലിനെ പോലുള്ളവരുടെ പ്രസക്തിയും. പെരുമഴക്കാലവും, ഗദ്ദാമയും, ഗസലും, സെല്ലുലോയിഡും പോലുള്ള കലാമേന്മയുള്ള സിനിമകൾ എടുത്ത ഇദ്ദേഹത്തിൽ നിന്നും കാലം ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.

ഈ പുസ്തകത്തിന്റെ അവസാനം ചില വാചകങ്ങൾ ഉണ്ട്…അതിങ്ങനെയാണ്..

–എങ്കിലും ഒന്നും അവസാനിക്കുന്നില്ല.ആവിഷ്കാരസ്വാതന്ത്ര്യം ഫാസിസ്റ്റു ശക്തികളുടെ വെല്ലുവിളി നേരിടുന്ന ഈ വർത്തമാനകാലത്ത് ഏതു കലാകാരനാണ് നിശ്ശബ്ദനാകാൻ കഴിയുക. കലാകാരന് അവയെ ചെറുക്കാൻ മറ്റു ആയുധങ്ങൾ ഇല്ല.ആവിഷ്കാരമാണ് അവന്റെ ആയുധം. അത് അക്ഷരമായാലും ,ദൃശ്യമായാലും,ചിലപ്പോൾ ഒരു നിലവിളി പോലും സമരമാണ്,സമരായുധമാണ്.ആ നിലവിളിയാകണം സിനിമ എന്ന് എന്റെ ബോധ്യം എന്നോട് പറയുന്നു.ഈ ബോധ്യത്തിൽ ഊന്നിയ സിനിമകളേ ഇനി എന്നിൽ നിന്നുണ്ടാകാൻ പാടുള്ളൂ.ആ ഉറച്ച നിലപാടിലാണ് ഞാനിപ്പോൾ അതിനു എനിക്ക് ഇനിയും ഒരുപാട് അലയേണ്ടതുണ്ട്.ഒരുപാടുദൂരം സഞ്ചരിക്കേണ്ടതുണ്ട്.ഇതുവരെ കാണാത്ത സ്വപ്‌നങ്ങൾ ഇനിയും കാണേണ്ടതുണ്ട്.–

രണ്ടു വർഷത്തിൽ അധികമായി കമലിന്റെ ഒരു സിനിമ ഇറങ്ങിയിട്ട്. ഈ നീണ്ട നിശബ്ദത മുകളിൽ പറഞ്ഞപോലെ മലയാള സിനിമയ്ക്ക് വേണ്ടി എന്തോ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നത് തന്നെയാണെന്നാണ് പ്രേക്ഷകരായ ഞങ്ങളുടെ വിശ്വാസം.

കലാകാരന് നേരെ ചവച്ചു തുപ്പുന്ന വർഗ്ഗീയ വിഷലിപ്തമായ ഓരോ വാക്കുകളും അവനു കിട്ടുന്ന അംഗീകാരങ്ങൾ ആണ്. അവനിലെ കലാകാരനെ ഭയമാണ് ഫാസിസ്റ്റ് ശക്തികൾക്ക്. അവന്റെ സൃഷ്ടിയെ.. അത്തരം കെട്ട കാലത്ത്‌ നിശ്ശബ്ദനാവാനൊരിക്കലുമാവില്ല ഈ അതുല്യകാലാകാരന്..


വിശപ്പിന്റെ രാഷ്ട്രീയം അഥവാ ദല്‍ഹി ഗാഥകള്‍ (എം. മുകുന്ദന്‍ )




  

    രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളുടെ ശേഷിപ്പാണ് അഭയാര്‍ഥികള്‍. ഇന്ത്യ- പാക്കിസ്ഥാന്‍ – ബംഗ്ലാദേശ് യുദ്ധങ്ങളുടെ അവസാനം ഒരൊഴുക്കായിരുന്നു. ഡല്‍ഹിയുടെ തെരുവോരങ്ങള്‍ ഇവര്‍ക്ക് അഭയ സ്ഥാനങ്ങള്‍. കൂട്ടത്തില്‍ മറ്റൊരു വിശപ്പിന്റെ രാഷ്ട്രീയം അവിടെ രൂപം കൊള്ളുന്നുണ്ടായിരുന്നു. കൊളോണിയസം വരഞ്ഞിട്ടു പോയ മുറിവിന്റെ വേദനയില്‍ സുഖം കൊള്ളുന്നവര്‍. കത്തിക്കാളുന്ന വിശപ്പിന്റെ രാഷ്ട്രീയത്തിലെ രക്തദാഹികള്‍. സമാധിയടഞ്ഞ , എരിഞ്ഞടങ്ങിയ, അധികാര വേഴ്ച്ചകളുടെ ഈറ്റില്ലങ്ങളും, ശ്മശാന ഭൂമിയുമാണ് ഡല്‍ഹിയും, പ്രാന്തപ്രദേശങ്ങളും. നഗരത്തിന്റെ അഴുക്കുചാലില്‍ വീണു ജീവിക്കുന്ന ഒരു പറ്റം മലയാളികള്‍. മുകുന്ദന്റെ പതിവ് പറച്ചിലില്‍ നിന്നും ഒട്ടും മാറാതെ അടിത്തട്ടിലെ മനുഷ്യന്റെ കഥ.

    യുദ്ധങ്ങള്‍ വരുത്തി വയ്ക്കുന്ന അതിസങ്കീര്‍ണ്ണതയോടും, വ്യാകുലതയോടും ഒരേ പോലെ പൊരുത്തപ്പെട്ടു പോവുന്നുണ്ട് നഗരവാസികള്‍. മാറിവരുന്ന കാലാവസ്ഥാ മാറ്റങ്ങളോട് എങ്ങിനെ തെയ്യാറെടുക്കുന്നു എന്നതിനോട് ചേര്‍ന്ന് തന്നെയെന്നു തോന്നിപ്പോവുംവിധം അത് ജനങ്ങളില്‍ ഉറച്ചുപോവുന്നുണ്ട്; ഗ്രീഷ്മവും, ശൈത്യവും, വസന്തകാലവും അവരുടെ ജീവിതാവസ്ഥയെ എങ്ങിനെ രൂപപ്പെടുത്തിയിരിക്കുന്നു എന്നത് പോലെ തന്നെ. ഒരു സാധാരണ പൌരനെപ്പോലും പരോക്ഷമായി ഒരു യുദ്ധം എങ്ങിനെ ബാധിയ്ക്കുന്നു എന്ന് ഈ നോവല്‍ എടുത്തു പറയുന്നുണ്ട്. ശ്രീധരനുണ്ണിയുടെ ആകസ്മിക മരണം, സഹദേവന്റെ പതിമൂന്നു നാള്‍ പനി എന്നിവ നോവലിസ്റ്റ് ‘ സാധാരണ ‘ രീതിയില്‍ പറഞ്ഞു പോവുന്നു. സ്വന്തം വിശ്വാസങ്ങളുടെ തകര്‍ച്ച അല്ലെങ്കില്‍ അതിന്മേല്‍ ഏല്‍ക്കുന്ന ആഘാതങ്ങള്‍ ഒരു വിശ്വാസിയെ തകര്‍ക്കുന്നത് ശ്രീധരനുണ്ണിയുടെ മരണത്തിലൂടെ വായനക്കാരന്‍ അനുഭവിച്ചറിയുന്നു. വീടിന്റെ കോലായില്‍ ഡാങ്കെയുടെ പടത്തോടൊപ്പം ചൌ എന്‍ ലായിയുടെ ചിത്രവും ആരാധനയോടെ തൂക്കിയിട്ടുണ്ട്‌ ശ്രീധരനുണ്ണി. 1962 ലെ ഇന്ത്യാ- ചൈന യുദ്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന അറിവില്‍ , തുറന്നുവെച്ച പത്രത്തോടൊപ്പം ശ്രീധരനുണ്ണിയുടെ ജീവനും പിടഞ്ഞു മാറുകയായിരുന്നു. വിശ്വാസ ഗോപുരത്തിന്റെ ഉത്തുംഗ ശ്രുംഗത്തില്‍ നിന്ന് പൊടുന്നനവേ താഴെ വീണു ജീവന്‍ ബലി നല്‍കാന്‍ ആയിരുന്നു അയാളുടെ വിധി. ഏത് യുദ്ധങ്ങളും ആത്യന്തികമായി സൃഷ്ടിക്കുന്നത് ഭയവും, അരക്ഷിതാവസ്ഥയും ആണെന്ന് ദല്‍ഹി നിവാസികള്‍ മൂന്നു യുദ്ധങ്ങളിലൂടെ മനസ്സിലാക്കുന്നു.

    വിശക്കുന്നവരുടെ എരിപൊരിസഞ്ചാരങ്ങള്‍ ആണ് മുകുന്ദന്റെ ദാല്‍ഹിഗാഥകള്‍ നീളെ . വയറിന്റെ വിശപ്പ്‌, കാമത്തിന്റെ വിശപ്പ്‌ , ഗര്‍ഭ പാത്രത്തിന്റെ വിശപ്പ്‌ എന്നിവയെക്കാള്‍ മനസ്സിന്റെ വിശപ്പിനു പ്രാധാന്യം നല്‍കി, നെഞ്ചുഴിഞ്ഞു നടക്കുന്ന കുറച്ചു പേരുടെ ജീവിതം, ജീവിതാസക്തികള്‍ തുടങ്ങിയവ അനുഭവവേദ്യമാകുന്നു വായനക്കാരനും. 1962 , ’65 , ’71 കാലഘട്ടങ്ങളിലെ യുദ്ധങ്ങള്‍ സമൂഹത്തിന്റെ നൈതികതയില്‍ സൃഷ്ടിക്കുന്ന കൊടും വരള്‍ച്ചയില്‍ ഒരു തലസ്ഥാന നഗരിയും, പ്രാന്തപ്രദേശങ്ങളും പൊരി കൊള്ളുകയായിരുന്നു. യുദ്ധാനന്തരം താളം നഷ്ടപ്പെട്ട ജീവിതങ്ങള്‍ സ്വയം ഭാരമാവുന്നത് ദേവിയിലൂടെയും , ലളിതയിലൂടെയും, കുഞ്ഞികൃഷ്ണനിലൂടെയും, സഹദേവനിലൂടെയും എടുത്തുകാട്ടുന്നു രചയിതാവ് . രാജ്യാതിര്‍ത്തികളില്‍ പൂര്‍ണ ശ്രദ്ധയോടെ ഭരണ കര്‍ത്താക്കള്‍ മിഴിയൂന്നുമ്പോഴും, രാജ്യത്തിനകത്തെ പ്രജകളുടെ അശാന്തിയുടെ അതിര്‍ത്തികള്‍ ഭീമവല്ക്കരിക്കപ്പെടുന്ന കൊടും വിപത്തുകള്‍ ആവുമ്പോഴും ഒരു വിശപ്പിന്റെ ബീജങ്ങള്‍ ഉള്ളറകളില്‍ ഉതിര്‍ന്നു വീണു മുളയ്ക്കുന്നുണ്ടായിരുന്നു.

    വിദേശികള്‍ വിത്തെറിഞ്ഞ ആ ബീജങ്ങള്‍ മുളപൊട്ടി വിടര്‍ന്നതിന്റെ ഭീകരയാധാര്‍ത്ഥ്യം ഈ നോവലില്‍ ഇടക്ക് വന്നു പോവുന്നുണ്ട്. 71 – ല്‍ ദല്‍ഹി കൈനീട്ടി സ്വീകരിച്ച ബംഗ്ലാദേശ് അഭയാര്‍ഥി പ്രവാഹം തെരുവോരങ്ങളില്‍ കുമിഞ്ഞു കൂടി. ” മാര്‍ക്കം ചെയ്ത ഇച്ചിമ്മിണി ” കാട്ടി നടക്കുന്ന ഒരു കൊച്ചു കുട്ടിയുടെ ആ മര്‍മ്മ സ്ഥാനത്തു കല്ലെറിഞ്ഞു കൊള്ളിച്ച് സ്വന്തം മനസ്സിന്റെ വിശപ്പ്‌ ശമിപ്പിക്കാന്‍ മുതിരുന്ന ഒരു “യഥാര്‍ത്ഥ ഹിന്ദു” വിനെ നമ്മള്‍ കണ്ടുമുട്ടുന്നു. ഈ വിശപ്പിന്റെ രാഷ്ട്രീയം ആണ് ഇന്ന് ഇന്ത്യന്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു മാറാവ്യാധിയും. ആരുടെയൊക്കെയോ വിശപ്പിനു ഇരയാവുകയും, സ്വയം ഇരയായി തീര്‍ന്നവരും ഇതില്‍ കഥാപാത്രങ്ങള്‍ ആയി വരുന്നു.

    മറ്റു ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതെ ഒരു പൊങ്ങു തടി പോലെ ഭൂമിയില്‍ ജീവിച്ച് , സ്വന്തം വിലയറിയാതെ എരിഞ്ഞു തീര്‍ന്ന ഒരാള്‍ നന്മെണ്ട വാസവപ്പണിക്കര്‍. ചിത്രകാരന്‍. തീവ്ര വിപ്ലവ പ്രസ്ഥാനത്തിന് ബലിയായി സമര്‍പ്പിച്ച ഒരച്ഛന്റെ മകളായി ഡല്‍ഹിയില്‍ വന്നുപെട്ട ജാനകിക്കുട്ടി, തെരുവ് ബാര്‍ബര്‍ ദാസപ്പന്‍, ഉത്തംസിംഗ്, മകള്‍ പിങ്കി, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആണ്. യുദ്ധങ്ങള്‍ക്ക് ശേഷം വന്ന അടിയന്തരാവസ്ഥ , സഞ്ജയ്‌ ഗാന്ധി പരിഷ്കാരങ്ങള്‍,ജെ. പി. യുഗം , ഇന്ദിരാ ഗാന്ധി വധം, സിഖ് കൂട്ടക്കൊലകള്‍ , സഫ്‌ദര്‍ ഹാഷ്മി വധം തുടങ്ങിയ സംഭവങ്ങളിലൂടെ ആണ് നോവല്‍ കടന്നുപോകുന്നത്. ഏത് പരിതസ്ഥിതിയിലും മനുഷ്യന് ഒരു ‘ ജീവിച്ചു പോവല്‍’ ഉണ്ട്. അവസ്ഥകളോടുള്ള പടപൊരുതല്‍. അവിടെ ജയമല്ല, വെറും നിലനില്‍പ്പ്‌ മാത്രം . അതും പലപ്പോഴും അസംതൃപ്തമായ മനസ്സിനെ വൃഥാ തൃപ്തിപ്പെടുത്താന്‍ മാത്രം . നിസ്സംഗതയുടെ മൂടുപടത്തിനുള്ളിലുള്ള ജീവിച്ചു പോവല്‍. അപ്പോഴും ഒരു പ്രതീക്ഷയുണ്ട് . അതാണ്‌ ദേവിയെ വീണ്ടും പിറന്നിടത്തേയ്ക്കുള്ള തിരിച്ചു പോക്കിന് ഊര്‍ജ്ജം പകര്‍ന്നുകൊടുക്കുന്നതും. ശ്രീധരനുണ്ണിയുടെ ഭാര്യയായി ഡല്‍ഹിയില്‍ എത്തപ്പെട്ട ദേവി. ഭര്‍ത്താവിന്റെ ആകസ്മികമരണ ശേഷം , മകള്‍ ദിവ്യയുടെ തിരോധാനത്തിനു ശേഷം , അവര്‍ ജീവിതത്തില്‍ തന്റേതായ ഒരു ഇടുങ്ങിയ ലോകം സൃഷ്ടിക്കുകയായിരുന്നു. പത്രപ്രവര്‍ത്തകനായ മകന്‍ സത്യനാഥന്‍. അടിയന്തരാവസ്ഥയുടെ ഭീകര സൃഷ്ടിയായ നിര്‍ബന്ധിത വാസക്ടമി ഓപ്പറേഷന് വിധേയനായിപ്പോവുകയാണ് യുവാവായ സത്യനാഥന്‍. മകന്റെ ജോലിയിലുള്ള സ്ഥാന കയറ്റവും, അകല്‍ച്ചയും ദേവിയെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നു. ഒടുവില്‍ അവര്‍ നാട്ടിലേയ്ക്ക് പോവാന്‍ ഒരുങ്ങുന്നു. ഇവിടെ ഞങ്ങളൊക്കെയില്ലേ, നാട്ടില്‍ ആരുണ്ട്‌ എന്നന്വേഷിക്കുന്ന സഹദേവനോട് ദേവി പറയുന്നത് ” എനക്കവിടെ വൃശ്ചിക കാറ്റും , മാമ്പൂവുമുണ്ട്. എനക്കതു മതി ” എന്നാണു. സാഹിത്യകാരന്‍ പ്രവാചകന്റെ സ്ഥാനം വഹിക്കുന്നവന്‍ ആണ്. അവന് പകര്‍ന്നു കിട്ടുന്ന അറിവുകള്‍ കലാസൃഷ്ടികളായി, പ്രവചനങ്ങളായി മാറുന്നു.സമൂഹത്തിന്റെ നന്മക്കു വേണ്ടി ഉതകുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകനേക്കാള്‍ ഉത്തരവാദിത്വം ഉള്ളവന്‍. മുകുന്ദന്റെ കഥാപാത്രങ്ങള്‍ ഒരിക്കലും സ്വപ്ന ജീവികള്‍ ആവുന്നില്ല. അവര്‍ ജീവിതത്തോടു ഒരുതരത്തില്‍ സമരസപ്പെട്ടുപോവുകയാണ്. അതായത് ജീവിതം ജീവിച്ചുതീര്‍ക്കുക തന്നെ. കുഞ്ഞികൃഷ്ണനായാലും, സഹദേവനായാലും, ദേവിയും, ലളിതയും എല്ലാം മടുപ്പിക്കുന്നതെങ്കിലും ജീവിതത്തിന്റെ ആസക്തിയില്‍ മുങ്ങിത്താഴുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് കനത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങികൊണ്ട് കൈസ്വാധീനം നഷ്ടപ്പെട്ടിട്ടും ജീവിതം തിരിച്ചു പിടിക്കുന്ന കുഞ്ഞികൃഷ്ണന്‍, ജീവിച്ച സാഹചര്യങ്ങളില്‍ നിന്നും വിഭിന്നമായ ഒരു തലത്തിലേക്ക് മാറുന്ന ലളിത ഇവരൊക്കെ ഏത് സാഹചര്യത്തിലും ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണ്. അതുകൊണ്ടുതന്നെ മനുഷ്യ ജീവിതത്തെ മഹത്വവല്‍ക്കരിക്കുന്ന ഈ ഗാഥ മുകുന്ദന്റെ പതിവ് ശൈലിയില്‍ നിന്നും ഒരിക്കലും വഴി മാറി പോകുന്നില്ല. മലയാള നോവല്‍ സാഹിത്യത്തിന്റെ വളര്‍ച്ച മുരടിച്ചു പോയിട്ടില്ല എന്ന് ഇത്തരം നോവലുകള്‍ തെളിയിക്കുന്നത് ആശാവഹം തന്നെയാണ്.


നോവൽ  - ദൽഹിഗാഥകൾ 
നോവലിസ്റ്റ്  -- എം മുകുന്ദൻ 
ഡീ സി ബുക്ക്സ് 
വില  475 /-