Tuesday, September 20, 2022
ദേവ സംഗീതം നീയല്ലേ ...
എഴുപതുകളുടെ അവസാനം തമിഴ് സംഗീതത്തിന്റെ ഛായ തന്നെ മാറ്റിമറിച്ചു കൊണ്ടായിരുന്നു ഇളയരാജയുടെ വരവ് . ഗ്രാമീണ സംഗീതത്തിന്റെ തുടിപ്പ് സിനിമാഗാനങ്ങളിൽ കലർത്തി വിളമ്പിയപ്പോൾ ആസ്വദിച്ചു രുചിച്ചു അവർ. പിന്നീടത് തമിഴകത്തിൽ മാത്രമൊതുങ്ങാതെ തെലുങ്ക് , ഹിന്ദി, മലയാളം എന്നീ ഭാഷകളെയും കീഴടക്കി . 1978 ൽ തന്നെ മലയാളത്തിൽ ഒരു പുത്തൻ സംഗീത ധാരയായി പെയ്തു . നമ്മളെന്നും ഓർത്തുവെക്കും ആ വരവ് . പതിവ് ഈണങ്ങൾ പോലെ ആയിരുന്നില്ല അത് . ആ വ്യത്യസ്തത എന്നുമോർക്കും . ഡോ . പവിത്രന്റെ രചനക്ക് ഈണം നൽകിക്കൊണ്ട് വ്യാമോഹം എന്ന ചലച്ചിത്രത്തിൽ.
"പൂവാടികളിൽ അലയും തേനിളം കാറ്റേ "
യുഗ്മഗാനമായും , ജാനകിയുടെ സോളോ ആയും റേഡിയോ അന്ന് കേൾപ്പിച്ചത് ഓർക്കുന്നു.
ഇളയരാജ എന്ന പ്രഗത്ഭ സംഗീതജ്ഞനെ കുറിച്ച് പറയുമ്പോൾ അദ്ദേഹം അലകളിളക്കി വിട്ട് വിവാദമായ മറ്റൊരു കാര്യത്തെ കൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. അതിന്റെ അലകളൊക്കെ ഏകദേശം അടങ്ങിയിരിക്കയാണ് എങ്കിലും പറയാതെ വയ്യ. പണം വാങ്ങി തന്റെ പാട്ടുകൾ സ്റ്റേജുകളിൽ പാടുന്നവർ റോയൽറ്റി നൽകണം എന്ന കൽപ്പന ! സൗജന്യമായി പാടുന്നവർ നല്കേണ്ടെന്നും പറഞ്ഞിരുന്നു. ഇതിൽ ഉടമസ്ഥാവകാശ തർക്കമുണ്ട്. താൻ ഈണം നൽകിയതൊക്കെ തന്റെ ഗാനങ്ങൾ ആണെന്ന് ഇളയരാജ വാദം. സംഗീതം കൊണ്ട് മാത്രം ഗാനങ്ങൾ സ്വന്തം ആവുമോ . അതിനൊരു രൂപം വരുന്നത് എഴുത്തിലൂടെ ആണ്. ഗായകരിലൂടെ അത് പുറത്തുവരുമ്പോൾ മറ്റൊരു ഭാവവും. വരികൾ, സംഗീതം , ഗായകർ കൂടാതെ പശ്ചാത്തല സംഗീതജ്ഞർ ഇവരിലൂടെ ഒക്കെ ഒരുക്കപ്പെടുന്ന ഒരു ഗാനത്തിന് എങ്ങിനെ ഈണം നല്കിയവൻ മാത്രം അവകാശി ആവും!!!
അത്തരത്തിലൊരവകാശി ആവാമെങ്കിൽ ഞാൻ പറയട്ടെ...ചലച്ചിത്രമാക്കാൻ ഒരുങ്ങിയ നിർമ്മാതാവല്ലേ യഥാർഥ അവകാശി ... ഇതൊരു ചർച്ചയല്ല ... ഒരു സമ്പൂർണ സർഗ്ഗ സൃഷ്ടിയായ കവിത തന്നെ എടുക്കാം . എഴുതിയവൻ മാത്രമല്ല അത് ചൊല്ലുന്നത് . അത് പാടി പലരും സമ്മാനങ്ങൾ നേടുന്നുണ്ട്. അപ്പോൾ അതിന്റെ ഒരു പങ്ക് കവിക്കും കിട്ടേണ്ടേ ..!!!
ഇളയരാജയുടെ സംഗീതത്തിലേക്കു തന്നെ തിരികെ വരാം. മലയാളത്തിലെ ഈണങ്ങൾ മാത്രം. മലയാളത്തിൽ ആരെഴുതിയാലും ഇളയരാജ സംഗീതം ചെയ്‌താൽ അത് ഹിറ്റാവും., അവിടെ സംഗീതത്തിന് തന്നെയാണ് വില . അത് പറയാതെ വയ്യ. എന്നിരുന്നാലും ഓ എൻ വി - ഇളയരാജ കൂട്ടുകെട്ട് തന്നതോളം ആരും തന്നിട്ടില്ല.
രണ്ടാമത്തെ ഗാനം മുതൽ ഇളയരാജ കൂടെയുണ്ട്..
പാലരുവി പാടി വരൂ --- ദൂരം അരികെ
വേഴാമ്പൽ കേഴും വേനൽകുടീരം നീ -- ഓളങ്ങൾ
തുമ്പീ വാ -- ഓളങ്ങൾ
കുളിരാടുന്നു മാനത്ത് -- ഓളങ്ങൾ
മഞ്ഞും കുളിരും കുഞ്ഞിക്കിളിയും -- സന്ധ്യക്കു വിരിഞ്ഞ പൂവ്
മിഴിയിൽ മീൻ പിടഞ്ഞു -- സന്ധ്യക്ക് വിരിഞ്ഞ പൂവ്
യമുനേ നിന്നുടെ നെഞ്ചിൽ - യാത്ര
തന്നന്നം താനന്നം -- യാത്ര
പുഴയോരത്തിൽ പൂന്തോണി എത്തീല -അഥർവം
പൂവായ് വിരിഞ്ഞു -- അഥർവം
കുന്നത്തെ കൊന്നയ്ക്കും - പഴശ്ശിരാജ
ആദിയുഷസ്സന്ധ്യ പൂത്തതിവിടെ -- പഴശ്ശി രാജ
ഇത്രയും സുന്ദരഗാനങ്ങൾ എങ്കിലും ഉണ്ട്...
തുടക്കം മുതൽ എസ് ജാനകിയെ വിട്ടൊരു ഗായിക ഇദ്ദേഹത്തിനുണ്ടായിരുന്നില്ല . അതുകൊണ്ടു തന്നെ ഒട്ടേറെ സൂപ്പർ ഗാനങ്ങൾ അവർക്കു കിട്ടുകയുണ്ടായി.
പൂവാടികളിൽ -- വ്യാമോഹം
പാലരുവി പാടിവരൂ - ദൂരം അരികെ
തുമ്പീ വാ - ഓളങ്ങൾ
കിളിയെ കിളിയെ - ആ രാത്രി
ഈ നീലിമതൻ ചാരുതയിൽ - ആ രാത്രി
തണൽ വിരിക്കാൻ കുട നിവർത്തും - ആലോലം
വീണേ വീണേ വീണകുഞ്ഞെ - ആലോലം
ആലിപ്പഴം പെറുക്കാൻ -- മൈ ഡിയർ കുട്ടിച്ചാത്തൻ
കൽക്കണ്ടം ചുണ്ടിൽ -- ഒന്നാണ് നമ്മൾ
തീരം തേടി ഓളം പാടി - ഉണരൂ
മൗനം പോലും മധുരം -- സാഗരസംഗമം
ബാലകനക മയ ചേല -- സാഗരസംഗമം
ഓം നമശ്ശിവായ -- സാഗരസംഗമം
യമുനേ നിന്നുടെ നെഞ്ചിൽ - യാത്ര
തന്നന്നം താനന്നം -- യാത്ര
പൂങ്കാറ്റിനോടും -- പൂമുഖ പടിയിൽ നിന്നെയും കാത്ത്
കൊഞ്ചിക്കരയല്ലേ -- "" ""
എൻ പൂവേ പൊൻപൂവേ - പപ്പയുടെ സ്വന്തം അപ്പൂസ്
ഓലത്തുമ്പത്തിരുന്നൂയലാടും -- "" ""
ജാനകിയുടെ ശബ്ദം വേണ്ടും വിധം ഉപയയോഗപ്പെടുത്തി അദ്ദേഹം . ചിത്രയുടെ വരവോടു കൂടി മാത്രമാണ് ജാനകി പിൻവാങ്ങിയതും.
ഇതിലൂടെ കൈതപ്രം , കാവാലം, ഗിരീഷ് പുത്തഞ്ചേരി , പികെ ഗോപി , ബിച്ചു തിരുമല, പൂവച്ചൽ ഖാദർ , യൂസഫലി കേച്ചേരി , വയലാർ ശരത്ചന്ദ്ര വർമ്മ , റഫീഖ് അഹമ്മദ് ,ശ്രീകുമാരൻ തമ്പി , രമേശൻ നായർ തുടങ്ങിയവർക്കും അവസരങ്ങൾ കിട്ടുകയുണ്ടായി.
വരികൾ ആരുടെതെന്ന് അല്ല . സംഗീതം ഇളയരാജ . ഒരു സംഗീതജ്ഞന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം .
ആറ്റിറമ്പിലെ കൊമ്പിലെ -- ഗിരീഷ് പുത്തഞ്ചേരി
ദേവസംഗീതം നീയല്ലേ - രമേശൻ നായർ
കടൽ കാറ്റിൻ നെഞ്ചിൽ -- കൈതപ്രം
കയ്യെത്താ കൊമ്പത്തോ - വയലാർ ശരത് ചന്ദ്ര വർമ്മ
താരാപഥം ചേതോഹരം - പി കെ ഗോപി
ഉണരുമീ ഗാനം -- ശ്രീകുമാരൻ തമ്പി
ഋതുഭേത കൽപ്പന ചാരുത നൽകിയ - എം ഡി രാജേന്ദ്രൻ
വാലിട്ടെഴുതിയ നീലകടക്കണ്ണിൽ - ബിച്ചു തിരുമല
ആലോലം പീലിക്കാവടി ചേലിൽ -- കാവാലം നാരായണപ്പണിക്കർ
പ്രിയനേ ഉയിർ നീയേ -- യൂസഫലി കേച്ചേരി
കിളിയെ കിളിയെ -- പൂവച്ചൽ ഖാദർ
ലോലരാഗ കാറ്റേ -- മങ്കൊമ്പ് ഗോപാലകൃഷ്ണൻ
എന്നിവരൊക്കെ തങ്ങളുടെ കരിയറിലെ സുവർണ നിമിഷങ്ങളായി ഇതിനെ എണ്ണും .. ഉറപ്പ് .. എണ്ണിയിട്ടുണ്ടാവും...
സത്യൻ അന്തിക്കാട് സിനിമകളിൽ ഇടക്കാലത്ത് കുറച്ചേറെ സിനിമകൾക്ക് ഇദ്ദേഹം ഈണം പകർന്നിട്ടുണ്ട്.
കൊച്ചു കൊച്ചു സന്തോഷങ്ങൾ ,മനസ്സിനക്കരെ ,രസതന്ത്രം , അച്ചുവിന്റെ അമ്മയ്ക്ക് , വിനോദയാത്ര , ഇന്നത്തെ ചിന്താവിഷയം ,ഭാഗ്യദേവത , പുതിയ തീരങ്ങൾ , സ്‌നേഹവീട് എന്നിവയിലൊക്കെ ഇഴചേർന്നു പോയത് ഇളയരാജ ഈണങ്ങളാണ്...
ഗാനങ്ങളുടെ വിധം മാറി. സംഗീതജ്ഞർ മാറി . പാട്ടുകൾ പുതിയ സംഗീതജ്ഞരിലേക്ക് കൈമാറ്റപെട്ടു.... അതിനിയും മാറും.. മാറ്റം കേൾവിക്കാരിലും ഉണ്ട്.. മാറ്റം അനിവാര്യമാണ് എന്ന സത്യത്തെ അംഗീകരിക്കുന്നു....
Subscribe to:
Post Comments (Atom)
No comments:
Post a Comment