Thursday, August 26, 2021

ബാസുരി ശ്രുതി പോലെ

 

അതുവരെ കേൾക്കാത്ത  ഒരു വിരഹശ്രുതിയുമായി 1999  ൽ  മലയാള സിനിമയിലേക്ക് കടന്നുവന്ന ശ്രീ രമേശ് നാരായണൻ .

പറയാൻ മറന്നതും , അഭിനിവേശത്തിന്റെ നിറമാർന്ന സല്ലാപജ്വരങ്ങളും ജീവിതത്തെ പൂക്കാലമാക്കിയ വിളറിയ സ്വപ്‌നങ്ങളും ..

ഓർമ്മകളിലെ മധുരോതാരമായ ഒരു വരവ് . മരവിച്ച പല ഓർമ്മകളും ചടുലമായുണർന്ന പോലെ ...  ഇതെനിക്ക് വേണ്ടിയല്ലേ ..

അല്ലെ ... എന്ന് ചോദിക്കും പോലെ ... വരികൾ  വല്ലാത്തൊരു കൂട്ടിരിപ്പായി ... 

ഗർഷോം എന്ന പി ടി കുഞ്ഞുമുഹമ്മദിന്റെ  മാസ്റ്റർപീസ് .

തിരികെ വന്ന ഒരു ഗൾഫുകാരന്റെ ജീവിതത്തിലൂടെ , സങ്കടങ്ങളിലൂടെ തഴുകി വന്ന ഒരു കഥാതന്തു . 

അതിലെ ഗാനങ്ങളും  അതുപോലെ സുന്ദരമാവണം...

റഫീഖ് അഹമ്മദ് ഒരു കവിയാണ്.  കവിത തന്നെ തന്നു ആദ്യമായി...


പറയാൻ മറന്ന പരിഭവങ്ങൾ ....

നല്ലൊരു മാറ്റം തന്നെയായിരുന്നു,. ഒരു ആസ്വാദകൻ എന്ന നിലയിൽ പറയാതെ വയ്യ.  പാട്ടെഴുത്തും സംഗീതവും  ചേർന്നലിയാതെ പോയ ഒരു കാലത്തിൽ തന്നെ ചലച്ചിത്ര സംഗീത പുനർജനി പോലെ രമേശ് നാരായണൻ ...  അതിലൊന്നും ഒരു കഴമ്പുമില്ല...  നീരൊഴുക്ക്  നഷ്ടപ്പെട്ടിരുന്നില്ല എന്നറിഞ്ഞ നിമിഷങ്ങൾ ...

പിന്നീട് തുടർന്ന കാലങ്ങളിലും ആ അനുഭവം തന്നെ. ദു:ഖത്തിനും മധുരമുണ്ടല്ലേ !!  ഘനീഭവിച്ചു കിടന്നാൽ അത് കനൽക്കട്ട പോൽ അങ്ങിനെ കിടക്കും...  വിഷാദങ്ങൾ അലിഞ്ഞ രാഗപ്രസാദങ്ങളായിരുന്നു രമേശ് നാരായണൻ സംഗീതം.. അത് തുടക്കം മുതൽ ഇന്ന് വരെ അങ്ങിനെ തന്നെ തുടരുന്നു.  പ്രണയത്തിലും അലിഞ്ഞ വിഷാദം ... 


പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ 

സൗന്ദര്യ തീർത്ഥ കടവിൽ...

ദൃശ്യഭംഗി കൊണ്ടും നൂറു ശതമാനം ഹൃദയാവർജ്ജകമായ ഒരീണം...

സ്നേഹിക്കാൻ മാത്രമാണ് നമ്മൾ ഈ ജീവിതം അനുഭവിച്ചു തീർക്കേണ്ടത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒരു പാട്ട് .....

രമേശ് നാരായണന്റെ  ഏറ്റവും നല്ല പാട്ട്...

മേഘമൽഹാറിന്റെ വിതുമ്പുന്ന പ്രണയഭരിതമായ ഒരീണം...

ഒരു നറുപുഷ്പമായ് എൻ നേർക്ക് നീളുന്ന മറ്റൊരു അതി തീവ്ര പ്രണയഗാനം ആദരവോടെ നമ്മൾ സ്വീകരിച്ചു. മനസ്സിൽ എത്ര നന്ദി പറഞ്ഞു....ഈയൊരു ഗാനത്തിന്... എന്തിത്ര വൈകി ഈയൊരു വരികൾക്ക്..... എത്ര ഹൃദയങ്ങൾ വിതുമ്പി....


തീവ്ര നൊമ്പരമായി പ്രേക്ഷകർക്ക് അനുഭവമായി മകൾക്ക് എന്ന സിനിമയിലും ഇദ്ദേഹത്തിന്റെ ഈണങ്ങൾ തന്നെ...  മാനസിക നില തെറ്റിയ ഒരമ്മയുടെ മുൻപിലൂടെ അമ്മിഞ്ഞ മധുരം നഷ്ടപ്പെട്ട ഒരു കുഞ്ഞിന്റെ തേങ്ങലിലൂടെ, കൊഞ്ചലിലൂടെ ഒരു സിനിമ...

ഹൃദയം നനഞ്ഞ പഞ്ഞിയായ ഒരനുഭവം...

മുകിലിൽ മകളെ ...പൊഴിയും കനവേ.... എന്നൊരു മഞ്ജരി സ്വരം...

ഹൃദയം തകർത്തുകളയുന്ന വരികളും, സംഗീതവും...

ചാഞ്ചാടിയാടി ഉറങ്ങു നീ ... എന്ന ഗായത്രിയുടെ ഈണമധുരം  ഈറനോടെ ആസ്വദിക്കേണ്ടി വന്നു നമ്മൾക്ക് .... കണ്ണീറനോടെ....

അനിൽ പനച്ചൂരാന്റെ കവിതയിലൂടെ ഒരു തെരുവ്പെണ്ണിന്റെ ശരീരം കൊണ്ടാടിയതും , ഗർഭിണിയായതും , പ്രസവിച്ചതും എല്ലാം  വിവരിക്കുന്നുണ്ട്.  കോവിഡ് കാലത്ത് നമ്മെ വിട്ടു പോയ ശ്രീ അനിൽ പനച്ചൂരാനെ ഇപ്പോൾ ഒന്നുകൂടി ഓർക്കുന്നു.... പ്രണമിക്കുന്നു,..  ഇടവമാസപ്പെരും മഴ പെയ്ത രാവതിൽ  എന്ന കവിത ആലപിച്ചിരിക്കുന്നത് കവി ബാലചന്ദ്രൻ ചുള്ളിക്കാടും.... മനസ്സിൽ തൊട്ട ആലാപനം.... 


അവാർഡിന്റെ തുടക്കമായി ...

രാത്രിമഴയിലെ ബാസുരി ശ്രുതി പോലെ  എന്ന ഗാനം  ആദ്യ അവാർഡ് നേടിക്കൊടുത്തു.  ഈണം നൽകിയതൊക്കെ  പുരസ്കാരങ്ങൾ നേടേണ്ടത് തന്നെ.... അത് ചിലപ്പോൾ ഗായകർക്കും മറ്റുമായി വീതിക്കപ്പെടുകയും ചെയ്തു....  എങ്കിലും  വൈറ്റ് ബോയ്സ് , എന്ന് നിന്റെ മൊയ്തീൻ  എന്നിവയിലെ ഗാനങ്ങൾക്കും രമേശ് നാരായണൻ സർക്കാർ തലത്തിൽ അംഗീകരിക്കപ്പെട്ടു.. 

രമേശ് നാരായണന്റെ പുത്രി ശ്രീമതി മധുശ്രീ നാരായണൻ  ഒരതുല്യ പ്രതിഭയാണ്. അത് അവർ തെളിയിക്കയും ചെയ്തു, അവാർഡുകളും നേടുകയും ചെയ്തു. 

ഇടവപ്പാതിയിലെ ഗാനത്തിനും , കോളാമ്പിയിലെ ഗാനത്തിനും രണ്ടും പ്രാവശ്യം പുരസ്കാരങ്ങൾ നേടുകയുണ്ടായി...

ലെനിൻ രാജേന്ദ്രന്റെ സിനിമകളിൽ അക്കാലങ്ങളിൽ ഇദ്ദേഹം ആയിരുന്നു സംഗീതം ചെയ്തിരുന്നത്...  രാത്രിമഴ , മകരമഞ്ഞു .ഇടവപ്പാതി തുടങ്ങിയ  ചരിത്ര സിനിമകളിൽ സംഗീതമഴ പൊഴിക്കുകയായിരുന്നു രമേശ് നാരായണൻ... പ്രേക്ഷകർ സിനിമയും പാട്ടുകളും എത്രയേറെ സ്വീകരിച്ചു എന്നതിൽ മാത്രം ഇത്തിരി സങ്കടം.... സംഗീതത്തിന്റെ പരീക്ഷണങ്ങൾ ആയിരുന്നു അതിലെ പാട്ടുകളും. സാധാരണക്കാരായ പാട്ടുകാരെ ആകർഷിക്കാതെ പോയതുകൊണ്ട് അത് മികച്ചതല്ലാതാവുന്നില്ല...ചിത്രങ്ങളിലെ തെളിമയാർന്ന ഏതൊക്കെയോ നിമിഷങ്ങളെ അതെ പടി പുനർജനിക്കാൻ ഉതകുന്ന തരത്തിലായിരുന്നു പല സിനിമകളിലും രമേശ് ഈണങ്ങൾ  ആണ്ടിറങ്ങിയിരുന്നത് ...


എന്ന് നിന്റെ മൊയ്തീനിലെ ഗാനങ്ങളിൽ ചിലത് ഇദ്ദേഹവും സംഗീതം ചെയ്തത് ആയിരുന്നു. സിനിമയിൽ അവയൊക്കെ വന്നുവോ എന്ന് സംശയം..ശാരദാംബരം എന്ന ഗാനം  മാത്രം സിനിമയിലുണ്ട്.... 

ഈ മഴതൻ വിരലീപുഴയിൽ എന്ന യുഗ്മ ഗാനം എത്രമാത്രം സിനിമയുമായി ഉൾച്ചേർന്നു പോയിരിക്കുന്നു എന്ന് വരികളും സംഗീതവും സാക്ഷ്യം.. 

മൊയ്തീനിലെ ഏറ്റവും  സുന്ദരമായ ഗാനം   പ്രിയമുള്ളവനെ.. പ്രിയമുള്ളവനെ .. വിരഹവുമെന്തൊരു മധുരം എന്നതായിരുന്നു എന്നാണ്  എന്ന് പറഞ്ഞാൽ പിണങ്ങാൻ  ആരും വരണ്ട... അത് സത്യമാണ്.. മധുശ്രീ നാരായണൻ പാടിയ തീവ്ര ദുഃഖ ഗാനം.....


പഴയ കാല  പ്രശസ്ത കവികളുടെ വരികളിൽ സംഗീതം പകരാൻ കഴിഞ്ഞു എന്നത് രമേശ് നാരായണൻ എന്ന സംഗീതജ്ഞന്റെ പുണ്യം...  രാത്രിമഴ ചുമ്മാതെ കേണും... എന്ന പ്രസിദ്ധ സുഗതകുമാരി കവിതയ്ക്ക് ഈണം പകർന്നത്  മഹാഭാഗ്യം...

ഇടശ്ശേരിയുടെ വരികൾക്ക് മധുരം നൽകി വീരപുത്രനിലൂടെ ..ചങ്ങമ്പുഴയുടെ വരികൾക്ക് രണ്ടു പ്രാവശ്യം ഈണം നൽകാൻ അതിഭാഗ്യവും സിദ്ധിച്ചു....  ഒറ്റമന്ദാരത്തിലെ ചില വരികളായും , എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരമായും..... മധുസൂദനൻ നായരുടെ കവിതയ്ക്ക് സ്വന്തമീണം നൽകി വീട്ടിലേക്കുള്ള വഴിയിലൂടെ..  മോയിൻകുട്ടി വൈദ്യർ എന്ന മാപ്പിളപ്പാട്ട് മഹാകവിയുടെ വരികൾക്ക് തൊട്ടുകൂട്ടാനായി ഇദ്ദേഹത്തിന് വീരപുത്രൻ എന്ന ചിത്രത്തിലൂടെ...


ഗർഷോം എന്ന കുഞ്ഞുമുഹമ്മദിന്റെ ചിത്രത്തിലെ പവിത്രമായ ഗാനപരിചയപ്പെടുത്തലിലൂടെ നമ്മൾ അറിഞ്ഞ രമേശ് നാരായണൻ പിന്നീട് ഇദ്ദേഹത്തിന്റെ പരദേശിയിലും പാട്ടുകൾക്ക് ഈണങ്ങൾ നൽകി...  തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയെ എന്ന റഫീഖ് അഹമ്മദിന്റെ ഹൃദയത്തുടിപ്പിന് താളമേകി ഇദ്ദേഹം...   

വീരപുത്രനിലെ ഗാനങ്ങൾക്കും കൂട്ടുചേർന്നു രമേശ് ഈണങ്ങൾ...

കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും എന്ന ശ്രേയ ഘോഷാൽ ഗാനം ചരിത്ര സംഭവങ്ങളിലെ ഒരു പിരിമുറുക്കം തന്നെയായിരുന്നു...

മക്കാമദീനത്തിൽ ..... ( ആദാമിന്റെ മകൻ അബു ) എന്ന ഗാനമൊക്കെ അതിന്റെ എല്ലാ വൈകാരികതയും ഉണർത്തിവിടുന്ന ഗാനമായിരുന്നു....


പുതിയ കാലത്തിന്റെ നിർവികാരതയിലേക്ക്  പാട്ടാസ്വാദകർ കാത്തിരിക്കുന്നത് ഇത്തരം സംഗീത സംവിധായകരുടെ പരീക്ഷണങ്ങൾക്കാണ് ....  ഇനിയും  മധുശ്രീ സംഗീതവുമായി വരിക പ്രിയ സംഗീതമേ..... 


...

സ്വപ്നഹാരമണിഞ്ഞെത്തുന്ന ഗാനങ്ങൾ

 

നിസ്സഹായരായ  കാമുക ഹൃദയങ്ങൾ .അവർ കൈവിട്ടുപോയ ഹൃദയബന്ധങ്ങളെ താലോലിച്ച് കേഴുന്നവർ . സിനിമകളിൽ അത്തരം നായകർ ഏറെയുണ്ട്. തരളിതമായ ഹൃദയ മൗനത്തിന്റെ അകക്കണ്ണ് തെളിയുന്ന  നൊമ്പരഗീതങ്ങൾ മൂളിക്കൊണ്ട്  പ്രിയമുള്ളവളുടെ ജീവിത വീഥികൾ സുന്ദരമാകാൻ മനസ്സുരുക്കുന്നവർ .... പാട്ടെഴുത്തുകാർ തീവ്ര കാമുക വിരഹവേദന അനുഭവിച്ചെഴുതിയ പോലെ ചില കാവ്യഗീതികൾ !

" എൻ പ്രിയ മുരളിയിലൊരു സ്വപ്ന ഗീതമായ് 

എന്തിനു വീണ്ടും ഉണരുന്നു നീ ..

നന്മകൾ നേരാൻ മാത്രമല്ലാതെയീ 

ജന്മത്തിലൊന്നും കഴിയില്ലല്ലോ !!"

നീലസാരി എന്ന ചിത്രത്തിലെ ഈ ഗാനം  മൃദുല ഹൃദയനായ ഒരു കാമുകന്റെ ഭാവങ്ങൾ പകർത്തിയെഴുതിയത് . വെറും പ്രാർത്ഥനകൾ മാത്രം.  എന്തിനു വീണ്ടും ഉണരുന്നു നീ എന്ന പദപ്രയോഗം എത്ര സുന്ദരം !! 

തിരുവനന്തപുരത്തെ പാപ്പനംകോടിൽ  നിന്നൊരു പാട്ടെഴുത്തുകാരൻ . ശ്രീ പാപ്പനംകോട് ലക്ഷ്മണൻ . 1967 മുതൽ ഏകദേശം പത്തൊൻപത് കൊല്ലത്തോളം മലയാള സിനിമയിൽ വന്നും പോയുമിരുന്നു. ദക്ഷിണാ മൂർത്തിയുടെ സംഗീതത്തിൽ ഇന്ദുലേഖ എന്ന ചിത്രത്തിലെ കുറച്ചു ഗാനങ്ങൾ .  എന്നാൽ പാട്ടുകൾ ശ്രദ്ധിക്കപ്പെടാൻ രണ്ടാമത്തെ സിനിമ വരേണ്ടി വന്നു. 

അധികവും മസാലചിത്രങ്ങളിൽ ആയിരുന്നു ഇദ്ദേഹം പാട്ടുകൾ എഴുതിയിരുന്നത്. നിലവാരം ഉള്ള സിനിമകൾ ഇല്ലെന്നു തന്നെ പറയാം. പ്രേംനസീർ കാലം തുടങ്ങി ജയൻ തരംഗങ്ങളിലൂടെ കടന്നു പോയ പാട്ടുകാലം. എന്നാൽ അത്തരം സിനിമകളിലും പാപ്പനംകോട്  ലക്ഷ്മണൻ തന്റേതായ ശൈലിയിൽ മികച്ച രചനകൾ സംഭാവന ചെയ്തിട്ടുണ്ട്. 

പിക്‌പോക്കറ്റ്  എന്ന പൊളിപ്പൻ ചിത്രത്തിലും സുന്ദരമായ ഗാനങ്ങൾ ഉണ്ട്. 

മനുഷ്യപുത്രന്മാരെ നിങ്ങൾ ജനിച്ചതടിമകളാവാനോ  എന്ന വിപ്ലവഗാനവുമായി ആദ്യം തന്നെ തിളങ്ങി ..  എം കെ അർജുനന്റെ സംഗീതത്തിൽ അതിലെ ഗാനങ്ങൾ എല്ലാം ഹിറ്റായിരുന്നു അന്ന് ... 

പഴനിമലക്കോവിലിലെ പാൽക്കാവടി ....

സ്വപ്നഹാരമണിഞ്ഞെത്തും മദനചന്ദ്രികയോ  എന്ന ജയചന്ദ്രൻ, വാണിജയറാം യുഗ്മ ഗാനം ശ്രദ്ധേയമായ ഒന്ന്...


ദക്ഷിണാമൂർത്തിയുടെ ഈണമാധുര്യത്തിൽ  നീലസാരിയിലെ ഗാനങ്ങൾ മികവുറ്റതായി .

എൻ പ്രിയമുരളിയിൽ ഒരു സ്വപ്ന ഗീതമായ് ...

കാശ്മീരസന്ധ്യകളെ കൊണ്ടുപോരൂ ...

പാർവണ ശശികല ഉദിച്ചതോ ...

തപസ്വിനീ ഉണരൂ ....

എന്നിവയെല്ലാം തേനഞ്ചും ഈണങ്ങളിൽ മധുരിതമായി...


മനിസൻ മണ്ണില് പരകോടി ( കായംകുളം കൊച്ചുണ്ണിയുടെ മകൻ ) 

സ്വപ്‌നങ്ങൾ താഴിക കുടമേന്തും ....

മൈലാഞ്ചിക്കാട്ടില് പാടിപറന്നു വരും...

എന്നിവ തുടർന്ന് വന്ന എം കെ അർജുനൻ കൂട്ടുകെട്ടിൽ നിന്ന് ..


ദക്ഷിണാമൂർത്തി , എം കെ അർജുനൻ സംഗീതമാണ് ഇദ്ദേഹത്തിന്റെ പാട്ടുകളെ ഇത്ര ഉയരത്തിൽ എത്തിച്ചത്. 

മുറ്റത്തെ മുല്ലയിലെ  " മനം പോലെ ആണോ മംഗല്യം " എന്ന ദക്ഷിണാമൂർത്തി ഈണം  , ദാമ്പത്യ ബന്ധത്തിന്റെ തുടക്കത്തിൽ തന്നെ വന്നു ചേർന്ന അസ്വാരസ്യങ്ങളുടെ വലിഞ്ഞു മുറുകിയ  മാനസികനിലയെ വരച്ചു കാട്ടുന്ന വരികൾക്ക് ചേർന്നത് തന്നെയായിരുന്നു. 

ഒരു പാട്ടെഴുത്തുകാരനിലെ മനസ്സിന്റെ നൈർമല്യം തെളിയുന്ന തരത്തിൽ മനസ്സിലേക്ക് ഒഴുകിയെത്തുന്നു മറ്റൊരു ഗാനം.  ശരിക്കും അതൊരു എഴുത്തുകാരന്റെ നന്മ നിറഞ്ഞ, പ്രതീക്ഷ പൂവിടുന്ന ഒരു മനസ്സിനെ കാണിച്ചു തരുന്നു. 

സ്വപ്നങ്ങളാദ്യമായ് ഇന്നെൻ മനസ്സിന്റെ മുത്തുവിളക്കിൽ തിരികൊളുത്തി എന്ന പല്ലവിയിൽ തുടങ്ങിയ ഗാനം അത്തരമൊരു വികാരമാണ് നമ്മിൽ ജനിപ്പിക്കുന്നത്. തുടരുന്ന വരികളിലൊക്കെ തന്നെ അതതിന്റെ താളം വീണ്ടെടുക്കുന്നുണ്ട്. 


ദുഃഖങ്ങൾ ഏതുവരെ  ഭൂമിയിൽ സ്വപ്‌നങ്ങൾ തീരുംവരെ എന്ന മഹാ സങ്കല്പം പാട്ടെഴുത്താക്കിയ പാപ്പനംകോട് പിന്നീടുണർന്നത് ജയൻ സിനിമകളിലേക്കാണ് ...

ജയൻ സിനിമകളിലെ സംഗീതം എ ടി ഉമ്മർ , ശ്യാം എന്നിവരാൽ പുഷ്ടിപ്പെട്ടിട്ടുണ്ടെങ്കിലും ഏറെ  യോജിച്ച സംഗീതം  കെ ജെ ജോയ് പകർന്നു നല്കിയതാണെന്ന് തോന്നിയിട്ടുണ്ട്. അതിന്റെ ഏറ്റവും നല്ല തെളിവ് മനുഷ്യമൃഗം എന്ന ചിത്രത്തിലൂടെ കാണാം ...

കസ്തൂരി മാന്മിഴി മലർശരമെയ്തു  എന്ന  ഹൃദ്യഗാനം  ഒരുദാഹരണം.

അർദ്ധ ക്ലാസിക്കൽ ലെവലിൽ ഒരു നൃത്ത ഗാനമുണ്ട്

അജന്താ ശില്പങ്ങളിൽ സുരഭീ പുഷ്പങ്ങളിൽ .....

കുറച്ച് നീണ്ടൊരു ഗാനമാണ്.   

വാണിജയറാമാണ്  ഇദ്ദേഹത്തിന്റെ മിക്ക ഗാനങ്ങളിലും പെൺശബ്ദമായി  വന്നിട്ടുള്ളത്.  ആ ശബ്ദം ഒരു പ്രത്യേക ഊർജം തന്നെ പ്രദാനം ചെയ്യുന്നത്.  

കെ ജെ ജോയ് സംഗീതം പിന്നീട് ഏറെ ചിത്രങ്ങളിൽ കൂട്ടുചേർന്നു പോയിട്ടുണ്ട്. 

മധുമൊഴിയോ രാഗമാലികയോ ( നിഴൽയുദ്ധം ) 

വസന്തം നീൾമിഴിത്തുമ്പിൽ ( ഇതിഹാസം ) 

ആകാശം നിറയെ ദീപാവലി ( ഇതിഹാസം ) 

ദുഃഖമേ നീ അഗ്നിയോ ( ഇതിഹാസം ) 

മാൻ കണ്ണു തുടിച്ചു ( അങ്കം ) 

ശരൽക്കാലങ്ങളിതൾ  ചൂടുന്നുവോ ( അങ്കം ) 

പകരാം ഞാൻ പാനമുന്തിരി ( അട്ടിമറി ) 

എന്നീ ഗാനങ്ങളൊക്കെ  കടുത്ത മസാല സിനിമകളിൽ ആശ്വാസം തന്ന ഗാനങ്ങളാണ് ...

മഹാബലി എന്നതിലെ സ്വരങ്ങൾ പാദസരങ്ങളിൽ  എന്ന വാണിജയറാം ഗാനം അർദ്ധ ക്‌ളാസിക്കൽ മൂഡിൽ ഉണരുന്നത്. 

എൺപത് തൊണ്ണൂറു കാലങ്ങളിൽ രതിവൈവിധ്യങ്ങളുടെ ലീലാ വിലാസങ്ങൾ പാട്ടുകളിൽ കൂട്ടിച്ചേർക്കുവാനായി  പ്രാവീണ്യം നേടിയ ചില പാട്ടെഴുത്തുകാർ ഉണ്ടായിരുന്നു. അത്തരം സീനുകൾക്കു പാട്ടെഴുതേണ്ടി വന്നപ്പോഴും പാപ്പനംകോട് ഒരിക്കലും ഒരു പരിധി വിട്ടെഴുതിയിട്ടില്ല.... അതിന്റെ ചെറിയൊരുദാഹരണം കൂടി എഴുതിയിട്ട് ഇതവസാനിപ്പിക്കാം ..

മഹാബലിയിലെ പ്രസിദ്ധ ഗാനം ...


സൗഗന്ധികങ്ങള്‍ വിടര്‍ന്നു

സഖിയുടെ കാര്‍ക്കൂന്തലണിഞ്ഞു

മാനസസരസ്സിലെ മണിയരയന്നങ്ങള്‍

ആലിംഗനങ്ങളിലോ...

ഈ സൗരഭം എവിടെ നിന്നോ?


അകാലത്തിൽ ജീവിതത്തിൽ നിന്നും വേർപിരിഞ്ഞു പോയ  പാപ്പനംകോട് ലക്ഷ്മണൻ എന്ന പാട്ടെഴുത്തുകാരന് തന്റെ അവസാനകാലം വരെ സിനിമയിൽ നിറഞ്ഞു നിൽക്കാൻ കഴിഞ്ഞിരുന്നു....

ജാസി ഗിഫ്റ്റ് -- സഫലമീ സംഗീത യാത്ര

 


നിരവധി സംഗീത  സംവിധായകരിലൂടെ കടന്നു പോയിരിക്കുന്നു. മലയാളത്തിന്റെ സ്വന്തമായവരും, അന്യ ഭാഷയിൽ നിന്ന് വന്നവരും ആയി ഒട്ടേറെ പേർ . കർണ്ണാട്ടിക് രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ  ഗാനങ്ങളേറെ കേട്ടു .  എല്ലാ സംഗീതജ്ഞർക്കും പൊതുവായ ചില സാമ്യതകൾ  ഉണ്ടാവും.  ഒരേ രാഗത്തിൽ തന്നെ എത്രയെത്ര ഗാനങ്ങൾ ! പലരും മാറി മാറി കൈകാര്യം ചെയ്തത്. ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ ചിട്ടവട്ടങ്ങളിൽ ഒതുങ്ങി വിശാലമായ  ഒരു സംഗീതപ്രപഞ്ചം നമുക്കായി കാഴ്ച വെച്ചവർ !  ഹിന്ദുസ്ഥാനി സംഗീതത്തിന്റെ  , ഗസലിന്റെ ഊടുവഴികളിലൂടെ നടത്തി  കുറച്ചു പേർ . എം എസ്  ബാബുരാജിലൂടെ .... രമേശ് നാരായണനിലൂടെ .... 

എൺപതുകളിൽ, തൊണ്ണൂറുകളിൽ ശ്യാം സംഗീതത്തിന്റെ മറ്റൊരു തലം  വന്നുചേർന്നു .  വെസ്റ്റേൺ സംഗീതത്തിന്റെ കുഞ്ഞലകൾ തീർത്ത ഒരു സുന്ദരകാലം. 


രണ്ടായിരം എത്തിചേർന്നപ്പോൾ  വെസ്റ്റേൺ  അരച്ചുകലക്കി കുടിച്ച ഒരു സംഗീത സംവിധായകൻ വന്നു ചേർന്നു.  ശ്രീ ജാസി ഗിഫ്റ്റ് . മലയാളത്തിന്റെ പുത്രൻ ആയിട്ടും മറ്റു ഭാഷകളിൽ ആണ് ഇദ്ദേഹത്തിന് കൂടുതൽ അവസരങ്ങളും, അംഗീകാര്യങ്ങളും ലഭിച്ചത് . തമിഴിലും, തെലുങ്കിലും തിളങ്ങിയെങ്കിലും കൂടുതൽ പേരെടുത്തത് കന്നടയിൽ ആണ്.  

ഫിലിം ഫെയർ അവാർഡ് , ബാംഗ്ലൂർ ടൈംസ് ഫിലിം അവാർഡ് , തുടങ്ങിയവയൊക്കെ കരസ്ഥമാക്കാൻ കഴിഞ്ഞിരുന്നു. 

മലയാളത്തിൽ നിന്ന് അക്കാലത്തെ സൂപ്പർ ഹിറ്റായ ഫോർ ദി പീപ്പിൾ സിനിമയിലെ  സംഗീതത്തിനും, പാടിയതിനും ആയി വനിതാ, ഏഷ്യാനെറ്റ് അവാർഡുകൾ നേടുകയുണ്ടായി. 

വെസ്റ്റേൺ മാസ്മരികതയിൽ മുങ്ങിത്താണിരുന്ന സംഗീത മനസ്സായിരുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയാണ്  ഈണത്തിലും, ആലാപനത്തിലും.  ആ ഒരു വ്യത്യസ്ഥത തന്നെയാണ് ഫോർ ദി പീപ്പിൾ എന്ന സിനിമയെ സൂപ്പർ മെഗാ ഹിറ്റാക്കി അന്ന് മാറ്റിയതും.  മലയാള സിനിമയിൽ ആദ്യമായ് കേട്ട  മറ്റൊരു  സംഗീതം. വെസ്റ്റേൺ മിക്സിങ്ങിൽ  മുങ്ങിത്താണ  കൈതപ്രം വരികൾ പുതിയൊരു വഴി തുറന്നു. 


ലജ്‌ജാവതിയെ നിന്റെ കള്ളക്കടക്കണ്ണിൽ ....

നിന്റെ മിഴിമുന കൊണ്ടെന്റെ .....

ലോകാ സമസ്ത സുഖിനോ ഭവന്തു .....

അന്നക്കിളി നീയെന്നിലെ  വർണ്ണകനവേറി  വന്നു ....


അന്ന് ലജ്‌ജാവതിയെ കളയാക്കിയവർ പോലും അറിയാതെ താളം പിടിച്ചു കൊണ്ട് ഒറ്റയ്‌ക്കെങ്കിലും കേൾക്കാൻ ശ്രമിച്ച ഗാനം ആണ്. 

അത്രയ്ക്കേറെ അന്നത്തെ യുവജനത അടക്കം ആഹ്‌ളാദത്തോടെ എതിരേറ്റ  ഒരു ഗാനം ആയിരുന്നു ഇത്. 

എന്നാൽ അരങ്ങേറ്റം അങ്ങിനെയായിരുന്നില്ല . സഫലം എന്ന ചിത്രത്തിലൂടെ . സ്നേഹനിധികളായ  ദമ്പതികൾക്ക് വാർദ്ധക്യ  കാലത്ത്  നേരിടേണ്ടി വന്ന ഒറ്റപ്പെടലുകൾ ചിത്രീകരിച്ച സിനിമ . 

" തൂവെള്ള തൂവും ഉഷസ്സിൽ വാനിൽ കാർമേഘത്തിൻ  ശരമാല "

 എന്ന മൃദുല ഗാനം രാജേഷ് വിജയ് എന്ന ഗായകൻ ആലപിച്ചത്. എത്ര മാത്രം സോഫ്റ്റ് ആയ ഒരു ഗാനം എന്ന് വിശേഷിപ്പിക്കാവുന്നത്... തങ്കൻ തിരുവട്ടാർ രചന . 

രണ്ടാമത്തെ ചിത്രത്തിലൂടെ തന്റെ ഇഷ്ടരീതി തുടങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞു.  മലയാളിത്തം കുറഞ്ഞ ഗാനം എന്ന്  ചിലർ പരിഭവം പറഞ്ഞെങ്കിലും ....

തെമ്മാ തെമ്മാ തെമ്മാടി കാറ്റേ  ..... എന്ന റൈൻ റൈൻ കം എഗൈനിലെ    ജോസ്‌ന പാടിയ ഗാനത്തിലൂടെ  ജാസി സംഗീതം വഴിവെട്ടുകയായിരുന്നു. 

ശേഷം  ആദ്യ  ഗാനത്തിന്റെ ചുവട്  ചേർന്ന് പോയ ഒരു ഗാനം വന്നു. ഡിസംബർ എന്ന ചിത്രത്തിലെ ": സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ " എന്ന യേശുദാസ് ഗാനം.  അതിലെ തന്നെ " ഇരുളിൻ കയങ്ങളിൽ പുതിയൊരു സൂര്യൻ പുലർന്നുവോ "  എന്ന ഗാനവും നന്നായിരുന്നു. 

കവി ഇഞ്ചക്കാട് ബാലചന്ദ്രന്റെ രചനയിൽ ജാസി ഈണം കവിഞ്ഞൊഴുകുന്ന ഒരു ഗാനം ഉണ്ട് ജയരാജിന്റെ അശ്വാരൂഡനിൽ . " അഴകാലില മഞ്ഞച്ചരടിലെ പൂത്താലി " എന്ന ഗാനം ജാസി ഗിഫ്റ്റിനോടൊപ്പം അഖില ആനന്ദ് സുന്ദരമാക്കിയത് . നീലത്തടാകങ്ങളോ സഖീ ... ( ബൽറാം v/s താരാദാസ് ) 

കേട്ടില്ലേ കേട്ടില്ലേ എന്റെ കള്ളച്ചെറുക്കന് ( പോക്കിരി രാജ ) 

മണിക്കിനാവിൻ കൊതുമ്പുവള്ളം  ( പോക്കിരി രാജ ) 

എന്നിവയിലൂടെ തന്റെ സഞ്ചാരം തുടർന്നു കൊണ്ട് ചൈനാ ടൗണിലെ ഒരു സൂപ്പർ ഗാനത്തിൽ താൽക്കാലിക നങ്കൂരമിട്ടു .

"അരികിൽ നിന്നാലും അറിയുവാനാവുമോ " .... ഈ ഗാനത്തിന്റെ എല്ലാ അഴകും കേട്ടറിയേണ്ടതാണ്....

ജാസി ഗിഫ്റ്റിന്റെ സൂപ്പർ ഹിറ്റ് പിറന്നത് ശരിക്കും  പിന്നീടാണ്.

ഭരതന്റെ പുത്രൻ സിദ്ധാർഥ് സംവിധാനം ചെയ്തഭിനയിച്ച  ഭരതന്റെ തന്നെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ നിദ്രയുടെ റീമേക്കിൽ ... 

ശ്രേയാ ഘോഷാൽ അതീവ സുന്ദരമായി ആലപിച്ച " ശലഭ മഴ പെയ്യുമീ വാടിയിൽ പൂക്കളിൽ "  .......

റഫീഖ് അഹമ്മദിന്റെ കൊതിപ്പിക്കുന്ന രചന . ജാസി ഗിഫ്റ്റിന്റെ അതിലേറെ കൊതിപ്പിച്ച ഈണമാധുരി ... 


മറ്റുള്ളവരുടെ സംഗീതത്തിൽ കുറച്ചു സിനിമകളിൽ പാടിയിട്ടും ഉണ്ട് ഇദ്ദേഹം...   ഇനിയും ജാസി സംഗീതം പുതുമകളോടെ പുനർജനിക്കട്ടെ എന്നാശംസിക്കുന്നു....

ദലീമ

  


ഒരേ ഛായയുള്ളവർ ലോകത്തിൽ ഏറെ പേരുണ്ടാവും . ചെറിയ ചെറിയ വ്യത്യാസങ്ങളിൽ തമ്മിൽ തെറ്റിപ്പോവുന്നവർ .  പെരുമാറ്റത്തിൽ ഒരേപോലെ ഉള്ളവർ ... അങ്ങിനെയും  അപൂർവം പേരുണ്ടാവും. ഒരേ ശബ്ദം ... കണ്ണടച്ച്  ശ്രദ്ധിച്ചാൽ പോലും  തിരിച്ചറിയാൻ പറ്റാത്ത സാമ്യം ഉള്ളവർ . അങ്ങിനെ  സാമ്യം തോന്നുന്ന തരത്തിൽ  കാഴ്ചയിലും, പെരുമാറ്റത്തിലും , ശബ്ദത്തിലും എല്ലാം ഓരോരോ ഇടങ്ങളിൽ മനുഷ്യരെത്രയോ ഉണ്ട്.  

പ്രശസ്തരായവരുമായി സാമ്യം തോന്നുന്നത് അത്യപൂർവമായി അനുഭവപ്പെടുന്നത്. അത്തരം ഒരു സാമ്യത  ഒന്ന് തേടിപോവാം....

 

എസ്  ജാനകി . ശബ്ദ മാധുര്യത്തിന്റെ ഉന്നതങ്ങളിലെ നില തുടരുന്ന ഈ ദക്ഷിണേന്ത്യൻ  ഗായികയോട് ശബ്ദത്തിൽ സാമ്യം തോന്നുന്ന ഒരു ഗായിക നമുക്ക് മലയാളത്തിൽ ഉണ്ട്.  ആലപ്പുഴക്കാരിയായ  ദലീമ എന്ന ഗായികയെ കുറിച്ചാണ് സൂചിപ്പിച്ചത്. ശബ്ദത്തിൽ എസ് ജാനകിയോടു ഏറെ സാമ്യം തോന്നിപ്പിക്കുന്നത് . മലയാള സിനിമയിൽ ഏറെയൊന്നും പാടാൻ ഇവർക്കവസരം ലഭിച്ചിട്ടില്ല .  അത്രയും മധുര ശബ്ദമായിട്ടും എന്തോ വളരെ കുറച്ചു മലയാള ചലച്ചിത്രത്തിലെ  പാടാൻ കഴിഞ്ഞുള്ളു. അതും ശ്രദ്ധിക്കപ്പെട്ടത് വിരലിൽ എണ്ണാവുന്നതും...  അതൊരിക്കലും അവരുടെ കഴിവിന്റെ കുറവായി തോന്നില്ല. കാരണം എടുത്തു പറയാവുന്ന പാട്ടുകളുടെ മനോഹാരിത അത് കേട്ടാലേ മനസ്സിലാവൂ...


മഞ്ഞുമാസപ്പക്ഷീ മണിത്തൂവൽ കൂടുണ്ടോ ( കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ) 

ഗിരീഷ് പുത്തഞ്ചേരിയുടെ രചനയ്ക്ക്  വിദ്യാസാഗറിന്റെ സംഗീതം... നല്ലൊരു തുടക്കം കിട്ടിയിട്ടും ശ്രദ്ധിക്കപ്പെട്ടില്ല.

ഈ തെന്നലും  തിങ്കളും പൂക്കളും ( നീ വരുവോളം ) 

ഗിരീഷ് പുത്തഞ്ചേരി രചന ജോൺസൻ സംഗീതം. 

കല്യാണപിറ്റേന്നിൽ തുടങ്ങി  ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം ,ഗ്രാമപഞ്ചായത്ത് , ഇഗ്ളീഷ് മീഡിയം ഇവയിലൂടെയൊക്കെ കടന്നു പോവാൻ പറ്റിയെങ്കിലും ചൊവ്വുള്ള ഗാനങ്ങളൊന്നും ആയിരുന്നില്ല അവയൊന്നും..


ആ ശബ്ദ മാധുര്യം സിനിമാ ഗാനങ്ങളിലൂടെ  കേൾക്കാൻ ആയില്ലെങ്കിലും കൈ നിറയെ ഭക്തി ഗാനങ്ങൾ ഉണ്ട് ദലീമക്ക് . ക്രിസ്ത്യൻ , ഹിന്ദു ഭക്തി ഗാനങ്ങളിലൂടെ ദലീമ തിളങ്ങി നിൽക്കുന്നുമുണ്ട് . 


ഇന്നിപ്പോൾ കേരളത്തിന്റെ ഒരു നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എൽ എ കൂടിയാണ് ദലീമ . സീ പി ഐ എമ്മിനെ പ്രധിനിധീകരിച്ചു കൊണ്ട് അരൂർ നിയോജക മണ്ഡലത്തിൽ നിന്നും ജയിച്ചു കയറിയിരിക്കയാണ്.... 

സിനിമയിൽ പരാജയപ്പെട്ടെങ്കിലും സമൂഹത്തിനു വേണ്ടി ഒരു എമ്മെല്ലേ എന്ന നിലയിൽ ദലീമയ്ക്ക് പലതും ചെയ്യാൻ കഴിയും.. അതിനുള്ള എല്ലാ അവസരങ്ങളും അവർക്കു കിട്ടട്ടെ എന്നാശംസിച്ചു കൊളളുന്നു...


കോലക്കുഴൽ വിളി കേട്ടു

 


മനുഷ്യഗന്ധമുള്ള തിരക്കഥകൾ സിനിമക്കായി എഴുതിയവരുടെ 

കണക്കെടുക്കുമ്പോൾ കൂടല്ലൂരിൽ നിന്നൊരു കഥാകാരന്റെ രൂപം മനസ്സിൽ തെളിയും . എം ടി വാസുദേവൻ നായർ .  മലയാള സിനിമയുടെ ചരിത്രം എഴുതി വരുമ്പോൾ തീർച്ചയായും  എം ടി യിലെത്തുമ്പോൾ

ജീവിതഗന്ധം ശരിക്കും അനുഭവിച്ചറിയും .  അതിന്റെ കാലങ്ങളിലൂടെ പോകുന്നില്ല.   കാലങ്ങൾക്കു ശേഷം  അതേ വൈകാരികതകൾ ഏറ്റുവാങ്ങി മനുഷ്യനെ മഹത്വവൽക്കരിച്ച മറ്റൊരു തിരക്കഥാകൃത്തും കൂടി വന്നു ചേർന്നു. തനിയാവർത്തനത്തിലൂടെ മലയാളത്തിന് കിട്ടിയ വരദാനം . ശ്രീ എ കെ ലോഹിതദാസ് .തിരക്കഥാകൃത്തായി , സംവിധായകനായി മലയാള സിനിമയ്ക്ക് വേണ്ടതെല്ലാം നൽകി  അകാലത്തിൽ യാത്രയായെങ്കിലും അദ്ദേഹത്തിന്റെ മറ്റൊരു പ്രതിഭാ തിളക്കത്തെ  ഒന്നോർത്തെടുക്കാൻ തോന്നി....


തിരക്കഥാകൃത്ത് , സംവിധായകൻ എന്നതിന് ശേഷം മികച്ചൊരു ഗാന രചയിതാവും കൂടിയാണ് ലോഹിതദാസ്.  ആറോളം സിനിമകളിൽ  മാത്രമേ പാട്ടുകൾ എഴുതിയിട്ടുള്ളുവെങ്കിലും അതൊക്കെ നമ്മളിന്നും ഏറ്റു പാടുന്നവയാണ് എന്നതാണ് കാര്യം..


നൂറു ശതമാനവും സ്വന്തം സിനിമകൾ എന്ന് പറയാൻ പറ്റുന്നത് അദ്ദേഹം തിരക്കഥ  എഴുതി സംവിധാനം ചെയ്തവ തന്നെയാണ്.  ലോഹിതദാസിന്റെ മികച്ചത് തീർച്ചയായും മറ്റുള്ളവർ സംവിധാനം ചെയ്തവ തന്നെ എന്നത് മറന്നിട്ടല്ല പറയുന്നത്. എങ്കിലും സ്വന്തം സിനിമയിൽ പാട്ടുകൾ എഴുതാൻ അവകാശം അദ്ദേഹത്തിനുണ്ടല്ലോ !

2000 ത്തിൽ ആണ് സ്വന്തം സിനിമകൾ സംവിധാനം ചെയ്യാൻ അദ്ദേഹം തുനിഞ്ഞത് .  ജോക്കർ എന്ന സിനിമയിൽ തന്നെ അതിന്  തുടക്കവും കുറിച്ചു .  അതൊരു വെറും താല്പര്യം മാത്രമായിരുന്നില്ല.  അദ്ദേഹത്തിന്റെ സിനിമകൾ  കവിത തന്നെയായിരുന്നു.  തിരക്കഥയിലെ  ആ സ്നേഹകവിത നമ്മളെത്ര ആസ്വദിച്ചത് !!


ജോക്കറിലെ  അഴകേ നീ പാടും പ്രേമ ഗാനം എന്ന മോഹൻ സിതാര സംഗീതം ചെയ്ത ഗാനം ചിത്രത്തിൽ ഇല്ല എന്ന് തോന്നുന്നു.  നല്ലൊരു പ്രണയ ഗാനം തന്നെയാണത് .. 

ചെമ്മാനം പൂത്തേ  പുതു സിന്ദൂരം തൊട്ടേ  എന്ന ഗാനം തന്നെ പോപ്പുലർ  ആയത് . 


സൂത്രധാരനിലെ  ടൈറ്റിൽ സോങ് ഏറെ സുന്ദരം ..

ദേവദുന്ദുഭീ ധ്യാനമുണരും പുലർകാലം എന്ന എം ജി ശ്രീകുമാർ ഗാനം രവീന്ദ്രന്റെ സംഗീതത്തിൽ  നല്ലൊരു തുടക്കമായി ആ സിനിമയ്ക്ക് .

അതിലെ തന്നെ "ഇരുളുന്നു  സന്ധ്യാംബരം" എന്ന ഗാനവും   സന്ദർഭത്തിന് യോജിച്ചത്..


ലോഹിതദാസ് സംവിധാനം ചെയ്തതിൽ നന്നായി എന്ന് തോന്നിയ ചിത്രമായിരുന്നു കസ്തൂരിമാൻ . അതിലെ ഗാനങ്ങളും ഹൃദ്യം . 

ലോഹിതദാസ് രചിച്ച ഒരു ഗാനം ഉണ്ടതിൽ .  സിനിമയുടെ മർമ്മത്തിൽ തന്നെ ഏറ്റിവെച്ച  ഗാനം..  

രാക്കുയിൽ പാടി രാവിന്റെ ശോകം  എന്ന ഔസേപ്പച്ചൻ ഈണത്തിൽ വന്നത്  വലിയൊരു ഓളം സൃഷിടിച്ചിരുന്നു. 

അർദ്ധ ക്ലാസ്സിക്കൽ  ഭാവത്തിൽ  വയലിൻ സൗന്ദര്യം ഈറനണിയിച്ചു ഗാനം ....


പിന്നീട് ചക്കരമുത്തിലെ ക്‌ളൈമാക്‌സിൽ ഒരു ഗാനം ..

 പഹാഡി പാടൂ ഗായികേ എന്ന  എം ജയചന്ദ്രൻ ഈണം...


എല്ലാം  കൊണ്ടും  ഒരു ലോഹി ടച്ച്  കൈവന്ന ഗാനവും വന്നു .  നിവേദ്യം എന്ന തന്റെ അവസാന സിനിമകളിലൊന്നിൽ ...

കോലക്കുഴൽ വിളി കേട്ടോ എൻ രാധേ ....  

വരികളും, സംഗീതവും , ആലാപനവും., ചിത്രീകരണവും എല്ലാം കൊണ്ടും കരൾ നിറഞ്ഞ ഗാനം.  


പാട്ടെഴുത്തിൽ ലോഹിതദാസ് തുടർന്നേനെ .. പക്ഷെ വിധി അതിനനുവദിച്ചില്ല.  തന്റെ സിനിമകളിൽ മാത്രമേ അദ്ദേഹം പാട്ടുകൾ എഴുതാൻ തുനിഞ്ഞിരുന്നുള്ളൂ ...എന്നാൽ ആ  പതിവ് തെറ്റിച്ചത് ഒരു സിനിമയിൽ മാത്രം. 

സുൽത്താൻ എന്ന ഒറ്റ സിനിമയിൽ....

രാക്കുയിൽ കൂട്ടുകാരീ എന്ന എം ജയചന്ദ്രൻ ഗാനം മാത്രം അതിനൊരു ഉദാഹരണമായി ഉണ്ട്.. 


കൂടുതലൊന്നും ആസ്വദിക്കാനുള്ള ഭാഗ്യം നമുക്കുണ്ടായില്ല.. ഗാനമായാലും , സിനിമയായാലും... 

യാത്രയായ ആ മഹാപ്രതിഭയെ ഗാനങ്ങളോടൊപ്പം ഒന്ന് ചേർത്തു വെച്ചു  എന്ന് മാത്രം...

ഓർമ്മയിലൊരു ശിശിരം

 


ഗായകർക്കെല്ലാർക്കും അവരവരുടേതായ ഒരു സ്റ്റൈൽ ഉണ്ട്. ആ ആലാപനരീതിയാണ് അവരെ ആ ഫീൽഡിൽ കീർത്തിമാനാക്കുന്നതും , പുരസ്കാരജേതാക്കളാക്കുന്നതും . എൺപതുകളുടെ തുടക്കം വരെ മലയാളത്തിൽ യേശുദാസ് , ജയചന്ദ്രൻ തരംഗം തന്നെയായിരുന്നു. ദേവഗായകന്റെയും, ഭാവഗായകന്റെയും  ശബ്ദമാധുരി ആസ്വദിച്ചുകൊണ്ട് നമ്മൾ. ഒറ്റയ്ക്കും തെറ്റയ്ക്കും ചിലർ വന്നുപോവും. പലരും വേര് പിടിക്കില്ല. കഴിവുള്ളവർ പോലും പിന്തള്ളപ്പെട്ടകാലം.   1981 ൽ  ട്രാക്ക് പാടിവന്ന ആൾ തന്നെ പ്രധാനഗായകനാവുന്നതും മലയാളസിനിമ സാക്ഷി .  കടത്ത് എന്ന പി ജി വിശ്വംഭരൻ ചിത്രത്തിലൂടെ ഒരു പതിഞ്ഞ ശബ്ദം മലയാളത്തെ ഗ്രസിച്ചു. പ്രണയഗാനങ്ങളിലെ ആ നിശബ്ദ രാഗ നിമന്ത്രണങ്ങൾ ശ്രോതാക്കളെയും ത്രസിപ്പിച്ചു. 

"ഓളങ്ങൾ താളം തല്ലുമ്പോൾ നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നു..."  ഈ ബിച്ചുതിരുമല ഗാനവീചികൾ മലയാളക്കരയാകെ ഓളങ്ങൾ സൃഷ്ടിച്ചു. 

വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ...

പുന്നാരേ ... പൂന്തിങ്കളെ .. രാവിൻ ചായൽ പൂ മൂടി വാ ...

ഈ ഗാനങ്ങൾ സോളോയായും, യുഗ്മഗാനമായും നല്ലൊരാസ്വാദനം നല്കുന്നവയായിരുന്നു.   ശ്രീ  ഉണ്ണിമേനോന്റെ അരങ്ങേറ്റമായിരുന്നു അത്.  ശ്യാം എന്ന സംഗീത സംവിധായകൻ പരിചയപ്പെടുത്തിയ പ്രതിഭ. ശ്യാം സംഗീതത്തിൽ തന്നെ ഉണ്ണിമേനോന് ഇവിടെ ഒരു അഡ്രസ് ഉണ്ടാവുകയും, അത് സ്ഥിരമാവുകയും  ചെയ്തു.ശ്യാം ഒട്ടേറെ ഗാനങ്ങൾ പിന്നീട് ഉണ്ണിമേനോന് നൽകുകയുണ്ടായി. 

എൺപതുകളിലെ മിക്ക മമ്മൂട്ടി , മോഹൻലാൽ, നെടുമുടി വേണു ചിത്രങ്ങളിലെയും പാട്ടുകൾ ഉണ്ണിമേനോൻ ആയിരുന്നു പാടിയിരുന്നത്. 

ശ്യാം സംഗീതത്തിൽ ഉണ്ണിമേനോന് കിട്ടിയ പാട്ടിന്റെ വൈഡൂര്യ മുത്തുകൾ ഒന്നെണ്ണി നോക്കുന്നത് കൗതുകകരം.  ഏറ്റവും പ്രധാനപ്പെട്ടവ ഇവയൊക്കെയാണ്,. 

വളകിലുക്കം ഒരു വളകിലുക്കം  ( മുന്നേറ്റം ) 

മാനത്തെ ഹൂറി പോലെ  പെരുന്നാൾ പിറ പോലെ ( ഈനാട് ) 

തേൻപൂക്കളിൽ കുളിരിടും തേൻ തെന്നലേ ( ശരവർഷം ) 

ജോൺ ജാഫർ ജനാർദ്ദനൻ ഒരുമിക്കും പന്തങ്ങൾ ( ജോണ് ജാഫർ ജനാർദ്ദനൻ ) 

പൂന്തട്ടം പൊങ്ങുമ്പോൾ തെളിയുന്ന തൂ നെറ്റി ...

വിടർന്നു തൊഴുകൈ താമരകൾ ....

സ്വർഗ്ഗവാതിൽ തുറന്നു തന്നു ( ഇനിയെങ്കിലും ) 

പോം പോം ഈ ജീപ്പിനു മദമിളകി ( നാണയം ) 

മൂടൽമഞ്ഞിൻ ചേലയൂർന്നിതേ ..( ആരാരുമറിയാതെ ) 

അലസതാ വിലസിതം ( അക്ഷരങ്ങൾ ) 

തൊഴുതു മടങ്ങും സന്ധ്യയുമേതോ ...

മാറത്തു മറുകുള്ള മന്ദാരപ്പൂവിന്റെ  ( കരിമ്പ് ) 

അരയന്നക്കിളിയൊന്നേൻ മനസത്തിൽ ( മാന്യമഹാജനങ്ങളെ ) 

ചന്ദനക്കുറിയുമായി സുകൃത വനിയിൽ ( ഒരു നോക്ക് കാണാൻ ) 

ചിന്നകുട്ടീ ഉറങ്ങീലെ ....

തൂ വെൺതൂവൽ ചിറകിൽ ( അങ്ങാടിക്കപ്പുറത്ത് ) 

തെന്നലാടും പൂമരത്തിൽ ( കണ്ടു കണ്ടറിഞ്ഞു ) 

താഴം പൂക്കൾ തേടും കാറ്റിൻ  രാഗം ...

ഓർമ്മയിലൊരു ശിശിരം ..( ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് ) 

എന്റെ ഉയിരായി നീ മാറി ( ക്ഷമിച്ചു എന്നൊരു വാക്ക് ) 

സ്നേഹപ്പൂക്കൾ വാരിച്ചൂടി ( ചേക്കേറാനൊരു ചില്ല ) 

പൂവേ.. അരിമുല്ല  പൂവേ ...( എന്ന് നാഥന്റെ നിമ്മി ) 


ഒരു മലയാളി ഗായകന് ഒരു സംഗീത സംവിധായകനിൽ നിന്ന് ഇങ്ങനെ ഒരനുഗ്രഹം കിട്ടിയിട്ടുണ്ടാവില്ല. മിക്കവാറും ശ്യാം സംഗീതത്തിൽ ഉണ്ണിമേനോന് ഒരു പാട്ടെങ്കിലും ഉണ്ടാവും. സംഘഗാനമായാലും ഉണ്ണിമേനോൻ സഹകരിക്കുകയും ചെയ്തു. 

രഘുകുമാർ സംഗീത സംവിധായകനായി വന്നത് മുതൽ ഇടയ്ക്കിടെ ഗാനങ്ങൾ കൊടുത്തുകൊണ്ടിരുന്നു. 

ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാൻ ( ബോയിങ് ബോയിങ് ) 

ഈ കുളിർ നിശീഥിനിയിൽ ഉറങ്ങിയോ ( ആയിരം കണ്ണുകൾ ) 

എസ് ജാനകിയോടുത്തുള്ള ഈ യുഗ്മഗാനം അതീവഹൃദ്യമായത്. 

ജാനകിയോടൊപ്പം അത് ഇരട്ടിമധുരമായി അനുഭവപ്പെട്ടു. 

പൂങ്കാറ്റേ പോയി ചൊല്ലാമോ ( ശ്യാമ )  എന്നീ ഗാനവും ഈ കൂട്ടുകെട്ടിലെ മികച്ച അദ്ധ്യായം.

എം ജി ശ്രീകുമാറിന്റെ വരവോടു കൂടി മോഹൻലാൽ ചിത്രങ്ങളിൽ നിന്നും ഉണ്ണിമേനോൻ ഔട്ട് ആവുകയായിരുന്നു. എം ജി യുടെ പിടിപാടുകളും , സുഹൃദ് ബന്ധങ്ങളും കാരണം പിന്നീട് മിക്ക ചിത്രങ്ങളിലും അദ്ദേഹം തെന്നെ ആയിരുന്നു പാടിയിരുന്നത്. അപ്പോഴും ഒരു കുഞ്ഞു പിന്മാറ്റം നടത്തിയ ഉണ്ണിമേനോൻ പിന്നീട് കാലങ്ങളോളം മറ്റു ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ സജീവമായി. പ്രത്യേകിച്ച് തമിഴിൽ. മലയാളത്തിൽ നിന്നും ലഭിക്കാത്ത പുരസ്കാരം അവിടെ നിന്നും രണ്ടു തവണ ഇദ്ദേഹത്തിന് കിട്ടുകയുണ്ടായി. എങ്കിലും ഇടയ്ക്കിടെ ഇദ്ദേഹത്തിന്റെ ശബ്ദം മലയാളത്തിന് ആവശ്യമായിരുന്നു. അപ്പോഴെക്കെ ചില പ്രിയപ്പെട്ട സംവിധായകർ ഉണ്ണിമേനോനെ ഇങ്ങോട്ടു തന്നെ കൊണ്ടുവന്നു. 

സിദ്ധിഖ് ലാലിന്റെ സിനിമകളിലെ  പോലെ...

ഒരായിരം കിനാക്കളാൽ ( രാംജി റാവ് സ്‌പീക്കിങ് ) 

ഏകാന്ത ചന്ദ്രികേ  ( ഇൻ ഹരിഹർ നഗർ ) 

പൂക്കാലം  വന്നു പൂക്കാലം ( ഗോഡ് ഫാദർ ) 


കാലങ്ങൾക്കു ശേഷം പിന്നീട് വന്നത് ഉണ്ണിമേനോൻ നായകനായി അഭിനയിച്ചു കൊണ്ട് പ്രഭാവർമ്മ എഴുതിയ വരികൾക്ക് സംഗീതം ചെയ്തു പാടിയ പാട്ടുമായാണ്.  അന്ന് വരെ പാടിയ ഏതു പാട്ടിനേക്കാൾ മുൻപന്തിയിൽ അതെത്തുകയും ചെയ്തു. 

ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ( സ്ഥിതി ) . ഇതായിരുന്നു ആ ഗാനം. 

ശരിക്കും  മിഴിനീർ പൂവുകൾ മുതൽ ബട്ടർഫ്‌ളൈസ് വരെ മിക്ക മോഹൻലാൽ സിനിമകളിലും പ്രധാന ഗായകൻ ഇദ്ദേഹമായിരുന്നു.  രാജാവിന്റെ മകനിലെ എസ്  പി വെങ്കിടേഷിന്റെ ഈണത്തിൽ " വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ " എന്നതും  " ദേവാംഗനെ .. ദേവസുന്ദരീ " എന്നതും ഏറെ ഹിറ്റായത് ...


ജോൺസൻ സംഗീതത്തിലായാലും തിളങ്ങിയ പാട്ടുകാരൻ തന്നെ ഉണ്ണിമേനോൻ 

ഏതോ ജന്മ കല്പനയിൽ ( പാളങ്ങൾ ) . ഇതിൽ വാണിജയറാമിനൊപ്പം മൂളാൻ മാത്രമെങ്കിലും .....

നീ മനസ്സിൻ താളം നീയെൻ മനസ്സിൻ രാഗം ( ഒന്ന് ചിരിക്കൂ ) 

രാഗോദയം  മിഴിയിൽ സൂര്യോദയം ( അകലങ്ങളിൽ )

സാരംഗി മാറിലണിയും ഒരപൂർവ ഗാനമോ ( പാവക്കൂത്ത് ) 

സിന്ദൂരം തൂകും ഒരു സായംകാലം ( ശുഭയാത്ര ) 


രണ്ടായിരത്തിനു ശേഷം അപൂർവം  സിനിമകളിലെ ഉണ്ണിമേനോൻ പാടിയിട്ടുള്ളൂ...  എങ്കിലും ചില സൂപ്പർ ഗാനങ്ങൾ വല്ലപ്പോഴും പാടാൻ അവസരം ലഭിച്ചിരുന്നു ഇദ്ദേഹത്തിന്. വലിയ ഭാഗ്യം പോലെ അവയൊക്കെ വല്ലാതെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു..

ഓംകാരം ശംഖിൽ ചേരുമ്പോൾ ( വെറുതെ ഒരു ഭാര്യ ) 

മഴനീർത്തുള്ളികൾ നിൻ തനുനീർ തുള്ളികൾ ( ബ്യൂട്ടിഫുൾ ) 

മരണമെത്തുന്ന നേരത്ത് ( സ്പിരിറ്റ് ) 

ചെമ്പനീർ ചുണ്ടിൽ ഞാൻ ( നത്തോലി ഒരു ചെറിയ മീനല്ല ) 

തിരുവാവണി  രാവ് ( ജേക്കബിന്റെ സ്വർഗ്ഗ രാജ്യം ) 


റിലീസാവാത്ത ഒരു സിനിമയിലെ ഗാനവും കാത്തിരിക്കുന്നു .ഹരിനാരായണന്റെ രചനയിൽ രഞ്ജിൻ രാജ് സംഗീതം ചെയ്ത കർണ്ണൻ നെപ്പോളിയൻ ഭഗത്സിങ് എന്ന ചിത്രത്തിലെ " കാതോർത്ത് കാതോർത്ത് ഞാനിരിക്കെ "... എന്നത് കൂടാതെ ...

ശ്രീ അനിൽ വി നാഗേന്ദ്രൻ പുതിയതായി സംവിധാനം ചെയ്യുന്ന "തീ '' എന്ന ചിത്രത്തിലും ഉണ്ണി മേനോന് പാട്ടുകളുണ്ട് ...


ഓളങ്ങൾ താളം തല്ലി  വന്ന 1981 ലെ ആ ശബ്ദത്തിന്  ഒരിടിവും സംഭവിക്കാതെ 2021 ലും തുടരുന്നു..... നാൽപ്പതു വർഷമായി ഞങ്ങൾ നിങ്ങളെ കേട്ടുകൊണ്ടിരിക്കുകയാണ് പ്രിയനേ.....

അഭിവാദ്യങ്ങൾ പ്രിയ പാട്ടുകാരന്....

പൊൻവസന്തമാഗമം

 


അവസരങ്ങൾ കിട്ടാതെ കഴിവുകൾ മുരടിച്ചുപോയ എത്രയെത്ര പേരുണ്ടാവും ഇവിടെ.  ഒറിജിനലിനേക്കാൾ ഭംഗിയായി പാടി തെളിയിക്കാൻ കഴിവുള്ളവരുണ്ട് . ആരാലും ശ്രദ്ധിക്കപ്പെടാതെ അങ്ങിനെ ഒതുങ്ങിപ്പോയവർ ! പണ്ട് കാലത്തൊക്കെ ഭാഗ്യം കൊണ്ടോ , സ്വന്തം കഴിവ് മറ്റുള്ളവരാൽ പ്രോത്സാഹിക്കപ്പെട്ടതുകൊണ്ടോ  എത്തപ്പെട്ടവരേറെയും ...  വളരെ കുറച്ചു പേർക്കേ അതിനുള്ള ഭാഗ്യം സിദ്ധിക്കുന്നുള്ളൂ . കഴിവില്ലാത്തതല്ല പ്രശ്നം. പരിപോഷിപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നില്ല എന്നത് മാത്രം കാരണം ... 


ഇന്നത്തെ സ്ഥിതി മാറി . ടീവി ചാനലുകളിൽ റിയാലിറ്റി ഷോ പ്രളയം കാരണം കുട്ടികളുടെ കലാവാസനകൾ കൂടുതൽ പ്രദർശിപ്പിക്കപെടുന്നുണ്ട്.  മികവുറ്റവർ ഓരോരോ മേഖലകളിലേക്ക് എത്തപ്പെടുന്നുമുണ്ട്.  കൂടുതൽ പേർ  ഗായകരായി എത്തപ്പെടുമ്പോൾ എല്ലാവർക്കും സിനിമാഫീൽഡിൽ അവസരം കിട്ടിക്കൊള്ളണമെന്നില്ല . അവിടെയും പിന്തള്ളപ്പെടും. മത്സരത്തിന്റെ വേദി തന്നെയാണ് സിനിമാലോകം .  ഗായകരായി അവിടെ സ്ഥിരപെടുക എന്നതിന്   ശബ്ദസൗകുമാര്യം തന്നെ പ്രധാനം.  

ഏഷ്യാനെറ്റിന്റെ  വോയിസ് ഓഫ് ദി ഇയർ ആയി  തിരഞ്ഞെടുക്കപ്പെട്ട   ഒരു ഗായകൻ  .   ആ  ഗായകൻ മലയാള സിനിമയിലേക്കും എത്തപ്പെടുന്നു. ഒരു റിയാലിറ്റി ഷോയിൽ നിന്നും ആദ്യമായി പാട്ടുകാരനായി അരങ്ങേറ്റം . അത് ശ്രീ വിധു പ്രതാപ് എന്ന ഗായകനായിരുന്നു. 


1999 ൽ തന്നെ ദേവദാസി എന്ന ചലച്ചിത്രത്തിലൂടെ   സൂപ്പർ സംഗീത സംവിധായകനായ ശരത്തിന്റെ അനുഗ്രഹാശിസുകളോടെ കടന്നുവരാൻ പറ്റി എന്നത് വിധു പ്രതാപിന്റെ ഒരു ഭാഗ്യം. ആദ്യ ചുവടുവെപ്പ് വലിയ പ്രാധ്യാന്യമുള്ളതാണല്ലോ . "പൊൻവസന്തമാഗമം " എന്ന എസ്  രമേശൻ നായർ ഗാനം .

അർദ്ധ ക്ലാസിക്കൽ രീതിയിൽ ചിട്ടപ്പെടുത്തിയത് ഒരു പതറിച്ചയും ഇല്ലാതെ അതി സുന്ദരമായി ആലപിക്കാൻ കഴിഞ്ഞു വിധുവിന്‌ .

അതിന്റെ ഓളം കൊണ്ട് തന്നെയാണ് സിനിമയിൽ തുടരാൻ ഇടയാക്കിയതും എന്ന് സ്പഷ്ടം. 


 ഏതു തരത്തിലുള്ള ഗാനവും പാടാൻ കഴിയുന്നവരാവണം പാട്ടുകാർ . അത് തുടർന്നുള്ള തന്റെ സംഗീതയാത്രയിൽ ഇദ്ദേഹം തെളിയിച്ചിട്ടുണ്ട്. 

നിറം എന്നതിലെ " ഒരു ചിക് ചിക് ചിക് ചിറകിൽ " ഏറി വന്നു ഒരടിപൊളി ഗാനവുമായി ...  ശുക്രിയ എന്ന പദം  മലയാളം കൊണ്ടാടി .

അധികം കാത്തിരിക്കേണ്ടി വന്നില്ല അവാർഡ് നേടാൻ .

സായാഹ്നം എന്ന ആർ ശരത് ചിത്രം വിജയപ്പട്ടികയിൽ പെടുത്താൻ പറ്റില്ലെങ്കിലും അതിലെ  " കാലമേ കൈക്കൊള്ളുക നീ " എന്ന ഗാനം വിധു പ്രതാപിന് 1999 ൽ തന്നെ മികച്ച ഗായകനുള്ള അവാർഡ് നേടിക്കൊടുത്തു. പക്ഷെ ഈ ഗാനം ഏറെയൊന്നും ശ്രോതാക്കളിൽ എത്തപ്പെട്ടില്ല എന്നത് ദുഖകരം ...

പ്രഭാവർമ്മയുടെ വരികൾക്ക്  പെരുമ്പാവൂർ രവീന്ദ്രനാഥിന്റെ സംഗീതം .


ഒരു ഗായകന്റെ ശബ്ദം എക്കാലവും അതാതുകാലത്തെ ഏതെങ്കിലും  നടന്മാരുമായി യോജിച്ചു പോവുന്നതായി അനുഭവപ്പെടാറുണ്ട്.  പോപ്പുലർ നടനാണെങ്കിൽ ഗായകനും രക്ഷപ്പെട്ടു. സത്യന്റെ ശബ്ദം ഏറെ സാമ്യമുള്ളതായപ്പോൾ എ എം രാജ  ശ്രദ്ധിക്കപ്പെട്ടത് ചരിത്രം.  അതേപോലെ  ദിലീപ്, പ്രിത്വീരാജ്  എന്നിവർക്ക് ഏറെ യോജിച്ച ശബ്ദം തന്നെയായിരുന്നു വിധു പ്രതാപിന്റെത് .

കുഞ്ഞന്റെ പെണ്ണിന് കുഞ്ഞരിപ്രാവിന്റെ  ( കുഞ്ഞിക്കൂനൻ ) 

വാളെടുത്താലങ്കക്കലി  ( മീശ മാധവൻ ) 

തരിവളകയ്യാലെന്നെ വിളിച്ചതെന്തിന്  ( സദാനന്ദന്റെ സമയം ) 

എന്നിവ ദിലീപ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായി...


വിധുവിന്റെ ശബ്ദം ഏറെ യോജിച്ചത്  പ്രിത്വീരാജിനായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നല്ല മെലഡികൾ ആ കൂട്ടുകെട്ടിൽ ഉണ്ടാവുകയും ചെയ്തു... 

മഴയുള്ള രാത്രിയിൽ   ( കഥ ) 

ഒരേ മുഖം കാണാൻ ( നക്ഷത്രക്കണ്ണുള്ള രാജകുമാരി ...) 

മറക്കാം എല്ലാം മറക്കാം  ( സ്വപ്നക്കൂട് ) 

കാറ്റാടിത്തണലും തണലത്തരമതിലും ( ക്ലാസ്സ്‌മേറ്റ്സ് ) 

അരപ്പവൻ പൊന്നുകൊണ്ട് അരയിലൊരേലസ് ( വാസ്തവം ) 

എന്നിവ പ്രിത്വീരാജിനുവേണ്ടി പാടിയ ഗാനങ്ങളാണ്. 


സോളോ പാടിയപ്പോഴൊക്കെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ പിറന്നു. കൂടുതലും മറ്റു ഗായകരോടൊപ്പം പാടിയതായിരുന്നു. 

എടുത്തുപറയേണ്ടത് ഇവയൊക്കെയാണ്... 

ഗോകുലത്തിൽ താമസിക്കും ( കയ്യെത്തും ദൂരത്ത് ) 

സുഖമാണീ നിലാവ് ( നമ്മൾ ) 

പറന്നുവന്നൊരു പാട്ടിൽ ഞാനൊരു പരാഗമേഘം കണ്ടു ( സ്വപ്നം കൊണ്ട് തുലാഭാരം ) 

വെണ്ണക്കല്ലിൽ നിന്നെ കൊത്തി ( പട്ടാളം ) 

പൂങ്കുയിലേ കാർകുഴലീ ( കസ്തൂരിമാൻ ) 

ഗുജറാത്തി കാൽത്തള കെട്ടിയ  ( പുലിവാൽകല്യാണം ) 

കാറ്റ് വെളിയിഡൈ  കണ്ണമ്മ ( തന്മാത്ര ) 

ചങ്ങാതിക്കൂട്ടം വന്നു ( നോട്ടുബുക്) 

സുന്ദരിയെ ചെമ്പകമലരെ ( പന്തയക്കോഴി ) 

ആദിയുഷസന്ധ്യ പൂത്തതിവിടെ  ( പഴശ്ശി രാജ ) 


വിധു പ്രതാപിന്റെ വരവിനു ശേഷം ഒട്ടേറെ പുതുഗായകർ മലയാളത്തിൽ അരങ്ങേറി . നന്നായി പാടുന്നവരും , വികലപ്പെടുത്തുന്നവരും ഉണ്ടാവാം. ശബ്ദം ഒരു പ്ലസ് പോയിന്റ് തന്നെയാണ്. അതുകൊണ്ടു തന്നെയാണ് എത്ര പേർ വന്നാലും വിധുവിനുള്ളത് വിധുവിനു തന്നെ കിട്ടുന്നതും.... ഇപ്പോൾ മന്ദഗതിയിലായ എല്ലാ സംരംഭങ്ങളും പോലെ സിനിമയും . അപ്പോഴും അടങ്ങിയിരിക്കാതെ തന്റെ കഴിവുളോടെ വിധു പ്രതാപ് എന്ന ഗായകൻ ഒരഭിനേതാവായും ഇവിടെ ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് അദ്ദേഹം.. 

എല്ലാ വിധ ആശംസകളും  നൽകുന്നു പ്രിയ ഗായകന്...

ആകാശ ഗംഗയുടെ കരയിൽ

 


ഏത്  മഹത്തരമായ കവിതയ്‌ക്കൊപ്പവും ചേർന്ന് പോവുന്ന വരികളോടെ മലയാള ചലച്ചിത്ര ഗാനങ്ങൾ ഇവിടെ നിലനിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു.  വെറും സാമ്പത്തികം മാത്രമായി കണ്ടത് കൊണ്ടായിരിക്കില്ല കവികൾ സിനിമകളിലേക്ക് ചേക്കേറിയതും.  സാധാരണക്കാരുടെ മനസ്സുകളിലേക്ക് കവിതകളേക്കാൾ പെട്ടെന്ന് ഉൾച്ചേർന്നു പോവാൻ ഗാനങ്ങൾക്കാവും... അതവർക്കറിയാം.    കവിതകൾ നൂറുശതമാനവും  സ്വന്തമാണ്. ഭാവനകളെ അതിരിട്ടു നിർത്തുന്ന രീതിയാണ് ചലച്ചിത്രഗാനങ്ങൾക്ക് . തന്നിലുണർന്ന ആശയങ്ങൾക്ക് അതിരില്ലാത്ത പദപ്രയോഗങ്ങളിലൂടെ കവിതകളൂർന്നു വീഴുമ്പോൾ  ഒരു സംവിധായകന്റെയോ , തിരക്കഥാകൃത്തിന്റെയോ നിർദേശങ്ങളാൽ വരികൾ സൃഷ്ടിക്കേണ്ടി വരുന്ന പാട്ടെഴുത്തുക്കാരന്റെ  ഭാവനാ വൈഷമ്യങ്ങൾ ചില്ലറയല്ല.   എന്നിട്ടും വയലാറിനെ പോലുള്ളവർ  കഥാസന്ദർഭങ്ങൾക്കനുസരിച്ചു മാത്രമല്ല ഗാനങ്ങൾ രചിച്ചത്.  

സമൂഹമനസാക്ഷിയെ തൊട്ടുണർത്തുന്ന . ജാഗ്രതയോടെ ഭാവിയെ നോക്കിക്കാണാൻ ഉദ്ബോധിപ്പിക്കുന്ന അനേകം ഗാന വിപ്ലവങ്ങൾ ഇവിടെ നടത്തിയിട്ടുണ്ട്. അതൊന്നും കാണാതെ പുച്ഛിക്കുന്ന  വരികൾക്ക് ചോട്ടിൽ എഴുതി അഹങ്കരിക്കുന്ന മഹാ കവികൾ ഉള്ള നാടാണ് നമ്മുടേത്...   സാധാരണക്കാർ എന്നും അത് മനസ്സിലാക്കിയിട്ടുണ്ട്.. തിരിച്ചറിഞ്ഞിട്ടുണ്ട്...   


ഭക്തി പ്രസ്ഥാനങ്ങൾ അടക്കം എല്ലാം കടന്നു വന്ന്  പോയിട്ടുള്ളതാണ് സിനിമാ ഗാനങ്ങളിലൂടെ ....   അവരിൽ നിന്നൊക്കെ ഒരു വിടുതൽ നേടാൻ , തങ്ങളിലൊരാൾ വന്നു പാടുന്ന ഒരു കാലം എന്നൊക്കെ വിചാരിക്കാൻ  .... അങ്ങിനെ ഒരാൾ വരാൻ പിന്നെയും കാലം വൈകി... 

1952  മുതൽ അദ്ദേഹമിവിടെ വന്നിരുന്നെങ്കിലും  പഴയ ആ ഈണങ്ങൾക്കൊപ്പം തന്നെ തുടർച്ചയായി...


കണ്ണും പൂട്ടിയുറങ്ങുക നീയെൻ കണ്ണേ പുന്നാര പൊന്നുമകനെ ...

സ്നേഹസീമയിലെ ഈ ഗാനം  ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ഒരു വിളിച്ചുണർത്തലായി...  പാട്ടുകൾ കൂവി തകർക്കുന്ന കാലം... പിന്നെയും കൂടെയുണ്ടെന്നറിയിച്ചുകൊണ്ട്  കൂടപ്പിറപ്പിലൂടെയും, സീതയിലൂടെയും... 

എന്നാലും മണ്ണിന്റെ മണമുള്ള പാട്ടുകൾ ഏറെയൊന്നും വന്നില്ല. 

അപ്പോഴാണ് " പാലാണ് തേനാണ് ഖൽബിലെ  പൈങ്കിളിക്ക് " എന്നോതിക്കൊണ്ട് നാട്ടുഭാഷയിൽ ഇദ്ദേഹം വീണ്ടും വന്നു ചേർന്നത്... 

തമിഴ്‍നാടിന്റെ തനതു സംഗീതവുമായി നമ്മിലേക്ക്‌ നമ്മളിലൊരാളായി ശ്രീ എ എം  രാജ വന്നത്...

ഉമ്മയിലെ ഗാനം  മലയാള മനസ്സിന്റെ ഓരോ അരികുകളിലും  സ്നേഹ നോവിന്റെ സ്പർശം അറിയിച്ചുകൊണ്ടിരുന്നു. 

സ്നേഹ സമസ്യകൾ പൂരിപ്പിച്ചു കൊണ്ടവൻ പാടി തിമർത്തു .. പിന്നെയും...

" എൻ കണ്ണിന്റെ കടവിലടുത്താൽ 

കാണുന്ന കൊട്ടാരത്തില് 

പ്രാണന്റെ നാട് ഭരിക്കണ  സുൽത്താനുണ്ട് "    അവളോടൊപ്പം...


ദൈവത്തിൻ പുത്രൻ ജനിച്ചു എന്ന നീലിസാലിയിലെ ഭാസ്കരൻ ഗാനം ...

ഉണ്ണിയാർച്ച എന്ന മഹാ ചിത്രത്തിലൂടെ അന്ന് നിന്നെ കണ്ടതിൽ പിന്നെ അനുരാഗമെന്തെന്നറിഞ്ഞ  കാമുക ഭാവത്തിലൂടെ   എ എം രാജ എന്ന  ഗായകൻ  തന്റെ മൃദുല ശബ്ദം അറിയിച്ചു കൊണ്ടേയിരുന്നു..


1962  ലെ ഭാര്യ എന്ന ചലച്ചിത്രം തെക്കൻ കേരളത്തിൽ നടന്ന ഒരു ദാരുണ കൊലപാതകത്തിന്റെ കഥ പറഞ്ഞുകൊണ്ടായിരുന്നെങ്കിലും  അത് കുടുംബസദസ്സുകളെ ഏറെ ആകർഷിച്ച ഒരു ചിത്രം ആയിരുന്നു. ബന്ധങ്ങളുടെ മഹത്വമറിയുന്ന മലയാളിക്ക്  അത് തങ്ങളുടെ വേദനയായിരുന്നു.  പാട്ടുകൾ ഏറെ ഹിറ്റുകളായി... 

പെരിയാറെ പെരിയാറേ പർവത നിരയുടെ പനിനീരേ  എന്ന വരികൾ  മലയാളി കാത്തിരുന്ന ഗാനമായിരുന്നു. സാധാരണക്കാരന്റെ മനസ്സിലേക്ക് പാട്ടുകൾ ഊർന്നിറങ്ങി വന്ന ഒരു കാലത്തിന്റെ തുടക്കം.... 

മനസമ്മതം തന്നാട്ടെ...

ലഹരി ലഹരി ലഹരി എന്ന ഗാനങ്ങളും എ എം രാജയും സുശീലയും , ജിക്കിയും ചേർന്ന് പാടിയവ ആയിരുന്നു..

 

വടക്കൻ പാട്ടുകളുടെ സിനിമാ മാറ്റങ്ങളുടെ രീതികളിലേക്ക് എ എം രാജ ശബ്ദവും അലിഞ്ഞു ചേർന്നു  ഉണ്ണിയാർച്ചയിൽ തുടങ്ങി  പാലാട്ട് കോമനിലൂടെ അത് തുടർന്ന്. 


ചന്ദനപ്പല്ലക്കിൽ വീട് കാണാൻ വന്ന ഗാനം ഏറെ ശ്രദ്ധേയമായി...

വയലാർ - ദേവരാജൻ കിടുക്കൻ  ഗാനങ്ങളിലൂടെ  തന്റെ സഞ്ചാരം തുടർന്നു  എ എം രാജ   ...

പാലാഴി കടവിൽ നീരാട്ടിനിറങ്ങിയ   ( കടലമ്മ ) 

ആകാശഗംഗയുടെ കരയിൽ   ( ഓമനക്കുട്ടൻ ) 

ദേവതാരു പൂത്ത നാളൊരു  ( മണവാട്ടി ) 

വീട്ടിലാരുമില്ലാത്ത നേരത്ത് ( കാത്തിരുന്ന നിക്കാഹ് ) 

മാനത്തും ദൈവമില്ല മനസ്സിലും ദൈവമില്ല ( ഓടയിൽ നിന്ന് ) 

ഏകാന്ത കാമുകാ നിൻ വഴിത്താരയിൽ ( ദാഹം ) 

കാറ്ററിയില്ല കടലറിയില്ല ( ജയിൽ ) 

മയിൽ‌പ്പീലി കണ്ണ് കൊണ്ട് ഖൽബിന്റെ കടലാസിൽ  ( കാസവുതട്ടം) 

താഴമ്പൂ മണമുള്ള  തണുപ്പുള്ള രാത്രിയിൽ ( അടിമകൾ )

മാനസേശ്വരീ മാപ്പു തരൂ ... 


കിഴക്കേ മലയിലെ വെണ്ണിലാവൊരു ക്രിസ്ത്യാനി പെണ്ണ് എന്ന ഏറ്റവുമവസാന ഗാനം വരെ വയലാർ  ദേവരാജൻ കൂട്ടുകെട്ടിൽ പാടാനവസാരം  ലഭിച്ചു എന്നത് ഒരു അന്യഭാഷാ ഗായകന്റെ അസുലഭ ഭാഗ്യം...


വടക്കൻ പാട്ടിന്റെ ഈണങ്ങളിലൂടെയും , നാടൻ പാട്ടിന്റെ ചേലിലൂടെയും മലയാളിയെ ഒരു സ്വപ്നാടനത്തിലൂടെ കൊണ്ട് നടന്ന കെ രാഘവന്റെയും കുറച്ചേറെ ഗാനങ്ങൾ പാടാൻ എ എം രാജയ്ക്ക് കഴിഞ്ഞു..

നീലിസാലി , ഉണ്ണിയാർച്ച എന്നീ  ചിത്രങ്ങളിലൂടെ തുടർന്ന് റബേക്ക എന്ന  ഗ്രാമീണ ചൈതന്യം നിറഞ്ഞ ഒരു സിനിമയിലൂടെ വീണ്ടും  ....

കിളിവാതിലിൽ മുട്ടി വിളിച്ചത് കിളിയോ ,കാറ്റോ എന്ന വയലാർ ചൊല്ലിൽ കെ രാഘവൻ ഈണം....


ആർ കെ ശേഖറിന്റെ സംഗീതത്തിൽ  പഴശ്ശി രാജയിൽ ചിറകറ്റു വീണൊരു കൊച്ചുതുമ്പിയായി  .... 

മുത്താണെ  എന്റെ മുത്താണെ   എന്ന ആയിഷയിലെ ഗാനം...


വളരെ ഏറെയൊന്നും മലയാളത്തിൽ പാടിയിട്ടില്ലെങ്കിലും  എല്ലാം ഓർത്തുവെക്കേണ്ടതായിട്ടുള്ളതായിരുന്നു... 

അക്കരക്കുണ്ടോ അക്കരക്കുണ്ടോ  ( ഇണപ്രാവുകൾ ) 

കണ്മണി നീയെൻ കരം പിടിച്ചാൽ   (കുപ്പിവള ) 

നന്ദനവനിയിൽ പഞ്ചമി നാളിൽ ( കളിത്തോഴൻ ) 

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം ( ഭാര്യമാർ സൂക്ഷിക്കുക)

കാട്ടുചെമ്പകം പൂത്തുലയുമ്പോൾ  ( വെളുത്ത കത്രീന ) 

ഇവയൊക്കെ അവസാന നാളുകളിലെ അനശ്വര ഗാനങ്ങളാണ്. 


അവിചാരിതമായി മരണം വലിച്ചെടുത്തു കൊണ്ടുപോയപ്പോൾ അനാഥമായിപ്പോയി കുറെയേറെ ഗാനങ്ങൾ... എന്നാൽ മലയാളി മനസ്സ് അതെല്ലാം ഏറ്റെടുത്ത് തന്റേതെന്ന് തന്റേതെന്ന് മനസ്സിൽ ചൊല്ലികൊണ്ടേയിരുന്നു... ചൊല്ലിയവർ ഒഴിഞ്ഞുപോയപ്പോൾ പിന്നീട് വന്നവരും അതേറ്റെടുത്തു...... നമ്മുടേത് മാത്രമായ ഈ ഗാനങ്ങളെ  ദിവസത്തിൽ ഒരിക്കലെങ്കിലും മൂളാത്തവരുണ്ടോ !!!!

ആ നിമിഷത്തിൻ്റെ നിർവൃതിയിൽ

 


മലയാള സിനിമാ പാട്ടിന്റെ ഒരു പുഷ്കലകാലത്തിലേക്കാണ് തമിഴിൽ നിന്നും ഈ മഹാപ്രതിഭയുടെ വരവ് . ദേവരാജനും, ദക്ഷിണാമൂർത്തിയും,  ബാബുരാജുവുമെല്ലാം പാട്ടിന്റെ നിവേദ്യങ്ങൾ മലയാളികൾക്കായി തന്നു കൊണ്ടേയിരിക്കുന്ന കാലം. മധുരിക്കുന്ന ആ പാട്ടുകാലത്തിലേക്ക് വന്നെങ്കിലും ഇവിടെ പച്ച പിടിക്കാൻ കുറച്ചു കാലം കൂടെ കാത്തിരിക്കേണ്ടി വന്നു.   മെല്ലിശൈ മന്നരുടെ  ആ വരവിൽ മലയാളം കോരിത്തരിച്ചെന്നു പറയേണ്ടല്ലോ... അനുഭവസ്ഥർ ഇന്നുമുണ്ടാവും എന്നറിയാം. 


1971  ലെ ലങ്കാദഹനം എന്ന ചിത്രം  ഹിറ്റ്‌ പാട്ടുകളുടെ  ഒരു മേളനം തന്നെയായിരുന്നു. ശ്രീകുമാരൻ തമ്പി രചന .  എം എസ്  വിശ്വനാഥൻ മലയാളത്തിൽ ഒരു കസേര വലിച്ചിട്ടിരിക്കുക ആയിരുന്നു., ആദ്യ ചിത്രങ്ങളിലെ ഇദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകളായി പരിണമിച്ചു. ഓരോന്നും ഒന്നിനൊന്നു മെച്ചം. ഒരു സിനിമയിൽ തന്നെ ഒട്ടേറെ പാട്ടുകൾ ഉള്ള കാലം. വ്യത്യസ്ത രാഗങ്ങൾ, പാട്ടുകാരെ പരീക്ഷിക്കാൻ കിട്ടുന്ന അവസരം. 


യേശുദാസ് കൊടികുത്തി വാണിരുന്ന കാലം. മലയാളം ആ ശബ്ദത്തിൽ മയങ്ങിക്കിടക്കുകയായിരുന്നു, എങ്കിലും  ജയചന്ദ്രൻ മഞ്ഞലയിൽ മുങ്ങിത്തോർത്തി 1966  മുതൽ ഇവിടെ ഉണ്ടായിരുന്നു. 1971  ൽ എം എസ്  വി  മലയാളത്തിൽ സ്ഥിരമായപ്പോൾ ലങ്കാദഹനത്തിലെ രണ്ടു ഗാനങ്ങൾ ഇദ്ദേഹത്തിന് നൽകുകയുണ്ടായി. തുടർന്നും  തന്റെ സിനിമകളിലൊക്കെ ജയചന്ദ്രന് ഇദ്ദേഹം അവസരങ്ങൾ നൽകുകയുണ്ടായി. 

ലങ്കാദഹനത്തിലെ  തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിരനക്ഷത്രം ...

ലങ്കാദഹനത്തിലെ പഞ്ചവടിയിലെ മായാസീതയോ ...

മന്ത്രകോടിയിലെ അറബിക്കടലിളകി വരുന്നു....

കിലുക്കാതെ കിലുങ്ങും കിലുക്കൻപെട്ടി....

മലരമ്പനെഴുതിയ മലയാള കവിതേ ...

സുപ്രഭാതം... നീലഗിരിയുടെ സഖികളെ   ( പണിതീരാത്ത വീട്) 

കാറ്റുമൊഴുക്കും കിഴക്കോട്ടു  ( പണിതീരാത്ത വീട് ) 

സ്വർണഗോപുര നർത്തകീ ശിൽപ്പം ( ദിവ്യദർശനം ) 

കർപ്പൂരദീപത്തിൻ കാന്തിയിൽ  ( ദിവ്യദർശനം )

രാജീവ നയനെ നീയുറങ്ങു  ( ചന്ദ്രകാന്തം ) 

അഷ്ടപദിയിലെ നായികേ ..യക്ഷഗായികേ ( ജീവിക്കാൻ മറന്നുപോയ സ്ത്രീ ) 

പത്മതീർത്ഥക്കരയിൽ  ഒരു പച്ചില മാളികക്കാട് ( ബാബുമോൻ ) 

കളഭചുമരുവെച്ച മേട്  (അവൾ ഒരു തുടർക്കഥ ) 

വന്നാട്ടെ ഓ മൈ ഡിയർ ബട്ടർഫ്‌ളൈ  ( പഞ്ചമി ) 

സീതാ ദേവീ ശ്രീദേവി  ( സംഗമം ) 

ഞായറും തിങ്കളും പൂത്തിറങ്ങും   ( രണ്ടു പെൺകുട്ടികൾ ) 

ശ്രുതി മണ്ഡലം സപ്തസ്വരമണ്ഡപം  ( രണ്ടു പെൺകുട്ടികൾ ) 

ഒന്ന് ചിരിക്കാൻ എല്ലാം മറക്കാൻ   ( ഇതാ ഒരു മനുഷ്യൻ ) 

മയിലിനെ പണ്ടൊരിക്കൽ മന്ദഹസിച്ചു നീ ( ഇതാ ഒരു മനുഷ്യൻ)

തേടി വന്ന വസന്തമേ  ( ഒരു രാഗം പലതാളം ) 

മധുമാസം ഭൂമിതൻ ( ഏഴാം കടലിനക്കരെ ) 

സ്വർഗത്തിൻ നന്ദനപൂവനത്തിൽ ( ഏഴാം കടലിനക്കരെ ) 

വിഷാദസാഗര തിരകൾ ( തീരം തേടുന്നവർ ) 

അറിയാത്ത പുഷപവും  ( തിരകൾ എഴുതിയ കവിത ) 


ഇങ്ങനെ തുടങ്ങി അനേകം ഗാനങ്ങൾ ജയചന്ദ്രന്റെ ശബ്ദത്തിൽ  എം എസിന്റെ ഈണത്തിൽ നമ്മൾ കേട്ട് മതി മറന്നു. പ്രണയ, വിഷാദ, ഹാസ്യ, ഗാനങ്ങൾ വരെ എല്ലാം ഇദ്ദേഹത്തിന് നൽകാൻ എം  എസ്  ശ്രദ്ധിച്ചിരുന്നു. ഈ ബന്ധം അദ്ദേഹത്തിന്റെ അവസാന മലയാള സിനിമയായ 'അമ്മ അമ്മായിയമ്മ വരെ തുടരുകയുണ്ടായി... 


സംഗീതമാസ്വദിക്കാൻ ഭാഷകൾ അറിയേണ്ടെങ്കിലും ഓരോ ഇടങ്ങളിലെയും സംഗീതത്തിന് ഭാഷയോട് ചേർന്ന് നിൽക്കുമ്പോൾ ഒരു പ്രത്യേകത ഉണ്ട് എന്ന് പറയാതെ വയ്യ.  അത് ഓരോ നാടിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടു നിൽക്കുന്നു.  ദക്ഷിണേന്ത്യൻ സംഗീതമായ കർണ്ണാട്ടിക്ക് മ്യൂസികിൽ നിന്നും ഊറ്റിയെടുക്കുന്ന ലളിതസംഗീതത്തെയും, അർധക്ലാസ്സിക്കൽ ഈണങ്ങളെയും ചേർത്തു നിർത്തുമ്പോൾ പൊതുവായ ബന്ധങ്ങളുണ്ട്. തമിഴ്, തെലുഗ് , മലയാളം എന്നിവ തമ്മിൽ , അവിടങ്ങളിലെ സംഗീതജ്ഞർ മാറി മാറി വന്നു പോകുന്നവരാണ്. എങ്കിലും മലയാളത്തിൽ എത്തുമ്പോൾ ഇവിടുത്തെ നാടൻ ഈണങ്ങളോട് ചേർന്നുപോവുന്ന തരത്തിൽ പാട്ടുകൾ ചെയ്യാൻ പലരും ശ്രദ്ധിക്കാറുണ്ട്. അതൊട്ടും ചോർന്നു പോവാതെ എം എസ്  വി യും ....


 ഭാഷകളിൽ സംഗീതത്തിന്റെ  ചേർന്നുനിൽപ്പ് അറിയണമെങ്കിൽ അവൾ ഒരു തുടർക്കഥ എന്ന തമിഴ് മൊഴിമാറ്റ സിനിമയിലെ ഗാനങ്ങൾ കേൾക്കണം. അതിലെ സംഗീതത്തിൽ മലയാളത്തിൽ വയലാർ രചിച്ച ഗാനങ്ങൾ ശ്രദ്ധിക്കുക. 

ദൈവം തന്ന വീട് വീഥിയെനിക്ക് ...

കളഭചുമരു വെച്ച വീട്  ... എന്നീ ഗാനങ്ങളിലെ തമിഴ് ചുവ ശരിക്കും നമുക്ക് മനസ്സിലാക്കാം..   നാട്ടു പാട്ടിന്റെ ഈണങ്ങൾ കൂടിക്കലർന്ന  സംഗീതം. എന്നാൽ മറ്റ് മലയാള ഗാനങ്ങളിലൊന്നും ആ എം എസ്  ജി ടച്ച് വന്നിട്ടില്ല... 


ശ്രീകുമാരന്തമ്പി വരികളോട് എം എസിന്റെ ഈണങ്ങൾ  കൂടുതൽ ചേർന്ന് പോവുന്നതായി തോന്നും. അത് തുടക്കം മുതൽ ഉള്ള ബന്ധം കൊണ്ടാവാം. 

ഈശ്വരനൊരിക്കൽ വിരുന്നിനു പോയി    ( ലങ്കാദഹനം ) 

സൂര്യനെന്നൊരു നക്ഷത്രം ....

നക്ഷത്ര രാജ്യത്തെ നർത്തനശാലയിൽ ....

സ്വർഗനന്ദിനി സ്വപ്നവിഹാരിണീ ....

 ആകാശ രൂപിണി അന്നപൂർണേശ്വരി ( ദിവ്യദർശനം ) 

അമ്പലവിളക്കുകളണഞ്ഞു ...

സ്വർഗ്ഗമെന്ന കാനനത്തിൽ  ( ചന്ദ്രകാന്തം ) 

ആ നിമിഷത്തിന്റെ നിവൃതിയിൽ ...

പുഷ്പ്പാഭരണം വസന്തദേവന്റെ.....

മയിലിനെ കണ്ടൊരിക്കൽ ..( ഇതാ ഒരു മനുഷ്യൻ ) 

മറന്നുവോ  നീ ഹൃദയേശ്വരീ ( അക്ഷയപാത്രം )

ജനിച്ചതാർക്കു വേണ്ടി  ( സിംഹാസനം ) 

പുലരിയോടോ സന്ധ്യയോടോ ....

എന്റെ മനസ്സൊരു പൊന്നൂഞ്ഞാല് ...

എന്റെ രാജ്യകൊട്ടാരത്തിനു ( വേനലിൽ ഒരു മഴ ) 

ഏതു പന്തൽ കണ്ടാലുമതു ..

പൂജക്കൊരുങ്ങി നിൽക്കും ...

മറക്കാനാവില്ലാനാള് .. ( ജീവിതം ഒരു ഗാനം ) 

എന്നിവയൊക്കെ തന്നെ ഇവരുടെ കൂട്ടുകെട്ടിലെ അസാദ്ധ്യകണ്ടുപിടുത്തങ്ങളാണ്...


വയലാർ - ദേവരാജൻ കൂട്ടുകെട്ട് പോലെ ആയില്ലെങ്കിലും എം എസ്  വി - വയലാർ ബന്ധത്തിൽ നിന്നും തനിമയായ മലയാളപാട്ടുകൾ ഉണ്ടായി... അത് ശ്രീ ജയചന്ദ്രന് മലയാളത്തിൽ നിന്നുള്ള ആദ്യ അവാർഡുമായി ....

സുപ്രഭാതത്തിന് ശേഷം  അതിലെ എല്ലാ ഗാനങ്ങളും മികച്ചതായിരുന്നു. 

അണിയം മണിയം പൊയ്കയിൽ ...( പണി തീരാത്ത വീട് ) 

വാ മമ്മീ വാ ....

വീണപൂവേ  കുമാരനാശാന്റെ വീണപൂവേ ( ജീവിക്കാൻ മറന്നു പോയ സ്ത്രീ ) 

ബ്രഹ്മാനന്ദിനി സരസ്വതി നാദ ...

ശില്പീ ദേവേശില്പീ ....

ചഞ്ചലിത  ചഞ്ചലിത ....( ധർമ്മക്ഷേത്രേ കുരുക്ഷേത്രേ ) 

മനസ്സൊരു സ്വപ്നഖനി ..

പാഞ്ചജന്യം മുഴക്കൂ  കൃഷ്ണാ...

തേൻകിണ്ണം പൂങ്കിണ്ണം ( യക്ഷഗാനം ) 

നിശീഥിനീ നിശീഥിനീ ...

പോകാം നമുക്കു പോകാം...

എന്നീ അർത്ഥസമ്പുഷ്ട ഗാനങ്ങൾ ഇവരിൽ നിന്നും ജീവൻ വെച്ച് പുറത്തു വന്നു...


എൽ ആർ ഈശ്വരി എന്ന ഇന്ത്യൻ ഗായികക്ക്  മലയാളത്തിൽ ഏറെ അവസരങ്ങൾ ഇദ്ദേഹം നൽകിയിട്ടുണ്ട്. തന്റെ ആദ്യ ചിത്രം മുതൽ അവർക്കനുയോജ്യമായത് നൽകാനും ശ്രമിച്ചു..

കിലുകിലെ ചിരിക്കും ചിലങ്കകളെ  ( ലങ്കാദഹനം ) 

മാറിൽ സ്വമന്തക രത്നം ചാർത്തി  ( പണി തീരാത്ത വീട് ) 

അയല പൊരിച്ചതുണ്ട്  ( വേനലിൽ ഒരു മഴ ) 

എന്നീ ഗാനങ്ങൾ ഇവയിൽ പ്രധാനപ്പെട്ടത്. 


മികച്ച സംഗീതജ്ഞൻ എന്നത് കൂടാതെ ഗായകനും കൂടിയാണ് ഇദ്ദേഹം...  തന്റെ ശബ്ദത്തിനു ചേർന്ന ഗാനങ്ങൾ മലയാളത്തിലും ഇദ്ദേഹം ആലപിച്ചിട്ടുണ്ട്.  അത് എല്ലാം അശരീരി ഗാനങ്ങൾ ആയിരുന്നു. സിനിമയിലെ സന്നിഗ്ദ ഘട്ടങ്ങളിൽ വരുന്ന ആ ഗാനങ്ങൾ  കഥയുടെ നട്ടെല്ലായിരുന്നു... 

കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച .... ( പണിതീരാത്ത വീട് )

ഉദിച്ചാൽ അസ്തമിക്കും മണ്ണിൽ ജനിച്ചാൽ അന്തരിക്കും ( ദിവ്യദർശനം ) 

പ്രഭാതമല്ലോ നീ ത്രിസന്ധ്യയല്ലോ ഞാൻ ( ചന്ദ്രകാന്തം ) 

ഹൃദയവാഹിനീ ഒഴുകുന്നു നീ   ( ചന്ദ്രകാന്തം )

ബന്ധങ്ങളൊക്കെയും വ്യർത്ഥം ( അമ്മെ അനുപമേ ) 

എന്നീ ഉദാഹരണങ്ങൾ .....


മങ്കൊമ്പ് - എം എസ്   കൂടിച്ചേരലിൽ നിന്നും ഉദാത്തമായതു തന്നെ പിറന്നു...

  നാടൻപാട്ടിന്റെ മടിശീല കിലുങ്ങുമീ ( ബാബുമോൻ ) 

ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ ...

പത്മതീർത്ഥക്കരയിൽ ....

തൃശങ്കുസ്വർഗത്തെ തമ്പുരാട്ടി ( തെമ്മാടി വേലപ്പൻ) 

രത്‌നാകരത്തിന്റെ മടിയിൽ നിന്നോ ( രാജയോഗം ) 

നാണം കള്ള നാണം ( ഓർമ്മകൾ മരിക്കുമോ ) 

തൃപ്രയാറപ്പ ശ്രീരാമ  ....

ചന്ദ്രമദത്തിന്റെ ....

തുടിക്കും മനസ്സിലെ കലശങ്ങളിൽ ...( അമ്മെ അനുപമേ ) 

മന്മഥ ഗന്ധർവ യാമം ( സംഗമം ) 

സഹസ്ര കമലദളങ്ങൾ ...

ഗംഗയിൽ തീർഥമാടിയ ( സ്നേഹത്തിന്റെ മുഖങ്ങൾ ) 

താരകേ രജത താരകേ ( രണ്ടിൽ ഒന്ന് ) 

എന്നിവയിൽ തങ്ങളും ആരിലും പിന്നിലല്ലെന്നവരും തെളിയിച്ച ഗാനങ്ങൾ.....


കാവാലത്തിന്റെ രചനയിൽ കണ്ണന് കർണ്ണാമൃതം ( മർമ്മരം ) ...

പി ഭാസ്കരന്റേയും, യൂസഫലിയുടെയും ചില ഗാനങ്ങളും  കൂടിയുണ്ട്... 


ഏകദേശം 1998  വരെ ഇദ്ദേഹത്തിന്റെ സംഗീത സപര്യ ഇവിടെ തുടർന്നു . 2015  ജൂലൈ 14 ന്  ശ്രീ എം എസ്  വിശ്വനാഥൻ നമ്മെ വിട്ടു പോയി... സംഗീതത്തിന് മരണമില്ലല്ലോ ! അത് യുഗാന്തരങ്ങളോളം ഇവിടെ അലയടിച്ചുകൊണ്ടിരിക്കും....

മലയാളത്തിന്റെ ഗായിക

 


ശരിക്കും അതൊരു ഒന്നൊന്നര വരവ് തന്നെയായിരുന്നു.  ഇത് വരെ  കേൾക്കാത്ത തരത്തിൽ ഒരു മലയാളി ശബ്ദം . നായികയുടെ ഉത്തരേന്ത്യൻ ശബ്ദത്തിനു ചേർന്നത്.   ഒരുറച്ച ശബ്ദം .  അവാച്യമായ ഒരനുഭൂതി പ്രദാനം ചെയ്ത സുവർണ്ണശബ്ദം .   " ദീനദയാലോ രാമാ .. ജയ സീതാ വല്ലഭ രാമ "   അതൊരു വല്ലാത്ത ഒഴുക്കായിരുന്നു. എത്രയോ ഗായികമാർ ഇവിടെ ഉദയം ചെയ്തു.  ചിലർ പുറത്തു നിന്നും വന്ന് മലയാളത്തെ കീഴടക്കി ,കാലങ്ങളോളം.   കെ  എസ്  ചിത്ര എന്ന ഗായിക വന്നു ചേർന്നപ്പോൾ ആയിരുന്നു പൂർണമായും ഒരു മലയാളി ഗായിക ഇവിടം കീഴടക്കിയത്.   പഴയ കാല ഗായികമാരെ മറന്നിട്ടല്ല.  ഇന്ത്യയൊട്ടുക്ക് മലയാളിഗായിക എന്ന ലേബലിൽ അറിയപ്പെടാൻ ചിത്ര വരേണ്ടി വന്നു.. 

 അരയന്നങ്ങളുടെ വീട് എന്ന ചലച്ചിത്രത്തിൽ  ദീനദയാലോ രാമാ എന്ന ഗാനവുമായി അരങ്ങേറ്റം നടത്തിയ  ഗായത്രി അശോകൻ   വീണ്ടും മലയാളത്തിന്റെ സ്വന്തം ഗായികയായി .  കർണ്ണാടക സംഗീതത്തിലും , ഹിന്ദുസ്ഥാനിയിലും  കഴിവ് തെളിയിച്ച ഗായത്രിക്ക്  ആദ്യ ഗാനത്തിന് ശേഷം കുറച്ചേറെ നല്ല ഗാനങ്ങൾ ആലപിക്കാൻ അവസരം ലഭിച്ചു. 

കൈതപ്രം - ഇളയരാജ ടീമിന്റെ കൂട്ടുകെട്ടിൽ കൊച്ചു കൊച്ചു സന്തോഷങ്ങളിലെ  " ശിവകര ഡമരുകലയമായ്  നാദം " എന്ന ഗാനം ചിത്രയോടൊപ്പം തകർത്ത് പാടാൻ ഒരവസരം ലഭിച്ചു. അതിലെ തന്നെ " ഘനശ്യാമ വൃന്ദാരണ്യം "  എന്ന  ക്ലാസിക്കൽ ഡാൻസിനുള്ള  ഗാനവും  നന്നായി പാടാൻ കഴിഞ്ഞു. വല്ലാത്തൊരു മുഴക്കമാണ് ഗായത്രിയുടെ ശബ്ദത്തിന് . 

തുടർന്ന് ഡ്രീംസ് എന്നതിലെ " കണ്ണിൽ കാശിത്തുമ്പകൾ " എന്ന ഗാനം ജയചന്ദ്രനോടൊപ്പം സൂപ്പർ ഡ്യുയറ്റായി ...


പാലാഴി തീരം കണ്ടു ഞാൻ  ( ഉത്തമൻ ) 

കഥയിലെ രാജകുമാരിയും ( കല്യാണരാമൻ ) എന്നിവയും ഇതിനിടയിൽ വന്നു പോയി.   ഒരുറക്കുപാട്ടുപോലെ ഒരു പ്രണയഗാനം പിറന്നു. "താമരനൂലിനാൽ നിന്നെയെൻ മേനിയിൽ " എന്ന യുഗ്മഗാനം ഔസേപ്പച്ചൻ ഈണത്തിൽ വേണുഗോപാലുമൊത്ത് ...  ചിത്രം മുല്ലവള്ളിയും തേന്മാവും. 

ഗായത്രി മലയാളത്തിന്റെ ഗായികയായി വന്നതിനു നാല് വർഷം  കഴിഞ്ഞപ്പോൾ ആദ്യത്തെ സംസ്ഥാന അവാർഡും കരസ്ഥമാക്കി. അതുവരെ കേട്ട ഗായത്രി ശബ്ദം ആയിരുന്നില്ല  ആ പാട്ടിൽ ഇഴുകിച്ചേർന്നത്.  ഒരു കുറ്റാന്വേഷണ കഥയായ സസ്നേഹം സുമിത്രയിലെ " എന്തെ നീ കണ്ണാ എനിക്കെന്തേ തന്നില്ല ... കൃഷ്ണതുളസിക്കതിരായ്  ജന്മം "  എന്ന ഗാനത്തിനായിരുന്നു മികച്ച ഗായികയ്ക്കുള്ള അവാർഡ് .   ഷിബു ചക്രവർത്തിയുടെ രചന ഔസേപ്പച്ചന്റെ സംഗീതം..   

എന്നാൽ ആ ശബ്ദമാറ്റം തുടർന്നില്ല... മകൾക്ക് എന്ന ചിത്രത്തിലെ " ചാഞ്ചാടിയാടി  ഉറങ്ങു നീ .... ചെരിഞ്ഞാടിയാടി ഉറങ്ങു നീ "

എന്ന ദുഃഖസാന്ദ്രമായ  താരാട്ട്  കേട്ട് മനം മാഴ്കിയവർ കുറവല്ല. 

'മനസ്സിന്റെ താളം തെറ്റിയ ഒരമ്മയുടെ നിർവികാരാവസ്ഥയിൽ സ്വയമേവ വളർന്നു പോവുന്ന ഒരു കൊച്ചു കുഞ്ഞിന്റെ  അവസ്ഥ ചിത്രീകരിച്ച ഒരു ഗാനം. 

കയ്യൊപ്പ് എന്ന  രഞ്ജിത്ത് സിനിമ  മമ്മൂട്ടിയുടെ കരിയറിലെ ഒരു വ്യത്യസ്ത അനുഭവമായിരിക്കും. അതിലെ ഖുശ്ബു അവതരിപ്പിക്കുന്ന കഥാപാത്രം ഫോണിലൂടെ മമ്മൂട്ടിയുടെ കഥാപാത്രത്തിനെ കേൾപ്പിക്കുന്ന ഒരു അതി തീവ്ര പ്രണയ ഗാനം. ഹിന്ദി വരികൾക്ക് ഈണം പകർന്നത് വിദ്യാസാഗർ . 

" ജൽത്തെ ഹി ജിസ്‌കെലിയേ ."  ഗായത്രിയുടെ ശബ്ദം ഉപകരണ സംഗീതമില്ലാതെ കേട്ടാസ്വദിക്കാൻ പാട്ടിഷ്ടക്കാർക്കു കഴിഞ്ഞു. 

സിനിമയിലല്ലെങ്കിലും  " തിരികെ ഞാൻ വരുമെന്ന വാർത്ത " ( അറബിക്കഥ )    സ്വന്തം സ്വന്തം ബാല്യത്തിലൂടെ ( മധ്യവേനൽ ) എന്നിവ ഗായത്രിയുടെ ആലാപനത്തിലൂടെയും ഹൃദ്യമായി. 

ഋതുവിലെ ഹരിനാരായണന്റെ " പുലരുമോ രാവൊഴിയുമോ " 

മഴകൊണ്ട് മാത്രം മുളക്കുന്ന ( സ്പിരിറ്റ് )  എന്നിവയും ഈണമധുരങ്ങളായി നമ്മെ തഴുകി നിന്നു ..


പ്രധാനപ്പെട്ട ഗാനങ്ങളിലൂടെ മാത്രമേ പോയിട്ടുള്ളൂ... ഇനിയും ഏറെ പാടാൻ പ്രിയ ഗായികയ്ക്ക് അവസരം ലഭിക്കട്ടെ  എന്നാഗ്രഹിക്കുന്നു.