Tuesday, September 20, 2022
ഗാനതല്പത്തിൽ നീ വീണുറങ്ങി ...
ഒരു ഹ്രസ്വകാലം മാത്രം ഈ ഭൂമിയിൽ ജീവിച്ചു മരിച്ചു പോയവരുടെ കഴിവിന്റെ കയ്യൊപ്പുകൾ തേടിപ്പോവുന്നത് അവരോടു ചെയ്യുന്ന നീതി എന്ന് തോന്നാറുണ്ട്. മറവിയിലേക്ക് മാറ്റപ്പെട്ടേക്കാവുന്നതൊക്കെ വീണ്ടും പൊടിതട്ടി പ്രദർശിപ്പിക്കുമ്പോൾ അവർ കാലങ്ങൾക്കു മുൻപ് അവരുടെ പ്രതിഭക്കു തിളക്കം കൊടുത്ത പ്രയത്നങ്ങളുടെ സമ്പാദ്യങ്ങളുടെ പുനരാവിഷ്കാരം പോലെ ആവുകയാണ്. ചലച്ചിത്ര ഗാനങ്ങളുടെ കാര്യത്തിൽ പക്ഷെ അങ്ങിനെ വരുന്നില്ല . അത് വീണ്ടും വീണ്ടും പല മീഡിയകളിലായി പ്ലേ ചെയ്തു കൊണ്ടിരിക്കയാണ്. ഓർക്കേണ്ടവർ ഓർക്കും .
ഏപ്രിൽ 7 ഒരു പ്രസിദ്ധ സംഗീതജ്ഞന്റെ ചരമദിനം കൂടിയായിരുന്നു. ജീവിതത്തിന്റെ ഷഷ്ടിപൂർത്തി പോലുമാവാതെ പൊടുന്നനവെ അസ്തമിച്ചു പോയ ശ്രീ കണ്ണൂർ രാജന്റെ ചരമദിനം. ഇരുപതിൽ താഴെ കൊല്ലങ്ങൾ മാത്രം ചലച്ചിത്രങ്ങളെ പ്രണയിച്ചു കൊണ്ടദ്ദേഹം ഇവിടെ ഉണ്ടായിരുന്നു. തുടക്കം തന്നെ 1974 ൽ ശ്രീ വയലാർ രാമവർമ്മയുടെ വരികളെ സംഗീതവൽക്കരിച്ചു കൊണ്ട് മിസ്റ്റർ സുന്ദരി എന്നൊരു ചിത്രത്തിൽ സഹകരിക്കാൻ കഴിഞ്ഞു. അടുത്ത വർഷം തന്നെ വയലാർ അകാലചരമം പ്രാപിച്ചു . നല്ലൊരു തുടക്കം കിട്ടി കണ്ണൂർ രാജന് എങ്കിലും വയലാർ തൂലികയിലെ സ്വർണ്ണവരികൾക്ക് പിന്നീട് ഈണമധുരം ചാലിക്കേണ്ടിവന്നില്ല .
എങ്കിലും 1976 ൽ പാട്ടാസ്വാദകർ എന്നെന്നും ഓർമ്മിക്കേണ്ടുന്ന രണ്ടു പാട്ടുകൾ സിനിമക്ക് നൽകിക്കൊണ്ട് അദ്ദേഹം ഇവിടെ സ്ഥിരപ്രതിഷ്ഠ നേടി.
എന്തിനെന്നെ വിളിച്ചു നീ വീണ്ടും എന്റെ സ്വപ്ന സുഗന്ധമേ.... എന്ന പ്രസിദ്ധ ശ്രീകുമാരൻ തമ്പി വരികൾ ...
ഓർമ്മകളിലേക്ക് നവ്യസുഗന്ധം വീശുന്ന സംഗീതവും വരികളും . മനസ്സിൽ സ്നേഹിക്കുന്നവരുടെ രൂപങ്ങൾ തെളിയിക്കുന്ന ഊഷ്മളസംഗീതം . മലയാളികളുള്ളിടത്തോളം ഈ ഗാനം ഒരു നിർവൃതി ആയിരിക്കും. സ്വപ്നങ്ങൾക്ക് നിറപ്പകിട്ടേകുന്ന നനവിന്റെ സ്പർശങ്ങളായിരിക്കും ...
അഭിനന്ദനം എന്ന ഐ വി ശശി ചിത്രമാണ് പശ്ചാത്തലം .അതിലെ തന്നെ ഇതേ പോലെയുള്ള മറ്റൊരു ഗാനവുമുണ്ട് .
പുഷ്പതൽപത്തിൽ നീ വീണുറങ്ങി ... എന്ന മഹത്തായ ഗാനം. ശ്രീകുമാരൻതമ്പി എഴുതിയിട്ട മനോഹരമായ വരികളുടെ മാസ്മരികത മുഴുവൻ മിനുക്കിച്ചേർത്ത് കണ്ണൂർ രാജൻ സംഗീതം.. നമ്മുടെയൊക്കെ ജീവിതത്തിന്റെ അനർഘനിമിഷങ്ങളെ ഓർമ്മപ്പെടുത്തുന്നവയോ ...മറ്റെന്തൊക്കെയോ ആണ്....
ചന്ദ്രനും താരകളും കിളിത്തട്ട് കളിക്കും ... എന്ന മറ്റൊരു ഹൃദ്യഗാനം കൂടിയുണ്ടിതിൽ .. മലയാള സിനിമാലോകവും , പ്രേക്ഷകരും അക്കാലത്ത് ഹൃദയത്തിലേക്കടുപ്പിച്ച പ്രണയാങ്കുരങ്ങൾ ..!!!
വരികൾ ആരുടേതായാലും പ്രശ്നമില്ല . പ്രഗത്ഭരായാലും,തുടക്കക്കാരായാലും എന്നതിന് ഒരു തെളിവുണ്ട്. ദേവീ ക്ഷേത്ര നടയിൽ ദീപാരാധന വേളയിൽ... എന്ന ഗാനം ഒരു തുടക്കക്കാരന്റേതായിരുന്നു . ശ്രീ പരത്തുള്ളി രവീന്ദ്രൻ . ആ ഗാനം ഇന്നും പുതുമയോടെ ഓർമ്മിക്കപ്പെടാൻ കാരണം അതിൽ നിറഞ്ഞുതുളുമ്പുന്ന രാഗമാണ് ...പല്ലവി എന്ന ചിത്രം ..
കിനാവിന്റെ കടവില് ഇളനീര് എന്ന ഗാനവും പ്രസിദ്ധം ..
മെലഡികളുടെ ഒരു കൊച്ചു സമ്മേളനം തന്നെയാണ് കണ്ണൂർ രാജൻ പാട്ടുകൾ . എല്ലാ ഗായകർക്കും അദ്ദേഹം അവസരം കൊടുത്തിട്ടുണ്ട് എങ്കിലും ഒരു പ്രാധാന്യം യേശുദാസിനു തന്നെയായിരുന്നു. അത് ചിലപ്പോൾ തുടക്കത്തിലേ ആ രണ്ടു ഗാനങ്ങൾ നിമിത്തം കൂടിയാവാം. തുടർന്നും യേശുദാസ് ആ സങ്കല്പം വീണ്ടും വീണ്ടും പൂവണിയിക്കുകയെ ചെയ്തിട്ടുള്ളൂ...
സോളോ ആയും യുഗ്മഗാനമായും അത് സംഗീതജ്ഞന്റെ അവസാനം വരെ തുടർന്നു .
അസ്തമന സൂര്യന് ദുഖമുണ്ടോ ( ചൂണ്ടക്കാരി )
നീയൊരു വസന്തം എന്റെ മാനസ സുഗന്ധം ( ബീന )
കണ്മണി പെണ്മണിയെ ( കാര്യം നിസ്സാരം )
താളം ശ്രുതിലയ താളം ( കാര്യം നിസ്സാരം )
തൂമഞ്ഞിൻ തുള്ളി തൂവൽ തേടും മിന്നാമിന്നി ( അപ്പുണ്ണി )
ആദ്യചുംബനത്തിൽ എന്റെ അമൃതചുംബനത്തിൽ ( സ്വന്തം ശാരിക)
വിഷുപ്പക്ഷി ചിലച്ചു ( ഇലഞ്ഞിപ്പൂക്കൾ )
ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ( നിന്നിഷ്ടം എന്നിഷ്ടം )
മാനസലോലാ മരതകവർണ്ണാ ( കിങ്ങിണി )
എന്നീ ഗാനങ്ങളിലൂടെ കൊക്കരക്കോ എന്ന അവസാനം ചിത്രം വരെ അത് നീണ്ടു...
തുടക്കക്കാലങ്ങളിൽ ഗായികമാരിൽ എസ് ജാനകി, അമ്പിളി,വാണിജയറാം തുടങ്ങിയവർക്ക് അവസരം കൊടുത്തു . പിന്നീട് ചിത്രയുടെ കാലം വന്നപ്പോൾ അത് കൂടുതൽ ഗായികാ ചരിത്രമാവുകയും ചെയ്തു.
ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ .. ( ബീന )
കൊഞ്ചി നിന്ന പഞ്ചമിയോ ( കാര്യം നിസ്സാരം )
കിന്നാരം തരിവളയുടെ ചിരിയായി ( അപ്പുണ്ണി )
ആ വിരൽ നുള്ളിയാൽ പൊന്നിൻ കുടം ( സ്വന്തം ശാരിക )
ഇതെല്ലാം ചില ഗായികാ സംരംഭങ്ങൾ മാത്രം... ചിത്രക്ക് വേണ്ടി കണ്ണൂർ രാജൻ ഒരുക്കിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ ഗാനസപര്യയിലെ മികച്ച അധ്യായങ്ങളാണ്...
എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിൽ തുടങ്ങിയ ബന്ധം കുറച്ചേറെ മികച്ച ഗാനങ്ങൾക്ക് ഒരു തുടർച്ചയായി...
നിമിഷം സുവർണ്ണ നിമിഷം എന്ന ഗാനം ഒരു ലളിതഗാനത്തിന്റെ എല്ലാ സൗരഭ്യവും പരത്തി ...
ഉദയഗിരിയിറങ്ങി വരും കാറ്റേ ( ഇലഞ്ഞിപൂക്കൾ )
നാദങ്ങളായ് നീ വരൂ ( നിന്നിഷ്ടം എന്നിഷ്ടം )
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ ( പൂവിനു പുതിയ പൂന്തെന്നൽ )
ആരോ ആരോ ആരാരോ ( പൂവിനു പുതിയ പൂന്തെന്നൽ)
പുഷ്യരാഗത്തേരിലേറിയെഴുന്നെള്ളിയെത്തുന്ന ( അഹല്യ )
വീണപാടുമീണമായി ....( വാർദ്ധക്യപുരാണം )
കിട്ടിയ പാട്ടെല്ലാം കനകമായിരുന്നു ചിത്ര എന്ന ഗായികയ്ക്ക് ...
1988 ലെ ചിത്രം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ അവസാന കാലത്ത് കണ്ണൂർ രാജൻ എന്ന സംഗീതജ്ഞനെ ഏറ്റവും ഉയരങ്ങളിൽ എത്തിക്കുകയുണ്ടായി. നല്ല കളക്ഷൻ നേടിയ ചിത്രം. നിറയെ പാട്ടുകൾ. സിനിമ തന്നെ സംഗീതസാന്ദ്രം... അത് വേണ്ട വിധത്തിൽ അദ്ദേഹം കൈകാര്യം ചെയ്തു...
ഈറൻമേഘം ...
പാടം പൂത്ത കാലം...
ദൂരെ കിഴക്കുദിക്കിൻ ...
കാടുമീ നാടുമെല്ലാം ...
എന്നീ ഷിബു ചക്രവർത്തി ഗാനങ്ങളും കൂട്ടത്തിൽ രണ്ടു കീർത്തനങ്ങളൂം കീർത്തി നേടിക്കൊടുത്തു..
നഗുമോ എന്ന ത്യാഗരാജകീർത്തനം.
സ്വാമിനാഥ പരിപാലയ എന്ന മുത്തുസ്വാമി ദീക്ഷിതർ കൃതിയും...
പൊടുന്നനവെ വന്നു ചേർന്ന മരണത്തിനു കീഴ്‌പ്പെടുന്ന സമയത്തും അവസാന ചിത്രത്തിന്റെ പാട്ടുപുരയിൽ ആയിരുന്നു ഇദ്ദേഹം. കൊക്കരക്കോ എന്ന ചിത്രത്തിന് വേണ്ടി ആയിരുന്നുവത്രെ അവസാന ഈണമൊരുക്കൽ ...ഇനിയുമെത്രയോ പിറക്കേണ്ടതായിരുന്നു... പിറക്കാതെ പോയ ആ ഗാനങ്ങളെ ഓർത്തുകൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നു ...
Subscribe to:
Post Comments (Atom)
No comments:
Post a Comment