Tuesday, May 28, 2024
മലയാളത്തിന്റെ മഞ്ജരി .
ശാസ്ത്രീയമായി അഭ്യസിക്കാത്തവർ പോലും സിനിമയിൽ പാട്ടു മേഖലയിൽ ഉയരങ്ങളിൽ എത്തിയിട്ടുണ്ട്. പ്രസിദ്ധ ഗായകരായി അവർ മാറുകയും ചെയ്തു . ജന്മനാ കിട്ടിയ കഴിവുകൾ തേച്ചുമിനുക്കപ്പെട്ടത് സിനിമയിൽ നിന്ന് തന്നെ . മറ്റേതൊരു ക്ലാസ്സിക്കൽ ഗായകരേക്കാളും മികച്ച രീതിയിൽ പാടാൻ തങ്ങൾക്ക് കഴിയും എന്നവർ തെളിയിക്കുകയും ചെയ്തു . അടിസ്ഥാനം മാത്രമല്ല കാര്യം പരിശീലനം കൂടി വേണം എന്നതല്ലേ ഇത് തെളിയിക്കുന്നത്. ഇതൊക്കെ ഉണ്ടായിട്ടും കൂടുതൽ ശ്രദ്ധിക്കപ്പെടാതെ പോയ ഗായകർ ഏറെ ഉണ്ട് നമുക്ക്. ഒറ്റ ഗാനത്തിലൂടെ എന്നെന്നും ഓർമ്മിക്കുന്നവർ . ചിലർക്ക് കുറച്ചേറെ അവസരങ്ങൾ കിട്ടിയിട്ടുണ്ടാവും. എന്നാൽ മികച്ചതെന്ന് അവർക്ക് പോലും അവകാശപ്പെടാൻ ആവാത്തതാവും ..എന്നിരുന്നാലും ചിലരെ ഒന്നോർത്തുനോക്കാം.
മേടമാസക്കുളിരിലാരെ നീ എന്ന അഷ്ടമുടിക്കായലിലെ ഹിറ്റ് ഗാനം പാടിക്കൊണ്ട് വന്ന ഷെറിൻ പീറ്റേഴ്‌സ് എന്ന ഗായികയ്ക്ക് പിന്നീടിന്നു വരെ ഓർക്കത്തക്ക മറ്റൊരു പാട്ട് ലഭിച്ചിട്ടില്ല. പിന്നീട് കുറച്ചേറെ ചിത്രങ്ങളിൽ കോറസ് പോലെ ഒക്കെ പാടിയെങ്കിലും ആദ്യഗാനത്തിന്റെ ആ സ്വരമാധുരി കൈവരുത്താൻ മറ്റൊരു പാട്ട് .കൈവന്നതായി അറിവില്ല...
1982 ൽ നല്ലൊരു യുഗ്മഗാനവുമായി വന്ന ഗായകനാണ് സതീഷ്ബാബു. " മെല്ലെ നീ മെല്ലെ വരൂ" എന്ന ഗാനം എസ് ജാനകിക്കൊപ്പം അതിമനോഹരമായി ആലപിച്ച സതീഷ്ബാബു.
ധീരയിലെ ആ ഗാനത്തിന് ശേഷം യുവജനോത്സവത്തിൽ ജാനകിക്കൊപ്പം തന്നെ " ആ മുഖം കണ്ട നാൾ " എന്നതും ആലപിക്കാൻ കഴിഞ്ഞിരുന്നു,. വല്ലാതെ മനസ്സിനെ സ്പർശിക്കുന്ന ഒരു ശബ്ദത്തിന്റെ ഉടമ ആണിദ്ദേഹം. അതിനു മറ്റൊരു ഉദാഹരണം കൂടി ഉണ്ട്.. പട്ടണപ്രവേശത്തിലെ " ശിശിരമേ നീ ഇതിലെ വാ " എന്ന ഗാനം ശ്രദ്ധിച്ചു കേൾക്കുക. കൂടുതൽ ഗാനങ്ങൾ ഇദ്ദേഹത്തിൽ നിന്നും നമുക്ക് കേൾക്കാൻ കഴിയാത്തതിൽ ദുഃഖം തോന്നും...
1999 ൽ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ " പൊന്നിൻ വളകിലുക്കി " എന്ന ഗാനവുമായി കടന്നു വന്ന സന്തോഷ് കേശവ് തീർച്ചയായും ഇവിടെ നിലയുറപ്പിക്കും എന്ന് കരുതിയിരുന്നു. ഔസേപ്പച്ചന്റെ കണ്ടെത്തൽ അതിഗംഭീരം . വേറിട്ടൊരു ശബ്ദം വന്നല്ലോ എന്ന് കരുതി. എന്നാൽ പിന്നീട് ചില ചിത്രങ്ങളിൽ പാടിയെങ്കിലും ശ്രദ്ധ നേടിയവ ഇല്ല തന്നെ. ഡാർലിംഗ് ഡാർലിംഗിലെ " പ്രണയസൗഗന്ധികങ്ങൾ ഇതൾ വിടർന്ന കാലം" മാത്രം ലിസ്റ്റിൽ ഉൾപ്പെടുത്താം...
ഇനിയുമുണ്ടേറെ .. സകലകഴിവോടെയും പാടാൻ വന്നിട്ടും ഇന്നത്തെ കാലത്തിന് പൂർണമായും ഉൾക്കൊള്ളാൻ ആവാതെ പോയ ഒരു ഗായികയെ കുറിച്ച് പറയാൻ വന്നതാണ്. തുടക്കം മറ്റു ചില മുഖങ്ങളിലൂടെ കടന്നു പോയി എന്ന് മാത്രം..
സത്യൻ അന്തിക്കാട് പരിചയപ്പെടുത്തിയ ഗായികയാണ് മഞ്ജരി ..
ഉറച്ച പാട്ടറിവുമായി നമ്മളിലെ രസങ്ങളിലേക്കു ചേക്കേറാൻ വന്നവൾ . ആദ്യ വരവും സുന്ദരം തന്നെ..
ശ്വാസത്തിൻ താളം തെന്നലറിയുമോ എന്ന ഗാനം യേശുദാസുമൊത്ത് .. അതിലെ തന്നെ " താമരക്കുരുവിക്ക് തട്ടമിട് "
എന്നതും.. തുടക്കം ഗംഭീരം . ഇളയരാജയല്ലേ സംഗീതം. രാജ ഈ സംഗീത മഹത്വം തിരിച്ചറിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ് പിന്നീട് മലയാളത്തിൽ സംഗീതം ചെയ്യാൻ വരുമ്പോൾ മഞ്ജരിക്ക് ഒരു പാട്ട് ഉണ്ടാവും..
തുടക്കം തന്നെ അവാർഡും കരസ്ഥമാക്കി മഞ്ജരി .
മകൾക്ക് എന്ന അത്യുജ്വല സിനിമയിലെ " മുകിലിൻ മകളേ " എന്ന 'അമ്മ നൊമ്പരം അത്രമേൽ തീവ്രമാക്കി ഈ ഗായിക . കൈതപ്രം എഴുതിയ വരികൾക്ക് രമേശ് നാരായണന്റെ സംഗീതം...
സംസ്ഥാന അവാർഡ് നേടീ ഈ ഗാനം.
ഇളയരാജയുടെ സംഗീത സാമ്രാജ്യത്തിലൂടെ കടന്നുപോവാൻ കഴിഞ്ഞത് മഞ്ജരി ഭാഗ്യം.
ഒരു ചിരിയോ കണ്ടാൽ കണികണ്ടാൽ (പൊന്മുടിപ്പുഴയോരത്ത് )
ആറ്റിൻകരയോരത്ത് ( രസതന്ത്രം )
പൊന്നാവണി പാടം തേടി ( രസതന്ത്രം)
കയ്യെത്താ കൊമ്പത്ത് കണ്ണെത്തണം ( വിനോദയാത്ര)
ഇത്രയെങ്കിലും ഇളയരാജയിൽ നിന്നും കിട്ടി. മഞ്ജരിയുടെ സിനിമാ ഗാനങ്ങളിൽ ഇവയൊക്കെ തന്നെയാണ് മികച്ചതും...
സിനിമാഗാനങ്ങളെക്കാളും മഞ്ജരി അറിയപ്പെടുന്നത് ഒരു ഗസൽ ഗായിക എന്ന നിലയിലാണ്. മലയാളം , തമിഴ്, തെലുഗ് ഭാഷകളിൽ പാടിയെങ്കിലും തന്റെ ഗസൽ വൈദഗ്ദ്യം തെളിയിക്കുന്ന പാട്ടുകൾ അങ്ങിനെ കിട്ടിയിട്ടില്ല... മുകിലിൻ മകളെ എന്നതിലെ സ്പർശം മറക്കുന്നില്ല..
ഗസൽ ഗായിക എന്ന നിലയിൽ ഇന്ത്യയൊട്ടാകെ വേദികൾ കീഴടക്കിയിട്ടുണ്ട് മഞ്ജരി . അന്താരാഷ്ട്ര തലങ്ങളിൽ പോലും അറിയപ്പെടുന്നു.. അത് ഒരു ഇന്റർനാഷണൽ അവാർഡ് നേടുന്നതിൽ വരെ എത്തി. സാഹിർ ആൻഡ് അദീബ് അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞതിൽ ഉറുദു സാഹിത്യത്തിലും ഗസലിലും ഇവർ നേടിയ പ്രാവീണ്യം തന്നെ..
മലയാളത്തിൽ ഇരുന്നൂറിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട് മഞ്ജരി.
പിണക്കമാണോ എന്നോടിണക്കമാണോ ( അനന്തഭദ്രം )
ഏഴാം ബഹറിന്റെ വാതിൽ തുറന്നോളെ ( ദൈവനാമത്തിൽ )
പാഹിപരം പൊരുളേ ( വടക്കുന്നാഥൻ )
എന്തേ കണ്ണന് കറുപ്പ് നിറം ( ഫോട്ടോഗ്രാഫർ )
മഴയിൽ രാത്രി മഴയിൽ ( കറുത്ത പക്ഷികൾ )
നിലാവിനെ തൂവൽ തൊടുന്ന പോലെ ( മൂന്നാമതൊരാൾ )
ഇനിയും മൗനമോ ( നോട്ടുബുക്ക് )
നേരാണേ എല്ലാം നേരാണേ ( പോത്തൻ വാവ )
കൈ നിറയെ വെണ്ണ തരാം ( ബാബ കല്യാണി )
മുറ്റത്തെ മുല്ലേ ചൊല്ല് ( മായാവി )
ഉറങ്ങാൻ അങ്ങെനിക്കരുകിൽ വേണം( നോവൽ)
ഒന്നിനുമല്ലാതെ ( നോവൽ)
തേനുണ്ടോ പൂവേ ( യക്ഷിയും ഞാനും )
ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന ( ഉറുമി )
എന്തിനെന്നറിയില്ല ( മൈ ബോസ് )
തുടങ്ങിയ ഗാനങ്ങൾ പാട്ടസ്വാദകർക്ക് മറക്കാനാവില്ല. ദീപക് ദേവ് , എം ജയചന്ദ്രൻ , അലക്സ് പോൾ , ഉമ്പായി, ,മെജോ ജോസഫ് ,മോഹൻ സിതാര , ജോൺസൻ , രവീന്ദ്രൻ, എം ജി രാധാകൃഷ്ണൻ , കൈതപ്രം വിശ്വനാഥ് എന്നിവരൊക്കെ ഈണമധുരങ്ങൾ നല്കിയിട്ടുണ്ട് മഞ്ജരിക്ക് .
മലയാളത്തിൽ രണ്ടു സ്റ്റേറ്റ് അവാർഡുകൾ നേടിയ അനുഗ്രഹീത ഗായിക ഇനിയും ഇവിടെ വേണം.. ഒട്ടേറെ പാട്ടുകൾ ഇനിയും കേൾക്കാനുണ്ട് . ഇന്ന് റിയാലിറ്റി ഷോകളുടെ ജഡ്ജസ് ആയി തിളങ്ങുന്നു മഞ്ജരി... പക്ഷെ മലയാളി പാട്ടാസ്വാദകർക്ക് അത് പോരാ.. അവർ ഇനിയും പാടണം ... അടുത്തിറങ്ങിയ ആയിഷ എന്ന ചിത്രത്തിലെ ഹരിനാരായണന്റെ വരികൾ ആലപിച്ചുകൊണ്ട് താനിവിടെ ഉണ്ട് എന്നറിയിക്കുന്നു മഞ്ജരി....
രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി
സംഗീതം നമുക്ക് തരുന്ന അനുഭവത്തെ എങ്ങിനെ വാക്കുകളാൽ വിവരിക്കും ! അസാധ്യം. പൂർണമാവാത്ത കുറിപ്പുകളാവും എല്ലാം. എത്ര പറഞ്ഞാലും തീരാതെ വിവശതയോടെ നിർത്തേണ്ടി വരും. അത്രയേറെ ഉണ്ട് സിനിമാ സംഗീതത്തിന്റെ അറിവാഴങ്ങൾ . ആരെയൊക്കെ കുറിച്ച് പറയും. ആരെ മുന്നിൽ നിർത്തും. മികച്ചത് ഏത് എന്നിവയിലൊക്കെ തീരുമാനം എടുക്കാനാവാതെ കുഴങ്ങും. വെറുതെ കേട്ട് പോകുന്നവർക്ക് അതൊന്നും ബാധകമല്ല . നല്ലതിനെ തേടി പോവുമ്പോഴാണ് ആസ്വാദകൻ ബുദ്ധിമുട്ടുന്നത്. തിളങ്ങുന്ന സുവർണ്ണ കാലത്തിന്റെ മഹാപ്രഭയിൽ നിന്നും ഒരു കാലത്തും വേർപെടുത്താനാവാതെ മനസ്സ് ഉടക്കി കിടക്കും. ഇന്നിന്റെ സ്പീഡ് സംഗീതത്തിന്റെ ഇടയിൽ നിന്ന് തിരഞ്ഞെടുക്കാൻ പ്രയാസമില്ല. എന്നാൽ അറുപത് , എഴുപത് , എൺപത്, തൊണ്ണൂറു കാലങ്ങളിലെ ഗാനങ്ങളിൽ നിന്ന് മികച്ചത് തിരഞ്ഞെടുക്കുമ്പോൾ ആണ് സകലതും കീഴ്മേൽ മറിയുന്നതും, ഒന്നിനൊന്ന് മികച്ചത് കണ്ടെത്തുന്നതും... ആമുഖമായി പറഞ്ഞെന്നു മാത്രം...
ഒരു വ്യക്തിയുടെ സംഗീതകൂട്ടത്തിൽ നിന്നും ഒന്നാമതായി തിരഞ്ഞെടുക്കുമ്പോൾ പോലും പതറും. ചിലരുടെ ... അതും പോരാതെ ഒരു കൂട്ടുകെട്ടിൽ നിന്നും കണ്ടെത്താൻ ശ്രമിച്ചാലോ!
ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച ഒരു സംഗീതജ്ഞൻ നമ്മെ വിട്ടുപിരിഞ്ഞ ദിവസം ആണ്. ഏറെ കാലം ഒന്നുമായിട്ടില്ല . മൂന്നാം ചരമ വാർഷികം. ശ്രീ എംകെ അർജുനൻ മാസ്റ്റർ . അറുപതുകളുടെ അവസാനം തന്റെ പാട്ട് സപര്യ തുടങ്ങിയ ഇദ്ദേഹം ഇങ്ങു 2018 വരെ അത് തുടർന്നു .എഴുപത് എൺപത് കാലഘട്ടം ആ മാധുര്യ ധാര നുകർന്ന് നുകർന്ന് മത്ത് വന്നവർ നമ്മൾ. എന്നിട്ടും അതിൽ കീഴ്പെട്ടു കിടക്കാൻ ഇന്നും മോഹം.. പറഞ്ഞാലും പറഞ്ഞാലും തീരാത്ത മാഹാത്മ്യം!!
എം കെ അർജുനൻ സംഗീതം ചെയ്ത തുടങ്ങിയ തുടക്കം മുതൽ തന്നെ അദ്ദേഹത്തിന് വരികൾ നൽകിയ മലയാളത്തിന്റെ ശ്രീ ശ്രീകുമാരൻതമ്പി ... ഇവരുടെ പാട്ടിന്റെ പാലാഴി മഥനം ഒന്നനുഭവിച്ചറിയേണ്ടതാണ് ! എം കെ അർജുനൻ ഈണം പകർന്ന ഉശിരൻ ഗാനങ്ങളേറെയും ശ്രീകുമാരൻ തമ്പി രചന നിർവഹിച്ചവയാണ് . കരളിൽ തൊട്ടത് പറയാം...
1969 ൽ അതിന്റെ ആദ്യ തീപ്പൊരി വീണു. അത് പിന്നെ കത്തിപടർന്നു .. ചൂടും , ചൂരും നൽകി ആ പ്രവാഹം...
റസ്റ്റ് ഹൌസ് ..
അതിലെ ഏതു പാട്ട് ആദ്യമെഴുതും...
യമുനേ ... യദുകുല രതിദേവനെവിടെ എന്ന യുഗ്മ ഗാനം അതുവരെ കേട്ടതിൽ നിന്നൊക്കെ വ്യത്യസ്തമായൊരു രീതി...ഇന്നുമതിനെ മറികടക്കാൻ ആയിട്ടില്ല ആർക്കും!
പൗർണമി ചന്ദ്രിക തൊട്ടു വിളിച്ചു
പത്മരാഗം പുഞ്ചിരിച്ചു...\
ഈ സോളോ എത്ര പേർ ഇന്ന് മറന്നു പോയിട്ടുണ്ട്. കേട്ടവർ ആരും മറക്കില്ല.
മുത്തിലും മുത്തായ മണിമുത്ത് കിട്ടി ..
എന്നതും ഒട്ടും മോശമായിരുന്നില്ല.
പാടാത്ത വീണയും പാടും .
പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ...
എന്ന ദുഃഖാനുരാഗ ഗാനം പകർന്ന വേദന ഇന്നും ത്രസിക്കുന്നുള്ളിൽ...
തുടർന്ന് രക്തപുഷ്പം എന്ന ചലച്ചിത്രം.
സിന്ദൂരപ്പൊട്ടു തൊട്ട് ....
നീലക്കുട നിവർത്തി ...
മലരമ്പനറിഞ്ഞില്ല ...
ഈ ഗാനങ്ങളൊക്കെ രണ്ടുപേർക്കും കൊടുത്ത മൈലേജ് അപാരമായിരുന്നു. സംഗീതത്തിന്റെ മികവിൽ ആരെയും വെട്ടിക്കും അർജുനൻ മാസ്റ്റർ . ശ്രീകുമാരൻ തമ്പി വരികൾ കൊടുത്ത ശക്തിയെ ഒരിക്കലും നിഷേധിക്കാനും ആവില്ല. ആ വരികൾ ഇല്ലെങ്കിൽ ഈ സംഗീതമില്ല. തിരിച്ചും....
സിനിമകൾ തിരക്കഥയിലോ, സംവിധാനത്തിന്റെ സുന്ദരമാവണമെന്നില്ല അക്കാലത്തു പാട്ടുകൾ ഹിറ്റാവാൻ..
സി ഐ ഡി നസീർ എന്ന സിനിമയിലെ എക്കാലത്തെയും സമ്പൂർണ്ണ ഹിറ്റ് .
നിൻ മണിയറയിലെ എന്ന ഗാനത്തിന്റെ പശ്ചാത്തല സംഗീതം പോലും വ്യത്യസ്തം...
ബ്രഹ്മാനന്ദനെ എന്നുമോർക്കാൻ ഈ ഗാനം മാത്രം മതി...
നീല നിശീഥിനീ ..
നിൻ മണിമേടയിൽ
നിദ്രാവിഹീനനായ് നിന്നു ....
പുഷ്പ്പാഞ്ജലിയിലെ സുശീല പാടിയ ഗാനം ആ ഗായികയുടെ ശബ്ദമാധുര്യത്തിന്റെ അളവ് അളക്കാനാവാതെ കുഴങ്ങും ...
നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നു
നവരത്ന ചിത്രവേദി ഒരുങ്ങി നിന്നു .
എഴുത്തിന്റെ ഗംഭീര തുടക്കം, സംഗീതത്തിന്റെ മിഴി നനയ്ക്കുന്ന വരവ് എന്നിവയൊക്കെ ഈ ഗാനത്തിന്റെ പ്രത്യേകത .
പവിഴം കൊണ്ടൊരു കൊട്ടാരം..
പ്രിയതമേ പ്രഭാതമേ ...
എന്നിവയ്ക്ക് പുറമെ ദുഃഖഗാനങ്ങൾക്കു ഇവർ രണ്ടു പേരും കൊടുക്കുന്ന ഒരുറപ്പുണ്ട് ... അത് നമ്മൾ പാടാത്ത വീണയും പാടും എന്നതിൽ അനുഭവിച്ചത്!
പിന്നീട് പുഷ്പാഞ്ജലിയിലെ ദുഃഖമേ നിനക്ക് പുലർകാല വന്ദനം എന്നതിൽ വീണ്ടും അനുഭവിക്കും...
എഴുതിയാൽ എത്രയെഴുതും!! ഈ അനുഭവങ്ങളെ പറ്റി !
കുറച്ചേറെ ഗാനങ്ങൾ എഴുതുന്നു... അനുഭവങ്ങൾ കേട്ടറിയുക...
അന്വേഷണം
ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ..
പഞ്ചമി ചന്ദ്രിക പൂപ്പന്തൽ കെട്ടി...
മാനത്ത് നിന്നൊരു നക്ഷത്രം വീണു..
പഞ്ചവടി
നക്ഷത്ര മണ്ഡല നടതുറന്നു..
ചിരിക്കു ചിരിക്കു ചിത്രവർണ്ണ പൂവേ..
പത്മവ്യൂഹം
കുയിലിന്റെ മണിനാദം കേട്ടു ..
നക്ഷത്ര കണ്ണുള്ള സുന്ദരിപ്പെണ്ണേ...
ആദാമിന്റെ സന്തതികൾ ..
പഞ്ചവടിയിലെ ...
സിന്ദൂരകിരണമായ് ...
പാലരുവിക്കരയിൽ ...
അജ്ഞാതവാസം
ഉദയസൗഭാഗ്യ താരകയോ ...
മുത്തുകിലുങ്ങി മുത്തുകിലുങ്ങി ...
ഇത് മനുഷ്യനോ!
സുഖമൊരു ബിന്ദു ....
ഹണിമൂൺ
മല്ലികപ്പൂവിൻ മധുരഗന്ധം...
പൂന്തേനരുവി
നന്ത്യാർവട്ട പൂ ചിരിച്ചു...
ഹൃദയത്തിനൊരു വാതിൽ ...
പുലിവാല്
പാതിരാനക്ഷത്രം കതകടച്ചു...
ലജ്‌ജാവതി ...
സിന്ധു
ചന്ദ്രോദയം കണ്ട് കൈകൂപ്പി നിൽക്കും...
ചെട്ടികുളങ്ങര ഭരണി നാളിൽ...
തേടി തേടി ഞാനലഞ്ഞു...
ചട്ടമ്പിക്കല്യാണി
സിന്ദൂരം തുടിക്കുന്ന...
ജയിക്കാനായ് ജനിച്ചവൻ ഞാൻ ...
പൂവിനു കോപം വന്നാൽ...
നാലുകാലുള്ളൊരു...
പത്മരാഗം
സാന്ധ്യതാരകേ മറക്കുമോ...
ഉഷസാം സ്വർണ്ണ താമര വിടർന്നു...
ഉറങ്ങാൻ കിടന്നാൽ...
തിരുവോണം
തിരുവോണപ്പുലരി തൻ ...
എത്ര സുന്ദരി എത്ര പ്രിയങ്കരി ...
ആ തൃസന്ധ്യതൻ ...
അഷ്ടമിരോഹിണി
രാരീരം പാടുന്നു രാക്കിളികൾ ...
പിക്നിക്
ചന്ദ്രക്കല മാനത്ത് ...
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി...
ശിൽപ്പികൾ നമ്മൾ,,,
ഓടിപ്പോകും വസന്തകാലമേ...
തേൻപൂവേ നീയൊരല്പം...\
പ്രവാഹം
സ്നേഹഗായികേ ...
സ്നേഹത്തിൻ പൊൻവിളക്കേ ...
മാവിന്റെ കൊമ്പിലിരുന്നോരു...
സീമന്തപുത്രൻ
സങ്കല്പത്തിൻ സ്വർണ്ണമരം പൂവണിഞ്ഞു..
കന്യാദാനം
രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി ...
ആടാതെ തളരുന്ന...
വിധുമുഖീ നിൻ...
ശംഖുപുഷ്പം
സപ്തസ്വരങ്ങളാടും ...
ആയിരം അജന്താ ചിത്രങ്ങളിൽ...
സ്വപ്നത്തിൽ നിന്നൊരാൾ ചോദിച്ചു...
ശാന്ത ഒരു ദേവത
നിലവിളക്കിൻ ചിരി...
മധുരസ്വപ്നം
താരുണ്യ പുഷ്പവനത്തിൽ ...
മംഗലപാലതൻ....
കാത്തിരുന്ന നിമിഷം
ചെമ്പകത്തൈകൾ പൂത്ത...
കാറ്റിലോളങ്ങൾ കെസ്സ് പാടും...
ശാഖാ നഗരത്തിൽ...
ജയിക്കാനായി ജനിച്ചവൻ
ചാലകമ്പോളത്തിൽ ...
അരയാൽ മണ്ഡപം...
കാവടി ചിന്തു പാടി...
ഏഴു സ്വരങ്ങൾ തൻ ഇന്ദ്രജാലമെ ...
അള്ളാവിൻ തിരുസഭയിൽ...
അജ്ഞാത തീരങ്ങൾ
ഒരു പൂവിനെന്തു സുഗന്ധം...
കഴുകൻ
ചന്ദനക്കുളിർ ചൂടി വരും കാറ്റ്...
അഗ്നിശരം
വരുന്നു വന്നു സ്നേഹത്തിൻ പൂപ്പാലിക ..
ഒരു കൂട്ടുകെട്ടിലെ മിക്കവാറും ഗാനങ്ങൾ ഞാനിവിടെ നിരത്തിയിട്ടുണ്ട്. ഒന്നുമൊഴിവാക്കാൻ ആവില്ല. 1981 വരെ അനസ്യൂതം തുടർന്നു ... പിന്നീട് ഒന്ന് രണ്ടു സിനിമകൾ കൂടി...
നായിക എന്ന ചിത്രത്തിൽ കാലങ്ങൾക്കു ശേഷം അവർ ഒന്നിച്ചു...
നായികയിലെ നിലാവ് പോൽ ഒരമ്മ എന്ന ഗാനം വീണ്ടും പലതുമോർമ്മിപ്പിച്ചു.... നന്ദിയോടെ ... നനയും നിൻ മിഴിയോരം കേട്ടു ....
2018 ജയരാജിന്റെ ഭയാനകം എന്ന ചിത്രത്തിൽ അവസാന ഗാനങ്ങൾ സമർപ്പിച്ചു രണ്ടു പേരും... നീണ്ട സംഗീത യാത്രയിൽ കേരള സർക്കാർ എം കെ അർജുനൻ മാസ്റ്റർക്ക് കൊടുത്ത ഏക പുരസ്കാരം.... ഭയാനകത്തിലെ ഗാനങ്ങൾക്ക്... അവസാന കാലത്ത് അതേറ്റു വാങ്ങി അദ്ദേഹം... അതും ശ്രീകുമാരൻ തമ്പി രചിച്ച വരികൾക്ക്...രണ്ടു വർഷം കഴിഞ്ഞദ്ദേഹം നമ്മെ വിട്ടു പിരിയുകയും ചെയ്തു... ശരീരമില്ലെങ്കിലും സംഗീതമെന്ന ആത്മാവ് ഇവിടെ ഉണ്ട്... അലയടിച്ചു കൊണ്ടേയിരിക്കും......
കിനാവിൽ വന്ന മധുരം .
..
ശബ്ദമാധുര്യത്തിന്റെ കാര്യത്തിൽ ഒരു തർക്കവുമില്ല . ഉച്ചസ്ഥായിയിൽ പാടാൻ വളരെയേറെ കഴിവുള്ള ഗായകൻ . മറ്റെന്തു കൊണ്ടും പാട്ടിന്റെ അരങ്ങത്ത് എത്തേണ്ടവൻ . എന്നിട്ടും മലയാള സിനിമ ഈ ഗായകന്റെ ശബ്ദം അധികം ഉപയോഗപ്പെടുത്തിയതായി അറിവില്ല. എറണാകുളം സ്വദേശിനി ആയ ശ്രീ മധു ബാലകൃഷ്ണൻ .
തുടക്കം തന്നെ ശ്രദ്ധിക്കപ്പെടാത്തതും, റിലീസ് ആവാത്തതും ആയ സിനിമകളിൽ ഗാനങ്ങൾ പാടിയത് ഒരു കുറവായി കാണാനാവില്ല.
1999 ൽ ഇറങ്ങിയ ഉദയപുരം സുൽത്താനിലെ കൈതപ്രം രചനയിൽ പാടിയ കനകസഭാതലം മമ ഹൃദയം കേട്ടാൽ അടിത്തറ ഭദ്രമാക്കി പാടാൻ ഇറങ്ങിയ ഒരുജ്വല ഗായകനെ അറിയാം... എന്നിട്ടും തന്റെ നില ഭദ്രമാക്കാൻ ഏറെ പാടുപെടേണ്ടി വന്നു ഇദ്ദേഹത്തിന് . പൂമാനം പൂത്തുലഞ്ഞു എന്ന ഉത്രം നക്ഷത്രത്തിലെ ഇറങ്ങാത്ത ഗാനം സുന്ദരമായിരുന്നു. സണ്ണി സ്റ്റീഫൻ എന്ന സംഗീത സംവിധായകനെ മലയാള സിനിമ പിന്നീട് ഉപയോഗപ്പെടുത്താത്തതിലുള്ള സങ്കടവും ഇവിടെ രേഖപ്പെടുത്തുന്നു. ഉത്രം നക്ഷത്രത്തിലെ " അനുഭൂതി പൂക്കും നിൻ മിഴികളിൽ " എന്ന ചിത്ര പാടിയ ഒരു ഗാനം മതി സണ്ണി സ്റ്റീഫനിലെ സംഗീതസംവിധായകനെ അറിയാൻ...
തുടക്കം ശ്രദ്ധിക്കപ്പെടാതിരുന്നിട്ടും സംസ്ഥാന അവാർഡ് മധു ബാലകൃഷ്ണനെ തേടി വന്നു. പിന്നീടുള്ള മധുവിന്റെ ഭക്തിഗാനങ്ങളിലേക്കുള്ള ഒരു കുതിപ്പിന് നിതാനമായി ഈ അവാർഡ് എന്നത് ശ്രദ്ധേയം. മലയാള സിനിമ പിന്നീടും ഈ ഗായകനെ വേണ്ട വിധം അംഗീകരിച്ചില്ല ..
അമ്മേ അമ്മേ കണ്ണീർ തെയ്യം തുള്ളും എന്ന വാൽക്കണ്ണാടിയിലെ രമേശൻ നായരുടെ വരികൾക്ക് ജയചന്ദ്രൻ സംഗീതം ചെയ്ത ഗാനമായിരുന്നു അവാർഡ് നേടിയത്. ശബ്ദത്തിലെ ഭക്തിയും, തീവ്രതയും ,ഉണർവും, ഭാവവും എല്ലാം അവാർഡ് കമ്മിറ്റി തിരിച്ചറിഞ്ഞിട്ടുണ്ടാവും ..
അവാർഡിന്റെ തുടർച്ചയെന്നോണം 2002 , 03 .04 വർഷങ്ങളിൽ കുറച്ചു നല്ല പാട്ടുകൾ നേടാൻ കഴിയുകയുണ്ടായി.
മറ്റു പല ഗായകരും നേടിയ സൗഭാഗ്യം ഇദ്ദേഹത്തിനും കിട്ടുകയുണ്ടായി. അതായത് മലയാള സിനിമ സംഗീത സംവിധായകരേക്കാൾ നല്ല പാട്ടുകൾ നൽകിയത് അന്യഭാഷാ സംഗീത സംവിധായകർ ആണ്..
മികച്ച ഉദാഹരണങ്ങൾ ഇതാ ...
പൊന്നാവണി പാടം തേടി ( രസതന്ത്രം -- ഇളയരാജ )
മന്ദാരപ്പൂ മൂളി കാതിൽ ( വിനോദയാത്ര -- ഇളയരാജ )
രാവേറെയായ് പൂവേ ( റോക് ആൻഡ് റോൾ -- വിദ്യാസാഗർ )
എങ്ങു നിന്നോ വന്ന പഞ്ചവർണക്കിളി ( കൽക്കട്ട ന്യൂസ് -- ദേബ് ജ്യോതി മിശ്ര)
മനസ്സിലൊരു പൂമാല ( ഇന്നത്തെ ചിന്താവിഷയം --- ഇളയരാജ)
ആര് തരും ഇനിയാര് തരും ( മേക്കപ്പ്മാൻ -- വിദ്യാസാഗർ )
എന്നിവ ശ്രദ്ധിച്ചു കേട്ടാൽ മതിയാവും..
എങ്കിലും തുടക്കത്തിൽ ജോൺസൻ സംഗീതത്തിൽ ആലപിക്കാൻ ഭാഗ്യം സിദ്ധിച്ചു. എം ജയചന്ദ്രൻ ബാലകൃഷ്ണന്റെ കരിയറിലെ കുതിപ്പിന് ഊർജം പകർന്ന സംഗീതജ്ഞനാണ് ..
അമ്മേ അമ്മെ കണ്ണീർ തെയ്യം തുള്ളും ( വാൽക്കണ്ണാടി )
എന്ന തുടക്കത്തിലൂടെ പുരസ്കാരവും നേടിക്കൊടുത്തു . തുടർന്ന് വന്ന പെരുമഴക്കാലത്തിലെ യുഗ്മഗാനം അർദ്ധ ക്ലാസിക്കൽ ഭാവത്തിനെ കൂടുതൽ ഉയരങ്ങളിലേക്ക് എടുത്തുവെക്കുകയും ചെയ്തു.
ചെന്താർ മിഴി പൂന്തേൻ മൊഴി എന്ന കൈതപ്രം ഗാനം..
മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ ( അമൃതം )
എന്നിവയും എടുത്തുപറയാവുന്നത്..
മലയാളത്തിൽ പാടുമ്പോഴും കന്നഡ ,തമിഴ് , തെലുഗു ഭാഷകളിൽ തിളങ്ങി മധു ബാലകൃഷ്ണൻ . തമിഴ്‌നാട് കലാകാരന്മാരുടെ കഴിവുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്ഥാനമാണ്. തമിഴിൽ നിന്നും സംസ്ഥാന അവാർഡും , കലൈമണി പുരസ്കാരവും ഇദ്ദേഹം നേടി .
മലയാളത്തിലേക്ക് അന്യഭാഷാ ചിത്രങ്ങൾ ഡബ്ബ് ചെയ്യുമ്പോൾ പാട്ടും മലയാളീകരിക്കാറുണ്ടല്ലോ .. എന്നാൽ പാട്ടുകൾ അത്ര ശ്രദ്ധിക്കപ്പെടാറില്ല. വികലമായ വരികൾ തന്നെ പലപ്പോഴും അതിനു കാരണം. എന്നാൽ മധു ബാലകൃഷ്ണൻ പാടിയ ചില ഗാനങ്ങൾ വളരെയേറെ അംഗീകരിക്കപ്പെടുകയുണ്ടായി . മലയാളികൾ പാടി നടക്കുകയും ചെയ്തു.
ഉദാഹരണത്തിന്
എൻ മനസ്സ് നീ കവർന്നു ( പ്രണയമായ് -രാജ് കോട്ടി )
കിനാവിൽ വന്നു നീ ( മഞ്ഞു പെയ്യും മുൻപേ )
എന്നിവ മലയാള ഗാനം അല്ല എന്ന് പറയില്ല...
പാർത്ഥിപൻ കനവ് , മധുരേയ് , ചന്ദ്രമുഖി ,എന്നീ തമിഴ് ചിത്രങ്ങളിലെ ഗാനങ്ങൾ നേടിയെടുത്ത പ്രസിദ്ധി മലയാളം കൊടുക്കുകയുണ്ടായില്ല...
എന്നാലും ...
നൊമ്പരക്കൂട്ടിലെ തിങ്കൾ ( യാത്രക്കാരുടെ ശ്രദ്ധക്ക് )
കുട്ടനാടൻ കായലിലെ ( കാഴ്ച )
നിറയൗവനത്തിന്റെ വെയിലസ്തമിക്കുന്നു ( ശീലാബതി)
ചെന്താമരയെ വാ ( തസ്കരവീരൻ)
വാവേ മകനെ (പോത്തൻവാവ )
നേരാണേ എല്ലാം നേരാണേ ( പോത്തൻവാവ )
വൃന്ദാവനമുണ്ടോ രാധേ നീയില്ലാതെ ( യക്ഷിയും ഞാനും )
ഓണവില്ലിൻ തംബുരു മീട്ടും ( കാര്യസ്ഥൻ)
എന്നോമൽ നിധിയല്ലേ ( കാവൽ)
ഗണപതി തുണയരുളുക ( മാളികപ്പുറം)
എന്നിവയിലൂടെ മധു തന്റെ ശബ്ദ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. അതിൽ ലയിക്കാനും കഴിയുന്നുണ്ട്.
സിനിമയിൽ അവസരങ്ങൾ കുറവാണെങ്കിലും ഭക്തി ഗാന രംഗത്ത് നല്ല തിരക്കിൽ ആണ് മധു . പുതുകാലത്ത് ഭക്തി ഒരു വില്പനച്ചരക്കാണല്ലോ ! ഗായകർക്കും ചാകര തന്നെ. തന്റെ ശബ്ദമാധുര്യം ഇത്തരം ഗാനങ്ങളിലൂടെ മധു ബാലകൃഷ്ണൻ മലയാളികൾക്കായി നൽകുന്നു. കൂടാതെ റിയാലിറ്റി ഷോകളുടെ ജഡ്ജസ് ആയും പുലരുന്നു. ഇതിൽ കൂടെയൊക്കെ ആ ശബ്ദ ഗാംഭീര്യം നമ്മൾക്ക് വീണ്ടും വീണ്ടും പുതുതായി അറിയാനാവുന്നും ഉണ്ട്....
ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ ... അഭിവാദ്യങ്ങൾ...
സ്വയം മറന്നൊന്നു പാടാൻ .....
ഉറച്ച അടിത്തറയോടുകൂടി മലയാള സിനിമാ സംഗീത രംഗത്തേക്ക് കടന്നു വന്ന മറ്റൊരു ഗായകനാണ് ശ്രീ ബിജു നാരായണൻ . സിനിമാ ലോകത്തെ കടുംപിടുത്തങ്ങളെ കുറിച്ച് ഇനിയൊന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. പല ലേഖനങ്ങളിലും അവസരങ്ങൾ കുറയുന്നതിനെ കുറിച്ച് പറയുമ്പോൾ അത്തരം വിശകലനങ്ങളിലേക്കു പോവാറുണ്ട്. മടുപ്പിക്കുന്ന അത്തരം വിവരണങ്ങൾ കൊണ്ട് പ്രത്യേകിച്ച് കാര്യൊമൊന്നുമില്ല . മധുരമായ ശബ്ദത്തിന്റെ ഉടമയാണ് ബിജു നാരായണൻ . അത് ഏറ്റവും അധികം നമുക്ക് അനുഭവമാകുന്നത് ഭക്തി ഗാനങ്ങളിലൂടെയും, ലളിതഗാനങ്ങളിലൂടെയും ആണ്. ആൽബം ഗാനങ്ങൾ നൽകുന്ന നവ്യാനുഭൂതി മറ്റൊരിഷ്ടഗായകനാക്കുന്നു ബിജു നാരായണനെ .
മധു ബാലകൃഷ്ണൻ ഇവിടെ പാടാനെത്തിയ ഏകദേശം ഒരേ കാലത്തു തന്നെയാണ് ഇദ്ദേഹത്തിന്റെയും വരവ് . 1993 ൽ .
മികച്ചൊരു ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞു എന്നത് ഭാഗ്യമാണ്. പി ഭാസ്കരന്റെ രചനയും, രവീന്ദ്രന്റെ സംഗീതവും. പത്തു വെളുപ്പിന് എന്ന ഗാനം തൊണ്ണൂറിന്റെ തുടക്കത്തിൽ മലയാളത്തിന് കിട്ടിയ വരദാനമാണ്. ചിത്രം വെങ്കലം.
പിന്നീട് വിദ്യാസാഗറിന്റെ സംഗീത വൈഭവത്തിന്റെ രുചി അറിയാൻ കഴിഞ്ഞു ബിജുവിന് . സിദ്ധാർഥയിലെ ഗാനം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒരു തുടർച്ച കൈവന്നിരുന്നു. എ ആർ റഹ്‌മാന്റെ സംഗീതത്തിൽ റോജ എന്ന മൊഴിമാറ്റ സിനിമയിലും അവസരം ലഭിച്ചു.
പതിവ് പോലെ തന്നെ ഇളയരാജ , വിദ്യാസാഗർ എന്നിവർ നൽകിയ സംഗീതോർജം തന്നെയാണ് ബിജു നാരായണന്റെ മലയാള സിനിമാ സംഗീത ജീവിതത്തിലെ തുടിക്കുന്ന അധ്യായങ്ങളിൽ അറിയാൻ കഴിയുന്നത്.
പാട്ടുകളുടെ ധാരാളിത്തം ഇന്നില്ല സിനിമകളിൽ . പ്രാധാന്യവും കുറവ്. പാടാൻ കഴിവുള്ളവർ കഴിവ് തെളിയിച്ചു കൊണ്ട് ആവശ്യത്തിലധികവും! ഇതെല്ലാം കൊണ്ടും അവസരങ്ങൾ ഏറെ കുറയുന്നത് സ്വാഭാവികം .
ബിജു നാരായണന്റെ സിനിമാ സംഗീത യാത്രയ്ക്കൊപ്പം സഞ്ചരിക്കുമ്പോൾ വളരെയേറെ അപ്രധാന സിനിമകളിൽ പാടിയതായി കാണുന്നു. രണ്ടാം തരം സിനിമകൾ . പാട്ടുകൾ അധികവും ശ്രദ്ധിക്കപ്പെടാതെ പോയി. എസ് പി വെങ്കിടേഷും, രാജാമണിയും എല്ലാം വേണ്ടുവോളം അവസരങ്ങൾ കൊടുത്തിട്ടും .... തൊണ്ണൂറു അവസാനം , രണ്ടായിരം എന്നീ വർഷങ്ങൾ കുറച്ചേറെ സിനിമകൾ ഒരേ പാറ്റേണിൽ തന്നെയുള്ള തിരക്കഥകൾ കൊണ്ട് നിറഞ്ഞിട്ടുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നൽകി ചെറിയ സിനിമകൾ .
എങ്കിലും മനസ്സോർമ്മിപ്പിക്കുന്ന ചിലവ ഉണ്ട് ...
സ്വയം മറന്നൊന്നു പാടാൻ ( ത്രീ മെൻ ആർമി )
മഴവിൽക്കൊടിയിൽ മണിമേഘം പോലെ ( അനിയൻ ബാവ ചേട്ടൻ ബാവ )
കേളീ വിപിനം വിജനം ( മാന്ത്രികം )
മഴവില്ലിൻ കൊട്ടാരത്തിൽ ( ഇന്ദ്രപ്രസ്ഥം )
അകലെ നിഴലായ് അലിയും കിളിയെ ( ദില്ലിവാലാ രാജകുമാരൻ)
നിലാത്തിങ്കൾ ചിരി മായും....
കല്ല്യാണ സൗഗന്ധികം ( കല്യാണ സൗഗന്ധികം)
മാരിവില്ലിൻ ഗോപുരങ്ങൾ ( സമ്മർ ഇൻ ബേത്ലഹേം )
തനി തങ്കക്കിനാപൊങ്കൽ ( ഫ്രണ്ട്‌സ് )
സൂര്യനായ് തഴുകി ( സത്യം ശിവം സുന്ദരം )
[പറയാത്ത മൊഴികൾ തൻ ( എന്റെ ഹൃദയത്തിന്റെ ഉടമ)
പൂവേ ഒരു മഴമുത്തം ( കയ്യെത്തും ദൂരത്ത് )
ചെല്ലാത്തത്തെ ( മനസ്സിനക്കരെ)
വെണ്ണക്കല്ലിൽ നിന്നെക്കൊത്തി ( പട്ടാളം)
മുന്തിരി വാവേ ( ഹരിഹരൻ പിള്ള ഹാപ്പിയാണ്)
കളഭം തരാം ( വടക്കുന്നാഥൻ )
എന്നെയാണോ അതോ നിന്നെയാണോ( ബോഡി ഗാർഡ്)
പട നയിച്ചു പട നയിച്ച് ( ശിക്കാർ )
എന്നിവയെങ്കിലും മൂളാതിരിക്കില്ല .... അതുറപ്പ്,,,
ഈ മധുര ശബ്ദം ഇനിയും കേൾക്കണമെന്നുണ്ട് ... ഭക്തി ഗാനമായാലും, ആൽബം ഗാനമായാലും തരക്കേടില്ല.... ഇനിയുമിനിയും ഈ ഗായകന് അവസരങ്ങൾ കിട്ടണം...
ലതാ രാജു
മുപ്പത് വർഷത്തോളം മലയാള സിനിമയിൽ പിന്നണി പാടിയ ഗായികയാണ് ലതാ രാജു .1962 മുതൽ ഏകദേശം എഴുപത് തീരും വരെയെങ്കിലും സജീവമായിരുന്നു .പിന്നീട് പുതിയ ഗായികമാരുടെ വരവും കാരണമാവാം അവസരങ്ങൾ കുറവായത് . ലതാ രാജു എന്ന ഗായികയ്ക്ക് സവിശേഷപ്പെട്ട ഒരു സ്ഥാനം ഇവിടെ ഉണ്ടായിരുന്നു . മറ്റ് ഗായികമാരെ പോലെ അല്ല ഇവർ .കിട്ടിയ പാട്ടുകൾ വെച്ചു നോക്കുമ്പോൾ ആ സവിശേഷത മനസ്സിലാവും .കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഒട്ടേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത് .1962 തുടക്കം തന്നെ 11 വയസ്സിൽ ആദ്യ ഗാനം .സുജാതയ്ക്ക് കിട്ടിയ പോലൊരു തുടക്കം ലതാ രാജുവിന് ലഭിച്ചില്ല ." കണ്ണെഴുതി പൊട്ട് തൊട്ട് " എന്ന ഗാനമൊക്കെ സുജാത പാടുമ്പോഴും 12 വയസ്സേ ഉള്ളു .പ്രായത്തിനനുസരിച്ചുള്ള ഗാനങ്ങളായിരുന്നില്ല സുജാതയ്ക്ക് ലഭിച്ചത് .എന്നാൽ കുട്ടിപ്പാട്ടുകളുടെ ഒരു പരമ്പര തന്നെ ലതാ രാജുവിനെ തേടി വന്നു . അത്യപൂർവ്വം മറ്റു ഗാനങ്ങളും ....
താതെയ്യം കാട്ടിലെ ... (കണ്ണും കരളും )
ഒന്നാം തരം ബലൂൺ തരാം .... ( സ്നേഹദീപം)
കണ്ണാരം പൊത്തി പൊത്തി ... (മുറപ്പെണ്ണ്)
പാവക്കുട്ടി പാവാടക്കുട്ടി (കടത്തുകാരൻ )
കെഴക്ക് കെഴക്കൊരാന (ത്രിവേണി)
പാപ്പി അപ്പച്ചാ (മയിലാടുംകുന്ന്)
വാ മമ്മി വാ മമ്മി വാ (പണിതീരാത്ത വീട് )
കാറ്റുമൊഴുക്കും കിഴക്കോട്ട് (പണിതീരാത്ത വീട് )
ഇവിടുത്തെ ചേച്ചിയ്ക്കിന്നലെ (അഴകുള്ള സലീന)
പിഞ്ചുഹൃദയം ദേവാലയം ( സേതുബന്ധനം)
മഞ്ഞക്കിളി സ്വർണ്ണക്കിളി (സേതുബന്ധനം)
വിശക്കുന്നു വിശക്കുന്നു (അയോദ്ധ്യ)
അച്ഛൻ സുന്ദരസൂര്യൻ (സ്വരങ്ങൾ സ്വപ്നങ്ങൾ )
എന്നീ ഗാനങ്ങളൊക്കെ തന്നെ കൗതുകമാർന്ന ബാല്ല്യ ,കൗമാര തുടക്കകാലത്തിലെ സുഖവും, ദു:ഖവും കലർന്നവയാണ് ..
ശരിയ്ക്കും ഇത്രയേറെ ടൈപ്പ് ഗാനങ്ങൾ പാടിയ ഒരു ഗായിക ഉണ്ടാവില്ല മലയാളത്തിൽ ....നല്ല ശബ്ദവും നല്ലീണങ്ങളും കാരണം ഇന്നും ആ ഗാനങ്ങൾ പുതുമയോടെ നിലകൊള്ളുന്നു .
പ്രണയഗാനങ്ങൾ എത്രയെണ്ണം പാടി !
മഴ നിലാവിലെ ''ഋതുമതിയായ് തെളിമാനം " എന്ന ഗാനത്തിൽ യേശുദാസിനൊപ്പം നല്ലൊരു കൂട്ടായി ഉണ്ട് .
കണ്ണിന് കണ്ണായ കണ്ണാ .... (പ്രിയ)
മക്കത്ത് പോയ് വരും (ഏഴ് രാത്രികൾ)
വില്ലു കെട്ടിയ കടുക്കനിട്ടൊരു (ലൈൻ ബസ്സ് )
തളള് തള്ള് ( ആഭിജാത്യം)
ആലുവാപ്പുഴയ്ക്കക്കരെ (ആദ്യത്തെ കഥ )
പടിഞ്ഞാറൊരു പാലാഴി ( ചക്രവാകം)
പാണൻ്റെ വീണയ്ക്ക് (തുമ്പോലാർച്ച)
അത്തം രോഹിണി തിരുവോണം ...
ഹിന്ദോള രാഗത്തിൻ (തുറുപ്പുഗുലാൻ )
നന്മ നേരും അമ്മ (അപരാധി )
പൊട്ടിച്ചിരിക്കുന്ന നിമിഷങളെ ( കഥയറിയാതെ )
നിറങ്ങൾ നിറങ്ങൾ (കഥയറിയാതെ )
എന്നീ ഗാനങ്ങളും സോളോ ആയും മറ്റു ഗായികാ ഗായകന്മാരോടൊപ്പവും തകർത്ത് പാടിയവയാണ്...
സിനിമാ പാട്ടു ലോകത്തിൻ്റെ തുടിപ്പുകൾ അറിഞ്ഞും കൊണ്ട് ലതാ രാജു എന്ന ഗായിക ഇവിടെ ഉണ്ട് ....
പാട്ടാസ്വാദകർ തങ്ങളുടെ ഓർമ്മകളിലേക്ക് പടർന്നു കയറുന്ന ആ നല്ല കാലത്തിൻ്റെ കുളിർ സ്പർശങ്ങൾ അയവിറക്കിക്കൊണ്ടും ...
സ്വന്തമായി വഴി വെട്ടിയവൻ -വിനീത് ശ്രീനിവാസൻ
പല മേഖലകളിലും പാരമ്പര്യത്തിന്റെ വഴികളിലൂടെ പിന്തുടർച്ച പോലെ അതാത് മേഖലകളിലേക്ക് വരുന്നവരുണ്ട്. ഉദാഹരണത്തിന് രാഷ്ട്രീയത്തിന്റെ കാര്യമെടുക്കാം. ജനസമ്മതനായ ഒരു നേതാവിന്റെ മക്കൾ അല്ലെങ്കിൽ ശക്തമായ രാഷ്ട്രീയ അടിത്തറ ഉള്ള ഒരു നേതാവിന്റെ മക്കൾ അദ്ദേഹത്തിന്റെ മരണശേഷമോ അതിനു മുൻപോ രാഷ്‌ടീയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത് നമ്മൾ കാണാറുണ്ട്. അത് കഴിവ് കൊണ്ടാവണം എന്നില്ല . പിടിപാട് കൊണ്ടും തങ്ങളുടെ പിതാവ്നേ തൃത്വം കൊടുത്ത പാർട്ടിയിലേക്ക് തന്നെയാവും മിക്കവാറും കടന്നുവരുന്നതും സീറ്റുകൾ ഉറപ്പിക്കുന്നതും. പിതാവിന്റെ മരണശേഷം അവർ എമ്മെല്ലെയും, എം പി യും വരെ ആവും... ഇതൊക്കെ നമ്മൾ കാലങ്ങളായി കാണുന്നതും , അനുഭവിക്കുന്നതും.
എന്നാൽ കലാരംഗത്ത് ഇത്തരം പിന്തുടർച്ചകൾ സാഹിത്യത്തിൽ ഏറെ ഉണ്ടാവുന്നില്ല. എഴുത്തിന്റെ മേഖലയിൽ വളരെ കുറവും ആണ്. രാഷ്ട്രീയത്തിലെ കപടതയൊന്നും എഴുത്തിൽ നടക്കില്ല. അതിനു സർഗാത്മകമായ ഒരു കഴിവ് തന്നെ വേണം.
രാഷ്‌ടീയത്തിലെ പോലെ മക്കളുടെ പിന്തുടരലുകൾ സിനിമയിൽ കാണുന്നുണ്ട്.ആദ്യകാലത്തൊന്നും അത്രത്തോളം ഒന്നും കടന്നുവരവുണ്ടായില്ല. വന്നവർ പോലും പ്രസിദ്ധ നടന്റെയോ നടിയുടെയോ പ്രകടനങ്ങൾ പോലെ ആവാതെ ആവറേജിൽ താഴെ നിന്നവരായിരുന്നു. എന്നാൽ പിന്നീട് ദുൽകർ സൽമാൻ, ഫഹദ് ഫാസിൽ, പൃഥ്വിരാജ് , കാളിദാസ് , തുടങ്ങിയവരൊക്കെ തന്നെ അസാമാന്യ കഴിവുകൾ കൊണ്ട് നമ്മെ അതിശയിപ്പിച്ചവരും ആണ്. പാരമ്പര്യത്തിന്റെ വഴികളിൽ അവരൊരിക്കലും കഴിവുകെട്ടവർ എന്ന പേർ കേൾപ്പിക്കേണ്ടി വന്നിട്ടില്ല.
അതെ പോലെ തന്നെ എടുത്തു പറയാവുന്ന ഒരു വ്യക്തി ആണ് ശ്രീ വിനീത ശ്രീനിവാസൻ . പ്രസിദ്ധ നടൻ ശ്രീനിവാസന്റെ മകൻ എന്ന നിലയിൽ ആവും തുടക്കത്തിൽ സിനിമയിലേക്കുള്ള പ്രവേശം. അച്ഛന് സിനിമാലോകത്ത് ഉണ്ടായിരുന്ന പിടിപാടിൽ നിന്ന് തന്നെ വിനീതിനും ഒരു തുടക്കക്കാരനായ " സൈക്കിൾ " എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു. ആദ്യ സിനിമ ഹിറ്റായി. പിന്നെ അച്ഛനോടൊപ്പം തന്നെ " മകന്റെ അച്ഛൻ " എന്നതിലും... തുടർന്ന് ട്രാഫിക്കിലും , ചാപ്പാ കുരിശിലും അഭിനയത്തിന്റെ പടവുകൾ അനായാസേന കയറുന്ന ഒരഭിനേതാവിനെ നമ്മൾ കണ്ടു...പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഒരു വടക്കൻ സെൽഫിക്ക് കഥയെഴുതി മറ്റൊരു തലത്തിലേക്ക് മാറി..
ഇതിനൊക്കെ മുൻപേ തന്നെ അച്ഛൻ കൈകാര്യം ചെയ്യുന്ന എഴുത്ത് അഭിനയം എന്നതിൽ നിന്നും വിഭിന്നമായി ഒരു ഗായകനായി വിനീ തന്റെ കഴിവ് തെളിയിച്ചിരുന്നു, സ്ഥിരപ്പെടുത്തിയിരുന്നു...
ഒരു ബഹുമുഖ പ്രതിഭ തന്നെയാണ് ഈ ചെറുപ്പക്കാരനായ കലാകാരൻ.
ഗായകൻ, അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ് , ഗാനരചയിതാവ്, എന്നിവയിലെല്ലാം തന്നെ ആത്മാർത്ഥമായ ഒരു സമീപനം നടത്തിയിരുന്നു എന്നതിന് കാലവും പ്രേക്ഷകരും സാക്ഷികളാണ്.
എഴുത്തും സംവിധാനവും, നിർമ്മാണവും മാറി മാറി ചെയ്ത്കൊണ്ടിരുന്നു.
മലർവാടി ആർട്സ് ക്ലബ് അന്നോളം ഇറങ്ങിയ സിനിമാസങ്കല്പങ്ങൾക്ക് സാമ്യം നിൽക്കുന്ന ഒന്നായിരുന്നില്ല. അതിലെ ഗാനങ്ങൾ എഴുതുകയും ചെയ്ത . പ്രണയ സിനിമകൾക്കിടയിൽ ഒരു രോമാഞ്ചം പോലെ തട്ടത്തിൻ മറയത്ത് ...
തിര എന്ന സിനിമ മറ്റൊരു തലത്തിൽ ചിത്രീകരിച്ചത്...
ജേക്കബിന്റെ സ്വർഗ്ഗരാജ്യം കഥയെഴുതി സംവിധാനം ചെയ്തു.
ഹൃദയം ചരിത്രം സൃഷ്‌ടിച്ച മറ്റൊരു മലയാള സിനിമ.
ആനന്ദം,ഹെലൻ എന്നിവ നിർമ്മിച്ചു ...
ഒന്നുരണ്ടു സിനിമകളിൽ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്തു .
തണ്ണീർമത്തൻ ദിനങ്ങൾ, അരവിന്ദന്റെ അതിഥികൾ , മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സ് എന്നിവയിലെ കഥാപാത്രങ്ങൾ വളരേറെ ശ്രദ്ധിക്കപ്പെട്ടത്...
ഇത് വെറും ഒരാമുഖം മാത്രം. വിനീത് ശ്രീനിവാസന്റെ ഗായകൻ എന്ന കഴിവിലപ്പുറം മറ്റു സിനിമാ മേഖലകളിലെ സംഭാവനകൾ ഒന്ന് തൊട്ടു പോയെന്നു മാത്രം.
പാടാൻ തുടങ്ങിയത് 2003 മുതൽ . പിന്നീട് ഇങ്ങു 2023 വരെ ഇരുപത് വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെ തുടരുന്നു എന്നത് ആ സ്വരമാധുരിയുടെ പ്രകടമായ ജ്വലനം തന്നെ.
എല്ലാം ഗാനങ്ങളിലൂടെയും ഒന്നും പോകുന്നില്ല. പെട്ടെന്ന് മനസ്സിൽ വരുന്ന കുറച്ചേറെ ഗാനങ്ങൾ. അതിലേറ്റവും പ്രിയപ്പെട്ടവ മാത്രം ഇവിടെ എടുത്തെഴുതാം...
കസവിന്റെ തട്ടമിട്ട് എന്ന ഹിറ്റ് ഗാനവുമായി കിളിച്ചുണ്ടൻ മാമ്പഴത്തിൽ .
ശ്രീനിവാസന്റെ രചനയ്ക്ക് പ്രിയദർശൻ സംവിധാനം ചെയ്ത് ബി ആർ പ്രസാദ് ആദ്യമായ് ഗാനരചന നിർവഹിച്ച് വിദ്യാസാഗർ ഈണം കൊടുത്ത ഗാനം.... അച്ഛൻ കൈപിടിച്ച് കൊണ്ട് വന്നു. ഒട്ടും മോശമായില്ല തുടക്കം.
ലാൽജോസിന്റെ ചാന്തുപൊട്ടിൽ വയലാർ ശരത്ചന്ദ്ര വർമ്മയുടെ രചനയ്ക്ക് വിദ്യാസാഗർ ഈണം കൊടുത്ത ഗാനം അടുത്തത്. " ഓമനപ്പുഴ കടപ്പുറത്തിൻ ഓമനേ " എന്നത് തുടർച്ചയ്ക്ക് ആക്കം കൂട്ടി...
കരളിന്റെ കരളേ ( ഉദയനാണ് താരം ) കൈതപ്രം- ദീപക് ദേവ്
കിലുക്കം കിലുകിലുക്കം ഗിരീഷ് പുത്തഞ്ചേരി- ദീപക് ദേവ്
ഓമൽ കണ്മണി ഇതിലെ വാ എന്ന ഗാനം ദീപക് ദേവിന്റെ കരിയറിലെ സൂപ്പർ ഗാനം എന്ന് വിശേഷിപ്പിക്കാം... അത് പാടാൻ പറ്റി എന്നത് വിനീതിനും ഗുണം ചെയ്തു ..
തേവാരം നോൽക്കുന്നുണ്ടെ ( രസതന്ത്രം ) ഗിരീഷ് പുത്തഞ്ചേരി -ഇളയരാജ
നീ പിടിയാന പിടിയാന ( തുറുപ്പുഗുലാൻ ) കൈതപ്രം- അലക്സ് പോൾ
എന്റെ ഖൽബിലെ വെണ്ണിലാവ് നീ എന്ന വയലാർ ശരത് ഗാനം വിനീതിന്റെ ഗാനങ്ങൾ നിരത്തുമ്പോൾ കൂടുതൽ തിളക്കത്തോടെ പരിലസിക്കുന്നു. അലക്സ് പോളിന്റെ സംഗീതം
കരിനീലക്കണ്ണിലെന്തെടി ( ചക്കരമുത്ത് ) ഗിരീഷ് പുത്തഞ്ചേരി - എം ജയചന്ദ്രൻ
ഹൃദയവും ഹൃദയവും ( നോട്ടുബുക്ക് ) വയലാർ ശരത് മെജോ ജോസഫ്
മുത്തുമഴ കൊഞ്ചൽ പോലെ ( ബിഗ് ബി ) അൽഫോൻസ്
തെന്നിപ്പായും തെന്നലേ ( വിനോദയാത്ര ) വയലാർ ശരത് - ഇളയരാജ
താരകമലരുകൾ വിരിയും പാടം ( അറബിക്കഥ ) പനച്ചൂരാൻ- ബിജിപാൽ
ശ്രീനിവാസൻ നായക കഥാപാത്രമായ അധികം സിനിമകളിലും പിന്നീട് വിനീത ആണ് പാടിയിട്ടുള്ളത് ...
നഗരം വിധുരം എരിയും ഹൃദയം( ഒരേ കടൽ ) ഗിരീഷ് - ഔസേപ്പച്ചൻ
മാമ്പുള്ളി കാവിൽ മരതകകാവിൽ ( കഥ പറയുംമ്പോൾ ) ഗിരീഷ് - എം ജയചന്ദ്രൻ
ഒത്തൊരുമിച്ചൊരു ഗാനം പാടാൻ ( മകന്റെ അച്ഛൻ ) പനച്ചൂരാൻ - എം ജയചന്ദ്രൻ
അനുരാഗത്തിൻ വേളയിൽ ( തട്ടത്തിൻ മറയത്ത് ) വിനീത് രചന നിർവഹിച്ച ഈ ഗാനം അന്നേറെ ശ്രദ്ധിക്കപ്പെട്ടു . ഷാൻ റഹ്‌മാൻ ഈണം പകർന്നു ...
കാറ്റ് മൂളിയോ ( ഓം ശാന്തി ഓശാന ) ഹരിനാരായണൻ- ഷാൻ റഹ്മാൻ
ആലുവ പുഴയുടെ തീരത്ത് ( പ്രേമം ) ശബരീഷ് വർമ്മ -രാജേഷ് മുരുകേശൻ
എന്റമ്മേടെ ജിമിക്കിക്കമ്മൽ ( വെളിപാടിന്റെ പുസ്തകം) പനച്ചൂരാൻ - ഷാൻ റഹ്മാൻ
മാണിക്യമലരായ പൂവി ( ഒരു അഡാർ ലവ് )
രാസാത്തി എന്നെ വിട്ട് പോകാതേടീ (അരവിന്ദന്റെ അതിഥികൾ ) ഹരിനാരായണൻ - ഷാൻ റഹ്മാൻ ..
മനസ്സിനെ സ്പർശിച്ചവ മാത്രമേ ഇവിടെ എഴുതിയിട്ടുള്ളൂ... ഇതിനിടക്കും ശേഷവും കുറെയേറെ സിനിമകളിൽ സോളോ ആയും, ഡ്യുയറ്റായും പാടിയിട്ടുണ്ട്.
സിനിമയുടെ എല്ലാ മേഖലകളിലും തന്റെ കഴിവുകൾ ഇനിയും ഉയർത്തുവാൻ വിനീത് ശ്രീനിവാസന് സ്വതന്ത്രമായി തന്നെ കഴിയട്ടെ എന്നാശംസിക്കുന്നു...
സുഖമാണീ ഈണനിലാവ് ...
ചില പ്രതിഭകളുടെ കടന്നുവരവ് സൃഷ്ടിക്കുന്ന അനുഭവ സൗഖ്യങ്ങളുണ്ട് . ആ സർഗ്ഗസുഖത്തിന്റെ നിർവൃതിയെ പറ്റി എഴുതിയത് കൊണ്ടോ , പറഞ്ഞതുകൊണ്ടോ അനുഭവിക്കാത്തവർക്ക് പ്രത്യേകിച്ചൊന്നും തോന്നില്ല. എന്നാൽ കാലങ്ങൾക്കു ശേഷമുള്ള ഒരോർമ്മപ്പെടുത്തൽ ആ കാലത്തെ മനസ്സിൽ സൂക്ഷിച്ചവർക്ക് വീണ്ടും ഹൃദയത്തിനുള്ളിലൊരിടത്ത് വിങ്ങൽ അനുഭവപ്പെട്ടേക്കാം...
1983 . മലയാള ചലച്ചിത്രത്തിൽ ഒരു കുഞ്ഞു പൂ വിരിഞ്ഞതും അത് കേരളക്കരയാകെ നറുമണം പരത്തിയൊഴുകിയതും അന്നത്തെ പതിനേഴുകാരൻ ഓർക്കുന്നുണ്ട്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചലച്ചിത്രം. ബേബി ശാലിനി. പുതുമയോടെ അവതരിപ്പിക്കപ്പെട്ടതും, നിറഞ്ഞ സദസ്സിൽ ഏറെ നാൾ കളിച്ചതും എല്ലാം....ശേഷം അത്തരം സിനിമകളുടെ നിഴൽ ചിത്രങ്ങൾ ഇറക്കാൻ പലരും ശ്രമിച്ചെങ്കിലും ഒന്നും വേര് പിടിച്ചില്ല.
എന്നാൽ 1986 ൽ തീർത്തും വ്യത്യസ്തമായ മറ്റൊരു പ്രമേയവുമായി ഒരു കുഞ്ഞു പൂ കൂടി വിരിഞ്ഞു. " ഒന്ന് മുതൽ പൂജ്യം വരെ " . ഗീതു മോഹൻദാസ് .
പുതുമുഖങ്ങളുടെ ഒരു മേളനം തന്നെയായിരുന്നു. രഘുനാഥ് പലേരിയുടെ രചനയും സംവിധാനവും . ശാന്തമായ ഒരു സിനിമ. എന്നാൽ അതിൽ പ്രസരിച്ച വാത്സല്യവും, സ്നേഹവും എല്ലാം പ്രേക്ഷകർ എത്രമാത്രം നുണഞ്ഞു ! ഒരമ്മയുടെയും മകളുടെയും ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വന്ന ഒരപരിചിതൻ . ടെലിഫോൺ അങ്കിൾ . കാണാത്ത ഏതോ ഇടത്തിരുന്നു കൊണ്ട് ഇവരിലേക്ക് സൂക്ഷമായി പടർന്നു കയറിയ ആ ശബ്ദം . കീഴ്‌പ്പെട്ടു പോയ ശബ്ദം . ഒറ്റപ്പെടലിന്റെയും. ഏകാന്തതയുടെയും പൊട്ടിചിലമ്പലുകൾ കേട്ട നിമിഷങ്ങൾ അതിലെ പാട്ടുകൾ കഥാസന്ദർഭത്തോട് അത്രയേറെ ഇഴചേർന്നു പോയവ ആയിരുന്നു. ഒരു പുതുമുഖ സംഗീത സംവിധായകൻ . ശ്രീ മോഹൻ സിതാര ...
മോഹൻ സിതാരയുടെ പാട്ടുകളെ ശാന്തമായ ഗാനങ്ങൾ എന്ന് വിശേഷിപ്പിക്കുന്നു ..86 തൊട്ട് 2023 വരെ അതിവിടെ ഇടറാതെ തുടരുന്നുണ്ട്. അന്നും ഇന്നും ബഹളമായ തരത്തിലുള്ള ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഗാനങ്ങൾ സ്പീഡിലായാലും അതിനുമുണ്ടൊരു ഒതുക്കം. വഴിയേ പറയാം...
പോന്നൊലിവിൻ ചില്ലകളിൽ പൂത്ത എന്ന പ്രണയ ഗാനത്തിനുമുണ്ട് പിടഞ്ഞു ചിതറാൻ കൊതിക്കുന്നൊരു മനസ്സ് .
"സ്വരങ്ങളായ് നിറങ്ങളായ് പറന്നുയരാം..
നീളേ പറന്നുയരാം.."
എന്നൊരു ഭാവം .
പ്രണയതീക്ഷ്ണതയിൽ നിന്ന് മാറി മറ്റൊരു ഹൃദയഗീതം ..
കുഞ്ഞുങ്ങളിലേക്കിറ്റു വീഴുന്ന മാതൃപിതാ ബന്ധത്തിന്റെ സ്നേഹകണിക ..അത് വേണുഗോപാൽ എന്ന ഗായകനെ തിരിച്ചറിഞ്ഞ സന്ദർഭം. വേണുവും, ചിത്രയും മാറി മാറി പാടിയ ഗാനം.
രാരീ രാരീരം രാരോ ...
പൊന്നും തിങ്കൾ പോറ്റും മാനെ ... എന്നീ ഗാനങ്ങളായി മനസ്സിനെ മഥിച്ച കാലം...
ആ ഒരു താരാട്ടീണത്തിന്റെ മാധുര്യം കൊണ്ടുവരാൻ പിന്നീട് വന്ന പാട്ടുകൾക്ക് പലതിനും മോഹൻ സിതാര ശ്രമിച്ചിട്ടുണ്ട്.
താലോലം താനേ താരാട്ടും ( കുടുംബപുരാണം )
ഉണ്ണീ വാവാവോ ( സാന്ത്വനം )
കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ ( പൊന്നുച്ചാമി )
ചന്ദനത്തെന്നലായ് ഞാൻ നിന്റെ ലോലമാം ( ഷാർജ ട്ടോ ഷാർജ )
കുഞ്ഞേ നിനക്ക് വേണ്ടി ( കാഴ്ച )
തങ്കമനസ്സ് അമ്മമനസ്സ് ( രാപ്പകൽ )
മിണ്ടാതെടി കുയിലേ ( തന്മാത്ര )
എന്നമ്മേ ഒന്ന് കാണാൻ ( നമ്മൾ)
അണ്ണാറക്കണ്ണാ വാ ( ഭ്രമരം )
ഈ ഗാനങ്ങളിലൊക്കെ തന്നെ ആദ്യ രീതിയുടെ നിഴൽ വീണു കിടക്കുന്നുണ്ട്. ഓരോന്നും വ്യത്യസ്തം എങ്കിലും ഈ കുളിർ സ്വരം വീണ്ടും വീണ്ടും നമ്മെ ഭ്രമിപ്പിക്കുകയാണ് ...
പ്രണയഗാനങ്ങൾക്ക് അദ്ദേഹം കൊടുത്ത മുറുക്കം ..
ലളിതസംഗീതത്തിന്റെ തന്ത്രികൾ മുഴക്കിയ മൂകമാം അനുരാഗം ....
ഉള്ളിൽ അസ്വസ്ഥത ഉണ്ടെങ്കിലും മൃദുവായ സമീപനങ്ങൾ പുലർത്തുന്ന കാമുകരെ സൃഷ്‌ടിച്ച സംഗീതജ്ഞൻ .. :)
നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി ( വചനം )
പവിഴമഞ്ചലിൽ പറന്നു പാറി വാ ( ഫാസ്റ്റ് ബെൽ )
കുങ്കുമമലരുകളോ വിരിഞ്ഞു ( മുഖമുദ്ര )
സ്വരജതി പാടും പൈങ്കിളി ( വാരഫലം )
സീമന്തയാമിനിയിൽ അഴകിന്റെ താഴ്‌വരയിൽ ( കളിവീട് )
പൊൻവെയിൽ ഊതി ഒരുക്കി ( നക്ഷത്ര താരാട്ട് )
നീയെന്റെ പാട്ടിൽ ശ്രീരാഗമായി ( നക്ഷത്ര താരാട്ട് )
നിന്റെ കണ്ണിൽ വിരുന്നു വന്നു ( ദീപസ്തംഭം മഹാശ്ചര്യം )
സ്നേഹത്തിൻ പൂ നുള്ളി പൂജിച്ചു ഞാൻ ..
പുള്ളിമാൻ കിടാവേ ( മഴവില്ല് )
എന്തുഭംഗി നിന്നെക്കാണാൻ ( ജോക്കർ )
അല്ലിയാമ്പൽ പൂവേ ചൊല്ല് ചൊല്ല് പൂവേ ( ദാദാസാഹിബ് )
ഇന്ദ്രനീലം ചൂടി ( വർണ്ണക്കാഴ്ചകൾ ) ]
കാണുമ്പോൾ പറയാമോ ( ഇഷ്ടം )
എനിക്കും ഒരു നാവുണ്ടെങ്കിൽ ( ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ )
മകരനിലാവിൻ മധുരവുമായി ( സ്നേഹിതൻ )
കാനനക്കുയിലെ ( മിസ്റ്റർ ബ്രഹ്മചാരി )
ഈ ഗാനങ്ങളൊക്കെ ചേർത്തു നിർത്തുന്ന ഒരു സൗരഭമുണ്ട് . ഇതൊക്കെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ മനസ്സിന്റെ ഈറനുണക്കുന്ന ഒരനുഭവമുണ്ട്. ഇരുത്തം വന്ന ഒരു സംഗീതജ്ഞന്റെ ആ മുഖം മനസ്സിൽ തെളിയും. ...
തുടക്കം ഓ എൻ വി കുറിപ്പിന്റെ വരികളെങ്കിലും പിന്നീട് ഇടയ്ക്കിടെ വീണ്ടും സംഗമങ്ങൾ ഉണ്ടായെങ്കിലും കൂടുതലും ശരിക്കും പറഞ്ഞാൽ യൂസഫലി കേച്ചേരിയുടെ അവസാനം വരെ ഉണ്ടായ കൂട്ടുകെട്ടോളം മറ്റൊന്നും വരില്ല. അധിക വിനയൻ ചിത്രങ്ങളിലും ഇവരായിരുന്നു ഗാനങ്ങൾ ഒരുക്കിയിരുന്നത്.. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ,ദാദാ സാഹിബ് ,കരുമാടിക്കുട്ടൻ, രാക്ഷസരാജാവ് ,കരുമാടിക്കുട്ടൻ ,ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ ,മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും .തുടങ്ങിയവയിൽ നിറയെ ഗാനങ്ങളുമായി ഇവർക്കുണ്ടായിരുന്നു.
കൈതപ്രം - മോഹൻ സിതാരയും ചേർന്ന് മറ്റൊരു സംഗീതവിഹായസ്സ് ഒരുക്കി വെച്ചു .
കുടുംബപുരാണത്തിലൂടെ തുടങ്ങിയ ബന്ധം..
പുതുമഴയായ്... ( മുദ്ര )
സ്വരകന്യകമാർ വീണമീട്ടുകയായ് ( സാന്ത്വനം )
ശിവദം ശിവനാമം ( മഴവില്ല് )
രാവിൻ നിലാക്കായൽ ( മഴവില്ല് )
ചഞ്ചല ദ്രുതപദതാളം ( ഇഷ്ടം )
സുഖമാണീ നിലാവ് ( നമ്മൾ )
കറുപ്പിനഴക് ( സ്വപ്നക്കൂട് )
കണ്ണനായാൽ രാധ വേണം ( പട്ടണത്തിൽ സുന്ദരൻ )
ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ ( തന്മാത്ര )
പോകാതെ കരിയിലാക്കാറ്റേ ( രാപ്പകൽ )
വയലാർ ശരത്ചന്ദ്രവർമ്മ കൂട്ടിൽ നിന്നും ...
മഴയിൽ രാത്രി മഴയിൽ ( കറുത്ത പക്ഷികൾ )
പതിനേഴിന്റെ പൂങ്കരളിൽ ( വെള്ളരിപ്രാവിന്റെ ചങ്ങാതി )
പാട്ടുകൾ എടുത്തെഴുതിയാൽ തീരില്ല. രവീന്ദ്രൻമാസ്റ്റർ , ജോൺസൻ മാസ്റ്റർ എന്നിവരോടൊപ്പം ആ കാലത്ത് തന്റേതായ തട്ട് ഒട്ടും താഴാതെ സൂക്ഷിക്കാൻ മോഹൻ സിതാരയ്‌ക്കും കഴിഞ്ഞു. അവരൊക്കെ രംഗപടം താഴ്ത്തി ഒഴിഞ്ഞുപോയെങ്കിലും പിന്നീടിവിടെ ഞങ്ങൾക്ക് കൂട്ടായി നിന്നത് മോഹൻ സിതാര സംഗീതമാണ്. ഇനിയും ഈ പാട്ടിന്റെ മഴയിൽ നനയണം... ഏറെ കാലം.....
അഷ്ടപദീ ലയം ...
പ്രേമ യമുനാ തീരവിഹാരം എന്ന ഗാനത്തിന്റെ ഈരടികളിൽ ലഹരിപൂണ്ട ഒരു കാലം ഉണ്ടായിരുന്നു. കാവാലം നാരായണപ്പണിക്കരുടെ വരികൾ . എം ജി രാധാകൃഷ്ണന്റെ സംഗീതം . ഗായകൻ കാവാലം ശ്രീകുമാർ . പാട്ട് കൊണ്ടുവരുന്ന ഒരു വിഷാദഭാവമുണ്ട് . സ്വതവേ അസ്വസ്ഥമായിരിക്കുന്ന സമയമായാൽ പോലും പാട്ടിന്റെയും, മനസ്സിന്റെയും പിരിമുറുക്കങ്ങൾ ചേർന്ന് സ്വാസ്ഥ്യത്തിലേക്ക് കൈ പിടിച്ചിരുത്തുന്ന എന്തോ ഒന്ന് ! അതീ ഗായകന്റെ ശബ്ദത്തിലുണ്ട് . ഭക്തിസാന്ദ്രമായ ഒന്നാണോ ? താളമയഞ്ഞു തളരുന്ന മനസ്സിലേക്ക് വൈഭവം തീർത്തുകൊണ്ട് ഒരോടക്കുഴൽ നാദം പോലെ.... ഉരുകിതെളിയുന്ന ഒരു കൈത്തിരി നാളം പോലെ മനസ്സിലേക്ക് അഷ്ടപദീലയം ... ഭക്തിയല്ല അവിടെ. നിർവൃതി ആണ്.
ക്ലാസ്സിക്കൽ സംഗീതത്തിന്റെ ഉറച്ച അടിത്തറയോടെ അച്ഛന്റെ അനുഗ്രഹത്തോടെ സിനിമയിലേക്ക് 1978 ൽ തന്നെ കടന്നു വന്നു . തമ്പ് എന്ന ചിത്രത്തിൽ .. കാവാലത്തിന്റെ അനുഗ്രഹത്തോടെ തുടർന്നു .
"ആലോലം പീലിക്കാവടി ചേലിൽ " എന്ന ആലോലത്തിലെ ഗാനം യേശുദാസുമൊത്ത് ഉജ്വലമാക്കിയത് ചരിത്രം ...ഇളയരാജയുടെ സംഗീതം.
മോഹന്റെ ഇളക്കങ്ങൾ ...അവാർഡ് നിർണ്ണയത്തിലെ ഒരു തമാശ ഇന്നും ആസ്വദിക്കുന്നത് .. കാവാലത്തിന്റെ അസാമാന്യ രചന വശ്യമായി വഴിഞ്ഞൊഴുകിയത്.... " ശാരദ നീലാംബര നീരദ പാളികളെ " എന്ന ഗാനം എസ് ജാനകിയുമൊത്ത് കാവാലം ശ്രീകുമാർ ആലപിച്ചത്. അതിലെ പല ഗാനങ്ങളും ഹിറ്റായിരുന്നു. ഒരു ഇളക്കക്കാരി പെൺകുട്ടിയുടെ കഥ...
ഐ വി ശശിയുടെ ആരൂഢത്തിലും കാവാലം രചന ,. അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് പല സിനിമകളിലും ശ്രീകുമാറിനും കൂടുതൽ അവസരങ്ങൾ ലഭിച്ചത്. ആരൂഢത്തിലും സിനിമയിൽ ഇല്ലെങ്കിലും ശ്രീകുമാറിന് രണ്ടു മൂന്നു കുഞ്ഞു ഗാനങ്ങൾ ഉണ്ട്.
അമ്പിളിയുടെ അഷ്ടപദിയിലും കാവാലം ശ്രീകുമാറിന് ഒരു ജയദേവ കീർത്തനം പാടാൻ ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന്റെ അഷ്ടപദി ആലാപനം അതീവഹൃദ്യമാണ്. " ചന്ദന ചർച്ചിത " എന്ന ജയദേവർ കൃതി ശ്രുതിമധുരമായ ഒരു ഗീതകം ആയിരുന്നു. വിദ്യാധരൻ മാസ്റ്ററുടെ കടന്നുവരവും ആഘോഷമാക്കി ആ സിനിമ .
നെടുമുടി വേണു സംവിധാനം ചെയ്ത ചിത്രമാണ് പൂരം . ഒരു നാടൻ പ്രണയത്തിന്റെ ചൂടിൽ നാടൻപാട്ടും, നാട്ടുവർത്തമാനങ്ങളും കോർത്തിണക്കിയ ഒരു ചിത്രം. വിജയിക്കാതെ പോയ സിനിമ. എം ജി രാധാകൃഷ്ണന്റെ നാടൻ ശീലുകൾ ഒഴുകിയിറങ്ങിയ കുറച്ചു ഗാനങ്ങൾ..
"പ്രേമ യമുന തീരവിഹാരം " എന്ന ഗാനമായിരുന്നു അതിൽ മികച്ചത്....
പിന്നീടിങ്ങോട്ട് കാവാലം ശ്രീകുമാറിന് സിനിമയിൽ ഓർക്കത്തക്ക അവസരങ്ങൾ കിട്ടിയതായി അറിവില്ല.
കുസുമവദന മോഹസുന്ദരാ ( മധുചന്ദ്രലേഖ )
ഹിമവൽസ്വാമി ശരണം ( മകന്റെ അച്ഛൻ )
എന്നിവ ഓർമ്മയിൽ വരുന്നുണ്ട്. പിന്നീടും തുടർന്ന് കാലത്തിനനുസരിച്ചുള്ള സംഗീതത്തിന്റെ മാറ്റങ്ങൾ ഇദ്ദേഹത്തിലും വന്നു ചേർന്നു . ചില ചിത്രങ്ങളിൽ അടിപൊളി ഗാനങ്ങളിലൂടെ ഇപ്പോഴും നിലനിൽക്കുന്നു... എന്നിരുന്നാലും കാവാലം നാരായണ പണിക്കരുടെ കൂട്ടുകെട്ടിൽ പിറന്ന നാടൻ ശീലുകളുടെ ആ കാലം തന്നെ ഇന്നുമെന്നും ഓർമ്മയിൽ .....
ബാബുരാജ് - ജാനകീ ഗാനങ്ങൾ
നീണ്ട താൽപ്പത്തഞ്ചു വർഷങ്ങൾ ! എം എസ് ബാബുരാജ് എന്ന മലയാള സിനിമാ സംഗീത സംവിധായകൻ അസ്തമിച്ചിട്ട് ! അദ്ദേഹം തന്നേല്പിച്ചു പോയ ഈണങ്ങൾ അടങ്ങുന്നില്ല . തലമുറകൾ തലമുറകൾ കൈമാറിയാലും വിതുമ്പുന്നൊരോർമ്മയായി അതിന്നും! എത്രയെത്ര ഹൃദയങ്ങളെ ആണ് നിങ്ങൾ തണുപ്പിക്കുന്നത്! ആസ്വാദനത്തിന്റെ ഓരോ നിമിഷങ്ങളിലും ചുണ്ടുകൾ വിറച്ചുകൊണ്ട് കണ്ണുകൾ സജലങ്ങളായി നിങ്ങളെ തന്നെ ഓർക്കുന്നു ഞങ്ങൾ. വെറും അൻപത്തേഴു വർഷങ്ങൾ മാത്രം. ഒരു കുഞ്ഞു ജീവിതം മാത്രം. പക്ഷെ അതെത്ര അപാരത ! അനന്തത ! ഈണങ്ങളിലെ അർത്ഥതലങ്ങൾ ! പാട്ടിന്റെ ബാലപാഠങ്ങൾ അറിയാത്തവരെയും പോലും അതിലേക്കു അടുപ്പിച്ചു നിർത്തുന്ന ആകർഷണം ! എത്ര വട്ടം നമിച്ചാലും അധികമാവില്ല ......
ബാബുരാജിന്റെ ഈണങ്ങൾ ഏറ്റവുമധികം തഴുകിത്തലോടിയത് പി ഭാസ്കരന്റെ വരികളെ ആണ്. വയലാർ, ശ്രീകുമാരൻ തമ്പി, ഓ എൻ വി ,യൂസഫലി എല്ലാവരും ഉണ്ടെങ്കിലും നവനവങ്ങളായ പാട്ടുശില്പങ്ങൾ സൃഷ്ടിക്കുന്നതിൽ ഇവർ ഉണ്ടാക്കിയ പൊരുത്തമുണ്ട് ! അതുപോലൊന്ന് മലയാള സിനിമയിലില്ല ....
അതുപോലെ തന്നെ സകല ഗായകർക്കും തന്നാൽ കഴിയും വിധം അവസരങ്ങൾ കൊടുത്തുകൊണ്ട് ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചിട്ടുമുണ്ട്. ബാബുരാജിൽ നിന്നും വളർന്നു വന്നവരാണ് ഏറെ ...
ഗായികമാരിൽ പി ലീല മുതൽ അന്നത്തെ കാലത്തെ ഗായികമാരെ മുഴുവൻ പരീക്ഷിച്ചിട്ടുണ്ട്. പി സുശീലയ്ക്ക് ഒട്ടേറെ അവസരങ്ങൾ . അതെന്തായാലും എസ് ജാനകി എന്ന കുയിൽ നാദം ഇത്രയേറെ ഉപയോഗപ്പെടുത്തിയ ഒരു സംഗീത സംവിധായകൻ ഇല്ല. ദേവരാജൻ മാസ്റ്റർ കാര്യമായ അവസരങ്ങൾ ജാനകിക്ക് നൽകിയില്ലെങ്കിലും മറ്റെല്ലാ ഈണ സ്രഷ്ടാക്കളും അവരുടെ ശബ്ദത്തെ അത്രമേൽ ഉയരത്തിൽ എത്തിച്ചിട്ടുണ്ട്. ബാബുരാജ് കഴിഞ്ഞിട്ടേ ആരും ഉള്ളൂ... അതിന്റെ നന്ദിയും, സ്നേഹവും ഓർമ്മയും ഇന്നും കാത്തുസൂക്ഷിക്കുന്നു അനുഗ്രഹീത ഗായിക !
തന്റെ ഗാനങ്ങളിൽ ഏറ്റവും നല്ലത് സുശീലയ്ക്കോ ജാനകിക്ക്യോ എന്നതിൽ ചില സംശയങ്ങൾ ഉടലെടുത്തിരിക്കാം സംഗീതകാരന് !
ഇഷ്ടഗാനങ്ങളുടെ പട്ടിക എഴുതുമ്പോൾ എസ് ജാനകി ഏറെ മുൻപിൽ !!
ഒന്ന് പോയി നോക്കാം...
പാട്ടുകൾ എല്ലാവരും കേട്ടിരിക്കും.
എന്നാൽ പലർക്കും ഇതെഴുതിയത് ഇന്നയാൾ , സംഗീതം ചെയ്തത് ഇന്നയാൾ എന്ന അറിവ് കുറവായിരിക്കും. അതൊരു കുറവായി പറഞ്ഞതല്ല. ആരെന്നു നോക്കാതെ നല്ലതിനെ സ്വീകരിക്കുന്ന മനസ്സായെ കാണാൻ ആവുള്ളൂ ..
പി ഭാസ്കരനിൽ തുടങ്ങിയ ബാബുരാജ് പാട്ട് സഞ്ചാരം കൂട്ടുകെട്ട് (1963 ) നാട്ടിക ശിവറാം (1978 )വരെ തുടരുന്നതായി അറിയാം...
ബാബുരാജിന്റെ എസ് ജാനകീ ഗാനങ്ങളെ ഓർക്കുമ്പോൾ പി ഭാസ്കരൻ ഓർമ്മയിൽ കടന്നു വരും... കവിയുടെ ഓർമ്മ നഷ്ടപ്പെട്ട അവസാന നാളുകൾ രവിമേനോൻ സാർ എഴുതിയിട്ടുണ്ട്.
പി ഭാസ്കരൻ രചിച്ച് എം എസ് ബാബുരാജ് ഈണം കൊടുത്ത് എസ് ജാനകി പാടിയ അത്യപൂർവ സുന്ദര ഗാനങ്ങൾ ഇതാ .....
തളിരിട്ട കിനാക്കൾ തൻ ( മൂടുപടം )
അഞ്ജനക്കണ്ണെഴുതി ( തച്ചോളി ഒതേനൻ)
വാസന്ത പഞ്ചമി നാളിൽ ( ഭാർഗവി നിലയം )
പൊട്ടാത്ത പൊന്നിൻ കിനാവുകൊണ്ടൊരു ...
അനുരാഗമധുചഷകം ...
പൊട്ടിത്തകർന്ന കിനാവ് കൊണ്ടൊരു ...
ഒരു കൊച്ചു സ്വപ്നത്തിൻ ( തറവാട്ടമ്മ )
താമരകുമ്പിളല്ലോ മമ ഹൃദയം ( അന്വേഷിച്ചു കണ്ടെത്തിയില്ല )
പാവനനാം ആട്ടിടയാ ..
കവിളത്തെ കണ്ണീർ കണ്ടു ..
മുറിവാലൻ കുരങ്ങച്ചൻ ..
വാകച്ചാർത്ത് കഴിഞ്ഞൊരു ദേവന്റെ ( ഇരുട്ടിന്റെ ആത്മാവ് )
അമ്പാടിക്കണ്ണന് മാമ്പഴം...
ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന...
ഇരുകണ്ണീർത്തുള്ളികൾ ...
അവിടുന്നെൻ ഗാനം കേൾക്കാൻ ( പരീക്ഷ )
എൻ പ്രാണനായകനെ ...
സ്വർണ്ണവളകളിട്ട കൈകളാൽ ( ലക്ഷപ്രഭു )
വെണ്ണിലാവെനെന്തറിയാം ...
പാതിരാവായില്ല പൗർണമി കന്യയ്ക്ക് ( മനസ്വിനി )
ആരാധികയുടെ പൂജാകുസുമം ...
മാവ് പൂത്തു മാതളം പൂത്തു ( അമ്പലപ്രാവ് )
താനേ തിരിഞ്ഞും മറിഞ്ഞും....
വാർമഴവില്ലിന്റെ വനമാല വിൽക്കും ( രാത്രിവണ്ടി )
പൂവുകൾ ചിരിച്ചു ...
ആനന്ദകുട്ടനിന്ന് പിറന്നാള് ( അപ്പൂപ്പൻ)
ഈയൊരു ഗാനമാലിക യുഗ യുയുഗാന്തരങ്ങളോളം വാടാതെ പരിലസിക്കുന്നത്... അതിന്റെ സുഗന്ധം നമ്മളുടെ രാവുകൾ വാസനാസുരഭിലമാക്കും...
വയലാർ - എം എസ് ബാബുരാജ് ഈണങ്ങളിലെ ചിലത്....
സൂര്യകാന്തീ സൂര്യകാന്തീ ...( കാട്ടുതുളസി )
വീടായാൽ വിളക്കുവേണം ( ചേട്ടത്തി )
മണിമുകിലേ മണിമുകിലേ ( കടത്തുകാരൻ)
കുറുമൊഴി മുല്ല പൂത്താലവുമായി ( കൂട്ടുകാർ)
ചുംബിക്കാനൊരു ശലഭമില്ലെങ്കിലേ ( വിവാഹം സ്വർഗത്തിൽ )
കാളിന്ദീ തടത്തിലെ രാധ ( ഭദ്രദീപം )
വയലാർ ഗാനങ്ങളോളും ബാബുരാജ് നീതി പുലർത്തിയിട്ടുണ്ട്....
യൂസഫലി വരികൾ ബാബുരാജ് സംഗീതത്തെ പുണർന്നതും ഒന്ന് നോക്കാം...
തേടുന്നതാരെ ഈ ശൂന്യതയിൽ ( അമ്മു )
മാൻകിടാവിനെ മാറിലേന്തുന്ന ( ഉദ്യോഗസ്ഥ )
എഴുതിയതാരാണ് സുജാതാ ...
കരളിൽ വിരിഞ്ഞ റോജ ( ഖദീജ )
കൺമണിയെ കരയാതുറങ്ങു നീ ( കാർത്തിക )
കണ്ണീരാലൊരു പുഴയുണ്ടാക്കീ ( പ്രിയ )
ആരുടെ വരികളായാലും മികച്ച ഈണം കൊടുക്കുന്നതിൽ ബാബുരാജ് പിശുക്ക് കാണിച്ചിട്ടില്ല. അതുകൊണ്ടും എസ് ജാനകിക്കും ഭാഗ്യമുണ്ടായി...
ഇനി കുറച്ചു ശ്രീകുമാരൻ തമ്പി ഗാനങ്ങൾ ...
താമരത്തോണിയിൽ താലോലമാടി ( കാട്ടുമല്ലിക )
അകലെ അകലെ നീലാകാശം ( മിടുമിടുക്കി )
ആയിരം വർണ്ണങ്ങൾ വിടരും ( പുള്ളിമാൻ )
വൈഡൂര്യ രത്നമാല ചാർത്തി ....
കാട്ടരുവീ ചിലങ്ക കെട്ടി ( ലേഡീസ് ഹോസ്റ്റൽ )
എന്നിവയും ഓർത്തെ പറ്റൂ... ജാനകി സോളോയും, യുഗ്മഗാനങ്ങളും ഇതിൽ പെടും...
ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ ( ചുഴി -- പൂവച്ചൽ ഖാദർ )
മനസ്സേ ആസ്വദിക്കൂ മറക്കാനിനിയും പഠിച്ചില്ലേ ( ഞാൻ നിന്നെ പ്രേമിക്കുന്നു - ബിച്ചു തിരുമല )
നിത്യകാമുകീ നിന്നെ തിരഞ്ഞു ഞാൻ ( സൃഷ്ടി -- ഓ എൻ വി )
വേലി കഴിഞ്ഞൊരു നാളിൽ ചാർത്തിയ ( ഭ്രഷ്ട് - നാട്ടിക ശിവറാം ) ...
ബാബുരാജ്- ജാനകീ സംഗമത്തിലെ മികച്ച അധ്യായങ്ങളിൽ ഇവരെയും ഉൾപ്പെടുത്തിയെ തീരു...
സൃഷ്ടിയിലെ ഗാനത്തോടെ ജാനകീ ബാബുരാജ് മധുര ലയനം അവസാനിച്ചതായി കാണാം. അദ്ദേഹം ഇതോടു കൂടെ ഈ ലോകത്തോട് യാത്ര പറഞ്ഞു പോയിരുന്നു....
ഒന്നേ പറയാനുള്ളൂ ..
ഇനിയുമെത്ര കാലം...?
ഈ ഭൂമിയുള്ള കാലത്തോളം...
ഓ എൻ വി - പ്രണയവസന്തങ്ങൾ
പരസ്പര ആകർഷണങ്ങളാണല്ലോ പ്രണയമായി ഭവിക്കുന്നത് . ഈയൊരു ഭാവത്തെ മലയാള ചലച്ചിത്ര ഗാനങ്ങൾ എത്രത്തോളം ഉൾക്കൊണ്ടിരിക്കുന്നു എന്ന് അതിശയത്തോടെ നമ്മൾ മനസിലാക്കുന്നു. അനുഗ്രഹീത കവികൾ ആ ഭാവം മനസ്സിലേറ്റി സിനിമാസന്ദർഭാനുസൃതമായി എത്രയെത്ര വരികൾ ചമച്ചു ! ഈണങ്ങൾക്കനുസരിച്ച് പാട്ടുകളായി നമ്മിലേക്ക് പെയ്തിറങ്ങി ! നമ്മുടെ പകലുകളിലേക്കും , ഏകാന്തതകളിലേക്കും , രാത്രി നൊമ്പരങ്ങളിലേക്കും ചേക്കേറി ! ജീവിതോന്മേഷങ്ങൾക്കും , തിരിച്ചറിവുകൾക്കും വഴി വെച്ചു ! ദിനങ്ങൾക്ക് വർഷങ്ങളുടെ ദൈർഘ്യം തോന്നിയവർക്ക് നിമിഷസൗഖ്യത്തിന്റെ ഉൾത്തരിപ്പുകൾ നൽകി! വരികളെ താലോലിച്ചു കൊണ്ടുറങ്ങിയെത്ര രാവുകൾ ! പറയാതിരുന്ന വാക്കുകൾ കൈമാറി പിന്നെയും ജീവിതം ആസ്വദിച്ചു . പാട്ടിന്റെ ആ കുളിർ കാറ്റ് !
മലയാളീകരിക്കപ്പെട്ട പാട്ടിന്റെ ഉപാസകനായ വയലാർ രാമവർമ്മ പാടിത്തന്നത് തുടക്കം ..കൈമാറി കൈമാറി ഹൃദയാനുരാഗത്തിന്റെ ചിന്താവാക് വൈഭവം ഓ എൻ വി കുറുപ്പ് എന്ന കവിയിലെത്തി നിൽക്കുമ്പോൾ അതിന്റെ ഉച്ചസ്ഥായിയിലെ ഊർജസ്വലത അനുഭവവേദ്യമാവുന്നത് കണ്ണീർ തുള്ളികളിലൂടെയാണ്. ഉൾക്കനം പേറി പേറി വിതുമ്പിത്തീരുന്നത് അറിയുന്നു...
മാണിക്യവീണയുമായി മനസ്സിന്റെ താമരപ്പൂവിൽ പരിലസിക്കുന്ന അവളോട് പാടാനും, അവളുടെ മനസ്സിലെ തീരാവേദന പങ്കിടാനും പറയുന്ന ഒരു കാമുകനെ ആദ്യം കാണാം... പ്രകൃതിക്ക് മാറ്റങ്ങൾ മഞ്ഞുകാലമായും മാമ്പൂ കാലമായും കടന്നുപോയിട്ടും ,പൊൻവെയിൽ തിളങ്ങിയിട്ടും നിന്റെ ചിരി മാത്രം കണ്ടില്ല എന്ന പരിദേവനം പ്രണയപ്പനി ബാധിച്ച ഒരുവന്റെ സങ്കടങ്ങളാണ്...
.
എന്തുമാത്രം സൗമ്യമാണ് ഓ എൻ വിയുടെ പല കാമുക ഹൃദയങ്ങളും ....]
അത് കളമൊഴിയുടെ കയ്യിലൊരു കുളിരുമ്മ വെച്ച് പങ്കിടുകയാണ്...
നിലാവിനോട് ഇതിലെ വരാൻ ആവശ്യപ്പെടുന്നു കാമുകൻ . ഇവളെ നിൻ പൂക്കളാൽ അലങ്കരിക്കൂ എന്നും .... ആ മധുരതരമായ തങ്ങളുടെ സംഗമം കഴിഞ്ഞാൽ കാറ്റിനോടാണ് ആവശ്യപ്പെടുന്നത് . ഇവളെ നിന്റെ മുത്തുകളാൽ അലങ്കരിക്കൂ എന്ന്. അത്രയ്ക്കും പ്രേമ വിവശനാണ് അവൻ .. സകലത്തിനോടും പ്രണയം തോന്നുന്നത് . സ്നേഹം സ്നേഹം എന്ന മന്ത്രം മാത്രം...
ശ്യാമ സുന്ദര പുഷ്പമേ എന്നാണു സംബോധന . അവൾ തന്റെ പ്രേമസംഗീതം കൂടിയാണ്. ആ പ്രേമസംഗീതം മറ്റൊരു വിപഞ്ചികയിൽ കൂടി വേദനയുടെ മറ്റൊരു രാഗമായാണോ പുനർജനിക്കുന്നത് എന്ന് നഷ്ടപ്പെടുന്ന പ്രണയത്തെ കയ്യെത്തിപിടിക്കാൻ വെമ്പുന്ന മറ്റൊരുവൻ .. സൂര്യൻ കാത്തുവെച്ച കരിഞ്ഞടങ്ങിയ തന്റെ കുങ്കുമപ്പാടത്തിലേക്ക് ഒരു മേഘരാഗമായ് വന്ന് തീകെടുത്താൻ കേണപേക്ഷിക്കുന്ന ഒരു പ്രണയ വിരഹഗാനം...
ശ്യാമമേഘത്തിനോട് ഒരു വ്യാകുല കാമുകന്റെ ചൊല്ലൽ . ദൂരെയുള്ള കാമുകിയ്ക്കായി ഉള്ള സന്ദേശവാഹകനായി പോവാൻ ഉള്ള അഭ്യർത്ഥന .
കരഞ്ഞു തളർന്ന അവൾക്കരുകിലെത്തി ചില്ലുവാതിൽ പാളി നീക്കി മെല്ലെയെൻറെ പേര് ചൊല്ലുമോ .. എങ്കിൽ അതേറെ ആശ്വാസമാകും എന്നവനറിയാം. ഇങ്ങു ദൂരെയിരുന്നു വേദനിക്കുന്ന എന്റെ സങ്കടങ്ങളും കൂടെ മൊഴിയാമോ എന്ന് കൂടി ... ഇതൊരു കാമുക സന്ദേശഗാനമാണ്....
ഒരു ദിനത്തിന്റെ അന്ത്യമായി സന്ധ്യയുടെ കൊഴിഞ്ഞുപോവൽ പോലെ എന്റെ കാത്തിരിപ്പും തീരുന്നോ ? മസൃണമായ പദപ്രയോഗങ്ങളിലൂടെ
ഒരു കാത്തിരിപ്പിന്റെ അസ്വസ്ഥതയുമായി വീണ്ടും ഓ എൻ വി ...
കടിഞ്ഞൂൽ പ്രണയകഥയിലെ പെൺകൊടിയോടാണ് . അവളുടെ സാന്നിധ്യത്തിൽ നിന്നും കൈയേറ്റുവാങ്ങിയതെല്ലാം ഇന്നും വാസനാപൂർണമായി നിലനിൽക്കുന്നെങ്കിലും നീയെവിടെ ? നീമാത്രംഎങ്ങുപോയി ?
നഷ്ടവസന്തത്തിന്റെ ഓർമ്മകളിൽ നിന്ന് വാക്കുകളുടെ ഫീനിക്സ് പക്ഷികൾ ഉയരുകയാണ്. തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന ഒരുവന്റെ തപ്തനിശ്വാസങ്ങൾ ... ഉഷസങ്കീർത്തനമാവാൻ അവളെ ക്ഷണിക്കുകയാണവൻ ...
(തീർന്നില്ല .... )
കെ ജി മാർക്കോസ്
പാട്ടുകാലങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നത് മുതലുണ്ട് ശ്രീ കെ ജി മാർക്കോസ് എന്ന ഗായകൻ . പലപ്പോഴും മറ്റുള്ള പ്രമുഖർ പലരും സിനിമാഗാനങ്ങളിലൂടെ മാത്രം ഓർമിക്കപെടുമ്പോൾ മാർക്കോസ് കൂടുതൽ മനസ്സിലേക്കെത്തിച്ചത് ക്രിസ്ത്യൻ , ഇസ്ലാം ഭക്തിഗാനങ്ങൾ ആയിരുന്നു. ജീവിതവും കാലവും ആശിർവാദങ്ങളും , പരിക്കുകളും ഏൽപ്പിച്ച് കടന്നുപോവുമ്പോഴും ഈ ഗായകൻ തന്റെ നില ഭദ്രമാക്കിയിരുന്നു. ഇത്രയേറെ ഭക്തി ഗാനങ്ങൾ പാടിയ ഒരാൾ ഉണ്ടായിരുന്നില്ല അന്ന് . ഇന്ന് നില മാറിയേക്കാം. എന്നാലും നിലവിൽ പതിനഞ്ചായിരത്തോളം ഗാനങ്ങൾ തന്റേതായുണ്ട് . ഇടയ്ക്കിടെ മലയാള സിനിമ നൽകിയ തലോടലുകളും ...
സിനിമാ ഗാനങ്ങൾ പല ഗായകർക്കും ആൽബം ഗാനങ്ങളിലേക്കും ഉള്ള ചവിട്ടുപടികളാണ് . ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിൽ " കന്നിപ്പൂമാനം കണ്ണും നട്ട് ഞാൻ നോക്കിയിരിക്കേ " എന്ന ഗാനം ജെൻസി എന്ന ഗായികയോടൊത്ത് പാടിയപ്പോൾ യുഗ്മഗാനങ്ങൾക്ക് പോലും ഒരു മാറ്റം വന്ന പോലെ തോന്നി. പതുങ്ങി പാടിയ ഒരു പ്രണയഗാനം . നല്ലൊരു തുടക്കം കിട്ടി മാർക്കോസിന് . തുടർന്ന് സ്റ്റേജ് ഷോകളിൽ ഗാനമേളകളിൽ മുഖ്യ ഗായകനാവാനും ഈ ഗാനം തുടക്കമായി . അവിടങ്ങളിൽ യേശുദാസിനെ അനുകരിക്കുന്നു എന്നൊരു വിമർശനം ഏറെ കാലം ഇദ്ദേഹം ഏൽക്കുകയുണ്ടായി . യേശുദാസിനപ്പുറം മറ്റൊരു ഗായകൻ ഇവിടെ വേണ്ട എന്നൊരു വിഭാഗത്തിന്റെ തീരുമാനം, വാശി ആണോ ഇതിനു പിന്നിൽ !!!
എങ്കിലും വസ്ത്രധാരണത്തിലും മറ്റും കൃത്രിമമല്ലാത്ത ഒരു ചാരുതയോടെ ഇദ്ദേഹം വേദികളിൽ തിളങ്ങി .ഒട്ടേറെ ആൽബങ്ങൾ പിന്നാലെ പിന്നാലെ വന്നു ചേർന്നു . വളരെ തിരക്കുള്ള ഗായകൻ ആയിത്തീർന്നു. വിദേശ യാത്രകൾ , സ്റ്റേജ് ഷോകൾ ... അക്കാലത്ത് ആഘോഷമായി മാർക്കോസ് വരവ് ...
കടലിലും കരയിലും നവ നവ രാഗം ( രതിലയം )
ഓടരുതമ്മാവാ ആളറിയാം ....(ഓടരുതമ്മാവാ ആളറിയാം )
ആകാശ മൗനം ( മൈനാകം )
മനസ്സിൻ ആരോഹണം ( സന്ധ്യക്കെന്തിനു സിന്ദൂരം )
പൂവാം മഞ്ചലിൽ ( ഈറൻ സന്ധ്യ )
തുടങ്ങിയവയൊക്കെ സിനിമാ രംഗത്തെ തുടർന്ന് എടുത്തുപറയാവുന്നവ ആയിരുന്നു .
പൂമാനമേ ഒരു രാഗമേഘം താ എന്ന നിറക്കൂട്ടിലെ ഗാനം മറ്റൊരു ബ്രേക്ക് .
കാസ്സറ്റുകളിൽ വിവിധ ഗായകർ പാടിയെങ്കിലും മികച്ചു നിൽക്കുന്നത് മാർക്കോസ് ശബ്ദം തന്നെ...
ആൽബം ഭക്തിഗാനങ്ങളുടെ ഒഴുക്ക് കാരണം ആയിരിക്കും സിനിമകൾ കുറഞ്ഞു വന്നത് ..
ഇസ്രായേലിൻ നാഥനായ് ...
പടപ്പ് പടപ്പോട് ...
മിഹ്റാജ് രാവിലെ കാറ്റേ ...
എന്നിവയൊക്കെ ഭക്തഗാന ആൽബങ്ങളിലും , ഗാനമേളകളിലും നിറഞ്ഞു നിന്ന ഒരു കാലം ഉണ്ടായിരുന്നു. ഭക്തി ഗാനങ്ങൾക്ക് ചേർന്ന ഒരു ശബ്ദം ആയിരുന്നു അദ്ദേഹത്തിന്റെത് ..
വാനിടവും സാഗരവും ( മുദ്ര )
മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ ( ഗോഡ്‌ഫാദർ )
താലോലം പൂംപൈതലേ ( നാടോടി )
പുത്തൻ പുതുകാലം ( കാബൂളിവാല )
എല്ലാരും പോകുഞ്ഞോ ( ജൂനിയർ മാൻഡ്രേക് )
അനാദി ഗായകൻ പാടുന്നു ( ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ )
എന്നീ ഗാനങ്ങളൊക്കെ മാർക്കോസ് സംഭാവനകളാണ് നമുക്ക് വാഴ്ത്താവുന്നതാണ് .
വീണ്ടും തിരക്കിൻറെ മേളനം. ആൽബം ഗാനങ്ങളിൽ തന്നെ.
സിനിമാഗായകൻ എന്ന നിലയിൽ അല്ല സംഗീതലോകം ഇദ്ദേഹത്തെ ഓർക്കുക . ആൽബം ഗായകൻ എന്നതിൽ വളരെ ഉയരങ്ങളിൽ എത്തിച്ചേർന്നു ബ്രഹ്മാണ്ഡ ഗായകൻ എന്ന ചെല്ലപ്പേരിൽ അറിയപ്പെട്ട മാർക്കോസ് ....
സ്വർണത്തിനെന്തിനു ചാരുഗന്ധം
ഭക്തി നിർഭരമായിരുന്ന ആ ഇരട്ട സൗഭാഗ്യത്തിലെ നാദബ്രഹ്മവും അവസാനിച്ചു . ഇനി അവർ ചെയ്‌തുവെച്ചു പോയ സംഗീത നിധികൾ ആസ്വദിക്കുക മാത്രം ...ഇന്ന് പകൽ കെ ജി ജയൻ എന്ന സംഗീതജ്ഞന്റെ ശരീരം അഗ്നി ഏറ്റുവാങ്ങും . അര നൂറ്റാണ്ടിലധികം ഈ ഭാവ സൗകുമാര്യം പാട്ടാസ്വാദകരെ ആകർഷിച്ചിരുത്തിയിരുന്നു. പാതി വഴിയിൽ കൈവിട്ടുപോയ സഹോദരന്റെ നഷ്ടത്തിൽ തകർന്നു പോയ ജയനെ സംഗീതം തന്നെയാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്...
ഭക്തി ഗാനങ്ങളുടെ ഒരു പരമ്പര തന്നെയുണ്ട്. അയ്യപ്പ ഗാനങ്ങളുടെ ഒരു വലിയ ശേഖരം നമ്മെ ഏൽപ്പിച്ചു കൊണ്ട് ജയനും ....
സിനിമാ ഗാനങ്ങളേക്കാൾ പകിട്ടേറും ഭക്തി ഗാനങ്ങൾക്ക് . അതിൽ മയിൽപ്പീലി എന്ന ഭക്തിഗാന ശേഖരം നമ്മെ അതിശയിപ്പിക്കുന്നത്. ഭക്ത ഗാനങ്ങളുടെ തമ്പുരാൻ ശ്രീ രമേശൻ നായർ രചിച്ച അതി സുന്ദര വരികൾക്ക് ഉൾച്ചേർന്നു പോകുന്ന സംഗീതം നൽകി ജയൻ ..
എങ്കിലും മനസ്സിനെ എന്നും തൃപ്തിപ്പെടുത്തുന്ന സംഗീതത്തോടെ ചില സിനിമാ ഗാനങ്ങൾ ഉണ്ട്.. അത് പറയാതെ വയ്യ . ഭക്ത ഗാനങ്ങൾ സംഗീതം ചെയ്യുമ്പോഴും ഈശ്വരസങ്കല്പത്തെ ഉപാസിക്കുമ്പോഴും ഒരനശ്വര ഗാനത്തിന്റെ ഓർമ്മ മനസ്സിൽ നിറയും. റിലീസ് ചെയ്യാത്ത ഒരു സിനിമയ്ക്ക് ജയവിജയ സംഗീതം ചെയ്തതിലൂടെ കൈവന്നത് സങ്കല്പങ്ങൾക്കപ്പുറത്തുള്ള സംഗീതവീചികളാണ്.
ചിത്രം തെരുവുഗീതം .ബിച്ചു തിരുമലയുടെ രചന . അതിലെ രണ്ടു ഗാനങ്ങളെ പറ്റി പറയാം . മനുഷ്യരിൽ കുടികൊള്ളുന്ന ഈശ്വരനെക്കുറിച്ചും , ഈശ്വരന്റെ പരിദേവനങ്ങളും ആണ് വിഷയം. ഹൃദ്യം ദേവാലയം എന്നതിൽ പരിശുദ്ധമായ ദേവാലയമാണ് മനുഷ്യഹൃദയം എന്ന് ...വസന്തം നിറമാല ചാർത്തുമിടം . കൊട്ടും കുഴലും, ആനയും പഞ്ചാരിയും ഒന്നുമില്ലെങ്കിലും ആറാട്ടുത്സവം നടക്കുമിടം ,മോഹഭംഗങ്ങളും കഥകളി ആടും ,കൊടിമരവും മുറജപവും ഇല്ലാത്ത പുണ്യമഹാക്ഷേത്രം എന്ന് തന്നെ പറഞ്ഞു വെക്കുന്നു ബിച്ചു തിരുമല . ആ വരികളെ ഒരു ഗാനമാക്കുമ്പോൾ വരുത്തേണ്ട പാകവും , ലയവും എല്ലാം എത്രമേൽ സുന്ദരം എന്ന് പറയാതെ വയ്യ .
ദ്വാദശി നാളിൽ യാമിനിയിൽ എന്ന രണ്ടാമത്തെ ഗാനം ആണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതിച്ചത്.... വരികൾ അതി മനോഹരം . ഈശ്വരന്റെ പരിദേവനം നിറഞ്ഞുനിൽക്കുന്ന ഒരു ഗാനം. ഒരു ദ്വാദശി നാൾ അർദ്ധരാത്രിയിൽ ദൈവം ശ്രീകോവിൽ വിട്ടിറങ്ങുകയാണ് ,
പടുതിരി കത്തുന്ന ചുറ്റുവിളക്കുകൾ അദ്ദേഹത്തെ പരിഹസിച്ചു ചിരിച്ചു . ആകെ വിഷണ്ണനായി താടിക്ക് കൈയൂന്നി തിടപ്പള്ളിയിൽ അദ്ദേഹം ഇരുന്നു പോയി... ദൈവത്തിന്റെ കണ്ണുകൾ നിറഞ്ഞു . ഭക്താ ഞാൻ നിന്നോട് എന്ത് തെറ്റാണ് ചെയ്തത് . അഷ്ടബന്ധങ്ങളാൽ നീ എന്തിനെന്നെ ബന്ധിച്ചു എന്ന ചോദ്യത്തോടെ അവസാനിക്കുന്ന ഒരു ഗാനം.... ഇത്തരത്തിലൊരു ഗാനം സിനിമയിൽ കേട്ടിട്ടില്ല. റിലീസ് ചെയ്യാത്ത സിനിമ ആയതിനാൽ എന്താണ് സിനിമയിൽ എന്നറിയില്ല....
സംഗീതത്തിന്റെ മാസ്മരികത ഈ ഗാനത്തിൽ നിറഞ്ഞും തുളുമ്പിയും ഉണ്ട്. ശ്രീകോവിലിൽ നിന്നിറങ്ങി വന്നു എന്ന വരിയിൽ സംഗീതമാഹാത്മ്യം കാരണം ദൈവം പടിയിറങ്ങി വരുന്നത് പോലെ തോന്നിപ്പിക്കും... അസാമാന്യം ...
സിനിമാ ഗാനങ്ങൾ പറഞ്ഞാൽ കുറച്ചേ ഉള്ളൂ... രണ്ടു പേരും കൂടെ ചെയ്തവെച്ചു പോയവ ..
താരാട്ടു പാട്ടിന്റെ ഇടയിലൂടെ ജീവിതത്തിന്റെ തീക്ഷ്ണതയും വ്യർത്ഥതയും നിറഞ്ഞ " ആരാരോ ആരാരോ ... ജീവിതമെന്നൊരു തൂക്കുപാലം " എന്നത് മറക്കാനാവില്ല . ഒരു മനുഷ്യജീവിതത്തിന്റെ പിടച്ചിലും , മുഷിച്ചിലും വരെ ഇതിൽ ഉണ്ട്. ചിത്രം നിറകുടം . രചന ബിച്ചു തിരുമല . സംഗീത സ്നേഹികൾ കേൾക്കാനും, പാടാനും ഉപയോഗിക്കുന്ന മറ്റൊരു ഗാനം ഉണ്ട്. " നക്ഷത്രദീപങ്ങൾ തിളങ്ങി " എന്നത്. അർദ്ധ ക്ലാസ്സിക്കൽ രീതിയിൽ ചിട്ടപ്പെടുത്തിയത്. ജയവിജയന്മാർ തിളങ്ങി നിൽക്കുന്ന ഒന്ന് . യേശുദാസിന്റെ ടോപ് ഗാനങ്ങളിൽ ഒന്ന്.
നിറകുടത്തിലെ " ചിങ്ങവനത്താഴത്തെ കുളിരും കൊണ്ടേ " എന്ന പ്രണയഗാനവവും ഹൃദ്യം...
സുശീലയുടെ മധുര ഗാനങ്ങളിൽ ഒന്നായ " സ്വർണത്തിനെന്തിനു ചാരുഗന്ധം " പാട്ടെഴുത്തിന്റെ ഈ മലർവസന്തം അനുഭവിക്കാൻ ഭാഗ്യം ഉണ്ടായതിൽ ഈയ്യുള്ളവനും <3
സ്വർണ്ണത്തിനെന്തിനു ചാരുഗന്ധം
രാജഹംസങ്ങൾക്കെന്തിനു പഞ്ചവർണ്ണം
കരളും കരളും കുളിരണിയുമ്പോൾ
കഥയാണോ... അംഗഭംഗം നിന്നംഗഭംഗം
ഈ വരികൾ ജീവിതത്തിനു നൽകുന്ന ഒരുറപ്പ് ചിലർക്കെങ്കിലും ഉൾക്കൊള്ളാനാവും ... സംഗീതം ഉയരത്തിൽ എടുത്തുവെച്ച ഒരു ഗാനം കൂടിയാണ്. ചടുലമാണെങ്കിലും നിഷ്കളങ്കമാണ് ജീവിതം <3
ബാലചന്ദ്രമേനോന്റെ ആദ്യ സിനിമയായ ഉത്രാടരാത്രിയിലെ ഗാനങ്ങളും മറക്കുവാനാവാത്തത് .
ഭ്രമണപഥം വഴി എന്ന ഗാനം ഈ ലോകത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ഒരു ഗാനമാണ് . ബിച്ചു തിരുമലയുടെ മറ്റൊരു ഹിറ്റ് . ഊഴിയിൽ ഒന്നും അനശ്വരമല്ലെന്നും ...അനന്തപഥകളിലൂടെ അലയുന്ന മനുഷ്യനും ...
ഒരു പുഴ പോലെ ഒഴുകി ആഴിയിൽ അടിയുന്ന പുഴയായും....
സ്നേഹത്തിലെ ജോളി എബ്രഹാമിന് ഒരു ഹിറ്റൊരുക്കിയ " ഈണം പാടി തളർന്നല്ലോ നമ്മളും കാറ്റും "
പകൽക്കിനാവൊരു പക്ഷി എന്ന ഭാസ്കരൻ രചനയും മറക്കാനാവാത്തത് ...
ഭക്തി ഗാനങ്ങളുടെ ഇടയിൽ നിന്നും പ്രിയപ്പെട്ടത് തിരഞ്ഞെടുക്കുക അസാധ്യം.
എന്നാലും ചിലത് എടുത്തു പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു.
നല്ലതു വരുത്തുക
ശ്രീകോവിൽ നടതുറന്നു
ശ്രീ ശബരീശാ
വിഷ്ണുമായയിൽ
ചന്ദന ചർച്ചിത
ഒരു പിടി അവിലുമായ്
ചെമ്പെയ്ക്ക് നാദം
നീ എന്നെ ഗായകനാക്കി
രാധ തൻ പ്രേമത്തോടാണോ
യമുനയിൽ ഹരഹരപ്രിയ .....
ഒന്നും അവസാനിക്കുന്നില്ല ... ഗാനങ്ങളും, ആസ്വാദനങ്ങളും ...
സംഗീതമേ ജീവിതം
ജീവിതത്തിൽ നിന്നും കടന്നു പോയ ഒരു ഗായകനെ കുറിച്ചെഴുതാനിരിക്കുമ്പോൾ അദ്ദേഹം ജീവിച്ചിരുന്ന ആ കാലത്തെ കുറിച്ചും ഓർത്തുപോവും. സ്വാതന്ത്ര്യാനന്തര കാലത്തെ പിച്ചവെച്ചുണരുന്ന ഒരു കലാമേഖലയെ പറ്റിയും ....സിനിമ. സാധാരണ ജനങ്ങൾക്കും കുറേശെ പിടിതന്നുകൊണ്ടിരുന്ന കാലം. സിനിമാഗാനങ്ങൾ തങ്ങൾക്കും മൂളിനടക്കാൻ പാകത്തിൽ ഉള്ളവ ആണല്ലോ എന്നൊരു സന്തോഷം ....
എങ്കിലും ഭക്തിരസപ്രധാനമായവ പിന്നെയും വന്നുകൊണ്ടിരുന്നു. ജീവിതാർത്ഥങ്ങളെ മുൻനിർത്തി പാട്ടുകൾ വന്നിരുന്നെങ്കിലും ജനഹൃദയങ്ങളിൽ അതത്ര ഏശിയിരുന്നില്ല . പൂന്താനത്തിന്റെ ജ്ഞാനപ്പാന പോലെ തരളിതമായി മനസ്സിനെ തഴുകിയിരുന്നില്ല. അപ്പോഴാണ് ഒരു ഗായകന്റെ വരവ്. 1954 മുതൽ ഇവിടെ ഉണ്ടായിരുന്ന ആൾ. ഹരിശ്ചന്ദ്ര എന്ന ചിത്രത്തിലെ " ആത്മവിദ്യാലമേ " എന്ന ഗാനം . ജീവിതത്തിനെ കുറിച്ച് പലതും നമ്മെ ഓർമ്മപ്പെടുത്തുന്ന ഒന്ന് . പൊൻകതിർ എന്ന ചലച്ചിത്രത്തിലെ ഒരു കവിതാ ശകലം പാടിക്കൊണ്ട് കടന്നു വന്ന ശ്രീ കമുകറ പുരുഷോത്തമൻ എന്ന കന്യാകുമാരിക്കാരൻ. ഈ ഗാനത്തിന്റെ മഹത്വം കൊണ്ടുകൂടിയാണ് പിന്നീടങ്ങോട്ട് ഒട്ടേറെ നല്ല ഗാനങ്ങൾ അദ്ദേഹത്തിന് കിട്ടാൻ കാരണവും..
അത്തരത്തിലുള്ള ഓർമ്മപ്പെടുത്തലുകൾ കൊണ്ടുവരുന്ന ഗാനങ്ങൾ പിന്നെയും ആലപിക്കേണ്ടി വന്നെങ്കിലും അതെല്ലാം വ്യത്യസ്തമായിരുന്നു , സുന്ദരമായിരുന്നു.
മായാമാധവഃ ഗോപാല .... ( ഭക്തകുചേല )
ഈശ്വരചിന്തയിതൊന്നെ മനുജന് ... ( ഭക്ത കുചേല )
പനിനീരിന്നിതൾ കൊഴിഞ്ഞാലും ( ജ്ഞാനസുന്ദരി )
മായാമയനുടെ ലീല ( ചിലമ്പൊലി ) ഭാർഗവി നിലയം )
മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു ( തറവാട്ടമ്മ )
ഏകാന്തതയുടെ അപാര തീരം ( ഭാർഗവി നിലയം )
ഈ ഗാനങ്ങളിലൊക്കെ തന്നെ തുടിച്ചു നിൽക്കുന്ന ഈശ്വര സങ്കൽപ്പത്തിന്റെ , അറിയാപ്രപഞ്ചത്തിന്റെ , ജീവിത സമസ്യകളുടെ ഇടറലുകളും , വിങ്ങലുകളും അറിയാം... ഹരിശ്ചന്ദ്രയിലെ ആ ഗാനത്തിന്റെ ഗരിമയിൽ നിന്നും ഒട്ടും പതറാതെ ഉള്ള മുന്നേറ്റങ്ങൾ . കാലം അതേറ്റുപാടിക്കൊണ്ടേ ഇരിക്കുന്നു.
കർണ്ണാടക സംഗീതത്തിന്റെ ഉറച്ച അടിത്തറയിൽ നിലനിന്ന ഗാനങ്ങൾ ലളിതസംഗീതത്തിന്റെ പീലിയിളക്കങ്ങളിലേക്ക് ചുവടു മാറ്റും നേരം....
മലയാള ഗാനങ്ങൾ ഒന്നുകൂടി ലളിതമാവുകയായിരുന്നു. അശാന്ത പി തിന്റെ തുടക്കം മുതൽ തന്നെ അദ്ദേഹം കൂടെയുണ്ട്....
"സംഗീതമേ ജീവിതം" എന്ന ജയിൽപ്പുള്ളിയിലെ ഗാനം ശാന്ത പി നായരുമൊത്ത്ആലപിച്ചത്. പ്രണയത്തിന്റെയും, തത്വചിന്തകളുടേയുമൊക്കെ ത്രാസിൽ തൂങ്ങുന്ന ജീവിതം തന്നെ വിഷയം ...
അന്നത്തെ മുൻ നിര ഗായികമാരുടെ കൂടെ പാടാൻ കമുകറയ്ക്ക് കഴിഞ്ഞു. ശാന്താ പി നായർ , പി ലീല, കെ പി എ സി സുലോചന , ജാനകി , സുശീല etc ...
തുമ്പപ്പൂ പെയ്യണ പൂനിലാവെ ( രണ്ടിടങ്ങഴി )
പൂവിനു മണമില്ല നിലാവിന് കുളിരില്ല ( ചിലമ്പൊലി )
ഏഴു നിറങ്ങളിൽ നിന്നുടെ രൂപം ( കറുത്ത കൈ )
പൊട്ടിക്കരയിക്കാൻ മാത്രം ( പട്ടുതൂവാല )
ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നുംതോണി ( പട്ടുതൂവാല )
തങ്കത്തേരിലേഴുന്നെള്ളുന്നൊരു തമ്പുരാട്ടി ( കളിയോടം)
യേശുനായകാ ദേവാ സ്നേഹഗായകാ ( തങ്കക്കുടം )
കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു ( ലേഡി ഡോക്ടർ )
അശോകവനത്തിൽ സീതമ്മ ( കള്ളിച്ചെല്ലമ്മ )
എന്നീ യുഗ്മഗാനങ്ങളൊക്കെ അന്നത്തെ സൂപ്പർ ഹിറ്റുകളായിരുന്നു. ഗൗരവക്കാരനായിരുന്ന ഒരു പ്രണയഗായകൻ ...
ഇരുപതു വർഷത്തോളം സിനിമാരംഗത്തുണ്ടായിരുന്നു ഇദ്ദേഹം . മറ്റെല്ലാ ഗായകർക്കുമെന്ന പോലെ യേസുദാസ് എന്ന ഗന്ധർവന്റെ വരവിൽ അവസരങ്ങൾ കുറഞ്ഞു. കറുത്ത കൈ എന്നതിൽ " പഞ്ചവർണ്ണ തത്ത പോലെ " എന്ന ഗാനം യേശുദാസുമൊത്ത് പാടുകയുണ്ടായി .
നാളെ നാളെയൊന്നായിട്ട് ( ഭക്തകുചേല )
പറന്നുപോയോ ഇണക്കുയിലേ ( ജ്ഞാനസുന്ദരി )
പനിനീർ മലരിന്നിതൾ കൊഴിഞ്ഞാലും ( ജ്ഞാനസുന്ദരി )
മാതളമലരെ മാതളമലരെ ( കളിയോടം )
വാർമുകിലെ വാനിലലയും വാർമുകിലേ ( പുത്രി )
പൂവായ് വിരിഞ്ഞതെല്ലാം പൊന്നാകുമോ ( പ്രിയതമ )
ഗംഗാ യമുന സംഗമ സമതല ഭൂമി ( ഹോട്ടൽ ഹൈ റേഞ്ച് )
മറക്കാൻ കഴിയുമോ പ്രേമം ( കണ്ണൂർ ഡീലക്സ് )
എന്നീ ഗാനങ്ങൾ ആലപിച്ചു കൊണ്ട് ഏകദേശം 1970 വരെ ....
പിന്നീട് ഗാനരംഗത്ത് നിന്നും സ്വയമേവ വിരമിച്ചു. എങ്കിലും പാട്ടുകൾ വിട്ടിരുന്നില്ല . കാലങ്ങൾക്ക് ശേഷം ആരോരുമറിയാതെ എന്ന ചിത്രത്തിൽ " ആ ചാമരം ഈ ചാമരം " എന്ന ഗാനവും ,. മണിച്ചെപ്പു തുറന്നപ്പോൾ എന്നതിലെ " സ്വർഗ്ഗവാതിൽ തുറന്നു " എന്ന ഗാനത്തിനും സഹകരിച്ചു....
1995 മെയ് 26 ന് ഒരു കാർ യാത്രക്കിടയിൽ ഹൃദയസ്തംഭനം മൂലം ഇദ്ദേഹം മരണമടയുകയായിരുന്നു ... പാട്ടിന്റെ ഒരു പൂക്കാലം സൃഷ്‌ടിച്ച അങ്ങയെ ഞങ്ങൾ ഒരിക്കലും മറക്കില്ല ..... പ്രണാമം പ്രിയ ഗായകാ ....
Subscribe to:
Posts (Atom)