പഠനങ്ങൾ
Monday, December 29, 2025
എം.ടി യുടെ മാനസപുത്രന്മാർ
ഇഷ്ട തിരക്കഥാകൃത്ത് എം.ടി വാസുദേവൻ നായർ എന്ന എഴുത്തുകാരൻ തന്നെയായിരുന്നു എന്നും ,ഇന്നും. അതിനേറ്റവും ഉത്തമ ഉദാഹരണമായി നിർമ്മാല്യം എന്ന സിനിമ തന്നെ. ഒരെഴുത്തുകാരൻ്റെ ധർമ്മം നിർവ്വഹിക്കുന്നതിൽ കർമ്മം സാർത്ഥകമാക്കിയത്. പള്ളിവാളും കാൽചിലമ്പും എഴുത്തായും പിന്നീട് നിർമ്മാല്യമാക്കി ദൃശ്യവൽക്കരിച്ചപ്പോഴും അതിൻ്റെ പൊലിമ മങ്ങാതെ മഹത്തായ സന്ദേശമായി നമ്മിലേക്കെത്തിക്കുകയും ചെയ്തു.. എന്നേക്കും മലയാളത്തിലെ മികച്ച സിനിമയായി നിർമ്മാല്ല്യം. ചിട്ട തെറ്റിക്കാതെ കാത്തുപോന്നിരുന്ന അനുഷ്ഠാനങ്ങൾ ഒരു വെളിച്ചപ്പാടിന്റെ ജീവിതത്തെ താളം തെറ്റിച്ച സംഭവങ്ങൾ , കുടുംബത്തിന്റെ എല്ലാ തരത്തിലുമുള്ള അധപ്പതനങ്ങൾ, ഇവയെല്ലാം എന്നും മനസ്സിലെ ഉടയാത്ത വിഗ്രഹമായി കാത്തുസൂക്ഷിച്ചതിനോടുള്ള , വേണ്ട സമയത്ത് കാവൽ നിന്നില്ല എന്ന ക്ഷോഭത്തിലേക്ക് ,വൈകാരികതയുടെ അതിതീവ്ര മുനമ്പിലേക്കു അയാൾ വലിച്ചെറിയപ്പെടുകയായിരുന്നു. ആചാരാനുഷ്ഠാനങ്ങളുടെ എല്ലാ മതിലുകളും തകർത്തു വീഴ്ത്തിയ ഫ്രെയിമുകൾ .. ശരിക്കും അതേപോലെ ഒരു ധൈര്യം പിന്നെ മലയാള സിനിമയ്ക്കുണ്ടായില്ല എന്നത് മറ്റൊരു സത്യം..
അതേപോലെ ഞെട്ടിക്കുന്ന ജീവിത യാഥാർത്ഥ്യത്തിൻ്റെ ഫ്രേമുകൾ നൽകിയത് സദയം എന്ന ചിത്രത്തിലൂടെ ആണ് . അംഗീകരിക്കാൻ പ്രയാസമെങ്കിലും ഈ ലോകം ചിലർക്ക് മാത്രം ഉല്ലസിക്കാനായി , മറ്റുള്ളവർ അവരുടെ ഇരകൾ എന്ന ഉണ്ടാക്കി വച്ച കാട്ട് നിയമത്തിൻ മുന്നിൽ നിന്ന് കുഞ്ഞ് ജീവിതങ്ങളെ മരണത്തിലൂടെ സുരക്ഷിത ലോകത്തെത്തിക്കുന്ന വൈകല്യ ചിന്തയെങ്കിലും
…..
വാർദ്ധക്യത്തിൻ്റെ ഒറ്റപ്പെടലിൽ മനസ്സിൽ ദ്വീപുകൾ സൃഷ്ടിക്കാൻ മിനക്കെടാതെ ജീവിതം ആസ്വദിച്ച ആ ദമ്പതികളെ മറക്കാൻ കഴിയില്ല .ഒടുവിൽ ഉണ്ണികൃഷ്ണന് ഒരു മികച്ച കഥാപാത്രം നൽകിയ ഒരു ചെറുപുഞ്ചിരി. നുണകളിൽ നിന്ന് രസമുള്ള കഥകൾ ഉണ്ടാക്കി കുറ്റപ്പെടുത്തലുകളുടെ സുഖമുള്ള വാഗ്വാദ രംഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവർ .രണ്ടു പേർക്കുമറിയാമായിരുന്നുവത്രെ കുറ്റം പറയലുകളിലെ ആ നുണകളെ എന്ന് ഒളിപ്പിച്ച് വെച്ച മറ്റൊരു കൗതുകമായി വെളിപ്പെടുത്തിയപ്പോൾ ദാർഷ്ട്യത്തിൻ്റെ കടുംപിടുത്തത്തിൻ്റെ പേരിൽ ജീവിതം തുലച്ച പല ദാമ്പത്യങ്ങളെയും ഓർത്തു പോയി …
ഗുരുശിഷ്യബന്ധത്തിൽ നിന്ന് പ്രണയത്തിൻ്റെ ലോകത്തേക്ക് എത്തിപ്പെട്ടെങ്കിലും അകന്നുപോയി മറ്റാരൊക്കെയൊ ആയെങ്കിലും വാർദ്ധക്യത്തിൻ്റെ വഴിയിൽ വീണ്ടും ചാരം മൂടിയ കനൽത്തരികൾ പ്രകാശിക്കുന്ന ആ കുഞ്ഞു നിമിഷങ്ങളെ പ്രേക്ഷകർക്ക് കഥയായും സിനിമയായും നൽകിയത് പുണ്യതീർത്ഥങ്ങളായിരുന്നു . എത്ര കഥാപാത്രങ്ങൾ മലയാള സിനിമയിൽ വന്നു പോയെങ്കിലും സുഹാസിനിയുടെ വിനോദിനിയെപ്പോലെ ജീവിതത്തിൽ നിന്ന് എഴുന്നേറ്റ് വന്നത് എന്ന് പറയുന്നവർ അപൂർവ്വമാണ് . വിഷമഘട്ടങ്ങളിൽ നമ്മിൽ കെട്ടി വരിഞ്ഞ മറ്റു ബന്ധങ്ങളെ ഉപബോധമനസ്സ് രക്ഷക്കായി പരതിക്കൊണ്ടിരിക്കും എന്നത് കുടജാദ്രിയിലെ ആ അനർഘ നിമിഷങ്ങളിൽ വിനോദിനി ഞട്ടലോടെ തിരിച്ചറിയുകയും ചെയ്യുന്നു .
“അമ്മൂട്ട്യേ ” എന്ന വിളി ജീവിത യാഥാർഥ്യങ്ങളിലെ കെട്ടുപാടുകളെ ഓർമ്മപ്പെടുത്തുകയാണ് കഥാകാരൻ .
“എനിക്ക് ഭ്രാന്താ . എന്നെ ചങ്ങലക്കിടൂ ” എന്ന വേലായുധന്റെ അവസാന ജല്പനങ്ങളിലൂടെ തകർക്കപ്പെടുന്നത് എല്ലാ ബന്ധങ്ങളുടെയും ചങ്ങലക്കണ്ണികളാണ്.
ഒരു സാധാരണ ജീവിതത്തിന് മനോനില തെറ്റിയെന്ന് മറ്റുള്ളവർക്ക് തോന്നിപ്പിക്കുന്ന ഒരുജീവിതമായിരിക്കും ഇനി നല്ലതെന്ന വേലായുധന്റെ കണ്ടെത്തലുകൾ നമ്മുടെ എല്ലാ കണ്ടെത്തലുകളുടെയും പരാജയമാണ്. അരികുവൽക്കരിക്കപ്പെട്ട അത്തരം ജീവിതങ്ങളെ എം ടി വാസുദേവൻ നായർ എന്ന കഥാകാരനെയും, ചലച്ചിത്രകാരനെയും ഏറെ വേദനിപ്പിച്ചിട്ടുണ്ട് എന്നതിന് ഉദാഹരണമാണ് ഇരുട്ടിന്റെ ആത്മാവും, കുട്ട്യേടത്തിയും . ചവിട്ടിമാറ്റപ്പെട്ടവരെ കണ്ടമാനം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം . ഇനിയത് ചന്തുവായാലും, ഇന്ദിരയായാലും, ഉണ്ണിമായ ആയാലും ,ബാലനായാലും , രവിശങ്കറായാലും , ഓരോരോ രംഗങ്ങളിൽ സാക്ഷ്യപത്രങ്ങളായി അവർ വന്നുപോയിക്കൊണ്ടിരുന്നു.
സ്ക്രീനിന് വേണ്ടിയുള്ള കഥ എന്നർത്ഥത്തിൽ തിരക്കഥ ജനപ്രീതി നേടിയ ഒരു കലയുടെ അസംസ്കൃത രൂപമാണ് .. മേൻമ നിശ്ചയിക്കുന്നത് തുടർന്നു വരുന്ന ക്യാമറാമാൻ ,എഡിറ്റർ ,സംവിധായകൻ ,അഭിനേതാക്കൾ തുടങ്ങിയവരൊക്കെ ആണല്ലോ . ഒന്നിൽ പിഴച്ചാൽ തീർന്നു എന്നുറപ്പ് .എന്നാൽ മലയാളി പ്രക്ഷകർക്ക് എം.ടിയിൽ നിന്ന് അങ്ങിനെയൊരു ദുര്യോഗമേൽക്കേണ്ടി വന്നിട്ടില്ല . ജീവിതത്തിൽ തങ്ങൾ നേരിടേണ്ടി വരുന്നതും, അവനവൻ്റെ പതിപ്പ് തന്നെയുമായ ചിലർ സ്ക്രീനിൽ നിറഞ്ഞാടുമ്പോൾ നിർന്നിമേഷരായും, അസ്വസ്ഥരായും ഇരിക്കേണ്ടി വന്നിട്ടുണ്ടാവാം . സമാനമായ ജീവിത പശ്ചാത്തലങ്ങൾ തിരശ്ശീലയിൽ ഒഴുകി നീങ്ങുമ്പോൾ അസ്വസ്ഥത തോന്നാതെങ്ങനെ!
മരണം ജീവിതത്തിന്റെ അവസാനത്തെ കച്ചിത്തുരുമ്പാണോ? ആശയറ്റവൻ അതിലെത്തിപ്പിടിക്കുമ്പോൾ ശാന്തിയാണോ കൈവരുന്നത്?ആർക്കുമറിയാത്ത സത്യം . അനുഭവിച്ചയാൾ വന്നു പറയാനാവാത്തത് . എഴുത്തുകാർ ചില കഥാപാത്രങ്ങൾക്ക് മുക്തി നൽകുന്നത് മരണത്തിലൂടെയാണ്. അനുഭവങ്ങളുടെ ആകെത്തുകയാണല്ലോ എഴുത്തും.. എം ടി തിരക്കഥകളിലെ പ്രധാനപ്പെട്ട പലതിലും ദുരന്തജീവിതങ്ങൾ കാണാം. എവിടെയുമെത്തില്ല എന്ന് തോന്നിയാൽ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നവർ. ആദ്യത്തെ തിരക്കഥയായ മുറപ്പെണ്ണിലും കൊച്ചമ്മണിയുടെ ജീവിതമൊടുങ്ങുന്നത് തൂക്കുകയറിലാണ് .പ്രേമനൈരാശ്യത്തിന്റെ ഇര . പിന്നീടിങ്ങോട്ട് പലർക്കും അതൊരു കച്ചിത്തുരുമ്പായി കഥാകാരൻ എറിഞ്ഞുകൊടുക്കുകയായിരുന്നു എന്ന് തോന്നും. ഏതു തത്വചിന്തയുടെ അവസാനവും ചിലപ്പോൾ വാക്കുകൾ നഷ്ടപ്പെടുന്ന ഒരവസ്ഥ ഉണ്ടാവും. അത്തരം നിമിഷങ്ങളിൽ കഥാപാത്രങ്ങളെ കുരുതി കൊടുക്കാതെ വയ്യ.
“കുട്യേടത്തിയെ ആർക്കും വേദനിപ്പിക്കാൻ കഴിയില്ല ” എന്ന അവസാന വാചകത്തിൽ ഒടുങ്ങി മാളു എന്ന കുട്ട്യേടത്തിയും മരക്കൊമ്പിൽ തൂങ്ങിയാടുകയായിരുന്നു. . തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയ കൊച്ചമ്മണിമാരും ,മാളുമാരും മാരകമായ അസുഖത്തിൽ കഴിയുമ്പോൾ ഉൾവലിഞ്ഞു പോയസുകൃതത്തിലെ രവിശങ്കർ , പിന്നീട് അത്ഭുതമായി കടന്നു വന്ന ചികിത്സാരീതിയിൽ സുഖം പ്രാപിക്കുന്നു . ജോലിസ്ഥലത്തും, കുടുംബത്തിലും അപ്പോഴേക്കും ഒരധികപ്പറ്റായി ഒറ്റപ്പെട്ടുപോവുന്നു. ജീവിതത്തിലേക്കുള്ള രവിശങ്കറിന്റെ തിരിച്ചുവരവ് പലർക്കും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു എന്നറിഞ്ഞപ്പോൾ ചൂളം വിളിച്ചു വരുന്ന മരണത്തിന്റെ ഗുഹാതീരത്തിലേക്കു അയാൾ നടന്നുപോവുകയായിരുന്നു .
നഖക്ഷതങ്ങളിലെ രാമുവിനും സമാനമരണം തന്നെ സമ്മാനിക്കുന്നുണ്ട് . ജീവിതത്തിന്റെ ഒരു സന്നിഗ്ദഘട്ടത്തിൽ തീരുമാനം എടുക്കാനാവാതെ മരണതീരം പുൽകുന്ന രാമുവും മറ്റൊരുദാഹരണം . ഒരുറച്ചതീരുമാനത്തിന്റെ അവ്യക്തതയിലാണ് പലരും ജീവനൊടുക്കുന്നത് . നിർമ്മാല്യത്തിലെ വെളിച്ചപ്പാടിന്റെ മാനസികാവസ്ഥയും മറ്റൊന്നല്ല. വഴിമുട്ടിപ്പോയ , അല്ലെങ്കിൽ രക്ഷയെന്നു കരുതിയിരുന്നതൊക്കെ കൈവിട്ടുവെന്ന തോന്നലിൽ ഉന്മാദാവസ്ഥയിൽ തലവെട്ടിപ്പൊളിച്ചാണ് വെളിച്ചപ്പാടിന്റെ സ്വയംഹത്യ . ഉത്തരത്തിലെ സെലീന പക്ഷെ ഇനിയൊരു തീരുമാനമെടുക്കാനാവാത്ത ഒരവസ്ഥയിൽ സ്വയം വെടി വെച്ച് മരിക്കുന്നു. അത് പക്ഷെ ചില തിരിച്ചറിവുകളിലെ ഞെട്ടലും, ഇമ്മാനുവലിന്റെ ദയനീയ ജീവിതവും കാരണം സ്വയംനിന്ദ കാരണമായിരുന്നു. അഭിമാനജീവിതത്തിന്റെ ഉടമകളാണവർ ., ഇനിയത് ചരിത്രത്തിലേക്ക് പോയാലും അവിടെ നിന്നും എംടി തേടിപ്പിടിച്ചു നമ്മൾക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട് തോറ്റു പോയവരെന്നു തോന്നുന്നവരെ … വടക്കൻ വീരഗാഥയിലെ ചന്തുവായാലും , പഴശ്ശിരാജ ആയാലും. മറ്റു ചിലർക്ക് ജയിക്കാൻ വേണ്ടി അവസാനം സ്വയം കുത്തി മരിച്ചു കൊണ്ട് തോറ്റുകൊടുക്കുന്നവൻ .. ചന്തു. ചരിത്രലിഖിതങ്ങളിൽ എങ്ങനെയായാലും ചന്തുവിന് അങ്ങിനെയൊരു മാനം കൈവരുത്തിക്കൊടുക്കുന്നു കഥാകാരൻ . വൈദേശികശക്തിക്കു മുൻപിൽ തോറ്റുകൊടുക്കാത്ത മാനം പുലർത്തിയവൻ പഴശ്ശിരാജ . ആ ധീരദേശാഭിമാനിയുടെ അവസാനം സ്വയം വാളിനിരയാക്കുന്ന പുണ്യം എംടി ചെയ്തുവെക്കുന്നു. ചരിത്രങ്ങളിൽ എങ്ങിനെയെന്നല്ല , ഇങ്ങനെയാകും ഇവരുടെയൊക്കെ അന്ത്യം എന്ന് ആഗ്രഹിക്കുന്നതും നന്ന് . മകനെ ചതിച്ചു കൊന്നുവെന്ന അപഖ്യാതിയിൽ സ്വയം ഉരുകി അഗ്നിയിൽ ആഹുതി നടത്തുന്ന പെരുന്തച്ചനെ സൃഷ്ടിച്ചതും എംടി . അവരുടെ മഹത്വമാർന്ന ജീവിതത്തിനു അതിലേറെ മഹത്തരമായ മരണവും ചേർത്തുവെക്കുന്ന കഥാകാരൻ അവരുടെ ആത്മാവിനെ ആണ് ശുദ്ധീകരിക്കുന്നത്..
…
Tuesday, November 11, 2025
സ്വർണ്ണചെമ്പകം പൂത്തിറങ്ങിയ പാട്ടുകാലം ....
പുതുകാലത്ത് മലയാള സിനിമയിൽ ഗാനങ്ങൾ ഒന്നും എഴുതിയിട്ടില്ലെങ്കിലും എന്നെന്നും ഓർത്തു വയ്ക്കാവുന്ന ഒരു ഗാനരചയിതാവിന്റെ പേരുണ്ട്. ശ്രീ മങ്കൊമ്പ് ഗോപാലകൃഷ്ണൻ .കഴിഞ്ഞദിവസം നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു :(
സമൃദ്ധിയുടെ ഒരു പാട്ടു പൂക്കാലം നമ്മൾക്ക് തന്നിട്ട് കടന്നുപോയ എഴുത്തുകാരൻ .പല വ്യത്യസ്ത സംവിധായകരോടൊപ്പവും പാട്ടുകൾ നിർമ്മിച്ചെങ്കിലും ഒരു സംവിധായകൻറെ പേര് അതിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അത് ഹരിഹരൻ എന്ന മലയാളത്തിൻറെ അതുല്യ കലാകാരനാണ്. ഹരിഹരന്റെ പല പഴയ ചിത്രങ്ങൾക്കുംമങ്കൊമ്പ് ഗോപാലകൃഷ്ണനാണ് പാട്ടുകൾ രചിച്ചിരിക്കുന്നത്.ഇടയ്ക്കിടെ യൂസഫലി ഒ എൻ വി എന്നിവർ വന്നു പോകുന്നുണ്ടെങ്കിലും പതിനഞ്ചോളം ചലച്ചിത്രങ്ങൾക്കെങ്കിലുംഅദ്ദേഹം അവസരം കൊടുത്തിട്ടുണ്ട് .പല പാട്ടുകളും മങ്കൊമ്പിന്റെ പാട്ടു ചരിത്രത്തിലെ മികച്ച ഏടുകളാണ്.ആദ്യകാലത്ത് മറ്റു ചില ചിത്രങ്ങളിൽ സഹകരിച്ചെങ്കിലും ഹരിഹരന്റെ അയലത്തെ സുന്ദരിഎന്ന ചിത്രത്തിലൂടെയാണ് മങ്കൊമ്പും പ്രസിദ്ധനായത് .അതിലെ ആറ് പാട്ടുകളും സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു.സംഗീതം ശങ്കർ ഗണേശായിരുന്നു.
"ലക്ഷാർച്ചന കണ്ടു
മടങ്ങുമ്പോളൊരു
ലജ്ജയിൽ മുങ്ങിയ
മുഖം കണ്ടു "
ഈ ഗാനത്തിന്റെ ജനപ്രീതി അപാരമായിരുന്നു .അതിലെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു .
ചിത്രവർണ്ണ പുഷ്പജാലമൊരുക്കി വെച്ചു,
ഹേമ മാലിനി
ഹേമ മാലിനി,
നീലമേഘ കുട നിവർത്തി ,
സ്വർണ്ണ ചെമ്പകം പൂത്തിറങ്ങിയ ,
ത്രയംബകം വില്ലൊടിഞ്ഞു .
ഗാനങ്ങളുടെ ആ സഞ്ചാരം തുടങ്ങുകയായിരുന്നു.
പിന്നീട് ആ കൂട്ടുകെട്ടിന്റെ മഹത്വം കൊണ്ടായിരിക്കും പരിഹരൻ തന്നെ പല ചിത്രങ്ങൾക്കും അവസരം കൊടുത്തത് .പിന്നീട് ബാബുമോൻ എന്ന ചിത്രത്തിലെഗാനങ്ങളും അതീവ ഹൃദ്യമായിരിന്നു .
ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ,
നാടൻ പാട്ടിൻറെ മടിശ്ശീല
കിലുങ്ങുമീ ,
പത്മതീർത്ഥ കരയിൽ ,
വള്ളുവനാട്ടിലെ പുള്ളുവത്തി...
സ്നേഹത്തിൻറെ മുഖങ്ങൾ എന്നതിലെ
അരയരയോ കിങ്ങിണിയരയോ ,
ഗംഗയിൽ തീർത്ഥമാടിയ ,
ശേഷം,
കുടുംബം നമുക്ക് ശ്രീകോവിൽ എന്ന ചിത്രത്തിലെ അമ്പിളിയുമൊത്തുള്ള യുഗ്മഗാനം "ഏറ്റുമാനൂർ അമ്പലത്തിൽ പരിസരത്ത് " എന്നത് ഉണർവ് തരുന്ന ഒരു ഗാനമായിരുന്നു.
ശ്രീമാൻ ശ്രീമതി എന്നതിലെകണ്ണീർ പൂവേ കമല പൂവേ,
പൂച്ച സന്യാസിയിലെ ഇവനൊരു സന്യാസി,
തെമ്മാടി വേലപ്പനിലെ ത്രിശങ്കു സ്വർഗത്തെ തമ്പുരാട്ടി,
തോൽക്കാൻ എനിക്ക് മനസ്സില്ല എന്ന ചിത്രത്തിലെ ശുഭ മംഗളോദയം..
എന്നിവയിലൂടെ ആ സർഗ്ഗമാധുര്യം നമ്മളും നുകർന്നുകൊണ്ടിരുന്നു.
രവീന്ദ്രജയിൻ എന്ന ഹിന്ദി സംഗീതസംവിധായകനെ
മലയാളത്തിലേക്ക് എത്തിക്കുവാനുംഹിറ്റു ഗാനങ്ങൾ കൊടുക്കുവാനും ഹരിഹരൻ -മങ്കൊമ്പ് കൂട്ടുകെട്ടിന് കഴിഞ്ഞു.അതിലേറെ
ഇന്ത്യയിലെ പ്രസിദ്ധരായ രണ്ടു ഗായികമാരെ കൊണ്ട് മലയാളത്തിൽ പാടിപ്പിക്കാനും കഴിഞ്ഞു.ആശാ ബോസ്ലെ എന്ന ഗായികയ്ക്ക് സ്വയംവര ശുഭദിന മംഗളങ്ങൾ എന്ന ഗാനവും ഹേമലത എന്ന ഗായികക്ക് ആശ്രിത വത്സലനേ എന്ന ഗാനവും കൊടുക്കുവാൻ കഴിഞ്ഞു.ഇതൊരു സുവർണ്ണ ചരിത്രം തന്നെയാണ്.അതിലെ മറ്റു രണ്ടു ഗാനങ്ങൾ പാടിയത് യേശുദാസ് ആണ്.താലിപ്പൂ പീലിപ്പൂ ,കാളിദാസന്റെ കാവ്യ ഭാവനയെ ..
അങ്ങനെ ശക്തമായ തൻറെ നിലനിൽപ്പ് സുസ്ഥിരമാക്കുകയും ചെയ്തു.
പിന്നീട് യാഗാശ്വം എന്നതിലെ ഹിറ്റുകൾ പിറന്നു.
ഈ ജീവിതം ഒരു പാരാവാരം,
കൃഷ്ണപ്രിയദളം കബരിയിൽ തിരുകി ,തൃക്കാക്കരേ തീർത്ഥക്കരേ,
വെളിച്ചം വിളക്കണച്ചു ...
പിന്നീട് ഹരിഹരന്റെ ചിത്രങ്ങൾപലതും എം.ടി വാസുദേവൻ നായരുടെ രചനയിൽ പിറന്നവ ആയിരുന്നു .അതിൽ പലതും പിന്നീട് യൂസഫലിയും ഒഎൻവിയും ആയി എഴുതുകയുണ്ടായി.
ഹരിഹരൻ്റെ ചിത്രത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കപ്പെട്ടു എന്ന് സംശയിച്ചു.ഹരിഹരന്റെ ഏറ്റവും അവസാനം ഇറങ്ങിയ മയൂഖത്തിൽ മൂന്ന് പാട്ടുകൾ മങ്കൊമ്പ് ബാലകൃഷ്ണന്റേതായിരുന്നു .രണ്ടു പാട്ടുകൾ ഹരിഹരൻ തന്നെ രചിച്ചതായി കാണുന്നുണ്ട്.
ഈ പുഴയും കുളിർ കാറ്റും,ഭഗവതിക്കാവിൽ വച്ചോ,ധനുമാസപ്പുലരിയിൽ ...
മയൂഖം എന്ന ചിത്രത്തിലൂടെആ ഒരു കൂട്ടുകെട്ട് അവസാനിക്കുകയായിരുന്നു.
കുറെ ഹരിഹരൻ ചിത്രങ്ങൾക്ക് പാട്ടുകൾ എഴുതാൻ അവസരം ലഭിച്ചില്ലെങ്കിലും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്നും തിരക്കിലായിരുന്നു .മൊഴിമാറ്റ ചിത്രങ്ങൾക്ക് മലയാള ഭാഷ്യം കൊടുത്തും തെലുങ്ക് പാട്ടുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തും ഏറെ തിരക്കിലായിരുന്നു.ഇപ്പോഴിതാ ആ തിരക്കുകൾ എല്ലാം മാറ്റിവച്ച് അദ്ദേഹം മറ്റൊരു ലോകത്തേക്ക് പോയിരിക്കുന്നു.യാത്രാമൊഴികൾ നേർന്നുകൊണ്ട് മലയാളത്തിൻറെ പ്രിയപ്പെട്ട പാട്ടിഷ്ടക്കാർ 👃👃👃
Monday, June 10, 2024
ആരൊരാൾ പുലർമഴയിൽ ...
വർണ്ണശബളമാർന്ന ഒരു പാട്ടുകാലത്തെ ഓർമ്മിപ്പിക്കും ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവിനെ പറ്റി പറയുമ്പോൾ . എൺപതിന്റെ അവസാനം മുതൽ രണ്ടായിരത്തി പത്ത് വരെ വെറും ഇരുപതു വർഷങ്ങൾ വാക്കുകൾ കൊണ്ട് എന്നെന്നും ഓർക്കേണ്ടതായിട്ടുള്ള ഒരു നിധിപേടകം തന്നേല്പിച്ചു പോയവൻ ... അതിന്റെ ഓരോരോ അറകൾ തുറക്കുമ്പോഴും എന്തെന്തു പാട്ടുമണങ്ങൾ ! തുച്ഛമായ ഒരു കാലഘട്ടത്തിൽ നിന്ന് കൊണ്ട് പാട്ടെഴുത്തിൽ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് കടന്നു പോയവൻ . വയലാറിന്റെ ആരാധകനായ ഗിരീഷിനും പാട്ടെഴുത്തിൽ ആ ഒരു സിദ്ധി കിട്ടിയിരുന്നു . ഏതു സന്ദർത്തിനും ഉടനടി വരികൾ ചേർത്തുവെക്കാനുള്ള കഴിവ് ... കേട്ടറിവാണെല്ലാം . ജീവിതം ആഘോഷിച്ച് , എല്ലാവരിലും ഓർമ്മകളിൽ സ്നേഹസ്പർശം തീർത്ത് അവസാനിപ്പിച്ചു .... നമ്മൾക്ക് ആ വാക്കുകൾ സംഗീതം ചേർത്തുവെച്ച അപൂർവ സമ്പാദ്യവും ...
ഒട്ടുമിക്ക സംഗീത സംവിധായകരും ഇദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. മലയാളത്തിലെയും , ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട സംഗീതജ്ഞരും , ഹിന്ദിയിലെ പ്രഗത്ഭരും വരെ.... ആര് ചെയ്താലും പാട്ടിനൊക്കെ ഒരു ഗിരീഷ് ടച്ച് ഉണ്ടായിരിക്കും. പല പാട്ടുകളിലെയും വരികളിലെ വാക്കുകൾ കേട്ടാൽ അറിയാം ആതാരാണ് എഴുതിയതെന്ന് . അതാണ് ഗിരീഷ് ടച്ച് ... അക്കാലത്ത് മലയാളത്തിലെ ഈണകർത്താക്കൾക്ക് കൊയ്ത്തുകാലം തന്നെയായിരുന്നു. ഒട്ടേറെ നല്ല ഗാനങ്ങൾ . രവീന്ദ്രൻ, എം ജി രാധാകൃഷ്ണൻ , എസ് പി വെങ്കിടേഷ് , ശരത് , എസ് ബാലകൃഷ്ണൻ , ജോൺസൺ, എം ജയചന്ദ്രൻ , രഘുകുമാർ , തുടങ്ങിയവർക്ക് കൈ നിറയെ അവസരങ്ങൾ കിട്ടിയ കാലങ്ങൾ . തമിഴിൽ നിന്നും ഇളയരാജയും , വിദ്യാസാഗറും ഗിരീഷ് ഗാനങ്ങൾക്ക് ഈണം നൽകുമ്പോൾ അതിലും മാറാതെ ഗിരീഷ് ടച്ച് ....
വിദ്യാസാഗറിന്റെ വരവിൽ ഗിരീഷ് വരികൾ ഉയരങ്ങളിൽ എത്തപ്പെട്ടു . സംഗീതത്തിന്റെ എല്ലാ സാധ്യതകളും പരീക്ഷിക്കപ്പെട്ട ഓരോരോ കാലങ്ങൾ . ഓരോരോ ചെറിയ ഇടവേളകളിൽ ഗിരീഷ് വരികളെ ഒന്നുകൂടി ബൂസ്റ്റ് ചെയ്യാനെന്നോണം വിദ്യാസാഗർ ...
1996 ൽ ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം . പിന്നീട് ഗിരീഷിന്റെ മരണം വരെ ആ കൂട്ടുകെട്ട് തുടർന്നു . വല്ലപ്പോഴും വന്നുപോവുന്ന അന്യഭാഷാ സംഗീതജ്ഞരെ പോലെ ആയിരുന്നില്ല വിദ്യാസാഗർ . ഇവരുടെ കൂട്ടുകെട്ട് അത്യാവശ്യമായി പല സിനിമകൾക്കും . അത്തരം സിനിമകളുടെ വിജയസാധ്യതയെ പോലും ഇവരുടെ ഗാനങ്ങൾ സ്വാധീനിച്ചു .
ഇന്ദ്രപ്രസ്ഥത്തിനു ശേഷം കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ...
പ്രണയത്തിന്റെ മഞ്ഞുതുള്ളി വീണ മനസ്സുമായി കിനാവിൽ കടന്നുവരുന്ന ഒരു പ്രണയിതാവിനെ കാത്തിരിക്കുന്നവൾ ... ആ വരികളുടെ മാസ്മരികത നമ്മളെത്ര അനുഭവിച്ചു !
"പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം "
പുത്തഞ്ചേരിക്കൊരു ഒരു സ്ഥിരം മേൽവിലാസം മലയാള സിനിമയിൽ ഉറച്ചു നിൽക്കുമ്പോഴാണ് ഈ ചിത്രത്തിന്റെ വരവ് . പാട്ടുകാലത്തിന്റെ ആ ഈറൻ പുലർനേരങ്ങളിലേക്ക് ....
സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ് ...
മഞ്ഞുമാസപ്പക്ഷി ...
കാത്തിരിപ്പൂ കണ്മണീ ...
വിണ്ണിലെ പൊയ്കയിൽ ...
അതിലെ എല്ലാ ഗാനങ്ങളൂം ഹിറ്റുകളായിരുന്നു . പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല .
വർണ്ണപകിട്ട് , സമ്മർ ഇൻ ബത്‌ലഹേം ,ഒരു മറവത്തൂർ കനവ്, പ്രണയവർണ്ണങ്ങൾ എന്ന് തുടങ്ങിയ സിനിമകളിലൂടെ ആ യാത്ര തുടർന്നു ......
ഇവരുടെ കൂട്ടുകെട്ടിൽ എന്റെ ഇഷ്ടഗാനങ്ങൾ ....
കണ്ണിൽ കാശിത്തുമ്പകൾ ( ഡ്രീംസ്)
മറന്നിട്ടുമെന്തിനോ ( രണ്ടാം ഭാവം )
ഒരു രാത്രി കൂടി വിട വാങ്ങവേ ( സമ്മർ ഇൻ ബത്‌ലഹേം )
ആരോ വിരൽ നീട്ടി ( പ്രണയവർണ്ണങ്ങൾ )
വിളിച്ചതെന്തിന് നീ ( ഗ്രാമഫോൺ )
ചന്ദ്രോത്സവത്തിലെ പൊന്മുളം തണ്ടു മൂളും , ആരാരും കാണാതെ , മുറ്റത്തെത്തും തെന്നലേ എന്നിവയൊക്കെ ആണ്. ഇവയൊക്കെ എന്റെ മനസ്സിനേൽപ്പിച്ച സുഖചികിത്സ കൊണ്ട് മാത്രം ജീവിതം സുന്ദരമായി...
ഇവരുടെ കോമ്പിനേഷൻ കൊണ്ട് മാത്രമാണ് പല സിനിമകളും വിജയിച്ചത്...
മാണിക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞു ( വർണ്ണപ്പകിട്ട് )
വെള്ളിനിലാ തുള്ളികളോ ( വർണ്ണപ്പകിട്ട് )
ദൂരെ മാമരക്കൊമ്പിൽ ( വർണ്ണപ്പകിട്ട് )
സമ്മർ ഇൻ ബത്ലഹേമിലെ ചൂളമടിച്ചു കറങ്ങി നടക്കും ,. കൺഫ്യൂഷൻ തീർക്കണമേ , മാരിവില്ലിൻ ഗോപുരങ്ങൾ , ഏത്രയോ ജന്മമായ് , കുന്നിമണിക്കൂട്ടിൽ കുറുകികൊണ്ടാടും ...
കരുണാമയനെ കാവൽവിളക്കെ ( ഒരു മറവത്തൂർ കനവ് )
കന്നിനിലാ പെൺകൊടിയേ , സുന്ദരിയെ സുന്ദരിയെ ......
കണ്ണാടിക്കൂടും കൂട്ടി ( പ്രണയവർണ്ണങ്ങൾ )
ഒത്തിരി ഒത്തിരി സ്വപ്‌നങ്ങൾ
നാടോടി പൂത്തിങ്കൾ മുടിയിൽ ചൂടി ( ഉസ്താദ് )
വെണ്ണിലാക്കൊമ്പിലെ രാപ്പാടി ...
മേലേവിണ്ണിൻ മുറ്റത്താരോ ( എഴുപുന്ന തരകൻ )
തെക്ക് തെക്ക് തെക്കേപാടം
ശുക്രിയ ശുക്രിയ ( നിറം )
യാത്രയായ് സൂര്യാങ്കുരം
,മിന്നിത്തെന്നും നക്ഷത്രങ്ങൾ ..
മണിമുറ്റത്താവണി പന്തൽ ( ഡ്രീംസ് )
വാർതിങ്കൾ തെല്ലല്ലേ
ധും ധും ധും ധും ദൂരെയേതോ ( രാക്കിളിപ്പാട്ട് )
രാരവേണു ഗോപബാല ( മിസ്റ്റർ ബട്ലർ )
കുണുക്കു പെണ്മണിയെ
ഒരു പാട്ടിൻ കാറ്റിൽ ( ദുബായ് )
കരിമിഴിക്കുരിവിയെ ( മീശ മാധവൻ )
വാളെടുത്താൽ , എന്റെ എല്ലാമെല്ലാമല്ലേ , പെണ്ണെ പെണ്ണെ നിൻ കല്യാണമായ് , ചിങ്ങമാസം വന്നുചേർന്നാൽ ...
ചിലമ്പൊലിക്കാറ്റെ ( സി ഐ ഡി മൂസ )
ആരൊരാൾ പുലർമഴയിൽ ( പട്ടാളം )
വെണ്ണക്കല്ലിൽ നിന്നെ കൊത്തി , ആലിലക്കാവിലെ തെന്നലേ
എന്തേ ഇന്നും വന്നീലാ ( ഗ്രാമഫോൺ )
നിനക്കെന്റെ മനസ്സിലെ,...
എന്നിവയൊക്കെ തന്നെ എഴുതാതെ എങ്ങിനെ .... ഇതൊക്കെ ഓർക്കാതിരിക്കുന്നതെങ്ങിനെ !!
കാലങ്ങൾ കഴിഞ്ഞു. ആരോ ഏൽപ്പിച്ചു വെച്ച പോലെ സ്വന്തം കടമകൾ നിറവേറ്റി യാത്രയായ ഗിരീഷ് പുത്തഞ്ചേരിക്ക് പ്രണാമം അർപ്പിക്കുന്നു.
ഗിരീഷ് - വിദ്യാ സാഗർ തീർത്ത സിന്ദൂരവർണ്ണമായ ആ ഗാനസന്ധ്യയും മയങ്ങി .... ഇനിയുമെത്ര കാലം ഇതിവിടെ സ്വർഗ്ഗങ്ങൾ തീർക്കും !!!!!
രജനീ ഗന്ധി വിടർന്നു ....
എത്ര എഴുതി എന്നതല്ല കാര്യം . എന്തെഴുതി എന്നതാണ്. പാട്ടിന്റെ കൂടെ ഒഴുകാൻ തുടങ്ങിയിട്ട് അഞ്ചു പതിറ്റാണ്ടുകൾ കഴിഞ്ഞു. ഗൗരവമായി പാട്ടിനെ സമീപിച്ചിട്ടും നാല് പതിറ്റാണ്ടുകളും . എത്രയെത്ര കേട്ടു! എത്രയെത്ര അറിയാൻ ശ്രമിച്ചു . എന്നെ ഇത്രയേറെ സ്വാധീനിച്ച മറ്റൊന്നുണ്ടോ ! എഴുത്തായും , ഈണങ്ങളായും, ആലാപനമായും എന്നിലെ എന്നെ തണുപ്പിക്കുകയും , ജീവശ്വാസം തരുകയും ചെയ്ത ഒന്ന് ..!! ഇതിന്റെ എല്ലാ തുടിപ്പും ഏറ്റുവാങ്ങി യുഗങ്ങളോളം ഇവിടെ പുലരാനാവില്ലല്ലോ ! കേൾക്കുക , അറിയുക , പറയുക എന്ന തത്വത്തിൽ ഞാൻ ....
എല്ലാംപറഞ്ഞു കഴിഞ്ഞു എന്നൊരു തോന്നൽ വന്നാൽ അതവസാനമാവും. ഇല്ലല്ലോ .... പറയാൻ മറന്നതെത്ര! പറയാനിരിക്കുന്നതെത്ര ! മറന്നവയുടെ കൂട്ടത്തിൽ നിന്നും ഒരു ഗായകനെ ഇന്നലെ കണ്ടെത്തി . എന്റെ കൗമാര കാലത്തും യൗവ്വനാരംഭഃ കാലത്തും ഞാനെത്ര മൂളി നടന്നിരുന്നു നിങ്ങളുടെ ഗാനങ്ങൾ എന്ന കണ്ടത്തെലിൽ ഒന്നമ്പരന്നു . ജോളി അബ്രഹാം എന്ന ഗായകൻ!
1974 മുതൽ ഇവിടെ ഉണ്ടായിരുന്ന ആൾ. ആ പതിഞ്ഞ ശബ്ദത്തിന്റെ ഉടമയെ ഞാനെന്റെ കൗമാരങ്ങളിൽ നിന്നും കണ്ടെടുത്തു ....
" രജനീ ഗന്ധി വിടർന്നു
അനുരാഗസൗരഭ്യം പരന്നു
കടമിഴിയിൽ സ്വപ്നം നിരന്നു
നിന്റെ കാൽച്ചിലങ്കകളുണർന്നു "
ഈ ഒരു ഗാനത്തിന്റെ ചിത്രങ്ങൾ മനസ്സിൽ കണ്ടുകൊണ്ടു പാടാൻ ശ്രമിച്ച ഒരു പത്തു വയസ്സുകാരനെ ഞാൻ വീണ്ടും കണ്ടു. മറവിയിലെവിടെയോ അടങ്ങികിടന്നിരുന്ന അവനെ ഇന്നത്തെ ചിന്തകൾ മുന്നിലേക്ക് കൊണ്ടുവന്നപ്പോൾ എത്രയെത്ര ജോളി എബ്രഹാം പാട്ടുകളാണ് വരിവരിയായി നിന്നത്!!!
ജോളി അബ്രഹാം ഗാനങ്ങൾ അധികവും അന്നത്തെ ഹിറ്റുകളായിരുന്നു . എന്നിട്ടും ശക്തമായ ഒരു നിലനിൽപ്പ് അദ്ദേഹത്തിന് ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ് . കുറെയേറെ സോളോ ഗാനങ്ങളൂം, യുഗ്മഗാനങ്ങളും , സംഘഗാനങ്ങളും എല്ലാം അദ്ദേഹത്തിന്റേതായിട്ടുണ്ട്.
" ജയിക്കാനായ് ജനിച്ചവൻ ഞാൻ " ചട്ടമ്പിക്കല്യാണിയിലെ ഈ ഗാനം രചിച്ചത് ശ്രീകുമാരൻ തമ്പി , സംഗീതം എം കെ അർജുനൻ .... നല്ല ഒരു തുടക്കം തന്നെ ജോളി അബ്രാഹിമിന് ലഭിച്ചിരുന്നു.
അതെന്തൊക്കെ ആയാലും അദ്ദേഹത്തിന് ലഭിച്ച യുഗ്മ ഗാനങ്ങൾ എന്നെ വളരെയേറെ ആകർഷിച്ചിട്ടുള്ളവയാണ്. ഗായിക വാണിജയറാമുമൊത്ത് ആണ് ഏറെ ഗാനങ്ങൾ പാടിയിട്ടുള്ളത്. എസ് ജാനകി, സുശീല , ലതിക , അമ്പിളി , വസന്ത , കെ എസ് ചിത്ര എന്നിവരുമൊത്തും ഒട്ടേറെ ....
മാമലയിലെ പൂമരം പൂത്ത നാൾ -- അപരാധി ( വാണിജയറാം )
പിടിച്ചാൽ പുളികൊമ്പു പിടിക്കേണം -- മധുരസ്വപ്നം ( അമ്പിളി )
അരയരയോ കിങ്ങിണി അരയോ -- സ്നേഹത്തിന്റെ മുഖങ്ങൾ ( സുശീല )
വരിക നീ വസന്തമേ -- പമ്പരം ( എസ് ജാനകി )
നിമിഷങ്ങൾ പോലും വാചാലമാകും -- മനസ്സാ വാചാ കർമ്മണാ ( വാണിജയറാം )
സുരലോക ജലധാര ഒഴുകിയൊഴുകി -- ഏഴാം കടലിനക്കരെ ( വാണി ജയറാം )
ദൂരെ നീലവാനം ഏതോ പ്രേമഗാനം --ഓർമ്മകളെ വിടതരൂ ( വാണീ ജയറാം )
വേരുകൾ ദാഹനീർ തേടിയ മണ്ണിനെ --അമ്മയും മകളും ( ജൻസി )
വളകിലുക്കം കേൾക്കിണല്ലോ -- സ്ഫോടനം ( ജയചന്ദ്രൻ, വസന്ത)
പഞ്ചമിയിലെ രജനീ ഗന്ധി വിടർന്നു എന്ന ഗാനത്തെ കുറിച്ച് ഞാൻ ആദ്യം പറഞ്ഞു . അതിന്റെ ഓർമ്മവിസ്ഫോടനത്തെ പറ്റിയും .... ഇത്തരം സോളോ ഗാനങ്ങൾ അനവധി ഉണ്ട്. എന്തുകൊണ്ട് ഇന്നത്തെ കാലം ഇതൊക്കെ മറക്കുന്നു ....ഉത്തരമില്ല ... !!
സഹ്യാചലത്തിലെ സരോവരങ്ങളിലെ (പെൺപുലി)
ഈണം പാടി തളർന്നല്ലോ ഞങ്ങളും കാറ്റും ( സ്നേഹം )
അമ്പലപ്പുഴ പാൽപ്പായസം ( പരിവർത്തനം )
സുന്ദര സുരഭില പുഷ്പ നിരകളെ ( സീമന്തിനി )
അള്ളാവിൻ തിരുസഭയിൽ കണക്കു കാണിക്കുവാൻ ( ജയിക്കാനായ് ജനിച്ചവൻ ) .. ഹിറ്റായ ഒരു ഗാനത്തിന്റെ പേരിൽ ഒരു സിനിമ വന്നപ്പോൾ അതിലും പാട്ടുകൾ ഉണ്ടായിരുന്നു ജോളി അബ്രഹാമിന് ...
ശംഖുമുഖം കടപ്പുറത്തൊരു സായംകാലം (പതിവ്രത )
ആലം ഉടയോനെ നിന്റെ റഹ്മത്താൽ ( വെള്ളായണി പരമു )
ശാന്തരാത്രി തിരുരാത്രി ( തുറമുഖം )
ഓമൽകലാലയ വർഷങ്ങളെ ( കോളിളക്കം )
ഒന്നാം തുമ്പീ പൊന്നോമൽ തുമ്പീ ( മകൻ എന്റെ മകൻ )
പാട്ടിന്റെ ഈ പുണ്യോദയത്തിൽ അന്ന് മുങ്ങികുളിച്ചിരുന്നു മലയാളം .
പ്രേം നസീർ കാലഘട്ടത്തിൽ തുടങ്ങിയെങ്കിലും , രതീഷ് , ജയൻ , സുകുമാരൻ സോമൻ എന്നിവർ തിളങ്ങി നിന്നിരുന്ന ഒരു സമയത്തായിരുന്നു ഇദ്ദേഹത്തിന്റെയും സംഗീതം ഇവിടെ മുഴങ്ങിയിരുന്നത്. ആ സൗമ്യസ്വരം മലയാളികളിലെ പാട്ടിഷ്ടക്കാർ എന്നുമോർക്കും ... മലയാളം കൂടാതെ തമിഴ് , കന്നഡ , തെലുഗു ചിത്രങ്ങളിലും കുറച്ചേറെ ഗാനങ്ങൾ ആലപിക്കാൻ കഴിഞ്ഞിട്ടുണ്ട് ...
കാലങ്ങൾ കഴിഞ്ഞപ്പോൾ മലയാള മനസ്സിനെ കുലുക്കിയുണർത്തിയ ആ ഗാനവും വന്നു. ഭരതന്റെ ചിത്രമായ ചമയത്തിലെ " അന്തിക്കടപ്പുറത്ത് " എന്ന ഗാനം . എം ജി ശ്രീകുമാറുമൊത്ത് മത്സരിച്ചു പാടിയത് .. അതി മനോഹരമായ ഒരു ഗാനം ....
പാട്ടിന്റെ സുവർണകാലങ്ങൾ ആഘോഷിക്കുന്ന ഒരു മനസ്സിനെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞ മഹാഗായകാ അങ്ങേക്കെന്റെ നന്ദി ...
സുഖകാലങ്ങൾ നേർന്നുകൊണ്ട്....
Tuesday, May 28, 2024
മലയാളത്തിന്റെ മഞ്ജരി .
ശാസ്ത്രീയമായി അഭ്യസിക്കാത്തവർ പോലും സിനിമയിൽ പാട്ടു മേഖലയിൽ ഉയരങ്ങളിൽ എത്തിയിട്ടുണ്ട്. പ്രസിദ്ധ ഗായകരായി അവർ മാറുകയും ചെയ്തു . ജന്മനാ കിട്ടിയ കഴിവുകൾ തേച്ചുമിനുക്കപ്പെട്ടത് സിനിമയിൽ നിന്ന് തന്നെ . മറ്റേതൊരു ക്ലാസ്സിക്കൽ ഗായകരേക്കാളും മികച്ച രീതിയിൽ പാടാൻ തങ്ങൾക്ക് കഴിയും എന്നവർ തെളിയിക്കുകയും ചെയ്തു . അടിസ്ഥാനം മാത്രമല്ല കാര്യം പരിശീലനം കൂടി വേണം എന്നതല്ലേ ഇത് തെളിയിക്കുന്നത്. ഇതൊക്കെ ഉണ്ടായിട്ടും കൂടുതൽ ശ്രദ്ധിക്കപ്പെടാതെ പോയ ഗായകർ ഏറെ ഉണ്ട് നമുക്ക്. ഒറ്റ ഗാനത്തിലൂടെ എന്നെന്നും ഓർമ്മിക്കുന്നവർ . ചിലർക്ക് കുറച്ചേറെ അവസരങ്ങൾ കിട്ടിയിട്ടുണ്ടാവും. എന്നാൽ മികച്ചതെന്ന് അവർക്ക് പോലും അവകാശപ്പെടാൻ ആവാത്തതാവും ..എന്നിരുന്നാലും ചിലരെ ഒന്നോർത്തുനോക്കാം.
മേടമാസക്കുളിരിലാരെ നീ എന്ന അഷ്ടമുടിക്കായലിലെ ഹിറ്റ് ഗാനം പാടിക്കൊണ്ട് വന്ന ഷെറിൻ പീറ്റേഴ്‌സ് എന്ന ഗായികയ്ക്ക് പിന്നീടിന്നു വരെ ഓർക്കത്തക്ക മറ്റൊരു പാട്ട് ലഭിച്ചിട്ടില്ല. പിന്നീട് കുറച്ചേറെ ചിത്രങ്ങളിൽ കോറസ് പോലെ ഒക്കെ പാടിയെങ്കിലും ആദ്യഗാനത്തിന്റെ ആ സ്വരമാധുരി കൈവരുത്താൻ മറ്റൊരു പാട്ട് .കൈവന്നതായി അറിവില്ല...
1982 ൽ നല്ലൊരു യുഗ്മഗാനവുമായി വന്ന ഗായകനാണ് സതീഷ്ബാബു. " മെല്ലെ നീ മെല്ലെ വരൂ" എന്ന ഗാനം എസ് ജാനകിക്കൊപ്പം അതിമനോഹരമായി ആലപിച്ച സതീഷ്ബാബു.
ധീരയിലെ ആ ഗാനത്തിന് ശേഷം യുവജനോത്സവത്തിൽ ജാനകിക്കൊപ്പം തന്നെ " ആ മുഖം കണ്ട നാൾ " എന്നതും ആലപിക്കാൻ കഴിഞ്ഞിരുന്നു,. വല്ലാതെ മനസ്സിനെ സ്പർശിക്കുന്ന ഒരു ശബ്ദത്തിന്റെ ഉടമ ആണിദ്ദേഹം. അതിനു മറ്റൊരു ഉദാഹരണം കൂടി ഉണ്ട്.. പട്ടണപ്രവേശത്തിലെ " ശിശിരമേ നീ ഇതിലെ വാ " എന്ന ഗാനം ശ്രദ്ധിച്ചു കേൾക്കുക. കൂടുതൽ ഗാനങ്ങൾ ഇദ്ദേഹത്തിൽ നിന്നും നമുക്ക് കേൾക്കാൻ കഴിയാത്തതിൽ ദുഃഖം തോന്നും...
1999 ൽ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ " പൊന്നിൻ വളകിലുക്കി " എന്ന ഗാനവുമായി കടന്നു വന്ന സന്തോഷ് കേശവ് തീർച്ചയായും ഇവിടെ നിലയുറപ്പിക്കും എന്ന് കരുതിയിരുന്നു. ഔസേപ്പച്ചന്റെ കണ്ടെത്തൽ അതിഗംഭീരം . വേറിട്ടൊരു ശബ്ദം വന്നല്ലോ എന്ന് കരുതി. എന്നാൽ പിന്നീട് ചില ചിത്രങ്ങളിൽ പാടിയെങ്കിലും ശ്രദ്ധ നേടിയവ ഇല്ല തന്നെ. ഡാർലിംഗ് ഡാർലിംഗിലെ " പ്രണയസൗഗന്ധികങ്ങൾ ഇതൾ വിടർന്ന കാലം" മാത്രം ലിസ്റ്റിൽ ഉൾപ്പെടുത്താം...
ഇനിയുമുണ്ടേറെ .. സകലകഴിവോടെയും പാടാൻ വന്നിട്ടും ഇന്നത്തെ കാലത്തിന് പൂർണമായും ഉൾക്കൊള്ളാൻ ആവാതെ പോയ ഒരു ഗായികയെ കുറിച്ച് പറയാൻ വന്നതാണ്. തുടക്കം മറ്റു ചില മുഖങ്ങളിലൂടെ കടന്നു പോയി എന്ന് മാത്രം..
സത്യൻ അന്തിക്കാട് പരിചയപ്പെടുത്തിയ ഗായികയാണ് മഞ്ജരി ..
ഉറച്ച പാട്ടറിവുമായി നമ്മളിലെ രസങ്ങളിലേക്കു ചേക്കേറാൻ വന്നവൾ . ആദ്യ വരവും സുന്ദരം തന്നെ..
ശ്വാസത്തിൻ താളം തെന്നലറിയുമോ എന്ന ഗാനം യേശുദാസുമൊത്ത് .. അതിലെ തന്നെ " താമരക്കുരുവിക്ക് തട്ടമിട് "
എന്നതും.. തുടക്കം ഗംഭീരം . ഇളയരാജയല്ലേ സംഗീതം. രാജ ഈ സംഗീത മഹത്വം തിരിച്ചറിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ് പിന്നീട് മലയാളത്തിൽ സംഗീതം ചെയ്യാൻ വരുമ്പോൾ മഞ്ജരിക്ക് ഒരു പാട്ട് ഉണ്ടാവും..
തുടക്കം തന്നെ അവാർഡും കരസ്ഥമാക്കി മഞ്ജരി .
മകൾക്ക് എന്ന അത്യുജ്വല സിനിമയിലെ " മുകിലിൻ മകളേ " എന്ന 'അമ്മ നൊമ്പരം അത്രമേൽ തീവ്രമാക്കി ഈ ഗായിക . കൈതപ്രം എഴുതിയ വരികൾക്ക് രമേശ് നാരായണന്റെ സംഗീതം...
സംസ്ഥാന അവാർഡ് നേടീ ഈ ഗാനം.
ഇളയരാജയുടെ സംഗീത സാമ്രാജ്യത്തിലൂടെ കടന്നുപോവാൻ കഴിഞ്ഞത് മഞ്ജരി ഭാഗ്യം.
ഒരു ചിരിയോ കണ്ടാൽ കണികണ്ടാൽ (പൊന്മുടിപ്പുഴയോരത്ത് )
ആറ്റിൻകരയോരത്ത് ( രസതന്ത്രം )
പൊന്നാവണി പാടം തേടി ( രസതന്ത്രം)
കയ്യെത്താ കൊമ്പത്ത് കണ്ണെത്തണം ( വിനോദയാത്ര)
ഇത്രയെങ്കിലും ഇളയരാജയിൽ നിന്നും കിട്ടി. മഞ്ജരിയുടെ സിനിമാ ഗാനങ്ങളിൽ ഇവയൊക്കെ തന്നെയാണ് മികച്ചതും...
സിനിമാഗാനങ്ങളെക്കാളും മഞ്ജരി അറിയപ്പെടുന്നത് ഒരു ഗസൽ ഗായിക എന്ന നിലയിലാണ്. മലയാളം , തമിഴ്, തെലുഗ് ഭാഷകളിൽ പാടിയെങ്കിലും തന്റെ ഗസൽ വൈദഗ്ദ്യം തെളിയിക്കുന്ന പാട്ടുകൾ അങ്ങിനെ കിട്ടിയിട്ടില്ല... മുകിലിൻ മകളെ എന്നതിലെ സ്പർശം മറക്കുന്നില്ല..
ഗസൽ ഗായിക എന്ന നിലയിൽ ഇന്ത്യയൊട്ടാകെ വേദികൾ കീഴടക്കിയിട്ടുണ്ട് മഞ്ജരി . അന്താരാഷ്ട്ര തലങ്ങളിൽ പോലും അറിയപ്പെടുന്നു.. അത് ഒരു ഇന്റർനാഷണൽ അവാർഡ് നേടുന്നതിൽ വരെ എത്തി. സാഹിർ ആൻഡ് അദീബ് അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞതിൽ ഉറുദു സാഹിത്യത്തിലും ഗസലിലും ഇവർ നേടിയ പ്രാവീണ്യം തന്നെ..
മലയാളത്തിൽ ഇരുന്നൂറിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട് മഞ്ജരി.
പിണക്കമാണോ എന്നോടിണക്കമാണോ ( അനന്തഭദ്രം )
ഏഴാം ബഹറിന്റെ വാതിൽ തുറന്നോളെ ( ദൈവനാമത്തിൽ )
പാഹിപരം പൊരുളേ ( വടക്കുന്നാഥൻ )
എന്തേ കണ്ണന് കറുപ്പ് നിറം ( ഫോട്ടോഗ്രാഫർ )
മഴയിൽ രാത്രി മഴയിൽ ( കറുത്ത പക്ഷികൾ )
നിലാവിനെ തൂവൽ തൊടുന്ന പോലെ ( മൂന്നാമതൊരാൾ )
ഇനിയും മൗനമോ ( നോട്ടുബുക്ക് )
നേരാണേ എല്ലാം നേരാണേ ( പോത്തൻ വാവ )
കൈ നിറയെ വെണ്ണ തരാം ( ബാബ കല്യാണി )
മുറ്റത്തെ മുല്ലേ ചൊല്ല് ( മായാവി )
ഉറങ്ങാൻ അങ്ങെനിക്കരുകിൽ വേണം( നോവൽ)
ഒന്നിനുമല്ലാതെ ( നോവൽ)
തേനുണ്ടോ പൂവേ ( യക്ഷിയും ഞാനും )
ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന ( ഉറുമി )
എന്തിനെന്നറിയില്ല ( മൈ ബോസ് )
തുടങ്ങിയ ഗാനങ്ങൾ പാട്ടസ്വാദകർക്ക് മറക്കാനാവില്ല. ദീപക് ദേവ് , എം ജയചന്ദ്രൻ , അലക്സ് പോൾ , ഉമ്പായി, ,മെജോ ജോസഫ് ,മോഹൻ സിതാര , ജോൺസൻ , രവീന്ദ്രൻ, എം ജി രാധാകൃഷ്ണൻ , കൈതപ്രം വിശ്വനാഥ് എന്നിവരൊക്കെ ഈണമധുരങ്ങൾ നല്കിയിട്ടുണ്ട് മഞ്ജരിക്ക് .
മലയാളത്തിൽ രണ്ടു സ്റ്റേറ്റ് അവാർഡുകൾ നേടിയ അനുഗ്രഹീത ഗായിക ഇനിയും ഇവിടെ വേണം.. ഒട്ടേറെ പാട്ടുകൾ ഇനിയും കേൾക്കാനുണ്ട് . ഇന്ന് റിയാലിറ്റി ഷോകളുടെ ജഡ്ജസ് ആയി തിളങ്ങുന്നു മഞ്ജരി... പക്ഷെ മലയാളി പാട്ടാസ്വാദകർക്ക് അത് പോരാ.. അവർ ഇനിയും പാടണം ... അടുത്തിറങ്ങിയ ആയിഷ എന്ന ചിത്രത്തിലെ ഹരിനാരായണന്റെ വരികൾ ആലപിച്ചുകൊണ്ട് താനിവിടെ ഉണ്ട് എന്നറിയിക്കുന്നു മഞ്ജരി....
രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി
സംഗീതം നമുക്ക് തരുന്ന അനുഭവത്തെ എങ്ങിനെ വാക്കുകളാൽ വിവരിക്കും ! അസാധ്യം. പൂർണമാവാത്ത കുറിപ്പുകളാവും എല്ലാം. എത്ര പറഞ്ഞാലും തീരാതെ വിവശതയോടെ നിർത്തേണ്ടി വരും. അത്രയേറെ ഉണ്ട് സിനിമാ സംഗീതത്തിന്റെ അറിവാഴങ്ങൾ . ആരെയൊക്കെ കുറിച്ച് പറയും. ആരെ മുന്നിൽ നിർത്തും. മികച്ചത് ഏത് എന്നിവയിലൊക്കെ തീരുമാനം എടുക്കാനാവാതെ കുഴങ്ങും. വെറുതെ കേട്ട് പോകുന്നവർക്ക് അതൊന്നും ബാധകമല്ല . നല്ലതിനെ തേടി പോവുമ്പോഴാണ് ആസ്വാദകൻ ബുദ്ധിമുട്ടുന്നത്. തിളങ്ങുന്ന സുവർണ്ണ കാലത്തിന്റെ മഹാപ്രഭയിൽ നിന്നും ഒരു കാലത്തും വേർപെടുത്താനാവാതെ മനസ്സ് ഉടക്കി കിടക്കും. ഇന്നിന്റെ സ്പീഡ് സംഗീതത്തിന്റെ ഇടയിൽ നിന്ന് തിരഞ്ഞെടുക്കാൻ പ്രയാസമില്ല. എന്നാൽ അറുപത് , എഴുപത് , എൺപത്, തൊണ്ണൂറു കാലങ്ങളിലെ ഗാനങ്ങളിൽ നിന്ന് മികച്ചത് തിരഞ്ഞെടുക്കുമ്പോൾ ആണ് സകലതും കീഴ്മേൽ മറിയുന്നതും, ഒന്നിനൊന്ന് മികച്ചത് കണ്ടെത്തുന്നതും... ആമുഖമായി പറഞ്ഞെന്നു മാത്രം...
ഒരു വ്യക്തിയുടെ സംഗീതകൂട്ടത്തിൽ നിന്നും ഒന്നാമതായി തിരഞ്ഞെടുക്കുമ്പോൾ പോലും പതറും. ചിലരുടെ ... അതും പോരാതെ ഒരു കൂട്ടുകെട്ടിൽ നിന്നും കണ്ടെത്താൻ ശ്രമിച്ചാലോ!
ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച ഒരു സംഗീതജ്ഞൻ നമ്മെ വിട്ടുപിരിഞ്ഞ ദിവസം ആണ്. ഏറെ കാലം ഒന്നുമായിട്ടില്ല . മൂന്നാം ചരമ വാർഷികം. ശ്രീ എംകെ അർജുനൻ മാസ്റ്റർ . അറുപതുകളുടെ അവസാനം തന്റെ പാട്ട് സപര്യ തുടങ്ങിയ ഇദ്ദേഹം ഇങ്ങു 2018 വരെ അത് തുടർന്നു .എഴുപത് എൺപത് കാലഘട്ടം ആ മാധുര്യ ധാര നുകർന്ന് നുകർന്ന് മത്ത് വന്നവർ നമ്മൾ. എന്നിട്ടും അതിൽ കീഴ്പെട്ടു കിടക്കാൻ ഇന്നും മോഹം.. പറഞ്ഞാലും പറഞ്ഞാലും തീരാത്ത മാഹാത്മ്യം!!
എം കെ അർജുനൻ സംഗീതം ചെയ്ത തുടങ്ങിയ തുടക്കം മുതൽ തന്നെ അദ്ദേഹത്തിന് വരികൾ നൽകിയ മലയാളത്തിന്റെ ശ്രീ ശ്രീകുമാരൻതമ്പി ... ഇവരുടെ പാട്ടിന്റെ പാലാഴി മഥനം ഒന്നനുഭവിച്ചറിയേണ്ടതാണ് ! എം കെ അർജുനൻ ഈണം പകർന്ന ഉശിരൻ ഗാനങ്ങളേറെയും ശ്രീകുമാരൻ തമ്പി രചന നിർവഹിച്ചവയാണ് . കരളിൽ തൊട്ടത് പറയാം...
1969 ൽ അതിന്റെ ആദ്യ തീപ്പൊരി വീണു. അത് പിന്നെ കത്തിപടർന്നു .. ചൂടും , ചൂരും നൽകി ആ പ്രവാഹം...
റസ്റ്റ് ഹൌസ് ..
അതിലെ ഏതു പാട്ട് ആദ്യമെഴുതും...
യമുനേ ... യദുകുല രതിദേവനെവിടെ എന്ന യുഗ്മ ഗാനം അതുവരെ കേട്ടതിൽ നിന്നൊക്കെ വ്യത്യസ്തമായൊരു രീതി...ഇന്നുമതിനെ മറികടക്കാൻ ആയിട്ടില്ല ആർക്കും!
പൗർണമി ചന്ദ്രിക തൊട്ടു വിളിച്ചു
പത്മരാഗം പുഞ്ചിരിച്ചു...\
ഈ സോളോ എത്ര പേർ ഇന്ന് മറന്നു പോയിട്ടുണ്ട്. കേട്ടവർ ആരും മറക്കില്ല.
മുത്തിലും മുത്തായ മണിമുത്ത് കിട്ടി ..
എന്നതും ഒട്ടും മോശമായിരുന്നില്ല.
പാടാത്ത വീണയും പാടും .
പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ...
എന്ന ദുഃഖാനുരാഗ ഗാനം പകർന്ന വേദന ഇന്നും ത്രസിക്കുന്നുള്ളിൽ...
തുടർന്ന് രക്തപുഷ്പം എന്ന ചലച്ചിത്രം.
സിന്ദൂരപ്പൊട്ടു തൊട്ട് ....
നീലക്കുട നിവർത്തി ...
മലരമ്പനറിഞ്ഞില്ല ...
ഈ ഗാനങ്ങളൊക്കെ രണ്ടുപേർക്കും കൊടുത്ത മൈലേജ് അപാരമായിരുന്നു. സംഗീതത്തിന്റെ മികവിൽ ആരെയും വെട്ടിക്കും അർജുനൻ മാസ്റ്റർ . ശ്രീകുമാരൻ തമ്പി വരികൾ കൊടുത്ത ശക്തിയെ ഒരിക്കലും നിഷേധിക്കാനും ആവില്ല. ആ വരികൾ ഇല്ലെങ്കിൽ ഈ സംഗീതമില്ല. തിരിച്ചും....
സിനിമകൾ തിരക്കഥയിലോ, സംവിധാനത്തിന്റെ സുന്ദരമാവണമെന്നില്ല അക്കാലത്തു പാട്ടുകൾ ഹിറ്റാവാൻ..
സി ഐ ഡി നസീർ എന്ന സിനിമയിലെ എക്കാലത്തെയും സമ്പൂർണ്ണ ഹിറ്റ് .
നിൻ മണിയറയിലെ എന്ന ഗാനത്തിന്റെ പശ്ചാത്തല സംഗീതം പോലും വ്യത്യസ്തം...
ബ്രഹ്മാനന്ദനെ എന്നുമോർക്കാൻ ഈ ഗാനം മാത്രം മതി...
നീല നിശീഥിനീ ..
നിൻ മണിമേടയിൽ
നിദ്രാവിഹീനനായ് നിന്നു ....
പുഷ്പ്പാഞ്ജലിയിലെ സുശീല പാടിയ ഗാനം ആ ഗായികയുടെ ശബ്ദമാധുര്യത്തിന്റെ അളവ് അളക്കാനാവാതെ കുഴങ്ങും ...
നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നു
നവരത്ന ചിത്രവേദി ഒരുങ്ങി നിന്നു .
എഴുത്തിന്റെ ഗംഭീര തുടക്കം, സംഗീതത്തിന്റെ മിഴി നനയ്ക്കുന്ന വരവ് എന്നിവയൊക്കെ ഈ ഗാനത്തിന്റെ പ്രത്യേകത .
പവിഴം കൊണ്ടൊരു കൊട്ടാരം..
പ്രിയതമേ പ്രഭാതമേ ...
എന്നിവയ്ക്ക് പുറമെ ദുഃഖഗാനങ്ങൾക്കു ഇവർ രണ്ടു പേരും കൊടുക്കുന്ന ഒരുറപ്പുണ്ട് ... അത് നമ്മൾ പാടാത്ത വീണയും പാടും എന്നതിൽ അനുഭവിച്ചത്!
പിന്നീട് പുഷ്പാഞ്ജലിയിലെ ദുഃഖമേ നിനക്ക് പുലർകാല വന്ദനം എന്നതിൽ വീണ്ടും അനുഭവിക്കും...
എഴുതിയാൽ എത്രയെഴുതും!! ഈ അനുഭവങ്ങളെ പറ്റി !
കുറച്ചേറെ ഗാനങ്ങൾ എഴുതുന്നു... അനുഭവങ്ങൾ കേട്ടറിയുക...
അന്വേഷണം
ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ..
പഞ്ചമി ചന്ദ്രിക പൂപ്പന്തൽ കെട്ടി...
മാനത്ത് നിന്നൊരു നക്ഷത്രം വീണു..
പഞ്ചവടി
നക്ഷത്ര മണ്ഡല നടതുറന്നു..
ചിരിക്കു ചിരിക്കു ചിത്രവർണ്ണ പൂവേ..
പത്മവ്യൂഹം
കുയിലിന്റെ മണിനാദം കേട്ടു ..
നക്ഷത്ര കണ്ണുള്ള സുന്ദരിപ്പെണ്ണേ...
ആദാമിന്റെ സന്തതികൾ ..
പഞ്ചവടിയിലെ ...
സിന്ദൂരകിരണമായ് ...
പാലരുവിക്കരയിൽ ...
അജ്ഞാതവാസം
ഉദയസൗഭാഗ്യ താരകയോ ...
മുത്തുകിലുങ്ങി മുത്തുകിലുങ്ങി ...
ഇത് മനുഷ്യനോ!
സുഖമൊരു ബിന്ദു ....
ഹണിമൂൺ
മല്ലികപ്പൂവിൻ മധുരഗന്ധം...
പൂന്തേനരുവി
നന്ത്യാർവട്ട പൂ ചിരിച്ചു...
ഹൃദയത്തിനൊരു വാതിൽ ...
പുലിവാല്
പാതിരാനക്ഷത്രം കതകടച്ചു...
ലജ്‌ജാവതി ...
സിന്ധു
ചന്ദ്രോദയം കണ്ട് കൈകൂപ്പി നിൽക്കും...
ചെട്ടികുളങ്ങര ഭരണി നാളിൽ...
തേടി തേടി ഞാനലഞ്ഞു...
ചട്ടമ്പിക്കല്യാണി
സിന്ദൂരം തുടിക്കുന്ന...
ജയിക്കാനായ് ജനിച്ചവൻ ഞാൻ ...
പൂവിനു കോപം വന്നാൽ...
നാലുകാലുള്ളൊരു...
പത്മരാഗം
സാന്ധ്യതാരകേ മറക്കുമോ...
ഉഷസാം സ്വർണ്ണ താമര വിടർന്നു...
ഉറങ്ങാൻ കിടന്നാൽ...
തിരുവോണം
തിരുവോണപ്പുലരി തൻ ...
എത്ര സുന്ദരി എത്ര പ്രിയങ്കരി ...
ആ തൃസന്ധ്യതൻ ...
അഷ്ടമിരോഹിണി
രാരീരം പാടുന്നു രാക്കിളികൾ ...
പിക്നിക്
ചന്ദ്രക്കല മാനത്ത് ...
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി...
ശിൽപ്പികൾ നമ്മൾ,,,
ഓടിപ്പോകും വസന്തകാലമേ...
തേൻപൂവേ നീയൊരല്പം...\
പ്രവാഹം
സ്നേഹഗായികേ ...
സ്നേഹത്തിൻ പൊൻവിളക്കേ ...
മാവിന്റെ കൊമ്പിലിരുന്നോരു...
സീമന്തപുത്രൻ
സങ്കല്പത്തിൻ സ്വർണ്ണമരം പൂവണിഞ്ഞു..
കന്യാദാനം
രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി ...
ആടാതെ തളരുന്ന...
വിധുമുഖീ നിൻ...
ശംഖുപുഷ്പം
സപ്തസ്വരങ്ങളാടും ...
ആയിരം അജന്താ ചിത്രങ്ങളിൽ...
സ്വപ്നത്തിൽ നിന്നൊരാൾ ചോദിച്ചു...
ശാന്ത ഒരു ദേവത
നിലവിളക്കിൻ ചിരി...
മധുരസ്വപ്നം
താരുണ്യ പുഷ്പവനത്തിൽ ...
മംഗലപാലതൻ....
കാത്തിരുന്ന നിമിഷം
ചെമ്പകത്തൈകൾ പൂത്ത...
കാറ്റിലോളങ്ങൾ കെസ്സ് പാടും...
ശാഖാ നഗരത്തിൽ...
ജയിക്കാനായി ജനിച്ചവൻ
ചാലകമ്പോളത്തിൽ ...
അരയാൽ മണ്ഡപം...
കാവടി ചിന്തു പാടി...
ഏഴു സ്വരങ്ങൾ തൻ ഇന്ദ്രജാലമെ ...
അള്ളാവിൻ തിരുസഭയിൽ...
അജ്ഞാത തീരങ്ങൾ
ഒരു പൂവിനെന്തു സുഗന്ധം...
കഴുകൻ
ചന്ദനക്കുളിർ ചൂടി വരും കാറ്റ്...
അഗ്നിശരം
വരുന്നു വന്നു സ്നേഹത്തിൻ പൂപ്പാലിക ..
ഒരു കൂട്ടുകെട്ടിലെ മിക്കവാറും ഗാനങ്ങൾ ഞാനിവിടെ നിരത്തിയിട്ടുണ്ട്. ഒന്നുമൊഴിവാക്കാൻ ആവില്ല. 1981 വരെ അനസ്യൂതം തുടർന്നു ... പിന്നീട് ഒന്ന് രണ്ടു സിനിമകൾ കൂടി...
നായിക എന്ന ചിത്രത്തിൽ കാലങ്ങൾക്കു ശേഷം അവർ ഒന്നിച്ചു...
നായികയിലെ നിലാവ് പോൽ ഒരമ്മ എന്ന ഗാനം വീണ്ടും പലതുമോർമ്മിപ്പിച്ചു.... നന്ദിയോടെ ... നനയും നിൻ മിഴിയോരം കേട്ടു ....
2018 ജയരാജിന്റെ ഭയാനകം എന്ന ചിത്രത്തിൽ അവസാന ഗാനങ്ങൾ സമർപ്പിച്ചു രണ്ടു പേരും... നീണ്ട സംഗീത യാത്രയിൽ കേരള സർക്കാർ എം കെ അർജുനൻ മാസ്റ്റർക്ക് കൊടുത്ത ഏക പുരസ്കാരം.... ഭയാനകത്തിലെ ഗാനങ്ങൾക്ക്... അവസാന കാലത്ത് അതേറ്റു വാങ്ങി അദ്ദേഹം... അതും ശ്രീകുമാരൻ തമ്പി രചിച്ച വരികൾക്ക്...രണ്ടു വർഷം കഴിഞ്ഞദ്ദേഹം നമ്മെ വിട്ടു പിരിയുകയും ചെയ്തു... ശരീരമില്ലെങ്കിലും സംഗീതമെന്ന ആത്മാവ് ഇവിടെ ഉണ്ട്... അലയടിച്ചു കൊണ്ടേയിരിക്കും......
കിനാവിൽ വന്ന മധുരം .
..
ശബ്ദമാധുര്യത്തിന്റെ കാര്യത്തിൽ ഒരു തർക്കവുമില്ല . ഉച്ചസ്ഥായിയിൽ പാടാൻ വളരെയേറെ കഴിവുള്ള ഗായകൻ . മറ്റെന്തു കൊണ്ടും പാട്ടിന്റെ അരങ്ങത്ത് എത്തേണ്ടവൻ . എന്നിട്ടും മലയാള സിനിമ ഈ ഗായകന്റെ ശബ്ദം അധികം ഉപയോഗപ്പെടുത്തിയതായി അറിവില്ല. എറണാകുളം സ്വദേശിനി ആയ ശ്രീ മധു ബാലകൃഷ്ണൻ .
തുടക്കം തന്നെ ശ്രദ്ധിക്കപ്പെടാത്തതും, റിലീസ് ആവാത്തതും ആയ സിനിമകളിൽ ഗാനങ്ങൾ പാടിയത് ഒരു കുറവായി കാണാനാവില്ല.
1999 ൽ ഇറങ്ങിയ ഉദയപുരം സുൽത്താനിലെ കൈതപ്രം രചനയിൽ പാടിയ കനകസഭാതലം മമ ഹൃദയം കേട്ടാൽ അടിത്തറ ഭദ്രമാക്കി പാടാൻ ഇറങ്ങിയ ഒരുജ്വല ഗായകനെ അറിയാം... എന്നിട്ടും തന്റെ നില ഭദ്രമാക്കാൻ ഏറെ പാടുപെടേണ്ടി വന്നു ഇദ്ദേഹത്തിന് . പൂമാനം പൂത്തുലഞ്ഞു എന്ന ഉത്രം നക്ഷത്രത്തിലെ ഇറങ്ങാത്ത ഗാനം സുന്ദരമായിരുന്നു. സണ്ണി സ്റ്റീഫൻ എന്ന സംഗീത സംവിധായകനെ മലയാള സിനിമ പിന്നീട് ഉപയോഗപ്പെടുത്താത്തതിലുള്ള സങ്കടവും ഇവിടെ രേഖപ്പെടുത്തുന്നു. ഉത്രം നക്ഷത്രത്തിലെ " അനുഭൂതി പൂക്കും നിൻ മിഴികളിൽ " എന്ന ചിത്ര പാടിയ ഒരു ഗാനം മതി സണ്ണി സ്റ്റീഫനിലെ സംഗീതസംവിധായകനെ അറിയാൻ...
തുടക്കം ശ്രദ്ധിക്കപ്പെടാതിരുന്നിട്ടും സംസ്ഥാന അവാർഡ് മധു ബാലകൃഷ്ണനെ തേടി വന്നു. പിന്നീടുള്ള മധുവിന്റെ ഭക്തിഗാനങ്ങളിലേക്കുള്ള ഒരു കുതിപ്പിന് നിതാനമായി ഈ അവാർഡ് എന്നത് ശ്രദ്ധേയം. മലയാള സിനിമ പിന്നീടും ഈ ഗായകനെ വേണ്ട വിധം അംഗീകരിച്ചില്ല ..
അമ്മേ അമ്മേ കണ്ണീർ തെയ്യം തുള്ളും എന്ന വാൽക്കണ്ണാടിയിലെ രമേശൻ നായരുടെ വരികൾക്ക് ജയചന്ദ്രൻ സംഗീതം ചെയ്ത ഗാനമായിരുന്നു അവാർഡ് നേടിയത്. ശബ്ദത്തിലെ ഭക്തിയും, തീവ്രതയും ,ഉണർവും, ഭാവവും എല്ലാം അവാർഡ് കമ്മിറ്റി തിരിച്ചറിഞ്ഞിട്ടുണ്ടാവും ..
അവാർഡിന്റെ തുടർച്ചയെന്നോണം 2002 , 03 .04 വർഷങ്ങളിൽ കുറച്ചു നല്ല പാട്ടുകൾ നേടാൻ കഴിയുകയുണ്ടായി.
മറ്റു പല ഗായകരും നേടിയ സൗഭാഗ്യം ഇദ്ദേഹത്തിനും കിട്ടുകയുണ്ടായി. അതായത് മലയാള സിനിമ സംഗീത സംവിധായകരേക്കാൾ നല്ല പാട്ടുകൾ നൽകിയത് അന്യഭാഷാ സംഗീത സംവിധായകർ ആണ്..
മികച്ച ഉദാഹരണങ്ങൾ ഇതാ ...
പൊന്നാവണി പാടം തേടി ( രസതന്ത്രം -- ഇളയരാജ )
മന്ദാരപ്പൂ മൂളി കാതിൽ ( വിനോദയാത്ര -- ഇളയരാജ )
രാവേറെയായ് പൂവേ ( റോക് ആൻഡ് റോൾ -- വിദ്യാസാഗർ )
എങ്ങു നിന്നോ വന്ന പഞ്ചവർണക്കിളി ( കൽക്കട്ട ന്യൂസ് -- ദേബ് ജ്യോതി മിശ്ര)
മനസ്സിലൊരു പൂമാല ( ഇന്നത്തെ ചിന്താവിഷയം --- ഇളയരാജ)
ആര് തരും ഇനിയാര് തരും ( മേക്കപ്പ്മാൻ -- വിദ്യാസാഗർ )
എന്നിവ ശ്രദ്ധിച്ചു കേട്ടാൽ മതിയാവും..
എങ്കിലും തുടക്കത്തിൽ ജോൺസൻ സംഗീതത്തിൽ ആലപിക്കാൻ ഭാഗ്യം സിദ്ധിച്ചു. എം ജയചന്ദ്രൻ ബാലകൃഷ്ണന്റെ കരിയറിലെ കുതിപ്പിന് ഊർജം പകർന്ന സംഗീതജ്ഞനാണ് ..
അമ്മേ അമ്മെ കണ്ണീർ തെയ്യം തുള്ളും ( വാൽക്കണ്ണാടി )
എന്ന തുടക്കത്തിലൂടെ പുരസ്കാരവും നേടിക്കൊടുത്തു . തുടർന്ന് വന്ന പെരുമഴക്കാലത്തിലെ യുഗ്മഗാനം അർദ്ധ ക്ലാസിക്കൽ ഭാവത്തിനെ കൂടുതൽ ഉയരങ്ങളിലേക്ക് എടുത്തുവെക്കുകയും ചെയ്തു.
ചെന്താർ മിഴി പൂന്തേൻ മൊഴി എന്ന കൈതപ്രം ഗാനം..
മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ ( അമൃതം )
എന്നിവയും എടുത്തുപറയാവുന്നത്..
മലയാളത്തിൽ പാടുമ്പോഴും കന്നഡ ,തമിഴ് , തെലുഗു ഭാഷകളിൽ തിളങ്ങി മധു ബാലകൃഷ്ണൻ . തമിഴ്‌നാട് കലാകാരന്മാരുടെ കഴിവുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്ഥാനമാണ്. തമിഴിൽ നിന്നും സംസ്ഥാന അവാർഡും , കലൈമണി പുരസ്കാരവും ഇദ്ദേഹം നേടി .
മലയാളത്തിലേക്ക് അന്യഭാഷാ ചിത്രങ്ങൾ ഡബ്ബ് ചെയ്യുമ്പോൾ പാട്ടും മലയാളീകരിക്കാറുണ്ടല്ലോ .. എന്നാൽ പാട്ടുകൾ അത്ര ശ്രദ്ധിക്കപ്പെടാറില്ല. വികലമായ വരികൾ തന്നെ പലപ്പോഴും അതിനു കാരണം. എന്നാൽ മധു ബാലകൃഷ്ണൻ പാടിയ ചില ഗാനങ്ങൾ വളരെയേറെ അംഗീകരിക്കപ്പെടുകയുണ്ടായി . മലയാളികൾ പാടി നടക്കുകയും ചെയ്തു.
ഉദാഹരണത്തിന്
എൻ മനസ്സ് നീ കവർന്നു ( പ്രണയമായ് -രാജ് കോട്ടി )
കിനാവിൽ വന്നു നീ ( മഞ്ഞു പെയ്യും മുൻപേ )
എന്നിവ മലയാള ഗാനം അല്ല എന്ന് പറയില്ല...
പാർത്ഥിപൻ കനവ് , മധുരേയ് , ചന്ദ്രമുഖി ,എന്നീ തമിഴ് ചിത്രങ്ങളിലെ ഗാനങ്ങൾ നേടിയെടുത്ത പ്രസിദ്ധി മലയാളം കൊടുക്കുകയുണ്ടായില്ല...
എന്നാലും ...
നൊമ്പരക്കൂട്ടിലെ തിങ്കൾ ( യാത്രക്കാരുടെ ശ്രദ്ധക്ക് )
കുട്ടനാടൻ കായലിലെ ( കാഴ്ച )
നിറയൗവനത്തിന്റെ വെയിലസ്തമിക്കുന്നു ( ശീലാബതി)
ചെന്താമരയെ വാ ( തസ്കരവീരൻ)
വാവേ മകനെ (പോത്തൻവാവ )
നേരാണേ എല്ലാം നേരാണേ ( പോത്തൻവാവ )
വൃന്ദാവനമുണ്ടോ രാധേ നീയില്ലാതെ ( യക്ഷിയും ഞാനും )
ഓണവില്ലിൻ തംബുരു മീട്ടും ( കാര്യസ്ഥൻ)
എന്നോമൽ നിധിയല്ലേ ( കാവൽ)
ഗണപതി തുണയരുളുക ( മാളികപ്പുറം)
എന്നിവയിലൂടെ മധു തന്റെ ശബ്ദ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. അതിൽ ലയിക്കാനും കഴിയുന്നുണ്ട്.
സിനിമയിൽ അവസരങ്ങൾ കുറവാണെങ്കിലും ഭക്തി ഗാന രംഗത്ത് നല്ല തിരക്കിൽ ആണ് മധു . പുതുകാലത്ത് ഭക്തി ഒരു വില്പനച്ചരക്കാണല്ലോ ! ഗായകർക്കും ചാകര തന്നെ. തന്റെ ശബ്ദമാധുര്യം ഇത്തരം ഗാനങ്ങളിലൂടെ മധു ബാലകൃഷ്ണൻ മലയാളികൾക്കായി നൽകുന്നു. കൂടാതെ റിയാലിറ്റി ഷോകളുടെ ജഡ്ജസ് ആയും പുലരുന്നു. ഇതിൽ കൂടെയൊക്കെ ആ ശബ്ദ ഗാംഭീര്യം നമ്മൾക്ക് വീണ്ടും വീണ്ടും പുതുതായി അറിയാനാവുന്നും ഉണ്ട്....
ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ ... അഭിവാദ്യങ്ങൾ...
Subscribe to:
Posts (Atom)