Tuesday, September 20, 2022

കാതോട് കാതോരമീയീണങ്ങൾ ..

ചില കർമ്മങ്ങൾ ജന്മസുകൃതമായി കൈപ്പറ്റിയവരുണ്ട് .അതവരുടെ ജീവിതം മുഴുവൻ സുഗന്ധം പരത്തിക്കൊണ്ട് പിന്തുടരും . കർമ്മമണ്ഡലം തളർന്നിരുന്നാലും ഊർജ്ജം നൽകിക്കൊണ്ട് കഴിഞ്ഞകാലങ്ങൾ അവരെ വിളിച്ചുണർത്തും . നിങ്ങളുടേതായ ഒരു കാലം ഉണ്ടായിരുന്നു എന്നോതിക്കൊണ്ട് ... ചലച്ചിത്രലോകത്ത് സ്ഥിരപ്രതിഷ്ഠ നേടിക്കൊണ്ട് അപൂർവ്വം ചിലരെ ഉണ്ടായിട്ടുള്ളൂ . സംഗീത രംഗത്തായാൽ കൂടുതൽ . കാലങ്ങൾ കഴിഞ്ഞിട്ടും മലയാളത്തിൽ യേശുദാസ് , ജയചന്ദ്രൻ തുടങ്ങിയവർ ഒഴിച്ചാൽ അരങ്ങൊഴിഞ്ഞവർ ഏറെ പേർ കാണും . മികച്ച ഗായകർ ആയിട്ടും അല്പകാലം മാത്രം ഇവിടെ വരാൻ വിധിക്കപ്പെട്ടവർ . സമ്മർദ്ദങ്ങൾ അനവധി ആണല്ലോ . അതിൽ പിന്തള്ളപ്പെട്ടവരാണ് ഏറെയും . പിടിപാടുകൾ ഉണ്ടായാലും മുന്നോട്ടോടാൻ സ്വയം തെയ്യാറാവാത്തവരും ഉണ്ടാവും. അവസരങ്ങൾ തേടിവരട്ടെ എന്ന് കരുതുന്നവരും പുറകോട്ടടിക്കപ്പെട്ടേക്കാം . കിട്ടിയതൊക്കെ ഭാഗ്യമായി കരുതുന്നവരും ഏറെ . മത്സരബുദ്ധി കാണിക്കാത്തവർ .കുറച്ചു കാലം സിനിമകളിൽ ചില ഹിറ്റുകൾ പാടുകയും പിന്നീട് ഔദ്യോഗികമായി മറ്റു വിഭാഗത്തിലേക്ക് പറിച്ചു നടപ്പെട്ടവരായവരും വിസ്മൃതിയുടെ നിഴലുകളിലേക്കു മാറ്റപ്പെടുകയും ചെയ്യുന്നത് അനുഭവം ... തങ്ങൾ പാടിയ ഹിറ്റുഗാനങ്ങൾ പിന്നീട് വന്നവരായ പ്രസിദ്ധരുടെ പേരിൽ കേൾക്കപ്പെടുകയും ചെയ്യുന്നതും നിർഭാഗ്യകരമായ സംഭവങ്ങൾ . ഇത്തരം ചിലതിലൂടെയൊക്കെ വന്നു പോയ ഒരു പ്രസിദ്ധ കലാകാരിയാണ് ശ്രീമതി ലതിക എന്ന ഗായിക . 1976 ൽ " പുഷ്പതൽപ്പത്തിൽ നീ വീണുറങ്ങി " എന്ന പ്രസിദ്ധ ഗാനം യേശുദാസിനൊപ്പം പാടിക്കൊണ്ട് അരങ്ങേറ്റം. അക്കാലത്ത് പത്രത്തിൽ കണ്ട ഒരു കലാകാരിയെ പറ്റിയുള്ള കുറിപ്പിൽ നിന്നും സംവിധായകൻ ഐവി ശശി കണ്ടെത്തി സിനിമയിലേക്ക് കൊണ്ടുവന്നതാണ് ലതികയെ . തന്റെ അഞ്ചാമത്തെ ചലച്ചിത്രമായ അഭിനന്ദനത്തിലേക്ക് ... ശ്രീകുമാരൻ തമ്പി രചന , കണ്ണൂർ രാജൻ സംഗീതം. അതിലെ ഹമ്മിങ്ങുകൾ ഏറെ ഹൃദ്യമായിരുന്നു. ജാനകി , സുശീല എന്നിവർക്ക് ശേഷം ശ്രദ്ധിക്കപ്പെടേണ്ട ഗായിക എന്ന് അണിയറയിൽ സംസാരമായി ലതിക . എന്നാൽ അവസരങ്ങൾക്ക് പിന്നെയും കാത്തിരിക്കേണ്ടി വന്നു. രവീന്ദ്രൻ നൽകിയ മറ്റൊരവസരവുമായി ചൂളയിൽ ഉപ്പിന് പോകണ വഴിയേത് ... എന്ന ഗാനം ജെൻസി എന്ന ഗായികയുമൊത്ത് ... അപ്പോഴേക്കും ഭരതന്റെ സംഗീതമനസ്സ് ഈ ഗായികയെ മനസ്സിലാക്കിയിരുന്നു. ചാമരം മുതൽ പിന്നീടിങ്ങോട്ട് എല്ലാ സിനിമയിലും ലതിക എന്ന ഗായിക ഒഴിച്ചുകൂടാനാവാത്തതായി മാറി. ഭരതന്റെ കണ്ടെത്തലിലൂടെ ആണ് ലതിക എന്ന ഗായിക അടയാളപ്പെട്ടതും . ചാമരത്തിൽ അത്ര കേൾക്കാത്ത ഒരു ഗാനമെങ്കിലും , 1984 ൽ; ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന ചിത്രത്തിൽ ഒരു പാട്ടിൽ തുടക്കത്തിലേ സ്വരങ്ങളും , പല്ലവിയും മാത്രം ആലപിച്ചു കൊണ്ട് തുടർന്നു . രണ്ടു വരി പാടിക്കാൻ ആയി ജാനകിയെ ഒക്കെ കൊണ്ടുവരേണ്ടതില്ലേ എന്നോർത്തപ്പോൾ നറുക്ക് വീണത് ലതികക്കും . "പൊന്‍ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ കാതരമിഴി നീ കാണാ കാര്‍കുയിലൊന്നുണ്ടല്ലോ പാടിടുന്നു ദൂരെ" പക്ഷെ അത് മതിയായിരുന്നു . തുടക്കത്തിലെ സ്വരങ്ങളും , രണ്ടു വരികളും നൽകിയ ഊർജം ഒന്ന് വേറെ തന്നെയായിരുന്നു. ജാനകിക്ക് ശേഷം എന്നതിനും ഉത്തരം തന്നു ആ ഗാനം.... ചൂള എന്ന ചിത്രത്തിന് ശേഷം ഇത്തിരി നേരം ഒത്തിരി കാര്യം , മകളെ മാപ്പുതരൂ , കിന്നാരം , വിധിച്ചതും കൊതിച്ചതും, സ്വർണഗോപുരം ഈ ചിത്രങ്ങളിലൊക്കെ പാടിയെങ്കിലും ഒന്നും ക്ലച്ച് പിടിച്ചില്ല . എം കെ അർജുനൻ സംഗീതത്തിൽ മഹാബലിയിലെ " സ്വരങ്ങൾ പാദസരങ്ങളിൽ " എന്ന അർദ്ധ ശാസ്ത്രീയ ഗാനം വാണിജയറാമിനൊപ്പം ഗംഭീരമായിരുന്നു എന്നോർമ്മ ... വീണ്ടും അവ്യക്തത നിഴലിച്ചു . ചിത്ര എന്ന ഗായികയുടെ അരങ്ങേറ്റം നടന്ന കാലം . ഏറെ അവസരങ്ങൾ നേടിക്കൊണ്ട് ആ വാനമ്പാടി തകർക്കുകയായിരുന്നു. ജാനകി , സുശീല, എന്നിവരൊക്കെ താഴോട്ടൊതുങ്ങി . കൂട്ടത്തിൽ അവസരങ്ങൾ ലതികക്കും കുറഞ്ഞു . എങ്കിലും... കായാമ്പൂ കോർത്തു തരും കടാക്ഷമാല്യം ...( ആരോരുമറിയാതെ) ഇല്ലിക്കാടുകളിൽ കുടമുല്ലക്കാവുകളിൽ ( കൂട്ടിനിളം കിളി ) മധുമാസം പോയല്ലോ മതിലേഖ മാഞ്ഞല്ലോ ( ഇണക്കിളി ) വെള്ളാമ്പൽ പൂക്കുന്ന രാവിൽ ( ഇതാ ഇന്നുമുതൽ ) എന്നിവയൊക്കെ കിട്ടിക്കൊണ്ടിരുന്നു .. 1984 ൽ തന്നെ ശ്രീകൃഷ്ണപ്പരുന്ത് എന്ന മാന്ത്രിക ചിത്രത്തിൽ കെ രാഘവന്റെ സംഗീതത്തിൽ ഒരു ഭാസ്കര ഗാനം... " നിലാവിന്റെ പൂങ്കാവിൽ നിശാപുഷ്പ ഗന്ധം " എന്ന യക്ഷി ഗാനം പ്രസിദ്ധമായിരുന്നു. കുമാരേട്ടാ എന്ന വിളിയും എല്ലാം... വീണ്ടും രക്ഷയ്ക്കായി ഭരതൻ സ്പർശം ... സംഗീതത്തിന്റെ വഴിയിലും ഭരതൻ ടച്ച് ... കാതോട് കാതോരം എന്ന ചിത്രത്തിൽ ഒരു ഗാനം അദ്ദേഹം തന്നെ കമ്പോസ് ചെയ്‌തു . കാതോട് കാതോരം തേൻചോരുമാ മന്ത്രം എന്ന ഓ എൻ വി മാഹാത്മ്യത്തിന്‌ മാറ്റ് കൂട്ടിക്കൊണ്ട് ഭരതൻ സംഗീതവും ലതികാലാപാനവും ... ചിത്രയുടെ പേരിലേക്ക് ഇന്നും പലരും ചേർത്തുകൊടുക്കുന്ന ഒരു ഗാനം. ചിത്രയുടെ പല സ്റ്റേജിലും ഈ ഗാനം പാടാൻ ആവശ്യപ്പെടുമായിരുന്നു . പക്ഷെ അവർ തിരുത്തും . തന്റെ ഗാനമല്ല ... കൂട്ടുകാരി ലതിക ആലപിച്ചതാണ് എന്ന്... ആ ശബ്ദസാമ്യം ആണ് പലരെയും തെറ്റിദ്ധരിപ്പിക്കുന്നത് . കാതോട് കാതോരത്തിലെ മറ്റു രണ്ടു ഗാനങ്ങൾ ഔസേപ്പച്ചൻ സംഗീതം ആണ്. നീ എൻ സർഗ്ഗ സൗന്ദര്യമേ ... ദേവദൂതർ പാടി .... രണ്ടു ഗാനവും യേശുദാസിനൊപ്പം ... അതീവ ഹൃദ്യമായ രണ്ടു ഗാനങ്ങൾ .. രവീന്ദ്രൻ , എം കെ അർജുനൻ , ജോൺസൻ , ശ്യാം എന്നിവർ ഈ ഗായികയ്ക്ക് ഒട്ടേറെ അവസരങ്ങൾ കൊടുത്തിട്ടുണ്ട്.. ചൂള മുതൽ രവീന്ദ്രൻ അത് ശ്രദ്ധിക്കുന്നുമുണ്ട്. ഇത്തിരി നാണം പെണ്ണിൻ കവിളില് ( തമ്മിൽ തമ്മിൽ ) പുടവ ഞൊറിയും തിര തൻ തീരം ( ഓമനിക്കാൻ ഓർമ്മവെക്കാൻ) എന്നിവയിലൂടെ ഭരതന്റെ അമരം എന്നതിലും ... സ്‌കൂൾ പ്രാർത്ഥനാ ഗീതമായി ലതിക ഒന്ന് ആലപിക്കുന്നുണ്ട്. " ഹൃദയരാഗ തന്ത്രി മീട്ടി " എന്നത് ഒരു മതവിഭാഗത്തെ മുൻനിർത്തി എഴുതിയ പ്രാർത്ഥനാഗീതമല്ല എന്നതും ശ്രദ്ധേയം . കൈതപ്രത്തിന്റെ സുന്ദര രചന . പുലരേ പൂങ്കോടിയിൽ ... എന്ന ഗാനത്തിലും ലതികയ്ക്ക് പങ്കാളിത്തം ഉണ്ട്.. മകളേ പാതി മലരേ ...( ചമ്പക്കുളം തച്ചൻ ) ഒത്തിരി ഒത്തിരി മോഹങ്ങൾ കതിരിട്ട ( വെങ്കലം ) ... ഇവയൊക്കെ രവീന്ദ്രൻ സംഗീതം നൽകിയ നിറച്ചാർത്തുകളാണ് .. ശ്യാം സംഗീതത്തിൽ .. അരയന്നക്കിളിയൊന്നെൻ മാനസത്തിൽ ( മാന്യമഹാജനങ്ങളെ) പൂവുള്ള മേട കാണാൻ ( പണ്ട് പണ്ടൊരു രാജകുമാരി ) ജോൺസൻ കാലം വന്നപ്പോൾ ലതിക എന്ന ഗായികയെ അദ്ദേഹവും ശരിക്ക് ഉൾക്കൊണ്ടു.. നല്ല ഗാനങ്ങൾ തന്നെ നൽകിയിട്ടുണ്ട്. ഭരതന്റെ ഒഴിവുകാലത്തിൽ .. " ചൂളംകുത്തും കാറ്റേ .." രാഗോദയം മിഴിയിൽ സൂര്യോദയം ( അകലങ്ങളിൽ ) പൊന്നിൻ കുടം പൊട്ട് തൊട്ട് ( എന്റെ എന്റേത് മാത്രം ) ഭരതന്റെ തന്നെ മറ്റൊരു ചിത്രമായ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ ഗാനങ്ങൾ . പൂ വേണം പൂപ്പട വേണം ... കൺമണിയെ ആരിരാരോ ... ചീകിതിരുകിയ പീലിത്തലമുടി ( ശ്രുതി ) തുടങ്ങിയവയൊക്കെ തന്നെ കാലത്തിന്റെ ഹിറ്റുകളായിരുന്നു. ഭരതന്റെ സംഗീതമനസ്സറിഞ്ഞ ഔസേപ്പച്ചൻ . ഭരതൻ ആഗ്രഹിച്ചതെന്തോ അത് നല്കിയദ്ദേഹം .. താരും തളിരും മിഴിപൂട്ടി ( ചിലമ്പ് ) ഇതിൽ പാട്ടെഴുത്തിന്റെ കരവിരുതുമായി ഭരതൻ... പ്രണാമത്തിലെ ... കടലിളകി കരയോട് ചൊല്ലി എന്ന ഗാനവും ഭരതൻ കൈയെഴുത്തായിരുന്നു. ഭരതന്റെ വൈശാലിയിലെ ധും ധും ധും ദുംദുഭി നാദം എന്ന ഗാനം മറ്റു ഗായകരോടൊപ്പം ലതികയും ആലപിച്ചു. ബോംബേ രവിയുടെ സംഗീതത്തിൽ.. ആത്മസുഗന്ധം ഒളിപ്പിച്ചു വെക്കാനാവാത്ത ( ഭദ്രചിറ്റ) മൗനങ്ങൾ പോലും നാദങ്ങളായ് (ആർദ്രം ) സംഗീതം ആർ സോമശേഖരൻ . ദേവാംഗനേ ദേവസുന്ദരീ ( രാജാവിന്റെ മകൻ ) പാടാം ഞാനാ ഗാനം ( രാജാവിന്റെ മകൻ ) എന്നിവ എസ് പി വെങ്കിടേഷിന്റെ മികച്ചൊരു സംഭാവനയാണ്.. പിന്നീട് ജോലിയായി . തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ അധ്യാപിക . അവസരങ്ങൾക്ക് വേണ്ടി വാതിലുകൾ മുട്ടാൻ താല്പര്യമില്ലാത്ത ഈ ഗായികയെ തേടി കാലങ്ങൾ കഴിഞ്ഞാണ് ഒരു പാട്ട് തേടി വന്നത് .. തന്റെ ശിഷ്യരുടെ സംഗീതത്തിൽ പാടാൻ വേണ്ടി ... ഗപ്പി എന്ന സ്നേഹം തുളുമ്പുന്ന ഒരു ചിത്രത്തിലെ ഗാനം. അതിരലിയും കര കവിയും എന്ന ഗാനം ... ആദ്യഗാനം യേശുദാസുമൊത്ത് ... ഇപ്പോൾ പാടിയെത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ മകൻ വിജയ് യേശുദാസുമൊത്ത് ... അതും കർമ്മത്തിന്റെ ഒരു ഭാഗം... സിനിമയിൽ തന്നെ പല വൈകാരിക മുഹൂർത്തങ്ങൾക്കും നാദമായ് വന്നു ചേർന്ന ലതികാലാപനം കൂടി പറയാതെ ഇതവസാനിപ്പിക്കാതെ വയ്യ .. പ്രിയദർശൻ ചിത്രങ്ങളായ വന്ദനം ,ചിത്രം ,താളവട്ടം എന്നിവയിലെ പിന്നണിയിലെ ഹമ്മിങ്ങുകൾ ഓർക്കുക .. ലാലാലല.... എന്ന വന്ദനത്തിലെ ശോകം നിറഞ്ഞ ശബ്ദം .... ചിത്രത്തിലും താളവട്ടത്തിലും എല്ലാം തന്നെ സിനിമയുടെ ശക്തിയായിരുന്നു അത് .... അതും കൂടെ പറയാതെ വയ്യ.... ഇനിയും തുടരട്ടെ ഗാനസഞ്ചാരം..... എല്ലാ ആശംസകളും പ്രിയ ഗായികയ്ക്ക് ... .

ഒരു യമുനാനദിയുടെ ഓളങ്ങൾ ...

പാട്ടുകളിലൂടെയും അവ സൃഷ്ടിച്ചവരിലൂടെയും കുറേയേറെ യാത്രകൾ നടത്തി. പ്രശസ്തരായവരിലും അപ്രശസ്തരായവരിലും സംഗീതത്തിന്റെ വർണനാളങ്ങൾ ദർശിച്ചു . സന്തോഷവും, വിഷാദവും ഒരേപോലെ ജ്വലിപ്പിക്കുന്ന വരികളുടെ, ഈണങ്ങളുടെ സംഗമതീരങ്ങളിൽ നിന്ന് ഒരിക്കലും മടങ്ങാനാവില്ല . പറഞ്ഞാലും , അറിഞ്ഞാലും തീരില്ല .മനുഷ്യജീവിതത്തിന്റെ അല്പകാലം മാത്രം ഇവിടെ നമ്മൾ സൃഷ്ടിക്കുന്നവരും , ആസ്വദിക്കുന്നവരും ആയി നിലനിൽക്കുന്നു . ഓർമ്മിക്കാനെന്തുണ്ട് എന്ന ഒരശരീരിയിൽ നിന്നും പിടഞ്ഞുണരുമ്പോഴേക്കും സമയം വൈകിയിരിക്കും. ജീവിച്ചിരുന്നിരുന്നു എന്നുപോലും ഒരടയാളവും നൽകാതെ പോയ്മറഞ്ഞവരെത്ര ! മത്സരമാണ് നമുക്ക് ചുറ്റും . ശബ്ദമില്ലാത്ത ഒരു ലോകം സങ്കല്പിക്കാനാവുമോ ! സംഗീതമില്ലാത്ത ഒരു ലോകം! സിനിമകളിൽ പാടി മണ്മറഞ്ഞു പോയ എത്രയോ പേർ . പലരും ഓർമ്മിക്കപ്പെടുന്നുണ്ട്. ആസ്വാദകർ നിലനിൽക്കും കാലം വരെ അതുണ്ടാവും. എന്നാലും ചിലരെയൊക്കെ കാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വഴുതി മാറ്റുന്നതും നമ്മൾ തന്നെയല്ലേ! ഒരു ഗാനത്തിന്റെ വരികളിലും, ഈണത്തിലും, ആലാപനത്തിലും മയങ്ങി കുറച്ചു ദിവസമായി. എത്രയോ കേട്ടതാണെങ്കിലും ആ ഗാനം പാടിയ ആളെ കുറിച്ച് ഒന്നെഴുതാനിരുന്നപ്പോൾ ആ ഹിന്ദോള രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം മനസ്സിലേക്ക് ഓടി വന്നു. --ഒരു യമുനാനദി ഓളമിളക്കിയെന്‍ ഓര്‍മ്മകള്‍ മേഞ്ഞുനില്‍ക്കും വൃന്ദാവനി‍യില്‍ ഏതോ യുഗങ്ങളിലെ സ്വപ്‌നങ്ങള്‍ നിഴലിടും മേദുരസന്ധ്യയെന്നില്‍ ചിറകൊതുക്കി--- അത് സംഗീതത്തിന്റെ മാസ്മരികത ആണോ ! വരികളുടെ വർണ്ണനാ വൈഭവമാണോ ! ആലാപനത്തിന്റെ മാധുര്യമാണോ! എല്ലാം കൂടിച്ചേർന്ന ഒന്ന് . പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതിയിൽ ആറാടി മനസ്സ് . വിഷാദത്തിന്റെ നീലഛവി പരന്ന കുറുകുന്ന ഇടമായെന്റെ മനസ്സ്. വിതുമ്പി... വിതുമ്പി... എന്തിനെന്നറിയാതെ ... ഈ ഗാനത്തിന്റെ വിവശതയിൽ നിന്നും അവരെ തേടി പോയി .വിവരങ്ങൾ കിട്ടുമിടങ്ങളിൽ ... വിവരങ്ങൾ ഏറെ കുറവ് . പാട്ടുകളെല്ലാം പല വട്ടം കേട്ടു . ഉഷാ രവി ! ജനറൽ പിക്ചേഴ്സ് ഉടമ കെ രവീന്ദ്രൻ നായരുടെ ഭാര്യ . 1970 തൊട്ട് 1983 വരെ പത്തോളം സിനിമകളിൽ പാടി . പതിനൊന്നോളം ഗാനങ്ങൾ മാത്രം! തമ്പ് എന്ന ചിത്രത്തിൽ കാവാലം നാരായണപ്പണിക്കരുടെ വരികൾക്ക് എംജി രാധാകൃഷ്ണൻ ഈണം നൽകിയ " ഒരു യമുനാനദി " ആണ് പാടിയതിൽ ഏറ്റവും മികച്ചതും. തുടക്കം ഡിറ്റക്ടിവ് 909 കേരളത്തിൽ എന്ന ചിത്രത്തിൽ " രംഗപൂജ തുടങ്ങി " എന്ന ഗാനത്തോടെ അരങ്ങേറ്റം .. പി ഭാസ്കരൻ- എം കെ അർജുനൻ ടീം ആയിരുന്നു സ്രഷ്ടാക്കൾ .. ഭരതൻ ചിത്രമായ ഗുരുവായൂർ കേശവൻ എന്നത്തിലെ ഹാസ്യഗാനമായ " ധിം ത തക്ക കൊടുമല ഗണപതി " എന്ന ഗാനം ജയചന്ദ്രനും , സി ഓ ആന്റോയ്ക്കും , ജോളി എബ്രാഹവുമൊത്ത് ... അതിലെ " അതിലെ ആരാനും ഊരാനും അങ്ങേലെ തട്ടാനും...." എന്ന ഭാഗം പാടി ഉഷാ രവി .. പി ഭാസ്കരന്റെ രചന. ദേവരാജന്റെ സംഗീതം .. 1978 ൽ ആയിരുന്നു തമ്പ് ഇറങ്ങിയത് . ഇത്തരം സമാന്തര സിനിമകളിൽ പാട്ടുകൾക്ക് ഏറെ പ്രാധാന്യം ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ തന്നെ നാടൻ പാട്ടിന്റെ ശീലുകൾ ... എന്നാൽ തമ്പിൽ രണ്ടു ഗാനങ്ങൾ , അതിന്നും നമ്മൾ മൂളുന്നത്... ഉഷാ രവി എന്ന ഗായിക ഇന്നും ഓർമ്മിക്കപ്പെടുന്നത് ഇതിലെ ഗാനങ്ങളിലൂടെ ആണ്... ആസ്വാദകരിൽ ... ഒരു യമുനാ നദി കൂടാതെ മറ്റൊരു ഗാനവും ഉണ്ട് .. കാവാലം രചനയിലെ നാടൻ കലാ വൈഭവം ഈ ഗാനത്തിൽ തിളങ്ങിയിരുന്നു. --കാനകപ്പെണ്ണ് ചെമ്മരത്തി കണ്ണേറാം കുന്നുമ്മേല്‍ ഭജനം പാര്‍ത്തൂ എഴുമലനാടുകടന്ന്‍ ഏലമലം കുടകില്‍ ഏലമലം കുടകില്‍ പൊരുതി വീണ കതിവനൂര്‍ വീരനേ സ്വപ്നം കണ്ടു പെണ്ണ് കതിവനൂര്‍ വീരനേ സ്വപ്നം കണ്ടൂ-- രണ്ടു ഗാനങ്ങളും തമ്പ് എന്ന സിനിമയോടൊപ്പം ഓർമ്മിക്കപ്പെടുന്നത്. ശ്രീ രവീന്ദ്രൻ നായർ കലാമൂല്യ സിനിമകളുടെ ഉപജ്ഞാതാക്കളായ അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ സൃഷ്ടികളുടെ നിർമ്മാതാവായിരുന്നു. അതുകൊണ്ടും കൂടെ ദേശീയതലത്തിലും, ആഗോളതലത്തിലും ശ്രദ്ധ നേടിയ നിർമ്മാതാവ് . തന്റെ ആദ്യ ചിത്രങ്ങളായ അന്വേഷിച്ചു കണ്ടെത്തിയില്ല , കാട്ടുകുരങ്ങ് , അച്ചാണി എന്നിവയ്ക്ക് ശേഷം പിന്നീടുള്ളതെല്ലാം ദേശീയ അന്തർദേശീയ തലങ്ങളിലേക്ക് പടർന്നു കയറിയ സിനിമകളായിരുന്നു ...സിനിമകളിൽ സൗന്ദര്യശാസ്ത്ര പരീക്ഷണങ്ങൾ നടത്തിയവരായ അരവിന്ദൻ , അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ സിനിമകൾ ആയിരുന്നു മിക്കതും.. കാഞ്ചനസീത, തമ്പ് ,കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ , എലിപ്പത്തായം , അനന്തരം, വിധേയൻ , മുഖാമുഖം .... എം ടി വാസുദേവൻ നായരുടെ സംവിധാനത്തിൽ മഞ്‌ എന്ന സിനിമയും... ഇത്തരം സമാന്തര സിനിമകളിൽ പലതിലും പാട്ടുകൾ ഇല്ലായിരുന്നു. അതുകൊണ്ടും കൂടിയാവും ഉഷാ രവിക്ക് പാട്ടുകൾ കിട്ടാതിരുന്നതും. ഇദ്ദേഹം നിർമ്മിച്ച ചിത്രത്തിൽ മഞ്ഞിൽ മാത്രമാണ് തമ്പിനു ശേഷം പാടാൻ കഴിഞ്ഞതും... വദസി യദി കിഞ്ചിയദി എന്ന ട്രഡീഷണൽ സോങ്ങിന് എം ബി ശ്രീനിവാസൻ സംഗീതത്തിൽ... ഈ അഷ്ടപദി ഗാനം ഇവരുടെ ശബ്ദത്തിൽ യൂടൂബിൽ എവിടെയും കിട്ടിയതുമില്ല! അഭിമാനപുരസ്സരം ഓർക്കേണ്ട ഒരു സംഗതി ഉണ്ട്.. പാടിയ പാട്ടുകളെല്ലാം തന്നെ പ്രശസ്ത എഴുത്തുകാരുടേതോ , സംഗീതജ്ഞരുടേതോ ആണ് എന്നതാണ് കാവാലം നാരായണപ്പണിക്കരുടെ വരികൾ തമ്പിലും, വേനലിലും, ആമ്പൽപ്പൂവിലും ആലപിക്കാൻ ആയി. കാരി കിക്കിരി എന്ന ടൈറ്റിൽ സോങ് വേനൽ എന്ന ലെനിൻ രാജേന്ദ്രൻ ചിത്രത്തിൽ സി ഓ അന്റോവിനൊപ്പം .. മാൻതേൻ മിഴികളിൽ പുഞ്ചിരി കൊഴിഞ്ഞേ പോയ് എന്ന ഗാനം ആമ്പൽപ്പൂവിലേത് .. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ഒരു സോളോ .. നല്ല ഒരു ഗാനമായിരുന്നു അത്.. ഓ എൻ വി യുടെ രചനയിൽ വിദ്യാധരൻ ഈണം പകർന്ന ആഗമനം എന്ന ചിത്രത്തിലെ ഒരു ടൈറ്റിൽ സോങ് .. " തപ്പ് കൊട്ടി തകിലുകൊട്ടി " എന്ന ഗാനം... --ഏതോ ഏതോ പൂങ്കാവനത്തിൽ എന്നും പൂക്കുന്ന പൂവരശിൽ എന്തിനോ പാടുന്ന പവിഴക്കിളി അവൾ ക്കേകാദശി നൊയമ്പ് എന്നും-- ഈ ഗാനം ശ്രീകുമാരൻതമ്പി രചനകളിൽ മികച്ചതായി കാണുന്നത്. ഏറെ ഇഷ്ടപ്പെട്ട ഗാനമാണ് . ദക്ഷിണാമൂർത്തി സംഗീതം ആലോലം തൊട്ടുഴിയുന്നത് ... മൃദു സംഗീതം കൊണ്ട് കണ്ണടഞ്ഞു പോവുന്നത്... ഇത്രയൊക്കെത്തന്നെയേ ഉള്ളൂ ഉഷാ രവി എന്ന ഗായികയെ കുറിച്ചുള്ള അറിവ്.. 2013 ൽ ഈ ലോകം വിട്ടു പോയി അനുഗ്രഹീത കലാകാരി .. ഇന്നും പാട്ടുകളിലൂടെ ഇഷ്ടക്കാരുടെ മനസ്സുകളിലേക്ക് സംഗീതമഴയായി പെയ്തിറങ്ങാനാവുന്നു എന്ന് പറഞ്ഞവസാനിപ്പിക്കുന്നു...

ഒരു പിടി അവിലുമായ് ..

. സിനിമാപാട്ടു ചരിത്രത്തിലെ ഭക്തകവി ആരെന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ . എന്നാൽ അദ്ദേഹം തന്റെ സിനിമാ ജീവിതത്തിൽ മനസ്സിൽ നിറഞ്ഞു കവിയുന്ന ആ ഭക്തി പ്രണയത്തിൽ ചാലിച്ചും എഴുതാൻ ശ്രമിച്ചിരുന്നു എന്നതും നമ്മൾ കേട്ടറിഞ്ഞ സത്യം.. ശ്രീ എസ് രമേശൻ നായർ ... എഴുതിയ ഭക്തി ഗാനങ്ങളോളം വരില്ല അറുനൂറ്റി അമ്പതോളം വരുന്ന സിനിമാഗാനങ്ങൾ . രമേശൻ നായരുടെ സിനിമാ ഗാനങ്ങളെ ഇകഴ്ത്തിയതല്ല . അതിന്റെ പകിട്ട് ഒന്ന് വേറെ തന്നെയാണ്. ചലച്ചിത്ര ഗാനങ്ങളെ വിലയിരുത്തും മുൻപ് തീർച്ചയായും അനുഭവിച്ചറിയേണ്ടത് ഹിന്ദു ഭക്തി ഗാന ആൽബങ്ങളെ ആണ്. ഭക്തിഗാന ചരിത്രത്തിൽ തന്നെ രമേശൻ നായർ സാഹിത്യത്തെ വെല്ലാൻ മറ്റാരും ഇതുവരെ എഴുതിയിട്ടില്ല. മുൻപും പിൻപും .. കൃഷ്ണഭക്തിയുടെ നിറകുടം തുളുമ്പി ശ്രോതാക്കളിലേക്കും അത് പ്രവഹിക്കും . എഴുതിയ ഗാനങ്ങളിൽ ശ്രീകൃഷ്ണ ഭക്തി ഗാനങ്ങളാണ് മുഖ്യം . അതങ്ങ് വെറുതെ എഴുതി പോയതല്ല . സിനിമാ ഗാനങ്ങൾ എഴുതേണ്ടി വരുമ്പോൾ കഥയ്ക്ക് അനുസരിച്ചേ പാട്ടെഴുത്തുകാരന് ചലിക്കാനാവൂ . തന്റേതായ അറിവ്, കാഴ്ചപ്പാടുകൾ പാട്ടുകളിൽ കൂടുതൽ ചെലുത്താനാവില്ല . കഥാ സന്ദർഭത്തിനനുസരിച്ചു മാത്രം തൂലിക ചലിപ്പിക്കുന്നവർ ആണല്ലോ പാട്ടെഴുത്തുകാർ. എന്നാൽ ഭക്തി ഗാനരസപ്രദമായിട്ടെഴുതുമ്പോൾ തന്റെ മനസ്സ് അതിൽ വിലയിപ്പിക്കാൻ ഗാനരചയിതാവിനാവുന്നു. വിഷാദവും, നിർവൃതിയും , ആശയും , പ്രതീക്ഷയും , വിരഹവും, സ്നേഹവും , പരാതിയും എല്ലാം ഭക്തിരൂപേണ എഴുതി ചേർക്കാൻ ആവും. ആ വിലയനം ശരിക്കും അനുഭവിക്കും ഒട്ടേറെ ആൽബങ്ങളിൽ . ആദ്യകാല കാസ്സറ്റുകളായ പുഷ്പാഞ്ജലി, വനമാല, മയിൽ‌പ്പീലി എന്നിവയിലൂടെ മാത്രം കേൾവിക്കാരനായി പോയാൽ മതി. അനുഭവതീക്ഷണത നിഴലിക്കുന്ന വരികൾ , സമർപ്പണമായ ഒരു മനസ്സ് , വാക്കുകളിലെ കുലീനത്വം എന്നിവ അനുഭവവേദ്യമാകും .. എൺപതുകളിലെ , തൊണ്ണൂറുകളിലെ കാസറ്റ് കാലങ്ങളെ തിരികെ കൊണ്ടുവരും ഈ ആൽബങ്ങളിലൂടെ കടന്നുപോവുമ്പോൾ . ഭക്തി ഗാന കാസ്സെറ്റ് വിൽപ്പനയിൽ ചരിത്രം സൃഷ്ടിച്ചവ ആയിരുന്നു മുകളിൽ പറഞ്ഞ മൂന്നും .. പുഷ്പാഞ്ജലി വിവിധ സ്ഥലങ്ങളിലെ പ്രസിദ്ധ ക്ഷേത്രങ്ങളിലെ മുഖ്യദൈവങ്ങളെ പ്രകീർത്തിച്ചുകൊണ്ട് എഴുതപ്പെട്ടത് ... പി കെ കേശവൻ നമ്പൂതിരി - രമേശൻ നായർ കൂട്ടുകെട്ടിൽ പിറന്ന ഭക്തിസാന്ദ്രമായ വൈഭവം ! സ്വജീവിതം സമ്പൂർണമായി വിഗ്നേശ്വരന് സമർപ്പിക്കുന്ന അപൂർവഭക്തിയുടെ നിറവ് .... ആദ്യ ഗാനം തന്നെ വിഗ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാൽക്കലുടക്കുവാൻ വന്നു ... ഒരദൃശ്യ സാന്നിധ്യത്തിന്റെ അനുഭവ നിർവൃതിയിൽ കവി പിന്നീടുള്ള എല്ലാ ഗാനങ്ങളും എഴുതി നിറച്ചു. ഗുരുവായൂരമ്പലത്തിന്റെ പ്രൗഢിയും , വാകച്ചാർത്തിന്റെ അനുപമനിർവൃതിയും ചാലിച്ചെഴുതിയ രണ്ടാമത്തെ ഗാനം . ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം .... ക്ഷേത്ര ചുറ്റുപാടുകളെ കുറിച്ചും, ഐതിഹ്യങ്ങളെക്കുറിച്ചും കേവല അറിവുണ്ടെങ്കിലേ ഭക്തി ഗാന രചന പൂർണമാവൂ . വടക്കുന്നാഥന് സുപ്രഭാതം പാടും വണ്ണാത്തിക്കുരുവികൾ നമ്മൾ .. കൂടും പിണികളെ കണ്ണാലൊളിക്കും കൂടൽമാണിക്യസ്വാമീ .. നീലമേഘം ഒരു പീലിക്കണ്ണ് .. എന്നിവയോക്കെ നിസ്സാരമായി എഴുതിപോവാവുന്ന ഒന്നല്ല .. മൂകാംബികേ ഹൃദയ താളാഞ്ജലി എന്ന ഗാനം ശ്രദ്ധിക്കുക. സകല വേദത്തിന്റെയും അധിപതിയായവളേ ഞാനാകുന്ന എഴുത്തോലച്ചിറകിൽ ഗാനാമൃതം ചുരത്തിക്കുമോ എന്ന അഭ്യർത്ഥന മറ്റു രൂപത്തിലും വന്നിട്ടുണ്ട്... നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ എന്ന വരികളിലൂടെ മയിൽ‌പ്പീലി ആൽബത്തിൽ ജയവിജയ സംഗീതത്തിൽ... തുടർന്ന് വന്ന വനമാല എന്ന ആൽബത്തിനും സംഗീതം പികെ കേശവൻ നമ്പൂതിരി തന്നെയായിരുന്നു. രണ്ടു പേരുടെയും പ്രാധാന്യം തരംഗിണി മനസ്സിലാക്കിയിരുന്നു... വനമാല മൊത്തം കൃഷ്ണഭക്തി വഴിഞ്ഞൊഴുകുന്ന ഗാനാമൃതം തന്നെയാണ്. അതി ഗംഭീരമായ ഒരു തുടക്കം.... അണ്ഡകടാഹങ്ങൾ തിരയടിച്ചുണരുന്നു അഗ്രെ പശ്യാമി ..... കണികാണും നേരം എന്ന ഗാനത്തിന്റെ ചുവടു പിടിച്ചാണെങ്കിലും അതിലും മഹത്തരമായ വരികൾ നമുക്ക് നൽകിക്കൊണ്ട് " കായാമ്പൂക്കളോടിടയും തിരുമെയ് കണികാണേണം കൃഷ്ണാഹരേ : എന്ന ഗാനം. ഇതിൽ എഴുതേണ്ട കാര്യമില്ല. ഒരു ഭക്തമാനസത്തിന്റെ ഉടമ അല്ല ഞാൻ . എന്നാൽ രമേശൻ നായർ എഴുതിയ ചിലതൊക്കെ എന്തൊക്കെ നമ്മളെകൊണ്ട് ചിന്തിപ്പിക്കുന്നു എന്ന് ചില ഏകാന്ത നിമിഷങ്ങളിൽ ഓർത്തുപോവാറുണ്ട് .. അനേക മൂർത്തേ അനുപമകീർത്തേ അവിടുത്തേക്കൊരവിൽപ്പൊതി അനന്തദുഃഖത്തീയിൽപ്പിടയുമൊ യൊരാത്മാവിന്റെയഴൽപ്പൊതി ... ആയിരം നാവുള്ളൊരനന്തതേ നിനക്കാവുമോ ഭഗവാനെ വാഴ്ത്താൻ വാതാലയമാം വൈകുണ്ഠം വാഴുന്ന വേദാന്തരൂപനെ വാഴ്ത്താൻ ... എന്നീ വരികളൊക്കെ കവിത തന്നെയാണ്.... ആകാശം നാഭീ നളിനം എന്ന ഗാനത്തിൽ ആലിലയിലെ അനന്തശയനത്തോടൊപ്പം മനസ്സും തുടിച്ചു നിൽക്കും .. ആ ഹൃദയസമർപ്പണം ആണ് ഏറെ ആകർഷണം . മനുഷ്യനിലെ അന്തർനീലമായ ഹൃദയസ്മിതം , അതെന്തുമാത്രമാണ് വരികളെ പുൽകുന്നത്. നിഷ്കളങ്കമായ ഭക്തിയുടെ പൂർണോദയം ദർശിക്കും നമ്മൾ .. ഭഗവാന്റെ ശ്രീപാദ ധൂളീകണം .. വേദങ്ങൾ മീളാൻ മൽസ്യം നീ ... ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും... അഷ്ടപദി ഗുരുവായൂരപ്പന്റെ ഇഷ്ടസഖി ... ഗുരുവായൂരേകാദശി തൊഴുവാൻ പോവുമ്പോൾ .. എന്നിവയൊക്കെ തന്നെ ആ ഹൃദയ നൈർമല്യത്തിന്റെ ഉത്തമോദാഹരണങ്ങളാണ് ... വീണ്ടും കൃഷ്ണഭക്തിരസാനുഭവങ്ങൾ ... മയിൽ‌പ്പീലി എന്ന ആൽബത്തിൽ ജയവിജയ സംഗീത സംവിധായകനായി എത്തി ... ഒട്ടും കുറയാത്ത നിതാന്ത സംഗീത ധാര ... ചന്ദനചർച്ചിത നീലകളേബരം .... ഒരു പിടി അവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ വരികയായ് ദ്വാരക തേടി....എന്ന ഗാനത്തിലെ എൻ മിഴിനീരിലെ നാമ ജമപങ്ങളെ പുണ്യമാം തീരത്തണച്ചവനേ.. വിറകിൽ‍ ചിതഗ്നിയായ്‍ കാട്ടിലലഞ്ഞപ്പോൾ വിധിയോടൊളിച്ചു.. കളിച്ചവനേ.. എന്റെ ദൈവം.. ഭവാനെന്റെ ദൈവം എന്നയിടത്തൊക്കെ എത്തുമ്പോൾ ഇത് വെറും ഭക്തിഗാനം മാത്രമല്ല സർവവും തുടിക്കുന്ന ജീവൽ മന്ത്രം തന്നെയാണ്.... ചെമ്പൈക്കു നാദം നിലച്ചപ്പോൾ ... ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാനുരുകുന്നു കർപ്പൂരമായി.. ഈ ഗാനങ്ങൾക്കൊക്കെ ഞാനെന്തു പറയാൻ..!!!!! രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ ഞാൻ പാടും ഗീതത്തോടാണോ എന്ന ഗാനം ഒരു സിനിമാ ഗാനം എന്ന് നിനച്ചു കൊണ്ട് പാടി നടന്നിട്ടുണ്ട്... യമുനയിൽ ഖരഹരപ്രിയയായിരുന്നെങ്കിൽ ... ഹരികാംബോജി രാഗം പഠിക്കുവാൻ ... എന്നീ ഗാനങ്ങളൊക്കെ പിന്നെയും നിർവൃതി നേടിക്കഴിഞ്ഞ ഒരു മനസ്സിന്റെ സുന്ദര സ്വപ്നങ്ങളാണ് .. ഇനിയെത്ര കിടക്കുന്നു... ഭക്തി നിർഭരമായ അനേകം സൃഷ്ടികൾ !! ഇനിയൊന്നിലേക്കും പോകാൻ ഉദ്ദേശിക്കുന്നില്ല... നിറഞ്ഞു കവിയുന്ന മനസ്സിനെ തലോടി ... വിശ്രമിക്കൂ വിശ്രമിക്കൂ... ജൂൺ 18 ... ഈ മഹാനുഭാവന്റെ ചരമ ദിനം ആണ്.. ഒന്നാം വാർഷികം... നമസ്‌കരിക്കുന്നു... NB : ചലച്ചിത്ര ഗാനങ്ങളിലൂടെ ഒരു ഭാഗം കൂടി...

മംഗളം പാടുന്ന സംഗീതം...

എഴുതാനിരിക്കുമ്പോൾ വ്യക്തത ഇല്ലാതെ വരുന്നത് ഒരെഴുത്തുകാരന് വലിയ പ്രയാസങ്ങൾ നേരിടും . അക്ഷരങ്ങൾ കൂട്ടിയോജിപ്പിച്ച് ഒരു വാചകമാക്കിയാൽ പോലും എഴുത്തുകാരൻ ജനിക്കില്ല . അത് ചില കത്തെഴുത്തോ മറ്റോ ആയി പരിണമിക്കാം . അവനവനൂഹിച്ചെതെന്തോ അതെന്റെ കരങ്ങളിൽ പുരളണം .. അതിനായ് , വാക്സ്വരൂപിണിക്കായ് തപസ്സിരുന്നവർ . ഉള്ളിലെ ദൈവീകതയെ സ്വരസമ്പുഷ്ടമാക്കുവാൻ , ഹൃദയാനുഗ്രഹങ്ങളുടെ ഈണങ്ങളുമായി വരദാനമായ് ആരെങ്കിലും വരും... എഴുതിയതെല്ലാം പുഷ്പാഞ്ജലീ മന്ത്രമായി മാറും .. അത്തരം അഞ്ജലീ മന്ത്രമായി തീർന്ന , കറകളഞ്ഞ ഒരാളെ പറ്റി പറഞ്ഞു കഴിഞ്ഞു... ശ്രീ എസ് രമേശൻ നായർ ... ആ ഭക്തിഗാനരസസുധയിൽ നിന്നായിരുന്നു മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം... ''വനശ്രീ മുഖം നോക്കി വൽക്കണ്ണെഴുതുമീ പനിനീർതടാകമൊരു പാനപാത്രം സിനിമാ സന്ദർഭങ്ങൾക്കനുസരിച്ച് പാട്ടെഴുത്തു തുടങ്ങിയിരുന്നു ഈ ഗാനങ്ങളിലൂടെ .. എന്നാലും ആ വരികളിലൂടെ ഒന്ന് പോയി നോക്കൂ. ആ ഭക്തിയും വിഭക്തിയും... നവ്യമായൊരു പുലർകാലം തന്നുകൊണ്ടായിരുന്നു ആ പൂർണോദയം... മംഗളം പാടിക്കൊണ്ട് ഒരു തുടക്കം ... പത്താമുദയത്തിലെ .. "മംഗളം പാടുന്ന സംഗീതം " ശേഷം രംഗം എന്ന ചിത്രത്തിലെ ഗാനങ്ങൾ .... അതൊരു ഐവി ശശി ചിത്രത്തിന് പോലും നവ്യമായൊരു അനുഭൂതി ആയിരുന്നു. ആപ്റ്റ് ആയിരുന്നു ആ വരികൾ ... "വനശ്രീ മുഖം നോക്കി വാൽക്കണ്ണെഴുതുമീ പനിനീർത്തടാകമൊരു പാനപാത്രം " വ്യത്യസ്തമായ ഒരു ചലച്ചിത്ര ഗാനം .. അതിന്റെ തുടർച്ചയിലേക്ക് മുങ്ങിത്താഴുമ്പോൾ അറിയാം പുഷ്പ്പാഞ്ജലീ ഗീതത്തിന്റെ ആ വർണ്ണപ്പകിട്ട് ... :"സ്വാതി ഹൃദയ ധ്വനികളിലുണ്ടൊരു സ്വരതാള പ്രണയത്തിൻ മധുരലയം .." പ്രണയത്തിനും ഇത്രമേൽ പ്രിയരഹസ്യങ്ങൾ ഒതുക്കിയ ഒരു ഗാനം.!! സിനിമയിലേക്കുള്ള അരങ്ങേറ്റം കഴിഞ്ഞതിനു ശേഷം അതും വിജയിച്ച പാട്ടുകൾ തന്നയാൾ ആവുമ്പോൾ ആളുകൾ തേടി വരും... പ്രിയദർശൻ നോട്ടം ഇദ്ദേഹത്തിലും വന്നു പെട്ടു... പാട്ടെഴുത്തിന്റെ ആ പാതയിലേക്ക് ഇദ്ദേഹം വഴുതി വീണത് ഈ പാട്ടിലൂടെ ആണ്.. ": നീയെൻ കിനാവോ പൂവോ നിലാവോ " സംവിധായകന്റെ മനോധർമത്തിനു അനുസരിച്ചെഴുതിയ ആദ്യ ഗാനം... ഏറെ ശ്രദ്ധിക്കപ്പെട്ടു . എങ്കിലും രമേശൻ നായർ എന്ന കവിയെ തേടി ഉജ്വല സൃഷ്ടികൾ വന്നു കൊണ്ടിരുന്നു... രാക്കുയിലിൻ രാഗസദസ്സിലെ . " എത്ര പൂക്കാലമിനി " എന്ന ഗാനം നേടിക്കൊടുത്ത കരുത്ത് ഒന്ന് വേറെ തന്നെയാണ്.. പലർക്കും ആ ഗാനം ഒരുദയം തന്നെയായിരുന്നു. അല്ലെങ്കിൽ ഒരു കുതിപ്പ് .. യേശുദാസ്, അരുന്ധതി എന്നിവർക്കെങ്കിലും ... പ്രിയദർശൻ നോട്ടം പുണ്യമായ് നിറഞ്ഞ നിമിഷങ്ങൾ ... മറ്റൊരു നവ്യാനുഭവമായി ഒരു ഗാനം രാക്കുയിലിൻ രാഗസദസ്സിൽ എന്ന സിനിമ സമ്മാനിച്ചു. .. ഇന്നത്തെ കാലത്ത് നിഷേധരൂപമായൊരു എഴുത്ത് എന്ന് പുനർനിർണ്ണയിക്കും എങ്കിലും സാരമില്ല നന്മ നിറഞ്ഞൊരു മനസ്സിന് ഇങ്ങനെയും എഴുതാം... " പൂമുഖവാതുക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാവുന്നു ഭാര്യ !!" എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു ചിത്രവിളക്കാണ് ഭാര്യ എന്നെഴുതുമ്പോൾ സ്ത്രീ മനസ്സുകളെ , ചിന്തകളെ അതെത്രമാത്രം മഹത്വവൽക്കരിച്ചിരിക്കുന്നു എന്നും മനസ്സിലാകും.. വീണ്ടും പ്രിയദർശൻ സിനിമകൾ തന്നെ... കിളിയെ കിളിയെ കിളിമകളെ .. എന്ന ധിം തരികിട തോം സിനിമയിലെ ക്ലാസ്സിക്കൽ പ്രണയ ഗാനം... എൺപതു അവസാനം തന്നെ ഹൃദയസ്പർശിയായ ഗാനങ്ങൾ... വീടകങ്ങളെ പുളകം കൊള്ളിച്ച ഒന്ന് ... ചിലപ്പോൾ തോന്നും സ്വപ്നസ്പർശിയായ ഒന്ന്.. അനുഭവമായാലല്ലേ കൂടുതൽ ഹൃദയഹാരിയാവുന്നത് ! അല്ല എന്നുദാഹരണം... മനസ്സിലെ ചിലത് .. അതിനൊക്കെ ആയിരുന്നെങ്കിൽ എന്ന് ഉൾച്ചേർന്നു പോവും... കവിയുടെ ഹൃദയത്തിലെ ആ ഭക്തിനിർഭരമായ മനസ്സ് ഇങ്ങനെയൊക്കെ അല്ലെ എഴുതേണ്ടത്.... "ചന്ദനം മണക്കുന്ന പൂന്തോട്ടം... ചന്ദ്രിക മെഴുകിയ മണിമുറ്റം... ഉമ്മറത്തമ്പിളി നിലവിളക്ക്... ഉച്ചത്തിൽ സന്ധ്യക്കു നാമജപം.. ഹരിനാമജപം..." വിചാരണയിലെ ഗാനമെത്തുമ്പോൾ ചതിയുടെയും , സ്നേഹനിരാസത്തിന്റെയും ഇടയിൽ പെട്ടുപോയ ഒരുവന്റെ ഹൃദയം നമ്മൾ കണ്ടു... " ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുതിരുന്ന ലയമറിഞ്ഞു..." പ്രണയത്തിന്റെ ഓർമ്മനിലാവിൽ ആ നറുമഞ്ഞനുഭവം ശരിക്കും പ്രേക്ഷകർ അറിഞ്ഞു... വാർധ്യക്യപുരാണത്തിലേക്കെത്തുമ്പോൾ " പാൽനിലാവിൻ കളഹംസമേ ഒരു സ്നേഹദൂദ് ചൊല്ലുമോ " എന്ന അഭിനവകാവ്യമായും തീരുന്നു.. തൊണ്ണൂറു മധ്യമാവുമ്പോഴേക്കും "മധുവിധു രാവുകളെ സുരഭിലയാമങ്ങളെ മടിയിലൊരാൺപൂവിനെ താ " എന്ന രാജസേനൻ ഭാവനയിലേക്ക് ഇത്തരത്തിലും... ബാലചന്ദ്രമേനോൻ പ്രതിഭ ഏപ്രിൽ 19 എത്തുമ്പോഴേക്കും ഗ്രാഫ് താഴ്ന്നു തുടങ്ങിയിരുന്നു... എന്നിരുന്നാലും ... "ശരപ്പൊളിമാല ചാർത്തി ശരദിന്ദുദീപം നീട്ടി കുറിഞ്ഞികൾ പൂത്ത രാവിൽ ഏതു രാഗം നിന്നെത്തേടുന്നൂ" പാട്ടിന്റെ ഒരോർമ്മയിലേക്കു ഈ സിനിമയെ കൊണ്ട് നിർത്തി ശ്രീ രമേശൻ നായർ... എസ് ജാനകിയുടെ ശ്രുതി മധുരം കാലങ്ങൾക്കു ശേഷം പകിട്ടൊട്ടും ചോരാതെ അനുഭവിപ്പിച്ചത്... പിന്നീട് ഔസേപ്പച്ചൻ ഈണം രമേശൻ നായർ വരികളെ ഒന്നുകൂടെ ഉയരങ്ങളിലേക്ക് എത്തിച്ചു.. അകലെ നിഴലായ് അലിയും കിളിയെ .. നിലാത്തിങ്കൽ ചിരി മായും... പൂവരശിൻ കുട നിവർത്തി ... എന്നീ വരികളിലൂടെ ഔസേപ്പച്ചൻ സംഗീതവും ഉണർന്നുലഞ്ഞു ... സൗമ്യസംഗീതത്തിന്റെ ഉടമ എന്ന് പറയേണ്ടുന്ന സംഗീതജ്ഞനാണ് ശ്രീ മോഹൻ സിതാര.. അദ്ദേഹത്തിന്റെ ഈണത്തിൽ കളിവീട് എന്ന ചിത്രത്തിൽ നല്ല ഗാനങ്ങൾ പിറന്നു.. മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട് ... എന്ന വൈരുധ്യ യാഥാർഥ്യങ്ങളും വിരചിക്കേണ്ടി വന്നു ഇദ്ദേഹത്തിന്... ഗുരു എന്ന ഒരു വ്യത്യസ്ത പ്രമേയം ചലച്ചിത്രമായപ്പോൾ അതിനനുസരിച്ചും ഗാനങ്ങൾ എഴുതി ... ഇളയരാജയുടെ ഈണത്തിൽ ... " ദേവസംഗീതം നീയല്ലേ ... തഴുകാൻ ഞാനാരോ ! നുകരാൻ ഞാനാരോ ! " കണ്ണിൽ വന്നു പെടാത്ത ബന്ധങ്ങളെ മനസ്സിൽ ചേർത്തു നിർത്തുമ്പോൾ അവ്യക്തമായ ചിന്തകളോടെ ഇങ്ങനെയേ എഴുതാൻ ആവുള്ളൂ... അനിയത്തിപ്രാവ് ഒരു ചരിത്രം തന്നെ ആയിരുന്നു. പ്രണയത്തിൽ നിറയുന്ന ത്യാഗം ... പ്രണയപര്യവസാനമായി ത്യാഗികളാവുമ്പോൾ തകർന്നു പോവുന്ന ഹൃദയങ്ങൾക്ക് വേണ്ടി എഴുതിയ ഗാനങ്ങൾ എന്ന് തോന്നും... എന്നും നിന്നെ പൂജിക്കാം എന്നെഴുത്തിൽ ഭക്തിനിർഭരമായ ആ മനസ്സിനെ പ്രണയത്തിലേക്ക് ചാലിക്കുന്നത് ചിലർക്കെങ്കിലും അനുഭവമായിരിക്കും... ഓ പ്രിയേ ... പ്രിയേ നിനക്കൊരു ഗാനം.... സമർപ്പണത്തിന്റെ ആൾരൂപമായി പൂർണപ്രണയഗാനം "ഒരുരാജമല്ലി വിടരുന്നപോലെ ഇതളെഴുതി മുന്നിലൊരു മുഖം ഒരുദേവഗാനമുടലാർന്നപോലെ മനമരുളിയെന്നിലൊരു സുഖം കറുകനാമ്പിലും മധുകണം കവിതയെന്നിലും നിറകുടം അറിയുകില്ല നീയാരാരോ " പാട്ടിന്റെ , കവിതയുടെ നറുമണമൂറിയ വരികൾ വിനയൻ സിനിമകൾക്ക് പാട്ടെഴുത്തുമായി പോയപ്പോൾ ചില തരികിടകൾ പാട്ടുകളിലും വരുത്തേണ്ടി വന്നു.. എന്നാലും പാട്ടെഴുത്തിന്റെ ആ നിർബന്ധ ബുദ്ധി മറന്നും എഴുതാൻ കഴിഞ്ഞു രമേശൻ നായർക്ക്. പ്രേത സിനിമകൾക്ക് വേണ്ടി പാട്ടെഴുതേണ്ടി വന്നത് അങ്ങിനെ ഒരു യോഗം.. എങ്കിലും തന്റെ പാർട് ഭംഗിയാക്കി ഇദ്ദേഹം... "പുതുമഴയായ് വന്നൂ നീ "" എന്ന ഗാനത്തിലൂടെ നിശാഗീതമായി വരുവാൻ ക്ഷണിക്കുന്നുണ്ട്... മറ്റൊന്ന്.... "ചന്ദനമുകിലേ " എന്ന വെള്ളിനക്ഷത്രത്തിലെ ഗാനത്തിൽ പോലും കണ്ണന്റെ പ്രണയത്തിൽ അലിയുന്ന ഗോപികയെ പോലെ കഴിഞ്ഞു പോയ ഒരു കാലത്തെ ഓർമ്മിപ്പിക്കുന്നുണ്ട്... പറഞ്ഞുപോകുമ്പോൾ മറ്റു ചില ഇഷ്ടഗാനങ്ങൾ പറയാതെ എങ്ങിനെ... വൈകാശി തിങ്കളിറങ്ങും ( ആകാശഗംഗ) ഇരുമെയ്യും ഒരുമനസ്സു ഈറനാം ഈ രാവുകളും ( ഞങ്ങൾ സന്തുഷ്ടരാണ് ) എന്നിവയൊക്കെ ഉൾപ്പെടുത്താതെ വയ്യ!!! ലോഹിതദാസിന്റെ ചിന്തകൾക്കൊപ്പം ,തിരക്കഥാ സൗകൃതത്തിനൊപ്പം പോകാൻ , വഴിവെട്ടിപോകാൻ ആവുന്ന പാട്ടെഴുത്തുകാരനായി ഇദ്ദേഹം.... നവ്യാനുഭൂതി പകർന്നുകൊണ്ട്... രാവിൽ ആരോ വെണ്ണിലാവിൻ ജാലകങ്ങൾ തുറന്നിട്ടതാവാം നിൻ മുഖപൂതിങ്കളാവാം ... വീണ്ടും... നായികയുടെ ഹൃദയാഭിലാഷങ്ങൾ പകർത്തിവെച്ചുകൊണ്ട്... പേരറിയാം മകയിരം നാളറിയാം... എന്ന നിഷ്കളങ്ക ഭാവ ഗാനം.. ശലഭം വഴിമാറുമാ ( അച്ഛനെയാണെനിക്കിഷ്ടം ) മണിക്കുയിലേ ( വാൽക്കണ്ണാടി ) വസന്തരാവിൻ കിളിവാതിൽ ( കയ്യെത്തും ദൂരത്ത് } തേരിറങ്ങു മുകിലേ ( മഴത്തുള്ളി കിലുക്കം ) പ്രണയസൗഗന്ധികങ്ങൾ ( ഡാർലിംഗ് ഡാർലിംഗ് ) എന്നിവ പാട്ടുകളിൽ എണ്ണേണ്ട ഇനങ്ങളാണ്.. ഒടുവിൽ ഓർമ്മയിൽ വരുന്നത് ഇവ രണ്ടുമാണ്... പുണ്യം എന്ന ചിത്രത്തിലെ കുങ്കുമ രാഗപരാഗമലിഞ്ഞൊരു .... കളഭം എന്ന ചിത്രത്തിലെ ദേവസന്ധ്യാ ഗോപുരത്തിൽ .. ഈ ഗാനങ്ങളിലൂടെ പ്രിയ എഴുത്തുകാരൻ എന്നെ പുല്കുകയാണ്. ഹൃദ്യാനുരാഗങ്ങളുടെ നവ്യമായ ഓർമ്മകൾ സമ്മാനിച്ചുകൊണ്ട്... നാളെ ജൂൺ 18 അങ്ങ് പോയ് മറഞ്ഞ ദിനം... സാഷ്ടാംഗ നമസ്കാരങ്ങൾ ....

പ്രവാഹമേ... ഗംഗാപ്രവാഹമേ ...

ഭക്തിഗാനപ്രവാഹത്തിലൂടെ ഭക്തമനസ്സുകളെ മാത്രമല്ല ഗാനാസ്വാദകരെ മൊത്തം ആനന്ദത്തിൽ ആറാടിച്ച എഴുത്തുകാരനാണ് ശ്രീ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി. ഇന്നലെ രാത്രി ഈ ലോകം വിട്ടു പോയ ആ മഹാനുഭാവന് പ്രണാമം അർപ്പിക്കുന്നു ആദ്യം . 1986 ൽ ഇറങ്ങിയ തുളസീതീർത്ഥം എന്ന ഭക്തിഗാന കാസ്സറ്റിലൂടെ എത്രയെത്ര മനസ്സുകൾ നിർവൃതിയടഞ്ഞു കാണും. കണ്ണീരഭിഷേകമായി പാട്ടുകൾ ഓരോന്നും ... എസ് രമേശൻ നായരുടെ ഭക്തിഗാനസുധ ആസ്വദിക്കും കാലത്തു തന്നെ അതേ ലഹരി പ്രദാനം ചെയ്ത രസപ്രവാഹം തന്നെയായിരുന്നു തുളസീതീർത്ഥവും ... അതിലെ ... അമ്പലപ്പുഴയിലെൻ മനസ്സോടി കളിക്കുന്നു അമ്പാടിയിൽ ചെന്നാലെന്ന പോലെ എന്ന വരികൾ ടീ എസ് രാധാകൃഷ്ണൻ സംഗീതത്തിലൂടെ ഭക്തിയുടെ ഹിമശൃംഗങ്ങൾ കീഴടക്കുകയായിരുന്നു.. ബ്രാഹ്മമുഹൂർത്തത്തിലുണർന്നു എന്ന ഗാനം ശ്രീപത്മനാഭകീർത്തനങ്ങളിലേക്കു ചേർക്കപ്പെട്ട കനപ്പെട്ട നിധിയാണ്. അഷ്ടമിനാളിലെൻ മനസ്സൊരു ... കാനനശ്രീലക സോപാനം... മൂകാംബികേ ദേവി ജഗദംബികേ ... നമഃ നമഃ ശ്രീമഹാഗണപതേ നമഃ ... നീലപ്പീലിക്കാവടിയേന്തി ... എന്നീ ഗാനങ്ങളിലെ ദേവസങ്കല്പങ്ങളെ പ്രണമിച്ചെഴുതിയ ഓരോ വരികളും ദിവ്യപ്രസാദങ്ങൾ തന്നെയാണ് . ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ മുരളി പൊഴിക്കുന്ന ഗാനാലാപം എന്ന ഗാനം ഇതിലെ മുത്താണ്. ശ്രീമഹാദേവോ നമഃ .. ശ്രീപാർത്ഥസാരഥേ പാഹിമാം... തിരുവാറന്മുള കൃഷ്ണ നിന്നോമൽ തിരുമുഖം .. എന്നിവയും ഉന്നതമായ ഒരു മനസ്സിന്റെ ലാളനങ്ങളാണ് ... ഭക്തിഗാനങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് ചൊവല്ലൂരിന്റേതായി . അയ്യപ്പഗാനങ്ങളൂം , കൃഷ്ണഗാനങ്ങളും അടക്കം കുറെയേറെ ഉണ്ട്... ഗുരുവായൂർ സ്വദേശിയായ ഇദ്ദേഹം നവജീവൻ പത്രത്തിൽ തുടങ്ങിയ പത്രപ്രവർത്തനം മലയാളമനോരമയിൽ നിന്ന് വിരമിക്കും വരെ തുടർന്നു .ആകാശവാണിയിലും പ്രവർത്തിച്ചിട്ടുണ്ട് . സിനിമാ അഭിനേതാവായി തുടക്കം എങ്കിലും സിനിമയിൽ ഗാനരചയിതാവായാണ് ഏറെ അറിയപ്പെടുന്നത്. തുലാവർഷം എന്ന സിനിമയിലെ " സ്വപ്നാടനം ഞാൻ തുടരുന്നു " എന്ന സലിൽ ചൗധരി പ്രസിദ്ധ ഗാനത്തിന്റെ രചയിതാവാണ് ഇദ്ദേഹം... കാര്യമായി സംഭാവനകൾ ഒരു പാട്ടെഴുത്തുകാരനിലൂടെ മലയാള സിനിമക്ക് ഇദ്ദേഹത്തിൽ നിന്ന് ലഭിച്ചില്ലെങ്കിലും ഓർക്കാൻ രണ്ടുമൂന്നു ഗാനങ്ങൾ കൂടിയുണ്ട്. കലോപാസന എന്ന ചിത്രത്തിലെ ഗാനങ്ങൾ ഏറെ മികച്ചതായിരുന്നു. കെ രാഘവന്റെ ഈണത്തിൽ അതിനൊന്നുകൂടി പകിട്ട് കൂടി... കലാദേവതേ കാലം കടഞ്ഞെടുത്ത ... പണ്ട് പണ്ടൊരു നാട്ടിൽ ദേവനർത്തകി ഉണ്ടായിരുന്നു.. ഉഷമലരുകളുടെ നടുവിൽ... എന്നിവയെങ്കിലും ഓർമ്മകളിൽ വന്നു പോവാറുണ്ട്... അല്ലിമലർക്കാവിൽ ...(അല്ലിമലർക്കാവ്‌ ) തുടങ്ങിയ ചിലതും കൂടി ഉണ്ട്... ഒട്ടേറെ ഭക്തി ഗാനങ്ങൾ എഴുതിയ ഇദ്ദേഹം ഒരു സിനിമയ്ക്ക് വേണ്ടി ഇങ്ങനെയും എഴുതിയിരുന്നു... മതങ്ങളിന്നും വേട്ടയാടും എത്ര മനോഹരമായ പദം ഈ മനുഷ്യൻ ... എന്ന രീതിയിൽ ആയിരുന്നു ആ എഴുത്ത്. സിനിമയ്ക്ക് വേണ്ടിയാണെങ്കിലും അത്തരത്തിലും എഴുതിയിരുന്നു. അതാണല്ലോ ഒരു കലാകാരന്റെ കടമ ... സിനിമയിൽ വേറെയും വേഷങ്ങൾ ഉണ്ട് ചൊവ്വല്ലൂരിന്‌ .. അഭിനേതാവായി തുടക്കം, പാട്ടെഴുത്തുകാരനായി തുടർച്ച, എന്നാൽ കഥ തിരക്കഥ , സംഭാഷണം എന്നീ മേഖലയിലും തൊട്ടു പോയിട്ടുണ്ട്. മലയാളം എന്നുമോർമ്മിക്കുന്ന സംഗീത സാന്ദ്രമായ ഒരു ചിത്രമാണ് " സർഗ്ഗം ". അതിലെ ഗാനങ്ങളെ പോലെ തന്നെ അതിലെ സംഭാഷണങ്ങളും നമ്മളോർക്കുമെന്നും ... സർഗ്ഗത്തിനു വേണ്ടിയുള്ള കഥയ്ക്ക് സംഭാഷണം എഴുതിയത് ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി ആയിരുന്നു. വീണ്ടും മറ്റു ചില സിനിമകൾക്ക് വേണ്ടി കഥ തിരക്കഥ എന്നിവയും ചമക്കുകയുണ്ടായി... തന്റെ മേഖല സിനിമയല്ല എന്നദ്ദേഹത്തിനു അറിയാമായിരുന്നു. ഭക്തിഗാനങ്ങൾ വീണ്ടും തുടർന്നു .. ആ ഗാനപ്രവാഹത്തിൽ മുങ്ങിനിവർന്നു മലയാളം .... ഇനിയൊരു പുതുവരവില്ല .. :( ആ കാലവും സുവർണ്ണകാലമെന്നടയാളപ്പെടുത്തി ചരിത്രമായി... ആത്മാഞ്ജലികൾ അർപ്പിക്കുന്നു ആ അതുല്യകാലാകാരന്റെ ഓർമ്മകൾക്ക് മുൻപിൽ...

സണ്ണി സ്റ്റീഫൻ --ബഹുമുഖപ്രതിഭ

ഒരു ബഹുമുഖ പ്രതിഭയെ കുറിച്ച് സംസാരിക്കുന്നതു തന്നെ മനസ്സിനേറെ സന്തോഷം തരുന്നത് . അത് സർഗപ്രതിഭയ്ക്കപ്പുറം മാനവികതയുടെ കാവലാൾ പോലും ആവുന്നൊരാൾ ആവുമ്പോൾ!! ഏറെ ഉല്ലാസപ്രദം .... അദ്ദേഹം കൈകാര്യം ചെയ്ത മേഖലകളിൽ നിന്ന് കുഞ്ഞു സംഭാവനകൾ മാത്രം തന്ന മലയാള സിനിമാ സംഗീത രംഗത്തെ കുറിച്ചും കൂടി പറഞ്ഞു പോവണം... സംഗീത രംഗത്ത് പ്രത്യേകിച്ച്‌ ക്രിസ്ത്യൻ ഭക്തി ഗാനങ്ങളുടെ നൂറു കണക്കിന് ശേഖരങ്ങളുടെ ഉടമ , കവി , പ്രാസംഗികൻ , അതിൽ തന്നെ സമാധാന സന്ദേശവുമായി മത മേഖലയിൽ ആണെങ്കിൽ പോലും സർവ്വ ചരാചരങ്ങളെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന ഉദ്ബോധനങ്ങളുമായി ലോക സഞ്ചാരം ചെയ്യുന്നവൻ ,ഫാമിലി കൗൺസിലർ , മോട്ടിവേഷൻ സ്പീക്കർ എന്നിവയിൽ കൂടി സർവോപരി ഒരു സോഷ്യൽ ആക്ടിവിസ്റ്റ് ... വിശേഷണങ്ങളുടെ പൂമാലകളാൽ അനുഗ്രഹിക്കപ്പെട്ടവൻ .... ശ്രീ സണ്ണി സ്റ്റീഫൻ .... അദ്ദേഹത്തിന്റെ സംഗീത സംഭാവനകളെ ഒന്ന് തൊട്ടു തലോടി പോവാനേ കഴിയൂ... സിനിമയിൽ ഒരു നീണ്ട സംഗീതകാലങ്ങൾ ഒന്നും ഇദ്ദേഹത്തിന് അവകാശപ്പെടാനില്ല എങ്കിലും അവലോകനം ചെയ്യുമ്പോൾ ഒട്ടും ഒഴിച്ച് കൂടാൻ ആവാത്ത വ്യക്തിയും കൂടിയാ ണ് . റിലീസാവാത്ത ചില സിനിമകളിൽ ആദ്യം മുതൽ തന്നെ കയറിയിറങ്ങി പോവേണ്ടി വന്ന ഹതഭാഗ്യൻ ആയിപ്പോയി. എന്നാലും ഉത്രം നക്ഷത്രം എന്ന ഇറങ്ങാത്ത സിനിമയിലെ ഒരു ഗാനം ... അതുണർത്തിവിടുന്ന ഉന്മേഷം ... !!! അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ എന്ന കെ ജയകുമാർ വരികൾ !!! അതൊന്നു മാത്രം മതി സണ്ണി സ്റ്റീഫൻ മലയാള സിനിമാ സംഗീതത്തിന് നൽകിയ അപൂർവ്വ വിരുന്ന് ...., ടോക്കിയോ നഗറിലെ വിശേഷങ്ങൾ , ചിരട്ട ക്കളിപ്പാട്ടങ്ങൾ എന്നിവയിലെ പാട്ടുകൾക്ക് ഈണം കൊടുത്തുവെങ്കിലും കരുണം എന്ന ജയരാജ് ചിത്രം അദ്ദേഹത്തിന് അംഗീകാരവും നേടിക്കൊടുത്തു. നാടൻ പാട്ടുകളുടെ അപൂർവ ഈണങ്ങളുമായി കരുണത്തിൽ തിളങ്ങിയപ്പോൾ കേരള സ്റ്റേറ്റ് അവാർഡും നേടിയെടുക്കാൻ പറ്റുകയുണ്ടായി . എന്തുകൊണ്ടോ സിനിമയിൽ പിന്നീട് പാട്ടുകളുമായി വന്നിട്ടില്ല. ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾക്ക് ഇദ്ദേഹം നൽകിയ സംഭാവനകൾ നിസ്സീമമാണ് .തിരുനാമസങ്കീർത്തനം എന്ന ഗാനം രാധികാ തിലകിന്റെ ശബ്ദത്തിൽ നമ്മൾ എത്ര കേട്ടു !!! തന്നാലും നാഥാ ആത്മാവിനെ .... അനാദികാലം മുൻപേ ദൈവം ... അത്യുന്നതങ്ങളിൽ നിന്നിങ്ങു വന്നു ... തുടങ്ങിയെത്രയെത്ര !!!! ആൽബം ഗാനങ്ങൾക്കും സംഗീതം കൊടുത്തിരിക്കുന്നു പൂത്താലം എന്ന ഓണപ്പാട്ടുകളിലെ ഇദ്ദേഹത്തിന്റെ സംഭാവനയാണ് ഏറെ ഉയർന്നുനിൽക്കുന്നത് . അതിലെ ഉത്രാടപ്പൂവിളിയിൽ കേരളമുണരുകയായ് എന്ന ഗാനം ക്ലാസിക്കൽ ഈണങ്ങളൂം തനിക്ക് വശം എന്ന് തെളിയിക്കുന്നു. കർണ്ണാട്ടിക് മ്യൂസിക് കൂടാതെ ഹിന്ദുസ്ഥാനി സംഗീതത്തിലും അഗ്രഗണ്യൻ ആണിദ്ദേഹം ... സീരിയൽ രംഗത്തും മികച്ച ഈണങ്ങൾ നൽകിയിട്ടുണ്ട് ഇദ്ദേഹം . തപസ്യയിലെ " മോഹനരാഗതരംഗം ..." ചിത്രയുടെ പാട്ടുകളിൽ തന്നെ മുൻപിൽ നിൽക്കുന്നു. ദേശാടനപക്ഷികൾ , അതിഥി , നിറമാല .ഈ സ്നേഹതീരം , ഓമനത്തിങ്കൽ പക്ഷി എന്നിവ പ്രസിദ്ധം... പാട്ടുകളുടെ സന്തത സഹചാരിയായ ഇദ്ദേഹത്തിന്റെ മൂല്ല്യമേറിയ ജീവിതവീക്ഷണം തന്നെയാണ് ഇത്രയേറെ മൃദുല സംഗീതത്തിനും ഉറവിടമായത് . മനസ്സിനെ തരളിതമാക്കുന്ന ഈ സംഗീത ധാര എന്നും നിലനിൽക്കട്ടെ ..

കേരനിരകളാടാൻ ...

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ബീയാർ പ്രസാദ് എന്ന കവിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ഒരു കുഞ്ഞു കുറിപ്പിലൂടെ കടന്നുപോകുന്നു. കവിയെന്ന നിലയിൽ അറിയപ്പെടുമ്പോഴും 1993 ൽ തന്റെ ആദ്യ സിനിമാപ്രവേശം നടക്കുകയായിരുന്നു . കുട്ടികളെ കുറിച്ചുള്ള ഒരു ചലച്ചിത്രം നിർമ്മിക്കപ്പെട്ടു .പ്രസാദ് തിരക്കഥയെഴുതിയ ആ ചലച്ചിത്രം മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡും നേടി. സിനിമയിൽ തന്റെ സാന്നിദ്ധ്യം ഉറപ്പിച്ച അദ്ദേഹം 2001 ൽ എം ടി സിനിമയിൽ ഒരു കഥാപാത്രം കൂടെ അവതരിപ്പിച്ചു . കുടജാദ്രി മലയിലെ പ്രധാന പൂജാരിയുടെ സഹോദരനായ നാരായണനെ അവിസ്മരണീയമാക്കി പ്രസാദ് .. 2003 ൽ മലയാള ചലച്ചിത്രത്തിലെ അദ്ദേഹത്തിന്റെ മറ്റൊരു റോൾ തുടങ്ങുകയായിരുന്നു. ഗാനരചയിതാവ് . ഇതിലൂടെ പ്രസാദിന് കുറച്ചു കാലം മുന്നോട്ടു പോവാൻ കഴിഞ്ഞു. പ്രതിഭയിലെ ചില മിന്നലാട്ടങ്ങൾ ... പാട്ടുകൾക്ക് പ്രാധാന്യമുള്ള രണ്ടുമൂന്നു സിനിമകളിലൂടെ അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കുവാനും കഴിയും... പ്രിയദർശൻ എന്ന സംവിധായകന്റെ ചിത്രത്തിൽ പാട്ടെഴുതിയാൽ ആരും ശോഭിക്കും . കാരണം പാട്ട്സീനുകൾക്ക് അത്രയേറെ ഭംഗി നൽകാൻ കഴിയുന്ന സംവിധായകനാണ് പ്രിയൻ . ദൃശ്യഭംഗിയുടെ ഒരു സാമ്രാജ്യം തന്നെയായിരിക്കും. അതുകൊണ്ടു തന്നെ മികച്ച ഗാനങ്ങൾ സൃഷ്ടിക്കേണ്ടത് രചയിതാവിന്റെ പൂർണ ഉത്തരവാദിത്വവും ആവും . 2003 ലെ കിളിച്ചുണ്ടൻ മാമ്പഴം പ്രിയന്റെ മികച്ച ചിത്രമൊന്നുമല്ലെങ്കിലും അതിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടവ ആയിരുന്നു. വിദ്യാസാഗറിന്റെ സംഗീതം ആവുമ്പോൾ പിന്നെ പറയേണ്ടല്ലോ ... ഒന്നാംകിളി പൊന്നാംകിളി എന്ന ഗാനം തന്നെ ശ്രദ്ധിക്കാം . കഥയുടെ ഫ്ളാഷ്ബാക് ആവും വിധം അതിലെ വരികൾ . പല്ലവി ഒരു നാടൻ പാട്ടിന്റെ രീതിയിൽ എഴുതപ്പെട്ടത്. ഒരു കാലത്തെ പാട്ടുകളുടെ വരികളോടും സാമ്യം തോന്നാത്തത്. പിന്നീട് ഓത്തുപള്ളി കാലവും, പ്രണയവും, പ്രണയ നഷ്ടവും എല്ലാം പറഞ്ഞുപോയത്... വിളക്ക് കൊളുത്തി വരും അറബ് കഥകളുടെ എന്ന ഗാനം മറ്റൊരു വിധത്തിൽ . ഫാസ്റ്റ് ഈണത്തിൽ ഇസ്ളാം ഇശലുകളുടെ പദപ്രയോഗങ്ങളിലൂടെ ... ഒരു മുസ്‌ലിം പശ്ചാത്തലത്തിലുള്ള ഒരു ചിത്രം ആയതുകൊണ്ടുകൂടി അത്തരം പാട്ടുകൾ എഴുതാൻ അദ്ദേഹം നിർബന്ധിക്കപ്പെടുകയുണ്ടായി .. കസവിന്റെ തട്ടമിട്ടു എന്ന ഗാനവും വിഭിന്നമല്ല . വിദ്യാസാഗറിന്റെ മേന്മ അത്രയൊന്നും തെളിഞ്ഞിട്ടില്ലാത്ത പാട്ടുകൾ ... അക്കൊല്ലം തന്നെ ദിലീപിന്റെ ചിത്രമായ പട്ടണത്തിൽ സുന്ദരൻ എന്നതിൽ മുല്ലപ്പൂവിൻ മൊട്ടെ എന്ന അഫ്സൽ ഗാനവും പിറന്നു. ഫാസ്റ്റ് സോങ് എന്നതിലപ്പുറം അത്ര ഓളമൊന്നും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല അതിനും... 2004 ലെ പ്രിയദർശൻ ചിത്രമായ വെട്ടം കുറച്ചുംകൂടി സംഗീതസാന്ദ്രമായതായിരുന്നു. മനസ്സിന് കുളിരേകുന്ന ഒന്ന് രണ്ടു പാട്ടുകൾ അതിലുണ്ട്.. മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻവഴി എന്ന ഗാനം മനസ്സിൽ നനവിന്റെ പൊടിമഴയാവുന്നുണ്ട്... ഒരു കാതിലോല ഞാൻ കണ്ടീല എന്ന ഗാനത്തിലും കവിയുടെ ഉൾത്തുടിപ്പുകൾ തൊട്ടറിയാമൽപ്പം ... ബേണി ഇഗ്നേഷ്യസിന്റെ പതിവ് സംഗീത ലഹരി തുളുമ്പുന്ന ഗാനം .. അതെന്തൊക്കെ ആയാലും ബീയാർ പ്രസാദ് എന്ന പാട്ടെഴുത്തുകാരനെ എന്നുമോർക്കാനുള്ളത് മറ്റൊരു പാട്ടിലൂടെ ആണ്. 2004 ൽ അൽഫോൻസ് ജോസഫ് ഈണത്തിൽ ജലോത്സവത്തിലെ പ്രസിദ്ധ ഗാനം . മലയാളത്തനിമ തുളുമ്പുന്ന വരികൾ . ജയചന്ദ്രന്റെ ശബ്ദത്തിൽ ഒന്നുകൂടി ഉഷാറാവുകയും ചെയ്തു. കേരനിരകളാടുന്നൊരു ഹരിത ചാരു തീരം.... 2018 വരെ കുറച്ചേറെ ചിത്രങ്ങൾക്ക് വേണ്ടി പാട്ടുകളെഴുതിയായി അറിയുന്നു. സിനിമകളുടെ "പെരുമ" കൊണ്ടുകൂടിയാവാം ഒന്നും ഓർമ്മയിൽ പോലും നിൽക്കുന്നില്ല... പിറന്നാൾ ദിനത്തിൽ അപമാനിക്കാൻ അല്ല ഇങ്ങനെ പറഞ്ഞത്. വലിയ സിനിമാ പാട്ടുചരിത്രത്തിൽ ഒരേടിൽ ഇദ്ദേഹത്തിന്റെ പേരും ഉണ്ടാവും .... അതുറപ്പ് .... കേരനിരകളാടാൻ ഇനിയും ഗാനങ്ങൾ വരട്ടെ .. കാത്തിരിക്കുന്നു... പിറന്നാൾ ആശംസകൾ ...ഒന്നുകൂടി ...

ജയചന്ദ്രനും ഗായികമാരും

ആൺപക്ഷി ഒന്ന് കൂവിയാൽ മതി ദൂരെയേതോ കൊമ്പിലിരുന്ന് പെൺപക്ഷിയും അതെ താളത്തിൽ കൂവും. അതിലൊരു ലയമുണ്ട്, പ്രകൃതിയുടെ താളമുണ്ട് ... ജീവിതത്തിന്റെ മൂക സൗന്ദര്യമുണ്ട് . പ്രകൃതിയുടെ നിറശബ്ദങ്ങളാണതൊക്കെ .. പാട്ടിലും ഉണ്ട് അത്തരം ശബ്ദസന്നിവേശങ്ങൾ . യുഗ്മഗാനങ്ങൾ എന്ന് നമ്മൾ പറയുമതിന് . ഗായകന്റെ ശബ്ദത്തിനൊപ്പം ഏറ്റുപിടിച്ചും , ഉൾച്ചേർന്നുപോയും , അതിലും ഉയരത്തിലെത്തിയും ഗായികമാരും . സോളോ ഗാനങ്ങളെക്കാൾ പ്രിയം യുഗ്മഗാനമാവുന്നതിൽ കാര്യമുണ്ട് .ഒരു തരം മത്സരസ്ഥിതിവിശേഷം ഉടലെടുക്കുകയും രണ്ടുപേരും അവരവരുടെ ഭാഗം ഉജ്ജലമാക്കാൻ ശ്രമിക്കയും ചെയ്യും. അപ്പോൾ അനുഭവിക്കുന്ന ശ്രോതാക്കൾക്കും അതിന്റെ ലയനമുണ്ടാവുകയും ചെയ്യും. .. എ എം രാജ - ജിക്കി , യേശുദാസ് - ജാനകി , ജയചന്ദ്രൻ -മാധുരി , എംജി ശ്രീകുമാർ - ചിത്ര അങ്ങിനെ അങ്ങിനെ പാട്ടു താരജോഡികൾ എക്കാലവും ഉണ്ടായിട്ടുണ്ട്. ഇതിൽ തന്നെ യുഗ്മഗാനമാലപിക്കുന്നതിൽ മുമ്പൻ ശ്രീ പി ജയചന്ദ്രൻ ആണെന്ന് പറയുമ്പോൾ അഭിപ്രായ വ്യത്യാസം ഉള്ളവരും കണ്ടേക്കും. അത് സാരമില്ല . ആസ്വാദന രീതി പല തരത്തിലാണ്. എന്തുകൊണ്ട് ജയചന്ദ്രൻ എന്നതിന് ഉത്തരമുണ്ട്. പാടുന്ന ഗായികക്ക് ചേർന്ന് പോവുന്ന മറ്റൊരു ശബ്ദം ജയചന്ദ്രനോളം മറ്റാരിലും കണ്ടില്ല .. ഉറച്ച ശബ്ദം അതൊന്നുകൂടി കൂട്ടുചേർന്നു പാടുന്നവൾക്കായി .. ജയചന്ദ്രന്റെ ഒപ്പം പാടുമ്പോൾ ഗായികക്കും വരികൾ സ്പഷ്ടമാക്കാതെ വയ്യ എന്നുമുണ്ട്. അപ്പോൾ തന്നെ യുഗ്മഗാനത്തിന്റെ എല്ലാ നിറവും കൈവന്നിരിക്കും... ആദ്യകാലങ്ങളിൽ വസന്ത , ജാനകി , സുശീല , മാധുരി ഇവർക്കായി വീതിക്കപ്പെട്ടതായിരുന്നു . കൂട്ടത്തിൽ ഒട്ടും ഒഴിച്ച് കൂടാതായുള്ള മറ്റൊരാളുണ്ട് . അമ്പിളി . വാർത്തിങ്കൾ കണിവെക്കും രാത്രി എന്ന ഗാനം ആദ്യത്തെ നല്ലൊരു യുഗ്മഗാനമായി എടുക്കാം... വിദ്യാർത്ഥി എന്ന ചിത്രത്തിൽ വസന്തയോടൊപ്പം . ബി വസന്തയും സ്പഷ്ടമായ ഉച്ചാരണം കൊണ്ട് അനുഗ്രഹീതയായ അന്യഭാഷാ ഗായികയാണ് . തുടക്കകാലത്ത് നല്ലൊരു കൂട്ടായിരുന്നു ഇവർ. വാർതിങ്കൾ കണിവെക്കും രാത്രി ... വജ്രകുണ്ഡലം മണിക്കാതിലണിയും .... തുള്ളിത്തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ ... കർപ്പൂരദീപത്തിൻ കാന്തിയിൽ ..... എന്നീ ഗാനങ്ങളിലൂടെ നമ്മളോർക്കും . ജാനകിയേക്കാളും , സുശീലയെക്കാളും , മാധുരി വഴിയാണ് ജയചന്ദ്രൻ ഗാനങ്ങൾക്ക് ശക്തമായ കൂട്ട് നിർമ്മിക്കപ്പെട്ടിട്ടുള്ളത് . പുനർജ്ജന്മം ഇത് പുനർജ്ജന്മം എന്ന ഗാനത്തിലൂടെ അവർ ഒന്നിച്ചു .. ശേഷം ഒട്ടേറെ മധുരിതമായ ഗാനങ്ങൾ ഇവരേകി ... രൂപവതി നിൻ രുചിരാധരമൊരു ... മല്ലികാബാണൻ തന്റെ വില്ലൊടിഞ്ഞു ... മണിനാഗത്തിരുനാഗ യക്ഷിയമ്മേ ... സ്വപ്നലേഖേ നിന്റെ സ്വയംവരപന്തലിൽ ... തിരുനെല്ലിക്കാട്ടിലോ ... ശിൽപികൾ നമ്മൾ .... തോട്ടേനെ ഞാൻ മനസ്സുകൊണ്ട് ... കൺമണിയെ ഉറങ്ങൂ .... ആകാശത്തിലെ നാലമ്പലത്തിൽ .... കസ്തൂരിമല്ലിക പുടവ ചുറ്റി ... ചക്കിക്കൊത്തൊരു ചങ്കരൻ .... പവിഴമല്ലീ നിന്റെ കപോലത്തിൽ ... അച്ഛൻ സുന്ദരസൂര്യൻ .... വാർമേഘ വർണ്ണന്റെ മാറിൽ ... എന്നീഗാനങ്ങളെങ്കിലും പറയാതെ വയ്യ . വലിയൊരോളം സൃഷ്ടിക്കുന്ന ശബ്ദകുമിളകൾ പൊട്ടുന്ന , മനസ്സിൽ വികാര വേലിയേറ്റം നടത്തിക്കുന്ന ഒത്തുചേരലാണ് ജയചന്ദ്രൻ- മാധുരി പാട്ടുകൾ .... സുശീലയും കഴിഞ്ഞേ ജാനകി യുഗ്മ ഗാനങ്ങൾ വരൂ .. ഒട്ടും മോശമല്ല ജാനകി -ജയചന്ദ്ര സംഗമവും ... സുശീലയോടൊപ്പം ... സീതാദേവി സ്വയംവരം ചെയ്തൊരു .... കിലുക്കാതെ കിലുങ്ങുന്ന ... യരുശലേമിലെ സ്വർഗദൂതാ ... പത്മതീർത്ഥകരയിൽ ... ചന്ദ്രോദയം കണ്ട് കൈകൂപ്പി നിൽക്കും,... വിലാസലോലുപയായി ... മന്ദഹാസമധുരദളം ... മഴ പെയ്തു പെയ്തു .... സ്വർഗ്ഗത്തിൻ നന്ദനപൂവനത്തിൽ ... മണിമേഘരഥമേറി .... എന്നിവയൊക്കെ തന്നെ ഓർമ്മയിൽ തെളിയുന്നവയാണ്. ഗാ യകന്റെ ശബ്ദത്തോടൊപ്പം അതെ ലെവലിൽ പാടി നിറഞ്ഞതാണ്... ജാനകീ എന്ന അതുല്യ ഗായികയോടൊപ്പം ജയചന്ദ്രൻ ഒട്ടേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്... പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ ... യമുനേ .. യദുകുല രതിദേവനെവിടെ ... മലരമ്പനറിഞ്ഞില്ല .... താരുണ്യപുഷ്പവനത്തിൽ .... മയിലിനെ കണ്ടൊരിക്കൽ .... കാലം തെളിഞ്ഞു .... അജന്താ ശില്പങ്ങളിൽ .... ഓരോ നിമിഷവുമോരോ നിമിഷവും... പൂവിരിഞ്ഞില്ല പൂവിൽ തേനുറഞ്ഞില്ല ... എല്ലാം ഓർമ്മകൾ .... ഏലം പൂക്കും കാലം വന്നു ... കറുത്ത തോണിക്കാരാ ..... മൗനം പോലും മധുരം ... ഈ ഗാനങ്ങളിലൊക്കെ ജയചന്ദ്രന് മികച്ച പിന്തുണയോടെ ജാനകി പാടിത്തെളിഞ്ഞിട്ടുണ്ട്.... ജാനകി- സുശീല എന്നിവർക്കിടയിൽ പല ഗായികമാരും തിളങ്ങാതെ പോയിട്ടുണ്ട്. ഇവരിൽ അമ്പിളി പിന്നെയും കുറെ കാലം പിടിച്ചു നിന്നു . അമ്പളി- ജയചന്ദ്രൻ കൂട്ടുകെട്ടിൽ കുറച്ചു നല്ല ഗാനങ്ങൾ ഉണ്ട്... കുഞ്ഞല്ലേ പിഞ്ചു കുഞ്ഞല്ലേ .... നീലത്തടാകത്തിലെ നീന്തൽ തടാകത്തിലെ... സന്ധ്യതൻ കവിൾ തുടുത്ത .... ഏറ്റുമാരൂരമ്പലത്തിൻ പരിസരത്ത് .... ശാരികത്തേൻമൊഴികൾ .... തിങ്കൾക്കല ചൂടിയ .. കുടമുല്ലക്കാവിലെ കുസൃതിക്കാറ്റേ ... എന്നിവയെങ്കിലും ഉണ്ട് അമ്പിളിയുടെ യുഗ്മഗാനങ്ങളിൽ പ്രിയതരമായത് .. പി ലീലയോടൊപ്പം ... മുല്ലമലർത്തേൻകിണ്ണം ... പഞ്ചവടിയിലെ വിജയശ്രീയോ ... എന്നതും ഓർമ്മിക്കേണ്ട ഗാനങ്ങളാണ്. കാറ്റുമൊഴുക്കും കിഴക്കോട്ട് ... എന്ന ഗാനത്തിലൂടെ ലത രാജു ആദ്യകാലത്ത് കൂട്ടായ് വന്നിരുന്നു. നിൻപദങ്ങളിൽ നൃത്തമാടിടും എന്ന പ്രസിദ്ധ ഗാനത്തിൽ ടി ആർ ഓമന എന്ന നടിയുടെ ശബ്ദമാണ് ചേർത്തിരിക്കുന്നത്... അമ്പലനടയിൽ ദ്വാദശി നാളിൽ...എന്നതിൽ മല്ലികയുടെ ശബ്ദവും ... സൽ‍മ ജോർജിന്റെ കൂടെ എന്നെന്നും ഓർമ്മിക്കുന്ന ഒരു ഗാനം ജയചന്ദ്രൻ ചെയ്തിട്ടുണ്ട്. ശരദിന്ദു മലർദീപനാളം നീട്ടി എന്ന ഉൾക്കടലിലെ ഗാനം.. ജാനകി- സുശീല എന്നിവർ നിലനിൽക്കെ തന്നെ മറ്റൊരു അന്യഭാഷാ ഗായിക കൂടി ഇവിടെ ഉദയം ചെയ്തു. വാണിജയറാം എന്ന തമിഴ് നാട്ടുകാരി . പാട്ടുകളുടെ ഒരു വസന്തകാലം കഴിഞ്ഞപ്പോഴാണ് ഇവരുടെ വരവ് . നിറസന്ധ്യകൾ ഒഴിഞ്ഞ കാലം..എന്നിട്ടും ഒട്ടേറെ ഗാനങ്ങൾ ഇവർ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ജയചന്ദ്രനോടൊപ്പം ശബ്ദ സൗകുമാര്യത്തോടെ ഏറെ കാലം തുടർന്നു ഇവർ. പിന്നീട് ജയചന്ദ്രൻ എന്ന ഗായകന് ഒരു പുതു ജന്മം പോലെ 1983 ൽ മറ്റൊരു യുഗ്മഗാനവുമായി വരികയും ചെയ്തു... സ്വപ്നഹാരമണിഞ്ഞെത്തും ..... കണ്ണുനീരിനു റ്റാറ്റാ... സഹ്യഗിരിയുടെ മലർമടിയിൽ ... പാൽപൊഴിയും മൊഴി ... കുടുംബം സ്നേഹത്തിൻ പൊന്നമ്പലം .... കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം... വളകിലുക്കം കേൾക്കണല്ലോ ... കുറുനിരയോ മഴമഴ .... നാണം നിൻ കണ്ണിൽ ... പുഴയോരം കുയിൽ പാടി ... ശാലീന ഭാവത്തിൽ ചാരുത ചാർത്തി .... ശരത്കാലങ്ങൾ ഇതൾ ചൂടുന്നുവോ ... പാലാഴി പൂമങ്കേ .. ഓലഞ്ഞാലി കുരുവീ ... എന്നിവയിലൊക്കെ നിറഞ്ഞു നിൽക്കുന്നു ഇവരുടെ ഭാവവിലാസങ്ങൾ... പഴയ മറ്റു ഭാഷാ ഗായികമാർ അരങ്ങൊഴിഞ്ഞപ്പോൾ പിന്നീട് മലയാളീ ഗായികമാർ ആയി ജയചന്ദ്രന് കൂട്ട്. സുജാതയായാലും, ചിത്രയായാലും മികവിൽ മികച്ചതാക്കാൻ ഏറെ ശ്രമിച്ചിട്ടുമുണ്ട്. നാദങ്ങളായ് നീ വരൂ .... ഏദൻ താഴ്വരയിൽ .... പുലരി പൂക്കളാൽ നീ ... ശിശിരകാല മേഘ മിഥുന .... ദേവരാഗമേ .... പൊൻ കസവു ഞൊറിയും ... പൂവേ പൂവേ പാലപ്പൂവേ ... അറിയാതെ അറിയാതെ ... ചേലുള്ളവള്ളത്തിൽ .. പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ ... വട്ടയിലെ പന്തലിട്ട് ... നീ മണിമുകിലാടകൾ ... വിരൽ തൊട്ടാൽ വിരിയുന്ന ... ആര് പറഞ്ഞു...ആര് പറഞ്ഞു... ചിത്രമണിക്കാട്ടിൽ .... കണ്ണിൽ കണ്ണിൽ മിന്നും .... ഉറങ്ങാതെ രാവുറങ്ങി ... ഇവയൊക്കെ തന്നെ ചിത്രാ സൗരഭങ്ങൾ ... ജയചന്ദ്രൻ എന്ന ഗായകനെ ഉയരത്തിൽ എത്തിച്ച ഗാനങ്ങൾ !! വെള്ളാരം കിളികൾ ..... പ്രായം നമ്മിൽ മോഹം നൽകി... മറന്നിട്ടുമെന്തിനോ... ആരും കാണാതെ ... സ്വയംവര ചന്ദ്രികേ ... ആലിലക്കാവിലെ ... അഴകേ കൺമണിയെ ... വാവാവോ വാവേ... പുഴപാടുമീ പാട്ടിൽ ... കല്ലായിക്കടവത്ത് ... ആരാരും കാണാതെ... സുജാതയുടെ ശബ്ദമികവിൽ ജയചന്ദ്രൻ സ്വരം പൂത്തുലഞ്ഞ നാളുകൾ !!! കണ്ണിൽ കാശി തുമ്പകൾ ..( ഗായത്രി അശോകൻ ) കാട്ടാറിനു തോരാത്തൊരു ...( രാഖി ആർ നാഥ്‌ ) പ്രേമിക്കുമ്പോൾ നീയും ഞാനും ( നേഹ നായർ ) എന്തിനെന്നറിയില്ല ( മഞ്ജരി ) മലർവാക കൊമ്പത്ത് ( രാജലക്ഷി അഭിരാം ) നിലാക്കുടമേ ( മിന്മിനി ) ശാരദാംബരം ചാരുചന്ദ്രിക ( ശില്പരാജ് , സിതാര ) ഇവരുടെ യുഗ്മഗാന സംഭാവനകളും പുതുകാലത്ത് ഇടറാത്ത ഗാനവീചികൾ പടർത്തുന്ന ഭാവഗായകന് തുണയായി ഭവിക്കുകയും ചെയ്തു... ഇനിയും കാലങ്ങളോളം ഈ ശബ്ദമിവിടെ വേണം... സോളോ ആയും ഇതേ പോലെ യുഗ്മഗാനങ്ങളായും ... ആശംസകളോടെ....

അഫ്സലിലെ പാട്ടുകാരൻ

മികച്ച ശബ്ദത്തിന്റെ ഉടമ ആയിട്ടും മലയാള സിനിമ അർഹിക്കുന്ന അംഗീകാരം കൊടുക്കാത്ത ഒരു ഗായകനാണ് ശ്രീ അഫ്സൽ . ഇരുനൂറ്റി അൻപതോളം ഗാനങ്ങൾ പാടിയിട്ടും എന്നോർക്കണം! 2000 മുതൽ മലയാള സിനിമയിൽ സജീവമായി തുടർന്ന അഫ്സൽ നല്ലൊരു ഗായകനായിട്ടും ചിലർക്ക് വേണ്ടി മാത്രം , ചില പ്രത്യേക തരത്തിൽ പാടാൻ മാത്രം നിയോഗിക്കപ്പെട്ടതായാണ് പൊതുവിൽ അനുഭവപ്പെട്ടത്. ഫാസ്റ്റ് സോങ്‌സ് പാടാൻ ഏറെ കഴിവ് പ്രകടിപ്പിച്ചതാണ് അദ്ദേഹത്തിന് വിനയായത് എന്ന് തോന്നും . രണ്ടായിരത്തിനു ശേഷം സിനിമകളിലെ പാട്ടുകളുടെ രീതി തന്നെ മാറിയിട്ടുണ്ട്. സംഗീതത്തിനും അവതരണത്തിനു എല്ലാം ഒരു സ്പീഡ് . വരികൾ മനസ്സിലാവണം എന്ന് നിർബന്ധമില്ലാത്തതുപോലെ . വരികൾ ഒരു വഴിക്കും, സംഗീതം മറ്റൊരു വഴിക്കും, ദൃശ്യങ്ങൾ അതിന്റെ വഴിക്കും. ഒരു അഴകൊഴ പരുവം തന്നെ . അതിന്നും തുടരുന്നു. അതിനി പ്രണയ രംഗങ്ങളിലായാലും .... ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ ...( സ്വപ്നക്കൂട് ) മുല്ലപ്പൂവിൻ മൊട്ടേ വെണ്മുത്തെ ( പട്ടണത്തിൽ സുന്ദരൻ ) മിന്നാരപൊന്നല്ലെ ( റൺവേ ) പെണ്ണെ എൻ പെണ്ണെ ( ഉദയനാണ് താരം ) പഞ്ചായത്തിലെ ( പാണ്ടിപ്പട ) ചിരിമണി മുല്ലേ ചിത്തിരമുല്ലേ ( ലയൺ ) വെളുവെളുത്തൊരു പെണ്ണ് ( ടൂ കൺട്രീസ് ) അഫ്സൽ ആലപിച്ച പ്രണയ ഗാനങ്ങൾ ആണിവയൊക്കെ . എഴുതേണ്ടാത്ത കുറെയേറെ ഉണ്ട് താനും. ഫാസ്റ്റ് മ്യൂസികിൽ എന്താണ് നഷ്ടമാവുന്നത് എന്ന് ചിന്തിക്കേണ്ടവർ ചിന്തിക്കണം !! അഫ്സൽ എന്ന ഗായകന്റെ കുറ്റമല്ല ഇത്... തെളിവുണ്ട് . ഒരു നല്ല ഗായകൻ അദ്ദേഹത്തിൽ തെളിഞ്ഞു വിലസുന്നുണ്ട് എന്നതിന്. പോകാതെ കരിയിലകാറ്റേ എങ്ങും പോകാതെ ഇളവെയിൽ തുമ്പീ എന്ന രാപ്പകലിലെ ഒരൊറ്റ ഗാനം മതി ആ ഗായകന്റെ ഒതുക്കം മനസ്സിലാവാൻ. തുടക്കം മുതൽ ഗാനങ്ങൾ നൽകിയ മോഹൻ സിതാരയുടെ സംഗീതത്തിൽ പിറന്ന ഗാനം. ആ ഗാനരംഗത്തിന്റെ പിരിമുറുക്കങ്ങൾ എല്ലാം ആ പാട്ടിലുണ്ട്... മോഹൻ സിതാര, ബേണി ഇഗ്‌നേഷ്യസ്, ദീപക് ദേവ് , സുരേഷ് പീറ്റേഴ്‌സ് , അലക്സ് പോൾ , എം ജയചന്ദ്രൻ എന്നിവരൊക്കെ തന്നെ അവസരങ്ങൾ കൊടുത്തിട്ടുണ്ട് . കൈതുടി താളം കൊട്ടി ( കല്യാണരാമൻ) എൻ കരളിൽ താമസിച്ചാൽ ( നമ്മൾ ) മെഹറുബാ മെഹറുബാ ( പെരുമഴക്കാലം ) ഞാനും വരട്ടെ ഞാനും വരട്ടെ ( ചതിക്കാത്ത ചന്തു ) ചങ്ങാതി കൂട്ടം വന്നു ( നോട്ട് ബുക്ക്) വാവേ മകനെ ( പോത്തൻ വാവ ) തെന്നിപ്പായും തെന്നലേ ( വിനോദയാത്ര ) മനസ്സിലായിരം കസവു നെയ്യുമീ ( ഭാസ്കർ ഡി റാസ്കൽ ) എന്നീ ഗാനങ്ങളൊക്കെ അഫ്സലിനെ ഇവിടെ നിലനിർത്തിയവയാണ്. അതെന്തൊക്കെയായാലും അദ്ദേഹത്തിന് ഇഷ്ടപ്പെട്ട മേഖല ചലച്ചിത്രമല്ല എന്ന് തോന്നാറുണ്ട്. കാരണം മാപ്പിളപ്പാട്ടുകളിലെ മാധുര്യം അത്രമാത്രം ഒട്ടേറെ ഗാനങ്ങളിലൂടെ നമ്മൾക്കായി വെച്ചുനീട്ടിയിട്ടുണ്ട്. നമ്മൾ സ്വീകരിച്ചിട്ടുണ്ട്. അത്തരം പാട്ടുകളിലെ വൈകാരികത ഉയർത്തിനിർത്താനും ഒരു ഗായകന്റെ ഭാഗത്തുനിന്നുള്ള എല്ലാ കഴിവുകളും ഉപയോഗിച്ചിട്ടുമുണ്ട്. ഉമ്മയുടെ സ്നേഹം, പ്രണയിനിക്കുള്ള സ്നേഹവചനങ്ങൾ , ഓത്തുപള്ളി ഓർമ്മകൾ അങ്ങിനെ അങ്ങിനെ നിരവധി മധുരമാപ്പിളപ്പാട്ടുകൾ . മാപ്പിളപ്പാട്ടിൻ ശീലുകളിലൂടെ എന്നെന്നും ഓർമ്മിക്കാനുണ്ട് ...! ഫാസ്റ്റ് സോങ്‌സ് ഗായകൻ എന്നതിന്റെ പകിട്ടിൽ കുറെയേറെ മൊഴിമാറ്റ സിനിമകളിലും പാടേണ്ടി വന്നിട്ടുണ്ട്. പുന്നാരപേടമാനെ ഒന്ന് നില്ല് എന്ന ധീരയിലെ ഗാനം പോലെ ചിലതൊക്കെ ഓർത്തുവെക്കാം.... ഒരു ഗായകനെന്ന നിലയിൽ ഇനിയും അവസരങ്ങൾ അദ്ദേഹത്തിന് കിട്ടും... ഫാസ്റ്റ് സോങ്‌സിന്റെ പുറം പകിട്ടിൽ നിന്നും മാറി നല്ല നല്ല മെലഡികൾ പിറക്കാൻ ആശംസിക്കുന്നു....

ഗാനതല്പത്തിൽ നീ വീണുറങ്ങി ...

ഒരു ഹ്രസ്വകാലം മാത്രം ഈ ഭൂമിയിൽ ജീവിച്ചു മരിച്ചു പോയവരുടെ കഴിവിന്റെ കയ്യൊപ്പുകൾ തേടിപ്പോവുന്നത് അവരോടു ചെയ്യുന്ന നീതി എന്ന് തോന്നാറുണ്ട്. മറവിയിലേക്ക് മാറ്റപ്പെട്ടേക്കാവുന്നതൊക്കെ വീണ്ടും പൊടിതട്ടി പ്രദർശിപ്പിക്കുമ്പോൾ അവർ കാലങ്ങൾക്കു മുൻപ് അവരുടെ പ്രതിഭക്കു തിളക്കം കൊടുത്ത പ്രയത്നങ്ങളുടെ സമ്പാദ്യങ്ങളുടെ പുനരാവിഷ്കാരം പോലെ ആവുകയാണ്. ചലച്ചിത്ര ഗാനങ്ങളുടെ കാര്യത്തിൽ പക്ഷെ അങ്ങിനെ വരുന്നില്ല . അത് വീണ്ടും വീണ്ടും പല മീഡിയകളിലായി പ്ലേ ചെയ്തു കൊണ്ടിരിക്കയാണ്. ഓർക്കേണ്ടവർ ഓർക്കും . ഏപ്രിൽ 7 ഒരു പ്രസിദ്ധ സംഗീതജ്ഞന്റെ ചരമദിനം കൂടിയായിരുന്നു. ജീവിതത്തിന്റെ ഷഷ്ടിപൂർത്തി പോലുമാവാതെ പൊടുന്നനവെ അസ്തമിച്ചു പോയ ശ്രീ കണ്ണൂർ രാജന്റെ ചരമദിനം. ഇരുപതിൽ താഴെ കൊല്ലങ്ങൾ മാത്രം ചലച്ചിത്രങ്ങളെ പ്രണയിച്ചു കൊണ്ടദ്ദേഹം ഇവിടെ ഉണ്ടായിരുന്നു. തുടക്കം തന്നെ 1974 ൽ ശ്രീ വയലാർ രാമവർമ്മയുടെ വരികളെ സംഗീതവൽക്കരിച്ചു കൊണ്ട് മിസ്റ്റർ സുന്ദരി എന്നൊരു ചിത്രത്തിൽ സഹകരിക്കാൻ കഴിഞ്ഞു. അടുത്ത വർഷം തന്നെ വയലാർ അകാലചരമം പ്രാപിച്ചു . നല്ലൊരു തുടക്കം കിട്ടി കണ്ണൂർ രാജന് എങ്കിലും വയലാർ തൂലികയിലെ സ്വർണ്ണവരികൾക്ക് പിന്നീട് ഈണമധുരം ചാലിക്കേണ്ടിവന്നില്ല . എങ്കിലും 1976 ൽ പാട്ടാസ്വാദകർ എന്നെന്നും ഓർമ്മിക്കേണ്ടുന്ന രണ്ടു പാട്ടുകൾ സിനിമക്ക് നൽകിക്കൊണ്ട് അദ്ദേഹം ഇവിടെ സ്ഥിരപ്രതിഷ്ഠ നേടി. എന്തിനെന്നെ വിളിച്ചു നീ വീണ്ടും എന്റെ സ്വപ്ന സുഗന്ധമേ.... എന്ന പ്രസിദ്ധ ശ്രീകുമാരൻ തമ്പി വരികൾ ... ഓർമ്മകളിലേക്ക് നവ്യസുഗന്ധം വീശുന്ന സംഗീതവും വരികളും . മനസ്സിൽ സ്നേഹിക്കുന്നവരുടെ രൂപങ്ങൾ തെളിയിക്കുന്ന ഊഷ്മളസംഗീതം . മലയാളികളുള്ളിടത്തോളം ഈ ഗാനം ഒരു നിർവൃതി ആയിരിക്കും. സ്വപ്നങ്ങൾക്ക് നിറപ്പകിട്ടേകുന്ന നനവിന്റെ സ്പർശങ്ങളായിരിക്കും ... അഭിനന്ദനം എന്ന ഐ വി ശശി ചിത്രമാണ് പശ്ചാത്തലം .അതിലെ തന്നെ ഇതേ പോലെയുള്ള മറ്റൊരു ഗാനവുമുണ്ട് . പുഷ്പതൽപത്തിൽ നീ വീണുറങ്ങി ... എന്ന മഹത്തായ ഗാനം. ശ്രീകുമാരൻതമ്പി എഴുതിയിട്ട മനോഹരമായ വരികളുടെ മാസ്മരികത മുഴുവൻ മിനുക്കിച്ചേർത്ത് കണ്ണൂർ രാജൻ സംഗീതം.. നമ്മുടെയൊക്കെ ജീവിതത്തിന്റെ അനർഘനിമിഷങ്ങളെ ഓർമ്മപ്പെടുത്തുന്നവയോ ...മറ്റെന്തൊക്കെയോ ആണ്.... ചന്ദ്രനും താരകളും കിളിത്തട്ട് കളിക്കും ... എന്ന മറ്റൊരു ഹൃദ്യഗാനം കൂടിയുണ്ടിതിൽ .. മലയാള സിനിമാലോകവും , പ്രേക്ഷകരും അക്കാലത്ത് ഹൃദയത്തിലേക്കടുപ്പിച്ച പ്രണയാങ്കുരങ്ങൾ ..!!! വരികൾ ആരുടേതായാലും പ്രശ്നമില്ല . പ്രഗത്ഭരായാലും,തുടക്കക്കാരായാലും എന്നതിന് ഒരു തെളിവുണ്ട്. ദേവീ ക്ഷേത്ര നടയിൽ ദീപാരാധന വേളയിൽ... എന്ന ഗാനം ഒരു തുടക്കക്കാരന്റേതായിരുന്നു . ശ്രീ പരത്തുള്ളി രവീന്ദ്രൻ . ആ ഗാനം ഇന്നും പുതുമയോടെ ഓർമ്മിക്കപ്പെടാൻ കാരണം അതിൽ നിറഞ്ഞുതുളുമ്പുന്ന രാഗമാണ് ...പല്ലവി എന്ന ചിത്രം .. കിനാവിന്റെ കടവില് ഇളനീര് എന്ന ഗാനവും പ്രസിദ്ധം .. മെലഡികളുടെ ഒരു കൊച്ചു സമ്മേളനം തന്നെയാണ് കണ്ണൂർ രാജൻ പാട്ടുകൾ . എല്ലാ ഗായകർക്കും അദ്ദേഹം അവസരം കൊടുത്തിട്ടുണ്ട് എങ്കിലും ഒരു പ്രാധാന്യം യേശുദാസിനു തന്നെയായിരുന്നു. അത് ചിലപ്പോൾ തുടക്കത്തിലേ ആ രണ്ടു ഗാനങ്ങൾ നിമിത്തം കൂടിയാവാം. തുടർന്നും യേശുദാസ് ആ സങ്കല്പം വീണ്ടും വീണ്ടും പൂവണിയിക്കുകയെ ചെയ്തിട്ടുള്ളൂ... സോളോ ആയും യുഗ്മഗാനമായും അത് സംഗീതജ്ഞന്റെ അവസാനം വരെ തുടർന്നു . അസ്തമന സൂര്യന് ദുഖമുണ്ടോ ( ചൂണ്ടക്കാരി ) നീയൊരു വസന്തം എന്റെ മാനസ സുഗന്ധം ( ബീന ) കണ്മണി പെണ്മണിയെ ( കാര്യം നിസ്സാരം ) താളം ശ്രുതിലയ താളം ( കാര്യം നിസ്സാരം ) തൂമഞ്ഞിൻ തുള്ളി തൂവൽ തേടും മിന്നാമിന്നി ( അപ്പുണ്ണി ) ആദ്യചുംബനത്തിൽ എന്റെ അമൃതചുംബനത്തിൽ ( സ്വന്തം ശാരിക) വിഷുപ്പക്ഷി ചിലച്ചു ( ഇലഞ്ഞിപ്പൂക്കൾ ) ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ( നിന്നിഷ്ടം എന്നിഷ്ടം ) മാനസലോലാ മരതകവർണ്ണാ ( കിങ്ങിണി ) എന്നീ ഗാനങ്ങളിലൂടെ കൊക്കരക്കോ എന്ന അവസാനം ചിത്രം വരെ അത് നീണ്ടു... തുടക്കക്കാലങ്ങളിൽ ഗായികമാരിൽ എസ് ജാനകി, അമ്പിളി,വാണിജയറാം തുടങ്ങിയവർക്ക് അവസരം കൊടുത്തു . പിന്നീട് ചിത്രയുടെ കാലം വന്നപ്പോൾ അത് കൂടുതൽ ഗായികാ ചരിത്രമാവുകയും ചെയ്തു. ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ .. ( ബീന ) കൊഞ്ചി നിന്ന പഞ്ചമിയോ ( കാര്യം നിസ്സാരം ) കിന്നാരം തരിവളയുടെ ചിരിയായി ( അപ്പുണ്ണി ) ആ വിരൽ നുള്ളിയാൽ പൊന്നിൻ കുടം ( സ്വന്തം ശാരിക ) ഇതെല്ലാം ചില ഗായികാ സംരംഭങ്ങൾ മാത്രം... ചിത്രക്ക് വേണ്ടി കണ്ണൂർ രാജൻ ഒരുക്കിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ ഗാനസപര്യയിലെ മികച്ച അധ്യായങ്ങളാണ്... എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിൽ തുടങ്ങിയ ബന്ധം കുറച്ചേറെ മികച്ച ഗാനങ്ങൾക്ക് ഒരു തുടർച്ചയായി... നിമിഷം സുവർണ്ണ നിമിഷം എന്ന ഗാനം ഒരു ലളിതഗാനത്തിന്റെ എല്ലാ സൗരഭ്യവും പരത്തി ... ഉദയഗിരിയിറങ്ങി വരും കാറ്റേ ( ഇലഞ്ഞിപൂക്കൾ ) നാദങ്ങളായ് നീ വരൂ ( നിന്നിഷ്ടം എന്നിഷ്ടം ) പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ ( പൂവിനു പുതിയ പൂന്തെന്നൽ ) ആരോ ആരോ ആരാരോ ( പൂവിനു പുതിയ പൂന്തെന്നൽ) പുഷ്യരാഗത്തേരിലേറിയെഴുന്നെള്ളിയെത്തുന്ന ( അഹല്യ ) വീണപാടുമീണമായി ....( വാർദ്ധക്യപുരാണം ) കിട്ടിയ പാട്ടെല്ലാം കനകമായിരുന്നു ചിത്ര എന്ന ഗായികയ്ക്ക് ... 1988 ലെ ചിത്രം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ അവസാന കാലത്ത് കണ്ണൂർ രാജൻ എന്ന സംഗീതജ്ഞനെ ഏറ്റവും ഉയരങ്ങളിൽ എത്തിക്കുകയുണ്ടായി. നല്ല കളക്ഷൻ നേടിയ ചിത്രം. നിറയെ പാട്ടുകൾ. സിനിമ തന്നെ സംഗീതസാന്ദ്രം... അത് വേണ്ട വിധത്തിൽ അദ്ദേഹം കൈകാര്യം ചെയ്തു... ഈറൻമേഘം ... പാടം പൂത്ത കാലം... ദൂരെ കിഴക്കുദിക്കിൻ ... കാടുമീ നാടുമെല്ലാം ... എന്നീ ഷിബു ചക്രവർത്തി ഗാനങ്ങളും കൂട്ടത്തിൽ രണ്ടു കീർത്തനങ്ങളൂം കീർത്തി നേടിക്കൊടുത്തു.. നഗുമോ എന്ന ത്യാഗരാജകീർത്തനം. സ്വാമിനാഥ പരിപാലയ എന്ന മുത്തുസ്വാമി ദീക്ഷിതർ കൃതിയും... പൊടുന്നനവെ വന്നു ചേർന്ന മരണത്തിനു കീഴ്‌പ്പെടുന്ന സമയത്തും അവസാന ചിത്രത്തിന്റെ പാട്ടുപുരയിൽ ആയിരുന്നു ഇദ്ദേഹം. കൊക്കരക്കോ എന്ന ചിത്രത്തിന് വേണ്ടി ആയിരുന്നുവത്രെ അവസാന ഈണമൊരുക്കൽ ...ഇനിയുമെത്രയോ പിറക്കേണ്ടതായിരുന്നു... പിറക്കാതെ പോയ ആ ഗാനങ്ങളെ ഓർത്തുകൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നു ...

ഓർമ്മയിലെ പവിഴമഴ

സിനിമകളിലെ പാട്ടുകളിൽ സംഗീതം സൃഷ്ടിക്കുന്നത് ഓരോ സംഗീത സംവിധായകരിലും വ്യത്യസ്തമായാണെങ്കിലും പൊതുവായൊരു ഒരു ഐക്യം വേറിട്ട് കേൾക്കുമ്പോൾ അനുഭവപ്പെടുകയും ചെയ്യും.. എഴുപതിന് ശേഷമുള്ളവരിൽ പ്രത്യേകിച്ചും. അറുപതുകളിൽ എം എസ് വിശ്വനാഥന്റെ അടുത്ത സംഗീത സഹായികൾ ആയിരുന്ന ശങ്കർ -ഗണേഷ്‌ എന്ന തമിഴകത്തുകാർ കാലങ്ങളോളം ഒരു മികച്ച കൂട്ടുകെട്ടായതിന്റെ ചേതസ്സ് തന്റെ ഗാനങ്ങളിലും ചേർത്തുവെക്കാൻ കഴിഞ്ഞിരുന്നു. ആദ്യഗാനങ്ങളിലൊക്കെ ഒരു എം എസ് രുചി പാട്ടുകൾക്ക് അനുഭവപ്പെട്ടിരുന്നു. അറുപതവസാനവും എഴുതപതാദ്യവും തമിഴിന്റെ നിലവാരമുള്ള ശബ്ദമായി ഉറച്ചു വിശ്വസിച്ചിരുന്ന ശങ്കർ ഗണേഷ് 1974 ൽ ആണ് മലയാളത്തിൽ ആദ്യമായെത്തിയത് .. അയലത്തെ സുന്ദരിയും , ചക്രവാകവും ആയിരുന്നു 1974 ചിത്രങ്ങൾ .ഒട്ടും തമിഴ് ചുവ കലരാത്ത മലയാളിത്തം നിറഞ്ഞ ഗാനങ്ങൾ തന്നതിനാൽ തന്നെ പിന്നീട് ആ നില തുടരാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു . ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോഴൊരു എന്ന ഗാനം ഇന്നും വല്ലാത്തൊരനുഭൂതി പ്രദാനം ചെയ്ത സൃഷ്ടി ആയി നിലനിൽക്കുന്നുണ്ട്. ഇന്നും അതിന്റെ തുടിപ്പ് മാഞ്ഞിട്ടില്ല .അസ്ഥികൾക്കുള്ളിൽഒരുന്മാദ നിർവൃതി തൻ അജ്ഞാത സൗരഭം പടർന്നുകേറി .. അതെ അതിന്നും മികച്ച മലയാള ഗാനങ്ങളിൽ ഒന്നായിത്തന്നെ ഏറ്റുവാങ്ങിയ സ്ഥാനം കൈവിടാതെ ,... മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്ന പാട്ടെഴുത്തുകാരനും ഒരു മേൽവിലാസം കൊടുത്ത ഗാനം. ഈ കൂട്ടുകെട്ടിൽ ഒട്ടേറെ ഗാനങ്ങൾ ഉൽപ്പാദിപ്പിക്കപ്പെട്ടു .. ഹേമമാലിനി ഹേമമാലിനി ... ചിത്രവർണ്ണപുഷ്പജാലമൊരുക്കി വെച്ചു .. ത്രയംബകം വില്ലൊടിഞ്ഞു ,.. നീലമേഘ കുടനിവർത്തി ... സ്വർണചെമ്പകം പൂത്തിറങ്ങിയ ... തുടങ്ങിയ അതിലെ എല്ലാ ഗാനങ്ങൾ എഴുപതാദ്യം ആഘോഷിക്കപ്പെട്ടവയാണ് .. 1974 ൽ തന്നെ വയലാർ രചിച്ച ഒരു ചിത്രത്തിലെ ഗാനങ്ങൾക്കും സംഗീതം കൊടുക്കാൻ ശങ്കർ ഗണേഷിന് അവസരം ലഭിച്ചു. ചക്രവാകം എന്ന തോപ്പിൽ ഭാസി ചിത്രത്തിലായിരുന്നു ആ സംഗമം നടന്നത്. പി സുശീലയുടെ ഗാനങ്ങളിൽ ഏറെ ഇഷ്ടപ്പെട്ട ഒരു ഗാനം കൂടിയുണ്ടിതിൽ പമ്പാനദിയിലെ പൊന്നിന് പോവും പവിഴവലക്കാരാ .... എം. എസ് ഈണങ്ങളുടെ ചാരുതയിൽ മുങ്ങി നിവർന്ന ശങ്കറിന് ഗഗനമേ ... ഗഗനമേ .. ഗഹന ഗഹനമാമേകാന്തതേ ... എന്ന വരികൾക്ക് ഈണം നൽകാൻ ഒട്ടും വിഷമിക്കേണ്ടി വന്നിട്ടുണ്ടാവില്ല. എം. എസ് ഈണങ്ങളുടെ ഒരു ലയനം കിട്ടി ഇതിനും... പടിഞ്ഞാറൊരു പാലാഴി .. മകയിരം നക്ഷത്രം മണ്ണിൽ വീണു ... എന്നിവയും വയലാർ- ശങ്കർ ഗണേഷ് സമ്പാദ്യമായി മലയാളിക്കെന്നുമോർമ്മിക്കാനായി .... ഇളയരാജ മലയാളത്തിൽ സംഗീതം ചെയ്തപ്പോൾ ഏറെ ഫീമെയിൽ സോങ്‌സും എസ്‌ ജാനകിക്കാണ് നൽകിയിട്ടുള്ളത്. ചിത്രയുടെ വരവോടെ ചിത്രക്കും. എന്നാൽ ഈയൊരു ചേരിതിരിവ് ശങ്കർ ഗണേഷ് പുലർത്തിയിട്ടില്ല. പി സുശീല , വാണീജയറാം , എസ് ജാനകി ,ചിത്ര എന്നിവർക്കൊപ്പം തന്നെ അമ്പിളി എന്ന ഗായികക്കും ഏറെ അവസരങ്ങൾ ശങ്കർ ഗണേഷ് നൽകുകയുണ്ടായി ... വിജയം നമ്മുടെ സേനാനി ... തുമ്പപ്പൂ കുന്നുമ്മേലെ .... മൂടൽ മഞ്ഞിൽ മുങ്ങിക്കയറിയ .... ഗോപുരവല്ലരി പ്രാവുകൾ നാം ... വസന്ത മഞ്ജിമകൾ തൊഴുതുണർന്നു ... എന്നിവ അമ്പിളിക്ക് ശങ്കർ ഗണേഷ് നൽകിയ ഗാനങ്ങളിൽ ചിലതു .മാത്രം... എങ്കിലും വാണിജയറാമിനാണ് തുടക്കം മുതൽ ചെയ്തത് വരെ നല്ല ഗാനങ്ങൾ നൽകിയിട്ടുള്ളത്.... മങ്കൊമ്പ് - ശങ്കർ ഗണേഷ് ഗാനങ്ങൾ എന്നും ശ്രദ്ധിക്കപ്പെട്ടിരുന്നു. അയലത്തെ സുന്ദരിക്ക് ശേഷം ... ശുഭമംഗളോദയം അണിഞ്ഞൊരുങ്ങി ... സ്വർണമയൂര രഥത്തിലിരിക്കും സ്വയംപ്രഭേ .... ഗോപുരവല്ലരി പ്രാവുകൾ നാം .... എന്നിവയൊക്കെ തുടർച്ചയായി വന്ന സംഗീത വിരുന്നുകൾ തന്നെയായിരുന്നു... സിനിമകൾ കിട്ടുന്നതിൽ ശങ്കർ ഗണേഷ് അത്ര ഭാഗ്യവാൻ ആയിരുന്നില്ല. ആവർത്തിക്കപ്പെട്ട പ്രതികാര കഥകൾ നിറഞ്ഞതും , സ്റ്റുണ്ട് പടങ്ങൾ ആയിരുന്നു ഏറെയും എന്നത് പാട്ടിന്റെ വരവ് കുറയ്ക്കാനാണ് സഹായിച്ചത്... എങ്കിലും അത്തരം സിനിമകളിലും തന്റെ ഭാഗം ഭംഗിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിന് ഉദാഹരണങ്ങൾ ആണ്.... നൂറു നൂറു ചുഴലികളലറും മനസ്സൊരു മരുഭൂമി....( സംഘർഷം) കാർകുഴലി പൂവ് ചൂടിയ കറുത്ത പെണ്ണെ ( സ്ഫോടനം) എന്നും മണ്ണിൽ കുരുക്ഷേത്രയുദ്ധം ( ആരംഭം ) ഓർമ്മയിലിന്നൊരു പവിഴമഴ ( പെണ്ണൊരുമ്പെട്ടാൽ ) ഇന്നീ തീരം തേടും തിരയുടെ പാട്ടിൽ ( പ്രഭു ) .... ചിത്രകന്യകേ നിൻ മുഖം കാണുമ്പോൾ എന്ന യൂസഫലി ഗാനം ചിരിക്കുടുക്കയിലേത് . ഒരു ദേവരാജൻ സംഗീതം പോലെ മധുരതരം .. ആരാമദേവതമാരെ ....( ഏറ്റുമാനൂർ ശ്രീകുമാർ ) തൂമഞ്ഞിൽ മുഞ്ഞിപൊങ്ങി ( ബിച്ചു തിരുമല ) വളകിലുക്കം കേൾക്കിണല്ലോ ( ഓ എൻ വി കുറുപ്പ് ) എന്നിവയും മലയാളത്തിന് ശങ്കർ ഗണേഷ് നൽകിയ സംഭാവനകളായി കാലം എന്നുമോർക്കും.. കാലം എന്ന സിനിമയിലെ " കാലം കൈവിരലാൽ കളമെഴുതും കണിമലരെ " എന്ന ഗാനം നൽകിയ ശ്രവ്യാനുഭൂതി ഇന്നും പുളകിതനാക്കുന്നത്. ബിച്ചു തിരുമലയുടെ അതി സുന്ദരമായ രചനകളിൽ പ്രഥമ സ്ഥാനം ഈ ഗാനത്തിനുണ്ട്. " പുഴയോരം കുയിൽ പാടി കിളിച്ചുണ്ടൻമാവിന്റെ " എന്ന ഗാനവും കാലം എന്ന സിനിമയിലേത് ... അങ്കം എന്ന സിനിമയിൽ പോലും രണ്ടു മികച്ച ഗാനങ്ങൾ പാപ്പനംകോട് ലക്ഷ്മണനിൽ നിന്നും ലഭിച്ചു. ശങ്കർ ഗണേഷിന്റെ കരുത്തുറ്റ കൂട്ടായ്മയിൽ നിന്നാണ് അത് രൂപം കൊണ്ടത്... മാൻ കണ്ണ് തുടിച്ചു .... ശരത്കാലങ്ങൾ ഇതൾ ചൂടുന്നുവോ ... എന്നീ ഗാനങ്ങളായിരുന്നു അത്... ശങ്കറിൻ്റെ മരണത്തിന് ശേഷം ഗണേഷ് അതേ പേരിൽ തന്നെ സംഗീതയാത്ര തുടരുകയുണ്ടായി ... 1986 നവംബർ 17 ഒരു കറുത്ത ദിനമായിരുന്നു ഗണേഷിന് .തനിക്ക് കിട്ടിയ ഒരു പാർസൽ വരുത്തിവെച്ച വിന ! ഒരു ആരാധകൻ അയച്ചതെന്ന് പറയുന്ന ടേപ് റിക്കാർഡർ . അതിലെ ഒരു കാസ്സറ്റിൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടേക്കാവുന്ന ഒരു സംഗീതം ചേർത്തിട്ടുണ്ട്. പ്ലേ ചെയ്‌താൽ അതദ്ദേഹത്തിനു ലഭിക്കുന്ന മികച്ച ട്യൂൺ ആയിരിക്കുമത്രേ !! പ്ലേ ചെയ്തു.. ഭീകരമായി പൊട്ടിത്തെറിച്ച റിക്കാർഡർ അദ്ദേഹത്തിന് ഒട്ടേറെ പരിക്കുകൾ ഏകി ... തമിഴിലും മലയാളത്തിലും തിളങ്ങി നിന്ന ആ മഹാപ്രതിഭയെ അവസാനിപ്പിക്കാൻ ആരോ ചെയ്ത പാതകം ആവാം.. ആരോഗ്യം വീണ്ടെടുത്തെങ്കിലും തമിഴിൽ പിന്നെയും ഈണങ്ങൾ നൽകിക്കൊണ്ടിരുന്നു. എന്നാൽ മലയാളത്തിൽ വല്ലാത്തൊരു ശൂന്യത ആണ് അദ്ദേഹം വരിച്ചത്... പിന്നീട് കൊല്ലങ്ങൾക്കു ശേഷം മൃഗയ എന്ന ഐവി ശശി ചിത്രത്തിൽ 1989 വീണ്ടും വന്നു. പഴയ കാലത്തിന്റെ സ്മൃതിമധുരം പോലെ രണ്ടു ഗാനങ്ങൾ ... ശ്രീകുമാരൻ തമ്പിയുടെ രചനയിൽ ഒരിക്കൽ നിറഞ്ഞും ഒരിക്കൽ മെലിഞ്ഞും ഒഴുകും പുഴ പോലെ... ഒരു നാദം ഓർമ്മയിൽ ഉണരുന്നു.. എന്നീ ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ചു കൊണ്ട് ഈ വേദിയിൽ നിന്നും പിൻവാങ്ങുകയായിരുന്നു. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു....

ഗംഗൈ അമരൻ -- പാട്ടോർമ്മ

മറ്റു ഭാഷകളിൽ നിന്നും മലയാളത്തിലെത്തി ചലച്ചിത്രങ്ങളിൽ തങ്ങളുടെ കഴിവുകൾ തെളിയിക്കുന്നവർ സംഗീതരംഗത്ത് മാത്രമായേ തിളിങ്ങാറുള്ളു സാധാരണ . ഡബ്ബിങ് സിനിമകളിൽ പോലും മലയാളികൾ തന്നെ പാട്ടെഴുത്തും .. അത് സ്ഥിരം ഗാനരചയിതാക്കൾ തന്നെയാണെങ്കിൽ പോലും മലയാള വരികളും സംഗീതവും രണ്ടു വഴിക്ക് പോവുന്ന സ്ഥിതിയാണ് കാണാറ്. മോരും മുതിരയും പോലെ ... സംഗീതത്തിന്റെ മഹത്വം കൊണ്ട് മാത്രം അതോർമ്മിക്കപ്പെടുന്നു. " നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ ഞാൻ രചിച്ച കവിതകൾ നിന്റെ മിഴിയിൽ കണ്ടു ഞാൻ വരാതെ വന്നയെൻ ദേവി ..." 1982 ൽ എന്റെ കൗമാര കാലത്ത് കേട്ട പ്രണയഗാനം . കല്യാണ സ്ഥലങ്ങളിലൊക്കെ മൈക്കിൽ നിരന്തരം ഈ പാട്ട് കേട്ടതിനു ശേഷം ആണ് സിനിമ കാണുന്നത് തന്നെ. അത്രയേറെ മനസ്സിൽ പതിഞ്ഞു പോയിരുന്നു ആ സംഗീതം ... വാഴ് വേമായം എന്ന തമിഴ് സിനിമയുടെ ഡബ്ബിങ് മലയാളത്തിൽ പ്രേമാഭിഷേകം . അന്ന് കൊണ്ടാടിയ സിനിമ . തമിഴിൽ സുപ്രസിദ്ധ എഴുത്തുകാരൻ വാലി എഴുതിയ വരികൾ . മലയാളത്തിൽ അതിന്റെ ഡബ്ബിങ് ആയിരുന്നു ഈ ഗാനം. .പൂവച്ചൽ ഖാദർ അത് പദാനുപദം സുന്ദര വിവർത്തനമാക്കി . തമിഴിൽ എസ് പി ബാലസുബ്രഹ്മണ്യം അസാധ്യമായി പാടി. മലയാളത്തിൽ യേശുദാസും ... സംഗീത സംവിധായകനെ കുറിച്ച് പറയാതെ എങ്ങിനെ പൂർണ്ണമാവും . പാട്ടിന്റെ ജീവൻ ഈണം തന്നെയല്ലേ ! ഗംഗൈ അമരൻ എന്ന തമിഴ് സംഗീതകാരൻ തന്നെ ഇതിന്റെ ഈണകർത്താവും ..മനസ്സിനെ കൊളുത്തിവലിച്ച ഈ ഗാനത്തിലൂടെ തമിഴകത്തും ,മലയാളത്തിലും പ്രസിദ്ധി നേടി ഇദ്ദേഹം. തമിഴിൽ അപ്പോഴേക്കും വേരുറപ്പിച്ചു കഴിഞ്ഞിരുന്നു. ഗാനരചയിതാവ് , തിരക്കഥാകൃത്ത് , സംവിധായകൻ , എന്നീ നിലകളിൽ അവിടെ തന്റെ കഴിവ് തെളിയിച്ചിരുന്നു. ഈ ഗാനം കൂടാതെ കുറച്ചേറെ ഗാനങ്ങൾ കൂടിയുണ്ടിതിൽ . എല്ലാം അക്കാലത്ത് സൂപ്പർ ഹിറ്റായിരുന്നു. വാഴ്‌വേമായം ഇങ്ങു വാഴ്‌വേമായം ... ദേവീ ശ്രീദേവി ... വന്ദനം എൻ വന്ദനം ... മഴക്കാലമേഘം ഒന്ന് .. പ്രേമാഭിഷേകം പ്രേമത്തിൻ പട്ടാഭിഷേകം ... എന്നിവയെല്ലാം കാലം കൊണ്ടാടിയത്.... 1983 മലയാളത്തിൽ വീണ്ടും . ഹെലോ മദ്രാസ് ഗേൾ എന്ന അത്രയൊന്നും പേര് നേടാത്ത ചിത്രം. പൂവച്ചൽ ഖാദർ രചന. ആശംസകൾ നൂറുനൂറാശംസകൾ .. മധുരമീ ദർശനം പ്രിയസഖീ സംഗമം ... എന്നിവ ഓർമ്മയിൽ തെളിയുന്നു... ഏറെ സിനിമകളൊന്നും മലയാളത്തിൽ ഗംഗൈ അമരന് നേടാൻ കഴിഞ്ഞില്ല. പ്രേമാഭിഷേകത്തിന്റെ പകിട്ടൊതുങ്ങിയപ്പോൾ പിന്നീടത്രയോന്നും പേരെടുത്ത ചിത്രങ്ങളോ ഗാനങ്ങളോ ഇവിടെ പിറന്നിട്ടില്ല. ജസ്റ്റിസ് രാജ എന്ന കച്ചവസിനിമയിൽ പൂവച്ചൽ രചനകളോടെ വീണ്ടും 1983 ൽ തന്നെ... ജന്മം തോറും എന്നിൽ ചേരും ... കന്നിമലരെ പുണ്യം പുലർന്ന പൊന്നു മകളെ ... എന്നിവ സിനിമയുടെ നിലവാരത്തോടു ചേർന്ന് നിൽക്കുന്നവ മാത്രം. 1984 ൽ ജീവിതം എന്ന സിനിമ . ജസ്റ്റിസ് രാജ പോലെ തന്നെ ഉള്ള മറ്റൊരു പതിപ്പ് . മണിമേഘ രഥമേറി അണയുന്നു മണിമാരൻ ... എൻ മാനസം എന്നും നിന്റെ ആലയം ... എന്നീ പൂവച്ചൽ ഖാദർ വരികൾ തന്നെ വലിയ പ്രത്യേകതകളൊന്നമില്ലാതെ എന്നാൽ വെറുപ്പിക്കാതെ പുലർന്നു... കൂടുതൽ കാലം മലയാളത്തിൽ തുടരാൻ ഇദ്ദേഹത്തിനും കഴിഞ്ഞില്ല. ഏറ്റവുമൊടുവിൽ ഐവി ശശിയുടെ അനുരാഗി എന്ന ചിത്രത്തിലും സംഗീതം കൊടുക്കുക ഉണ്ടായി... ഏകാന്തതേ നീയും അനുരാഗിയാണോ .... എന്ന ഗാനം വ്യത്യസ്തത പുലർത്തിയിരുന്നു... കൂടുതലൊന്നും മലയാളത്തെ മുൻനിർത്തി ഗംഗൈ അമരനെ കുറിച്ച് പറയാനില്ല... ഇളയരാജയുടെ അനിയൻ ആയിട്ടുള്ള ഇദ്ദേഹത്തിന്റെ കുടുംബത്തിലെ പലരും സിനിമാ ഫീൽഡിൽ തന്നെയാണ്. അഭിനേതാവും, ഗായികയും, സംഗീത സംവിധായകനും ആയി പുതു തലമുറ കുടുംബത്തിൽ തന്നെ ഉണ്ട്....

ആ സാന്ധ്യ രാഗം മായുന്നില്ല

ആ സാന്ധ്യരാഗം മായുന്നില്ല ... പാതി വിടർന്നൊരു പാരിജാതം പാഴ്‌മണ്ണിൽ വീണു ... അനാഥശില്പങ്ങളിലെ ഈ ഗാനം സംഗീതം ചെയ്ത ആൾക്ക് അറം പറ്റിയത് പോലെ ആയി!! വെറും നാല്പത്തിമൂന്നാമത്തെ വയസ്സിൽ ഈ ഭൂമി വിട്ടുപോയ സുപ്രസിദ്ധ സംഗീത സംവിധായകൻ ശ്രീ ആർ കെ ശേഖർ ! ദുഃഖസാന്ദ്രമായ ഏതോ ഓർമ്മ പോലെ ഒരാൾ. വായിച്ചും കേട്ടും മാത്രം അറിഞ്ഞ ജീവിത ചരിത്രം . 1976 ൽ ഇവിടം വിട്ടു പോവുമ്പോൾ മലയാള സിനിമക്ക് അദ്ദേഹം തന്നിട്ട് പോയ ഒരു പിടി ഗാനങ്ങൾ . വിരലിലെണ്ണാവുന്ന ഗാനങ്ങളെ സൂപ്പർ ഹിറ്റുകളായുള്ളൂ എങ്കിലും അത് മതി എന്നുമോർക്കാൻ . അതിലുമേറെ എണ്ണം തന്റേതാവേണ്ട സൃഷ്ടികൾ മറ്റുള്ള പ്രസിദ്ധർക്ക് കൈമാറിയ മഹാൻ ! സിനിമക്ക് വേണ്ടി സകലതും മറന്നു പ്രവർത്തിച്ച ആളെണെന്നു അറിവ് . സ്വതന്ത്ര സംവിധായകൻ ആവും മുൻപ് ഈ തമിഴ്‌നാട്ടുകാരൻ എം ബി ശ്രീനിവാസൻ, ദക്ഷിണാമൂർത്തി , എം കെ അർജുനൻ തുടങ്ങിയവരുടെ സഹായി ആയും നീണ്ട നാൾ തുടർന്നു . വെറും സഹായി ആയിരുന്നില്ല . സംഗീത രൂപീകരണത്തിലും , പാട്ടായ് രൂപം മാറുന്നത് വരെയും തന്റെ സൃഷ്ടി എന്നതുപോലെ മറ്റുള്ളവർക്കായി കൂടെ നിന്നവൻ . എം കെ അർജുനന്റെ കൂടെ ശേഖർ മരിക്കും വരെ ഉണ്ടായിരുന്നു.. ഇവരുടെയൊക്കെ ഏതൊക്കെയോ ഗാനങ്ങളിൽ ശേഖർ കയ്യൊപ്പും കൂടി ഉണ്ട്, മറ്റാരും കാണാതെ കിടക്കുന്നത്. ഒരു സ്വതന്ത്ര സംവിധായകനായി തീർന്നത് മലയാളത്തിൽ ആണാദ്യം . മലയാളത്തിലെ എക്കാലത്തെയും ധീര വിപ്ലവഗാനമായും , ദാർശനിക ഗാനമായും എണ്ണുന്നത് . ചൊട്ട മുതൽ ചുടല വരെ ചുമടും താങ്ങി ദുഖത്തിൻ തണ്ണീർപന്തലിൽ നിൽക്കുന്നവരെ ... എന്ന പഴശ്ശി രാജയിലെ ഈ ഗാനമാണ്. 1964 ൽ എല്ലാ ഗാനങ്ങളിലും ഹിറ്റായി മാറ്റിയ സംഗീത സംവിധായകൻ . രചന വയലാർ . അഞ്ജനക്കുന്നിൽ തിരി പെറുക്കാൻ പോവും അമ്പലപ്രാവുകളെ.... ചിറകറ്റു വീണൊരു കൊച്ചുതുമ്പീ .. എന്നീ ഗാനങ്ങൾ ഇന്നും നമ്മൾ മൂളുന്നത്. രണ്ടാമത്തെ ചിത്രമായ ആയിഷയിലും വയലാർ രചനയിൽ കുറച്ചു ഗാനങ്ങൾ . മുത്താണെ എന്റെ മുത്താണെ .. യാത്രക്കാരാ പോവുക പോവുക ... ഇതൊക്കെ എങ്ങിനെ നാം മറക്കും . ശോകാന്ത രാഗങ്ങൾ വരികളിൽ കൂട്ടിച്ചേർക്കുമ്പോൾ ജന്മം കൊണ്ടവയൊക്കെ അത്രതന്നെ മനസ്സിനെ മഥിക്കുന്നവയുമാണ് . ആറടിമണ്ണിന്റെ ജന്മി എന്ന സിനിമയിലെ ഈ ഗാനം ശ്രദ്ധിക്കാം... ആരോരുമില്ലാത്ത തെണ്ടി പക്ഷെ ആറടി മണ്ണിന്റെ ജന്മി ... പി ഭാസ്കരന്റെ അത്രമേൽ ദുഃഖസത്യമായ വരികൾക്ക് ഈണം ചേർത്തത് എന്നും ഒരു വേദനയായി പിന്തുടരുകയാണ്... രണ്ടു സിനിമകളിലെ ഉത്തരവാദിത്വം കഴിഞ്ഞപ്പോൾ വലിയൊരു ഇടവേള വന്നു ചേർന്നു . പിന്നീട് ആറ് വർഷത്തിന് ശേഷം ആണ് ഒരു സിനിമ മലയാളത്തിൽ കൈവന്നത്. ഇടവേളക്കാലത്തും വെറുതെ ഇരുന്നില്ലത്രേ . മറ്റു സംഗീത സംവിധായകർക്ക് വഴികാട്ടി ആയി തുടർന്നു .. ശ്രീകുമാരൻ തമ്പിയുടെ രചനകൾക്ക് ഈണം നൽകിക്കൊണ്ട് അനാഥ ശിൽപ്പങ്ങൾ എന്ന ചലച്ചിത്രത്തിലേക്കു വീണ്ടും വന്നു ആർ കെ ശേഖർ . അതൊരു വരവായിരുന്നു. എസ് ജാനകിയുടെ ഏറ്റവും നല്ല പത്തു ഗാനങ്ങൾ തിരഞ്ഞെടുത്താൽ അതിൽ ഈ ഗാനവും നിശ്ചയമായും പെടും.. പാതിവിടർന്നൊരു പാരിജാതം പാഴ്മണ്ണിൽ വീണു.... കത്താത്ത കാർത്തിക വിളക്ക് പോലെ ... സന്ധ്യാരാഗം മാഞ്ഞുകഴിഞ്ഞു .... അച്ചൻകോവിലാറ്റിലെ കൊച്ചോളങ്ങളെ ... സിനിമാ സംഗീതത്തിന് വേണ്ടി സർവ്വം സമർപ്പിച്ചയാളായിട്ടു കൂടി പിന്നീട് കിട്ടിയ മലയാള ചിത്രങ്ങൾ പലതും നിലവാരമില്ലാത്തതും, സാമ്പത്തികമായി തകർന്നതുമായിരുന്നു. അതിൽ പെട്ടുപോയി ശേഖർ സംഗീതവും. എന്നിട്ടും വെള്ളി വെളിച്ചം പോലെ അതിൽ നിന്നുയരും സംഗീത രശ്മികൾ !! ഉഷസോ സന്ധ്യയോ സുന്ദരീ നീ ഉറങ്ങുമ്പോഴോ ഉണരുമ്പോഴോ സുന്ദരീ .... എന്ന സുമംഗലിയിലെ ഗാനത്തിന് നൽകിയ സംഗീതം ആസ്വദിക്കണം ! വാചാലമായ മൗനങ്ങളെ കോർത്തിണക്കിയ ഗാനം . ഏറെ പ്രിയപ്പെട്ട സംഗീതം.... മാന്മിഴികളിടഞ്ഞു ... എന്ന ജയചന്ദ്രൻ ഗാനവും കൂടി ഉണ്ടിതിൽ . താമരപ്പൂ നാണിച്ചു നിന്റെ തങ്ക വിഗ്രഹം വിജയിച്ചു പുളകം പൂക്കും പൊയ്ക പറഞ്ഞു യുവതീ നീയൊരു പൂവായ് വിടരൂ .... ബ്രഹ്മാനന്ദന്റെ സംഗീത കൂട്ടുവെയ്പ്പിൽ ഏറെയൊന്നും ഗാനങ്ങൾ ഇല്ല . എന്നാൽ മറ്റാരും പാടികേൾക്കാൻ പോലും ഇഷ്ടപ്പെടാത്ത അഞ്ചാറു ഗാനങ്ങൾ ഉണ്ട് .. അതിലെ ഒന്നാണ് ടാക്സി കാറിലെ ഈ ഗാനം . ശ്രീകുമാരൻ തമ്പിയുടേത് .. സങ്കൽപ്പവൃന്ദാവനത്തിൽ പൂക്കും .. എന്നതും ഇതിലെ ഒരു ഗാനം.. ജയചന്ദ്രനും കുറച്ചേറെ നല്ല ഗാനങ്ങൾ ആർ കെ ശേഖർ കനിഞ്ഞരുളി . കണ്ടവരുണ്ടോ , ടാക്സി കാർ എന്നിവക്ക് ശേഷം മിസ് മേരി എന്നതിലും ജയചന്ദ്രന് " മണിവർണ്ണനില്ലാത്ത വൃന്ദാവനം ..." എന്നാ യുഗ്മ ഗാനം നൽകിയിട്ടുണ്ട്... നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മേ നീയെന്നഭയമല്ലേ എന്ന കന്യാമറിയ സ്തോത്രം ശ്രീകുമാരൻ തമ്പിയുടെ മികവുറ്റ രചനയുമായി ... പിന്നീട് .... സപ്തമി ചന്ദ്രനെ മടിയിലുറക്കും സുരഭിമാസമേ .... ജന്മബന്ധങ്ങൾ വെറും ജലരേഖകൾ ... തുടങ്ങിയ ക്രോസ്സ്‌ബെൽറ്റ് മണി ചിത്രങ്ങളിലെ പാട്ടുകളിൽ ഒതുങ്ങി ഈ മികവുറ്റ കലാകാരൻ . മറ്റൊരു ക്രോസ്സ്‌ബെൽറ്റ് മണി ചിത്രമായ യുദ്ധഭൂമിയിൽ വാണിജയറാം പാടിയ ഹൃദയഹാരിയായ ഒരു ഗാനം ഉണ്ട്. ഇന്നും പുതുമ നശിക്കാതെ കാലം കാത്തു സൂക്ഷിക്കുന്നത്... ആഷാഢമാസം ആത്മാവിൽ മോഹം അനുരാഗമധുരാമാമന്തരീക്ഷം .... ക്രോസ്സ്‌ബെൽറ്റ് മണിയുടെ തന്നെ ചിത്രമായ ചോറ്റാനിക്കര അമ്മയിലെ പാട്ടുകൾക്ക് സുന്ദര ഈണം കൊടുത്തവസാനിപ്പിച്ചു മടങ്ങി ഈ സംഗീതകാരൻ. ഭരണിക്കാവ് ശിവകുമാറിന്റെ മാദക വരികൾക്ക് ഈണം കൊടുത്തവസാനം ... മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മധുവിധു രാത്രി.... സിനിമാ സാമ്രാജ്യത്തിൽ അത്രയേറെ പിടിപാടുകൾ ഉണ്ടായിരുന്ന ഒരാളായിട്ടും മലയാളത്തിൽ കുഞ്ചാക്കോ , പി ഭാസ്കരൻ തുടങ്ങിയവരുടെ ഒന്നോ രണ്ടോ ചത്രങ്ങളൊഴിച്ചു മറ്റു പ്രമുഖരായ ഒരു സംവിധായകരുടെ ചിത്രങ്ങളുമായും സഹകരിച്ചതായി കാണുന്നില്ല. അദ്ദേഹത്തിന്റെ മരണം വരെ സംവിധായകൻ ക്രോസ്സ്‌ബെൽറ്റ് മണിയുടെ എല്ലാ ചിത്രങ്ങളിലും അവസരം കൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌... ആർ കേ ശേഖറിന്റെ അവസാന സിനിമയായ ചോറ്റാനിക്കര 'അമ്മ റിലീസ് ചെയ്യുന്ന അന്ന് തന്നെ ആകസ്മികമായി അദ്ദേഹത്തിന്റെ മരണവും സംഭവിച്ചു ... ലോകം മുഴുവൻ അറിയപ്പെടുന്ന വലിയൊരു കലാകാരനെ മകനായി നല്കിക്കൊണ്ടായിരുന്നു ആ മടക്കവും . എ ആർ റഹ്‌മാൻ ! ഇദ്ദേഹത്തിന്റെ മരണ ശേഷം ഇസ്ളാം മതം സ്വീകരിക്കുകയുണ്ടായി കുടുംബം.....

പുത്തഞ്ചേരി പാട്ടിലെ സങ്കടങ്ങൾ

തന്റെ ജീവിതത്തിന്റെ പകുതിയോടടുത്ത് സിനിമയോടൊപ്പം ജീവിച്ച ഒരു പാട്ടെഴുത്തുകാരന്റെ ചരമദിനം ആണിന്ന് . 49 വർഷത്തിലെ ജീവിതത്തിൽ ഇരുപത് വർഷത്തോളം ഗാനങ്ങളെഴുതി നിറഞ്ഞു നിന്നു മലയാള സിനിമയിൽ . ഏതു തരത്തിലുള്ള പാട്ടുകളും എഴുതും . അതുകൊണ്ടുകൂടിയും ചില ബുദ്ധിജീവികളുടെ പരിഹാസങ്ങളും ഏൽക്കേണ്ടി വന്നു. തനിക്ക് കിട്ടിയ ഏഴു സർക്കാർ പുരസ്കാരങ്ങൾ ഇതിനെയെല്ലാം അവഗണിക്കുന്നു എന്നത് സത്യം ... തൊണ്ണൂറുകൾ ഗിരീഷ് പുത്തഞ്ചേരി ലഹരി തന്നെയായിരുന്നു . അദ്ദേഹത്തിന്റെ സ്ഥായിയായ ഭാവം വിരഹമാണെന്നു തോന്നാറുണ്ട്. വിഷാദഭാവങ്ങൾ നിറഞ്ഞു നിൽക്കുന്ന ചില ഗാനങ്ങളിലൂടെ ഒന്ന് പോയി വന്നാലോ ? ദേവാസുരം മലയാള സിനിമയിലെ ഒരു ചരിത്രം തന്നെയാണ്. അതിലെ " സൂര്യകിരീടം വീണുടഞ്ഞു.. രാവിൻ തിരുവരങ്ങിൽ " എന്ന എം ജി രാധാകൃഷ്ണൻ ഈണം കൊടുത്ത വിരഹസാന്ദ്ര ഗാനം ഇന്നും നമ്മളിൽ നൊമ്പരം ഉണർത്തുന്നത്. " അഗ്നിയാൽ കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ " എന്ന ചോദ്യം ഒരഗ്നിശരം തന്നെയാണ് . അമ്മയോടുള്ള സ്നേഹത്തിന്റെയും , ആരാധനയുടെയും എല്ലാം പൊരുൾ ആ വരികളിൽ നിറഞ്ഞു നിൽക്കുന്നു. പിന്നീട് കാലങ്ങൾക്കു ശേഷം " അമ്മമഴക്കാറിനു കൺനിറഞ്ഞു .. ആ കണ്ണീരിൽ ഞാൻ നനഞ്ഞു " എന്ന മാടമ്പിയിലെ ഗാനവും സമാനഭാവങ്ങൾ വരുത്തുന്നത്. " അമ്മേ സ്വയമെരിയാനൊരു മന്ത്രദീക്ഷ തരുമോ ?" അമ്മയെന്നും പുത്തഞ്ചേരിക്ക് വിലമതിക്കപ്പെട്ട ഒരു നിധിയാണ് . ജന്മം തന്നവരോടുള്ള ആ കടപ്പാട് . അത് സിനിമാസന്ദർഭങ്ങൾക്കനുസരിച്ചുള്ള വരികളാണെങ്കിലും അതിലുമുണ്ട് നിറഞ്ഞു നിൽക്കുന്ന ആത്മാർത്ഥത . " ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മൺവിളക്കൂതിയില്ലേ " ഈ ഗാനം ഒരച്ഛനോടുള്ള തീർത്താൽ തീരാത്ത കടമകളോടുള്ള മനസ്സടുപ്പമാണ് .. " ഉള്ളിന്നുള്ളിൽ അക്ഷരപൂട്ടുകളാദ്യം തുറന്നു തന്നു കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോൾ കൈതന്നു കൂടെ വന്നു " ഇതാണ് അച്ഛൻ . കണ്ണടഞ്ഞു തീർന്ന ആ നിമിഷങ്ങൾ ഇനി ഒരിക്കൽ കൂടി വീണ്ടും തുറക്കുമോ , പുണ്യം പുലർന്നീടുമോ എന്ന പുത്തഞ്ചേരി വിലപിക്കുന്നു.... പ്രണയവിരഹത്തിൽ ചാലിച്ച ഒട്ടേറെ ഗാനങ്ങൾ വേറെയുണ്ട്... ആരോ വിരൽ മീട്ടി ( പ്രണയവർണ്ണങ്ങൾ ) നിലാവേ മായുമോ ( മിന്നാരം ) എന്നിവയിൽ തുടങ്ങി എല്ലാ വൈകാരികതയിൽ കൂടിയും കടന്നു പോവുന്ന വിവിധ തരത്തിലുള്ള വിക്ഷോഭങ്ങൾ പാട്ടുകളായി വന്നിട്ടുണ്ട്... മൂവന്തി താഴ്വരയിൽ എന്ന കന്മദത്തിലെ ഗാനത്തിൽ നിലാവല കയ്യാൽ നിന്നെ വിലോലമായ് തലോടിടാം എന്ന സാന്ത്വനത്തിൽ വിരലമർത്തുകയാണ് ... യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം എന്ന വീക്ഷണത്തിൽ നിശ്ചയമായും താൽക്കാലികമായെങ്കിലും മറയേണ്ടുന്ന സൂര്യനും ഒറ്റപ്പെട്ടു പോവുന്ന ആകാശവും മനുഷ്യ മനസ്സിന്റെ വിങ്ങലിലേക്കു ചേക്കേറുന്ന കാഴ്ചയും ... ശരീരത്തിന്റെ ഒരു ഭാഗം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയായി പ്രിയയുടെ വേർപാട് . " ആകാശദീപങ്ങൾ സാക്ഷി"യാണ് . അകത്തെരിയും ആരണ്യതീരങ്ങളിൽ , ഹിമാമുടിയിലേക്കു ചായുന്ന വിൺഗംഗയിൽ മറയുന്ന ജ്വാലാമുഖം !!! ബന്ധങ്ങൾക്ക് അദ്ദേഹം നൽകുന്ന പവിത്രത മറ്റൊരാളുടെ എഴുത്തിലും കാണാത്തത് !! അവിചാരിതമായി കൈവിട്ടു പോയ പോയകാല കളിക്കൂട്ടുകാരിയെ വീണ്ടും കണ്ടുമുട്ടുമ്പോൾ , അവളിന്നും കാത്തിരിക്കുന്നു എന്നത് തീരാവേദനയാവുകയാണ് ... ആഴങ്ങളിൽ നിന്നും വരുന്ന വരികൾ ഇതാണ് .. മനസ്സിൻ മണിചിമിഴിൽ പനിനീർതുള്ളിപോൽ വെറുതെ പെയ്തു നിറയും രാത്രിമഴയായ് ഓർമ്മകൾ ... ആരും തൊടാതെ തൊടുമ്പോൾ തുളുമ്പുന്ന ഗന്ധർവ സംഗീതമായവൾ !! കുടുംബങ്ങളിലെ ഒറ്റപ്പെടൽ . അതൊരു വിങ്ങുന്ന വേദന തന്നെയാണ്.. " അകലെ അകലെ ആരോ പാടുന്നു .." അതിതീവ്രമായ ഒറ്റപ്പെടലിന്റെ വാക്കുകൾ ആണ് അതിൽ നീളെ .. ഗിരീഷ് പുത്തഞ്ചേരിയുടെ ഏറ്റവും മികച്ച ശോകാർദ്ര വരികൾ ഇവയെന്ന് എന്റെ സാക്ഷ്യം.... സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ് ഏകാന്തദീപം എരിയാതിരിയായ് താന്തമാമോർമ്മതൻ ഇരുളിൻ അരങ്ങിൽ മുറിവേറ്റു വീണു പകലാം ശലഭം .... പ്രകൃതിയുടെ ഭാവമാറ്റങ്ങളെ ഹൃദയവ്യഥകളോട് ചേർത്തുവെക്കുന്ന അപൂർവത . വൈകിയെത്തുമെന്നെങ്കിലും പ്രതീക്ഷിക്കുന്ന സ്‌നേഹഭാവങ്ങളോട് ഇങ്ങനെയും പ്രതികരിക്കാം.. എന്തിത്ര വൈകി നീ സന്ധ്യേ മനസ്സിന്റെ ചന്ദ്രോദയത്തിനു സാക്ഷിയാവാൻ തൂവലുപേക്ഷിച്ചു പറന്നുപോം എന്റെയീ തൂമണിപ്രാവിനെ താലോലിക്കാൻ? വരികളിലെ ഈ വികാരത്തുടിപ്പ് ഹൃദയത്തിൽ വരയ്ക്കുന്ന തൊടുകുറികൾ അനിർവചനീയം തന്നെ ... മറന്നുവോ പൂമകളെ ( ചക്കരമുത്ത് ) യമുന വെറുതെ രാപ്പാടുന്നു ( ഒരേ കടൽ ) എന്റെ ശാരികേ ( മാടമ്പി ) കണ്ണ് നട്ട കാത്തിരുന്നിട്ടും ( കഥാവശേഷൻ ) കാർമുകിൽ വർണ്ണന്റെ ( നന്ദനം ) നോവുമിടനെഞ്ചിൽ നിറശോകലയഭാവം ( കാശ്മീരം ) കാത്തിരിപ്പൂ കണ്മണി ( കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തു ) ഇവയിലൊക്കെ തന്നെ മിന്നിമറയുന്ന ശോകവും , മൂകപ്രതീക്ഷകളും ജീവന്റെ മിഴിയനക്കങ്ങളായി ഇന്നും നമ്മെ പിന്തുടരുന്നു .....

അനാദി യുഗങ്ങളായ്

... തന്റെ തുടക്കകാലത്തു തന്നെ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്തി തുടർന്നുപോവുന്ന ചില കലാകാരന്മാരുണ്ട്. അത് സിനിമയിൽ സംഗീതരംഗത്താണെങ്കിൽ പിന്നെന്നും ഓർമ്മിക്കും . പാട്ടലകൾ പല മാധ്യമങ്ങളിലും , ആസ്വാദകരുടെ ചുണ്ടിലും ആയി നിലനിൽക്കും . ആ സംഗീത സംവിധായകൻ എന്നെന്നും ഓർമ്മിക്കപ്പെടും . തുടക്കത്തിലേ ആ മികവ് പിന്നീട് വരുന്ന ഓരോ സൃഷ്ടിയിലും നമ്മൾ തിരഞ്ഞുകൊണ്ടേയിരിക്കും. അതിന്റെ പകിട്ട് കുറഞ്ഞാൽ മനസ്സിലാക്കും . അപ്പോൾ ആ സംഗീതജ്ഞന് ഏറെ മിനക്കെടേണ്ടി വരും തന്റെ ആദ്യകാലത്തെ നിലനിർത്താനും തുടർച്ചയിൽ അതിനേക്കാൾ മികച്ചത് കൊടുക്കണം എന്ന ചിന്തയോടെ പ്രവർത്തിക്കാനും . അത് നൈസർഗ്ഗിക വാസന ആണോ വെറും ഒരു പൊളപ്പോ എന്നൊക്കെ നിരൂപിക്കും ഏറെ പേർ ... എന്നാൽ ഇതിനെല്ലാം മേലെയാണ് എന്നിലെ സംഗീതം എന്ന് തിരിച്ചറിയിപ്പിച്ച സർഗ്ഗസംഗീത സംവിധായകനാണ് ശ്രീ ദീപക് ദേവ് ... ദീപക് ദേവ് സംഗീതം വേറിട്ടൊരു ഈണമധുരം തന്നെയാണ്. 2000 നു ശേഷം പാട്ടുകൾക്ക് ക്ഷീണം സംഭവിച്ചു എന്ന് പറഞ്ഞാൽ പലരും പിണങ്ങും എന്നറിയാം . സമൃദ്ധിയുടെ ഒരു കാലം കഴിഞ്ഞു എന്നേ അതുകൊണ്ടുദ്ദേശിച്ചിട്ടുള്ളൂ . സംഗീതം എന്നും നിലനിൽക്കും. അറിയാവുന്നവർ എടുത്തുപയോഗിക്കുമ്പോൾ ഓരോ കാലത്തും അതിന് തിളക്കമേറും .. അത്രേ പറയാനുള്ളു.. ആദ്യകാല സിനിമാകാലങ്ങളിലെ ഗാനരീതിയാണോ ഇന്ന് ! അറുപത് എഴുപതുകളിലെ സംഗീതമാണോ ഇന്ന് ! തൊണ്ണൂറുകൾ, രണ്ടായിരം ഈ കാലങ്ങളിലൂടെയൊക്കെ നീങ്ങി ഗാനങ്ങൾക്ക് തേയ്മാനം സംഭവിച്ചതാണോ മികവുറ്റതായതാണോ എന്നൊക്കെ കേൾക്കുന്നവർ തീരുമാനിക്കുക . അടിസ്ഥാനം മാറുന്നില്ല . നാടൻ പാട്ടുകൾ അതും പല ദേശങ്ങൾ , പല ഭാഷകൾ ... കൂടുതൽ കൂടുതൽ നമ്മൾ പഠിച്ചുകൊണ്ടിരിക്കുകയാണിത്. അതിന്റെയൊക്കെ അനുരണനങ്ങൾ പാട്ടുകളിലും കാണും.... പാശ്ചാത്യ സംഗീതത്തിന്റെ അരുണിമ കലർന്നും , ഇന്ത്യൻ സംഗീതത്തിന്റെ തെളിമ തെളിഞ്ഞും , നാടൻ പാട്ടിന്റെ ചൂട് , ചൂരും നിറഞ്ഞും ദീപക് ദേവ് സംഗീതം മലയാള സിനിമയിൽ ഇന്നും തുടരുന്നു. 2003 ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലെ " സ്വയംവര ചന്ദ്രികേ , സ്വർണമണിമേഘമേ " എന്ന ഗാനത്തിന്റെ പ്രത്യേകത എടുത്തു പറയാനാണ് ഇത്രയും പറഞ്ഞത്. എത്രയോ കേട്ടിരിക്കുന്നു പ്രണയ ഗാനങ്ങൾ . ഗാനാലാപനത്തിലെ ഒരു പുതുമ, ഇളം തണുപ്പരിച്ചു കയറും പോലുള്ള സംഗീതം എന്നിവയൊക്കെ പ്രകീർത്തിച്ചു പറയുമ്പോൾ അത് കൂടുതലാവുന്നില്ല . ജയചന്ദ്രൻ എന്ന ഭാവഗായകനെ തിരിച്ചു തന്ന ഗാനം . പ്രണയതലങ്ങളിൽ ദീപക് സംഗീതം ആ സുഖാനുഭൂതിയിൽ മയങ്ങി മൃദുലമായ ഈണങ്ങളോടെ , കീഴ്സ്ഥായിയിൽ ഒഴുകുന്നതറിയുന്നത് ഏറെ സുഖം. പ്രണയാനുഭൂതികൾ എഴുത്തുകാർ നിർവഹിച്ചതിനേക്കാൾ ദൃഢമായൊരു അനുഭൂതിയായി സംഗീതജ്ഞൻ കണ്ടെടുക്കുമ്പോഴാണ് അതൊരു മികച്ച സൃഷ്ടിയാവുന്നത്, പാട്ടാവുന്നത്. മറ്റു ഉദാഹരങ്ങൾ പറയാം ... സിംഫണി എന്ന ഐ വി ശശി ചിത്രത്തിലെ ഗാനം ... ചിത്രമാണിക്കാട്ടിൽ എൻ ഇഷ്ടമലർകൂട് ... പറയാതെ അറിയാതെ നീ പോയതല്ലേ ( ഉദയനാണ് താരം ) പിച്ച വെച്ച നാൾ മുതൽക്ക് നീ ( പുതിയ മുഖം ) അനാദി യുഗങ്ങളായ് പുരാതന കാമുക ( ലാവണ്ടർ ) പുഞ്ചിരി തഞ്ചും ചുണ്ടിലൊരോമൽ ( ബൈസിക്കിൾ തീവ്സ് ) നിലാക്കുടമേ നിലാക്കുടമേ ....( ചിറകൊടിഞ്ഞ കിനാവുകൾ ) മഴപാടും കുളിരായി വന്നതാരോ ഇവളോ ( സൺ‌ഡേ ഹോളിഡേ ) ഇവയിലൊക്കെ തന്നെ ദീപക് ദേവ് നിറച്ചുവെച്ച സംഗീത മധുരം പാകം !! വലിയൊരു പ്രത്യേകത ഇദ്ദേഹത്തെ പറ്റി പറയാനുണ്ട് . അന്യഭാഷാ ഗായകർക്ക് നൽകിയ പരിഗണന ഒന്ന് . കൂടാതെ മലയാളി ഗായകരെ ഒട്ടും മറക്കാതെയും ! ശങ്കർ മഹാദേവൻ , കാർത്തിക് തുടങ്ങിയവർക്കൊക്കെ തന്റെ കരിയറിലെ മികച്ചത് തന്നെ നൽകിയിട്ടുണ്ട് ഇദ്ദേഹം. മലയാളത്തിലെ ഒട്ടുമിക്ക ഗായകരെയും ഇദ്ദേഹം പരീക്ഷിച്ചിട്ടുണ്ട്. വെറുതെ ഒന്ന് മൂളാനായിട്ടല്ല . സോളോ ആയിട്ടും, സംഘത്തിലേക്കും, യുഗ്മ ഗാനത്തിലേക്കും എല്ലാം... ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന ( മഞ്ജരി - ഉറുമി ) ചിരിമണി മുല്ലേ ചിത്തിര മുല്ലേ ( ജോസ്‌ന , അഫ്സൽ -- ലയൺ ) സുന്ദരി ഒന്ന് പറയൂ പ്രാണസഖി ( ശ്വേതാ മോഹൻ , ഉദിത് നാരായൺ -- ലയൺ ) കരളേ കരളിന്റെ കരളേ ( വിനീത് ശ്രീനിവാസൻ, റിമി ടോമി -- ഉദയനാണ് താരം ) പെണ്ണെ എൻ പെണ്ണെ ( അഫ്സൽ, ശാലിനി സിങ് -- ഉദയനാണ് താരം ) ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ട് വിരിഞ്ഞു ( എംജി ശ്രീകുമാർ, ചിത്ര അയ്യർ -- ക്രോണിക് ബാച്ചിലർ ) പകൽപ്പൂവേ പൊഴിയാതെ ( യേശുദാസ് , രേണുക ഗിരിജൻ ) ചിരി ചിരിയോ നിൻ നൊമ്പര ചിരിയിൽ ( യേശുദാസ്, ഗംഗ ) ഒരു കോടി മംഗളം വരമരുളി ( യേശുദാസ് , രചന -- രാഷ്ട്രം) മഴപാടും കുളിരായി ( അരവിന്ദ് വേണുഗോപാൽ, അപർണ ബാലമുരളി --- സൺ‌ഡേ ഹോളിഡേ ) പിച്ചവെച്ചു നാൾമുതൽ ( പുതിയ മുഖം) , പുഞ്ചിരി തഞ്ചും ചുണ്ടിലൊരോമൽ എന്നിവ ശങ്കരമഹാദേവനും , ഒരു നോക്ക് കാണുവാൻ കാത്തിരുന്നവൾ ( കാർത്തിക് ) എന്നിവ മികച്ച ഉദാഹരണങ്ങൾ .... ഇതിലുമെത്രയോ പുതുമുഖങ്ങൾക്ക് ദീപക് ദേവ് അവസരങ്ങൾ കൊടുത്തിട്ടുണ്ട്. എല്ലാം എഴുതുന്നില്ല എന്ന് മാത്രം. തുടക്കം മുതൽ തന്റേതായ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ എഴുതിയത് ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ആയതു യാദൃശ്ചികം. എങ്കിലും കരുത്തുറ്റ വരികൾ കൂട്ടായുണ്ടായത് ഇദ്ദേഹത്തിന്റെ ഒരു ഭാഗ്യം.... ഐ ലവ് യു മമ്മി ( ഭാസ്കർ ഡി റാസ്കൽ --- റഫീഖ് അഹമ്മദ് ) നിലാക്കുടമേ ( ബി കെ ഹരിനാരായണൻ ) മനസ്സിലൊരായിരം കസവു നെയ്യുമീ ( ബി കെ ഹരിനാരായണൻ) ആരാന്നെ ആരാന്നെ ഒത്തുപിടിക്കണതാരാന്നെ ( ഉറുമി - ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ) എങ്ങണ്ടിയൂരിന്റെ നാടൻ പാട്ടുകൾക്ക് സ്വതസിദ്ധമായ സംഗീതം തന്നെ നൽകി ദീപക് ... അകലെയോ അകലെയോ നീ ( ചിറ്റൂർ ഗോപി ) പാട്ടും പാടിയൊരു കൂട്ടിൻ വാതിലിൽ ( ഗിരീഷ് പുത്തഞ്ചേരി ) കൈതപ്രത്തിന്റെ ഓമൽ കണ്മണി ഇതിലെ വാ എന്ന ഉശിരൻ ഗാനത്തിന് കൊടുത്ത സംഗീതത്തിന്റെ മറുപുറം വേൽ മുരുകാ എന്ന ഇളക്കപ്പാട്ടിനും നൽകി ദീപക് ദേവ് .. നരൻ എന്ന മോഹൻലാൽ ചിത്രം ഓർക്കുന്നതും ഈ പാട്ടുകളിലൂടെയും ആണ്... ബിഗ് ബ്രദർ , ഗാനഗന്ധർവൻ എന്നീ ചിത്രങ്ങളിലും മധുരതരമായ ഗാനങ്ങൾ കൊടുക്കാൻ ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട്. സിനിമ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയതുമാവാം പാട്ടുകളും അനുഭവിച്ചത്... നല്ല വരികൾക്ക് നല്ല സംഗീതം... ആ പാട്ടുകാലം ഇനിയുമുണ്ടാവും ... ആസ്വാദകരെന്നും കാത്തുകാത്തിരിക്കും...

ഇഷ്ടം " പാട്ടിൽ ....

" ഇഷ്ടങ്ങളെ പറ്റി കേൾക്കാനാണിഷ്ടം .പറയാനും .നല്ലത് ശ്രവിക്കാൻ ഇഷ്ടപ്പെടുന്നവരുടെ കാര്യമാണ് പറഞ്ഞത് .. ഇഷ്ടങ്ങൾ പലവിധത്തിലല്ലേ ... പ്രണയത്തിൽ കുടുങ്ങിയവരുടെ ഇഷ്ടങ്ങൾ നോക്കാം . പാട്ടുകളിൽ അതെങ്ങിനെ എന്നും അറിയാം .. ലോകത്തെന്തിനോടും ഇഷ്ടം തോന്നുമപ്പോൾ . ഇഷ്ടം മനസ്സിൽ സൂക്ഷിക്കുന്നവർ ഏറെ .പറയാൻ മടി . പാട്ടെഴുത്തുകാർ അത് നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് .... അതിൽ വയലാർ രാമവർമ്മ മാത്രം ഏറെ കടന്നെഴുതി എന്ന് മാത്രം .ഇഷ്ടപ്രാണേശ്വരി ആണ് കവിക്ക് പ്രണയിനി .അദ്ദേഹം പറയുകയാണ് ''നിൻ്റെ ഏദൻ തോട്ടം എനിയ്ക്ക് വേണ്ടി .ഏഴാം സ്വർഗ്ഗം എനിക്ക് വേണ്ടി " എന്ന് . വയലാർ ശരത്ചന്ദ്രവർമ്മ ഒന്ന് മയപ്പെടുത്തി " ഇഷ്ടമല്ലേ, ഉള്ളിലായെന്നോടിന്നും ഇഷ്ടമല്ലേ ,കൂട്ടുകാരി കൂട്ടിലോ നീയും ഞാനും മാത്രമല്ലേ '' എന്നും .. ഇഷ്ടങ്ങളെ പാട്ടിൽ നിരത്തിയതേറെയും കൈതപ്രമാണ് . അതാണെങ്കിലോ പ്രകൃതിയിലലിഞ്ഞ് തൻ്റെയിഷ്ടം കാണിക്കയാണ് . " ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം '' എന്ന് ഓതിയോതി .. " മണിത്തിങ്കൾക്കിടാവിനെയെനിക്കിഷ്ടം " പിന്നെയോ ... മുന്നിൽ സൂര്യൻ വരും നേരമെനിക്കിഷ്ടം . ഇഷ്ടമാണിളം കാറ്റ്. എനിക്കിഷ്ടമാണിള വെയില് ..." ഇഷ്ടങ്ങളുടെ ഒരു പരമ്പരയാണ് .. ഒക്കെ അവനോടുള്ള ഇഷ്ടം കൊണ്ട് മാത്രം . സന്ദർഭങ്ങൾ മാറുമ്പോൾ ഇഷ്ടം മറ്റൊരു രീതിയിൽ .കൈതപ്രം തന്നെ "സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം ഞാനോന്നു കരയുമ്പോളറിയാതെ ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം'' ഇവിടെ ഇഷ്ടത്തിൻ്റെ ഭാവം തന്നെ മാറി . സ്നേഹത്തിൻ്റെ ,രക്തബന്ധത്തിൻ്റെ മികച്ചോരുദാഹരണം . ഇനി ഇഷ്ടം പ്രകടിപ്പിക്കുന്നത് നിഷേധ ഭാവത്തിലായാലൊ .. അതിലും നേരിയ ഇഷ്ടം നിഴലിക്കുന്നുണ്ട് .. കൈതപ്രം ഇവിടെ അങ്ങിനെയും ചിന്തിച്ചു .. ''ഇഷ്ടമല്ല ഡാ എനിക്കിഷ്ടമല്ല ഡാ ഒട്ടുമൊട്ടുമിഷ്ടമല്ല ഡാ '' എന്ന് പ്രവചിക്കുന്നത് നായകൻ്റെ കടന്നുകയറ്റം മൂലം മാത്രമാണെന്ന് നമുക്കൂഹിക്കാം .. '''കാതിൽ വെള്ളിച്ചിറ്റു ചാർത്തും കാട്ടുമുല്ലപ്പെണ്ണിനോട് കാറ്റു മൂളി എന്നെയിഷ്ടമാണോ ആറ്റിറമ്പിൽ പാടിയേതോ പ്രേമഗന്ധർവൻ കാട്ടുപൂവും കോരിത്തരിച്ചല്ലോ " ഓ എൻ വി യായാൽ ഇങ്ങനെയെഴുതും . പ്രേമ ഗന്ധർവ്വനെ കൊണ്ട് വളഞ്ഞ വഴിയിൽ കൂടി ചോദിപ്പിക്കുമോയെൻവി... യൂസഫലിയും മോശക്കാരനല്ല ... എങ്ങിനെയും തൻ്റെ ഉള്ള് അറിയിച്ചിരിക്കും .ആരുടെ കൂട്ടുപിടിച്ചിട്ടായാലും . '"അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ നിന്നെ ഇഷ്ടമാണോ നിനക്കിഷ്ടമാണോ '' പറഞ്ഞൂല്ല .ന്നാ കാര്യം അവതരിപ്പിക്ക്യേം ചെയ്തു എന്നവസ്ഥ... എന്നാൽ തൻ്റെ നായകന് അവളോട് പറയാൻ മടി .. സംവിധായകൻ ഹരിഹരൻ കവിയായെഴുതി ... "കാറ്റിനു സുഗന്ധമാണിഷ്ടം മുളം കാടിനു നാദമാണിഷ്ടം ഇഷ്ടം..... ഭൂമിയും മാനവും തിരയും തീരവും ആഴിയും നദിയുമാണിഷ്ടം ഇഷ്ടം...കാറ്റിനു സുഗന്ധമാണിഷ്ടം മുളം കാടിനു നാദമാണിഷ്ടം ഇഷ്ടം..... ഭൂമിയും മാനവും തിരയും തീരവും ആഴിയും നദിയുമാണിഷ്ടം ഇഷ്ടം... " എനിയ്ക്ക് നിന്നെയും എന്ന് കേട്ടിരിക്കുന്ന നായികയോട് പറയാതെ പറഞ്ഞു .... <3 ഇനിയെത്ര ഇഷ്ടങ്ങൾ <3

മുരുകൻ കാട്ടാക്കട

കവിതകൾ ചൊല്ലി കേൾക്കുന്നതിൽപ്പരം സുഖം മറ്റൊന്നില്ല . ബാലചന്ദ്രൻചുള്ളിക്കാട് ,ഓ എൻ വി ,മധുസൂദനൻ നായർ, വിനയചന്ദ്രൻ ... ഓരോരുത്തർക്കും ഓരോ ശൈലി .എഴുത്തും വ്യത്യസ്തം .ഇവർക്കിടയിൽ ജനകീയനായ ഒരു കവി.മുരുകൻ കാട്ടാക്കട . വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ പെരുങ്കാഴ്ചകളുടെ അശ്ലീലത്വം ,തിമിര കാഴ്ചകളുടെ വിധേയത്വം .. എല്ലാം വിഷയമാക്കി കണ്ണടകൾ എന്ന കവിതയിലൂടെ .ചൊൽക്കവിത കൂടുതൽ ജനങ്ങളിലിറങ്ങിയ കവിത .സാധാരണ ആരാധകർ ഏറെയുണ്ടായി .സംഗീതത്തിൻ്റെ മഹത്വവും ഒരു കാരണം . ബാഗ്ദാദ് എന്ന കവിത രോദനങ്ങളുടെ സാക്ഷ്യപത്രം ആണ് .ദുരിതങ്ങളുടെ പെരുമഴയിൽ നനഞ്ഞൊലിച്ച് പൊടിഞ്ഞ് തീരുന്നവർക്ക് വേണ്ടി .ഫാസിസത്തിനെതിര് നിന്നത് ... ഭ്രമമാണ് പ്രണയമെന്ന് പറഞ്ഞു വെക്കേണ്ടത് .... കവിയ്ക്കുമാശങ്ക! എന്നാലും അതെല്ലാമാണ് ... ഓർമ്മിക്കണം എന്ന വാക്കിൽ തൂങ്ങിയാടി പ്രണയം ...രേണുക ഒരു പ്രണയ നോവ് ... രക്തസാക്ഷിയിൽ ജീവൻ കൊടുത്ത സഖാക്കളുടെ ഉയരുന്ന കൈകളുണ്ട് .അവനവന് വേണ്ടിയല്ലാതെ മറ്റുള്ളവരുടെ സുഖജീവിതത്തിന് വേണ്ടി ബലിയാടായിത്തീർന്നവരുടെ ... കവിതകളിലൂടെ ,ഉയർന്നശബ്ദത്തിലുടെ മുരുകൻ കാട്ടാക്കട ശബ്ദവിപ്ലവം സൃഷ്ടിച്ചു ... മെല്ലെ മെല്ലെ അദ്ദേഹം സിനിമയിലും പാട്ടെഴുതി ... ഓർക്കാൻ രസമുള്ള നല്ല ചില ഗാനങ്ങൾ ഓർമ്മയിൽ വരുന്നു ... "മാവിൻ ചോട്ടിലെ മണമുള്ള മധുരമായ് " ഒരു നാൾ വരും എന്ന ചിത്രത്തിലെ എംജി ശ്രീകുമാർ ഈണം കൊടുത്ത ബാല്ല്യത്തിൻ്റെ മാങ്ങാച്ചുന നീറുന്ന വരികൾ നിറഞ്ഞ ഈ ഗാനം സുന്ദരം .ശ്വേത മോഹൻ പാടി .. പത്മരാജൻ - ഭരതൻ്റെ മാസ്റ്റർ പീസായ രതിനിർവ്വേദത്തിൻ്റെ പുതു പതിപ്പിൽ പാട്ട് മുരുകന് . ആദ്യ പതിപ്പിൽ കാവാലം സുന്ദരമാക്കിയ വരികൾ നിലനിൽക്കുന്നു. പുതിയ കാലത്തിന് വേണ്ടി "ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണി പൊയ്കയിൽ " ഒട്ടും കുറവ് വരുത്തിയില്ല കാട്ടാക്കടയും. എം ജയചന്ദ്രൻ ഈണം .സുദീപ് കുമാർ ഗായകൻ . " കണ്ണോളം ചിങ്കാരം '' എന്ന ശ്രേയ ഘോഷാൽ പാട്ടിലും രതിനിറഞ്ഞു നിന്നു ... ഗോപീ സുന്ദറിൻ്റെ ഈണത്തിൽ " മാനത്തെ മാരി ക്കുറുമ്പേ '' പുലിമുരുകനിലൂടെ തുടർന്നു ... ഗാനങ്ങൾ തുടരുന്നു .. കവിതയും ....

ദേവ സംഗീതം നീയല്ലേ ...

എഴുപതുകളുടെ അവസാനം തമിഴ് സംഗീതത്തിന്റെ ഛായ തന്നെ മാറ്റിമറിച്ചു കൊണ്ടായിരുന്നു ഇളയരാജയുടെ വരവ് . ഗ്രാമീണ സംഗീതത്തിന്റെ തുടിപ്പ് സിനിമാഗാനങ്ങളിൽ കലർത്തി വിളമ്പിയപ്പോൾ ആസ്വദിച്ചു രുചിച്ചു അവർ. പിന്നീടത് തമിഴകത്തിൽ മാത്രമൊതുങ്ങാതെ തെലുങ്ക് , ഹിന്ദി, മലയാളം എന്നീ ഭാഷകളെയും കീഴടക്കി . 1978 ൽ തന്നെ മലയാളത്തിൽ ഒരു പുത്തൻ സംഗീത ധാരയായി പെയ്തു . നമ്മളെന്നും ഓർത്തുവെക്കും ആ വരവ് . പതിവ് ഈണങ്ങൾ പോലെ ആയിരുന്നില്ല അത് . ആ വ്യത്യസ്തത എന്നുമോർക്കും . ഡോ . പവിത്രന്റെ രചനക്ക് ഈണം നൽകിക്കൊണ്ട് വ്യാമോഹം എന്ന ചലച്ചിത്രത്തിൽ. "പൂവാടികളിൽ അലയും തേനിളം കാറ്റേ " യുഗ്മഗാനമായും , ജാനകിയുടെ സോളോ ആയും റേഡിയോ അന്ന് കേൾപ്പിച്ചത് ഓർക്കുന്നു. ഇളയരാജ എന്ന പ്രഗത്ഭ സംഗീതജ്ഞനെ കുറിച്ച് പറയുമ്പോൾ അദ്ദേഹം അലകളിളക്കി വിട്ട് വിവാദമായ മറ്റൊരു കാര്യത്തെ കൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. അതിന്റെ അലകളൊക്കെ ഏകദേശം അടങ്ങിയിരിക്കയാണ് എങ്കിലും പറയാതെ വയ്യ. പണം വാങ്ങി തന്റെ പാട്ടുകൾ സ്റ്റേജുകളിൽ പാടുന്നവർ റോയൽറ്റി നൽകണം എന്ന കൽപ്പന ! സൗജന്യമായി പാടുന്നവർ നല്കേണ്ടെന്നും പറഞ്ഞിരുന്നു. ഇതിൽ ഉടമസ്ഥാവകാശ തർക്കമുണ്ട്. താൻ ഈണം നൽകിയതൊക്കെ തന്റെ ഗാനങ്ങൾ ആണെന്ന് ഇളയരാജ വാദം. സംഗീതം കൊണ്ട് മാത്രം ഗാനങ്ങൾ സ്വന്തം ആവുമോ . അതിനൊരു രൂപം വരുന്നത് എഴുത്തിലൂടെ ആണ്. ഗായകരിലൂടെ അത് പുറത്തുവരുമ്പോൾ മറ്റൊരു ഭാവവും. വരികൾ, സംഗീതം , ഗായകർ കൂടാതെ പശ്ചാത്തല സംഗീതജ്ഞർ ഇവരിലൂടെ ഒക്കെ ഒരുക്കപ്പെടുന്ന ഒരു ഗാനത്തിന് എങ്ങിനെ ഈണം നല്കിയവൻ മാത്രം അവകാശി ആവും!!! അത്തരത്തിലൊരവകാശി ആവാമെങ്കിൽ ഞാൻ പറയട്ടെ...ചലച്ചിത്രമാക്കാൻ ഒരുങ്ങിയ നിർമ്മാതാവല്ലേ യഥാർഥ അവകാശി ... ഇതൊരു ചർച്ചയല്ല ... ഒരു സമ്പൂർണ സർഗ്ഗ സൃഷ്ടിയായ കവിത തന്നെ എടുക്കാം . എഴുതിയവൻ മാത്രമല്ല അത് ചൊല്ലുന്നത് . അത് പാടി പലരും സമ്മാനങ്ങൾ നേടുന്നുണ്ട്. അപ്പോൾ അതിന്റെ ഒരു പങ്ക് കവിക്കും കിട്ടേണ്ടേ ..!!! ഇളയരാജയുടെ സംഗീതത്തിലേക്കു തന്നെ തിരികെ വരാം. മലയാളത്തിലെ ഈണങ്ങൾ മാത്രം. മലയാളത്തിൽ ആരെഴുതിയാലും ഇളയരാജ സംഗീതം ചെയ്‌താൽ അത് ഹിറ്റാവും., അവിടെ സംഗീതത്തിന് തന്നെയാണ് വില . അത് പറയാതെ വയ്യ. എന്നിരുന്നാലും ഓ എൻ വി - ഇളയരാജ കൂട്ടുകെട്ട് തന്നതോളം ആരും തന്നിട്ടില്ല. രണ്ടാമത്തെ ഗാനം മുതൽ ഇളയരാജ കൂടെയുണ്ട്.. പാലരുവി പാടി വരൂ --- ദൂരം അരികെ വേഴാമ്പൽ കേഴും വേനൽകുടീരം നീ -- ഓളങ്ങൾ തുമ്പീ വാ -- ഓളങ്ങൾ കുളിരാടുന്നു മാനത്ത് -- ഓളങ്ങൾ മഞ്ഞും കുളിരും കുഞ്ഞിക്കിളിയും -- സന്ധ്യക്കു വിരിഞ്ഞ പൂവ് മിഴിയിൽ മീൻ പിടഞ്ഞു -- സന്ധ്യക്ക് വിരിഞ്ഞ പൂവ് യമുനേ നിന്നുടെ നെഞ്ചിൽ - യാത്ര തന്നന്നം താനന്നം -- യാത്ര പുഴയോരത്തിൽ പൂന്തോണി എത്തീല -അഥർവം പൂവായ് വിരിഞ്ഞു -- അഥർവം കുന്നത്തെ കൊന്നയ്ക്കും - പഴശ്ശിരാജ ആദിയുഷസ്സന്ധ്യ പൂത്തതിവിടെ -- പഴശ്ശി രാജ ഇത്രയും സുന്ദരഗാനങ്ങൾ എങ്കിലും ഉണ്ട്... തുടക്കം മുതൽ എസ് ജാനകിയെ വിട്ടൊരു ഗായിക ഇദ്ദേഹത്തിനുണ്ടായിരുന്നില്ല . അതുകൊണ്ടു തന്നെ ഒട്ടേറെ സൂപ്പർ ഗാനങ്ങൾ അവർക്കു കിട്ടുകയുണ്ടായി. പൂവാടികളിൽ -- വ്യാമോഹം പാലരുവി പാടിവരൂ - ദൂരം അരികെ തുമ്പീ വാ - ഓളങ്ങൾ കിളിയെ കിളിയെ - ആ രാത്രി ഈ നീലിമതൻ ചാരുതയിൽ - ആ രാത്രി തണൽ വിരിക്കാൻ കുട നിവർത്തും - ആലോലം വീണേ വീണേ വീണകുഞ്ഞെ - ആലോലം ആലിപ്പഴം പെറുക്കാൻ -- മൈ ഡിയർ കുട്ടിച്ചാത്തൻ കൽക്കണ്ടം ചുണ്ടിൽ -- ഒന്നാണ് നമ്മൾ തീരം തേടി ഓളം പാടി - ഉണരൂ മൗനം പോലും മധുരം -- സാഗരസംഗമം ബാലകനക മയ ചേല -- സാഗരസംഗമം ഓം നമശ്ശിവായ -- സാഗരസംഗമം യമുനേ നിന്നുടെ നെഞ്ചിൽ - യാത്ര തന്നന്നം താനന്നം -- യാത്ര പൂങ്കാറ്റിനോടും -- പൂമുഖ പടിയിൽ നിന്നെയും കാത്ത് കൊഞ്ചിക്കരയല്ലേ -- "" "" എൻ പൂവേ പൊൻപൂവേ - പപ്പയുടെ സ്വന്തം അപ്പൂസ് ഓലത്തുമ്പത്തിരുന്നൂയലാടും -- "" "" ജാനകിയുടെ ശബ്ദം വേണ്ടും വിധം ഉപയയോഗപ്പെടുത്തി അദ്ദേഹം . ചിത്രയുടെ വരവോടു കൂടി മാത്രമാണ് ജാനകി പിൻവാങ്ങിയതും. ഇതിലൂടെ കൈതപ്രം , കാവാലം, ഗിരീഷ് പുത്തഞ്ചേരി , പികെ ഗോപി , ബിച്ചു തിരുമല, പൂവച്ചൽ ഖാദർ , യൂസഫലി കേച്ചേരി , വയലാർ ശരത്ചന്ദ്ര വർമ്മ , റഫീഖ് അഹമ്മദ് ,ശ്രീകുമാരൻ തമ്പി , രമേശൻ നായർ തുടങ്ങിയവർക്കും അവസരങ്ങൾ കിട്ടുകയുണ്ടായി. വരികൾ ആരുടെതെന്ന് അല്ല . സംഗീതം ഇളയരാജ . ഒരു സംഗീതജ്ഞന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം . ആറ്റിറമ്പിലെ കൊമ്പിലെ -- ഗിരീഷ് പുത്തഞ്ചേരി ദേവസംഗീതം നീയല്ലേ - രമേശൻ നായർ കടൽ കാറ്റിൻ നെഞ്ചിൽ -- കൈതപ്രം കയ്യെത്താ കൊമ്പത്തോ - വയലാർ ശരത് ചന്ദ്ര വർമ്മ താരാപഥം ചേതോഹരം - പി കെ ഗോപി ഉണരുമീ ഗാനം -- ശ്രീകുമാരൻ തമ്പി ഋതുഭേത കൽപ്പന ചാരുത നൽകിയ - എം ഡി രാജേന്ദ്രൻ വാലിട്ടെഴുതിയ നീലകടക്കണ്ണിൽ - ബിച്ചു തിരുമല ആലോലം പീലിക്കാവടി ചേലിൽ -- കാവാലം നാരായണപ്പണിക്കർ പ്രിയനേ ഉയിർ നീയേ -- യൂസഫലി കേച്ചേരി കിളിയെ കിളിയെ -- പൂവച്ചൽ ഖാദർ ലോലരാഗ കാറ്റേ -- മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവരൊക്കെ തങ്ങളുടെ കരിയറിലെ സുവർണ നിമിഷങ്ങളായി ഇതിനെ എണ്ണും .. ഉറപ്പ് .. എണ്ണിയിട്ടുണ്ടാവും... സത്യൻ അന്തിക്കാട് സിനിമകളിൽ ഇടക്കാലത്ത് കുറച്ചേറെ സിനിമകൾക്ക് ഇദ്ദേഹം ഈണം പകർന്നിട്ടുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങൾ ,മനസ്സിനക്കരെ ,രസതന്ത്രം , അച്ചുവിന്റെ അമ്മയ്ക്ക് , വിനോദയാത്ര , ഇന്നത്തെ ചിന്താവിഷയം ,ഭാഗ്യദേവത , പുതിയ തീരങ്ങൾ , സ്‌നേഹവീട് എന്നിവയിലൊക്കെ ഇഴചേർന്നു പോയത് ഇളയരാജ ഈണങ്ങളാണ്... ഗാനങ്ങളുടെ വിധം മാറി. സംഗീതജ്ഞർ മാറി . പാട്ടുകൾ പുതിയ സംഗീതജ്ഞരിലേക്ക് കൈമാറ്റപെട്ടു.... അതിനിയും മാറും.. മാറ്റം കേൾവിക്കാരിലും ഉണ്ട്.. മാറ്റം അനിവാര്യമാണ് എന്ന സത്യത്തെ അംഗീകരിക്കുന്നു....

സുന്ദരനായവനേ....

ചില മഹാപ്രതിഭകളുണ്ട് ...അവരേകുന്ന സർഗ്ഗവൈഭവത്തിന്റെ മായാവലയത്തിൽ പെട്ട് സ്വപ്നാടനക്കാരായിപ്പോവുന്ന ആസ്വാദകരുമുണ്ട് . സ്വപ്നാടനത്തിന്റെ അലസതയിൽ , സ്വയം മറന്ന് നിഷ്ക്രിയരായി പോവുന്നവരല്ല, മറിച്ച് ഉറങ്ങിക്കിടന്ന പോയകാലത്തിന്റെ വെണ്മയാർന്നിടങ്ങളിലേക്കു വീണ്ടും നയിക്കുന്ന ,കൈപിടിച്ച് കൊണ്ടുപോവുന്ന ഏതോ കാവലാൾ പോലെ .. ചിലപ്പോഴത് എഴുത്തിന്റെ വഴികളിൽ കൂടെ വന്നതാവാം, മറ്റു ചിലപ്പോൾ ഈണങ്ങളിൽ നിന്നൂർന്നു വന്നതാവാം, അതുമല്ലെങ്കിൽ ആലാപനത്തിന്റെ തേൻ മധുരിമയിൽ കൂട്ടുചേർന്നതാവാം . ഇതെല്ലാം ഒന്നുചേർന്നൊരുവൻ അത്രമേൽ മധുരിതമായി മനസ്സിനെ കീഴടക്കിയാലോ !! അവിടെ നമ്മൾ ആരാധനയും കടന്ന് നിർവചനാതീതമായ മറ്റൊരു വൈകാരികതയിൽ തളച്ചിടപ്പെട്ടുപോവും . ആ സുഖ ലഹരിയിൽ നിന്ന് നമ്മൾ ജീവിതതാളം വീണ്ടെടുക്കും. ഊർജസ്വലതയുടെ പട്ടുപൂവാടകൾ ചൂടി ഉന്മേഷവാന്മാരാവും . സിനിമയിൽ അത്തരക്കാർ കുറവാണ്. പാട്ടെഴുത്തിന്റെ ഉന്മാദം സമ്മാനിക്കുന്നവർ ഉണ്ടാവും. ഈണങ്ങളുടെ മായികദണ്ഡുകൾ വീശുന്നവർ ഉണ്ടാവും, ശബ്ദതേജസ്സിൽ മയക്കികിടത്തുന്നവർ ഉണ്ടാവാം.... ഇതെല്ലാം ഒരാളിൽ ഒത്തുചേരുമ്പോൾ അദ്ദേഹത്തെ എന്ത് വിളിക്കും നമ്മൾ. അത് അനുഭവവേദ്യമാക്കി തന്നത് ഒരേ ഒരാൾ മാത്രം !! കുറച്ചു കാലങ്ങളായി ഇവിടെ സജീവമായി തുടരുന്ന ശ്രീ ഷഹബാസ് അമൻ എന്ന ഗസൽ ഗായകനെ കുറിച്ചാണ് പറഞ്ഞു വന്നത്. ആൽബങ്ങളിലും , തുറന്ന വേദികളിലും മുഴങ്ങിയ സൗമ്യ ശബ്ദത്തിന്റെ ഉടമ ,ഗസലിന്റെ പ്രത്യേകതയായ വിഷാദത്തിന്റെ, സൗന്ദര്യ വീക്ഷണത്തിന്റെ എല്ലാ നന്മയും ഉൾച്ചേർന്ന അപാര ഗായകൻ .. അങ്ങിനെയായിരുന്നു ഷഹബാസിനെ പാട്ടുലോകം അറിഞ്ഞിരുന്നത്... 2005 ൽ പാട്ടിന്റെ ചാന്തു കുടഞ്ഞുകൊണ്ടൊരു സൂര്യനായി ഇദ്ദേഹം അവതരിച്ചു . ചാന്തുപൊട്ട് എന്ന ചിത്രത്തിലെ വയലാർ ശരത് ചന്ദ്രവർമ്മ രചിച്ച അദ്ദേഹത്തിന്റെ ഏറ്റവും സുന്ദരമായ ഒരു വരിയുടെ ആലാപനത്തിലൂടെ ... ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് ... വിദ്യാസാഗറിന്റെ സംഗീതത്തിൽ സുജാതയുമൊത്ത് മനോഹരമാക്കിയ ഗീതം.. ഗസൽ മേഖലയിൽ നിന്ന് കൈവന്ന ഗാനാലാപാനത്തിലെ സൗമ്യത തികച്ചും നിലനിർത്തിക്കൊണ്ടായിരുന്നു സിനിമാഗാനങ്ങളിലും തന്റെ നില തുടർന്നത് ... ഇഷ്ടമല്ലേ ... ഇഷ്ടമല്ലേ .. എന്ന ചോക്ലേറ്റിലെ എന്ന ഗാനം തന്നെ നോക്കണം . എന്ത് മധുരമായാണ് അതിന്റെ ആലാപനം. ശരത് വയലാർ രചന അലക്സ് പോൾ സംഗീതം . ആലാപനത്തിന്റെ തുടക്കക്കാലത്തു തന്നെ സംഗീത സംവിധായകന്റെ റോളിൽ പരദേശിയിലെ ഗാനങ്ങൾക്ക് രമേശ് നാരായണന്റെ കൂടെ ...ആ കൂട്ടുചേരൽ ശരിക്കും തിരിച്ചറിയാം . രമേശ് നാരായണൻ- ഷഹബാസ് അമൻ കലർപ്പ് " തട്ടം പിടിച്ചു വലിക്കല്ലേ " എന്ന ഗാനത്തിൽ ഉൾച്ചേർന്നിട്ടുണ്ടേറെ ! പിന്നീടുള്ള കാലങ്ങൾ മാറിയും മറിഞ്ഞും എഴുത്തും, സംഗീതവും, ആലാപനവുമായി നമ്മിലേക്ക്‌ കടന്നു കയറിയവൻ !! പകൽ നക്ഷത്രങ്ങളുടെ ഇളം പുഞ്ചിരിയായ് ... ഈ രാത്രിയിൽ ഞാനെഴുതും എന്റെ ഏറ്റം വിഷാദാർദ്ര കവിത ... ഷട്ടറിലെ ഈ ഏറ്റം വിഷാദാർദ്ര ഗാനം എഴുതി, സംഗീതം ചെയ്ത് പാടി ഇദ്ദേഹം ... രാവിന്റെ, നഷ്ടപ്രണയത്തിന്റെ , കടുത്ത വിഷാദത്തിന്റെ എല്ലാ അലയൊലികളും സമ്മേളിച്ച ഗാനം. വല്ലാത്തൊരു നിർവൃതിയോടെ കേട്ടത്, അനുഭവിച്ചത്. അഗസ്റ്റിൻ അവതരിപ്പിച്ച കഥാപാത്രം ആ ഗാനത്തിൽ ലയിക്കുന്നത് സിനിമയിൽ കാണാം... ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും .... ഇത് മറ്റൊരു ഷഹബാസ് അത്ഭുതം . ഇന്ത്യൻ റുപ്പിയിൽ അനുഗ്രഹീത കവി മുല്ലനേഴിയുടെ രചന . ഇദ്ദേഹത്തിന്റെ സംഗീതത്തിന്റെ മാസ്മരികത ഇതാണ്. സിനിമയിലെ പിരിമുറുക്കങ്ങളോട് , കുളിർ നിമിഷങ്ങളോട് അത്രയേറെ ഒത്തുചേരും ... അദ്ദേഹം സംഗീതം ചെയ്ത് വിജയ് യേശുദാസ് പാടിയത്... മദ്യപാനത്തിന്റെ കടുത്ത ജീവിത യാഥാർഥ്യങ്ങളെ തുറന്നു കാട്ടിയ സിനിമയായിരുന്നു സ്പിരിറ്റ്. സിനിമയിൽ ആ പിരിമുറുക്കങ്ങളെ കെട്ടഴിച്ചു വിടുന്നു ചില ഗാനങ്ങൾ . റഫീഖ് അഹമ്മദിന്റെ അസാമാന്യ രചനകളിൽ ഷഹബാസിന്റെ സംഗീതവിരുത് !!! മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ ... സത്യത്തിൽ ഞെട്ടിച്ച ഗാനം ആണിത് . നേരിയ ഭീതി പകർന്ന ഒരു ഗാനം . മരണത്തെ പുൽകാൻ സമയമായി എന്ന് അറിയുന്ന ഒരുവന്റെ തകർന്ന മനസ്സിന്റെ സങ്കടങ്ങൾ നിറഞ്ഞ ഗാനം. ജീവിതത്തെ ആശ്ലേഷിച്ചു കൊണ്ട് പ്രാണനെ വിടാനാവാത്ത ഗദ്ഗദം ... സംഗീതം കൊണ്ടും ഷഹബാസ് നമ്മെ കരയിപ്പിച്ചു.. ഉണ്ണിമേനോൻ അസാധ്യമാക്കുകയും ചെയ്തു.. അതിലെ തന്നെ പ്രണയത്തിന്റെ നൂലറ്റു പോയെങ്കിലും ഉള്ളിൽ വലിഞ്ഞു മുറുകുന്ന അനുഭവമാകുന്ന മറ്റൊരു ഗാനം ... മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ടു മണ്ണിൻ മനസ്സിൽ പ്രണയത്തിനാൽ മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളിൽ... ഈ വരികളിൽ എല്ലാം അടങ്ങിയിട്ടുണ്ട്... ഒരു മുറിയിലാണെങ്കിലും വേർപെട്ടു പോവേണ്ടി വന്ന പ്രണയിതാക്കളുടെ മനസ്സിന്റെ ഉള്ളറകൾ തുറന്ന ഗാനം... ഷഹബാസ് .... ഒന്നും പറയാനില്ല .. നമിക്കുന്നു...!!!! <3 ഈ ചില്ലയിൽ നിന്ന് ഭൂമിതൻ കൗമാര കാലത്തിലേക്ക് പറക്കാം എന്ന ഗാനം കൂടിയുണ്ടതിൽ . കരുത്താർന്ന വരികൾക്ക് തികഞ്ഞ ഈണങ്ങൾ നൽകിയ ഈ ഗാനങ്ങളൊക്കെ എന്നെന്നും നമ്മളോർക്കും ... ഇതൊക്കെ കടന്ന് 2021 ൽ ആസ്വാദനത്തിന്റെ ഉച്ചസ്ഥായിയിൽ ആ സൗമ്യ ശബ്ദത്തിന്റെ കരുത്തിന്റെ എല്ലാ ഭാവങ്ങളും അനുഭവിച്ചു . വെള്ളം എന്ന സിനിമയിലെ ആകാശമായവളേ അകലേപ്പറന്നവളേ ചിറകായിരുന്നല്ലോ നീ അറിയാതെ പോയന്നു ഞാൻ നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ........ ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞു പോയ് ഞാനോ ശൂന്യമായി ...... നിധീഷ് നടേരി എന്ന പുതുമുഖ എഴുത്തുകാരന്റെ ശക്തമായ വരികൾ . ഒറ്റപ്പെടലിന്റെ തീക്ഷ്ണാവസ്ഥ ഇത്രമേൽ ഒരു പാട്ടിലും ഇന്നുവരെ കണ്ടിട്ടില്ല .. നിധീഷ് മലയാള സിനിമയ്ക്ക് ഒരു വാഗ്‌ദാനമാണ് .. ഏകാകിയായ് എവിടെയോ എത്തപ്പെട്ട് ഉള്ളാലെ വിതുമ്പുന്ന ആസ്വാദകനായി പോയി ഞാനും.... ഷഹബാസിന് സ്റ്റേറ്റ് അവാർഡ് നേടിക്കൊടുത്ത ഗാനം.. സുന്ദരനായവനേ... സുബ്ഹാനല്ലാ.. അൽഹംദുലില്ലാ.. സുന്ദരനായവനേ... സുബ്ഹാനല്ലാ.. അൽഹംദുലില്ലാ.. ഹലാൽ ലവ് സ്റ്റോറിയിലെ ഈ ഗാനത്തിനും അദ്ദേഹത്തിന് പുരസ്കാരം കിട്ടുകയുണ്ടായി. മുഹ്‌സിൻ പരാരിയുടെ രചനയിൽ പല പദപ്രയോഗങ്ങളും മനസ്സിൽ ഗൃഹാതുരത്വം ഉണർത്തും. പതിഞ്ഞ ആലാപനരീതിയുടെ സുഖം അനുഭവിയ്ക്കാം ഈ ഗാനത്തിലും . 2017 മറ്റൊരു അപൂർവ സംഗീതാനുഭവമുണ്ടായി . ഇന്ന് വരെ കാണാത്ത ഒരു തരം നായക സൃഷ്ടി . മാത്തൻ . മിഴിയിൽ നിന്നും മിഴിയിലേക്കൊരു തോണി തുഴഞ്ഞേ പോയി ... യുവാക്കളുടെ ഹൃദയങ്ങളെ ഞെരിച്ചു കളഞ്ഞ ഗാനം എന്നൊരു വിശേഷണം ചേർക്കട്ടെ ! അൻവർ അലിയുടെ രചനക്ക് റെക്സ് വിജയൻറെ അപൂർവ സംഗീതം!! ഇനിയുമുണ്ടേറെ ഗാനങ്ങൾ ... പാടി ഞാൻ മൂളക്കമാലെ ( തമാശ ) സംഗീതവും ആലാപനവും .. അന്നയും റസൂലും എന്ന ചിത്രത്തിൽ പഴയ ഗാനങ്ങളെ ഇദ്ദേഹം വീണ്ടും പാടി അവതരിപ്പിച്ചതും സുന്ദരം... കായലിനരികെ കൊച്ചി കായലിനരികെ എന്നത് മൊഹബൂബ്‌ ഈണത്തിൽ ...മേപ്പള്ളി ബാലന്റെ രചന പി എ കാസ്സിം രചിച്ച് ബാബുരാജ് ഈണം കൊടുത്ത കണ്ടു രണ്ടു കണ്ണ് എന്ന ഗാനവും പഴയ കാലത്തിന്റെ ഓർമ്മകളോടെ ... ഒരു മെഴുതിരിയുടെ നിറുകയിലലിയാൻ ( വിശുദ്ധൻ ) മുരുകൻ കാട്ടാക്കട - ഗോപി സുന്ദർ കൂട്ടുകെട്ടിൽ പിറന്നത് .. ആരാരും കാണാതെ ചീലാന്തി മേലാക്കും ( മാലിക് ) ഇതെല്ലാം തന്നെ ഷഹബാസ് അമൻ പാട്ടധ്യായങ്ങളിലെ സുവർണ്ണ ഏടുകളാണ്... ഇനിയുമെത്ര പാടാനിരിക്കുന്നു, എഴുതാൻ കിടക്കുന്നു , സംഗീതം കൊടുക്കാൻ കാത്തിരിക്കുന്നു.... കാത്തിരിക്കുന്നു ഞങ്ങളും... ഉൾതുടിപ്പോടെ...

പ്രണയഗാനങ്ങളിലെ ദേവി

ദേവതാ സങ്കല്പങ്ങളിലെ മൂർത്തീഭാവമാണ് ദേവീചൈതന്യം . അനുഗ്രഹവർഷം ചൊരിയുന്ന ആദിസ്വരൂപിണി . ആരാധനയുടെ ദൈവീകതയിൽ കൺനിറവാർന്ന നിർവൃതി . ദർശനസൗഭാഗ്യത്തിന്റെ മാനസികോല്ലാസത്തിൽ അർപ്പിതരായി പോവുന്നവർ .കണ്മുന്നിലെ ദേവീ ചൈതന്യത്തിൽ ജീവിതം സമർപ്പിച്ചവർ . ഇത് ഭക്തിവിലാസങ്ങളെ പറ്റിയുള്ള ലേഖനമല്ല . ദേവീസങ്കല്പം മനുഷ്യരിൽ പടർന്നു കയറിയ പ്രണയാഭിനിവേശങ്ങളെ എങ്ങിനെ സ്വീകരിച്ചു എന്നറിയാൻ വേണ്ടിയുള്ള ഒരു തേടലാണ് . അത് ഗാനങ്ങളിൽ എങ്ങിനെ വിലയിച്ചിരിക്കുന്നു എന്നുള്ള കുഞ്ഞന്വേഷണം . അതും സിനിമാ ഗാനങ്ങളിൽ പ്രണയിതാവിന്റെ മനസ്സിലെ പ്രണയിനിയുടെ രൂപഭാവങ്ങളോട് ദേവീഭാവങ്ങൾ എങ്ങിനെ പൊരുത്തപ്പെട്ടു നിൽക്കുന്നു എന്നൊരന്വേഷണം !! പ്രണയത്തിൽ ദേവീ എന്ന വിളി തന്നെ അവളോടുള്ള ആരാധനയുടെ ഒരുയർന്ന തലം സൃഷ്ടിക്കുന്നുണ്ട് . മനസ്സിലുൾക്കൊണ്ട സ്നേഹത്തെ അവളോട് പറയാനാവാത്ത നിമിഷങ്ങളിലും , തന്റെ ജീവിതത്തിൽ അവൾ കൊണ്ടുവന്ന സൗന്ദര്യത്തെ അത്യുദാത്തമായ ഒരു കൈനേട്ടമായി അവനനുഭവപ്പെടുമ്പോഴും എല്ലാം ഇത്തരം വൈകാരികതയിൽ പെട്ടുപോവും. അവൾ വർണ്ണാനാതീതമായി വാക്കുകൾക്ക് പുറകിൽ ഒളിക്കുമ്പോൾ .... സുഖമോ ദേവീ .. സുഖമോ ദേവീ .. സുഖമോ സുഖമോ .. എന്ന് മാത്രം ചോദിച്ചുകൊണ്ട് തൃപ്തിയടയുകയും ചെയ്യുന്നു. ഓ എൻ വി കുറുപ്പ് എഴുതിയ ഈ ഗാനം സുഖമോ ദേവി എന്ന ചിത്രത്തിലേത് . മലയാള ഗാന ചരിത്രത്തിൽ ഒറ്റ വരി ഗാനം ഇതായിരിക്കും ... ഓ എൻ വി ക്ക് പ്രണയിനി പലപ്പോഴും ഒരു കാമിനീ ഭാവത്തെക്കാളും ദേവീ ഭാവമുൾക്കൊണ്ടവളാണ് ... ദേവീ ദേവീ കാനനപൂവണിഞ്ഞു കവിത പാടുമ്പോൾ കരളിൻ കൂട്ടിലെ കിളിയുണർന്നുവോ ? സമയമായില്ല പോലും എന്ന ചിത്രത്തിൽ എത്ര സൗമ്യമായാണ് അവന്റെ ചോദ്യം !! വനദേവതയാണ് അവന് അവൾക്കവിടെ ! ദൂതുമായി മേഘത്തിനോടൊന്നു പോയി വരാൻ കേഴുന്നവൻ! ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ് ദൂരേ പോയ് വരൂ എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ് വരൂ.... അത്രയേറെ തരളിതനായി അവൻ കേഴുമ്പോൾ അവളിലേക്കവൻ ഉരുകിവീഴുന്നത് അനുഭവമാകുന്നു . മറ്റു ചിലപ്പോഴത് പ്രകൃതീ ദേവിയുമായി ഭവിക്കുന്നു . ഉദ്യാനദേവിതൻ ഉത്സവമായ് നയനോത്സവമായ് വന്ന പൂമകളെ ... എന്ന രീതിയിൽ ഒരു കൊച്ചു സ്വപ്നത്തിൽ മറ്റൊരു ഭാവം കൈവരിക്കുന്നു... യാമിനീ ദേവീ യാമിനീ പാടൂ നീയെൻ കഥ എന്റെ ദുഃഖം നിന്റെ കൺകളിൽ കണ്ടു ഞാൻ ആയിരം താരകപ്പൂക്കളായ്... വിഷാദത്തിന്റെ തീവ്രത വിവരിക്കുന്ന ഒന്ന് . നഷ്ടത്തിന്റെ തീരത്തിരുന്ന് വിതുമ്പുന്ന ഒരുവൾ . ചുവന്ന ചിറകുകൾ എന്നതിലെ ഗാനം സ്വന്തം ദുഃഖം ആകാശത്തായിരം നക്ഷത്രങ്ങളുടെ വിഷാദസ്മിതമായി തോന്നുന്നു... യൂസഫലിയിൽ എത്തുമ്പോൾ അവൾക്കു രതീദേവിയുടെ ഭാവങ്ങൾ . രതിസുഖസാരമായി ദേവി നിൻ മെയ് വാർത്തൊരാദൈവം .. എന്ന് ധ്വനി എന്ന ചിത്രത്തിൽ . ചുനക്കര രാമൻകുട്ടിക്കും സങ്കല്പങ്ങൾ ഉണ്ട് . അപ്പോൾ ... ദേവീ നിൻ രൂപം ശിശിരമാസ കുളിർ രാവിൽ കാണാനായ് ഓമലേ ഗാനമായ് നിൽപ്പൂ ഞാൻ ... അദ്ദേഹം മനുഷ്യരിലേക്കിറങ്ങി വന്നു എന്ന് സാരം . കൈതപ്രത്തിന് മറ്റൊരു രീതി .. ദേവീ ആത്മരാഗമേകാം ... എന്ന രീതിയിൽ തുടങ്ങി സുഖദമായ കളഗാനമാവാൻ എൻ ഗന്ധർവവീണയാവൂ എന്ന് ക്ഷണിക്കുകയാണ്... അത്യുദാത്തമായ മറ്റൊരു സൃഷ്ടി ഉണ്ട് ദേവീ നിൻ ചിരിയിൽ കുളിരോ പാലൊളിയോ അനുദിനമനുദിനമെന്നിൽ നിറയും ആരാധനമധുരാഗം നീ ... എന്നെഴുതിയത് അപ്പൻ തച്ചേത്ത് എന്ന കവിയാണ് . രാജപരമ്പരയിൽ . അവിടെ തികഞ്ഞ ആരാധനയാണ്! ദേവീ ശ്രീദേവി തേടി വരുന്നു ഞാൻ ... കാവ്യമേളയിലെ വയലാർ കാമിനീ സങ്കല്പം ! അവളെ തിരയുന്ന അവന്റെ ദൈന്യത ഈ ഗാനത്തിൽ കാണാം . അതിനി കഥകളി മുദ്രയിൽ പോലും തെളിയും ! മറ്റൊരു വയലാർ മാജിക് . ദേവി എന്ന ചിത്രത്തിലെ സാമ്യമകന്നോരുദ്യാനമേ എന്ന ഗാനത്തിൽ !! ശ്രീകുമാരൻ തമ്പി മാഹാത്മ്യം ഒന്ന് വേറെ തന്നെ ! തേൻ ഊറുന്ന ചന്ദ്രിക പൂവിന്റെ വേദന കാണാതെ പോവുന്നതും തേടി തളർന്ന മിഴികളുമായി ദേവിയെ കാണുവാൻ വന്നതും പാട്ടു ചരിത്രം . നീലനിശീഥിനീ എന്ന അത്യപൂർവ ഗാനം ... പൂവച്ചൽ ഖാദറും ദേവിയെ തേടി പോയിട്ടുണ്ട്. ശ്രീദേവിയായി . പ്രേമാഭിഷേകത്തിലെ ദേവീ ശ്രീദേവി നിൻ തിരുവായ് മലരണി വാക്യം എന്ന വരികളായ് വിളമ്പി . ഇനിയുമേറെ കിടക്കുന്നു . വൈകാശിത്തിങ്കലിറങ്ങും വൈഡൂര്യക്കനവിൽ എന്ന പാട്ടിൽ മുഴുക്കാപ്പ് ചാർത്തി ദേവീ ശില്പമായൊരുക്കാൻ വെമ്പുന്ന കാമുകനെ രമേശൻ നായർ എഴുതിവെച്ചു... താളം തുള്ളും താരുണ്യമോ അനുരാഗദേവീ നിൻ സൗന്ദര്യമോ ! സത്യൻ അന്തിക്കാട് പക്ഷെ സൗന്ദര്യദേവതയായി അവളെ ചിത്രീകരിച്ചു. ഡോക്ടർ ബാലകൃഷ്ണൻ എന്ന പാട്ടെഴുത്തുകാരൻ അവളെ അടുപ്പിച്ചു നിർത്തുന്നു. ഒരു നോക്ക് ദേവീ കണ്ടോട്ടെ എന്ന രീതിയിൽ ആയിപ്പോയി എന്നേയുള്ളൂ. എന്നാലും ഒരു വാക്കീ ദാസൻ പറഞ്ഞോട്ടെ ... ദാസനായി മാറി എന്ന് മാത്രം . ശ്രീകുമാരൻ തമ്പി വീണ്ടും.. അവളെ പക്ഷെ അമ്പിളീദേവി ആക്കി . സന്ധ്യതൻ അമ്പലത്തിൽ കുങ്കുമ പൂത്തറയിൽ ചന്ദനകാപ്പു ചാർത്തി അമ്പിളി ദേവിയായി താരകളാരതിയായി ... മുല്ലനേഴിയുടെ രചനയിൽ സ്മൃതികൾ നിഴലുകൾ എന്നൊരു ഗാനം ഉണ്ട്... മായാതെ എഴുതിയ കഥകൾ മറക്കുവാനോ ദേവീ എന്ന് ചരണത്തിൽ പൂർണ്ണമാക്കി ഇനിയും മറക്കുവാനോ ദേവീ ... സ്നേഹാർദ്രമായ ഒരു വിളിയായി അത് പരിണമിച്ചു... ദേവീ ക്ഷേത്രനടയിൽ ദീപാരാധന വേളയിൽ ... ഈ ഗാനത്തിൽ സാക്ഷാൽ ദേവി തന്നെയെങ്കിലും അതിലും ഉണ്ട് പ്രണയാങ്കുരങ്ങൾ .! ഭൂമിദേവി പുഷ്പിണിയായി കാമദേവനുത്സവമായി ... നമുക്കും .... :) സ്നേഹ നിർവൃതിയിൽ നിന്നും ഉണർന്നുലഞ്ഞ ഇത്തരം വരികളിലൂടെ പോവുമ്പോൾ നാമും സ്നേഹാർദ്രരായി മാറുകയാണ്...

ബിച്ചു തിരുമലയുടെ എസ് ജാനകി ഗാനങ്ങൾ

എസ് ജാനകി ഒരു ഒരുതരത്തിൽ ഭാഗ്യവതിയാണ്. ഒട്ടേറെ ഗാനങ്ങൾ ബിച്ചു തിരുമലയുടേത് ഇവർക്ക് പാടാൻ കഴിഞ്ഞിട്ടുണ്ട്. എണ്ണത്തെക്കാളും ഗുണമേന്മയുള്ളത് . അതാണ് മുഖ്യം. അദ്ദേഹത്തിന്റെ തുടക്ക കാലം മുതൽ ജാനകി കൂടെയുണ്ട്. മനസ്സേ ആശ്വസിക്കൂ ... മറക്കാനിനിയും പഠിച്ചില്ലേ നീ എന്ന ഗാനം തന്നെ നോക്കൂ.. മനസ്സിനെ ആശ്വസിപ്പിക്കുന്ന തരത്തിൽ മറ്റാരെഴുതിയിട്ടുണ്ട് ഇങ്ങനെ!... ജാനകി ആ ഭാവം ഉൾക്കൊണ്ട് തന്നെ പാടി .. ബിച്ചു തിരുമലയുടെ ഗാനങ്ങളിൽ ഏറ്റവും പ്രിയപെട്ടത് , ഏറ്റവും പ്രസിദ്ധമായത് , കവിതാമയമായ ഒരു ഗാനമാണ് അടുത്തത് തുഷാരബിന്ദുക്കളെ നിങ്ങൾ എന്തിനു വെറുതെ ചെമ്പനീരലരിൽ വിഷാദഭാവങ്ങൾ അരുളീ ... ഭാവതീവ്രതയോടെ ജാനകീ ആലാപനം.... ആരാധനയിൽ ആരാരോ ആരിരാരോ അച്ഛന്റെ മോളാരാരോ എന്ന താരാട്ടു ഗാനം മനസ്സിനെ തരളിതമാക്കുന്നത്.. അതിലെ തന്നെ ... പൊൻതാമരകൾ നിൻ കണ്ണിണകൾ കന്നിക്കുളിരലയിൽ പാറുന്ന കുറുനിരകൾ എന്നതും സുന്ദരമായ പ്രണയഗാനം... താളം താളത്തിൽ താളമിടും എന്ന ഗാനവും എഴുത്തിലും സംഗീതത്തിലും മികച്ചതായിരുന്നു. താളം എന്ന വാക്ക് മൂന്നു തരത്തിൽ എഴുതി ചേർത്തത്... അംഗീകാരത്തിലെ ശിശിരമാസ സന്ധ്യയിലെ കുളിരലപോലെ വേറിട്ട് നിൽക്കുന്നെങ്കിലും നീലജലാശയത്തിൽ ഹംസങ്ങൾ നീരാടും പൂങ്കുളത്തിൽ എന്ന ഗാനം അത്യപൂർവ നിർവൃതി പകർന്നു തരുന്ന ഒന്നായിരുന്നു... അഹല്യയിലെ ലളിതാ സഹസ്രനാമജപം ... മറ്റൊരു ഉൾതുടിപ്പ് .. അടവുകൾ പതിനെട്ട് പോലുള്ള മസാല പടങ്ങളിലും ജാനകി ശബ്ദം വല്ലാത്ത ഊർജമായി .. സൂര്യനമസ്കാരം ചെയ്‌തുയരും ബാലയോഗി ബ്രഹ്മചാരീ എന്ന ഗാനം ഏറെ വ്യത്യസ്തം... സൂത്രക്കാരിയിലെ ഏകാന്തതയിലൊരാത്മാവ് മാത്രം എന്ന ഗാനം പക്വതയാർന്നത്. വരികളും, എ ടി ഉമ്മർ സംഗീതവും !!.. 1978. മലയാളത്തിലെ ചരിതം സൃഷ്‌ടിച്ച സിനിമ ഇറങ്ങിയ വർഷം . അവളുടെ രാവുകൾ. അതിലെ രണ്ടു മികച്ച ഗാനങ്ങൾ . ബിച്ചു തിരുമലയുടെ സൂപ്പർ ഗാനങ്ങൾ . രാഗേന്ദു കിരണങ്ങൾ ഒളിവീശിയില്ല രജനീകദംബങ്ങൾ മിഴി ചിമ്മിയില്ല ... എന്നതും ഉണ്ണി ആരാരിരോ തങ്കമാരാരിരോ .. താരാട്ടു പാട്ടെഴുതുമ്പോൾ ബിച്ചു തിരുമലയുടെ തൂലിക കവിഞ്ഞൊഴുകും .... മേടമാസക്കാലം മേനി പൂത്ത നേരം(എനിക്ക് ഞാൻ സ്വന്തം ) പ്രഭാതം പൂമരമുമ്പിൽ ( മനസ്സാ വാചാ കർമ്മണാ ) കെജെ ജോയ് സംഗീതം ബിച്ചു ഗാനങ്ങൾക്ക് ഏറെ പകിട്ടേകിയിട്ടുണ്ട് .. ഒരേ രാഗ പല്ലവി നമ്മൾ ഒരു ഗാന മഞ്ജരി നമ്മൾ ( അനുപല്ലവി ) നല്ലൊരു ഉദാഹരണം കാളിയങ്കാട്ട് നീലിയിലെ പ്രേതഗാനം അന്നേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . ജാനകിയുടെ ശബ്ദത്തിൽ ആ ഭാവവും ഉൾക്കൊണ്ടു കൊണ്ട് ശ്രോതാക്കളിൽ തെല്ല് ഭീതി നിറച്ചു .. നിഴലായ് ഒഴുകിവരും ഞാൻ യാമങ്ങൾ തോറും കൊതിതീരുവോളം ഈ നീലരാവിൽ ... തെന്നലേ തൂമണം തൂകി വാ ( ശക്തി ) മറ്റൊരു ഭാവം , ലയം .. ഗോപൻ എന്ന ഗായകനോടൊത്ത് മിഴിയിലെന്നും നീ തൂകും നാണം കള്ളനാണം ... കുറുമൊഴി കൂന്തലിൽ വിടരുമോ ? ( പപ്പു ) ജയൻ സിനിമകളിലെ എന്നും ഓർക്കുന്ന ഗാനം അങ്ങാടിയിലെ കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറും അനുരാഗമേ ... എന്ന ഗാനം തന്നെയാണ് . ബിച്ചു- ശ്യാം കൂട്ടുകെട്ടിന്റെ മികവ് . ജാനകിയും യേശുദാസും.. വീണ്ടും ചരിത്രം സൃഷ്‌ടിച്ച ഒരു കാലം . മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണി തുമ്പിൽ ഒരു പുതു സംഗീതജ്ഞന്റെ പിറവി .. ജെറി അമൽദേവ് മിഴിയോരം നിലാവലയോ .. പാട്ടിന്റെ കണ്ണീർ നനഞ്ഞ അധ്യായങ്ങൾ ... കരിമ്പന പോലുള്ള സിനിമകളിലും കാമഭാവത്തോടെ ജാനകീ സ്വരം കരിമ്പാറകൾക്കുള്ളിലും കന്മദം നിറയും കരിമ്പനകൾക്കുള്ളിലും ലഹരി നുരയുന്നു ... എ ടി ഉമ്മർ സംഗീതത്തിന്റെ മാസ്മരികത നിറഞ്ഞ ഗാനം അണിയാത്ത വളകളിലെ ഒരു മയിൽ പീലിയായ് ഞാൻ ജനിക്കുമെങ്കിൽ നിന്റെ തിരുമുടി കുടന്നയിൽ തപസ്സിരിക്കും കലാലയം ഏറ്റുപാടിയ സുവർണ്ണകാലങ്ങൾ .. വീണ്ടും പാട്ടിന്റെ ഒരു പൂക്കാലം .. എം ടി ചിത്രമായ തൃഷ്ണയിൽ . ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളെ .. യേശുദാസും, ജാനകിയും വെവ്വേറെ പാടി ഗംഭീരമാക്കിയത്. മൈനാകം കടലിൽ നിന്നുയരുന്നുവോ എന്ന ജാനകി പാടിയതും അക്കാലത്തെ ഹിറ്റായിരുന്നു .. ശരിക്കും ബിച്ചുവിലെ കവി ഉണർന്നുലഞ്ഞത് ... തെയ്യാട്ടം ധമനികളിൽ എന്ന മഴഗാനവും നന്നായിരുന്നു. പിന്നെയും സംഗീതത്തിന്റെ, വരികളുടെ വർഷം ...!! തേനും വയമ്പും സിനിമ പരാജയപ്പെട്ടെങ്കിലും രവീന്ദ്രൻ എന്ന പുതു സംഗീതജ്ഞനെ ജനം ഏറ്റെടുത്തു. ബിച്ചു തിരുമല നിറഞ്ഞു നിന്ന ഗാനങ്ങൾ .. തേനും വയമ്പും നാവിൽ തൂവും വാനമ്പാടി ... വാനമ്പാടി ജാനകിയമ്മ മധുരതരമാക്കി അതും... ഉണ്ണിമേനോനുമായി കടത്തിലെ " വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടിവാ " എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന സംഗീത പ്രണയ ചിത്രത്തിൽ ബിച്ചു തിരുമലയുടെ ചില ഗാനങ്ങൾ ഉണ്ട്. അതിൽ യേശുദാസുമൊത്ത് നനഞ്ഞ നേരിയ പട്ടുറുമാൽ സുവർണ്ണ നൂലിലെ അക്ഷരങ്ങൾ .. ജാനകി സുന്ദരമാക്കി തംബുരു താനേ ശ്രുതി മീട്ടി എൻ തങ്കക്കിനാവിൽ മണിയറയിൽ എന്ന വിഷാദഗാനവും കൂടി ഉണ്ടതിൽ .. ഇണയിലെ കിനാവിന്റെ വരമ്പത്ത് എന്ന ഗാനവും ഐവി ശശി ചിത്രങ്ങളിലെ സ്ഥിരം നിർമ്മിതിയായി ഉണ്ട്. ഐവി ശശി ചിത്രങ്ങളിൽ അധികവും പാട്ടുകൾ എഴുതിയിട്ടുള്ളത് ബിച്ചു തിരുമല ആണ്. ഇണയിലെ ഗാനങ്ങൾക്ക് ശേഷം അഹിംസ . കാറ്റ് താരാട്ടും എന്ന പ്രണയ ഗാനം ജലശംഖു പുഷ്പം ചൂടും കടലോരതീരം .. കടലോരതീരം എന്ന ബിച്ചു പ്രയോഗത്തിൽ അന്ന് വിമർശനങ്ങൾ ഉയർന്നതായും ഓർക്കുന്നു... സുൽത്താനോ ... ആരംബ ചേലൊത്ത പൂമണി മാരൻ .. മാപ്പിള പാട്ടുകൾ എഴുതാൻ ബിച്ചു തിരുമലയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട്.... കൊക്കാമന്തി കോനാനിറച്ചി ആരിക്കുവേണം ആരിക്കുവേണം ഇത്തരം പാട്ടുകൾ പാടാൻ ജാനകിക്കു പ്രത്യേക ആവേശമാണ്. ചിരിയോ ചിരിയിൽ ഈ ഗാനം കേൾക്കണം.... കൃഷ്ണചന്ദ്രനുമൊത്ത് ആകാശഗംഗയിൽ വർണങ്ങളാൽ വെൺതൂവൽ തുന്നും ഹംസലതികേ ( സിന്ദൂരസന്ധ്യക്ക് മൗനം ) കണ്ണ് പൊത്തല്ലേ ( ആദർശം ) ഓലഞ്ഞാലി കിളിയുടെ കൂട്ടിൽ ( ഓമനത്തിങ്കൾ ) ഹിമം എന്ന ചിത്രത്തിലെ ഒരു ഗാനം ഉണ്ട്...പിരിഞ്ഞു പോയ കുടുംബാംഗങ്ങൾ ഒന്നിക്കുന്ന ഒരു ഗാനം. അക്കാലത്തെ മിക്ക ചിത്രങ്ങളിലും അത്തരം ചില നിമിഷങ്ങൾ കാണാം. ഗോമേദകം കണ്ണിലേന്തി രാപ്പാടി പാടി രാത്രിഗാനം മാനം വാഴും പൂന്തിങ്കളെ പിരിയില്ല നാം ഒരുകാലവും പിരിയില്ല നാം ജാനകിയും സംഘവും പാടിയ ഈ ഗാനം ഹൃദ്യമായിരുന്നു. പ്രശ്നം ഗുരുതരത്തിലെ ലീലാ തിലകം ചാർത്തി എന്ന അർദ്ധ ക്ലാസിക്കൽ ഗാനം പ്രസിദ്ധി നേടി . ഇല്ലിയിളം കിളി ( കാണാമറയത്ത് ) കാണാമറയത്തിൽ തന്നെ മറ്റൊരു സുന്ദരഗാനം ഉണ്ട്. കസ്തൂരിമാൻകുരുന്നേ ,തിങ്കൾ തോളിൽ ആലോലമാടാൻ ഈ രാവിൽ നീ കൂടെ വാ ,, വാലിട്ടെഴുതിയ നീലകടക്കണ്ണിൽ ( ഒന്നാണ് നമ്മൾ ) പൂങ്കാറ്റിനോടും കിളികളോടും ( പൂമുഖപ്പടിയിൽ നിന്നെയും കാത്ത് ) കൊഞ്ചി കരയല്ലേ മിഴികൾ നനയല്ലേ ... എൻപൂവേ പൊൻപൂവേ ( പപ്പയുടെ സ്വന്തം അപ്പൂസ് ) ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ .... ചിത്ര സുജാതമാരുടെ വരവോടു കൂടി പിന്തള്ളപ്പെട്ടവരിൽ ജാനകിയും പെടും. എങ്കിലും പപ്പയുടെ സ്വന്തം അപ്പൂസ് വീണ്ടും ആ പഴയ കാലം കൊണ്ട് വന്നു..എന്നാൽ ഒരു തുടർച്ച പിന്നീടുണ്ടായില്ല .. എന്നിരുന്നാലും ജാനകിയുടെ പാട്ടു ശേഖരത്തിൽ ബിച്ചു തിരുമല ഗാനങ്ങൾ ഒരു നിധി തന്നെയാണ്. ആലിംഗനം, അണിയാത്ത വളകൾ , മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ,കാണാമറയത്ത് തുടങ്ങിയവയിലെ ഗാനങ്ങൾക്ക് സ്റ്റേറ്റ് അവാർഡും ജാനകിക്ക് നേടാൻ കഴിഞ്ഞു...