Wednesday, July 10, 2019

ലളിതസംഗീതംസിനിമാസ്വാദകരുടെ ,പാട്ടാസ്വാദകരുടെ മനസ്സ് എത്രകണ്ട് കീഴടക്കുമോ അത്രയും കയ്യടക്കി  തരളിതരാക്കിക്കളഞ്ഞ ഒരാളുടെ ഈണങ്ങളുണ്ട് ... മികവുറ്റ സംഗീതജ്ഞരോടൊപ്പം 1967 മുതൽ തന്നെ മലയാള ചലച്ചിത്ര ലോകത്തുണ്ടായിരുന്ന ശ്രീ ഏ ടി ഉമ്മർ .ദേവരാജൻ - ദക്ഷിണാമൂർത്തി - ബാബുരാജ് പ്രഗൽഭമതികൾക്കൊപ്പം തന്റേതായ ഒരു സംഗീത വഴി തീർത്ത ആ കണ്ണൂരുകാരൻ .തളിരുകൾ എന്ന ചലച്ചിത്രത്തിൽ ആദ്യമീണം നൽകി .പി ഭാസ്കരനോടൊപ്പം " പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ " എന്ന ഗാനമൊരുക്കിയപ്പോൾ വേറിട്ടൊരു നാദധാരയിൽ ശ്രോതാക്കൾ ലയിച്ചു ചേർന്നു .നല്ലൊരു തുടർച്ചയും ഇവർ നമ്മൾക്ക് സമ്മാനിച്ചു . ആഭിജാത്യത്തിലെ ,രാസലീലയ്ക്ക് ,മഴമുകിലൊളിവർണ്ണൻ, ചെമ്പകപ്പൂങ്കാവനത്തിലെ, വൃശ്ചിക രാത്രി തൻ .... എന്നിവ നാദവർഷങ്ങളായിരുന്നു .പിന്നീട് തീർത്ഥയാത്രയിലെ അനുവദിക്കൂ ദേവീ അനുവദിക്കൂ ,തെക്കൻ കാറ്റിലെ പ്രിയമുള്ളവളെ എന്നിവയും .പ്രിയമുള്ളവളെ ... ബ്രഹ്മാനന്ദന്റെ ഘനഗംഭീര ശബ്ദത്തിൽ മറ്റൊരു സംഗീത വിരുന്നായിരുന്നു .
വയലാർ - ദേവരാജൻ ,ശ്രീകുമാരൻ തമ്പി -എം.കെ അർജുനൻ എന്നിവരെപ്പോലെ ഏടി ഉമ്മർ ഈണം കൂടുതൽ ഇഴചേർന്നത് ബിച്ചു തിരുമലയുടെ വരികളോടാണ് .വർഷങ്ങളോളം അവർ ഒരു ടീമായി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങി .
ആലിംഗനത്തിലെ തുഷാര ബിന്ദുക്കളേ ഒരു സൂപ്പർ ഹിറ്റായിരുന്നു .പിന്നീട് ഇവരൊരുക്കുന്ന പാട്ടുകൾ പലതും ഹിറ്റായി .
അനുഭവത്തിലെ വാകപ്പൂമരം ചൂടും ..
അംഗീകാരത്തിലെ നീല ജലാശയത്തിൽ..
സൂത്രക്കാരിയിലെ സുഖവാസ മന്ദിരം ...
അവളുടെ രാവുകളിലെ എല്ലാ ഗാനങ്ങളും
മനസാ വാചാ കർമ്മണയിലെ പ്രഭാതം പൂമരക്കൊമ്പിൽ ..., നിമിഷങ്ങൾ പോലും ...
കരിമ്പനയിലെ കരിമ്പാറകൾക്കുള്ളിലും ...
അണിയാത്ത വളകളിലെ ഒരു മയിൽപ്പീലിയായ് ...
ഇണയിലെ എല്ലാ ഗാനങ്ങളും ...
അഹിംസയിലെ കാറ്റ് താരാട്ടും ....
ജലശംഖുപുഷ്പം ചൂടും ...
ഏപ്രിൽ 18 ലെ കാളിന്ദീ തീരംതന്നിൽ..
ഒരു പൈങ്കിളി കഥയിലെ ആന കൊടുത്താലും ....
അവയിൽ ചിലത് മാത്രം .അത്രയേറെ ബിച്ചു - ഉമ്മർ ടീം പാട്ടാസ്വാദകരെ ആനന്ദിപ്പിച്ചിട്ടുണ്ട് .

പിന്നീട് പൂവച്ചൽ ഖാദറുമായി
ഉൽസവത്തിലെ ഗാനങ്ങൾ ... ഇന്നും മനസ്സിനെ കുളിരണിയിച്ച് കൊണ്ട് ആദ്യസമാഗമലജജയിലാതിരാ ...
സ്വയംവരത്തിന് പന്തലൊരുക്കി ... എന്നിവ
പുതുമയോടെ തന്നെ കേൾക്കാൻ കഴിയുന്നുണ്ട് .
മൈലാഞ്ചി, മണിയറ, മണിത്താലി എന്നീ മുസ്ലീം പശ്ചാത്തലത്തിലുള്ള ഗാനങ്ങൾക്കും തനതായ ശൈലിയിൽ ഈണം പകർന്ന് പഴമയ്ക്ക് മുതൽക്കൂട്ടാക്കുന്നുണ്ട് ശ്രീ ഏ ടി .
ശ്രീകുമാരൻ തമ്പിയോടൊപ്പം ചെയ്ത
അഭിമാനത്തിലെ ലോലഹൃദയനായ സ്നേഹമയനായ നായകന് വേണ്ടി പൊട്ടിക്കരഞ്ഞുകൊണ്ടോമനേ .. എന്ന ഗാനം കണ്ണീരിൽ ചാലിച്ച തിരുമധുരമാണ് .അമൃതവാഹിനിയിൽ നാലഞ്ച് ഹിറ്റു ഗാനങ്ങളാണ് ഇവരൊരുക്കിയത് .
സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ഗാനരചനാക്കാലത്ത് ഏ ടി ഉമ്മറിനോടൊപ്പവും പ്രവർത്തിക്കാൻ അവസരം കിട്ടിയിട്ടുണ്ട് .
അധികാരത്തിലെ വാസന്ത ദേവത വന്നു ...
താളം തുള്ളും താരുണ്യമോ ...
തടവറയിലെ ആനന്ദരാഗമെഴുതിയ ...
എന്നിവ ഉദാഹരണങ്ങൾ ...

ഒന്നോ രണ്ടോ ചിത്രങ്ങൾ കൊണ്ടോ ,ഒന്നോ രണ്ടോ ഗാനങ്ങൾ കൊണ്ടോ ചലച്ചിത്ര ലോകം എന്നു് ഓർക്കുന്ന പ്രതിഭകൾ ഉണ്ടാവാം .
വെള്ളനാട് നാരായണൻ .
സരസ്വതീയാമത്തിലെ നിന്നെ പുണരാൻ നീട്ടിയ കൈകളിൽ ...
പൗരുഷത്തിലെ ഇനിയും ഇതൾ ചൂടി ഉണരും ... എന്നിവയിന്നും നമ്മൾ മൂളി നടക്കുന്ന പ്രിയപ്പെട്ട ഗാനങ്ങളാണ് .
കവി അപ്പൻ തച്ചേത്ത് .
രാജപരമ്പരയിലെ ദേവീ നിൻ ചിരിയിൽ ...
പാട്ടിഷ്ടപ്പെടുന്നവർ എന്നുമോർക്കുന്നത് ...
ബി .മാണിക്യം .
ബെൻസ് വാസുവിലെ സ്വപ്നം സ്വയം വരമായി എന്ന ഗാനം ...
എന്നിവ ആ പാട്ടെഴുത്തുകാർക്ക് കിട്ടിയ വരദാനമാണന്ന് പറഞ്ഞാലും തെറ്റില്ല....

2001 ൽ ഏടി ഉമ്മർ ഈ ലോകം വിട്ടു പോവും വരെ ഈ സംഗീത തപസ്യ തുടർന്നു കൊണ്ടേയിരുന്നു ....

പ്രണാമങ്ങളോടെ ...
സമാനഹൃദയർ

മലയാള സിനിമാ മേഖലയിൽ തിരക്കഥയുടെ കുലപതികൾ രണ്ടു പേരാണ് .എം.ടി വാസുദേവൻ നായരും ,എ കെ ലോഹിതദാസും . എഴുത്തിന്റെ സമാനതകൾ എന്നതിലേയ്ക്ക് രണ്ടു പേരെയും ഒന്നിച്ചു ചേർക്കുന്നില്ല .എങ്കിലും ഒരേ വഴിയിലാണ് രണ്ടു പേരും .
കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ ഇത്രയേറെ മറ്റാരുടെയും ചിത്രങ്ങളിൽ കണ്ടിട്ടില്ല .എം.ടിയുടെ മുറപ്പെണ്ണ് മതൽ ഇരുട്ടിന്റെ ആത്മാവ് ,സുകൃതം ,പഞ്ചാഗ്നി, നഖക്ഷതങ്ങൾ എന്നിവയിലെല്ലാം വിങ്ങിവിങ്ങി ജീവിതം പേറുന്നവരെ കാണാം .ചിലർ കുടുംബത്തിന് വേണ്ടി ,മറ്റു ചിലർ സമൂഹത്തിന് വേണ്ടി ത്യാഗം ചെയ്യുകയാണ് .
മാനസിക സംഘർഷങ്ങൾ പെരുകി പെരുകി അവസാനമഭയം ആത്മഹത്യയിലും .ഈ സമാനത ലോഹി ചിത്രങ്ങളിലും കാണാം .
അഭിമാനക്ഷതം ,തീർത്തുമൊറ്റപ്പെടൽ ,പരിഹാസം, തീരുമാനമെടുക്കാനാവാത്ത അവസ്ഥയിലെത്തിപ്പെടുക ,സ്നേഹത്തിന് കീഴ്പ്പെടുക ഇവയൊക്കെ അവസാനം ജീവിതമവസാനിപ്പിക്കുന്നതിലെത്തപ്പെടുന്നു

പ്രണയനൈരാശ്യത്തിൽ ജീവനൊടുക്കുന്ന മുറപ്പെണ്ണിലെ  കൊച്ചമ്മിണി
കറുത്തവളെന്ന കുറ്റപ്പെടുത്തലിൽ തുടങ്ങി  ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ കുട്ട്യേടത്തിയുടെ ആത്മഹത്യ
മുന്നോട്ടുള്ള ജീവിതത്തിൽ സുപ്രധാന തീരുമാനം എടുക്കാനാവാതെ മരണത്തിന്റെചൂളം വിളി കേട്ടു പോയ നഖക്ഷതങ്ങളിലെ രാമുവും ,
സുകൃതത്തിലെ രവിശങ്കറും ...

ലോഹിത ദാസിന്റെ തനിയാവർത്തനത്തിൽ
തന്റെ മകന് ഇനിയൊരു സാധാരണ ജീവിതമില്ല എന്ന് മനസ്സിലാക്കി ചോറിൽ വിഷം കലർത്തി വിട പറഞ്ഞു പോകുന്ന അമ്മയും മകനും .
എല്ലാ വഴികളും അടഞ്ഞ് ജീവിതക്കളരിയിൽ തോറ്റ് പോയ വിചാരണയിലെ അഡ്വ.സേതുമാധവന്റെ ആത്മഹത്യ .
സർവീസിലിരിക്കെ അനന്തരാവകാശിക്ക് ജോലി ലഭിക്കും .കാരുണ്യത്തിലെ ഗോപി മാഷ് സ്വജീവിതം അവസാനിപ്പിച്ചു  മകൻ സതീശന് വേണ്ടി ....
പിന്നെയുമുണ്ട് .... കണ്ണില്ലാത്ത സ്നേഹത്തിന്റെ ബലിയാടായ കമലദളത്തിലെ നന്ദഗോപന്റെ സുമംഗല ...
ജാതകഫലങ്ങളാൽ കുറ്റവാളിയായ ജാതകത്തിലെ അച്ഛൻ ...

ജീവിതഗന്ധിയായ ചലച്ചിത്രങ്ങളിലെ ജീവസ്സുറ്റ കഥാപാത്രങ്ങൾ .വ്യക്തിത്വമുള്ള പാത്രസൃഷ്ടികൾ ...

ഇവയൊക്കെ ഞങ്ങൾ പ്രേക്ഷകരുടെ കാത്തുവെപ്പാണ് .മനസ്സിന്റെ ഉള്ളിന്റെയുള്ളിൽ ...
വർത്തമാനകാലത്ത് ഇവരൊക്കെ യാഥാർത്ഥ്യമാവുന്നുണ്ട് .തുടർക്കഥകളായി ,തനിയാവർത്തനങ്ങളായി ......

എ കെ ലോഹിതദാസ്

നാൽപ്പത്തെട്ടു ചിത്രങ്ങൾക്ക് തിരക്കഥയെഴുതി അതിൽ  പന്ത്രണ്ടെണ്ണം സംവിധാനം ചെയ്യുകയും ചെയ്ത ആ വലിയ കലാകാരന്റെ പത്താം ചരമവാർഷികമാണ് നാളെ .എ കെ ലോഹിതദാസ് .തനിയാവർത്തനം എന്ന ആദ്യ ചിത്രം തന്നെ മലയാള സിനിമാ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു .അന്ധവിശ്വാസങ്ങളുടെ തലമുറകൾ നീളുന്ന നീരാളിപ്പിടുത്തം .ഒരിക്കലും അതിൽ നിന്നും രക്ഷ നേടാനാവാതെ നിസ്സഹായരായ ചില മനുഷ്യർ .സ്വയം കുരുതി കൊടുക്കേണ്ടി വരുന്നവർ .തനിയാവർത്തനം അങ്ങിനെ ചരിത്രമാവുകയായിരുന്നു . അന്ധവിശ്വാസങ്ങളിൽ കീഴ്പ്പെട്ട് സ്നേഹ ബന്ധങ്ങളെ മറികടന്ന് ജീവിക്കുന്ന കഥാപാത്രങ്ങൾ ലോഹിതദാസിന്റെ പല ചിത്രങ്ങളിലും കാണാം .ജാതകം എന്ന ചിത്രത്തിൽ അതിന്റെ മൂർദ്ദന്യാവസ്ഥയിൽ ജീവിതമവസാനിപ്പിക്കേണ്ടിയും വരുന്നുണ്ട് തിലകന്റെ കഥാപാത്രത്തിന് .

മനസ്സുറപ്പുള്ള സ്ത്രീകഥാപാത്രങ്ങൾ ഇദ്ദേഹത്തിന്റെ കണ്ടെത്തലുകളാണ് .നായകന്റെ നിഴലായല്ല ,പലപ്പോഴും മുൻപിലായിരിക്കുന്നതും ഉണ്ട് .അല്ലെങ്കിൽ നായക കഥാപാത്രത്തിന് താങ്ങായി നിൽക്കുന്ന ജ്വലിക്കുന്ന പാത്രസൃഷ്ടികൾ .
ഭരതത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തിന് സന്നിഗ്ദ ഘട്ടങ്ങളിൽ താങ്ങായി മാറുന്ന ഉർവ്വശിയുടെ കവിതയെ  മറക്കാനാവാത്തത് . ചകോരത്തിലെ ശാരദാമണിയുടെ ചങ്കൂറ്റത്തോട് കൂടിയുള്ള പെരുമാറ്റങ്ങൾ ജീവിതം നൽകിയ കയ്പേറിയ പല പാഠങ്ങളിൽ നിന്നും ഉറച്ചു പോവുന്നതാണ് .ജീവിതത്തിൽ ചില നിർണ്ണായക ഘട്ടങ്ങളിൽ തീർത്തും ഒറ്റപ്പെട്ടു പോവുന്നവരും ലോഹിതദാസിന്റെ കരുത്തരായി അഭ്രപാളിയിൽ നിറഞ്ഞാടിപ്പോയിരുന്നു . ചകോരത്തിലെ ശാരദാമണിയും ,മുകുന്ദൻ മേനോനും ,കിരീടം ,ചെങ്കോൽ എന്നിവയിലെ സേതുവും ,അമരത്തിലെ അച്ചുവും ,ആധാരത്തിലെ ബാപ്പൂട്ടിയും എല്ലാം ഒറ്റപ്പെടലിന്റെ തീക്ഷ്ണത അനുഭവിച്ചവർ .
പല നടന്മാർക്കും അവരുടെ കരിയറിലെ സുപ്രധാന റോളുകൾ കൈകാര്യം ചെയ്യേണ്ടി വന്ന നിമിഷങ്ങൾ ഓർത്തെടുക്കുമ്പോൾ നിശ്ചയമായും ലോഹി ചിത്രങ്ങളാവും ആദ്യം മനസ്സിൽ വരുക .
മമ്മൂട്ടിയുടെ തനിയാവർത്തനം ,മൃഗയ ,ഭൂതക്കണ്ണാടി ,അരയന്നങ്ങളുടെ വീട് ,മഹായാനം ,അമരം ,കൌരവർ ,പാഥേയം ,വാൽസല്യം
മോഹൻലാലിന്റെ  കിരീടം ,ചെങ്കോൽ ,ഭരതം ,ഹിസ് ഹൈനസ് അബ്ദുള്ള ,ദശരഥം ,കമലദളം
മുരളിയുടെ അമരം ,ആധാരം ,വളയം ,വെങ്കലം
എന്നിവയിൽ പലതും മികച്ച ചിത്രമെന്ന നിലയിലും മികച്ച അഭിനേതാവ് എന്നതിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കീർത്തി നേടിയെടുത്തിട്ടുള്ളതാണ് .
കെട്ടുറപ്പുള്ള തിരക്കഥകൾ മികച്ച സംവിധായകരാൽ മികവിൽ മികച്ചതായി മാറിയപ്പോൾ നല്ല സിനിമയെ സ്നേഹിക്കുന്നവർക്ക് എന്നുമോർമ്മിക്കാനുള്ളതായി അവ മാറി ..
ലോഹി ചിത്രങ്ങൾക്ക് ചുവട് പിടിച്ചു പോലും ആരും എഴുതാൻ തുനിഞ്ഞിട്ടില്ല . അൽഭുതങ്ങൾ കാട്ടുന്ന അവതാരകഥാപാത്രങ്ങൾ ഉണ്ടാക്കുന്നതിൽ നിന്ന് വിഭിന്നമായി യഥാർത്ഥ മനുഷ്യനെ ,മണ്ണിന്റെ മണമുള്ള മനുഷ്യരെ പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കുക മാത്രമെ ഇദ്ദേഹം ചെയ്തിട്ടുള്ളു .അതാണ് വിജയവും .
ലോഹിതദാസ് ഇല്ലാതായശേഷം സിനിമയിൽ തന്നെ ഒരു മരവിപ്പിന്റെ കാലമായിരുന്നു .കാമ്പില്ലാത്ത കഥകളുമായി മുഷിപ്പൻ സിനിമകൾ . ഇന്ന് അവസ്ഥ മാറിയെങ്കിലും കുറച്ച് കാലം ആ ശൂന്യത നമ്മൾ അനുഭവിച്ചതാണ് .
ഇപ്പോൾ മലയാള സിനിമ മുന്നോട്ടാണ് .ആ ലോഹിതദാസ് കാലത്തിൽ നിന്നും സിനിമ തന്നെ മാറിക്കഴിഞ്ഞു .എന്നാലും ഒരു പാഠപുസ്തകമായി എന്നെന്നും ആ അതുല്ല്യ കലാകാരന്റെ സൃഷ്ടികൾ ഇവിടെ ഉണ്ടാവും ...

നനവാർന്ന ഓർമ്മകൾ സമ്മാനിച്ച പ്രിയ ലോഹി സാറിന് സാഷ്ടാംഗ പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട്...

സങ്കല്പത്തിൻ സ്വർണമരം പൂവണിഞ്ഞു ...



അർജുനൻ മാസ്റ്ററുടെ ജീവസംഗീതം

ഒരേഭൂമി ഒരേ രക്തം എന്ന  ചിത്രത്തിലൂടെ കടന്നുവന്നെങ്കിലും രണ്ടാമത്തെ ചിത്രമായ കറുത്ത പൗർണമിയിലെ ഗാനങ്ങളിലൂടെയാണ് നമ്മൾ എം കെ അർജുനൻ എന്ന ഭാവസംഗീതജ്ഞനെ തിരിച്ചറിഞ്ഞത്. "മാനത്തിൻ മുറ്റത്ത് " "ഹൃദയമുരുകി നീ കരയില്ലെങ്കിൽ " എന്നീ രണ്ടു ഗാനങ്ങൾ മതി ഇദ്ദേഹത്തിലെ സംഗീതത്തെ തിരിച്ചറിയാൻ. വിഷാദത്തിൽ ഉരുകിയൊലിക്കുന്ന  പി ഭാസ്കരന്റെ പദപ്രയോഗങ്ങൾ സംഗീതസാന്ദ്രമായ് പുറത്തുവന്നപ്പോൾ അതുവരെ അനുഭവിക്കാത്ത ഒരു വിങ്ങൽ ശ്രോതാക്കൾ അനുഭവിക്കുകയുണ്ടായി. .അക്കൊല്ലം തന്നെ റസ്റ്റ്ഹൗസിലൂടെ അതിശയിപ്പിക്കുന്ന സംഗീതധാരയിൽ നമ്മൾ മുങ്ങി നിവരുകയുണ്ടായി. "പൗർണമി ചന്ദ്രിക തൊട്ടുവിളിച്ചു " എന്ന ഗാനം യേശുദാസ് ജലദോഷം ഉണ്ടായിട്ടും റെക്കോർഡ് ചെയ്ത ഗാനം ആണ് എന്ന് കേട്ടിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയും എം കെ അർജുനനും എന്ന കൂട്ടുകെട്ടിന്റെ തുടക്കം ഗംഭീരമായി തന്നെയായിരുന്നു. കണ്ണിൽ നിറയുന്ന പ്രണയത്തെ വായിച്ചും കേട്ടും അനുഭവിച്ചറിഞ്ഞിട്ടുണ്ടെങ്കിലും നീലോല്പലനയനങ്ങളിലൂറുന്ന നിർമ്മലരാഗ തുഷാരം തമ്പിസാറും അർജുനൻ മാസ്റ്ററും കൂടി ചേർത്തു വച്ചപ്പോൾ ഞങ്ങളുടെ കണ്ണുകളാണ് നിറഞ്ഞൊഴികിയത് . അതേപോലെ പുഷ്പിണിയായ ശതാവരി വല്ലിയിൽ തൽപ്പമൊരുക്കിയ തെന്നലും നമ്മെ തഴുകിമയക്കിക്കളഞ്ഞു .പിന്നീടിങ്ങോട്ട് എത്രയോ ഗാനങ്ങൾ ഇവരുടെ കൂട്ടുകെട്ടുകളിൽ വിടർന്നു മലർന്ന് സുഗന്ധം പരത്തുകയുണ്ടായി. അറുപത്തെട്ടിൽ തുടങ്ങി ഇങ്ങ് രണ്ടായിരത്തി പതിനെട്ടു വരെ അതനുഭവിക്കാൻ നമുക്ക് ഭാഗ്യം സിദ്ധിച്ചു . ഇനിയും തുടരും .
രക്തപുഷ്പ്പത്തിലെ മലരമ്പനറിഞ്ഞില്ല ..
സി ഐ ഡി നസിറിലെ  നിൻ മണിയറയിലെ ,നീല നിശീഥിനീ
പുഷ്പാഞ്ജലിയിലെ ദുഃഖമേ നിനക്ക് പുലർകാലവന്ദനം ,നക്ഷത്രകിന്നരന്മാർ വിരുന്നുവന്നു
അന്വേഷണത്തിലെ  ചന്ദ്രരശ്മിതൻ  ചന്ദനനദിയിൽ
പദ്മവ്യൂഹത്തിലെ കുയിലിന്റെ മണിനാദം കേട്ടു ,പാലരുവിക്കരയിൽ ,സിന്ദൂരകിരണമായ്
അജ്ഞാതവാസത്തിലെ മുത്തുകിലുങ്ങി മണിമുത്തുകിലുങ്ങി
ഇതുമനുഷ്യനോവിലെ  ദുഃഖമൊരു ബിന്ദു
ഹണിമൂണിലെ മല്ലികപ്പൂവിൻ മധുരഗന്ധം
പൂന്തേനരുവിയിലെ നന്ത്യാർവട്ടപൂ ചിരിച്ചു
പുലിവാലിലെ  പാതിരാനക്ഷത്രം കണ്ണടച്ചു , ലജ്‌ജാവതീ
സിന്ധുവിലെ തേടി തേടി ഞാനലഞ്ഞു ,ചന്ദ്രോദയം കണ്ട്  കൈകൂപ്പി നിൽക്കും
പദ്മരാഗത്തിലെ  സാന്ധ്യതാരകേ മറക്കുമോ ,ഉറങ്ങാൻ കിടന്നാൽ,ഉഷസാം സ്വർണതാമര വിടർന്നു
തിരുവോണത്തിലെ എത്ര സുന്ദരി, തിരുവോണപ്പുലരിതൻ ,ആ തൃസന്ധ്യതൻ
പിക്നിക്കിലെ ചന്ദ്രക്കലമാനത്ത് ,കസ്തൂരി മണക്കുന്നല്ലോ,വാൽക്കണ്ണെഴുതി ,
പ്രവാഹത്തിലെ സ്നേഹഗായികേ , മാവിന്റെ കൊമ്പിലിരുന്നൊരു ,സ്നേഹത്തിൻ പൊൻവിളക്കെ
സീമന്തപുത്രനിലെ സങ്കല്പത്തിൻ സ്വർണമരം പൂവണിഞ്ഞു ,
കന്യാദാനത്തിലെ രണ്ടുനക്ഷത്രങ്ങൾ കണ്ടുമുട്ടി , വിധുമുഖീ നിൻ ചിരി കണ്ടു വിടർന്നു
ശംഖുപുഷ്പത്തിലെ സപ്തസ്വരങ്ങളാടും ,ആയിരമജന്താ ചിത്രങ്ങളിൽ
കാത്തിരുന്ന നിമിഷത്തിലെ ചെമ്പകത്തൈകൾ പൂത്ത
എന്നീ മാറ്റുരച്ചു നോക്കേണ്ടാത്ത ഗാനങ്ങൾ മലയാളിക്ക് കിട്ടിയ ഏറ്റവും വലിയ വരദാനം തന്നെയാണ്.  പ്രണയഗാനങ്ങളിൽ അലിഞ്ഞു ചേർന്നിരിക്കുന്ന വിങ്ങൽ നേർത്തൊരു വിഷാദം പോലെ നമ്മെ പൊതിയും  . ഉദാഹരണത്തിന്  കുയിലിന്റെ മണിനാദം കേട്ടു , ചന്ദ്രോദയം കണ്ട്  കൈകൂപ്പി നിൽക്കും സിന്ദൂര മണിപുഷ്പം നീ , സ്നേഹഗായികേ നിൻ സ്വപ്ന വേദിയിൽ , എത്ര സുന്ദരി എത്ര പ്രിയങ്കരി ഇവയൊക്കെ കേൾക്കുമ്പോൾ മനസ്സിൽ നുരയുന്നത് പ്രേമതീർത്ഥത്തോടൊപ്പം വിഷാദം കലർന്ന മധുരസ്മൃതികൾ കൂടിയാണ്.  ശ്രീകുമാരൻ തമ്പി - എം കെ അർജുനൻ കൂട്ടുകെട്ട് അത്രയേറെ പാട്ടരാധകരെ പാട്ടിലാക്കിയിരിക്കുന്നു . ഒരിക്കലും വേർപെട്ടു പോവാതെ അതങ്ങിനെ മനസ്സിൽ കിടക്കും...

2. മല്ലീസായകം

ഏത് പ്രതിഭാധനരോടൊപ്പം പ്രവർത്തിച്ചാലും വരികളും, സംഗീതവും പുണർന്നൊഴുകുന്ന കാഴ്ചയാണ് ശ്രോതാവിനു അനുഭവപ്പെടുന്നത് . അതാണ് എം കെ അർജുനൻ മാജിക് . അനുഭവപൂർണതയുടെ ഉത്തുംഗശൃംഗങ്ങളിൽ പാട്ടാരാധകരെ കൊണ്ടുനിർത്തുന്ന ആ മായികനിമിഷങ്ങൾ പലപ്പോഴും പൂർവസ്ഥിതി പ്രാപിക്കുമ്പോൾ കെട്ടിറങ്ങാതെ ഒരോളത്തിക്കിൽ നമ്മളെയതെവിടേക്കോ കൊണ്ടുപോവുകയും ചെയ്യും.ജീവിതപ്രയാസങ്ങളുടെ ഓരോ ഒതുക്കുകല്ലുകളും ചവിട്ടി നീങ്ങുമ്പോൾ പുറകിൽ നിന്നാ മാന്ത്രികകരസ്പർശം . മറ്റെല്ലാ വേദനകളും മറന്നാ സ്വരരാഗതാളലയങ്ങളിലേക്ക് മനസ്സിനെ കെട്ടഴിച്ചു വിട്ട് ഊർജം സമ്പാദിക്കുന്ന എത്രയെത്ര നിമിഷങ്ങൾ. ഈ ഗാനങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ ചിലപ്പോഴെന്താവുമായിരുന്നു സ്ഥിതി . വീർപ്പുമുട്ടി കുഴഞ്ഞു വീണേക്കും ചിലപ്പോ ! അത്രയ്ക്കുണ്ട് ഈ സംഗീതത്തിന്റെ ജീവിതങ്ങളെ ഉലച്ചിൽ തട്ടാതെ കൊണ്ടുനടക്കാനുള്ള ശക്തി . നന്ദി പറയേണ്ടത് ഏഴു സ്വരങ്ങളോടാണ് . അത് ചിട്ടപ്പെടുത്തുന്ന സംഗീതജ്ഞനോടാണ് . വരിയില്ലെങ്കിലും സംഗീതം മൂളാൻ കഴിഞ്ഞേക്കും . എന്നാലും ഇഴ ചേർന്ന് പോവുന്ന വരികളും സംഗീതവും ഈ ലോകത്തിന്റെ നിലനിൽപ്പിന്റെ അറിയിപ്പിന്റെ നിദാന്തമന്ത്രണങ്ങളാണ് .
എംകെ അർജുനൻ - ശ്രീകുമാരൻ തമ്പി കൂട്ടുകെട്ട് കഴിഞ്ഞാൽ ഏറെ ഹൃദ്യമായ സൃഷ്ടികൾ പിറന്നിട്ടുള്ളത് വയലാർ -അർജുനൻ കൂട്ടുകെട്ടിൽ ആണ്. 1972ൽ ആദ്യത്തെ കഥയിലൂടെ അത് പുറത്തു വന്നു.
വയലാർ ഗാനങ്ങൾക്കുള്ള പ്രത്യേകത ഏതു സന്ദർഭത്തിനെ കുറിച്ചെഴുതിയാലും വരികളിൽ തിങ്ങുന്ന വികാരപാരാവശ്യം , അത് ചില അഭൗമസംഗീതത്തിന്റെ ചിറകിലേറി വരുമ്പോൾ നമ്മളും അർദ്ധനിമീലിതനേത്രരായി നിന്നുപോകും ..പാരമ്പര്യസങ്കൽപ്പങ്ങളും , ഇന്നത്തെ കാലത്ത് കൈമോശം വന്ന വാക്കുകൾ പോലും കണ്ടെത്താൻ കഴിയുന്ന വയലാർ ഗാനങ്ങളിൽ എംകെ അർജുനൻ ചാലിച്ചു ചേർത്ത ചില നൈവേദ്യങ്ങൾ ഇവിടെയിതാ ...
ആദ്യത്തെ കഥയിലെ ഓട്ടുവളയെടുക്കാൻ മറന്നു , ഭാമിനി.. ഭാമിനി .
ഹാലോ ഡാർലിംഗിലെ അനുരാഗമേ അനുരാഗമേ ,ദ്വാരകേ ദ്വാരകേ ,
സൂര്യവംശത്തിലെ മല്ലീസായകാ ,
ചീനവലയിലെ തളിർവലയോ , പൂന്തുറയിലരയന്റെ
സ്വിമ്മിം പൂളിലെ നീലത്തടാകത്തിലെ

വളരെ കുറച്ചു ഗാനങ്ങളെ വയലാറും അർജുനനും ചേർന്ന് ഒരുക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നത് നിർഭാഗ്യകരമായ ഒരു സംഗതി ആണ്. വയലാർ എന്ന അതുല്യ കലാകാരന്റെ മരണം വരുത്തിയ ആ നഷ്ടത്തെ കുറിച്ച് ഇനി പരിതപിച്ചിട്ടും കാര്യമില്ല... വെറും നാലഞ്ചു നല്ല ഗാനങ്ങൾ മാത്രം വയലാറിന്റേതായിട്ട് എഴുതാൻ ഉള്ളെങ്കിലും " ഓട്ടുവളയെടുക്കാൻ മറന്നു, ദ്വാരകേ ദ്വാരകേ , മല്ലീസായകാ എന്നീ സുശീല പാടിയ അതീവ ഹ്ര്യദ്യ ഗാനങ്ങൾ പറയാതെ പോവാൻ മനസ്സുവന്നില്ല . വയലാറിന്റെ അതിസുന്ദരമായ രചനയാണ്‌ മല്ലീസായകാ എന്ന ഗാനം....