Monday, December 21, 2020

കസവ് ഞൊറിയുന്ന സംഗീതം

 


കലാകാരന്മാർക്ക് കഴിവാണ് പ്രധാനം. അത് പ്രകടിക്കപ്പെടേണ്ട മേഖലകൾ പലപ്പോഴും തുറന്നു കിട്ടാതെ മുരടിച്ചു പോയവരെത്ര ! പ്രോത്സാഹനം കിട്ടാതെ അടങ്ങിപ്പോയവരെത്ര  !  എണ്ണിയാലൊടുങ്ങാത്ത എഴുത്തുകൾ , ഗീതങ്ങൾ ഇവിടെ മനസ്സുകളിൽ തന്നെ ഉദയം ചെയ്തസ്തമിച്ചു ! ഇതൊക്കെ മനുഷ്യജന്മത്തിന്റെ ഓരോരോ പ്രത്യേകതകൾ .  ഇന്നത്തെ കാലത്ത് സ്വയം പ്രകാശനത്തിന് ഏറെ വഴികൾ തുറന്നു വന്നിട്ടുണെങ്കിലും അംഗീകാരങ്ങൾ അവിടെയും കിട്ടാതെ നിശ്ശബ്ദരായിപ്പോവുന്നവരും കുറവല്ല!  കഴിവിനോടൊപ്പം ഭാഗ്യവും കൂടെ വേണം.  അതേറെ കിട്ടിയവർ ഉയരങ്ങളിൽ എത്തും. കഴിവേറെ ഉള്ളവരിൽ എത്രയോ പേർ  മറ്റു ഇടപെടലുകളിൽ ഒതുങ്ങിപ്പോയിരിക്കുന്നു. 

സാഹിത്യലോകത്തേക്കാളും സിനിമാലോകത്ത് പ്രശ്നങ്ങൾ അനവധി. കഴിവ് തന്നെ പ്രാധാന്യമെങ്കിലും , ഭാഗ്യം, അനാവശ്യ ഇടപെടലുകൾ , സ്വജനപക്ഷപാതം , താഴ്ത്തിക്കെട്ടൽ എല്ലാം അനസ്യൂതം നടക്കുന്ന കലാക്ഷേത്രം തന്നെ !!


ഗായികയും ബന്ധു കൂടിയായ ഗായത്രി വർമ്മയെ നിങ്ങൾക്ക് പരിചയപ്പെടുത്തട്ടെ ... പാട്ടിലൂടെ അറിയുന്നവർ ഏറെ ഉണ്ടാവും.  സിനിമയിൽ തന്നെ നല്ലൊരു തുടക്കം കിട്ടിയ ഗായിക . അതും തമിഴിൽ . അതിലേറെ ആഹ്ളാദിക്കാനും , അഭിമാനിക്കാനും ഉള്ളത് ശരത് സംഗീതത്തിലൂടെ ഉള്ള ഒരു കടന്നുവരവും...  ശരത് എന്ന സംഗീതജ്‌ഞന്റെ ഈണങ്ങൾ കേട്ട് പഠിച്ചു മൂളാൻ കിട്ടുന്നത് തന്നെ ഒരു ഭാഗ്യം.  ജൂൺ ആർ  എന്ന തമിഴ് ചിത്രത്തിൽ അനാഥയായ ഒരു പെൺകുട്ടിയുടെ കുട്ടിക്കാലത്തെ ജീവിതത്തിലൂടെ പോവുന്ന ഒരു പാട്ടു സീൻ .. " അൻപേ അൻപേ ..." എന്ന ഗാനം . ആ ഒരൊറ്റ പാട്ടിൽ നിന്ന് തന്നെ ഗായത്രിയുടെ ആലാപന ശൈലി നമുക്ക് മനസ്സിലാവും. ഹൃദ്യമായ ഒരു ശബ്ദത്തിന്റെ ഉടമ . ഉച്ചസ്ഥായിയിൽ ശബ്ദത്തിന്റെ നാദമധുരിമ കേട്ടറിയേണ്ടത് ! അൻപേ .. എന്ന ഗാനം നൽകിയ ഉണർവിൽ തന്നെ 2006 ലും മലയാളത്തിൽ അരങ്ങേറ്റം നടക്കുകയുണ്ടായി. ആടുതോമ എന്ന സിനിമയിലെ ഒരു ഗാനം. സിനിമയും ഗാനവും അത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നത് നിർഭാഗ്യം. എന്നാൽ  അടുത്ത വർഷം തന്നെ വയലാർ ശരത്ചന്ദ്ര വർമ്മയുടെ രചനയിൽ ബേണി  ഇഗ്‌നേഷ്യസ് സംഗീതം ചെയ്ത  ഹരീന്ദ്രൻ ഒരു നിഷ്കളങ്കനിലെ " കന്നിപ്പെണ്ണേ എൻ മുന്നിൽ സ്നേഹപ്പാടം നീയല്ലേ " എന്ന യുഗ്മ ഗാനം എം ജി ശ്രീകുമാറോടൊത്താലപിക്കാൻ കഴിഞ്ഞു. 

2008 ൽ വീണ്ടും  " ശലഭം " എന്ന ചിത്രത്തിൽ .  കൈതപ്രത്തിന്റെ മേൽനോട്ടത്തിൽ സംഗീതം നിർവഹിക്കപ്പെട്ട ഗാനം എന്നത് വീണ്ടും ഗായത്രിക്കു കിട്ടിയ സൗഭാഗ്യം. രചനയും കൈതപ്രം തന്നെ. " ലേഖേ , ചന്ദ്രലേഖേ ...." എന്ന ഗാനം. കൈതപ്രത്തിന്റെ പുത്രൻ ദീപാങ്കുരനോടൊപ്പം ആലാപനം.  ചിത്രം പരാജയമായിരുന്നത് കൊണ്ടുമാവാം ഏറെ ശ്രദ്ധിക്കപ്പെടാതെ പോയി ആ ഗാനവും.  ആലാപനത്തിന്റെ മികവ് ഈ രണ്ടു  യുഗ്മഗാനത്തിലും മനസ്സിലാക്കാം. 

വീണ്ടും പരാജയപ്പെട്ട ഒരു ചിത്രത്തിലെ ഗാനം. കൈതപ്രം വിശ്വനാഥിന്റെ അർദ്ധക്ലാസ്സിക്കൽ മൂഡിൽ ചെയ്ത നല്ലൊരു ഗാനം ആയിരുന്നു അത്..  കാവ്യം എന്ന ചിത്രത്തിൽ കൈതപ്രം രചിച്ചത് . " കുഞ്ഞുണ്ണിക്കവിളിൽ നറുവെണ്ണ " എന്ന സുന്ദര ഗാനം. സോളോ പാടുമ്പോൾ ഗായത്രി എന്ന ഗായികയിൽ ഇരുത്തം വന്ന ഒരു പാട്ടുകാരിയെ അനുഭവപ്പെടും...  

പിന്നീട് കാലങ്ങൾക്കു ശേഷം  ഉദാഹരണം  സുജാതയിലെ  ഗാനം. 

ഗായത്രിയുടെ കരിയറിലെ  അവളിലെ ഗായികയെ അടയാളപ്പെടുത്തുന്ന ഗാനം.   " കസവ്‌ ഞൊറിയുമൊരു പുലരി " 

ഡി സന്തോഷ് എന്ന ഗാനരചയിതാവിന്റെ എഴുത്തിന്  ഇന്നത്തെ സംഗീതജ്ഞൻ ശ്രീ ഗോപി സുന്ദർ ഈണം പകർന്നത്.  എഴുതി തെളിഞ്ഞ ഒരു കവിയുടെ ഗാന രചന പോലെ സുന്ദരമായ വരികൾ ...


 ഗായത്രി വർമ്മ ഇടപ്പള്ളി കോശ്ശേരി മഠം കുടുംബാംഗമാണ് . 'അമ്മ ഉഷാവർമ്മ , അച്ഛൻ നന്ദകുമാർ വർമ്മ  തൃപ്പൂണിത്തുറ രാജകുടുംബാംഗം . എൻ്റെ ഭാര്യാ ഭവനം കൂടിയാണ് കോശ്ശേരി മഠം .


ആദ്യകാലത്ത് കൈരളി ടീവിയിലെ റിയാലിറ്റി ഷോയുടെ പകിട്ടൊന്നുമില്ലാത്ത കാലത്ത് , ഗന്ധർവ സംഗീതം എന്ന   സംഗീത പരിപാടിയിൽ മത്സരാർത്ഥി ആയിരുന്നു ഗായത്രി. അന്ന് സെമി ഫൈനൽ വരെ എത്തിയിരുന്നു .. പാട്ടിന്റെ ലോകത്തേക്ക് കടന്നുവരാൻ വൈവിധ്യമാർന്ന ഗാനങ്ങൾ പാടിയത് ഒരു പരിശീലനം കൂടിയായി മാറി . ശേഷം സംഗീതജ്ഞൻ ശരത്തുമായുള്ള ഒരു സ്റ്റേജ് ഷോയിലെ പെർഫോമെൻസിൽ ജൂൺ ആർ  ഗാനം കൈവന്നു ചേർന്നു .


അവസരങ്ങൾ വന്നു ചേരട്ടെ , സിനിമകളിലെ മൽസരയോട്ടത്തിൽ പങ്കുചേരാതെ മാറി നിൽക്കുകയാണ് ഗായിക . സംഗീതത്തെ കൈവിടാനാവില്ലല്ലോ ! ജന്മസിദ്ധിയാണ് , ചിലർക്ക് കിട്ടുന്ന വരദാനമാണ് .ഓ എൻ വി യുടെ രചനയിൽ ഷഹബാസ് അമൻ സംഗീതം നിർവ്വഹസിച്ച ആൽബം "സഹയാത്രിക'' യിൽ വേണുഗോപാലുമൊത്ത് രണ്ട് ഗാനം ആലപിക്കുകയുണ്ടായി . 


വിവാഹിതയായി .ശ്യാം ആര്യൻ ഭർത്താവ് .രണ്ടു കുട്ടികൾ .കോവിഡ് കാലത്തിൻ്റെ വിരസതയിലും തിരക്കിലാണ് ഗായത്രി . കുട്ടികളുടെ പഠനം ,സംഗീത പരിശീലനം ... 

Tum bin mori എന്ന് തുടങ്ങുന്ന മീരാ ഭജൻ പുറത്തിറങ്ങിയിട്ടുണ്ട് .. ശബ്ദവിന്യാസത്തിൻ്റെ കുളിരലകൾ തീർക്കുന്നു ഗായത്രിയുടെ സംഗീതസപര്യ ..


ഇനിയും സിനിമകളിൽ പാടി നിറയണം .ഗാനരചയിതാക്കളും , സംഗീതജ്ഞരും ശ്രദ്ധിക്കുക . മലയാള സിനിമയ്ക്ക് ആവശ്യമുണ്ട് ഗായത്രീ മന്ത്രങ്ങൾ .....



Sunday, December 20, 2020

ശലഭമഴ പോലെ ശ്രേയാസ്വരങ്ങൾ

 

പി. ലീലയും, ശാന്താ പി നായരും മറ്റു ചില അപൂർവ ഗായികമാരും മാത്രം മലയാളത്തിൽ പാടിക്കൊണ്ടിരുന്ന സമയത്താണ്  അന്യഭാഷാ ഗായികമാർ ഇവിടേയ്ക്ക് കടന്നു വരുന്നത്. മലയാളത്തിന് പുറത്ത് അവർ സംഗീത ലോകം കീഴടക്കിക്കൊണ്ടിരിക്കുന്ന സമയം.  ശരിക്കും എൺപതുകൾ വരെ ഇവരാണ് പിന്നെ മലയാള ഗാനസാമ്രാജ്യം ഭരിച്ചവർ.  ജാനകി, സുശീല, വസന്ത, മാധുരി എന്നിവരുടെ  കൂടെ എൽ ആർ ഈശ്വരി, ജിക്കി  തുടങ്ങിയവരും കൂട്ടിനായി ഉണ്ടായിരുന്നു.   മലയാളത്തിനതൊരു സുവർണ്ണകാലം തന്നെ. മലയാളം കേട്ട് പഴകിയ " മലയാളിത്ത " ത്തിൽ നിന്ന്  മാറിയൊരു ശബ്ദവിന്യാസം . തുറന്ന ശബ്ദം, ഏതു തരത്തിലുമുള്ള പാട്ടും പാടാനുള്ള കഴിവ്  ഇതൊക്കെ കൊണ്ടുതന്നെ അവരൊക്കെ ഇവിടെ സ്ഥിരമാവുകയും ചെയ്തു. ഇവർക്കിടയിലും  മലയാളത്തിന്റെ ഗായികമാരായി അമ്പിളിയും, ലതയും മറ്റും ഒളിഞ്ഞും തെളിഞ്ഞും ഇവിടെ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.  


ഇതിനൊരു മാറ്റം വന്നത് 1975 ൽ സുജാത എന്ന ഗായികയുടെ അരങ്ങേറ്റം മുതലാണ്. കൂട്ടത്തിൽ മറ്റൊരന്യഭാഷാ ഗായിക കൂടി തന്റെ സ്ഥാനം ഉറപ്പിക്കാൻ എത്തിയ സമയമായിരുന്നു ..വാണീ ജയറാം ..എന്നിരുന്നാലും അന്യഭാഷാ ഗായികമാരോട് തീർത്തും ഒരു മത്സരനിയമം പാലിക്കാൻ സുജാതയ്ക്കുമായിരുന്നില്ല . വാണിജയറാം ഗാനങ്ങൾ മലയാളം കീഴടക്കുകയായിരുന്നു.

. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ കടന്നുവരവിൽ നല്ലൊരു മാറ്റം ഇവിടെ സംഭവിക്കുകയായിരുന്നു. ചിത്രയും സുജാതയും തന്നെ മാറിമാറി പാടികൊണ്ടിരുന്നു പിന്നീട് മലയാളത്തിൽ. ശരിക്കും അതൊരു

ആധിപത്യം സ്ഥാപിക്കൽ തന്നെയായിരുന്നു. പിന്നീട് ഒറ്റയ്ക്കും തെറ്റയ്ക്കും മറ്റു ഭാഷാ ഗായികമാർക്കു അവസരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നുവെങ്കിലും ചിത്ര - സുജാത ശബ്ദ വീചികൾ അപ്പോഴേക്കും മലയാളം കീഴടക്കിയിരുന്നു.  മാധുര്യമേറിയതിനു പിന്നാലെ  മനുഷ്യ മനസ്സിന്റെ പ്രയാണങ്ങൾ  അവിരാമം തുടർന്നുകൊണ്ടിരുന്നു.  എന്ന് ഏതു ശബ്ദമാണോ അധികം ഹൃദ്യം അവർക്കെവിടെയും കടന്നുകയറ്റം സാധിക്കും. ചിലപ്പോൾ കഴിവ് മാത്രം പോരാ എന്നും വരുന്നുണ്ട്. പിടിപാടുകൾ , മത്സരബുദ്ധി, എന്നിവയും കൂടെ വേണം.   അതൊക്കെ ആണോ രാധികാ തിലക് പോലുള്ള അസാമാന്യകഴിവുള്ളവർ ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോയത് !!  കാലങ്ങളോളം മലയാളി ചിത്ര - സുജാത ഗാനങ്ങളിൽ തന്നെ മുഴുകി , അതും 2010 വരെ എങ്കിലും !  ഇതിനിടക്കും ശേഷവും  ഗായത്രി , മിന്മിനി, സ്വർണലത  എന്നിവരൊക്കെ വന്നും പോയുമിരുന്നു.


ശ്രേയ ഘോഷാൽ


ഇതിനൊരു മാറ്റം വന്നത്  വീണ്ടും ഒരു അന്യഭാഷാ ഗായികയുടെ കടന്നുവരവിലൂടെ ആണ്. അതൊരൊന്നൊര വരവ് തന്നെയായിരുന്നു.   ഇവരെയല്ലേ നമ്മൾ കാത്തിരുന്നത് ! ഈ ശബ്ദമല്ലേ കാലങ്ങളോളം മറ്റുള്ളവരിലൂടെയും കേൾക്കാൻ ശ്രമിച്ചത്!  എന്നൊക്കെ മനസ്സ് അതിശയോക്തി കലർത്തി പിറുപിറുത്ത് കൊണ്ടേയിരുന്നു.  അടക്കാൻ കഴിയാത്ത ഒരു സന്തോഷം ആ ഗായികയുടെ വരവിൽ നിന്നും ചിലരെങ്കിലും അനുഭവിച്ചറിഞ്ഞിട്ടുണ്ടാവും .  മറ്റു അന്യഭാഷാ ഗായികമാർക്കില്ലാത്ത അല്ലെങ്കിൽ മുഴുവനായും മാറ്റാൻ പറ്റാതിരുന്ന അക്ഷരശുദ്ധി ഇവർക്കുണ്ടായിരുന്നു .  മലയാളം കീഴടക്കിയ മഹാപ്രതിഭകളെ അവഹേളിക്കുക ആണെന്ന് വിചാരിക്കരുത്.  അക്ഷരശുദ്ധിയുടെ കാര്യത്തിൽ ശ്രേയ ഇവരെയൊക്കെ പിന്നിലാക്കി എന്നത് സത്യം . പിന്നെ അതിലേറെ പറയാനുള്ളത് പാട്ടിൽ കലർത്തുന്ന ഭാവം ... അതിനി വിഷാദഗാനമായാലും, സന്തോഷനിമിഷമായാലും വരികൾക്കിടയിൽ അവർ മിന്നിത്തെളിയിക്കുന്ന ആ ഭാവസൗന്ദര്യം !!  അപാരം തന്നെ... ഉദാഹരണത്തിന്  ചില ഗാനങ്ങളിലൂടെ ഒന്ന് പോയി വരാം...


റഫീഖ് അഹമ്മദിന്റെ രചനയിൽ രമേശ് നാരായണന്റെ സംഗീതത്തിൽ " കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും " എന്ന ഗാനത്തിലെ ഗായിക ലയിക്കുന്നത് കേട്ടിരുന്നു കാണാം.. സ്വാതന്ത്ര്യ സമരസേനാനി അബ്ദുൾ റഹിമാൻ സാഹിബിന്റെ ജീവിത കഥ പറയുന്ന ചിത്രം. അദ്ദേഹത്തിന്റെ കാമിനിയുടെ  ലാസ്യഭാവങ്ങൾ പകർത്തിയെടുത്ത ഗാനം. ശ്രേയയിലൂടെ  കണ്ണോടു കണ്ണോരം, കാതോട് കാതോരം  ആസ്വാദകനെ അലിയിപ്പിച്ച ഗാനം.


പ്രണയം എന്ന ചിത്രത്തിൽ  ഓ എൻ വി കുറുപ്പിന്റെ രചനയിൽ ജയചന്ദ്രന്റെ ഈണത്തിൽ സമാനമായ ലഹരികൾ സമ്മാനിക്കുന്ന ഒന്ന്. "പാട്ടിൽ ഈ പാട്ടിൽ ...ഇനിയും നീ ഉണരില്ലേ " .....

രണ്ടു പുരുഷന്മാരുടെ ജീവിതത്തിലൂടെ കടന്നു പോവേണ്ടി വന്ന ഒരു സ്ത്രീയുടെ  തുടരുന്ന നിമിഷങ്ങളുടെ പ്രണയ സല്ലാപ നിമിഷങ്ങൾ പകർത്തിയ ഗാനം. കാറ്റും, കടലും , കടൽത്തിരകളും , ആ അന്തരീക്ഷവും സമ്മാനിക്കുന്ന പ്രണയാഭിനിവേശത്തിന്റെ അസുലഭമുഹൂർത്തങ്ങൾ തകർത്താടിയത് .


പ്രണയത്തിന്റെ കാര്യം പറയുമ്പോൾ സാഫല്യം കാണാതെ പോയ ഒരു റിയൽ സ്റ്റോറിയുടെ തേങ്ങലുകൾ നമ്മെ പിന്തുടരും. മഴയത്തതൊരു അടങ്ങാത്ത മർമ്മരമായി ഇന്നും കാതിൽ മൂളുന്നു... " കാത്തിരുന്ന് കാത്തിരുന്ന്  , പുഴമെലിഞ്ഞു "

അടക്കിവെക്കാനാവാത്ത ഹൃദയവികാരങ്ങൾ പൊട്ടിയലിഞ്ഞൊഴുകുന്നു ഈ പാട്ടിലൂടെ , ശ്രേയയുടെ മധുരശബ്ദത്തിലൂടെ ...  പാട്ടുകൾക്ക് ശ്രേയ കൊടുക്കുന്ന ഒരു പതിഞ്ഞ ശബ്ദമുണ്ട് . ചില വിഷാദ നിമിഷങ്ങൾ അത്  കൊണ്ടുവരുന്ന വൈകാരികതയെ പകർത്താൻ വാക്കുകൾ ഇല്ല എന്ന് പറയട്ടെ!!


ഹമ്മിങ്ങിലായാലും ശ്രേയ ചേർക്കുന്ന ടെക്നിക്കുകൾ സംഗീതകർത്താവിന്റെ നിർദേശം മൂലം മാത്രം എന്ന് പറയാൻ ആവില്ല. കാരണം ആര് സംഗീതം ചെയ്തതിലും ആ ഭാവലയം അനുഭവപ്പെടുന്നുണ്ട്. അത് സർഗാത്മകതയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണെന്ന് സ്പഷ്ടം.  ആദ്യഗാനമായ വിട പറയുകയാണോ എന്ന ബിഗ് ബി ചിത്രത്തിലെ ഗാനത്തിൽ പോലും  അത്രയ്ക്കും അതുണർന്നു വരുന്നുണ്ട്.

ഇതുകൊണ്ടൊക്കെ തന്നെയായിരിക്കും അത്തരം ഗാനങ്ങൾക്കും ആണ് പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ളതും.  


രണ്ടാമത്തെ ഗാനമായ ശ്രേയയുടെ  ഒരു വ്യത്യസ്തതയ്ക്ക് കിട്ടി ആദ്യ അവാർഡ് ..

ബനാറസിലെ "ചാന്ത് തൊട്ടില്ലേ , നീ ചന്ദനം തൊട്ടില്ലേ " .... ഗിരീഷ് പുത്തഞ്ചേരിയുടെ രചന.. എം ജയചന്ദ്രൻ സംഗീതം...


കിഴക്കു പൂക്കും  ( അൻവർ ) ഈ ഒപ്പനപ്പാട്ടിനുമുണ്ടൊരു വ്യത്യസ്തത. മറ്റു ഒപ്പനകളിലെ ശബ്ദമുഴക്കം ഇതിലനുഭവപ്പെടില്ല . ശ്രേയയുടെ പതിഞ്ഞ താളത്തിൽ അവിടെ മറ്റൊരു ലോകം സൃഷ്ടിക്കുകയാണ്.


ശ്രേയാഭാവത്തിന്റെ മറ്റൊരു മുഖം കാണാമിനി. പ്രസിദ്ധ സംവിധായകൻ ഭരതന്റെ ചിത്രമായ നിദ്ര മകൻ സിദ്ധാർഥൻ പുനരവതരിപ്പിക്കുന്നുണ്ട്.  താളം തെറ്റിയ മനസ്സിന്റെ ഉടമയായ രാജുവിന്റെ പ്രണയിനിയായ അശ്വതിയുമൊത്ത് ഒരുല്ലാസവേളയിൽ  ഒഴുകിവരുന്ന ഗാനം.

ശലഭമഴ പെയ്യുമീ വാടിയിൽ ....... റഫീഖ് അഹമ്മദിന്റെ കവിതയ്ക്ക്  ജാസി ഗിഫ്റ്റ് നൽകുന്ന അപൂർവ സംഗീതം.. ശരീരങ്ങൾ തമ്മിലുള്ള ഇഴുകിച്ചേരലും , വിലാസലാസ്യലയങ്ങളും  ഒരനുഭൂതി പകർന്നുതരുന്ന ഗാനം.... കാമുകിയുടെ ഭാവങ്ങളോടെ ശ്രേയയുടെ ശബ്ദം .... അവസാന വരികളിൽ  "രതോന്മാദ ലഹരിയിൽ , ചുഴികളിൽ വിലയുമാ മൗനം " എന്ന വരികളിലേക്കു ഒരെടുത്തെറിയലുണ്ട് ... ആ ഷോട്ടും  മറക്കാനാവില്ല...


അതുപോലെ തന്നെ   ബീ കെ ഹരിനാരായണന്റെ വരികൾക്ക് ഗോപീ സുന്ദറിന്റെ ഈണം...

"ഈറൻ കാറ്റിൻ ഈണം പോലെ "   സലാല മൊബൈൽസ് എന്നതിലെ  ലയനവും ശ്രദ്ധിക്കുക.


കലാലയജീവിതത്തിന്റെ ഉല്ലാസവേളകളിൽ നിന്നും ഊർന്നിറങ്ങി വരുന്നൊരു ഗാനമുണ്ട്. . അജീഷ് ദാസന്റെ വരികൾക്ക് ഫൈസലിന്റെ സംഗീതം....

" നേരമായ് .. നിലാവിലീ ജാലകം തുറന്നീടാം "


2017 ൽ പ്രസിദ്ധ എഴുത്തുകാരിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ആമിയിലെ രണ്ടു ഗാനവും ശ്രേയയ്ക്ക് തന്നെ. റഫീഖ് അഹമ്മദിന്റെ വരികളെ ഇത്രകണ്ട് ആഘോഷിക്കപ്പെടാൻ കാരണം രമേശ് നാരായണൻ സംഗീതവും, ജയചന്ദ്രൻ സംഗീതവും കൊണ്ടാണ്.  രണ്ടുപേരുടെയും കുറെയേറെ ഗാനങ്ങൾ ശ്രേയയും ആലപിച്ചിട്ടുണ്ട്.. ആമിയിലെ

" നീർമാതളപ്പൂവിനുള്ളിൽ " പുരസ്കാരവും നേടിക്കൊടുത്തു.

മാധവിക്കുട്ടിയുടെ ജീവിത സങ്കൽപ്പങ്ങളെ , അഭിനിവേശങ്ങളെ , ആഴത്തിൽ മനസ്സിലാക്കി അഭ്രപാളികളിൽ ഒരു വിലാപകാവ്യമാക്കിയ ചിത്രം.

" പ്രണയമയീ രാധ " എന്ന ഗാനവും അതീവ ഹൃദ്യം. മാധവിക്കുട്ടിയുടെ പിരിമുറുക്കം ഏറിയ , അലകടൽ പോലെ ഇളകിമറിഞ്ഞ ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഗാനം.


അനുരാഗവിലോചനനായി ( നീലത്താമര )

കൊണ്ടോരാം ... കൊണ്ടോരാം ( ഒടിയൻ )

മാനം തുടിക്കണ് ...

കളരിയഴകും  (കായംകുളം കൊച്ചുണ്ണി )

വിജനതയിൽ  ( ഹൌ ഓൾഡ് ആർ യു )

കാണാമുള്ളാൽ ഉൾനീറും ( സാൾട് ആൻഡ് പെപ്പർ )

കണ്ണോരം ചിങ്കാരം ( രതിനിർവേദം )

പതിനേഴിന്റെ പൂങ്കരളിൽ ( വെള്ളരിപ്രാവിന്റെ ചങ്ങാതി )

ആവണിത്തുമ്പി ( സ്‌നേഹവീട് )

ഇവയിലൊക്കെ തന്നെ ശ്രേയ സ്പർശം നിറഞ്ഞു നിൽക്കുന്നു...

ഒഴിവാക്കാനാവില്ല ഒന്നും...


കോവിഡ് കാലത്തിനു മുൻപായി  തീയേറ്ററടങ്ങുന്നതിന് കുറച്ചു മുൻപ് " ജീവാംശമായ് താനെ നീയും " എന്ന് മാസ്മരികമായി തൊട്ടുകൊണ്ടു  ഹരിനാരായണൻ ഗീതം. കൈലാസ് മേനോൻ സംഗീതം.


ശേഷം കോവിഡ് മൂടും മുൻപ്  മാമാങ്കത്തിലെ  " മൂക്കുത്തി മൂക്കുത്തി കണ്ടില്ല " എന്ന  ലാസ്യഗാനം ... അതിലും ശ്രേയ ടച്ച് വരുത്താൻ കഴിഞ്ഞു എന്നത് ശ്രദ്ധനീയം ....


ഉണർവിന്റെ ഇളംകാറ്റ് പോലെ ശ്രേയാ ഗീതങ്ങൾ ഇനിയും തഴുകണം . അതിലിടറണം മനസ്സ് , അടയണം കണ്ണുകൾ. ലഹരിയിൽ അലിഞ്ഞില്ലാതാവണം....

ഭാവുകങ്ങൾ പ്രിയ ഗായികയ്ക്ക് ...

Saturday, December 19, 2020

ഹൃദയം മറക്കാത്തത്

 


കലാസൃഷ്ടിയുടെ നിലനിൽപ്പിനാധാരം ആസ്വാദകവൃന്ദം അത് മനസ്സിലേറ്റികൊണ്ടു നടക്കുന്നത് കൊണ്ടും കൂടിയാണല്ലോ .. കടലാസിലായാലും അത് വായിക്കപ്പെടണം. അനുവാചകനതിനുള്ള ഇഷ്ടങ്ങൾ പങ്കിടണം . കൈമാറി കൈമാറി അത് പ്രചരിക്കുന്നു. പുസ്തകങ്ങൾ ഇല്ലാതായാലും, നമ്മുടെ മനസ്സിൽ നിന്നത് നഷ്ടപ്പെട്ടാലും ഇന്ന് സൂക്ഷിച്ചുവെക്കാൻ ഇടങ്ങൾ ഉണ്ട്.  ഇന്റർനെറ്റിന്റെ പേജുകളിൽ അത് ഭദ്രം. എഴുത്തായും, ചിത്രങ്ങളായും , വീഡിയോയായും അത് രേഖപ്പെടുത്തിവെക്കപ്പെടുന്നു.  ഇന്നത്തെ കാലത്ത് അങ്ങിനെയെങ്കിലും അതിന്റെ സ്രഷ്ടാക്കൾ ഓർമ്മിക്കപ്പെടുന്നു.  കാലങ്ങൾ കഴിയുമ്പോൾ മറവിയിലേക്കു പോയേക്കാവുന്നതും  ഉണ്ട്. അവയ്‌ക്കൊക്കെ തന്നെ  ഈയിടം  ഒരനുഗ്രഹമാണ്.  തിരഞ്ഞു ചെല്ലുമ്പോൾ ഇങ്ങനെ ചിലരൊക്കെ ഇവിടെ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കുകയും ചെയ്യും.ചിലപ്പോൾ ഒന്നോ രണ്ടോ രചനകൾ മാത്രം, സംഗീതം ചെയ്ത രണ്ടു പാട്ടുകൾ മാത്രം... എങ്കിലും അത് കേട്ട് കഴിയുമ്പോൾ കഴിഞ്ഞ കാലത്തിന്റെ മറ നീക്കി ആ എഴുത്തുകൾ നമ്മോടു സംസാരിക്കും. അന്ന് ഇതൊക്കെ കേട്ട് നിർവൃതിയടഞ്ഞവരെപ്പറ്റി വെറുതെ ഓർത്ത് നോക്കും. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിന്റെ ചടുലമാർന്ന കാലങ്ങൾ മനസ്സിലേക്ക് സ്വപ്നങ്ങളായി ഇതൾ വിരിയും. നമ്മൾ അവർക്കു മുൻപിൽ മനസ്സാ കുമ്പിടും.  നിങ്ങൾക്കും ഇവിടെ സ്ഥാനമുണ്ട്.   എന്തിനാ അധികം? ഇത്രയും തന്നെ ധാരാളം. കൂടുതൽ എഴുതാമായിരുന്നു എന്നൊക്കെ തോന്നിയേക്കാം... എങ്കിലും....


ഇത്രയും പറയുമ്പോൾ നെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു വെച്ച ഒരു മീശക്കാരന്റെ ചിത്രം അരികിലുണ്ട്.. ഗൗരവമാർന്ന മുഖം. 1975 ലും 76 ലുമായി രണ്ടു സിനിമകളിൽ രണ്ടു ഗാനങ്ങൾ മാത്രം എഴുതി രംഗം വിട്ട ശ്രീ മൂപ്പത്ത് രാമചന്ദ്രൻ എന്ന കവി .


എഴുതി തെളിയാതെ പോയവരും, എത്ര എഴുതിയിട്ടും തെളിയാതെ പോയവരും  ഇവിടെ ചലച്ചിത്രങ്ങളിൽ ഉണ്ടായിട്ടുണ്ട്. അതൊരു  വല്ലാത്ത ലോകം തന്നെയാണ്!  എങ്കിലും  രണ്ടു പാട്ടുകളിലൂടെ പാട്ടിഷ്ടക്കാരുടെ മനസ്സിൽ പൂമഴ പെയ്യിച്ച ഗാനരചയിതാവിനെ ഒന്ന് പരിചയപ്പെടാം..പരിചയപ്പെടാൻ രണ്ടു പാട്ടുകൾ മാത്രം. വ്യക്തിപരമായ മറ്റു കാര്യങ്ങൾ ഒന്നും അറിയില്ല.  അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നു കരുതുന്നു. അത്തരം വിവരങ്ങൾ ഒന്നും കിട്ടിയിട്ടില്ല...


1975 ൽ ചന്ദനച്ചോല എന്ന പ്രേതചിത്രത്തിൽ " ഹൃദയം മറന്നു നാണയത്തുട്ടിന്റെ കിലുകിലാ ശബ്ദത്തിൽ " അതിലെ മറ്റു പാട്ടുകളിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു രചന തന്നെയിരുന്നു..

വയലാർ , കോന്നിയൂർ  ഭാസ് ,ഡോ .ബാലകൃഷ്ണൻ തുടങ്ങിയവരുടെ രചനകൾ ഉണ്ടെങ്കിലും. " ബിന്ദൂ നീയാനന്ദ ബിന്ദുവോ " എന്ന സുപ്രസിദ്ധ ഗാനമുണ്ടെങ്കിലും  രാമചന്ദ്രന്റെ ഗാനം തന്നെ ഏറ്റവും മികച്ചത്.

ഹൃദയം മറന്നു എന്ന ഗാനം ദാർശനിക വിഭാഗത്തിൽ പെടുത്താവുന്ന ഒന്നാണ്. മലയാളത്തിലെ മറ്റേതൊരു ഗാനരചയിതാവിന്റെ അത്തരം സൃഷ്ടികൾ ഉണ്ടെങ്കിലും ഒപ്പത്തിനൊപ്പം നിൽക്കാനാവുന്ന ഒരു രചന .  മനുഷ്യമനസ്സിന്റെ വ്യോമോഹത്തിന്റെ , നഷ്ടങ്ങളുടെ , ചതിയുടെ, എല്ലാ വശങ്ങളിലൂടെയും കടന്നുപോവുന്നത് . പുരാതന മനുഷ്യനിൽ നിന്ന് ആധുനിക മനുഷ്യനെ വേർതിരിച്ചു കാട്ടുന്ന ഒന്ന് . ആർത്തിയുടെയും, അഹന്തയുടെയും നാണയക്കിലുക്കങ്ങളിൽ മനസ്സ് കളഞ്ഞു പോവുന്നവരിൽ നിന്നും പ്രഹരങ്ങളേൽക്കുന്നവരുടെ വേദനകൾ ... നാണയത്തോടൊപ്പം സ്നേഹത്തെ തൂക്കി നോക്കുന്നവരുടെ ഗദ്ഗദങ്ങൾ ...ലാളിച്ചു പോറ്റിയ ബന്ധം വിലപ്പെട്ട രത്നമെന്നോർത്തു , എന്നാൽ അത് വെറും കനലാണെന്നറിഞ്ഞപ്പോൾ നൊന്തു പോവുന്ന ഹൃദയങ്ങൾ..അത്തരം ബന്ധങ്ങൾ താളുകൾ മറിയുന്ന ജീവിതത്തിന്റെ ഏടുകളിൽ ഏൽപ്പിക്കുന്ന സൗഹൃദത്തിന്റെ കൈനഖമുറിപ്പാടുകൾ .....

അതിലെ ഏറ്റവും ഗംഭീര വരികൾ ഇവയാണ്....

" ഒരു ശാസ്ത്ര ഗ്രന്ഥവുമിന്നോളം കണ്ടില്ല

മനമെന്ന പ്രതിഭാസം സൂക്ഷ്മമായി "

മനുഷ്യമനസ്സിന്റെ ഇരുളടഞ്ഞ ഇടങ്ങളൊരിക്കലും വെളിപ്പെടുന്നില്ല. അത്ഭുത പ്രതിഭാസമായി മനുഷ്യമനസ്സ്. അതിന്റെ കളികളെന്തൊക്കെ ! ആര് കണ്ടു....

കെ ജെ ജോയ് അസാമാന്യമായി ഈണം പകർന്ന് ഗാനം !!


പിന്നീട് 1976 ൽ മധുരം തിരുമധുരത്തിൽ " വേദന വിളിച്ചോതി വരുമെന്റെ കാമുകൻ "

ഇതും ഒരു പാതി ദാർശനിക ഗാനം തന്നെയാണ്. ഇതിലും മനസ്സിലെ നൊമ്പരങ്ങൾ തന്നെ. കുത്തിമുറിവേൽപ്പിക്കുന്ന ജീവിതസംഭവങ്ങൾ . പൂർത്തീകരിക്കാത്ത ജീവിത സമസ്യകൾ . അന്തം വിട്ടു നിൽക്കുന്ന പാവം മാനവർ !!

സ്നേഹനഷ്ടത്തിന്റെ വിങ്ങലിൽ നിലവിട്ട് കേഴുന്ന ഒരുവളുടെ ദൃശ്യങ്ങളിലൂടെ നീങ്ങുന്ന ഒരു ഗാനം .

വേദന പറയുന്നു അവൻ വരും.

ചേതന തിരിച്ചോതുന്നു വരില്ലവൻ വീണ്ടും.....

ഇത്തരത്തിലുള്ള ഒരു രചനാ രീതി അത്യപൂർവമായിരുന്നു .. മധുരം തിരുമധുരത്തിലും വേറെയും ഗാനങ്ങളുണ്ട്...എന്നാൽ ഇതിലും കേമം ഈ ഗാനം തന്നെ.

മനസ്സെന്ന ചരടിൽ കോർത്ത മാല്ല്യം .അതും സങ്കല്പപുഷ്പങ്ങളാൽ ...അതിന്നു കരിഞ്ഞിരിക്കുന്നു, കരളിനുള്ളിൽ സൂക്ഷിച്ച നിധിപേടകവും പൊട്ടിത്തകർന്നു...

എന്നിട്ടും മോഹമാണ് .അവളുടെ മൂകാശ്രുധാരയുടെ നൊമ്പരമറിഞ്ഞു അവൻ തിരിച്ചു വന്നെങ്കിൽ ..എങ്കിൽ ഞാനെല്ലാം മറക്കും, മധുരാഭിലാഷങ്ങൾ പുനർജനിക്കും ....

അതുവെറും പകൽസ്വപ്നമെന്നറിയുന്ന അവൾ ഒന്ന് വേദനയോടെ ചിരിക്കുന്നുമുണ്ട് പാട്ടിന്റെ അവസാനം ...


ഈ രണ്ടു ഗാനങ്ങൾ മാത്രം ശ്രീ മൂപ്പത്തു രാമചന്ദ്രന്റേതായി ...

ഈ രണ്ടു ഗാനങ്ങൾ മാത്രം.  എന്നെന്നും ഈ രണ്ടും പാട്ടിനെ അറിയുന്നവർക്കിടയിൽ , സ്നേഹിക്കുന്നവർക്കിടയിൽ മൂളിക്കൊണ്ടേയിരിക്കും....


https://youtu.be/36pngpx9fSM

ഏതോ ജന്മകൽപ്പനയിൽ

 


ചില പാട്ടുകളുണ്ട്. നമ്മളെത്രയോ പറഞ്ഞുപോയവയിലൊന്നും, ഇഷ്ടഗാനങ്ങളിലൊന്നും വന്നു പോവാത്ത ചിലത്.  അവ കൂട്ടത്തിൽ ചേരാതെ മനസ്സിന്റെ കോണിൽ ഒതുങ്ങി നിൽക്കും. പ്രിയമുള്ളവ ഒരൊഴുക്കു പോലെ വന്നു പോവുമ്പോഴും "ഞാനും ഞാനും " എന്ന് പറഞ്ഞുല്ലസിച്ച് ,  അവകാശം സ്ഥാപിച്ചു പോലും വന്നു പോകില്ല. പിന്നെ ചില  ഏകാന്ത നിമിഷങ്ങളിൽ ഇവർ വരും, മൂളും, എന്നെ മറന്നോ എന്നോർമ്മിപ്പിക്കും. ഇല്ലെന്നു ,പറയും.. വാക്കുകളിൽ , ഈണങ്ങളിൽ മയങ്ങി വീഴും...  ഇതോ ആ ഗാനം എന്ന് ചിലർ ചോദിച്ചേക്കാം . ഇതിലെന്തിത്ര പ്രത്യേകത. എനിക്കുണ്ട്... എന്നേ അതിനുത്തരമുളളൂ...

അത്തരം ചില വാണീ ജയറാം ഗാനങ്ങളും ഉണ്ട്... ഏറെ പ്രിയപ്പെട്ടവ....


1976 ൽ ഇറങ്ങിയ ഒരു ചിത്രമാണ് പാൽക്കടൽ . അത്രയൊന്നും പ്രസിദ്ധി നേടാത്ത ചിത്രമെങ്കിലും അതിലും ഹിറ്റ് ഗാനങ്ങൾ ഉണ്ട്.

" കുങ്കുമപൊട്ടിലൂറും കവിതേ

നിന്റെ മഞ്ജീരത്തിൻ മൗനനാദം "

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എ ടി ഉമ്മറിന്റെ ശാന്ത സംഗീതം.  ഒരു സ്ത്രീ മനസ്സിന്റെ വൈവാഹിക ജീവിതത്തിന്റെ തുടക്കത്തിലേ ചില അസുലഭ മുഹൂർത്തങ്ങൾ പദം  വിടർത്തിയ ഗാനം. ആദ്യ വരിയിൽ തന്നെ കവി അവളെ എത്ര ഉയരത്തിൽ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.  കുങ്കുമപ്പൊട്ടിലൂറും കവിത ....

കല്യാണപ്പന്തലിലെ സുവർണ നിമിഷങ്ങൾ, ആദ്യരാത്രിയിലെ പുളകനിമിഷങ്ങൾ...

ഇതൊക്കെ ഏത്രയോ ഗാനങ്ങളിൽ വന്നു പോയിട്ടുണ്ടെങ്കിലും എനിക്കെന്തോ ഈ പാട്ട് വളരെ പ്രിയമാണ്. വാണീ ജയറാം വരികൾക്ക് കൊടുത്ത ആത്മാർത്ഥ സമർപ്പണം ഒന്ന് കൊണ്ടുകൂടിയാവാം...


വാണീ ജയറാം ഗാനങ്ങൾ തരുന്ന ഒരുണർവും , അനുഭൂതിയും ഉണ്ട്. ഗാനത്തിന്റെ ആദ്യ വരിയ്ക്ക് നൽകുന്ന ഒരുറപ്പും, ആലാപനരീതിയും പ്രശംസനീയം തന്നെയാണ്. ആദ്യവരിയിൽ നിന്ന് തന്നെ അവസാന വരി വരെ നമ്മെ കൊണ്ടുപോവും വാണി. അതാണീ വാണീ സ്റ്റൈൽ ..അതിന്റെ ഏറ്റവും വലിയ തെളിവ് തമിഴിൽ നിന്നും നമുക്ക് എടുക്കാൻ കഴിയും... ദീർഘ സുമംഗലി എന്ന ചിത്രത്തിൽ എം എസ് ഈണത്തിൽ പിറന്നു വീണ അതീവ സുന്ദര ഗാനം....

" മല്ലികൈ എൻ മന്നൻ മയങ്കും ..:"


മലയാളത്തിലെ ആദ്യം ഗാനം തന്നെ അതിനൊരുദാഹരണമാണ്.

സൗരയൂഥത്തിൽ വിടർന്നൊരു കല്യാണ ..( സ്വപ്നം )

ചിത്രവർണ്ണ പുഷ്പജാലമൊരുക്കി വച്ചു ( അയലത്തെ സുന്ദരി )

തിരുവോണപ്പുലരിതൻ ( തിരുവോണം )

കാറ്റ് ചെന്ന് കളേബരം തഴുകി  ( സമ്മാനം )

ആഷാഢ മാസം ആത്മാവിൽ മോഹം ( യുദ്ധഭൂമി )

നായകാ പാലകാ (ലക്ഷ്മി വിജയം )

സീമന്തരേഖയിൽ ചന്ദനം ചാർത്തിയ (ആശിർവാദം ) 

എന്നിവയിലൂടെ അനസ്യൂതമായി തുടന്നൊഴുകുകയായിരുന്നു .


അതിങ്ങു 2014 ൽ  ഉള്ള പാട്ടിൽ വരെ  തുടിച്ചു നിന്നു എന്നതും അത്ഭുതം ...

ഓലഞ്ഞാലിൽ കുരുവീ ... ( 1983 )


വാണീ ജയറാം ഗാനങ്ങളിലെ എല്ലാത്തിലൂടെയും  പോവുന്നില്ല.. ഇഷ്ടഗാനങ്ങൾ ചിലവ മാത്രം....

ചില യുഗ്മ ഗാനങ്ങളുടെ വാണീലയനം നടന്നവ...

വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി ...( പിക്നിക് )

സ്വപ്നഹാരമണിഞ്ഞെത്തും (പിക് പോക്കറ്റ് )

പുഷ്പമംഗല്യ രാത്രിയിൽ ( ആദ്യപാഠം )

തുടിക്കും മനസ്സിലെ കലശങ്ങളിൽ ( അമ്മെ അനുപമേ )

പഞ്ചവർണ്ണ കിളിവാലൻ  ( കണ്ണപ്പനുണ്ണി )

കുടുംബം സ്നേഹത്തിൻ പൊന്നമ്പലം ( അഗ്നിപർവതം )

നിമിഷങ്ങൾ പോലും വാചാലമാകും( മനസ്സാവാചാ കർമ്മണാ )

സുരലോക ജാലധാര ഒഴുകിയൊഴുകി ( ഏഴാം കടലിനക്കരെ )

ഏഴാം മാളികമേലെ  ( സർപ്പം )

പൊന്നലയിൽ അമ്മാനമാടി  ( ദേവദാസി )

ഒന്നാനാം കുന്നിന്മേൽ ( എയർ ഹോസ്റ്റസ് )

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം ( നായാട്ട് )


കാലങ്ങൾ കഴിഞ്ഞപ്പോൾ ,,,, 2016 ലും 18 ലും വീണ്ടുമത് പൂത്തു തളിർത്തു .

പൂക്കൾ പനീർപ്പൂക്കൾ ( ആക്ഷൻ ഹീറോ ബിജു )

പെയ്തലിഞ്ഞ നിമിഷം ( ക്യാപ്റ്റൻ )


ഗായികമാരോടൊപ്പം കൂട്ടുചേർന്നുപോയ അനേകം ഗാനങ്ങൾ ഉണ്ട് വാണീജയറാമിന്റെ സമ്പാദ്യമായി....

ദിവാസ്വപ്നമിന്നെനിക്കൊരു ( മാധുരിയോടൊത്ത് പാൽക്കടലിൽ )

ഹിന്ദോളരാഗത്തിൻ ഓളങ്ങളെ ( ലതാ രാജുവുമൊത്ത് തുറുപ്പുഗുലാനിൽ )

മങ്കമാരെ മയക്കുന്ന കുങ്കുമം  ( സുശീലയുമൊത്ത് കണ്ണപ്പനുണ്ണിയിൽ )

ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ ( സുശീലയുമൊത്ത്  ബീനയിൽ )


ഏതു ഗായകരോടൊത്തായാലും വാണീശബ്ദം വേറിട്ട് നിൽക്കും. ഗായകരിൽ ജയചന്ദ്രൻ വാണീജയറാം ടീം മികച്ചു നിൽക്കുന്നു. രണ്ടു  ഭാവഗംഭീരനാദങ്ങൾ !!


വാക്കുകൾ പാടിയിരുത്തുന്ന ആ വൈഭവം കാരണം വരികൾക്ക് ചെവിയോർക്കേണ്ട കാര്യമില്ല. അന്യഭാഷാ ഗായിക ആയിട്ടും പദങ്ങൾക്ക് വേണ്ട വിധത്തിൽ ഉറപ്പ് കൊടുക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ ചില മലയാളി ഗായകർ പാടുന്ന പോലെ " കുരച്ചു കുരച്ചല്ല ".. പാടുന്നത് ശ്രോതാക്കളുടെ മനസ്സിലേക്ക് സൗമ്യമായി എന്നാൽ ഭാവസാന്ദ്രമായി കയറിക്കൂടണം എന്നവർക്കറിയാം. അതുകൊണ്ടും കൂടിയാണല്ലോ ഞാനാദ്യം പറഞ്ഞ ഗാനം എന്റെ മനസ്സിലിന്നും കുടിയിരിക്കുന്നത്...

ശങ്കരാഭരണത്തിലെ എസ് പി അത്ഭുതത്തോടൊപ്പം പാടുമ്പോഴും തന്റേതായ നിലനിൽപ്പ് ഒരിക്കലും ചോദ്യം ചെയ്യപ്പെടുന്നുമില്ല...


വാണീജയറാം ഗാനങ്ങൾ ഇനിയും കേൾക്കണം... അതിനായി ജന്മങ്ങൾ ഇനിയും വേണം...

" ഏതോ ജന്മകൽപ്പനയിൽ

ഏതോ ജന്മവീഥികളിൽ

ഇന്നും നീ വന്നു ... ഒരുനിമിഷം

വീണ്ടും നമ്മളൊന്നായ് ."


അഭിവാദനങ്ങളോടെ ....

ഏതോ നിദ്രതൻ

 


മനുഷ്യ മനസ്സിന്റെ അകമുറികൾ പലപ്പോഴും വിചിത്രമായിരിക്കാം. അങ്ങിനെയൊന്നുണ്ടെങ്കിൽ . പല വൈകാരിക മുഹൂർത്തങ്ങളിലും അവിടങ്ങളിൽ അന്തരീക്ഷം  കലുഷിതമായിരിക്കും .


 വിഭ്രമാവസ്ഥയുടെ ഭാരം പേറുന്ന മനുഷ്യജന്മങ്ങൾ , അവരുടെ മാനസിക ഭാവവ്യത്യാസങ്ങൾ , കടും നിറങ്ങൾ കലർന്ന മിന്നി മിന്നി തെളിയുന്ന  ശരറാന്തലുകൾ തൂങ്ങിയ , ശബ്ദ കോലാഹലങ്ങൾ നിറഞ്ഞ അവരുടെ മനസ്സുകളെ സങ്കല്പിച്ചെടുക്കാറുണ്ട് .... അത്തരം കഥാപാത്രങ്ങൾ സിനിമകളിൽ ഏറെ വന്നു പോയിട്ടുണ്ട്,  അപകടകാരികളായവരും, സാധുക്കളുമായവരും അക്കൂട്ടത്തിലുണ്ട്.

ചിലരുടെ മനസ്സ് ഒരു വീർപ്പിച്ച ബലൂൺ പോലെ ആണ്. ചിലപ്പോൾ ഒരൊറ്റ സൂചിമുനയാൽ പൊട്ടിത്തകർന്നു പോവുന്ന നിറമുള്ള ബലൂൺ ..


തനിക്ക് സംഭവിച്ചിട്ടില്ലാത്തതിനെ സങ്കല്പിച്ചെടുത്ത് വൈകാരികമായി പ്രകോപനം കൊണ്ടതിൽ  ഉന്മത്തയായി  തീർന്ന്

മനോരോഗി ആയിത്തീർന്ന ഒരുവളുടെ  നിറം പിടിപ്പിച്ച ചിന്തകളുടെ പ്രതിഫലനങ്ങൾ നിറഞ്ഞ ഒരു സിനിമ ആണ് അയാൾ കഥ എഴുതുകയാണ്.  കൂട്ടുകാരനാൽ പീഡിപ്പിക്കപ്പെട്ടു എന്ന തെറ്റിദ്ധാരണയിൽ താളം തെറ്റിപ്പോയെങ്കിലും അവനെ കൊല്ലാൻ ഉള്ള പ്രതികാരവുമായി അവൾ വീട് വിടുകയാണ്. പ്രിയദർശിനി എന്ന നായികയ്ക്ക്  സാഗറുമായി കല്ല്യാണം ഉറപ്പിക്കാൻ തുടങ്ങിയ സമയവും.  തന്റെ പരിശുദ്ധി നഷ്ടപ്പെട്ടു എന്ന തെറ്റിദ്ധാരണയിൽ മറ്റൊരു പുരുഷനെ വഞ്ചിക്കാൻ ആവാതെ മാനസികമായി വീണ്ടും തകർച്ചയിലാവുകയാണ്.  സ്ത്രീ മനസ്സിൻ്റെ പരിശുദ്ധിയെ ഇത്രമാത്രം

അടയാളപ്പെടുത്തിയ ഒരു സിനിമ അപൂർവ്വങ്ങളിൽ അപൂർവ്വം . പ്രിയർദർശിനി ആരെന്നറിയാതെ കൂട്ടുകാരന് വേണ്ടി പൈങ്കിളി നോവലെഴുതി സാഗർ വേട്ടയാടുകയാണ് . മാനസികമായി പൂർണ്ണമായും ഭ്രാന്താവസ്ഥയിലായ  പ്രിയദർശിനി ആരെന്ന് സാഗർ മനസ്സിലാക്കുന്നു .മനോരോഗാശുപത്രിയിൽ അവളെ സന്ദർശിക്കുന്ന സാഗർ. അവളുടെ ദീനാവസ്ഥയിൽ  മനോവിഷമങ്ങൾ നിറഞ്ഞ സാഗറിൻ്റ

മനസ്സിനെ ഒരു പാട്ടിലൂടെ തുറക്കുന്നു കമൽ .


ഏതോ നിദ്ര തൻ പൊൻ മയിൽപ്പീലിയിൽ .....


തകർന്നടിഞ്ഞു പോയ ഒരു പെൺ മനസ്സിനെ ആലോലം തടവിപ്പോവുന്ന ഒരു ഗാനം . അറിയാതെ എന്നിലേക്ക് വന്നു ചേർന്ന നീ ,മഴയുടെ ഏകാന്ത സൗരഭ്യമായി ,മൃദു കാൽ വെപ്പുകളോടെ എൻ്റെ മുന്നിൽ നിദ്രയുടെ ഏഴഴകിൽ വന്നിട്ടും ഞാനറിയാതെ പോയല്ലോ സഖീ !

പ്രണയവഴിയിൽ ,,ഏതൊരു സന്ധ്യയിൽ ആവണിപ്പൂവുമായ് വന്ന് ചേർന്ന്  നിന്നെ തഴുകാൻ ഭാഗ്യം കിട്ടിയ കാറ്റിനോട് നീ നിന്റെ മനസ്സ് തുറന്നോ !! അദമ്യമായ നിന്റെ മോഹത്തിന്റെ സ്വർണ തൂവലുകൾ പ്രണയനിലാപൂവുകളായോ ! ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല സഖീ ! ഒന്നും...

എന്നെയോർത്തെന്റെ വചസുകൾ ഓർത്തെടുത്ത്  നീ പ്രണയപ്പാൽക്കടൽ തന്നെ തീർത്തോ !ആ മധുരാമൃതകണികകൾ കോർത്തു കോർത്ത് നീ കാത്തുകാത്തിരുന്നെന്നോ ! അസ്വസ്ഥരായ മനസ്സിലെ വെൺപ്രാക്കൾ എനിക്കായ് ദൂതുമായി ദൂരങ്ങൾ താണ്ടി വന്നെന്നോ സഖീ....!! അറിഞ്ഞില്ല! ഒന്നുമറിഞ്ഞില്ല !! എന്തേ ഞാനറിയാതെ പോയി.. നിന്റെ ചലനങ്ങളൊന്നും ,തുടിക്കുന്ന നിന്റെ മനസ്സ്.....  


I am your  girl. <3 


ആ ഗാനം ഒരു മാപ്പു പറച്ചിലായിരുന്നു. പ്രണയിനിയുടെ കാൽപാദങ്ങളിൽ സർവവുമർപ്പിച്ചു കേഴുന്ന  ഒരുവന്റെ രൂപം മങ്ങാതെ ഇന്നും മനസ്സിലുണ്ട്...

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അത്യപൂർവ രചനകളിൽ ഒന്ന്... രവീന്ദ്രൻ മാസ്മര സംഗീതം... പ്രേക്ഷകരെ, ശ്രോതാക്കളെ ഒരു മായികലോകത്തെത്തിക്കുന്ന സംഗീതം...

മനസ്സാ നമിക്കുന്നു  ആ പാട്ടുകാലങ്ങളെ.... ഓർത്തോർത്ത് ...


ഉണരുമീ ഗാനങ്ങൾ

 

എത്രയെത്ര ഗായകരിവിടെ വന്നു പോയി. ഒന്നും രണ്ടുമായി പാടി ഒതുങ്ങിയവർ . 


പത്തു  വർഷത്തോളം വേണുഗോപാൽ എന്ന ഗായകൻ നമുക്കായി ഇവിടെ പാടിത്തന്ന ഗാനങ്ങൾ മാത്രം മതി  അദ്ദേഹത്തെ എന്നെന്നുമോർക്കാൻ . മലയാള സിനിമ ഇദ്ദേഹത്തെ അവഗണിച്ചു എന്ന പരമാർത്ഥം നന്നായി മനസ്സിലാക്കി തന്നെയാണിത് പറയുന്നത് . എന്നാൽ അത്തരത്തിലുള്ള വിചാരണയിലേക്കോ , വിചാരങ്ങളിലേക്കോ പോവാൻ താല്പര്യമില്ല . കാരണം ഒരു പാട്ടെങ്കിലും പാടാൻ അവസരം കിട്ടാതെ എത്രയോ മികച്ച ഗായകർ/ ഗായികമാർ ഇവിടെ നിശബ്ദരായി പോവേണ്ടി വന്നിട്ടുണ്ട്. നല്ല ശബ്ദത്തിന്റെ ഉടമകളായ ചിലർക്കൊക്കെ  കാശ് കൊടുത്തും പാടേണ്ടി വന്നിട്ടുണ്ട്. കയ്യിലെ കാശെടുത്ത് കൊടുത്ത് സിനിമയിൽ ഒന്നോ രണ്ടോ പാട്ടു പാടി അടങ്ങിയവരെ കുറിച്ചൊക്കെ ഓർക്കുമ്പോൾ വേണുഗോപാൽ എന്ന ഗായകൻ ഭാഗ്യവാനാണ്.  ഒന്നുമില്ലെങ്കിലും 1985 തുടങ്ങി പത്തു വർഷത്തോളം എടുത്തു പറയാൻ ആവുന്ന ഏറ്റവും മികച്ച ഗാനങ്ങൾ സംഭാവന ചെയ്ത പാട്ടുകാരൻ എന്ന നിലയിൽ ഒട്ടും മനസ്താപം വേണ്ട എന്നും പറഞ്ഞു വെക്കട്ടെ .


പലരും പലയിടങ്ങളിലും ഭാഗ്യമില്ലാത്ത ഗായകൻ, അവസരങ്ങൾ നിഷേധിക്കപ്പെട്ടു ഒതുങ്ങിയവൻ,  സിനിമയിലെ നാണം കേട്ട , വൃത്തികെട്ട കളികളിൽ ഒതുക്കപ്പെട്ടവൻ , ചതിക്കപ്പെട്ടവൻ എന്നൊക്കെ പറഞ്ഞു കൊണ്ട് ഇദ്ദേഹത്തിൽ സഹതാപം ചൊരിഞ്ഞിട്ടുണ്ട് . ഉള്ളിന്റെ ഉള്ളിൽ ഇതൊക്കെ അടക്കിവെച്ചു കൊണ്ട് മലയാള സിനിമാ സംഗീതത്തിന് ഇദ്ദേഹം നൽകിയ അത്യപൂർവ സംഭാവനകളെ ഒന്ന് തൊട്ടുതലോടി വരാം ...


നിറക്കൂട്ട് എന്ന ചിത്രത്തിൽ 1985 ൽ പൂമാനമേ ... എന്ന ഗാനം ഇദ്ദേഹം പാടിയിട്ടുണ്ട്... സിനിമയിൽ ചേർക്കാതെ പോയി ഈ ഗാനം. മാർക്കോസ് പാടിയതും , ചിത്ര പാടിയതും സിനിമയിൽ കേൾക്കാവുന്നതാണ്. എന്നാൽ ഹൃദയത്തിൽ തൊട്ടു പറയട്ടെ വേണുഗോപാൽ പാടിയത് ഒരു വേറെ ലെവൽ തന്നെയാണ്.... പൂമാനമേ എന്നത് ഇദ്ദേഹമായിരുന്നു ചിത്രത്തിൽ പാടേണ്ടിയിരുന്നത്....


അടുത്തടുത്ത വർഷങ്ങളിൽ അതി മനോഹരമായ രചനയിലും, സംഗീതത്തിലും പിറന്നു വീണ കുറെയേറെ ഗാനങ്ങൾ പാടാൻ വേണുഗോപാലിന് അവസരം ലഭിച്ചു.,..


രാരീ രാരീരം രാരോ

പൊന്നും തിങ്കൾ പോറ്റും മാനെ  ( ഒന്ന് മുതൽ പൂജ്യം വരെ )

ഒന്നാം രാഗം പാടി   ( തൂവാനത്തുമ്പികൾ )

ചന്ദനമണിവാതിൽ ചാരി ( മരിക്കുന്നില്ല ഞാൻ ) 

കാണാനഴകുള്ള മാണിക്യക്കുയിലെ ( ഊഴം )

ഉണരുമീ ഗാനം  ( മൂന്നാം പക്കം )

മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ  ( സ്വാഗതം )

മഞ്ഞിൻ വിലോലമാം ( ഉത്തരം )

പള്ളിത്തേരുണ്ടോ

മൈനാകപൊന്മുടിയിൽ  ( മഴവിൽ കാവടി )

സ്വർഗങ്ങൾ സ്വപ്നം കാണും  ( മാളൂട്ടി )

വസന്തത്തിൻ  മണിച്ചെപ്പു തുറക്കുന്നു  ( വർത്തമാനകാലം )

പൂത്താലം വലംകയ്യിലേന്തി

ആകാശഗോപുരം  ( കളിക്കളം )

തൂവൽ വിണ്ണിൻ മാറിൽ തൂവി  ( തലയണമന്ത്രം )

താനേ പൂവിട്ട മോഹം  ( സസ്നേഹം )

മായാമഞ്ചലിൽ  ഇതുവഴിയെ  ( ഒറ്റയാൾ പട്ടാളം )

ഏതോ വാർമുകിലിൻ  ( പൂക്കാലം വരവായി )

പാടൂ താലിപൂത്തുമ്പീ   ( നയം വ്യക്തമാക്കുന്നു )

തളിർവെറ്റിലയുണ്ടോ  ( ധ്രുവം )

ശ്യാമവാനിലേതോ  ( ആനച്ചന്തം)


ഇത്രയും ഗാനങ്ങളെങ്കിലുമുണ്ട് പത്തു വർഷത്തെ സമ്പാദ്യം . വലിയൊരു നിധി തന്നെയാണിത് . പാട്ടിന്റെ പത്തരമാറ്റ് നിധി . കാലങ്ങളോളം ആരാധകർ കാത്തു സൂക്ഷിക്കുന്നത്.  മതി. ഇത്രയും മതി...


പിന്നീട്  രണ്ടായിരത്തിൽ

കനകമുന്തിരികൾ   ( പുനരധിവാസം )

താമരനൂലിനാൽ ( മുല്ലവള്ളിയും തേന്മാവും )

എന്തിത്ര വൈകി നീ സന്ധ്യേ  (  പകൽ )

കൈ നിറയെ വെണ്ണ തരാം  ( ബാബ കല്യാണി  )

എന്നിവ ബോണസ്സായി എടുക്കുന്നു .. 


എത്ര പാടി എന്നല്ല , എങ്ങിനെ പാടി എന്നാണ് . ഇന്ന വിധത്തിൽ പാടാൻ ഇദ്ദേഹത്തിന് ആവില്ല എന്നൊക്കെ ശുദ്ധ ഭോഷ്ക്ക് പറയുന്നവരോടും ഇതേ പറയാനുള്ളൂ... വേണ്ടത് പാടിക്കഴിഞ്ഞു  ഈ മലയാളത്തിന്റെ പ്രിയഗായകൻ .....


സ്നേഹാദരങ്ങളോടെ ...

അറുപതാം പിറന്നാൾ ആശംസകളോടെ  ...

Tuesday, December 8, 2020

വിരൽതൊട്ടുണർത്തുന്ന ഗാനങ്ങൾ

 


എത്ര ദൂരങ്ങളിലായാലും,അതറിയാത്ത  വീഥികൾ കടന്നെത്തേണ്ടതായാലും വന്നു ചേരും നിന്റെ സ്നേഹമർമ്മരങ്ങൾ എന്ന് കാമിനി ആശ്വാസപ്പെടുന്നത് എത്ര ആസ്വാദ്യകരം, അനിർവചനീയം !

അലകളുടെ ആശ്ലേഷകൂട്ടങ്ങളിൽ അലിഞ്ഞു ചേർന്നൊരു സന്ധ്യ ഉണ്ടായിരുന്നു.ആ നിർവൃതിയിൽ നിന്ന് ഉറവയെടുക്കുന്ന അമൃതകണം കൈക്കുമ്പിളിൽ നിന്ന് ചോർന്നു തീരും മുൻപ്  നീ എത്തില്ലേ !!

നിശയുടെ അനുഭവ നിർവൃതിയുടെ  ലജ്‌ജാ വിവശം ഞാൻ അറിയുന്നു ... എന്നിലെ എന്നെ പോലെ ...


ഓ എൻ വി കുറുപ്പിന്റെ വരികൾക്ക് സംഗീതം ഔസേപ്പച്ചൻ . വരികൾക്ക് ചേർന്ന സംഗീതം എന്നല്ല ഇതിനെഴുതേണ്ടത്. വരികൾക്ക് കിട്ടേണ്ടതിനേക്കാൾ മികച്ച സംഗീതം. സംഗീതം പലപ്പോഴും ആധിപത്യം സ്ഥാപിക്കുന്നത് കാണുമ്പോൾ അതിശയം തോന്നുന്നതിൽ തെറ്റില്ല.


അറിയാത്ത ദൂരത്തിലെങ്ങുനിന്നോ ... സായാഹ്നത്തിന്റെ സ്വപ്നങ്ങളായി വന്ന ആലീസിനെ മറക്കാൻ ആവുമോ ! ഭരതന്റെ ഒരാവറേജ്‌ സിനിമ ആണെങ്കിലും സുഹാസിനിയെ, ആലീസിനെ മറക്കില്ലൊരിക്കലും..... ഈ പാട്ടിന്റെ , ഈണങ്ങളുടെ മഹത്വം തന്നെ !


ഔസേപ്പച്ചൻ ഈണങ്ങളിൽ നിന്ന് നല്ലതു തിരഞ്ഞെടുക്കുമ്പോൾ നമ്മൾ വിഷമിക്കും. കേൾക്കാത്തത് മാത്രമേ ഒഴിവാക്കാൻ ആവുള്ളൂ. അത്തരം വിഷമ ഘട്ടങ്ങൾ അപൂർവം സംഗീത സംവിധായകരിൽ നിന്നേ അനുഭവിക്കാൻ കഴിയുള്ളൂ...

ശരത്, അർജുനൻ മാസ്റ്റർ എന്നിവർ ഉദാഹരണം...

എന്നിരുന്നാലും എനിക്കിഷ്ടപ്പെട്ട 15 ഗാനങ്ങൾ ഇവിടെ വിവരിക്കാൻ ഉദ്ദേശിക്കുന്നു..  അതിലേറെ ഉണ്ട് എന്നറികിലും , മറ്റുള്ളവരുടെ ഇഷ്ടങ്ങളെ മറന്നും ഇങ്ങനെ 15 ൽ ഒതുക്കുന്നതിൽ ക്ഷമിക്കുക.


ഭരതൻ ചിത്രത്തിലൂടെ ആദ്യം . പീഡനത്തിന്റെ കഠിനമുറകൾ അനുഭവിച്ചൊടുങ്ങേണ്ടി വന്ന ഒരു സ്ത്രീയുടെ സകല വികാരങ്ങളും ഒന്നുചേർന്നൊരു സിനിമ.  അവളുടെ മനസ്സാണ് കാതോട് കാതോരം...  സഹനത്തിന്റെ മുൾമുനകളിൽ ജീവിതം കെട്ടിപ്പടുക്കുന്ന മേരിക്കുട്ടി. സരിതയിലെ നടിയെ മലയാളം കണ്ടെടുത്ത സിനിമ. അതിലെ എല്ലാ പാട്ടുകളും ഹൃദ്യം... എന്നാലിത് ...

" കാതോട് കാതോരം

തേൻ ചോരുമാ മന്ത്രം "

പീഡനത്തിലെ വലിയൊരപമാനകൃത്യമായ നീണ്ടിരുണ്ട മുടി ബലമായി കണ്ടിച്ചു കളയുന്നത്  മനസിനെ ഉലച്ച ദൃശ്യം ... അതിനു ശേഷം കാമുകന്റെ കൈകളിലേക്ക് സകലതും അർപ്പിച്ചു വീണു കരയുന്ന , പിന്നീട് ജീവിതം തിരിച്ചെടുക്കുന്ന ദൃശ്യങ്ങൾ നിറഞ്ഞ ഗാനം... ഗായിക ലതിക അസാമാന്യമായ പാടി തെളിഞ്ഞ ഗാനം..

സ്ത്രീ ശരീരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിയ സംവിധായകനാണെങ്കിലും സ്ത്രീമനസ്സുകളെ ഉയരങ്ങളിൽ പ്രതിഷ്ഠിച്ചവൻ കൂടിയാണ് ഭരതൻ ..


നഷ്ടങ്ങൾ മനുഷ്യനെ ചിലപ്പോൾ ഭ്രാന്തനാക്കും, മറ്റു ചിലപ്പോൾ മൗനിയാക്കും, ചിലപ്പോൾ ലഹരിയ്ക്കടിമയാക്കും . പ്രണാമം എന്ന ചിത്രത്തിൽ ലഹരിക്കടിമയായ ചിലരുടെ കഥ പറയുന്നു. അതിൽ ജോർജുകുട്ടിയിലൂടെ പുരോഗമിക്കുന്ന കഥ. താളം തെറ്റിയ കുടുംബബന്ധങ്ങളിൽ ഒറ്റപ്പെട്ടുപോവുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടിയുമീ ചിത്രം. അമ്മയുടെ സ്നേഹം നഷ്ടപ്പെട്ട ജോർജിന് അവിചാരിതമായി ഓർമ്മയുടെ സ്നേഹവുമായി ഉഷ എത്തുന്നു. ലഹരികളിൽ നിന്നും മുക്തനാക്കാൻ ശ്രമിക്കുന്ന അവളിൽ അവനൊരമ്മയെ കാണുന്നു...

താളം മറന്ന താരാട്ടു കേട്ടെൻ തേങ്ങും മനസ്സിന്നൊരാന്തോളനം ...

ഭരതന്റെ തന്നെ ചിത്രമായ ഇതിൽ ഭരതൻ തന്നെ എഴുതിയ ഗാനമാണിത് .. ഔസേപ്പച്ചന്റെ സംഗീതത്തിൽ അവസാനം ലതികയുടെ ഹമ്മിങ്ങോടെ പാട്ടവസാനിക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളോടെ നമ്മൾ...


പൊന്ന് എന്ന ചിത്രത്തിലെ ഒരു ഗാനം ഉണ്ട്.   ഉല്ലാസികളായ രണ്ടു പ്രണയമനസ്സുകൾ  പാടിത്തിമിർക്കുന്ന ഒന്ന് .

പി ഭാസ്കരന്റെ പതിവ് രീതിയിൽ പൂത്തുലഞ്ഞ ഒരു ഗാനം.

ഔസേപ്പച്ചന്റെ പ്രണയ ഗാനങ്ങളിൽ ഉജ്വലം ..

" കാർമുകിലിൻ തേൻ മാവിൽ ഇന്ന് വാർമഴവില്ലുകൾ തീർത്തു "


പ്രണയ ഗാനങ്ങളിൽ ഏറെ ഇഷ്ടപ്പെട്ട ഒരു ഗാനമുണ്ട്.

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു , നറുമഞ്ഞുതിരുന്ന ലയമറിഞ്ഞു  .. രമേശൻ നായരുടെ രചന .


പ്രണയസാഫല്യത്താലോ മറ്റെന്തുകൊണ്ടോ ആയാലും രണ്ടു ശരീരങ്ങൾ ഒന്നാവുന്ന നിമിഷങ്ങളിൽ ഔസേപ്പച്ചൻ സംഗീതവും അലിഞ്ഞു ചേരുന്നത് വികാരവത്തായ ഒന്നാണ്.  സമാനമായ സംഗീതം രണ്ടു സിനിമകളിൽ അനുഭവിച്ചു.

മീനത്തിൽ താലികെട്ടിൽ " ഒരു പൂവിനെ നിശാശലഭം തൊട്ടുണർത്തും യാമമായ് " ഗിരീഷ് പുത്തഞ്ചേരിയുടെ സുന്ദര രചനയിൽ അലിഞ്ഞു ചേരും നമ്മളും.

ഞങ്ങൾ സന്തുഷ്ടരാണ് എന്നതിലെ " ഇരുമെയ്യും , ഒരുമനസ്സും , ഈറനാമീ രാവുകളും " രമേശൻ നായരുടെ കുളിർ രചന. രണ്ടിലും ഔസേപ്പച്ചൻ സംഗീതം  അവാച്യമായ അനുഭൂതികൾ പ്രദാനം ചെയ്യുന്നു...


വിങ്ങുന്ന മനസ്സുകളെ, ഒറ്റപ്പെട്ട ഹൃദയങ്ങളെ  സംഗീതം കൊണ്ട് നമ്മിലേക്കടുപ്പിക്കുന്ന ഔസേപ്പച്ചന്റെ പ്രാവീണ്യം എടുത്തുപറയേണ്ടത്. ഏറെ ഗാനങ്ങളുണ്ട് അത്തരത്തിൽ എങ്കിലും ഏറ്റം പ്രിയമുള്ളതു ചിലത് ...


പ്രകൃതിദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ദൂരങ്ങളിലേക്കു പ്രയാണം ചെയ്യുന്ന മനുഷ്യരുടെ ചില രാത്രി ഇടത്താവളങ്ങളിൽ മൂകമായെങ്കിലും ഇത്തരം ഗാനം ഇടറി വീണിട്ടുണ്ടാവും...

" മഞ്ഞുപെയ്യുന്ന രാത്രിയിൽ എന്റെ മൺചെരാതും കെടുത്തി ഞാൻ  " ചിത്രം പുറപ്പാട് ...

പൊടുന്നനെ അഭയാർത്ഥികളായി പോവുന്ന പലരിലെ ഒരുവന്റെ ഗദ്ഗദം അത്രമേൽ അതിൽ നിഴലിച്ചിരുന്നു....പലായനങ്ങളിൽ ആരും കേൾക്കാതെ പോവുന്ന സങ്കടങ്ങൾ ...


വിഭ്രാന്തിയിലകപ്പെട്ടുപോയ പാവം മാനവഹൃദയങ്ങൾക്കു വേണ്ടിയൊരു ഗാനം ...

ഉള്ളടക്കം എന്നതിലെ " പാതിരാമഴയെതോ ഹംസഗീതം പാടി "

കടുത്ത ജീവിതാനുഭവങ്ങൾ താളം തെറ്റിക്കുന്ന മനസ്സുകളുടെ ഒരു രാത്രിഗീതം .... ഈ ഒരു ഔസേപ്പച്ചൻ ടച്ച്  നമുക്ക് കിട്ടിയ സൗഭാഗ്യം...


വീണ്ടും നഷ്ടപ്പെടലിന്റെ ദുഃഖം തന്നെ... അകലേക്ക് നിഴലായ് അലിഞ്ഞു പോവുന്ന ഒരുവളെ ഓർത്തൊരു ഗാനം..

ദില്ലിവാലാ രാജകുമാരിയിലെ ഗാനം...

അകലെ നിഴലായ് അലിയും കിളിയേ ....


കുഞ്ഞുങ്ങൾ ഇല്ലാത്തവരുടെ ഇടയിലേക്ക്  ഒരു കിനാവ് പോലെ വന്ന മുത്ത് .  അവളുടെ കുസൃതിയും , കൊഞ്ചലും ജീവിതത്തിൽ ഉണ്ടാക്കുന്ന നിറഞ്ഞു കവിയുന്ന  ആശ്വാസത്തിന്റെ  നിറവിനെ വാഴ്ത്തുന്ന ഗാനം..

ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്‌ നീ വന്നു ....

പൂക്കാലം വരവായി എന്നതിൽ കൈതപ്രം രചനയിൽ...


ശരത് ചന്ദ്ര വർമ്മയുടെ രചനയിൽ

അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുവോ .... എന്നതിലും   ഈ തീവ്രത നമുക്ക് കേട്ടു മനസ്സിലാക്കാം ...


മാറാരോഗങ്ങൾ ബാധിച്ചസ്തമിച്ച്‌ ബന്ധങ്ങൾ പൊയ്പോയൊറ്റയായി തീർന്ന കുഞ്ഞു മനുഷ്യർക്ക് വേണ്ടി ഈ ഗാനം. അതി വൈകാരികമായി ചിത്രീകരിച്ച ആകാശ ദൂതിലെ മനസ്സുലക്കുന്ന ഗാനചിത്രീകരണം നടന്നത് ...

രാപ്പാടീ കേഴുന്നുവോ , രാപ്പൂവും വിട ചൊല്ലുന്നുവോ ?


സന്തോഷപൂർണ്ണമായ നിമിഷങ്ങളെ ഇങ്ങനെയും സംഗീത നിർഭരമാക്കാം . ഹരികൃഷ്ണൻസിലെ  ഈ അർദ്ധക്ലാസ്സിക്കൽ ഗാനം അതുളവാക്കും .

സമയമിതപൂർവ സായാഹ്നം ......


പ്രണയ നിർഭരമായ യുവ മനസ്സുകൾക്ക് കിനാവിന്റെ ജാലകവാതിലുകൾ തുറന്നു കൊടുത്ത് കൊണ്ട് ഒരു ഔസേപ്പച്ചൻ ഗീതം...

മഴയുള്ള രാത്രിയിൽ മനസ്സിന്റെ തൂവലിൽ ,...... കഥ എന്ന ചിത്രത്തിലെ ...


വിരൽ തൊട്ടുണർത്തുന്ന ഗാനങ്ങളുമായി ഔസേപ്പച്ചൻ ഇവിടെയുണ്ട്. ഇനിയുമേറെ ഗാനങ്ങൾ ചെയ്യാനുണ്ട്... കാത്തിരിപ്പോടെ ...

ഭാസ്കര കിരണങ്ങൾ

 മഴമേഘത്തിനെ ഒരു തേൻമാവായും , മഴവില്ലിനെ ഊഞ്ഞാലായും സങ്കൽപ്പിച്ചു കൊണ്ട് കവി . മഴവില്ലിൻ ഊഞ്ഞാൽ ഒരു പഴക്കം വന്ന ബിംബമാണ് .ഇന്നത്തരം എഴുത്തുകൾ ക്ലീഷേയാവുമ്പഴും സ്വപ്നം കാണുന്നതിലിന്നും മാറ്റമില്ല .മഴക്കാറും ,മഴവില്ലും പ്രണയിതാക്കളുടെ മനസ്സിനെയിന്നും പുളകിതരാക്കും..


കാർമുകിലിൻ തേന്മാവിൽ ഇന്ന് വാർമഴവില്ലുകൾ തീർത്തു ...

ഊഞ്ഞാലാ ,,,, ഊഞ്ഞാലാ ,. ഇവർക്കാടാൻ പൊന്നൂഞ്ഞാലാ ..


ഭൂമിയിൽ നിന്ന് വേറിട്ട് ഭാവനകളെ മറ്റു ലോകങ്ങളിലേക്ക് ഉയർത്തുന്ന പി ഭാസ്കരൻ ചാരുത പാട്ടുകളിലൂടെ അനുഭവവേദ്യമാകുന്നത് .വിണ്ണും താരകളും ,മഴയും ,മഴക്കാറും ,നിലാവും ,മഴവില്ലും എല്ലാം കൊണ്ടൊരു വർണ്ണ പ്രപഞ്ചം തീർക്കുന്ന കരവിരുത് .


വിണ്ണിൻ്റെ വിരിമാറിൽ മഴവില്ലിൻ മണിമാല ...

സ്വർണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ ....

വാസന്ത പഞ്ചമിനാളിൽ ....

പതിവായി പൗർണമി തോറും...

കിഴക്കു ദിക്കിലെ ചെന്തെങ്ങിൻ....

മഞ്ഞലയിൽ മുങ്ങിത്തോർത്തി ...

ധനുമാസചന്ദ്രിക വന്നു....

മഞ്ഞണിപ്പൂനിലാവ്....

ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന....

വെണ്ണിലാവിനെന്തറിയാം....

മാനത്തിൻ മുറ്റത്തു മഴവില്ലാലഴ കെട്ടും....

കരിമുകിൽ കാട്ടിലെ ....

പാർവണേന്ദുവിൻ ദേഹമടക്കി....

മുകിലേ... വിണ്ണിലായാലും .....

അപാര സുന്ദരനീലാകാശം...

മഴമുകിലൊളിവർണ്ണൻ ...

മാരിവില്ലു പന്തലിട്ട ദൂരചക്രവാളം....


എഴുതിയാൽ തീരാത്തത്ര ഭാസ്കരഭാവനകൾ . കണ്ണും മനസ്സും നിറഞ്ഞൊഴുകുന്നത് ...

മഴവില്ലിനെ പ്രണയിതാക്കൾക്ക് ഇരുന്നാടാനുള്ള ഊഞ്ഞാലായാണ് ആ പാട്ടിൽ അദ്ദേഹം സങ്കൽപ്പിച്ചത്. മറ്റു ചിലപ്പോഴത് ആകാശമുറ്റത്ത്  മധുമാസ സന്ധ്യകൾ കെട്ടിയ അയക്കോൽ ( അഴ ) ആയും മാറുന്നു...

ശ്രീകൃഷ്ണന് അത് ഏഴു നിറങ്ങളുടെ സംഗമസ്ഥാനം ആവുന്നു.

വേറെ ചിലപ്പോഴത് ചക്രവാളം പടുത്തുയർത്തിയ മഴവില്ലിന്റെ പന്തലായും മാറുന്നു .


https://youtu.be/hUj0j-mweAY

സ്നേഹവിലാപങ്ങൾ

 


അനേകം പാട്ടുകളെപ്പറ്റിയും ,അതിന്റെ സ്രഷ്ടാക്കളെ പറ്റിയും കുറേയേറേ എഴുതി. എന്നാൽ ഒരു പാട്ടെന്നെ കാലങ്ങളോളം മഥിച്ചുകൊണ്ടിരിക്കുന്നത് എഴുതാതിരിക്കാനാവുന്നില്ല.  പ്രണയസ്പർശത്തിന്റെ , ജീവിതത്തിലേക്ക് സ്നേഹത്തിന്റെ വിരൽസ്പർശത്തിന്റെ അവിചാരിതമായുള്ള കടന്നുവരവിൽ രണ്ടുപേരിലുണ്ടാവുന്ന ആളലുകളും , വേലിയേറ്റങ്ങളും , തിരമറിച്ചിലുകളുമെല്ലാം ഒരു പാട്ടിൽ തെളിഞ്ഞുണരുന്നത് ...  പ്രണയപ്രവാഹത്തിന്റെ തിരത്തള്ളിച്ച നമ്മെ ജീവിതാന്ത്യത്തോളമുള്ള ഒരു ദൂരം കാണിച്ചു തരും. വെള്ളിവെളിച്ചങ്ങൾ തിളങ്ങുന്ന വിജനതീരം, അവിടെ പ്രണയപുഷ്പങ്ങൾ മാത്രം  വിരിഞ്ഞത്..

അവിചാരിതമായി , കലുഷിതമായ ചില സന്ദർഭങ്ങളിൽ പ്രണയത്തിലേർപ്പെട്ടു പോവുന്ന രണ്ടു പേരുടെ സംഘർഷങ്ങൾ നിറഞ്ഞ ഗാനം. എഴുത്തും സംഗീതവും നമ്മെ കൊണ്ടെത്തിക്കുന്ന അപാരതീരങ്ങളിൽ നിന്നൊന്നേകനായി തിരിഞ്ഞു നോക്കും നമ്മളും, കണ്ണീർ നനഞ്ഞൊഴുകിയ മുഖത്തോടെ... അത്രയ്ക്കാഴത്തിലുള്ള വരികൾ . സംഗീതമോ അസാദ്ധ്യം !!!

വീട്ടിൽ സ്നേഹരാഹിത്യത്തിന്റെ വലിച്ചിൽ അനുഭവപ്പെടുന്നവൾ, ശാന്തമായ ജീവിതം കൊതിക്കുന്ന, സംഗീതസ്നേഹിയായ ഒരുവൻ . സംഗീതം തന്നെ ആദ്യം ഇവരിൽ വില്ലനായെങ്കിലും പിന്നീട് ഒരുത്തമ പുരുഷന്റെ കടമകളോടെ അവളിലേക്കവൻ .... അവളുടെ ആൾക്കാരിൽ നിന്നും അവനേൽക്കേണ്ടിയിരുന്ന അടി അപദ്ധത്തിൽ അവൾക്കേൽക്കുന്നു. വീട്ടു തടങ്കലിലായ അവളുടെ ഉറച്ച തീരുമാനത്തിനിടയിൽ  , അവൾക്കു കൊണ്ടുവന്ന ഭക്ഷണം തട്ടി തെറിപ്പിച്ച്‌ പോയ 'അച്ഛൻ " ന്റെ അന്ത്യശാസനങ്ങൾക്കിടയിൽ ആ പാട്ടു കടന്നുവരുകയാണ്...

കൈവരാൻ പോകുന്ന വിവാഹജീവിതത്തെ , സ്വസ്ഥജീവിതത്തെ , സ്വപ്നം കാണുന്നവൾ .... സുമംഗലീ സിന്ദൂരം പടരേണ്ട നെറ്റിയിൽ നിന്നുമുയരുന്ന ഒരു ജീവമന്ത്രണത്തിന്റെ വിലാപം , സ്നേഹ വിലാപം .അതാദ്യമായ് തൊട്ടു തരേണ്ട കയ്യിലേക്ക് പടരേണ്ട ജീവിതത്തിന്റെ തുടർനിമിഷങ്ങൾ.... ഇരുളുന്ന സന്ധ്യാനേരത്തിന്റെ ഈറക്കുഴലിൽ നിന്നും പിടഞ്ഞു വീഴുന്ന നൊമ്പരവും .... അവളുരുകുകയാണ്.  തന്റേതുമാത്രമാവേണ്ടവൻ

ഏകാന്തചന്ദ്രനെ പോലെ അലയുന്നു . താഴെ നീലാമ്പലായവളും ആ വെണ്മയേറ്റു മയങ്ങുന്നു...

അവനും ദൂരത്തിരുന്നു കരയുവാൻ കഴിയാതെയും, മറുവാക്ക് പറയാനാവാതെയും വിമ്മിഷ്ടപ്പെടുകയും ...

ജീവിതത്തിന്റെ അർത്ഥതലങ്ങൾ അതി ശക്തമായി ചിത്രീകരിച്ച സീൻ ആയാണ് പാട്ടു തുടങ്ങുന്നത്. അച്ഛൻ തട്ടിത്തെറിപ്പിച്ച അന്നം കയ്യിലെടുത്തു കൊണ്ടാണ്  അവൾ ഓർമ്മകളിലേക്കും യാഥാർഥ്യങ്ങളിലേക്കും വഴുതി വീഴുന്നത്.. തലയിലെ കെട്ടും, ചുരുട്ടിപ്പിടിച്ച കയ്യിലെ ചോറും ....

അനുപല്ലവിയിലും , ചരണത്തിലും എങ്ങിനെയാണ് തമ്മിൽ അറിയുന്നതെന്നും, ചേരുന്നതെന്നും, വേറിട്ട പ്രണയിതാക്കളാവുന്നതെന്നും  പറയുന്നുണ്ട് ...

എന്റെ ജീവരാഗം നീയല്ലയോ... നീയില്ല എങ്കിൽ എനിക്കെന്ത് വനചന്ദ്രൻ , പൂന്തെന്നൽ , നീലാമ്പൽ ? അതവളുടെ നൊമ്പരം .

എന്നാൽ ഈ പാട്ടിൽ മറ്റൊരുവളുടെ മിന്നലാട്ടമുണ്ട്.. അവനെ പ്രണയിക്കുന്ന മറ്റൊരുവളുടെ മനസ്സ്. അവന്റെ മുറപ്പെണ്ണ്. അവൾക്കു വേണ്ടി സീനിനനുസരിച്ചു രണ്ടു വരികൾ നൽകി എഴുത്തുകാരൻ. അവൾക്ക് അവളുടെ ഉള്ളിൽ കാത്തു സൂക്ഷിച്ച പ്രണയത്തിന്റെ നഷ്ടം ആണ്... കാലമേ നീയെന്നെ വീണ്ടും കയ്യേൽകുകില്ലേ..ഞാനെന്ന വീണയെ മീട്ടിയിനി പാടുകില്ലേ ... പാടാൻ മറന്നുപോയ എന്റെ ഗന്ധർവ്വൻ എന്ന ചോദ്യവും !!!

പ്രതീക്ഷ ചോർന്നു പോയ ജീവിതവും, അത് പൂവിടുന്ന മറ്റൊരു ജീവിതവും ഇതിൽ ഇതൾ വിരിയുകയാണ്.

ഒടുവിൽ തന്റേതു മാത്രമായ ആ ഏകാന്ത ചന്ദ്രൻ വാനത്തിൽ ഉയർന്നു പൊങ്ങി എന്ന വരികളിലൂടെ  ജീവിതമുറയ്ക്കുന്നു. നീലാമ്പലോ പൂത്തു വിടർന്നു ....

1995 ൽ പുറത്തിറങ്ങിയ സിന്ദൂര രേഖ എന്ന ചിത്രത്തിലെ ഗാനം ആണിത് .. രചന കൈതപ്രം . സംഗീതം ശരത് ..

എത്രയോ പാട്ടുകൾക്കിടയിലും ഇത് വീണ്ടും വീണ്ടും കേൾക്കുമ്പൊഴെന്നെ മറ്റേതോ ലോകത്തെത്തിക്കും. അത്യാർത്തിക്കാരായ ചിലർക്കിടയിൽ സ്നേഹിക്കാനാവാതെ വീർപ്പുമുട്ടുന്നവരെ ഓർത്തുപോവും....


ചന്ദനം മണക്കുന്ന വിദ്യാധരൻ ഗാനങ്ങൾ

 


നഷ്ടസ്വർഗങ്ങൾ പണിഞ്ഞു നൽകിയ ദുഖസിംഹാസനത്തിൽ, തപ്തനിശ്വാസങ്ങളുടെ വിശറിക്കാറ്റേറ്റു കഴിയുന്ന  ഭഗ്നസിംഹാസനത്തിൽ,  നഷ്ടപ്രണയത്തെ ഓർത്തു കേഴുന്ന വിരഹകാമുകനെ നമ്മൾ കണ്ടു, കേട്ടു , അറിഞ്ഞു.. 1993 ൽ ഇറങ്ങിയ അമ്പിളി ആദ്യമായ് സംവിധാനം ചെയ്ത ചലച്ചിത്രം "വീണപൂവ് " . ഈ ഗാനമന്ന് പ്രണയം തുളുമ്പുന്ന മനസ്സുകളെ തരളിതമാക്കിയത് .. മനോരാഗാതുരാലയത്തിലെ ഒരന്തേവാസിയുടെ ഓർമ്മകൾ കലപിലകൂട്ടുമ്പോൾ ആർദ്രമായി പാടുന്ന ഗാനം.  ശ്രീകുമാരൻ തമ്പി വരികൾക്ക് സംഗീതം ചെയ്തു കൊണ്ട് ഒരാരാധ്യ പുരുഷൻ ഇവിടെ ഉദയം ചെയ്തു.  വിദ്യാധരൻ മാസ്റ്റർ  എന്ന് നമ്മൾ ആദരവോടെ വിളിച്ചു.  


വിദ്യാധരൻ മാസ്റ്ററെ കുറിച്ചെഴുതുമ്പോൾ  ഒറ്റയ്ക്കും തെറ്റയ്ക്കും ഇവിടെ വന്നു പോയവരും മുഖം കാണിക്കും . അവരെയും കൂട്ടത്തിൽ നമ്മൾ ഓർമ്മിച്ചെടുക്കും. കുറച്ചു ഗാനങ്ങൾ മാത്രം പാടി രംഗം വിട്ട  ജൻസി  എന്ന ഗായികയെ കൂടി ഓർത്തെടുക്കുന്നു.   വീണപൂവ് എന്ന  ഈ ചിത്രത്തിൽ "സ്വപ്നം കൊണ്ട് തുലാഭാരം നേർന്നപ്പോൾ " എന്ന സുന്ദരഗാനം .

" കന്നിപ്പൂ മാനം കണ്ണും നട്ടു ഞാൻ നോക്കിയിരിക്കെ "

" ഏകാന്തതേ  നിന്റെ ദ്വീപിൽ "

"താലീപ്പീലി കാട്ടിനുള്ളിലൊരു "

എന്നീ അപൂർവ ഭാവസുന്ദര ഗാനങ്ങൾ ഓർക്കാതെ വയ്യ. ഇവയൊന്നും വിദ്യാധരൻ മാസ്റ്റർ സംഗീതം ചെയ്തതല്ലാഞ്ഞിട്ടും  മാസ്റ്ററോടൊപ്പം ജൻസിയെയും ഒന്നോർത്തെടുക്കുന്നു..


അമ്പിളിയുടെ സംവിധാനത്തിൽ വീണ്ടും ഒരു സിനിമ കൂടി . അഷ്ടപദി . ചന്ദന ചർച്ചിത നീലകളേബര എന്ന കൃഷ്ണഗീതം സുന്ദരമായൊരാലാപനമായി ഈ ചിത്രത്തിൽ ഉണ്ട്. വേറെയും അഷ്ടപദികളും  ഉണ്ട്. ജയദേവരുടെ ഗീതങ്ങൾ ഉണ്ടെങ്കിലും ആധുനിക കാലത്തെ ലളിതചലച്ചിത്ര ഗാനങ്ങളൂം ചേർന്ന നല്ലൊരു സംഗീതിക ആണ് അഷ്ടപദി .

പി ഭാസ്കരന്റെ രചനയിൽ..

വിണ്ണിൻ്റെ വിരിമാറിൽ മഴവില്ലിൻ മണിമാല .... മാസ്റ്റരുടെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്നത് ...

മാനവഹൃദത്തിൻ അണിയറയിൽ .. എന്നതും

സുജാതയുടെ  കൊഞ്ചലീണത്തിൽ ...

പണ്ടൊരു പണ്ടൊരു കാലത്ത് .... എന്ന ഗാനവും...  


ഇതൊക്കെ ഇറങ്ങിയെങ്കിലും ഒരു പുതു സംഗീത സംവിധായകന്റെ മികവോടെ മറ്റൊരു ഗാനചരിത്രം ഇവിടെ രേഖപ്പെടുത്തപ്പെട്ടു. എന്റെ ഗ്രാമത്തിൽ  ....

"ക" വെച്ച് തുടങ്ങി തുടർച്ചയായി "ക " രാക്ഷരങ്ങളായി "ക" വിതയിൽ അവസാനിച്ച ഒരു ഗാനം...

" കൽപ്പാന്ത കാലത്തോളം " എന്ന വിഖ്യാത ഗാനം..

ശ്രീമൂല നഗരം വിജയൻ എന്ന കവിയുടെ പേരും പ്രശസ്തിയും കൂട്ടിയ ഗാനം...

അതിലെ തന്നെ " വീണാപാണിനീ രാഗവിലോലിനീ " എന്ന ഭക്തിസാന്ദ്രമായ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

മുസ്ളീം പശ്ചാത്തലത്തിലുള്ള നാടൻ പ്രയോഗങ്ങൾ കൂടിച്ചേർന്ന പാട്ടുകൾ ആദ്യകാലത്തു ശ്രീമൂലനഗരം വിജയൻ എഴുതിയതായി കേട്ടിട്ടുണ്ട്..

വണ്ടിക്കാരൻ ബീരാൻ കാക്കാ ...

ചായക്കടക്കാരൻ ബീരാൻ കാക്കേടെ ...

മുണ്ടൊപ്പാടത്ത് കൊയ്ത്തിനു വന്നപ്പോൾ എന്നൊരു ഗാനവും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്...

പുതുകാലത്ത് ഈയോർമ്മയിലൊക്കെയായിരിക്കും "ആമിനാത്താത്താടെ പൊന്നുമോളാണേ " എഴുതിയതും...

ഇതൊക്കെ മാസ്റ്ററുടെ അക്കൗണ്ടിൽ എഴുതുന്നത് എന്തെന്ന് പലർക്കും അത്ഭുതം തോന്നും.. മാഷിൽ കൂടിയാണ് ഇവർ കൂടുതൽ അറിയപ്പെട്ടത്‌ എന്നതുകൊണ്ടാണ്...


മാസ്റ്ററുടെ സംഗീത പാരമ്പര്യം ഒട്ടും ചോർന്നു പോകാതെ ഈണമിട്ട വേറെയും കുറച്ചു ഗാനങ്ങൾ കൂടി പരിചയപ്പെടുത്താം .

അച്ചുവേട്ടന്റെ വീട്ടിലെ  ചന്ദനം മണക്കുന്ന പൂന്തോട്ടം എന്ന ഗാനം.   രമേശൻ നായർ എഴുതിയ ഈ ഗാനത്തിന്റെ വരികൾ കാണുമ്പോൾ ഇത് സംഗീതം ചെയ്യേണ്ടത് വിദ്യാധരൻ മാസ്റ്റർ തന്നെ എന്ന് തോന്നിയാലും തെറ്റില്ല..


വിദ്യാധരൻ മാസ്റ്ററുടെ കരിയറിലെ , കെ എസ് ചിത്രയുടെ ആദ്യഗാനങ്ങളിലെ പ്രസിദ്ധമായതുമായ കാണാൻ കൊതിച്ച് എന്ന ചലച്ചിത്രത്തിലെ ഗാനം " സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം " പെട്ടിക്കുള്ളിൽ ഉറങ്ങിപ്പോയ ഒന്നായിപ്പോയി... റിലീസ് ആവാൻ യോഗമില്ലാതെ പോയ ഒരു ചലച്ചിത്രം...


സംഗീതാർച്ചനയിൽ ,വിധികളിൽ ഒരു മാറ്റവും വരാതെ ആ യാത്ര തുടർന്നു.  എഴുതാപ്പുറങ്ങളിലെ " പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ "  ഓ എൻ വി കുറുപ്പിന്റെ  കവിത .

താലോലം പൈതൽ താലോലം എന്ന താരാട്ടുപാട്ടും കൂടെ ഉണ്ടതിൽ .


വിദ്യാധരൻമാസ്റ്റർക്കു ലഭിച്ച ഒരു സൊഭാഗ്യം ഉണ്ട്. വ്യത്യസ്ത കഥാപശ്ചാത്തലത്തിലുള്ള ചിത്രങ്ങളിലെ പാട്ടുകൾക്ക് സംഗീതം ചെയ്യാനവസരം ലഭിച്ചു . അതും പ്രഗത്ഭ കവികളുടെ വരികൾക്കും..

പാദമുദ്ര അവതരണത്തിൽ മികച്ചു നിന്ന ഒരു ചലച്ചിത്രമായിരുന്നു. ഓച്ചിറ മാഹാത്മ്യം വിളമ്പുന്ന ഗാനം " അമ്പലമില്ലാതെ ആൽത്തറയിൽ വാഴും " .. ഹരി കുടപ്പനക്കുന്ന് എഴുതിയ രചനയിൽ വ്യത്യസ്തത പുലർത്തിയ ഒന്ന് ...

കെ എസ് ചിത്രയുടെ ശബ്ദത്തിൽ "കുറുമ്പിയാമമ്മയുടെ " എന്ന ഗാനവും കേൾക്കേണ്ടത് തന്നെ.


എംടിയുടെ രചനയിൽ പവിത്രൻ സംവിധാനം ചെയ്ത മറ്റൊരു ശൈലീ ചിത്രം " ഉത്തരം " ...

ഓ എൻ വി യുടെ കവിതാശകലങ്ങൾ അരുന്ധതിയുടെ ശബ്ദത്തിൽ കേൾക്കാം...

ചിത്രയുടെ ശബ്ദത്തോട് ഏറെ സാമ്യമുള്ള ഗായികയാണ് അരുന്ധതി.


എത്രപൂക്കാലമിനി എത്ര മധുമാസമതിൽ ...

കിളിയെ കിളിയെ കിളിമകളെ ..

സുമസായകാ  ...

സ്വപ്നമാലിനീ തീരത്തുണ്ടൊരു ...

ഗേയം ഹരിനാമധേയം ..

എന്നിവയിലൂടെ തന്റെ ശബ്ദസൗകുമാര്യം മലയാളി സംഗീതപ്രേമികളുടെ മുൻപിൽ തെളിയിച്ചതാണ്. എന്നാലും ഭാഗ്യം തികയാത്ത , തിരസ്കരിക്കപ്പെട്ട ഒരു ഗായികയായിപ്പോയി...

കഴിവില്ലായ്മ കൊണ്ടല്ല ... സിനിമയിലെ കളികൾ തന്നെ..

ഉത്തരത്തിലെ " സ്നേഹിക്കുന്നു ഞാൻ .." എന്ന കവിത ശ്രുതിമധുരമായാലപിച്ചിരിക്കുന്നു അരുന്ധതി . അതിൽ തന്നെ

" മഞ്ഞിൻ വിലോലമാം യവനികക്കുള്ളിലൊരു " എന്ന ഗാനവും ഉണ്ട്. ജി വേണുഗോപാലിന്റെ ശബ്ദത്തിലും, അരുന്ധതിയുടെയും ആയി കേൾക്കാവുന്നതാണ്.


നായികയുടെ ഉത്സാഹത്തിനു കുട പിടിക്കുന്ന ഗാനങ്ങൾ ഏറെയുണ്ട് മലയാളത്തിൽ. മാസ്റ്റർക്കും അത്തരമൊന്നു ചെയ്യേണ്ടി വന്നു. രാധാമാധവത്തിൽ " ഏഴു നിറമുള്ള കുപ്പിവള വിൽക്കും " എന്ന തരത്തിലുള്ള ഗാനവും തനിക്കു ചേരുമെന്നദ്ദേഹം തെളിയിച്ചു.


വിദ്യാധരൻ മാസ്റ്ററുടെ സംഗീത ജീവിതത്തിൽ അതി വൈകാരികത തുളുമ്പുന്ന ഒരു കവിതയ്ക്കും ഈണം നൽകേണ്ടിവന്നു. മൃതിതാളം മുഴക്കുന്ന കവിത . ഇടപ്പള്ളി രാഘവൻ പിള്ളയുടെ പ്രസിദ്ധമായ കവിതയിൽ നിന്നും എടുത്ത ചില വരികൾ . എം ജി ശശിയുടെ സിനിമ . അടയാളങ്ങൾ .

" ചിരികൾ തോറുമെൻ പട്ടട തീപ്പൊരി " എന്ന ഗാനമായി പരിണമിച്ചു.


പുതുകാലത്ത് പാട്ടുകൾക്ക് ഈണം നൽകാൻ വിദ്യാധരൻ മാസ്റ്ററില്ലിപ്പോൾ . സംഗീതമടങ്ങാത്ത മനസ്സുമായി അദ്ദേഹമുണ്ടെങ്കിലും .

" കെസ്സു പാടണ കാറ്റേ " എന്ന രമേശ് കാവിൽ രചനയ്ക്ക് പള്ളിക്കൂടത്തിൽ സംഗീതം ചെയ്തു ഇദ്ദേഹം ... ഈണമടങ്ങാത്ത ഈ മഹാനുഭാവന് സംഗീതത്തിന്റെ അരങ്ങുകളിനിയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.....

Thursday, December 3, 2020

സുജാത മോഹന്റെ ഗാന സാമ്രാജ്യത്തിലൂടെ (അവസാന ഭാഗം)

 

നീയെന്റെ പാട്ടിൽ ശ്രീരാഗമായി ...


എന്നുമൊരു സംരക്ഷണവലയമുണ്ടായിരുന്ന  ഗായിക ആയിരുന്നു സുജാത മോഹൻ .. അത് ചിലപ്പോൾ തോന്നും ആരാധകരുടെ കൂട്ടായ്മയിൽ നിന്ന് വളർന്നു വന്നതെന്നൊക്കെ ... പക്ഷെ അത്രയ്ക്കും വ്യക്തമായി അവരുടെ ശബ്ദത്തെ മനസ്സാ സ്വീകരിച്ച സിനിമാ പ്രവർത്തകർ തന്നെ , സംവിധായകർ, ഈണമിടുന്നവർ , ഇവരൊക്കെ തന്നെ ആരാധനയോടെ ,വ്യക്തമായ അറിവോടെ  അവർക്കിവിടെയൊരു സംഗീതാലയം തന്നെ തീർക്കുകയായിരുന്നു.


മലയാളത്തിലേക്ക് തമിഴിൽ നിന്നും , ഹിന്ദിയിൽ നിന്നും വരെ വന്നവർ നമുക്ക് വ്യതിരിക്തമായ ഒരു സംഗീതാനുഭവം നൽകിയിട്ടുണ്ട്. ഉഷാഖന്ന മുതൽ ഇങ്ങു വിദ്യാസാഗർ വരെ അത് നീണ്ടു കിടക്കുന്നു. തീർത്തും അവരിവിടുത്തെ പ്രതിഭകളെ തന്നെ ഉപയോഗപ്പെടുത്തുകയും ചെയ്തു.

സുജാത എന്ന ഗായികയെകുറിച്ചു പറയുക ആണെങ്കിൽ അത് തീർത്തും അർത്ഥവത്താവുകയും ചെയ്യും . മലയാള സംഗീത സംവിധായകരേക്കാൾ തമിഴ് സംഗീത ചക്രവർത്തി വിദ്യാസാഗർ നൽകിയ മധുര ഈണങ്ങൾ സുജാതയ്ക്ക് നൽകിയത് തിട്ടപ്പെടുത്തുമ്പോൾ അതിശപ്പെടും .  


പാട്ടാസ്വാദകരുടെ മനസ്സിലെ ആശിർവാദങ്ങളും , അംഗീകാരങ്ങളും തുടക്കം മുതൽ തന്നെ നേടിയെടുത്ത ഗായികയ്ക്ക് പ്രത്യക്ഷത്തിൽ പുരസ്കാരങ്ങൾ ഒന്നും തന്നെ  കാലങ്ങളോളം വന്നു ചേർന്നിരുന്നില്ല . കേരള സർക്കാരിന്റെ  ചലച്ചിത്ര അവാർഡ് സുജാതയിലെത്തിച്ചേരാൻ 1996  വരെ കാത്തിരിക്കേണ്ടി വന്നു. വിദ്യാസാഗറിന്റെ ഈണത്തിൽ പാടിയ അഴകിയ രാവണനിലെ  " പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴ " എന്ന ഗാനത്തിനായിരുന്നു പുരസ്കാരം. അദ്ദേഹം മലയാളത്തിൽ ആദ്യമായീണം നൽകിയതിന് തന്നെ  അംഗീകാരവും കിട്ടി.

വിദ്യാസാഗർ സംഗീതം ഈ ഗായികയുടെ  കരിയറിൽ പാട്ടിലൂടെ നേടിയെടുക്കാനാവുന്നതൊക്കെ സാധിക്കുകയും ചെയ്തു. അദ്ദേഹം പിന്നീട് ഈണം കൊടുത്ത ചിത്രങ്ങളിലെ അധികം ഗാനങ്ങളും പാടാൻ സുജാതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതും തിരഞ്ഞെടുത്ത ഗാനങ്ങളിലെ ഏറിയ പങ്കും വിദ്യാസാഗരസംഗീതം തന്നെ...


വിണ്ണിലെ പൊയ്കയിൽ   ( കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്)

എത്രയോ ജന്മമായ്  ( സമ്മർ ഇൻ ബത്‌ലഹേം )

ഈ ഗാനങ്ങൾക്ക് ശേഷം വീണ്ടും വിദ്യാസാഗറിലൂടെ 1998 ൽ  സർക്കാർ അംഗീകാരം . പ്രിയ കവി സച്ചിദാനന്ദൻ പുഴങ്കരയുടെ കവിത തുളുമ്പുന്ന കാവ്യത്തിലൂടെ ...  " വര മഞ്ഞളാടിയ രാവിന്റെ മാറിൽ " മഞ്ഞുതുള്ളിയുടെ നിറവ് പോലെ ഒരു കുഞ്ഞുസൂര്യനെ

കയ്യടക്കിയ മൗനം ..


മഞ്ഞുപെയ്യണ് മനം തുടിക്കണ് ( ചന്ദ്രനുദിക്കുന്ന ദിക്കിൽ )

അമ്പാടിപ്പയ്യൂകൾ മേയും....

വെണ്ണിലാക്കൊമ്പിലെ രാപ്പാടി  ( ഉസ്താദ് )

പ്രായം നമ്മിൽ മോഹം നൽകി   ( നിറം )

മിഴിയറിയാതെ വന്നു ഞാൻ

മണിമുറ്റത്താവണി പന്തൽ  ( ഡ്രീംസ് )

ദ്വാദശിയിൽ മണിദീപിക തെളിഞ്ഞു ( മധുരനൊമ്പരക്കാറ്റ്)

ധും ധും ധും ദൂരെയേതോ  ( രാക്കിളിപ്പാട്ട് )

ശാരികേ നിന്നെ കാണാൻ

മറന്നിട്ടുമെന്തിനോ  ( രണ്ടാം ഭാവം )

കരിമിഴിക്കുരുവിയെ കണ്ടില്ല  ( മീശ മാധവൻ )

എന്റെ എല്ലാമെല്ലാമല്ലേ

ചിലമ്പൊലി കാറ്റേ ( സി ഐ ഡി മൂസ )

ഒന്നാം കിളി രണ്ടാം കിളി ( കിളിച്ചുണ്ടൻ മാമ്പഴം )

വിളക്കു കൊളുത്തി വരും

ആരൊരാൾ പുലർമഴയിൽ  ( പട്ടാളം )

ആലിലക്കാവിലെ തെന്നലേ

നിനക്കെന്റെ മനസ്സിന്റെ ( ഗ്രാമഫോൺ )

തൊട്ടുരുമ്മി ഇരിക്കാൻ കൊതിയായി  ( രസികൻ )

ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് ( ചാന്തുപൊട്ട് )

മുന്തിരിപ്പാടം  ( കൊച്ചിരാജാവ് )

ആരാരും കാണാതെ (ചന്ദ്രോത്സവം )

ഇങ്ങനെയിങ്ങനെ കൊതിപ്പിക്കുന്ന സ്വരരാഗപ്രപഞ്ചമാണ് അദ്ദേഹം സുജാതയ്ക്ക് വേണ്ടി തീർത്ത് കൊണ്ടുത്തത് .


ക്ലാസിക്കൽ സംഗീതത്തിന്റെ അഴകിൽ പാട്ടൊരുക്കുന്നതിൽ നിപുണനാണ് ശ്രീ ശരത് ..  പാട്ടിന്റെ ഓരോ അരികും ചെത്തിമിനുക്കി പാട്ടുകാരെ വരെ രാകിമിനുക്കുന്ന സംഗീതജ്ഞൻ . ശരത്തും സുജാതയ്ക്ക് കുറച്ചു ഗാനങ്ങൾ നൽകിയിട്ടുണ്ട്.

വാലിന്മേൽ പൂവും  വാലിട്ടെഴുതിയ  ( പവിത്രം )

താളമയഞ്ഞു രാഗമാപൂർണം

രാവിൽ വീണാനാദം പോലെ   ( സിന്ദൂരരേഖ )

എന്റെ സിന്ദൂരരേഖയിലെങ്ങോ

സൂര്യനാളം പൊൻവിളക്കായ്  ( തച്ചോളി വർഗ്ഗീസ് ചേകവർ )

തുടക്കകാലത്തെ ശരത് പാട്ടുകൾ പാടാൻ സുജാതയ്ക്ക് ഭാഗ്യമുണ്ടായി .


എത്രയെത്ര അവാർഡുകൾ കിട്ടിയാലും പ്രേക്ഷകരുടെ മനസ്സിൽ ചില ആരാധനയിൽ പൊതിഞ്ഞ പുരസ്കാരങ്ങൾ എന്നേ  നല്കിക്കഴിഞ്ഞിരിക്കും. ഒരു പാട്ടിഷ്ടക്കാരന്റെ മനസ്സൊന്നു നോക്കാം.. എന്റെ മനസ്സ് ആരാധിച്ച, പുരസ്കാരം കിട്ടേണ്ടിയിരുന്നു എന്ന് തോന്നിയ ചില ഗാനങ്ങൾ .....

കണിക്കൊന്നകൾ പൂക്കുമ്പോൾ എന്ന അഭിഭാഷകന്റെ കേസ് ഡയറിയിലെ ഗാനം സുജാത ആലപിച്ചത് കേൾക്കേണ്ടതാണ്. മറ്റെങ്ങുമില്ലാത്ത ഒരു ഭാവസാന്ദ്രത ആ ഗാനത്തിൽ ചേർക്കാൻ ഗായികയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഏറെ കേട്ടിട്ടില്ലാത്ത ഒരു ഗാനം ആണിത്...

കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ  ( ഈ പുഴയും കടന്ന് )

എങ്ങിനെ ഞാൻ ഉറക്കേണ്ടു ( ദേശാടനം )

എത്രയോ ജന്മമായ് ( സമ്മർ ഇൻ ബത്‌ലഹേം )

കണ്ണാന്തളി മുറ്റത്തെ ( അഗ്നിസാക്ഷി )

പ്രണയിക്കുകയായിരുന്നു ഞാൻ ( മനസ്സിൽ ഒരു മഞ്ഞുതുള്ളി )

ദ്വാദശിയിൽ മണിദീപിക ( മധുരനൊമ്പരക്കാറ്റ് )

മഴയുള്ള രാത്രിയിൽ ( കഥ )

ഓടലെണ്ണ വിളക്കിലാ മുഖം  ( സ്ഥിതി )

തട്ടം പിടിച്ചു വലിക്കല്ലേ ( പരദേശി )

പരദേശിയിലെ ഗാനം ദേശീയ അവാർഡിന്റെ വക്കിൽ പൊഴിഞ്ഞു പോയ ഗാനമാണ്.


ശേഷം വരുന്നവരും നിറയെ ഗാനങ്ങൾ നൽകിയിട്ടുണ്ട് ഈ അനുഗ്രഹീത  ഗായികയ്ക്ക് . ചിത്രാ തരംഗം നിലനിൽക്കുന്ന കാലങ്ങളിലൂടെ ആണ് സുജാതയുടെ മുന്നേറ്റവും. അന്ന് പിടിച്ചു നിൽക്കാൻ കഴിഞ്ഞത് ഇവർക്ക് മാത്രമാണ്.


എം ജയചന്ദ്രൻ തുടക്കം മുതൽ തന്നെ നല്ല മെലഡീസ് സുജാതയ്ക്ക് കൈമാറിയിട്ടുണ്ട്..

മണിക്കുയിലേ ( വാൽക്കണ്ണാടി )

ചക്കരമാവിൻ മുന്തിരി ( കണ്മഷി )

ജൂണിലെ നിലാമഴയിൽ  ( നമ്മൾ തമ്മിൽ )

കല്ലായിക്കടവത്ത്  ( പെരുമഴക്കാലം )

കണ്ടു കണ്ടു കൊതി കൊണ്ട് നിന്ന കുയിലേ ( മാമ്പഴക്കാലം)

പുഴ പാടുമീ പാട്ടിൽ  ( മേൽവിലാസം ശരിയാണ് )

പച്ചപ്പനംതത്തെ ( നോട്ടം )

മനസ്സിൽ വിരിയുന്ന മലരാണ് സ്നേഹം ( മധുചന്ദ്രലേഖ)

കരിനീലക്കണ്ണിലെന്തെടി ( ചക്കരമുത്ത് )


പുതു സംഗീത സംവിധായകരും അതെ പോലെ തന്നെ

ഒരു സിംഹമലയും കാട്ടിൽ   സുരേഷ് പീറ്റേഴ്‌സിന്റെ ഈണം എല്ലാം മറക്കാം  നിലാവേ  എന്ന പഞ്ചാബി ഹോസിലേത് ...


രവീന്ദ്രനും, ഔസേപ്പച്ചനും  ജോൺസനും ഏകിയതൊക്കെ എടുത്തുപറയാവുന്നത് തന്നെ..

ബഹളക്കാരനല്ലാത്ത ഒരു സംഗീതജ്ഞനുണ്ട് നമുക്ക് .  ഒന്ന് മുതൽ പൂജ്യം വരെ എന്നതിൽ തുടങ്ങി ശാന്തമായൊഴുകുന്ന പുഴ പോലെ ഒരു സംഗീതജീവിതം.. മോഹൻ സിതാര.

നീയെന്റെ പാട്ടിൽ ശ്രീരാഗമായി ( നക്ഷത്രതാരാട്ട് )

തേങ്ങാപ്പൂളും കൊക്കിലൊതുക്കി  ( വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും )

എനിക്കും ഒരു നാവുണ്ടെങ്കിൽ ( ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ)

മിണ്ടാതെടി കുയിലേ ( തന്മാത്ര ) തുടങ്ങിയവയൊക്കെ ഉദാഹരണങ്ങൾ ..


ഏറെ ഗാനങ്ങൾ ഇനിയും എഴുതാനുണ്ട് . ബാസുരി എന്ന ഗാനത്തിലൂടെ വീണ്ടും സർക്കാർ പുരസ്കാരം നേടുകയുണ്ടായി..

പുതുകാലത്തെ സംഗീതസദസ്സിൽ അധികം കാണാറില്ലിപ്പോൾ സുജാത എന്ന ഗായികയെ . മകൾ ശ്വേതയ്ക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തതാണോ എന്ന് സംശയിക്കും.. എന്നിരുന്നാലും കഴിഞ്ഞ കാലത്തിന്റെ സംഭാവനകൾ മാത്രം മതി ഈ ഗായികയ്ക്കു നമ്മുടെയൊക്കെ മനസ്സിൽ എന്നുമെന്നും പുതുമയോടെ നിലനിൽക്കാനും...

സുജാത മോഹന്റെ ഗാനസാമ്രാജ്യത്തിലൂടെ ഭാഗം 2

 


ഇനിയും വസന്തം പാടുന്നു ...


എഴുപത്തഞ്ചിലുദിച്ച ആ പുതുനക്ഷത്രത്തിന് എൺപതുകളുടെ തുടക്കത്തിൽ വെളിച്ചം അൽപ്പം വിളറിയിരുന്നു. അതിനൊരു പ്രധാന കാരണവുമുണ്ട്. മറ്റൊരു പുതുതാരോദയം തന്നെ. മലയാളത്തിന്റെ ചിത്രാങ്കണങ്ങളിൽ സ്വർഗീയ തിരയിളക്കം സൃഷ്ട്ടിച്ച  കെ എസ് ചിത്ര എന്ന ഗായികയുടെ പടയോട്ടം .  കൈ നിറയെ ഗാനങ്ങളുമായി ചിത്ര അപാരഫോമിലായിരുന്നു അക്കാലങ്ങളിൽ .  ആ സൂര്യവെളിച്ചത്തിൽ പ്രഭയുണ്ടായിട്ടും അൽപ്പം മങ്ങിയെന്നു മാത്രം..  മത്സരവേദിയായ സിനിമയിൽ പക്ഷെ സുജാത- ചിത്ര ബന്ധം സ്നേഹോഷ്മളമായ ഒന്നായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പരസ്പരം ബഹുമാനിക്കുകയും  അറിയുകയും ചെയ്തിരുന്നവർ .


രവീന്ദ്രൻ സംഗീതത്തിലൂടെ സുജാത അതി  സുന്ദരമായ ഹമ്മിങ്ങുകളിലൂടെ പാട്ടിന്റെ സാത്യതകളായി വീണ്ടും....

എന്റെ നന്ദിനിക്കുട്ടി എന്നതിലെ " ഇനിയും വസന്തം പാടുന്നു " ..

യേശുദാസിനൊപ്പം മധുരോദാരമായ ഒരോർമ്മ സമ്മാനിച്ചുകൊണ്ട് ഹമ്മിംങ്  രാജകുമാരി ..


എന്നാൽ  എൺപതുകളുടെ ആ അഞ്ചാറു വർഷം കാര്യമായോർമ്മിക്കാവുന്ന ഒരു ഗാനവും സുജാതയുടെതായി പിറന്നില്ല.  ഈ ഗായികയെ അങ്ങിനെ മറവിയിലേക്ക് തള്ളിവിടാൻ സിനിമാ ലോകം തെയ്യാറായിരുന്നില്ല.. ചിത്രയുടെ കുതിപ്പിനൊപ്പം സമാന്തരമായി മറ്റൊരു വിജയക്കുതിപ്പും സുജാതയിലൂടെ പുനർജ്ജന്മം നേടുകയായിരുന്നു. സുജാതയിലെ പ്രതിഭയെ വീണ്ടും കണ്ടെടുത്തത് , മുത്തായി പാട്ടിന്റെ കൈവെള്ളയിലേക്കു എടുത്തുവെച്ചത്  ഹിറ്റ്‌മേക്കർ  പ്രിയദർശൻ എന്ന സംവിധായകനായിരുന്നു. അതൊരു കാലത്തിന്റെ ആവശ്യമായിരുന്നു.


1987 ലെ ചെപ്പ് എന്ന പ്രിയദർശൻ ചിത്രത്തിലൂടെ സുജാതയുടെ പുനരരങ്ങേറ്റം .  പിന്നീടുള്ള പ്രിയൻ സിനിമകൾ ചരിത്രം സൃഷ്ടിച്ചവ ആണല്ലോ..  അതുകൊണ്ടും പാട്ടുകളും ഏറെ ഹിറ്റാവുകയും ചെയ്തു. 


 1988 ലെ സൂപ്പർ ഹിറ്റായ  ആര്യൻ എന്നതിലെ

" പൊന്മുരളിയൂതും  കാറ്റിൽ "

"ശാന്തിമന്ത്രം തെളിയും "  ....

എം ജി ശ്രീകുമാറോടൊപ്പം ...

രഘുകുമാറിന്റെ സംഗീതം മലയാളം ശ്രദ്ധിച്ച നാളുകൾ പിന്നീടുണ്ടായി.


അക്കൊല്ലം തന്നെ വീണ്ടും പ്രിയൻ സിനിമകൾ ! ശരിക്കും അദ്ദേഹത്തിന്റെ സിനിമകളിൽ മാത്രം പാടിയ വർഷങ്ങളായിരുന്നു  88 ഉം , 89 ഉം..


പൂവിനെ കണ്ടു ഞാൻ ചോദിച്ചു  ( മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു)

കണ്ടാൽ ചിരിക്കാത്ത കാക്കകറുമ്പിയെ  ( ഒരു മുത്തശ്ശിക്കഥ )

നല്ല മുത്തശ്ശിയമ്മ ചൊല്ലുന്ന

പാടുവാൻ ഓർമ്മകളിൽ  ( വെള്ളാനകളുടെ നാട് )

എന്നിവയൊക്കെ പ്രിയമോടെ നമ്മൾ സ്വീകരിച്ചു.


മലയാള സിനിമാ പ്രേക്ഷകർ എന്നെന്നും ഓർക്കുന്ന, അവരേറ്റവുമധികം കണ്ട സിനിമയുടെ പിറവി നടന്ന വർഷം . കളക്ഷൻ റിക്കാർഡുകൾ ഭേദിച്ച് പൊടിപാറ്റിയ സിനിമ .. ചിത്രം ...

അതിലെ മിക്ക ഗാനങ്ങളും എം ജി ശ്രീകുമാറുമൊത്ത് പാടി വിലസി സുജാത ..

പാടം പൂത്ത കാലം   ..

ദൂരേകിഴക്കുദിക്കും ...

കാടുമീ നാടുമെല്ലാം ...

പാടം  കൊയ്യും മുൻപേ ...

എല്ലാ ഗാനങ്ങളും ഹിറ്റാക്കി മാറ്റി സിനിമാചരിത്രത്തിൽ പുതിയൊരിടം നേടി .. ഷിബു ചക്രവർത്തിയുടെ രചനയിൽ കണ്ണൂർ രാജൻ സംഗീതം ...


വീണ്ടും മറ്റൊരു തരംഗം .  വിജയസിനിമ ആയോ എന്ന് സംശയം . എങ്കിലും പാട്ടുകൾ വലിയൊരു തരംഗം തന്നെ സൃഷ്ടിച്ചു അക്കാലത്ത് ..  വന്ദനം എന്ന പ്രിയൻ സിനിമ .

1989 ൽ പുറത്തിറങ്ങിയ വന്ദനത്തിൽ നിറയെ പാട്ടുകളുണ്ട് .

ഷിബു ചക്രവർത്തി, ഔസേപ്പച്ചൻ ടീം ..

തീരം തേടുമോളം ...

അന്തിപൊൻവെട്ടം ....

കവിളിണയിൽ കുങ്കുമമോ ...

മേഘങ്ങളേ പാടിയുറക്കാൻ ..


പ്രിയദർശന്റെ സിനിമകളിലൂടെ നഷ്ടപ്പെട്ടുപോയേക്കാവുന്ന പാട്ടുകാലം തിരിച്ചെടുക്കുകയായിരുന്നു സുജാത. അതും ഉജ്വലമായൊരു തിരിച്ചുവരവും, ഉറച്ചൊരു നിലനിൽപ്പും...


മറ്റു ഗായകൻമൊരൊപ്പം ഗായികമാരുടെ ശബ്ദം എങ്ങിനെയെന്ന് നോക്കുന്നത് ഒരു രസമാണ്. യേശുദാസിനൊപ്പം സുജാത എത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും  മറികടന്ന് സുജാത തിളങ്ങുന്നത് എം ജി ശ്രീകുമാറിനൊപ്പം ആണ്. സുജാതയുടെ ശബ്ദം എംജി ഗാനങ്ങൾക്കൊപ്പം വേറിട്ട ഭാവമായി തിളങ്ങി നിൽക്കുന്നതും ഒരപൂർവ കാഴ്ച തന്നെ.. മലയാള സിനിമ കരുതിക്കൂട്ടി ഒതുക്കിയ ഗായകനും, സുജാതയുടെ ബന്ധുവുമായ  ജി വേണുഗോപാലുമൊത്ത് പാടിയപ്പോൾ ഭാവബന്ധുരമായിത്തീരുകയും ചെയ്തു. അത്രയ്ക്കും ചേർന്നൊഴുകി രണ്ടുപേരും പാടിയപ്പോൾ ...

മഴവിൽകാവടിയിലെ പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ എന്ന ഗാനത്തിലെ ലയനം ഒന്ന് ശ്രദ്ധിക്കുക..

മാളൂട്ടിയിലെ സ്വർഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ ...

അപാരം , അസാദ്ധ്യം എന്നൊക്കെ വിശേഷിപ്പിക്കാവുന്നത് ..

തലയണമന്ത്രത്തിലെ തൂവൽ വിണ്ണിൻ മാറിൽത്തൂവി ..

നയം വ്യക്തമാക്കുന്നുവിലെ  പാടൂ താലിപൂത്തുമ്പീ ...

എന്നതിലും ആ വിശുദ്ധി അനുഭവിക്കാം...


അക്കാലത്തെ സംഗീതതൃമൂർത്തികൾ എന്ന് വിശേഷിപ്പിക്കാവുന്ന രവീന്ദ്രൻ, ജോൺസൻ , ഔസേപ്പച്ചൻ എന്നിവരൊക്കെ ഈ 84 -94 കാലഘട്ടത്തിൽ പാട്ടുകൾ ഏറെ കൊടുത്തിട്ടുണ്ട്..


ജോൺസൺ ഈണത്തിൽ ...

സിന്ദൂരം തൂകും ഒരു സായംകാലം  (ശുഭയാത്ര )

മൗനത്തിൻ ഇടനാഴിയിൽ ( മാളൂട്ടി )

മുത്താരത്തോരണമേകിയ ( കൗതുകവാർത്തകൾ )

തൂവാനം ഒരു പാലാഴി  ( സവിധം )

പാതിരാപാൽക്കടവിൽ ( ചെങ്കോൽ )

പാലാഴിത്തിരകളിൽ കുളിരാറാടി പൗർണമി ( ചകോരം )


വീണ്ടും പ്രിയൻ സിനിമകൾ ...

നീലക്കുയിലേ  ചൊല്ല് ... ( അദ്വൈതം )


ആർ റഹ്‌മാന്റെ മലയാളത്തിലെ ഏക സിനിമയായ യോദ്ധായിലെയും ഗാനങ്ങൾ സുജാതയ്ക്കാണ്.

കുനു കുനെ ചെറു കുറുനിരകൾ എന്ന ഗാനം ...


രവീന്ദ്രന്റെ ഈണത്തിൽ

ആരോ പോരുന്നെൻ കൂടെ   ( ലാൽസലാം )

കസ്തൂരി എന്റെ കസ്തൂരി  ( വിഷ്ണുലോകം )

കിഴക്കുണരും പക്ഷി ( കിഴക്കുണരും പക്ഷി )


ആ കാലഘട്ടത്തിൽ തന്നെ ഒട്ടേറെ വേറെ മികച്ച ഗാനങ്ങളും ലഭിക്കുകയുണ്ടായി സുജാതയ്ക്ക്.. എന്തായാലും മുന്നോട്ടേയ്ക്കുള്ള യാത്രയ്ക്ക് പലരുടെയും കൂട്ടായ്മയിലൂടെ ആണെങ്കിലും വലിയൊരു സഹായം ലഭിക്കുക ഉണ്ടായി ഈ ഗായികയ്ക്ക് ....

(തുടരും..)