Thursday, December 8, 2022
ദേവരാജ സംഗീതം കൈവെടിഞ്ഞ ജാനകീ നാദം
ദുരൂഹമാണ് മനുഷ്യ മനസ്സ് .എന്തുദയം കൊള്ളുന്നു എന്നൂഹിക്കാനാവാത്തത് .സദ് ചിന്തകളും ദുഷ്ചിന്തകളും പാഴ് ചിന്തകളും നിറഞ്ഞ ഒരിരുൾ മാടമാണ് പലപ്പോഴും മനുഷ്യ മനസ്സ് ... എന്താണ് ചിലരുടെ ഉള്ളിൽ എന്തൊക്കെ നടക്കുന്നു ,അപരനോട് എങ്ങിനെ പെരുമാറിയേക്കും എന്നൊക്കെ സങ്കൽപ്പങ്ങളിലേ രൂപപ്പെടുത്താൻ കഴിയുള്ളു .യാഥാർത്ഥ്യം ചിലർക്ക് മാത്രം വെളിപ്പെട്ടേക്കാം ...
ചലച്ചിത്ര ഗാനാസ്വാദന ക്കുറിപ്പിൽ എന്തിനീ തത്വങ്ങൾ എന്ന് തോന്നിയോ ?
കാരണമുണ്ട് .സമാന ചിന്താഗതികളോടെ പെരുമാറിയിരുന്ന അല്ലെങ്കിൽ അങ്ങിനെ തോന്നിപ്പിച്ചിരുന്ന രണ്ട് പേരെ ഓർത്തു പോയി .കാലങ്ങളായി ഉത്തരം പരതുന്നത് .കലാ രംഗത്തെ ,പ്രത്യേകിച്ച് സിനിമാരംഗത്തെ പാരവെപ്പും ,ആത്മാർത്ഥതയില്ലായ്മയും നമ്മൾ കേട്ടറിയുന്നത് ,അനുഭവിച്ചറിയുന്നത് .
മലയാളസംഗീതരംഗത്തെ കുലപതികളായി വിശേഷിപ്പിക്കാവുന്ന രണ്ട് പേർക്കിടയിലെ അകൽച്ച എന്നെ ഇരുത്തി ചിന്തിപ്പിച്ചത് .രണ്ട് പേരും അവരുടെ ലോകത്ത് തങ്ങളുടെ കഴിവ് ഉയരത്തിലെത്തിച്ചവർ .
ജി.ദേവരാജൻ മാസ്റ്റർ
എസ് ജാനകി ...
1955 മുതൽ മലയാള സിനിമാ സംഗീതത്തിൻ്റെ അമരക്കാരനായ ദേവരാജൻ മാസ്റ്റർ ... സംഗീതം ചെയ്തതെല്ലാം ഹിറ്റുകൾ .എല്ലാ ഗായകർക്കും പലവട്ടം അവസരങ്ങൾ കൊടുത്തയാൾ . പുതുമുഖങ്ങളെ നന്നായി പ്രോൽസാഹിപ്പിക്കുന്നയാൾ ... എന്നിട്ടും എസ് ജാനകിയെക്കൊണ്ട് ഇദ്ദേഹം എത്ര പാട്ടുകൾ പാടിച്ചു!! വിരലിലെണ്ണാവുന്ന ഗാനങ്ങൾ മാത്രം .അതു തന്നെ ശ്രദ്ധിക്കപ്പെട്ടവ അപൂർവ്വം ഗാനങ്ങളും .
അവസരങ്ങൾക്ക് വേണ്ടി തെണ്ടേണ്ട കാര്യം എസ് ജാനകിക്കുണ്ടായിട്ടുണ്ടാവില്ല ..ദേവരാജൻ്റെ അവഗണനയിലും മറ്റുള്ളവർ ഒട്ടേറെ സുന്ദര ഗാനങ്ങൾ നൽകുകയുണ്ടായി ... എം എസ് ബാബുരാജ് ,എം ബി ശ്രീനിവാസൻ എം എസ് വിശ്വനാഥൻ ,ദക്ഷിണാ മൂർത്തി ,പുകഴേന്തി ,ചിദംബരനാഥ് ,എ ടി ഉമ്മർ ,ശ്യാം ,ഇളയരാജ തുടങ്ങിയവരുടെയൊക്കെ ഈണ മാധുരിയേറ്റുവാങ്ങി മലയാളത്തെ ഉന്മാദം കൊള്ളിച്ച ഗായിക ..
ദേവരാജൻ സംഗീതം സുശീല, മാധുരി ,ലത തുടങ്ങിയവരിലൂടെയൊക്കെ ഗാനാമൃതമായി ഒരു ഭാഗത്ത് വിളമ്പുമ്പോഴും ഒട്ടും മധുരിമ കുറയാത്ത സൌവർണ്ണ ഗാനവീചികൾ ജാനകിയുടെ ശബ്ദത്തിൽ ഇവിടെ ലയവിന്യാസം തീർത്തു.
എന്തെന്നറിയില്ല .ആദ്യകാലത്തെ കുറച്ച് ഗാനങ്ങൾ മാത്രം ജാനകിക്കേകി ദേവരാജൻ .1957 ൽ ഇവിടെയെത്തിയ എസ് ജാനകിയുടെ ശബ്ദമാധുരി തിരിച്ചറിഞ്ഞ ആദ്യഗാനം എന്നാൽ ദേവരാജൻ്റേതായിരുന്നു എന്നത് പറയാതെ വയ്യ ...വയലാറിൻ്റെ രചനയിൽ ഭാര്യയിലെ ''കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു കണ്ണാടി മാളിക തീർക്കും " എന്ന ഗാനം ജാനകിയുടെ കരിയറിലെ എണ്ണപ്പെട്ട ഒരു ഗാനമാണ് ...
എന്നാൽ ശേഷം എത്ര നല്ല ഗാനങ്ങൾ അദ്ദേഹത്തിൽ നിന്ന് കിട്ടി !!
മുറ്റത്തെ മുല്ലയിൽ മുത്തശ്ശി മുല്ലയിൽ (ഓടയിൽ നിന്ന് )
മുങ്ങി മുങ്ങി മുത്തുകൾ വാരും (കടലമ്മ )
മദം പൊട്ടിച്ചിരിക്കുന്ന മാനം (ചിത്രമേള )
ദേവകുമാരാ ദേവകുമാരാ (തിലോത്തമ )
എൻ്റെ നോട്ടത്തിൽ കഴിഞ്ഞു .. പിന്നീട് ശ്രദ്ധിക്കപ്പെടാത്ത ചില ഗാനങ്ങളും .
നിശാഗന്ധി ,മിണ്ടാപ്പെണ്ണ് ,ജയിൽ etc .. എന്നീ ചിത്രങ്ങൾ പറയാമെന്നെ ഉള്ളു ..
ഒരൊറ്റ കാര്യത്തിൽ സമാധാനിക്കാം .ദേവരാജൻ മാസ്റ്റർ പാട്ടുകൾ കൊടുക്കാത്തത് കൊണ്ട് എസ് ജാനകിയുടെ സംഗീതയാത്രയ്ക്ക് ഒരു തടസ്സവും നേരിട്ടിട്ടില്ല .. അതനസ്യൂതം തുടർന്നു ...
എസ് ജാനകിക്ക് പാട്ടുകൾ നൽകാത്തത് കൊണ്ട് ദേവരാജൻ ഗാനങ്ങൾ പോപ്പുലറാവാതിരുന്നുമില്ല ...
നഷ്ടം രണ്ടു പേർക്കുമില്ല ...
നഷ്ടം ഗാനാസ്വാദകർക്ക് മാത്രം ..
നികത്താനാവാത്തത് ....
നിശാഗാനങ്ങൾ സിനിമകളിൽ
രാത്രികൾ നമുക്ക് വിശ്രമവേളകൾ കനിഞ്ഞുനൽകുന്നു. രാവിന്റെ ഓരോ യാമങ്ങളും ആസ്വദിക്കാനും വേണം ഒരു കഴിവ്. ഉറക്കം മാത്രമല്ല രാവിന്റെ സമ്മാനം .ഉറങ്ങാതിരുന്ന ജീവിതസ്വപ്നങ്ങൾ പലപ്പോഴും ചില രൂപങ്ങളണിഞ്ഞുകൊണ്ടു മേളനങ്ങൾ തീർക്കും. സ്വപ്നങ്ങളുടെ ആ നിശായാത്രയിൽ ഒറ്റയ്ക്കായും കൂട്ടായും ജോഡിയായും സംഗമങ്ങൾ . വികാരസമ്മേളനങ്ങളുടെ രാത്രി. പ്രണയവും, കാമവും, വിഷാദവും, എല്ലാം ഒറ്റപ്പെടലുകളുടെ വൈഷമ്യങ്ങളിൽ ഊഞ്ഞാലാടുന്ന യാമങ്ങൾ.
സിനിമയിൽ അത് പാട്ടുകളുടെ അകമ്പടിയോടെ വർണരേണുകൾ ചാർത്തി അണിഞ്ഞൊരുങ്ങുകയും , മൂടുപടം അണിയുകയും ചെയ്യും.
ഈറൻ നിലാവും , തേന്മലർമണവും ഇക്കിളി കൂട്ടുന്ന രാവായി യൂസഫലി വിശേഷിപ്പിക്കുമ്പോൾ പൊന്നിൽ കുളിച്ച രാസംഗമങ്ങൾ മനസ്സിൽ അരങ്ങേറുന്നു. നിനവിന്റെ തേൻ ചഷകം നെഞ്ചിൽ പതഞ്ഞൊഴുകുന്ന രാത്രിയാണപ്പോൾ പ്രാണപ്രേയസിക്ക് . യൂസഫലിയുടെ നിശാ വർണ്ണനകൾ കൊതിപ്പിക്കുന്നതാണ്. ജീവിതത്തിലെ വരും കാലങ്ങളുടെ തുടക്കമാണ് രാത്രിയോർമ്മകൾ ...
വയലാറിലെത്തുമ്പോൾ ഓരോ രാത്രിയിലും വിടരുന്ന അനുരാഗപുഷ്പിണിയാണ് അവൾ. വെണ്ണ തോൽക്കുമുടലോടെയും വെണ്ണിലാവിൻ തളിർ പോലെയുമവൾ ...മഞ്ഞിൽ മുങ്ങി നിവർന്നീറൻ മാറി മന്ദഹാസത്തോടെ അവൾ പരിലസിക്കുന്നു ..
വയലാറിന് പലപ്പോഴും പ്രണയം രാത്രിയോട് ചേർക്കുമ്പോൾ അത് ശരീരസംഗമം കൂടിയായി മാറുന്നു.. അത് ത്രിവേണീ സംഗമം ആയി മാറുന്നു. ശൃംഗാരപദമാടി മദാലസയായ യാമം കൂട്ടിനുണ്ടാകും...അവളപ്പോൾ പ്രണയകലാവല്ലഭനോട് മുഖപ്രസാദം വിടർത്താൻ ആവശ്യപ്പെടുന്നു. നമ്മുടെ പ്രഥമവും പ്രമദവുമായ രാത്രിയല്ലേ എന്നും ചോദിക്കുന്നു..
പ്രണയപരവശയായ നായിക യാമിനിയോട് ചേർന്ന് കാമദേവന്റെ പ്രിയകാമിനീ എന്ന് വിവശയായി മൊഴിയുന്നു.
അകലങ്ങളിൽ യുവമനസ്സുകളെ പുളകം കൊള്ളിക്കുന്ന രാത്രിയെക്കുറിച്ചും വയലാർ ഉല്ലാസവാനാവുന്നുണ്ട്. കാട്ടിൽ കള്ളിപ്പാലകൾ പൂത്തപ്പോൾ വെള്ളിപ്പൂക്കുട തീർത്തപ്പോൾ ആരിലും ആളിപ്പടരുന്ന അതിന്റെ സൗരഭം പ്രണയവാസനകളെ തൊട്ടുണർത്തുന്നതാണ്...
വെണ്ണിലാവുള്ള രാത്രിയിൽ മടിയിൽ മയങ്ങുന്ന പ്രണയിനിയെ ശല്യപ്പെടുത്തല്ലേ എന്ന് രാവിനോട് അവൻ ... പുഷ്പങ്ങൾ അണിഞ് നവവധുവായ ഭൂമിക്കു വേളീപ്പുടവയുമായി വരുന്ന വെണ്ണിലാവിനോട് തന്റെ മടിയിൽ മയങ്ങുന്ന മാലതീലതയെ തൊടല്ലേ എന്ന് എത്ര ആർദ്രമായ സ്വരം.... പ്രണയത്തിന്റെ എത്രമാത്രം അവർ മാത്രം തീർക്കുന്ന ഒരു ലോകം...
വിഷുക്കൈനീട്ടം തന്നവനോട് വിവാഹമോതിരം എന്ന് തരും എന്നവൾ ചോദിക്കുന്നതും വാർത്തിങ്കൾ കണി വെച്ച ആരാത്രിയിലാണ് ... വയലാർ ഭാവനകൾ ഒട്ടേറെ ഉണ്ട്...
പി ഭാസ്കരന്റെ മിക്ക ഗാനങ്ങളിലും ആകാശവും ഭൂമിയും രാവും, താരകളും എല്ലാം നിറഞ്ഞു നിൽക്കുന്നതാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോവുന്നവന്റെ രാത്രികൾ ഏറെയുണ്ട്...
നിദ്രയുടെ ആഴി തുഴഞ്ഞു കടക്കുവാൻ സ്വപ്നത്തിന്റെ കളിയോടം കിട്ടി , അതിൽ കാണാത്ത അറിയാത്ത ഏതോ കരയിൽ എത്തപ്പെട്ടവളുടെ ഗദ്ഗദവും ആശ്വാസവും ....
രാവിനെ നോക്കി താരത്തെ സാക്ഷിയാക്കി അവിടെയും തങ്കക്കിനാവുകൾ ഉണ്ടോ എന്ന് ചോദിക്കുന്ന യുവമിഥുനങ്ങൾ...
ആശയറ്റവളുടെ ഗദ്ഗദസ്വരമായി ഈറൻ രാവിൽ മഞ്ഞണിഞ്ഞു കൊണ്ട് ആകാശം ചുറ്റുന്ന വൃഥാവ്യായാമം എന്തിനെന്ന് ! കണ്ണീരണിഞ്ഞ പട്ടുതൂവാലയുമായ് എന്തിനാണ് ഈ ശ്രീകോവിൽ ചുറ്റുന്നു എന്നും....
ഇതൊക്കെയാണെങ്കിലും മണ്ണിലെ മനുഷ്യന്റെ നൊമ്പരങ്ങൾ ഒന്നും ആകാശങ്ങളിലിരിക്കുന്നവർക്കറിയില്ല എന്നൊരു ധ്വനി ഭാസ്കരൻ നൽകുന്നുണ്ട്. വെണ്ണിലാവിനെന്തറിയാം! ഒളിഞ്ഞു ചിരിക്കാനല്ലാതെ ... മാനവന്റെ ഹൃദയത്തിന്റെ മോഹഭംഗങ്ങൾ നിനക്കറിയാമോ ?
ഭാവനയുടെ തളിർ മഞ്ചലിൽ ഭാസ്കരസഞ്ചാരം ഉന്മാദം സൃഷ്ടിക്കുന്നതാണ്. . കന്നിമാസരാവിൽ പൂർണചന്ദ്രൻ പൊന്നാനിപ്പുഴയിൽ പ്രതിബിംബിച്ചപ്പോൾ കളഭക്കിണ്ണം വീണുകിടക്കുമ്പോൽ എന്നെഴുതാൻ ഇദ്ദേഹത്തിനെ ആവുള്ളൂ...
മറ്റൊരിടത്ത് പേരാറ്റിലെ ഒരു കടവിൽ നിലാമഞ്ഞളരച്ചു വെച്ച് നീരാടുന്ന തിങ്കളെ വാഴ്ത്തുന്നു... ധനുമാസ പൂക്കൈത പൂവിട്ടു വരുന്ന രാത്രിയിൽ അവനെ കനവിൽ കണ്ടു കൊതിച്ചിരുന്ന അവളെയും കാട്ടിത്തരുന്നു...
മധുരപതിനേഴുകാരിയായ പൂനിലാവിനെ പ്രകീർത്തിക്കുന്നു ഭാസ്കരൻ . പാതിരാവായിട്ടില്ല ... പൗർണമി കന്യകയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ എന്ന്...
സങ്കടങ്ങളുടെ പട്ടികകളിലേക്കു പിന്നെയും ഗാനങ്ങൾ ഉണ്ട്...
നിലാവസ്തമിക്കുന്ന യാമത്തെ കവി കാണുന്നതിങ്ങനെ ... പാർവണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ . അപ്പോൾ കരിമുകിൽ കണ്ണീരടക്കാനാവാതെ ഒരു തിരി കൊളുത്തുന്നു...
നിരാശയുടെ പടുകുഴിയിൽ നിന്ന് മറ്റൊരു രാഗാനം ...
രാത്രിയുടെ കനകാംബരങ്ങൾ വാടി ... രാത്രി അസ്തമിച്ചു ... കടത്തുവള്ളം യാത്രയായി....
ഭാസ്കരൻ എന്ന മഹാപ്രതിഭയും....
ശ്രീകുമാരൻ തമ്പിയുടെ രചനകളിൽ കൂടുതൽ നിശിത വിമർശങ്ങളില്ല . വേദനയുടെ സ്ഫുലിംഗങ്ങൾ കണ്ടേക്കാം... അതും തീക്ഷ്ണമാണ് . കൂടുതലും ഉല്ലാസപ്രദമായ രാവുകളാണ്...
വരുമല്ലോ രാവിൽ പ്രിയതമൻ എന്ന് സഖിയോട് ചോദിക്കുന്നവൾ . പൗർണമി ചന്ദ്രിക തൊട്ടപ്പോൾ പത്മരാഗം പുഞ്ചിരി പൊഴിക്കുന്നതും
അശോകപൂർണിമ വിടരും രാവിൽ അനുഭൂതികളുടെ രജനീയാമത്തിൽ അലയുന്ന അനുരാഗകല്പനകളുമായി ആകാശത്തേരിൽ ഒരു കാമുകൻ .
ചന്ദ്രികയാൽ ഒരു ചിത്രനീരാളം വിരിക്കുന്ന ചൈത്രയാമിനിയെ കാണിച്ചുതരുന്നു ശ്രീകുമാരൻതമ്പി .
ഒരാശ്വാസഗാനം പോലെ അവൻ അവൾക്കു പാടിക്കൊടുക്കുന്നുണ്ടിങ്ങനെ ... ശാരദരജനീ ദീപമുയർന്നു , നക്ഷത്രമണ്ഡലങ്ങൾ ഉണർന്നു . ഇടിമിന്നലുകൾ പൊഴിച്ച മഴമുകിലുകൾ മറഞ്ഞു... ഇനി നീ ഉറങ്ങൂ.... പ്രിയേ.... എന്ന്....
മനുഷ്യമനസ്സിനോടും ഉപമിക്കും കവി നിലാവിനെയും, രാവിനെയും ഒക്കെ. കുംഭമാസത്തിലെ കാറുകൾ നിറഞ്ഞ മാനത്തെ രാത്തിങ്കളെ പറ്റി കവി ഇങ്ങനെ ... മങ്ങിയും ഇരുണ്ടും വരുന്ന പൂനിലാവിനെ പോലെ ആണ് കുമാരിമാരുടെ മനസ്സ് എന്ന് ...എപ്പോഴാണ് തെളിയുന്നത്, എപ്പോഴാണ് ഇരുളുന്നത് എന്നറിയില്ല . സിനിമാ സന്ദർഭങ്ങൾ കവികളെകൊണ്ട് ഇങ്ങനെയും എഴുതിപ്പിക്കും..
( അവസാനിക്കുന്നില്ല .... )
നീയൊരു വസന്തം
പാടിത്തിമിർക്കുന്ന രണ്ടുമൂന്നു ഗായികമാർക്കിടയിലേക്ക് ആണ് പത്മജ തമ്പി എന്ന ഗായികയുടെ ഉദയം. 1970 ൽ . അമ്പിളി എന്ന പേരിൽ പ്രസിദ്ധയായ ഗായിക. കർണ്ണാടക സംഗീതത്തിൽ ദക്ഷിണാമൂർത്തി എന്ന സംഗീതജ്ഞന്റെ ശിഷ്യയായിരുന്നു. അദ്ദേഹത്തിന്റെ സംഗീതം മലയാളസിനിമയിൽ ഒരു ലഹരിയായി പടരും കാലം ആയിരുന്നു. സമയമായപ്പോൾ ശിഷ്യയെ അദ്ദേഹം തന്നെ കൈപിടിച്ച് സിനിമയിലേക്കും എത്തിച്ചു. എത്തിക്കുക എന്നത് അദ്ദേഹത്തിന്റെ കർമ്മം . കഴിവ് കൊണ്ട് സ്വന്തം നില ഉണ്ടാക്കേണ്ടത് ഗായികയുടെയും ചുമതല. ഏറ്റെടുത്ത ജോലി അമ്പിളി ആദ്യ സിനിമയിൽ തന്നെ മികവുറ്റതാക്കി. ശബരിമല ശ്രീ ധർമ്മ ശാസ്താ എന്ന പുരാണചിത്രത്തിൽ നാലഞ്ച് പാട്ടുകൾ . എല്ലാം ശ്രീദേവി ബാലനടിയായി അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടിയും. ആ നാദം പിന്നീട് കുറെ കാലത്തോളം മലയാളസിനിമയെ കുളിരണിയിച്ചു. ജാനകി, സുശീല എന്നിവരോടും 1969 ൽ വന്ന മാധുരിയോടും , 63 ൽ തുടക്കം കുറിച്ച ബി വസന്തയോടും മത്സരിക്കേണ്ടി വന്നു. ആദ്യചിത്രം നൽകിയ മുന്നേറ്റം , ആ മധുര ശബ്ദം , കുഞ്ഞുങ്ങൾക്ക് വേണ്ടി പാകപ്പെട്ട ശബ്ദം അതുകൊണ്ടും കൂടി അത്തരത്തിൽ പിന്നെയും കുറെ ഉപയോഗിക്കപ്പെട്ടു. ഓരോന്നും വ്യത്യസ്തമായതുകൊണ്ടും സുന്ദരവുമായിരുന്നു.
ഒരു പുരാണ ചിത്രത്തിന് വേണ്ടി ആലാപനം തുടങ്ങിയതുകൊണ്ട് പിന്നീട് അത്തരം ചിത്രങ്ങൾക്ക് വേണ്ടി കൂടുതൽ ഗാനങ്ങൾ ആലപിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ തന്നെ മികച്ചത് എന്ന് പറയാവുന്നത് ഇവയാണ്.
അന്നത്തെ സൂപ്പർ ബാലനടി ആണ് ബേബി സുമതി . ബേബി സുമതിക്കു വേണ്ടി രണ്ടു സിനിമകളിൽ പാടിയ ഗാനങ്ങൾ ചലച്ചിത്ര ഗാനചരിത്രത്തിൽ പ്രത്യേകമായി എഴുതിവെക്കപ്പെട്ടിട്ടുള്ളതാണ്. അക്കാലത്ത് ബേബി സുമതിയുടെ ശബ്ദം അമ്പിളിയുടേതും , അമ്പിളിയുടേത് ബേബി സുമതിയുടേതും എന്നും തെറ്റിദ്ധരിക്കപ്പെട്ട ഒരു കൗമാരം എനിക്കും ഉണ്ടായിരുന്നു.
ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിന് വേണ്ടി ഓ എൻ വി - ദക്ഷിണാമൂർത്തി ടീമിന്റെ ഗാനം വിപ്ലവം സൃഷ്ടിച്ചത്..
ഗുരുവായൂരപ്പന്റെ തിരുവാമൃതേത്തിന് ഉരുളി നിറച്ചും പാൽച്ചോറ് വെച്ചു ..... എന്നത്...ബേബി സുമതിക്ക് വേണ്ടി അമ്പിളിയുടെ ഏറ്റവും യോജിച്ച ശബ്ദം . ഭക്തിയുടെ ഒരു മായിക പ്രപഞ്ചം...
പിന്നീട് കുറച്ചു കാലങ്ങൾക്ക് ശേഷം വീണ്ടും സുമതി - അമ്പിളി ലയം.
സ്വാമി അയ്യപ്പൻ എന്നതിന് വേണ്ടി വയലാർ - ദേവരാജൻ ഭാവന .
തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമി....
ഈ ഗാനങ്ങളൊക്കെ അന്നത്തെ ജപസന്ധ്യകളെ പുളകം കൊള്ളിച്ചിരുന്നത്....
പ്രായം കൊണ്ടും , ശബ്ദത്തിലെ കുട്ടിത്തം കൊണ്ടും കൂടിയാവാം പെൺബാല്യങ്ങൾക്കു വേണ്ടി പാടിത്തുടർന്നു അമ്പിളി...
കുഞ്ഞല്ലേ പിഞ്ചു കുഞ്ഞല്ലേ ...( പാവങ്ങൾ പെണ്ണുങ്ങൾ )
ഊഞ്ഞാലാ ഊഞ്ഞാലാ ( വീണ്ടും പ്രഭാതം ) എന്നിവ ഉദാഹരണങ്ങൾ .
അമ്പിളിക്ക് കിട്ടിയ മറ്റൊരു ഭാഗ്യം ആണ് വിവിധ ഗായികമാരോടൊത്ത് പാടാനുള്ള അവസരം.
തള്ള് തള്ള് തള്ള് തള്ള് പന്നാസു വണ്ടി എന്ന അഭിജാത്യത്തിലെ ഒരു ഗാനം. അടൂർഭാസിക്കൊപ്പവും ലതാ രാജു എന്ന ഗായികക്കു ഒപ്പവും ..
ചിരിക്കു ചിരിക്കു ചിത്രവർണ്ണപ്പൂവേ ( സുശീലക്കൊപ്പം )
കലയുടെ ദേവീ കരുണാമയീ ( ജാനകിക്കൊപ്പം )
ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം ( സുശീല , വസന്ത എന്നിവരോടൊപ്പം)
രാജാധിരാജന്റെ വളർത്തു പക്ഷി ( സുജാതക്കൊപ്പം)
രജനീകദംബം പൂക്കും ( പത്മിനി വാര്യർക്കൊപ്പം )
എന്റെ നീലാകാശം നിറയെ ( സുശീലക്കൊപ്പം )
ഓർമ്മകളിൽ ഒരു സന്ധ്യ തൻ ( എസ് പി ബാലസുബ്രഹ്മണ്യം , ജാനകി എന്നിവർക്കൊപ്പം )
ഇവനൊരു സന്യാസി പൂച്ചസന്യാ സി ( സുജാത , വാണിജയറാം , എസ് പി ശൈലജ എന്നിവർക്കൊപ്പം)
സപ്തസ്വരങ്ങൾ പാടും ചിത്ര വിപഞ്ചികകൾ ( സുശീല മാധുരി എന്നിവർക്കൊപ്പം )
തുമ്പീ തുമ്പീ തുള്ളാൻ വായോ ( സുജാതക്കൊപ്പം)
ഇത്തരത്തിൽ പാടുമ്പോൾ വേറിട്ട് കേൾക്കുന്നത് ഓരോ ഗായികയും ആഗ്രഹിക്കുന്നത്... അത് ഗായികമാർക്ക് അവരുടെ ശബ്ദത്തിന്റെ ആഴം സ്വയം തിരിച്ചറിയാനും സഹായിച്ചേക്കും... ശ്രോതാക്കൾക്കും...
ദക്ഷിണാമൂർത്തി പരിചയപ്പെടുത്തിയ ഗായിക ആണല്ലോ അമ്പിളി . ശേഷം മലയാളത്തിൽ സംഗീതം ചെയ്ത മിക്കവരും അമ്പിളിക്ക് ഗാനങ്ങൾ കൊടുക്കുക ഉണ്ടായി. കുട്ടികൾക്ക് വേണ്ടി പാടിയ സോളോ പോലെ മറ്റുള്ള സോളോ ഗാനങ്ങൾ ശ്രദ്ധിക്കപ്പെടുകയുണ്ടായോ എന്നത് നോക്കേണ്ടതാണ്. എന്നാലും...
പൊന്നോണക്കിളിക്കാറു കടക്കാൻ ( നഗരം സാഗരം )
കച്ചകച്ച കയറിട്ട് ( മറ്റൊരു സീത )
പുള്ളിപ്പശുവിന്റെ കുഞ്ഞീ ( ചോറ്റാനിക്കര 'അമ്മ )
വൃന്ദാവനം സ്വർഗ്ഗമാക്കിയ ശ്രീകൃഷ്ണാ ( അമൃതവാഹിനി )
ഗുരുവായൂരപ്പാ അഭയം നീയേ ( ഒഴുക്കിനെതിരെ )
പണ്ട് പണ്ടൊരു കുറുക്കൻ ( അവൾ വിശ്വസ്തയായിരുന്നു )
ഏഴു നിലയുള്ള ചായക്കട ( ആരവം )
ഗോപുര വല്ലരി പ്രാവുകൾ നാം ( അന്തപ്പുരം )
എന്നിവ എടുത്തുപറയാവുന്ന ഗാനങ്ങൾ ആണ് ...
യുഗ്മഗാനങ്ങളിൽ ഗായകരോടൊപ്പം നന്നായി ചേർന്ന് പോവുന്ന ഒരു ഗായിക ആണ് അമ്പിളി. യുഗ്മ ഗാനങ്ങൾ തുടക്കം മുതൽ 90 അവസാനം വരെ ഓരോരോ കാലങ്ങളിൽ തിളക്കമാർന്നു നിന്നു .
ഉന്മാദം ഗന്ധർവ സംഗീത സായാഹ്നം ( കാമം ക്രോധം മോഹം)
നീലത്തടാകത്തിലെ ( സ്വിമ്മിങ് പൂൾ )
സന്ധ്യതൻ കവിൾ തുടുത്തു ( രാജാങ്കണം )
കിഴക്കു മഴവിൽ പൂവിശറി ( അനുമോദനം )
കഴിഞ്ഞ കാലത്തിൻ കല്ലറയിൽ ( മനോരഥം )
നീയൊരു വസന്തം എന്റെ മാനസ സുഗന്ധം ( ബീന)
ശാരിക തേന്മൊഴികൾ ( കന്യക )
ഏറ്റുമാനൂരമ്പലത്തിൻ പരിസരത്ത് ( കുടുംബം നമുക്ക് ശ്രീകോവിൽ )
ആരാരോ സ്വപ്നജാലകം ( ശുദ്ധികലശം )
ഇളവങ്കപൂവുകൾ മിഴി തുറന്നു ( ഭക്തഹനൂമാൻ )
ഇടവഴിയിൽ ശംഖു മാർക്ക് ( പാതിരാസൂര്യൻ )]
ഏകാന്തതയുടെ യാമങ്ങൾ ( ബീഡികുഞ്ഞമ്മ )
തേന്മലർ തേരിലേറി വാ ( ഭീമൻ )
നിനവിന്റെ കായലിൽ ( മണിയറ )
മിഴിയിണ ഞാനടക്കുമ്പോൾ ( മണിയറ )
കരിമ്പെന്നു കരുതി ( മണിത്താലി )
തന്നെന്നം താനെന്നം (യാത്ര )
ഈ ഗാനങ്ങളിലൂടെ പോവുമ്പോൾ എഴുപതുകളിലെയും , എൺപതുകളിലെയും , തൊണ്ണൂറുകളിലെയും കാലങ്ങളെ സ്പർശിച്ചു പോവാൻ കഴിയും എന്നൊരു സുഖമുണ്ട്...
തൊണ്ണൂറുകളിൽ എത്തുമ്പോൾ അമ്പിളിക്ക് കിട്ടുന്ന സിനിമകൾ മികച്ചവ ആയിരുന്നില്ല. തട്ടുപൊളിപ്പൻ സിനിമകളിൽ വരെ പാടേണ്ടി വന്നു. ചിത്ര , സുജാത എന്നിവരുടെ കടന്നു വരവും പിന്നീട് അവസരങ്ങൾ കുറഞ്ഞു. മറ്റു ഭാഷകളിലും പാടിയിട്ടുണ്ടെങ്കിലും അവിടങ്ങളിലെ സിനിമകളിലെ ചില മേൽക്കോയ്മകളെ കുറിച്ച് അമ്പിളി പറഞ്ഞിട്ടുണ്ട്. കണ്ണദാസൻ എന്ന പ്രസിദ്ധ തമിഴ് കവിയും ഗാനരചയിതാവും കൂടിയായ ആൾ സുശീലയുടെ ഉയരങ്ങളിലേക്കു അമ്പിളിയെ ചേർത്തു വെച്ചിട്ടും എം എസ് വിശ്വനാഥൻ പോലുള്ളവർ തമിഴിൽ പാടിക്കാൻ മടിച്ചതിനെ കുറിച്ചും.....
എന്നിരുന്നാലും അമ്പിളി എന്ന ഗായികയെ മലയാളത്തിന് ഒരു കാലത്തും മറക്കാൻ ആവില്ല... ആശംസകൾ പ്രിയ ഗായികയ്ക്ക് ...
താമരകുമ്പിളല്ലോ
ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?
രോഗിക്ക് സുഖവും ദുഃഖവും ഇല്ല. തികച്ചും ഒരു നിർവികാരാവസ്ഥ . വൈകാരികതയുടെ കൊടുമുടിയിൽ എങ്കിലും ദ്വേഷമില്ല , അഹങ്കാരമില്ല , താൻ പോരിമ ഇല്ല ... തികച്ചും ഒരു നിർവാണാവസ്ഥ തന്നെ. പഴയ ഓർമ്മകൾ ഇല്ലെന്നു മാത്രം. ചില സമയങ്ങളിൽ ചില മിന്നലാട്ടങ്ങൾ ചിലരിൽ കാണാറുണ്ട് എന്ന് അനുഭവസ്ഥർ പറഞ്ഞിട്ടുണ്ട്. ഈ പാട്ടു വിശേഷത്തിൽ ഇതിനെന്തു പ്രസക്തി എന്ന് വിചാരിക്കുന്നുണ്ടാവും ല്ലേ ? ഓർമ്മകളിലെ ആ പഴയ സുവർണകാലങ്ങളിൽ ജീവിക്കുന്ന ഒരു കാലം ഇല്ലാതായാൽ വെറും പിണം ആവും ഈ എഴുതുന്നവനൊക്കെ !!
പറഞ്ഞുവന്നത് ജീവിതത്തിന്റെ അവസാനകാലത്ത് അൽഷിമേഴ്‌സ് ബാധിച്ച് നിർവികാരാവസ്ഥയിൽ ആയിപ്പോയിരുന്ന പ്രസിദ്ധ കവിയും, ഗാനരചയിതാവും ആയിരുന്ന ശ്രീ പി ഭാസ്കരന്റെ ജീവിതത്തിലൂടെ , രചനയിലൂടെ ഒന്ന് പോയപ്പോൾ...
ശ്രീ രവിമേനോന്റെ Ravi Menon പുസ്തകത്തിൽ ഇദ്ദേഹത്തിന്റെ ഈ വൈഷമ്യഘട്ടത്തിൽ ഗായിക ജാനകിയുമൊത്തുള്ള ഒരു തിരുവനന്തപുരം യാത്രയെ പറ്റി പ്രതിപാദിക്കുന്നുണ്ട്. പി ഭാസ്കരന്റെ ഒട്ടേറെ ഗാനങ്ങൾ പാടിയ അനുഗ്രഹീത ഗായികയാണല്ലോ എസ് ജാനകി . പി ഭാസ്കരന്റെ വീട്ടിൽ അവർ എത്തി . അദ്ദേഹത്തെ കണ്ടു .ഒരു തരത്തിലും ഗായികയെ തിരിച്ചറിയാൻ അദ്ധേഹത്തിനു കഴിഞ്ഞില്ല . രവിമേനോന്റെ നിർദ്ദേശപ്രകാരം പി ഭാസ്കരന്റെ പ്രിയ ഗാനങ്ങൾ ഒന്നൊന്നായി ആ ഗായിക പാടി. അതിനു ശേഷമുണ്ടായ സംഭവങ്ങൾ അദ്ദേഹത്തിന്റെ പുസ്തകത്തിൽ നിന്നും വായനക്കാർ വായിക്കുക . എഫ് ബി കുറിപ്പുകളിൽ നിന്നും അറിയാവുന്നതാണ്.
എസ് ജാനകി പാടിയ ഗാനങ്ങളിൽ പി ഭാസ്കരൻ സംഭാവന വിലമതിക്കാനാവാത്തതാണ് . അത്തരം ഗാനങ്ങളിലൂടെ ഒന്ന് പോവുമ്പോൾ നമ്മൾ അതിശയപ്പെടും. സ്പഷ്ടമായ ആ ശബ്ദത്തിന്റെ ഹൃദ്യത അനുഭവിക്കും. ജാനകിയുടെ മലയാളത്തിലെ തുടക്ക കാലം മുതൽ തന്നെ പി ഭാസ്കരൻ വരികൾ കൂടെയുണ്ട്.
ജി ദേവരാജൻ എന്ന മഹാസംഗീത സംവിധായകൻ തഴഞ്ഞിട്ടും പാട്ടരുകിലേക്കു തള്ളപ്പെടുകയൊന്നും ചെയ്തിട്ടില്ല ജാനകീ നാദം ..
ചിദംബരനാഥ് , രാഘവൻ മാസ്റ്റർ , എം എസ് ബാബുരാജ് , ദക്ഷിണാമൂർത്തി ,പുകഴേന്തി, എം കെ അർജുനൻ മാസ്റ്റർ , എം ബി ശ്രീനിവാസൻ , ജോൺസൻ തുടങ്ങിയവരിലൂടെയെല്ലാം അതേറെ പുഷ്ടിപ്പെടുകയേ ചെയ്തിട്ടുള്ളൂ.. അതിൽ തന്നെ കൊടുത്തതെല്ലാം സ്വർഗീയ സംഗീതം പോലെ ഇന്നും ആസ്വദിക്കാവുന്നത് എന്ന് പറയേണ്ടത് എം എസ് ബാബുരാജ് ഈണം തന്നെയാണ്. ബാബുരാജിന്റെ സംഗീതവും, പി ഭാസ്കരന്റെ രചനയും, ജാനകിയുടെ ആലാപനവും .... എത്ര ധന്യരാണ് നമ്മൾ !!!!
എസ് ജാനകിയുടെ ശ്രദ്ധിക്കപ്പെട്ട ആദ്യഗാനം എന്നതിലേക്ക് ചേർക്കേണ്ടത് നിശ്ചയമായും ഈ ഗാനമാണ്. മൂടുപടത്തിലെ
" തളിരിട്ട കിനാക്കൾ തൻ
താമരമാല വാങ്ങാൻ
വിളിച്ചിട്ടും വരുന്നില്ല
വിരുന്നുകാരൻ ...എന്റെ
വിരുന്നുകാരൻ...."
പി ഭാസ്കരൻ- എം എസ് ബാബുരാജ് ഈണം.....
പിന്നീടങ്ങോട്ട് ഇവരുടെ കൂട്ടായ്മ തീർത്ത സർഗ്ഗവസന്തം നമുക്കൊന്നനുഭവിക്കാം!!
അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി(തച്ചോളിഒതേനൻ )
വാസന്തപഞ്ചമി നാളിൽ ( ഭാർഗവി നിലയം)
പൊട്ടാത്ത പൊന്നിൻ കിനാവുകൊണ്ടൊരു ....
അനുരാഗമധുചഷകം ....
പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു ....
ഒരു കൊച്ചു സ്വപ്നത്തിൻ ...( തറവാട്ടമ്മ)
താമരകുമ്പിളല്ലോ മമ ഹൃദയം ( അന്വേഷിച്ചു കണ്ടെത്തിയില്ല)
പാവനനാം ആട്ടിടയാ ...
കവിളത്തെ കണ്ണീർ കണ്ടു..
വാകച്ചാർത്ത് കഴിഞ്ഞൊരു ( ഇരുട്ടിന്റെ ആത്മാവ്)
ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന ...
ഇരുകണ്ണീർതുള്ളികൾ ....
അവിടുന്നെൻ ഗാനം കേൾക്കാൻ ( പരീക്ഷ )
എൻ പ്രാണനായകനെ ....
സ്വർണവളകളിട്ട കൈകളാൽ ( ലക്ഷപ്രഭു )
വെണ്ണിലാവിനെന്തറിയാം ...
പാതിരാവായില്ല ( മനസ്വിനി )
ആരാധികയുടെ പൂജാകുസുമം ...
മാവുപൂത്തു മാതളം പൂത്തു ( അമ്പലപ്രാവ് )
താനേ തിരിഞ്ഞും മറിഞ്ഞും...
വാർമഴ വില്ലിന്റെ വനമാല വിൽക്കും ...( രാത്രി വണ്ടി )
പൂവുകൾ ചിരിച്ചു...
1978 ൽ അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ പ്രിയ സംഗീതജ്ഞന്റെ തരളിതമാമോർമ്മകൾ ....അദ്ദേഹത്തിന്റെ അവസാനകാലത്തെ ഗാനമാണ് ഇത് .. "പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു .. ''എന്നത്... ഇതിന്റെ വരികളും സംഗീതവും നൽകുന്ന സുഖം വാക്കുകളാൽ വിവരിക്കാനാവില്ല . ഈ രണ്ടു മഹാത്മാക്കൾ നമ്മളുടെ ഇടയിൽ ജീവിച്ചിരുന്നിരുന്നു ... ഇന്നും നമ്മെ സുഖചിന്തകൾ നൽകി പുൽകുന്നു എന്ന സത്യം എങ്ങിനെ നമ്മൾ ഒഴിവാക്കും ...
ബാബുരാജ് പകർന്ന സംഗീത ലഹരിയിൽ നിന്നും ജാനകീ ശബ്ദത്തെ കോരിയെടുക്കുമ്പോൾ ഇനിയുമുണ്ടിതേ പോലെ വേറെയും എന്ന് മനസ്സ് മെല്ലെ പറയുന്നുണ്ട്...
ഇതേ പോലെ ചേർത്തു നിർത്താവുന്ന , പലരും മറന്നു പോയെന്നു വരെ സംശയിക്കാവുന്ന ഒരാളുടെ ഈണങ്ങൾ ഉണ്ട്..
ശ്രീ ചിദംബരനാഥ് ...
എസ് ജാനകി അദ്ദേഹത്തിന്റെ പ്രിയ ഗായിക ആയിരുന്നു. ബാബുരാജ് നൽകിയരുളിയ ഈണമാധുര്യം ഒട്ടും കുറയാതെ ചിദംബരനാഥും വിളമ്പി...
കളിത്തോഴിമാരെന്നെ കളിയാക്കി ( മുറപ്പെണ്ണ് )
കുന്നിന്മേലെ നീയെനിക്ക് ( രാജമല്ലി )
കേശാദിപാദം തൊഴുന്നേൻ ( പകൽക്കിനാവ് )
നിദ്രതൻ നീരാഴി...
ഗുരുവായൂരുള്ളൊരു ..
കുങ്കുമപ്പൂവുകൾ പൂത്തു ( കായങ്കുളം കൊച്ചുണ്ണി)
ഇതൊക്കെ അദ്ദേഹം ഉള്ള കാലത്തോളം ജാനകിക്ക് സമ്മാനിച്ചത്... മറക്കാനാവില്ലയീ ഈണങ്ങൾ ...
പി ഭാസ്കരൻ വരികളിൽ അമർത്തിവെച്ച വൈകാരികത അത്രമേൽ മനസ്സിലാക്കിയവർ , അവർ സംഗീതത്തിലൂടെ കൂടുതൽ വിശാലത കൈവരുത്തിക്കൊടുക്കുന്നു. ദക്ഷിണാമൂർത്തി സംഗീതം അനുഗ്രഹിച്ച് നൽകിയവയിലൂടെ കടന്നുവരാൻ കുറച്ചു കാലം എടുത്തുവെന്നു തോന്നുന്നു.
മികച്ചതെന്ന് പറയാൻ ... ഇന്നലെ നീയൊരു സുന്ദരരാഗമായെൻ എന്ന സ്ത്രീയിലെ ഗാനം വേണ്ടിവന്നു.. തുടർന്ന്
ഇനിയുറങ്ങൂ... മനതാരിൽ മലരിടും സ്വപ്നങ്ങളെ ( വിലയ്ക്ക് വാങ്ങിയ വീണ )
പ്രേമകൗമുദി മലർമഴ ചൊരിഞ്ഞു ( മുത്തശ്ശി )
എന്റെ മകൻ കൃഷ്ണനുണ്ണി ( ഉദയം )
മുല്ലപ്പൂം പല്ലിലോ ( അരക്കള്ളൻ മുക്കാൽകള്ളൻ )
പച്ചമലപ്പനംകുരുവീ .......
തിങ്കൾമുഖീ തമ്പുരാട്ടീ...
കന്നൽമിഴി കണിമലരെ ( തച്ചോളി മരുമകൻ ചന്തു )
ഇന്ദുചൂഡൻ ഭഗവാന്റെ ...
വടക്കിനി തളത്തിലെ ...
പുലയനാർ മണിയമ്മ ( പ്രസാദം )
ദേവരാജനെ പോലെ അല്ലെങ്കിലും ദക്ഷിണാമൂർത്തി ജാനകിയുടെ ശബ്ദത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്....
പുകഴേന്തി എന്ന സംഗീത സംവിധായകൻ നിശബ്ദമായി ഇവിടെ വന്നുപോയിരുന്നു... അവരുടെ സംഗീതത്തിന്റെ മാസ്മരികത തിരിച്ചറിയാൻ ഈ ഒരു ഗാനം മതി..
മധുരപ്രതീക്ഷൻ പൂങ്കാവിൽ വെച്ചൊരു ( ഭാഗ്യമുദ്ര )
പിന്നീട്...
.ഗോപുരമുകളിൽ വാസന്തചന്ദ്രൻ ( വിത്തുകൾ )
സഖി കുങ്കുമമോ ( മൂന്നു പൂക്കൾ) എന്നിവയും ജാനകിയുടെ കരിയറിലെ മാസ്റ്റർ പീസും , ജീവനുകൾക്കെല്ലാമായുള്ള സമർപ്പണ ഗീതവുമായ ...
ലോകം മുഴുവൻ സുഖം പകരാനായ് ( സ്നേഹദീപമേ മിഴി തുറക്കൂ) എന്നതും നൽകി വിട പറഞ്ഞു പോയി....
കെ രാഘവൻ മാസ്റ്റർ പി ഭാസ്കരൻ കൂട്ടുകെട്ട് മലയാള സിനിമയിലെ ശക്തമായ ഒരധ്യായമാണ്. തുടക്ക കാലം മുതൽ തുടർന്ന് വന്ന ഒരു ബന്ധം... പി ഭാസ്കരൻ , രാഘവൻ , ജാനകി കൂട്ടുകെട്ടിൽ വന്നു ചേർന്ന സുന്ദര ഗാനങ്ങൾ ഇവയൊക്കെ ആണ്...
മഞ്ഞണിപ്പൂന്നിലാവ് ( നഗരമേ നന്ദി )
ഉണരുണരൂ ഉണ്ണിപ്പൂവേ ( അമ്മയെ കാണാൻ )
കൊന്നപ്പൂവേ കിങ്ങിണി പൂവേ ...
ഉത്രട്ടാതിയിലുച്ച തിരിഞ്ഞപ്പോൾ ( കാക്കത്തമ്പുരാട്ടി )
വീണക്കമ്പി തകർന്നാൽ ( ഉമ്മാച്ചു)
മോതിരകൈവിരലുകളാൽ ( ശ്രീകൃഷ്ണപ്പരുന്ത്... )
ഭാസ്കരൻ രചനയെ പുഷ്ടിപ്പെടുത്തിയവർ ഇനിയുമേറെ .. ജാനകിക്ക് പാട്ടുകൾ നൽകിയ മറ്റു ചിലരിൽ കൂടെയും ഒന്ന് പോവാം...
അർജുനൻ മാസ്റ്റർ
മാനത്തിൻ മുറ്റത്ത് ( കറുത്ത പൗർണമി )
ദീപം കയ്യിൽ സന്ധ്യാദീപം ( അവിടുത്തെ പോലെ ഇവിടെയും )
ജോൺസൻ മാസ്റ്റർ
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ ( നസീമ )
സ്വർണ്ണമുകിലെ ( ഇത് ഞങ്ങളുടെ കഥ )
എ ടി ഉമ്മർ
പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ ( ആൽമരം )
മഴമുകിലൊളി വർണ്ണൻ ( ആഭിജാത്യം )
വരില്ലെന്ന് ചൊല്ലുന്നു വേദന ( തെക്കൻകാറ്റ് )
വിഫലം ( മണിയറ )
കണ്ണൂർ രാജൻ
ആ വിരൽ നുള്ളിയാൽ ( സ്വന്തം ശാരിക )
ജെറി അമൽദേവ്
പ്രകാശനാളം ചുണ്ടിൽ മാത്രം ( ഒരു വിളിപ്പാടകലെ )
ലക്ഷമീകാന്ത് പ്യാരേലാൽ മലയാളത്തിൽ ചെയ്തപ്പോൾ ജാനകിക്കും ഗാനം. ചിന്നും വെൺ താരത്തിൻ എന്ന ഗാനം...
ഈ സംവിധായകരൊക്കെ മറ്റു രചയിതാക്കളിൽ ജാനകിക്ക് വേറെ ഗാനങ്ങൾ കൊടുത്തിരിക്കാം... ഇവിടെ പ്രതിപാദിച്ചത് ഭാസ്കരൻ വരികൾ മാത്രം... അതിന്റെ ഊഷ്മളത മാത്രം.....
Subscribe to:
Posts (Atom)