Monday, July 13, 2020

വാടരുതീ മലരിനി ...

ഓരോ ഗാനങ്ങളിലൂടെയും മനസ്സുകൊണ്ട് സഞ്ചരിക്കുമ്പോൾ അനുഭവപ്പെടുന്ന സുഖലഹരിയുടെ ആ പിരിമുറുക്കത്തിലും ഉൾക്കൊള്ളാനാവാത്ത പലതും വായിച്ചെടുക്കാൻ കഴിയുന്നുണ്ട്.കടന്നുപോയ പലരിലും കഴിവുകൾ ഉണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ നിർഭാഗ്യവാന്മാർ .അവരുടെ സുവർണ്ണകാലത്തിലേക്ക് അഭിശാപം പോലെ കടന്നുവരുന്നവർ.കടന്നു വരുന്നവരറിയുന്നില്ല മറ്റൊരാളെ ചവിട്ടിനീക്കിയാണ് തന്റെ സ്ഥാനം ഉറപ്പിക്കുന്നതെന്ന് .പുതിയവർ ഉയരങ്ങളിലേക്ക് നീങ്ങുമ്പോൾ ഓർമ്മകളിലേക്ക് മാറാനാവും ചിലരുടെ വിധി.
ഇതിൽ ഏറ്റവുമധികം വേദനിപ്പിക്കുന്ന ഒരോർമ്മയാണ് ശ്രീ കെ പി ഉദയഭാനു എന്ന ഭാവഗായകൻ .1958 മുതൽ 1968 വരെ പത്തുവർഷം മാത്രം നൂറിൽ താഴെ ഗാനങ്ങളുമായി സിനിമാലോകത്തിന്റെ ചരിത്രത്തിലേക്ക് പിന്മാറേണ്ടി വന്ന നിർഭാഗ്യവാൻ .
വെളുത്ത പെണ്ണേ ,എന്തിനിത്ര പഞ്ചസാര എന്നീ ഗാനങ്ങളുമായി നായരുപിടിച്ച പുലിവാലിലൂടെ പി ഭാസ്കരന്റെ ഗാനവുമായി വന്നയാൾ.ശേഷം വളരെയേറെ ഭാവഗാനങ്ങൾ പാടി മലയാളികളെ സന്തോഷിപ്പിച്ചിട്ടുണ്ട്.പി.ഭാസ്കരൻ,വയലാർ എന്നീ പ്രഗത്ഭ എഴുത്തുകാരുടെയും,കെ രാഘവൻ,ബാബുരാജ്,ദക്ഷിണാമൂർത്തി,എംബി ശ്രീനിവാസൻ,എന്നീ സംഗീതജ്ഞരിലൂടെയും ഉയർന്നുവന്നയാൾ.ജി ദേവരാജന്റെ കളഞ്ഞു കിട്ടിയ തങ്കത്തിൽ ഒരു ഗാനം മാത്രമേ ആലപിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുള്ളൂ. ദേവരാജൻ മറ്റവസരങ്ങൾ പിന്നീട് കൊടുത്തതായി കാണുന്നില്ല.
പുതിയ ആകാശം പുതിയ ഭൂമിയിലെ  താമരത്തുമ്പീ വാവാ ...
വേലുത്തമ്പി ദളവയിലെ വിരലൊന്നില്ലെങ്കിലും ...
പാലാട്ട് കോമനിലെ മനസ്സിനകത്തൊരു പെണ്ണ് ...
നിണമണിഞ്ഞ കാൽപ്പാടുകളിലെ അനുരാഗനാടകത്തിൻ ...
അമ്മയെ കാണാനിലെ പെണ്ണായി പിറന്നെങ്കിൽ ...
സത്യഭാമയിലെ വാടരുതീ മലരിനി ...
കുട്ടിക്കുപ്പായത്തിലെ പൊൻവളയില്ലെങ്കിലും ...
കടത്തുകാരനിലെ തൃക്കാർത്തികയ്ക്ക് ....
ചെമ്മീനിലെ പുത്തൻവലക്കാരെ ...
മായാവിയിലെ വളകിലുക്കും വാനമ്പാടി ...
എന്നിവ കൂടാതെ ഉദയഭാനുവിന്റെ ഗാനങ്ങൾ നാടുനീളെ പാടിനടന്നിരുന്ന ഒരുകാലം  ഉണ്ടായിരുന്നു. ചങ്ങമ്പുഴയുടെ രമണൻ എന്ന വിഖ്യാത കവിതയുടെ ദൃശ്യാവിഷ്കാരമായ രമണൻ എന്ന ചലച്ചിത്രത്തിലെ എല്ലാ ഗാനങ്ങളും പാടിയത് ഇദ്ദേഹമായിരുന്നു. പഴയ ഗാനങ്ങളുടെ ആരാധകർ ഇന്നും മൂളി നടക്കുന്ന വെള്ളിനക്ഷത്രമേ ,കാനനച്ഛായയിൽ എന്നീ സൂപ്പർ ഹിറ്റുകൾ ..ചങ്ങമ്പുഴയുടെ രചനയിൽ ഒരു ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും പാടാൻ അവസരം ലഭിക്കുക ചില്ലറ കാര്യമല്ല.
പി ലീലയോടൊപ്പം നിരവധി ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്. പലതും ഹിറ്റ്‌ ഗാനങ്ങളാണ്. വിഷാദം സ്പുരിക്കുന്ന ഒരു ശബ്ദമാണ് ശ്രീ ഉദയഭാനുവിന്റേത് ..രമണന് ശേഷം പക്ഷെ അവസരങ്ങൾ കുറയുകയാണുണ്ടായത് ഇദ്ദേഹത്തിന്. പുതിയ ശബ്ദത്തിന്റെ ഉടമകളായ കെജെ യേശുദാസ്,ജയചന്ദ്രൻ, തുടങ്ങിയവർ ശബ്ദമാധുര്യത്തോടെ രംഗം കീഴടക്കിയപ്പോൾ പിൻവാങ്ങേണ്ടി വന്നു ഉദയഭാനുവിന്.അവസരങ്ങൾക്കു വേണ്ടി പിൻവാതിലുകൾ മുട്ടുന്ന പതിവില്ലാത്തവർ ഇത്തരത്തിൽ തിരശീലയ്ക്കു പിന്നിലേയ്ക്ക് മാറിപോവേണ്ടിവന്നേക്കും.. കാലത്തിന്റെ ഓരോരോ വികൃതികൾ ..
മലയാളി ഉള്ളിടത്തോളം ഉദയഭാനു ഗാനങ്ങൾ ഇവിടെ ഉണ്ടാവും....അതുറപ്പ് ...
പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട്....

Friday, July 10, 2020

ഹൃദയവനിയിലെ രാഗാർദ്ര ഹംസങ്ങൾ

സംഗീതം നമ്മിലേക്ക് പകർന്നു നൽകുന്ന അനുഭൂതിരസത്തെക്കുറിച്ച് എത്രയോ പറഞ്ഞു കഴിഞ്ഞത് .  പ്രപഞ്ചത്തിന്റെ മുഴുവൻ ശബ്ദത്തെയും പ്രതിനിധാനം ചെയ്യുന്ന പ്രണവത്തെ അഭിജ്ഞർ മനസ്സിലാക്കി തന്നിട്ടുണ്ട് . അതിൽ മുങ്ങി നിവർന്നു കയറിയ സംഗീതജ്ഞർ വരദാനമായി കിട്ടിയ നാദമന്ത്രങ്ങളെ വരികളിൽ ലയിപ്പിക്കുമ്പോൾ രണ്ടും സമ്മേളിച്ചൊരലൗകിക കാന്തിയോടെ കീർത്തനങ്ങൾ ,ഗാനങ്ങൾ എന്നിവ പിറക്കുന്നു.

കവിത തുളുമ്പുന്ന ഗാനങ്ങൾ സ്വത്തായി സൂക്ഷിക്കാവുന്ന ഒരു സുവർണ്ണകാലം മലയാള സിനിമയ്ക്കുണ്ട് .കരുത്തുറ്റ രചനകളുമായി വയലാർ ,പി ഭാസ്കരൻ ,ശ്രീകുമാരൻ തമ്പി എന്നിവരും ദേവരാജൻ ,ദക്ഷിണാമൂർത്തി ,ബാബുരാജ് ,കെ രാഘവൻ എന്നീ മികച്ച സംഗീതജ്ഞരും ചേർന്ന് എന്നെന്നുമോർക്കുകയും പാടി നടക്കുകയും ചെയ്യാവുന്ന സുന്ദരഗാനങ്ങൾ സമ്മാനിച്ച കാലങ്ങൾ ....1975 ലേയ്ക്കൊക്കെ എത്തുമ്പോഴെക്കും പുതിയ എഴുത്തുകാരും സംഗീതജ്ഞരും ഇവിടെ ഉദയം ചെയ്യുകയുണ്ടായി ... അതിൽ പാശ്ചാത്യ സംഗീതത്തെ നമ്മുടെ ഈണങ്ങളിലേക്ക് സന്നിവേശിപ്പിച്ച ഒരാളെ ഓർത്തു പോവുകയാണ് . 1974 ൽ മാന്യശ്രീ വിശ്വാമിത്രനിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീ ശ്യാം എന്ന പ്രതിഭാശാലി ...
കേട്ടില്ലേ കോട്ടയത്തൊരു.... എന്ന തമാശപ്പാട്ടുമായ് വന്ന് നമ്മുടെ മനസ്സിലിടം പിടിച്ച ശ്യാം ...ശേഷം വിശ്രമമില്ലാത്ത നാളുകളായിരുന്നു 1990 വരെയെങ്കിലും ... നൂറ് കണക്കിന് ഹിറ്റുകളാണ് അക്കാലങ്ങളിൽ പിറന്നത് . മികച്ച രചനയും ,സംഗീതവും എന്ന ഉറച്ച കൂട്ടുകെട്ടിൽ നിന്ന് മാറി സംഗീതം രക്ഷിച്ചെടുത്ത അനവധി ഗാനങ്ങളുടെ സ്രഷ്ടാവ് കൂടിയാണിദ്ദേഹം .ഭാവഗാനങ്ങളുടെ പട്ടികയിലേക്ക് മികച്ച സംഗീതം കൊണ്ട് മാത്രം കയറിപ്പറ്റാൻ കഴിഞ്ഞത് എന്ന് പറയുമ്പോൾ എഴുത്തുകാർ പിണങ്ങണ്ട .
കാമം ക്രോധം മോഹം എന്ന ചിത്രത്തിലെ രാഗാർദ്ര ഹംസങ്ങളോ എന്ന ഗാനം അക്കാലത്തെ യുവജനങ്ങളെ ഹർഷപുളകിതരാക്കിയ ഒന്നാണ്‌.ഭരണിക്കാവ് ശിവകുമാറിന്റെ നല്ലൊരു രചനയുമാണിത്. സ്വപ്നം കാണും പെണ്ണേ ...സംഗീതം കൊണ്ട് മികച്ച സൃഷ്ടിയാണ് .കവി മുല്ലനേഴിയുമായി പ്രധാനമായും ലക്ഷ്മീ വിജയം ,ഞാവൽപ്പഴങ്ങൾ എന്നിവയിൽ സഹകരിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമാണ് .
വാണീജയറാമിന്റെ നായകാ... പാലകാ... എന്നതും കറുകറുത്തൊരു പെണ്ണാണ് .... എന്ന ഗാനവും പതിവു സംഗീത വഴികളിൽ നിന്ന് വേറിട്ടതായിരുന്നു ...

ചുനക്കര - ശ്യാം

എല്ലാ കാലത്തുമുണ്ട് ഇത്തരം ജോഡികൾ .ചുനക്കര രാമൻകുട്ടി എന്ന ഗാന രചയിതാവിന്റെ ഒട്ടുമിക്ക പാട്ടുകളും ഈണം ചേർത്തിട്ടുള്ളത് ശ്യാം ആണ് .1983 ലെ കുയിലിനെത്തേടി എന്ന ചിത്രം മുതൽ തുടങ്ങിയതാണ് . പിന്നീട് എങ്ങിനെ നീ മറക്കും ,മുത്തോട് മുത്ത് ,വീണ്ടും ചലിക്കുന്ന ചക്രം, എന്റെ കളിത്തോഴൻ ,ഇതാ ഇന്നു മുതൽ, ഒരു നോക്ക് കാണാൻ ,പച്ച വെളിച്ചം, ലൗ സ്റ്റോറി, അധിപൻ, കോട്ടയം കുഞ്ഞച്ചൻ എന്നീ ചിത്രങ്ങളുടെ വിജയത്തിന് പിന്നിൽ ഈ ടീമിന്റെ കലക്കൻ ഗാനങ്ങളായിരുന്നു ... പാശ്ചാത്യ സംഗീതത്തിന്റെയും ,കർണ്ണാടിക് സംഗീതത്തിന്റെയും കലർപ്പുകളുമായി പിറവിയെടുത്തവ ...
മുല്ലവള്ളിക്കുടിലിൽ ....
ദേവദാരു പൂത്തു...
ശരത്ക്കാല സന്ധ്യ ...
ധനുമാസക്കാറ്റേ ...
ദേവീ നീ പ്രഭാതമായി ....
പ്രിയരാഗങ്ങൾ തൂകാൻ...
വെള്ളാമ്പൽ പൂക്കുന്ന ....
ചന്ദനക്കുറിയുമായി .....
സ്വരരാഗമായ് ....
സ്നേഹം പൂത്തുലഞ്ഞു ...
ശ്യാമമേഘമേ ....
ഹൃദയവനിയിലെ ....
എന്നിവ അവയിൽ ചിലത് മാത്രം . എൺപത് അവസാനം വരെ യുവമനസ്സിനെ കീഴടക്കിയ ഈ ടീമിനെ ഓർക്കാതെ ഗാന ചരിത്രമെഴുതാനാവില്ല .സംഗീതം മികച്ചതായ അപൂർവ്വം സന്ദർഭങ്ങളുമാണ് ..

ജീവിതത്തിന്റെ എല്ലാ തലങ്ങളിലും മൽസരങ്ങളുണ്ട് .മുന്നിലെത്താൻ ,ജേതാവാകാൻ .ജയം കൈവരിക്കുന്നവർ എല്ലാം അംഗീകരിക്കപ്പെട്ടവരാണ് എന്ന വാദത്തെ ഖണ്ഡിക്കാനുദ്ദേശമില്ലെങ്കിലും  കൈയൂക്കും ,പിടിപാടുകളും പല വിജയങ്ങളുടെയും മാറ്റ് കുറയ്ക്കുന്നുണ്ട് എന്ന് പറയാതെ വയ്യ . പിൻതള്ളപ്പെട്ടവർ എല്ലാവരും കഴിവ് കുറഞ്ഞവരല്ല .പലപ്പോഴും വിജയി എന്നെഴുതിവെച്ചെടുത്ത് വന്ന് മടങ്ങിപ്പോയവരായിരിക്കും ....പൊതുവേ ,പൊതുവേ പറഞ്ഞു എന്ന് മാത്രം .
സിനിമാരംഗവും ഇത്തരം മൽസരവേദി തന്നെ . പിടിപാടും, കൈയ്യൂക്കും ,കുതന്ത്രവും മേളിക്കുന്ന ഇടം .ഇതിനിടയിലും മൽസരിക്കാൻ ഇഷ്ടമില്ലാത്തവരുണ്ടാവും .അവർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ച് പൂർണ്ണ തൃപ്തരായി ജീവിതത്തെ ആസ്വദിക്കുന്നു .ദൈവ സിദ്ധമായ കലയെ ഉപാസിക്കുന്നതേ പുണ്യം എന്ന് വിശ്വസിക്കുന്നവർ ...
കൃഷ്ണചന്ദ്രനിലെ നടനെ നമ്മൾ ഏറെയിഷ്ടപ്പെട്ടതാണ് .എന്നാൽ അദ്ദേഹത്തിലെ ഗായകനാണ്  അഭിനേതാവിനേക്കാൾ തിളക്കം .ഏടി ഉമ്മറിന്റെ സംഗീതത്തിൽ ഇണയിലെ ഗാനങ്ങളിലൂടെ നമ്മളറിഞ്ഞത് . ശ്യാമിന്റെ സംഗീതത്തിൽ അങ്ങാടിക്കപ്പുറത്ത് എന്ന ചിത്രത്തിലെ  "അഴകിനൊരാരാധന ...." കൃഷ്ണചന്ദ്രനിലെ ഗായകൻ തെളിഞ്ഞു വിലസുന്ന ഒരു കമ്പോസിഷനാണ്. ആ ശബ്ദസൌകുമാര്യത്തെ ഇടയ്ക്കൊക്കെ ഉപയോഗപ്പെടുത്താൻ ശ്യാം ശ്രമിച്ചിട്ടുണ്ട് .
കാണാമറയത്തിലെ യേശുദാസിന്റെ " ഒരു മധുരക്കിനാവിൻ " എന്ന ഗാനവും ഇതേപോലെ ശ്രദ്ധിക്കപ്പെട്ടതാണ് .പശ്ചാത്തല സംഗീതോപകരണങ്ങളുടെ ചടുലത വിഴുങ്ങാത്ത താളലയം അഭിനന്ദനീയം തന്നെ . അതേപോലെ ഉണ്ണിമേനോനിലെ ഗായകന്റെയും വലിപ്പം മനസ്സിലാക്കാൻ നമുക്ക് തമിഴ് ഗാനങ്ങൾ വേണ്ടിവന്നു .
കടത്ത് എന്ന ചലച്ചിത്രത്തിലെ ഓളങ്ങൾ താളം തല്ലുമ്പോൾ എന്ന ഗാന മാധുര്യം നമ്മൾ  കേട്ടറിഞ്ഞത് . ആ ഗായകന്റെ മാറ്റുരക്കേണ്ട കാര്യമില്ലന്ന് തെളിയിച്ചിട്ടും മികച്ച അവസരങ്ങൾ ലഭിക്കാതെ അന്യഭാഷാചിത്രങ്ങൾ തേടിപ്പോവേണ്ടി വന്നു ഉണ്ണി മേനോന് . ഇതൊക്കെ സംഗീതരംഗത്തെ അസ്വസ്ഥതകൾ ...

ശ്രീകുമാരൻ തമ്പിയുടെ ഊഷ്മള രചനകളോട് ചേർന്ന് പോകാൻ ശ്യാം സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട് .മനസ്സിനെ പാടിയുറക്കുന്ന താരാട്ടുകൾ പോലെ ...

അഭിനിവേശത്തിലെ സന്ധ്യ തന്നമ്പലത്തിൽ ...
അസ്തമയത്തിലെ അസ്തമയം...
പാൽ പൊഴിയും മൊഴി ...
ശുദ്ധികലശത്തിലെ മൌനരാഗ പൈങ്കിളീ ...
ഇടിമുഴക്കത്തിലെ കാലം തെളിഞ്ഞു ...
സ്വന്തമെന്ന പദത്തിലെ ആരംഭമെവിടെ..
സന്ധ്യയാം മകളൊരുങ്ങി .:..
മുന്നേറ്റത്തിലെ ചിരി കൊണ്ട് പൊതിയും ....
അർച്ചന ടീച്ചറിലെ എന്റെ ജീവിതം നാദമടങ്ങി ,ഓരോ നിമിഷവും, പൂക്കുല ചൂടിയ....
അക്ഷരത്തെറ്റിലെ ഹൃദയം കൊണ്ടെഴുതുന്ന കവിത ...
ഇവയൊക്കെ ഉദാഹരണങ്ങൾ ....

പെയ്തൊഴിഞ്ഞ മേഘാമൃതം. അതിന്റെ തുള്ളികൾ ആസ്വദിച്ചു കൊണ്ട് മറ്റൊരു ഋതുവിൽ .പോയ കാലത്തിന്റെ സുഖകരമായ അനുഭൂതികൾ മനസ്സിൽ തികട്ടി വരികയാണ് .ഇന്നിന്റെ വരൾച്ചയിലേക്ക് ഒരു കൈക്കുടന്ന മധുരവുമായി നീണ്ട മൗനം ഭഞ്ജിച്ച് വീണ്ടുമൊരു കുയിൽ നാദമായ് .... ശ്യാം സാർ ... പ്രതീക്ഷിക്കട്ടെ .. ഈ ഇലപൊഴിയും ശിശിരത്തിലേക്ക് നാദവർഷമായ് ....! എങ്കിലും അനിവാര്യമായ നിങ്ങളുടെ മൗനത്തിനെ ആദരവോടെ സ്വീകരിക്കുന്നു ഞങ്ങൾ ....
മനസ്സിനെ സ്പർശിച്ച കുറച്ച് ഗാനങ്ങളിൽ കൂടിയും പോകേണ്ടിയിരിക്കുന്നു.

ബിച്ചു തിരുമല -ശ്യാം
തട്ടുപൊളിപ്പൻ പടങ്ങൾക്ക് പോലും ശ്യാമിന്റെ സംഗീതം വളരെ ഗുണകരമായി ഭവിച്ചിട്ടുണ്ട് .
റൌഡി രാമുവിലെ നളദമയന്തിക്കഥയിലെ...
ടൈഗർ സലീമിലെ രൂപലാവണ്യമേ....
എന്നിവയൊക്കെ പാട്ടിന്റെ സുഖ ലഹരിയിൽ തീയ്യേറ്ററിൽ പിടിച്ചിരുത്തിയവയിലുള്ളത് ...
ബിച്ചു തിരുമലയുടെ എഴുത്തിന്റെ  ലാളിത്യം ,ശ്യാമിന്റെ ചിട്ടപ്പെടുത്തൽ .. അക്കാലത്ത് നിരവധി നല്ല ചിത്രങ്ങൾക്കും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് .
തൃഷ്ണയിലെ മൈനാകം കടലിൽ നിന്നുയരുന്നുവോ , ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളെ ...
ഈ ഗാനങ്ങൾ മലയാള ചലച്ചിത്ര ഗാനങ്ങളിലേയ്ക്ക് പുതിയ കൈവഴിയായി വന്ന ഗാനനിർഝരിയാണ് .ഐ വി ശശിയുടെ അങ്ങാടി ,തൃഷ്ണ, കാണാമറയത്ത്, അനുബന്ധം ,അങ്ങാടിക്കപ്പുറത്ത് എന്നിവയിലും ഈ ടീമിന് വിലസാൻ അവസരം കിട്ടിയിട്ടുണ്ട് .ഐ വി ശശിയുടെ ഒട്ടുമിക്ക ചിത്രങ്ങൾക്കും ശ്യാം തന്നെയാണ് സംഗീതം പകർന്നിരിക്കുന്നത് .മുകളിലെ ചിത്രങ്ങൾ കൂടാതെ കാവാലത്തിന്റെ ആരൂഡത്തിലും ,മങ്കൊമ്പിന്റെ രചനയിൽ അശ്വരഥത്തിലും ,യൂസഫലിയുടെ രചനയിൽ തുഷാരത്തിലും, ഈ നാടിലും ,ഓ എൻ വി യുടെ കരവിരുതിൽ തൊഴുത് മടങ്ങും എന്ന സൂപ്പർ ഗാനവുമായി അക്ഷരങ്ങളിലും, ഋതുഭേദത്തിലെ തകഴി ശങ്കരനാരായണന്റെ ഋതുസംക്രമ പക്ഷിപാടി എന്നതിലും തിളങ്ങി നിന്ന ശ്യാം ടച്ച് ഇന്നും ദിവ്യാനുഭൂതിയായ് നിലനിൽക്കുന്നു.....
പറഞ്ഞാലും എഴുതിയാലും മതിവരില്ലയീ ഗാനപ്രപഞ്ചത്തെക്കുറിച്ച് ...
ഇനിയുമെത്രയെത്ര ഗാനങ്ങൾ . ....
നല്ലൊരു പൂക്കാലം ഞങ്ങൾക്കേകിയതിന്
ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊണ്ട് .......

___________               ___________