Friday, June 19, 2020

ദാർശനിക ഗാനങ്ങൾ ( ഭാഗം രണ്ട് )


ആത്മവിദ്യാലയമേ അവനിയിലാത്മവിദ്യാലയമേ ... എന്ന ഗാനത്തെ മറന്നുകൊണ്ടോ, ഒഴിവാക്കിക്കൊണ്ടോ ഒരു കുറിപ്പ് സാധ്യമല്ല. തിരുനയിനാർകുറിച്ചി മാധവൻനായർ എന്ന ആദ്യകാല ഗാനരചയിതാവിന്റെയും എന്നത്തേയും അസാമാന്യദാർശനിക ഗാനത്തിന്റെയും പകിട്ട് മായാതെ നിൽക്കുന്നു ഇന്നും . സമൂഹമനഃസാക്ഷിക്കു നേർക്ക് ആ തലക്കുറിപ്പ് എഴുതി നീട്ടി നിൽക്കുകയാണ് ആ ഗാനരചയിതാവ്. നമ്മളതു സ്വീകരിച്ചോ? അല്ലെങ്കിൽ മനസ്സിലത് ആവാഹിച്ചോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം. പലപ്പോഴും തോന്നാറുണ്ട് എഴുത്തുകളൊക്കെ പലതും വൃഥാവിലായി പോവുകയാണ് എന്ന്. ശരീരത്തിന്റെ നശ്വരതയെകുറിച്ച് വിഹ്വലമായ എഴുതലുകളാണ് ശ്രീ മാധവൻ നായർ ചെയ്തു വെച്ച് പോയിട്ടുള്ളത്. മരണത്തിന്റെ വരവൊക്കെ നമുക്കറിയാം. ജനിച്ചാൽ ഒരിക്കൽ മരിക്കുമെന്നറിയാം . ഉലകം കീഴടക്കാൻ ഉഴറിയ നീ ശ്മശാനത്തിലെ ഉപയോഗശൂന്യമായ തലയോടായി പരിണമിക്കുന്ന ഭീതിതമായ ഒരു കാഴ്ചയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവുന്നതും ,രാജാവായാലും,ഭിക്ഷക്കാരനായാലും ശ്മശാനത്തിലെ അവസാനത്തെ വരവ് ഒഴിവാക്കാനാവാത്തതും എല്ലാം നമുക്കറിയാവുന്ന മരണമെന്ന സത്യത്തിന്റെ തിരിച്ചറിവിലേക്കായി എഴുതിവെക്കുമ്പോൾ ഇന്നുമതെത്ര പ്രസക്തി എന്നോർക്കുന്നു! ശരിക്കും കുണ്ഠിതപ്പെടുകയും ചെയ്യുന്നു. വർണ്ണത്തിന്റെയും, ജാതിയുടെയും മതത്തിന്റെയും മേലങ്കികൾ അണിഞ്ഞ മേലാളന്മാരുടെ ഹൃദയകവാടങ്ങൾ ഒരിക്കലും തുറക്കില്ലല്ലോ എന്നോർക്കുമ്പോൾ അനുഭവിക്കുന്നവർ എന്നുമിവിടെ സ്ഥിരമായി ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു.. ശ്മാശാനത്തിലേക്ക് യാത്രകൾ മനുഷ്യൻ ഇന്നും തുടരുന്നു. ..
മലയാളത്തിലെ ആദ്യ മുഴുനീള ദാർശനിക കവിത എന്നത് ജ്ഞാനപ്പാന എന്ന് നമുക്കൊക്കെ അറിയാം. ഇതിന്റെ തുടർച്ചകളാണ് മറ്റു ഗാനങ്ങൾ ആയി പരിണമിക്കുന്നതും . എല്ലാ ദർശനങ്ങളുടെയും ആകെത്തുകയാണ് ജ്ഞാനപ്പാന. അതുൾക്കൊണ്ടാൽ തികഞ്ഞൊരു മനുഷ്യനായി...
(തുടരും.. )

ദാർശനികഗാനങ്ങൾ (ഭാഗം ഒന്ന് )


ഗൗരവം നിറഞ്ഞ ഗാനങ്ങൾ ! പ്രണയത്തിന്റെ, കടപ്പാടിന്റെ , ബന്ധങ്ങളുടെ , ചതുപ്പുനിലങ്ങളിൽ നിന്നുയരുന്ന ഗദ്ഗദങ്ങളുടെ നീർക്കുമിളകൾ .മനുഷ്യമനസ്സുകളിൽ നിന്നുയരുന്ന കദനത്തിന്റെ നീരാവി .പൊട്ടിത്തെറിച്ചു വരുന്ന വാക്കുകളുടെ ലാവകൾ . വികൃതമായ ലോകത്തിന്റെ കരുണാരഹിതമായ മുഖദർശനങ്ങൾ . പറയാനാവാതെ , പ്രതികരിക്കാനാവാതെ പോയ ആരെയൊക്കെയോ ചിലമ്പിച്ച സ്വരങ്ങൾ . ലോകത്തിന്റെ മൊത്തം നാദമായി മനുഷ്യമനസ്സിനെ വീണ്ടും തൊട്ടുണർത്തുന്ന അഹല്യാമന്ത്രങ്ങളായ് .... ആ ഗാനങ്ങൾ. ദാർശനിക ഗാനങ്ങൾ ഇവിടെ നമ്മോടുകൂടെ ഉണ്ടായിരുന്നു . ഇന്നത്തരം തൊട്ടുണർത്തലുകളൊന്നും ആർക്കുമാവശ്യമില്ല. ഇന്നതിന്റെ വലിയൊരു കുറവനുഭവിക്കുന്നുണ്ടെങ്കിലും ,ആവശ്യകത ഇന്നാണേറെ എങ്കിലും ഗദ്ഗദങ്ങളായി അകലെയെവിടെയോ പാടിയൊതുങ്ങിയിരിക്കയാണ്...
മലയാള ചലച്ചിത്ര ഗാനങ്ങളിലെ ദാർശനികഈണങ്ങളെ ഒന്നറിഞ്ഞുനോക്കാം ... ബാലൻ എന്ന ചലച്ചിത്രം മുതൽ തന്നെ അത്തരം ഗാനങ്ങൾ പിറവിയെടുത്തിട്ടുണ്ട്. ഈശ്വരചിന്തയിതൊന്നെ മനുജന്‌ എന്ന സാങ്കൽപ്പിക നിലനിൽപ്പിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയി ഇരുത്തിയവർക്കു ശേഷം മണ്ണിൽ തൊട്ടുകൊണ്ട് വികാരങ്ങളുടെ സമ്മേളനങ്ങൾ ഇവിടെത്തന്നെ എന്നുപറഞ്ഞ കവികളുടെ ഗാനമുത്തുകൾ കോർത്തിണങ്ങിയ ആ കാലത്തിലൂടെ പോവാം... കണ്ണീരെന്തിനു വാനമ്പാടി എന്ന ദുഃഖസാന്ദ്രമായ ഗാനം പി ഭാസ്കരന്റെ വരികളിലൂടെ , എം എസ് ബാബുരാജ് എന്ന സംഗീതജ്ഞനിലൂടെ ആദ്യമായ് പിറന്നുവീണു. മണ്ണോടു മണ്ണായ് ഖബറിലടങ്ങുന്ന മനുഷ്യന്റെ അവസ്ഥ . തൊട്ടിലിൽ നിന്നും ചുടലയിലേക്കു ഒട്ടെറെ ഇല്ല ദൂരം മനുജാ എന്ന ഓർമ്മപ്പെടുത്തൽ കേൾക്കാൻ ആര് മിനക്കെടുന്നു....
വിധിയുടെ വിരുന്നുവണ്ടിയിൽ പോവുന്ന യാത്രക്കാരനായ അവനെ കുറിച്ച് ഏറെ എഴുതിയിട്ടുള്ളതും നമ്മുടെ വയലാർ രാമവർമ്മ എന്ന ഗന്ധർവകവി ആണ്. എല്ലാ കഴിവുകളും തികഞ്ഞവനാണ് അവനെങ്കിലും ഞാൻ ഞാനെന്ന ഭാവങ്ങളിൽ കുടുങ്ങി പ്രാകൃതമായ മുഖഛായകളിൽ അഴുകിപ്പോവുന്നത് ദീർഘവീക്ഷണത്തോടെ തന്നെ കവി പലയിടങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്... ദുരിതങ്ങളിൽ അമർന്നു കഴിയുമ്പോൾ ദൈവത്തിനെ വിളിച്ചു കേഴുമ്പോഴും അവന്റെ അപ്രമാദിത്വത്തിനെ ചോദ്യം ചെയ്യുന്നുണ്ട് കവി. നീലാംബരമേ താരാപഥമെ എന്ന ശരശയ്യ ചിത്രത്തിലെ ഗാനത്തിൽ കണ്ണീരിവിടെ കടലായി അലറുമ്പോഴും നീ നീലാംബരത്തിൽ വെള്ളിച്ചൂരലും ചുഴറ്റി , വെള്ളത്താടിയും പറത്തി ഉല്ലസിച്ചു നടക്കുകയാണെന്ന് കവി ക്ഷോഭത്തോടെ ചോദിക്കുന്നു...പല ദാർശനിക ഗാനങ്ങളും നമ്മെ ദുഃഖസാഗരത്തിൽ ആറാടിക്കുന്നുണ്ടെങ്കിലും മറ്റുചിലതൊക്കെ നമ്മെ പുതുചിന്തയിലേക്കു പിടിച്ചുയർത്തുന്നുണ്ട്. എന്നും പ്രതീക്ഷയോടെ മനുഷ്യന്റെ ചെയ്തികളെ കാണുന്ന അനുഗ്രഹീത കവികൾക്ക് അങ്ങിനെ എഴുതാതിരിക്കാനാവില്ലല്ലോ...
പ്രവാചകന്മാരെ പറയൂ .. പ്രഭാതമകലെയാണോ എന്ന് നിരാശയുടെപടുകുഴിയിൽ പതിച്ചവന്റെ ശബ്ദമാകുമ്പോഴും ധർമ്മനീതികൾ താടിവളർത്തി തപസ്സിരുന്നാലും ഉത്തിഷ്ഠതാ ജാഗ്രതാ എന്നോതിക്കൊണ്ട് കൈനീട്ടാൻ ഇവർക്കേ കഴിയൂ...പത്മതീർത്ഥമേ ഉണരൂ , മാനസപത്മതീർത്ഥമേ ഉണരൂ എന്ന ഉണർവിന്റെ മന്ത്രം എത്രയെത്ര തളർന്ന മനസ്സുകളെ ഉണർത്തിയിട്ടുണ്ടാവും... ദ്രവിച്ച പൂണൂൽ ചുറ്റി മരിക്കും ധർമ്മാധർമ്മങ്ങൾ എന്ന് ചുരുക്കിപ്പറയുന്നുണ്ടെങ്കിലും എല്ലാ കെട്ടുപാടുകളും വകഞ്ഞുമാറ്റി ഉണർന്നുവരാൻ , പൊതുധാരയിലേക്ക് മനുഷ്യനെ മൊത്തം ആഹ്വാനം ചെയ്യുന്ന ഗായത്രീ ജപമന്ത്രത്തെ മാറ്റിയെടുക്കുന്ന കാവ്യഭാവന വലിയൊരു ദർശനം തന്നെയാണ്..
കവിഭാവനയെ തന്നെ തകിടം മറിക്കുന്ന മനുഷ്യമനസ്സിന്റെ അസ്വസ്ഥതകളോട് ഇത്രയേറെ താദാത്മ്യം പ്രാപിക്കുന്ന ഒരു കവിയെ കാണാൻ പ്രയാസമാണ്.
ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളോട് തോളോട് തോൾ ചേർന്ന് ചന്ദ്രമണ്ഡലത്തിന്റെ കാഴ്ചകളിലേക്ക് പോകുന്ന യാത്ര. പക്ഷെ അത് മനുഷ്യമനസ്സിന്റെ നിഗൂഢതലങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ടാണെന്നത്‌ കവിത്വം .കല്ലോലിനിയോ,കല്പകതളിർമരത്തണലോ ഇല്ലാത്ത കസ്തൂരിമാനിന്റെയോ,കദളീവനത്തിന്റെയോ സാന്നിധ്യമില്ലാത്ത ഇരുൾ മൂടുന്ന ഏകാന്തശൂന്യത മാത്രം എന്ന് ചില മനുഷ്യമനസ്സിനെ സാക്ഷി നിർത്തി വയലാർ എഴുതുമ്പോൾ വിഹ്വലതകളെ എത്രമാത്രം അറിയുന്നു എന്ന് ആശ്ചര്യത്തോടെ മനസ്സിലാക്കുന്നു. ...ചലനതത്വത്തെ വരെ ചലച്ചിത്രഗാനത്തിൽ ഉൾപ്പെടുത്തി വയലാർ . ശാസ്ത്രസത്യങ്ങൾ മനുഷ്യന്റെ കഴിവിൽ ഇതൾവിരിഞ്ഞുവരുന്നത് കവിയെ ഏറെ അഭിമാനഹൃദയനാക്കിയിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ കവിതകളിലും ഗാനങ്ങളിലും കൂടി അറിയാൻ കഴിയുന്നുണ്ട്. മാനവജീവിത പരിണാമത്തിന്റെ മയൂരസന്ദേശമായി ചലനതത്വത്തെ വാഴ്ത്തുന്നു കവി. വാഴ്‌വേമായത്തിൽ കെട്ടുപാടുകൾ വീണ ബന്ധങ്ങളിൽ കുടുങ്ങി മനുഷ്യൻ ചലനരഹിതനാവുമ്പോൾ നായകൻ മുന്നിൽ കാണുന്നത് അനസ്യൂതം ചലിക്കുന്ന പ്രകൃതിയെയാണ്.. വാഴ്‌വിനെ മായയായ് കണ്ട കള്ളത്തരത്തെ താഴ്ത്തി വാഴ്‌വേസത്യം എന്ന് ഉൽഘോഷിക്കുന്ന അപൂർവത.സ്വപ്നമൊരുവഴിക്കും ,സത്യം മറ്റൊരുവഴിക്കും ,കാലം മറ്റൊരുവഴിക്കും ചലിക്കുന്ന വാഴ്‌വ് .മനുഷ്യനോ ഇതിലിടയിൽപ്പെട്ടവശനായി ജീവിതം ജീവിച്ചുതീർക്കുന്നു. തെറ്റിധാരണകളിൽ പെട്ടുഴന്ന് ,വാശിക്കും , അഹന്തക്കും മീതെ സത്യത്തെ കാണാതെ, സ്വപ്നത്തെ വഴിയിൽ തള്ളി....
ദത്തുപുത്രനിലെ ആഴി അലയാഴി എന്ന ഗാനത്തിലെ ശൂന്യത നിറഞ്ഞ ലോകത്തെ മാത്രം കാണുന്ന ദുഃഖിതനെ വരച്ചുകാട്ടുന്നു കവി.. എല്ലാം തകർന്നടിഞ് അലയുന്ന പഥികനവൻ ...കാലത്തിന്റെ പെരും ചുഴികളിൽ പെട്ട് മുങ്ങിയും പൊങ്ങിയും ജീവിതവ്യാമോഹങ്ങൾ .. കയ്യെത്തുന്നിടത്തെന്ന തോന്നലിൽ അശാചക്രവാളം പിന്നെയും പിന്നെയും വ്യാമോഹിപ്പിച്ചുകൊണ്ട് ... ഒന്നും നേടാനാവാതെ അവസാനം ... കാലം ഒരു പ്രവാഹം എന്ന ലോറാ നീ എവിടെയിലെ വയലാർ ഗാനം..
മനുഷ്യൻ സൃഷ്ടിച്ചതൊക്കെ അവനു എങ്ങിനെ ഉപകരിക്കുന്നു എന്ന ചിന്തയിൽ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം ഒരോർമ്മപൊട്ടുപോലെ മനസ്സിൽ കിടന്നു വിങ്ങുന്നു. അവനെല്ലാം അറിയാം, ഒന്നിനെയും നിയന്ത്രിക്കാൻ അറിയില്ല എന്നുമാത്രം. സ്വന്തം മനസ്സിനെ പോലും... അവൻ സൃഷ്ടിച്ചതിൽ പലതും അവനു തന്നെ വിനയായി മാറിയ അനുഭവങ്ങളാണ്. മതങ്ങൾ, ദൈവങ്ങൾ എന്നിവയോക്കെ തിന്നുതീർത്ത മനുഷ്യജന്മങ്ങളെത്ര !!
പുനർജന്മത്തിലെ വെളിച്ചമസ്തമിച്ചു എന്ന ഗാനം മനുഷ്യന്റെ അവസ്ഥയെ എത്രമാത്രം മഹത്വവൽക്കരിക്കുന്നുണ്ട് എന്നും കാണാം. മരണത്തിനപ്പുറമുള്ള ജീവിതത്തെ അവൻ കിനാവ് കാണുന്നു.. അന്ന് കണ്ടാൽ നമ്മൾ തിരിച്ചറിയുമോ എന്ന് സന്ദേഹിക്കുന്നു ...
( തുടരും ...)

ഒരു വട്ടം കൂടിയെൻ ....



എഴുതിക്കഴിഞ്ഞതിനേക്കാൾ കിടക്കുന്നു മധുരമാമോർമ്മൾ തന്നതേറെ .പാട്ടിനെക്കുറിച്ചെഴുതിയാൽ തീരില്ല. കടൽക്കരയിലെ തിരയെണ്ണൽ പോലെയെന്നോ !ഏതിനാണ് കൂടുതൽ ഭംഗി. ആ വരവ് ഗംഭീരം . കരയെ വാരിപ്പുണരാൻ വരുന്ന ആ വരവ് അസ്സൽ.. അതെ എണ്ണിയെണ്ണി കുഴങ്ങുന്നു നമ്മൾ. കടൽക്കാഴ്ചകൾ സുഖദം . അതുപോലെ പാട്ടിന്റെ തീരത്തിരുന്നാലും . ഓരോ ഈണം മൂളി ഓരോന്ന് വന്നു പോവുമ്പോഴും ഇതെത്ര നല്ലത് , ഇതാണല്ലോ ഞാൻ കാത്തിരുന്നത്, ചിലപ്പോൾ ഇതല്ലേ , ആഹാ ഇത് തന്നെ എന്ന് മറ്റൊന്നിനോട് ... അങ്ങിനെ മാറി മാറി ആസ്വദിച്ച് പാട്ടിന്റെ അപാരതയിൽ കൺമിഴിച്ചങ്ങിനെ ... സത്യത്തിൽ ഇതൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എഴുതിയാൽ തീരാത്തത് . ഒന്നിനൊന്നു മെച്ചം എല്ലാവരും. പഴയ കാലത്തിലെ ആ പ്രഗത്ഭമതികൾ തന്നേല്പിച്ചു പോയതൊക്കെ വീണ്ടുംവീണ്ടും ആസ്വദിച്ചു കൊണ്ട് മനസ്സ് കുളിർപ്പിക്കുക...
ഗന്ധർവ ഗായകൻ യേശുദാസിന്റെ മലയാളത്തിലേക്കുള്ള , സംഗീത ലോകത്തിലേക്കുള്ള അരങ്ങേയറ്റം ആയിരുന്നു 1962 ൽ പിറന്ന കാൽപ്പാടുകൾ എന്ന ചിത്രത്തിലെ ഗാനങ്ങൾ . ജാതിഭേദം മതദ്വേഷം എന്ന ശ്രീനാരായണശ്ലോകം ചൊല്ലിക്കൊണ്ട് ...  എം ബി ശ്രീനിവാസൻ എന്ന സംഗീതജ്ഞന്റെയും സിനിമാജീവിതവും അവിടെ തുടങ്ങി .  എംബി ശ്രീനിവാസൻസംഗീതം ശാന്തമായൊഴുകുന്ന ഒരു പുഴ പോലെ ആയിരുന്നു. വെള്ളച്ചാട്ടങ്ങളില്ലാത്ത ശാന്തത. ആ ഒഴുക്ക് കണ്ടുകൊണ്ടിരിക്കാൻ ബഹുസുഖം .. ബഹളമയമായ വാദ്യോപകരണങ്ങളില്ല . സംഗീതോപകരണങ്ങളുടെ ആധിപത്യമില്ല . പാട്ടിനോട് ചേർന്ന്  അതിന്റെ കൂടെ പിന്നാലെ  സഞ്ചരിക്കുന്ന രീതി... ഇന്നത്തെ കാലത്തെ  മുന്നിൽ കയറി അലറിപൊളിച്ചു പോവുന്ന വാദ്യം പോലല്ല ...അത് ആദ്യസിനിമ മുതൽ അവസാന സിനിമ വരെ ഒരു വിട്ടുവീഴ്ച ഇല്ലാതെ തന്റെ രീതിയിൽ തന്നെ.. അതിനി ആര് പാട്ടെഴുതിയാലും. വയലാർ ആയാലും തരക്കേടില്ല, കാവാലം ആയാലും, ഓ എൻ വി ആയാലും. ബിച്ചു  തിരുമല ആയാലും തരക്കേടില്ല ..എന്നാൽ ഏറ്റവും ചേർന്ന് പോവുന്ന കൂട്ടുകെട്ട്  ഓ എൻ വി കുറുപ്പുമായിട്ടായിരുന്നു..അത് പുത്രി എന്നതിൽ തുടങ്ങി മണിവത്തൂരിലെ  ശിവരാത്രികളിൽ വരെ തുടർന്നു .അതിനു മുൻപ് പി ഭാസ്കരൻ, വയലാർ രാമവർമ്മ എന്നിവരുമായി ചേർന്ന് നല്ലൊരു സ്ഥാനം ഇവിടെ കരസ്ഥമാക്കിയിരുന്നു..
വയലാറുമായി  കണ്ണും കരളുമിലെ താത്തെയ്യം കാട്ടിലെ ... കളിമണ്ണ് മെനഞ്ഞു മെനഞ്ഞൊരു എന്നിവയും
കന്യാകുമാരിയിലെ ചന്ദ്രപളുങ്കു മണിമാല എന്നിവയും തീർത്തു . വിദ്യാർത്ഥികളെ ഇതിലെ ഇതിലെ എന്നതിലെ ഉണർത്തുഗാനം നളന്ദാ തക്ഷശിലാ നളന്ദാ എന്ന വയലാർ ഉയിർപ്പ്  എം ബി സംഗീതത്തിന്റെ വളർച്ചയിലെ നാഴികക്കല്ലുകളാണ്..
പി ഭാസ്കരന്റെ പുതിയ ആകാശം പുതിയ ഭൂമിയിലെ താമരത്തുമ്പീ വാ വാ എന്ന ഗാനവും ഓർക്കാതെ .വയ്യ.
ശ്രീകുമാരൻ തമ്പിയുടെ രചനയിൽ ഒരു ദാർശനിക ഗാനം പിറന്നിട്ടുണ്ട്.. കടൽ എന്ന ചിത്രത്തിലെ ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും എന്നത് ജാനകിയുടെ ശബ്ദത്തിൽ മനസ്സിലെന്നേ കയറിക്കൂടിയത്..  മനസ്സിടറിപ്പോവുന്ന ചില ജീവിതസാഹചര്യങ്ങളിൽ വെറുതെ മൂളിപ്പോവുന്നത് ,,ഇതിനിടയിൽ തിരുനൈനാറിന്റെ വരുമൊരുനാൾ സുഖം ഒരു നാൾ ദുഃഖം എന്ന അറിവും നമ്മെ പിന്തുടരും ..
ഓ എൻ വി കുറുപ്പുമായി പുത്രിയിൽ തുടങ്ങിയ ബന്ധം  ബന്ധനത്തിലെ രാഗം  ശ്രീരാഗം എന്ന ജയചന്ദ്രൻ അർദ്ധക്ലാസ്സിക്കൽ ഗാനത്തിലൂടെ മികച്ചതായി ഉൾക്കടലിലൂടെ അതി സുന്ദരമായി തീരുകയായിരുന്നു.. ഉൾക്കടൽ യുവാക്കളിൽ തീർത്തത് ഒരു കാൽപ്പനിക വസന്തമായിരുന്നു. ഇന്നും ഓർക്കുമ്പോൾ പൂവിടുന്ന വസന്തകാലം . 1980 കളിലെ കലാലയജീവിതത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ തഴുകിയുണർത്തുന്നവയാണ്  ഇന്നത്തെ വാർദ്ധക്യത്തിലേക്ക് കടക്കുന്ന പലർക്കും ... വേണുനാഗവള്ളി , നെടുമുടി വേണു , ജലജ, ഭരത് ഗോപി ടീമിന്റെ കിടുക്കൻ അഭിനയമുഹൂർത്തത്തിന്റെ സുവർണ്ണകാലങ്ങൾ .മലയാളസിനിമ ഉയരങ്ങളിൽ എത്തിയ കാലഘട്ടങ്ങൾ .. ഉൾക്കടലിൽ എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ പെൺകൊടി , കൃഷ്ണതുളസി കതിരുകൾ ചൂടിയ, നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ . ശരദിന്ദു മലർദീപ നാളം ... എന്നിവയൊക്കെ ഒരു  കാലത്തിന്റെ വിളംബര നാദം തന്നെയാണ്. അനശ്വരതയിലെ വെള്ളിനക്ഷത്രങ്ങൾ . ....പിന്നീട് മനസ്സിന്റെ തീർത്ഥയാത്രയിലെ നടന്നും നടന്നേറെ തളർന്നും  എന്ന ഓ എൻ വി കവിത യുവത്വത്തിന് നൽകിയ അറിവും, പക്വതയും , അരക്ഷിതാവസ്ഥകളിൽ നിന്നൊരു പിൻവാങ്ങലും വരെ എന്ന് പറയുമ്പോൾ  ഇത്തരം ഗാനങ്ങൾ മനുഷ്യാവസ്ഥകളിലെ ആഴങ്ങളിൽ  വരെ വേരൂന്നിയിരിക്കുന്നു എന്ന് സാരം ...1982 ൽ ചില്ല് എന്ന ചിത്രവും ഉൾക്കടൽ നൽകിയാതൊക്കെ വീണ്ടും സമ്മാനിക്കുകയായിരുന്നു. പോക്കുവെയിൽ പൊന്നുരുകി പുഴയിൽ വീണു.. ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന . ചൈത്രം ചായം ചാലിച്ചു .യുവത്വത്തിന് വീണ്ടും ആഘോഷദിനങ്ങൾ . കലാലയങ്ങളിൽ പ്രണയത്തിന്റെ നവ്യഭാവനകൾ വിടർന്നു വിലസി... ഉൾക്കടലും, ചില്ലും നൽകിയ കരുത്ത് .
യവനികയിലൂടെ മറ്റൊരു തരംഗം . ഭരതമുനിയൊരു കളം വരച്ചു... മിഴികളിൽ നിറകതിരായി ,,, ചെമ്പക പുഷ്പ സുവാസിത യാമം ..വീണ്ടും പരസ്പരം എന്ന ചിത്രത്തിലെ നിറങ്ങൾ തൻ നൃത്തം ...
1983 .രചനയും സംഗീതവും ഒന്നായി ലയിച്ചത് ... വെറുമൊരോർമ്മതൻ കിളുന്നു തൂവലും തഴുകി നിന്നെ കാത്തരിക്കയാണ് ഞാൻ എന്ന   പൂർണതയിലെത്തുന്ന ആ പ്രണയസങ്കല്പത്തെ യാഥാർഥ്യമാക്കിയവരേറെ .നഷ്ടവസന്തത്തിൻ ഓർമ്മക്കുറിപ്പാക്കിയവർ അതിലേറെയും. ആത്മാർത്ഥ പ്രണയത്തിന്റെ കാവ്യഗീതികളാണിവയൊക്കെ ...
1984 ൽ ഒരു കൊച്ചു സ്വപ്നം എന്ന ചിത്രത്തിലെ മാറിൽ ചാർത്തിയ മരതക കഞ്ചുകമഴിഞ്ഞു വീഴുന്നു എന്ന ഗാനവും, അതിലെ തന്നെ ഉദ്യാനദേവിതൻ ഉത്സവമായ്‌ മദിരോത്സവമായ് എന്നതും സിനിമയിലെ ദൃശ്യങ്ങൾ കാണാതെ കണ്ണടച്ച് കേൾക്കേണ്ട പാട്ടുകൾ ആണ്..
ശ്രീ ഓ എൻ വി കുറുപ്പുമായി അവസാന കൂട്ടുകെട്ടിലെ ഗാനങ്ങൾ പോലും അതിമധുരമായി തീർന്നു. ശ്രീമതി ഓമന ഗംഗാധരന്റെ  കഥയെ ആസ്പദമാക്കിയുള്ള ചലച്ചിത്രമായിരുന്നു മണിവത്തൂരിലെ ആയിരം ശിവരാത്രികൾ . നെറ്റിയിൽ പൂവുള്ള സ്വർണ്ണചിറകുള്ള പക്ഷി...  ഇത്തിരിപ്പൂവിന്റെ കൈക്കുമ്പിളിൽ വീണ  മുത്തേ ... എന്ന ഗാനങ്ങൾ ആ ചിത്രത്തിനൊരു മുതൽകൂട്ടായിരുന്നു ..എം ടി വാസുദേവൻ നായർ തിരക്കഥയുടെ തലതൊട്ടപ്പൻ എങ്കിലും ഒന്ന് രണ്ടു സിനിമകളിൽ അദ്ദേഹം ഗാനരചനയും നിർവഹിച്ചിട്ടുണ്ട്. അദ്ദേഹം രചന തുടരാഞ്ഞത്‌ പാട്ടെഴുത്തുകാരുടെ  ഭാഗ്യം,നമ്മുടെ നിർഭാഗ്യം ..  അദ്ദേഹത്തിന്റെ തന്നെ സിനിമയായ വളർത്തുമൃഗങ്ങളിലെ ഒരു മുറിക്കണ്ണാടി ഒന്ന് നോക്കി എന്ന ഗാനം പറയുന്ന സല്ലാപങ്ങൾ അനിർവചനീയമാണ് ... ഒരു കാമുകിയുടെ ഭാവവിചാരങ്ങൾ പകർത്തിയത് മറ്റേതൊരു ഗാനരചയിതാവിനെയും തോൽപ്പിക്കുന്ന തരത്തിലാണ്...യൂസഫലി കേച്ചേരിയോടൊപ്പം ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ചയിൽ ഒന്നിച്ചപ്പോൾ സംഗീതത്തിന്റെ മാസ്മരികത നമ്മൾ വീണ്ടും അനുഭവിച്ചു. ജാനകിയുടെ ശബ്ദത്തിൽ വിശ്വമഹാക്ഷേത്ര സന്നിധിയിൽ , വിവാഹനാളിൽ പൂവണിപ്പന്തൽ എന്നിവ പിറന്നു..
കാവാലം നാരായണപ്പണിക്കർ കൂട്ടിൽ വേനലിലെ  ഗാനങ്ങൾ. കാന്തമൃദുല സ്മേരമധുമയ ... താഴികചൂടിയ രാവിൽ...   എന്നിവയും .   ഇളക്കങ്ങളിലെ കൊച്ചുപെണ്ണിളക്കങ്ങൾ വാക്കുകളിലെ വാചാലത ആക്കിയ ആവണിരാത്തിങ്കൾ ഉദിച്ചില്ല ... തുഷാരമണികൾ ... ശാരദനീലാംബര നീരദ പാളികളെ എന്നിവയൊക്കെ ഉദ്യോഗത്തോടെ അറിയാൻ കഴിഞ്ഞു...
അദ്ദേഹത്തിന്റെ അവസാന കാലത്താണ് മറ്റൊരു മാസ്റ്റർ പീസ് പിറന്നത്. സ്വാതി  തിരുനാൾ എന്ന ക്‌ളാസിക്കൽ ചലച്ചിത്രം.. കീർത്തനങ്ങൾ കൊണ്ട് നിറഞ്ഞ ആ ചിത്രത്തിലെ സംഗീതവും എം ബി ശ്രീനിവാസന്റേതായിരുന്നു. സ്വാതി തിരുനാളിന്റെയും, ഇരയിമ്മൻ തമ്പിയുടെയും, ത്യാഗരാജന്റെയും കീർത്തനങ്ങൾ ചലച്ചിത്രത്തിന്റെ തിരക്കഥയും ഗാനങ്ങളുമായി  ഊടും പാവുമായി ഇഴചേർന്ന് പോയിരുന്നു..പാട്ടിന്റെ ആ വസന്തകാലം പെട്ടെന്നവസാനിക്കുകയായിരുന്നു. അറുപത്തി രണ്ടാമത്തെ വയസ്സിൽ ഹൃദയസ്തംഭനം മൂലം ഈ ലോകത്തോട് വിടപറയുമ്പോൾ  അദ്ദേഹത്തിന്റെ ഒരു ഗാനത്തിന്റെ വരികൾ തന്നെ പാടിപ്പോവുകയാണ്...         ..... നഷ്ടവസന്തത്തിൻ  തപ്തനിശ്വാസമേ .....

ഓർമ്മയിലെ വർണ്ണചിത്രങ്ങൾ



ഓർമകൾക്കുമുണ്ട് നിറങ്ങൾ. കടുംനിറങ്ങളും,നിറംമങ്ങിയതും. പോയകാലത്തിന്റെ കളിത്തട്ടിൽ ചിലത് ഒരു  നിറവും ചാർത്താതങ്ങിനെ ! പച്ച നിറമാർന്നത് ഇടയ്ക്കിടെ അതിന്റെ സൗവർണതീരങ്ങളിലേക്ക് ക്ഷണിക്കും. അവിടെ ആ പച്ചപുൽത്തകിടിയിൽ കിന്നാരമോതിയിരിക്കും .ചാരനിറമാർന്നവ എന്നത്തേയും പോലെ പകുതി മറഞ്ഞു കൊണ്ട് നിരാശ കലർത്തി മങ്ങിയും തെളിഞ്ഞുമങ്ങിനെ ... ചുവപ്പിന്റെ കണ്ണടയാത്ത പ്രകാശധാരയിൽ ഒരു കാലത്തിന്റെ മഹാവിളംബരത്തിൽ നമ്മുടെ പേരും വിളിച്ചു പറയും. പുറകിൽ നിന്ന് വിളിക്കുന്നതൊക്കെ തിരികെ വരാത്ത വെറും സ്വപ്‌നങ്ങൾ മാത്രം. ...ബി. രവികുമാർ സാറിന്റെ ഓർമ്മയിലെ പച്ച... ചോപ്പ് എന്ന ജീവിതത്തിന്റെ ഛായാചിത്രങ്ങൾ ഓരോന്നോരോന്നായി കണ്ടിറങ്ങിയപ്പോൾ ചിലരൊക്കെ കൂടെ പോന്നു . കുന്നു കയറി വരുന്ന കുഞ്ഞുങ്ങൾക്ക് ദാഹജലം നൽകി നിർവൃതി അടഞ്ഞ
അല്ലിയമ്മ .അനപത്യദുഃഖത്തിന്റെ പടുകുഴിയിൽ തപസ്സിരിക്കാതെ ഒരു കുഞ്ഞിന് വേണ്ടി തങ്കമ്മയെ ജീവിത സഖിയാക്കാൻ ദാമോദരനെ നിർബന്ധിക്കുന്നത് ... വെളിച്ചപ്പാടമ്മാവൻ .പുരോഗമന വക്താക്കളെന്നു നടിക്കുന്നവർക്കിടയിൽ ഈ അമ്മാവൻ വ്യത്യസ്തനാണ് . ഡീ എഫ് ഐ ക്കാരന്റെ വാക്ധോരണികളിൽ ആത്മാർത്ഥത ദർശിച്ച ആൾ. കോളേജിലെ എസ് എഫ് ഐ ചെറുക്കന് സോവനീർ കാശ് നൽകാൻ വെളിച്ചപ്പാടായി തുള്ളിയുറഞ്ഞവൻ ... നന്മയും , നവചിന്തയും ഒളിഞ്ഞിരുന്ന ഇത്തരം ജന്മങ്ങൾ പച്ചയും ചോപ്പും തെളിയിച്ച് ഓർമ്മയിൽ സജീവമായിരിക്കും..
ഒടുവിലാന്റെ ചിതയ്ക്ക് കൂട്ടിരിക്കുവാ എന്ന് പറഞ്ഞു വിളിക്കുന്ന ചുടലമാടനെ എങ്ങിനെ മറക്കും.പഠിപ്പിച്ചു വിട്ട തലയുള്ള ചിലരിങ്ങനെയും എന്ന വ്യഥ മാഷിനുണ്ടോ എന്ന് സംശയിച്ചു പോവും..  ഉണ്ടാവില്ല... സതീർഥ്യരിൽ ചിലരെ കുറിച്ചും അഭിമാനത്തോടെ പറയുന്നുണ്ട്... ഓരോ മരം കയറ്റവും ലഹരിയാവുമ്പോൾ ,മരം കയറുമ്പോൾ മായക്കാഴ്ചകളുടെ റീലുകൾ നീങ്ങുമ്പോൾ ചെത്തുതങ്കപ്പനെന്ന ചെങ്ങായിയുടെ ആരാധകനാവുന്നതും നിറമാർന്നത്... ഹാപ്പി ജോയ് ആയും ഒരാൾ വന്നുപോവുന്നുണ്ട്..
പച്ചയിൽ ചവച്ച് ചോപ്പായി തുപ്പി മുറുക്കിന്റെ ആശാനായ അച്ഛന്റെ ഓർമ്മകൾ .. റേഡിയോ കഴുത്തിൽ തൂക്കിയിട്ടു മയങ്ങുന്ന അച്ഛന്റെ രൂപം ... തെളിമയാർന്ന പച്ച.സൂര്യവംശത്തിലെ കൃഷ്ണപ്പിള്ള ഒരു നോവ് പോലെ മനസ്സ് നനച്ചു പോയി....
കവിതകളിൽ നിന്നും കോരിയെടുത്ത് ഒന്നുരണ്ടുപേരെ പരിചയപ്പെടുത്തുന്നുണ്ട്.. സ്വപ്നങ്ങളും ,വിഷാദങ്ങളും കവിതയിൽ കോർത്തു നടക്കുന്ന കവി ശാന്തിജയ .അന്ധകാരനാഴിയിലെ മീൻപിടുത്തക്കാരനായ ഒരുവനിൽ കവിതയുടെ വിങ്ങൽ തിരിച്ചറിഞ്ഞതുമൊക്കെ ഉൾപുളകത്തോടെ വായിച്ചറിയാവുന്നത് .അടുക്കിയും പെറുക്കിയുമല്ല ഓരോന്നും ചേർത്തുവെച്ചിരിക്കുന്നത് . അല്ലെങ്കിൽ തന്നെ ഓർമ്മകളങ്ങിനെ വരുന്നതല്ലല്ലോ ! ഒന്നിന് മുകളിലൊന്നായി ചിലപ്പോൾ..
ഒരു കഥയുടെ രൂപമല്ലതാനും . സ്വപ്നങ്ങളുടെ  സഞ്ചാരപഥങ്ങൾ അങ്ങിനെ ആണ്.. പറഞ്ഞുപോയ രീതിയിലൊന്നുമല്ല  അതിന്റെ തുടർച്ചകൾ ...  വീണ്ടുമതങ്ങിനെ വന്നുപോകും .. വന്നും പോയുമിരിക്കും ...

പാപ്പാത്തി പുസ്തകങ്ങൾ
B Ravi Kumar

ഒരു രാത്രിമഴയുടെ ഓര്‍മ്മയ്ക്ക്‌



കോരിച്ചൊരിയുന്ന മഴക്കെടുതികളുടെ ഒരു കര്‍ക്കടക രാത്രിയിലായിരുന്നു ആ കഥ ആദ്യമായ് വായിച്ചത്. പഴയ തറവാട്ടിലെ നീണ്ട വരാന്തയില്‍ വേവലാതിയോടെ അച്ഛന്‍ . പട്ടികകളടര്‍ന്ന
കറുത്ത പൂപ്പലുകള്‍ പിടിച്ച ഓടുകള്‍ക്ക് കീഴെ പനയോലക്കീറുകള്‍ കയറ്റി വെച്ച് ചോര്‍ച്ച മാറ്റുകയായിരുന്നു. പാത്തിയിലൂടെ കുതിച്ചു ചാടുന്ന മഴവെള്ളം. പെട്ടെന്നാണ് ഓര്‍മ്മ വന്നത് , കുറിഞ്ഞിയെ. വഴിയില്‍ നിന്ന് കിട്ടിയ നെറ്റിയില്‍ കറുത്ത ഗോപിക്കുറിയുള്ള ഭംഗിയുള്ള പൂച്ചകുട്ടി. ഈ മഴയത്ത് അത് എവിടെയാവും. ഇന്നലെ മുഴുവന്‍ അതിനെ മാറോടണച്ചായിരുന്നു നടത്തം.
-അടുത്ത കൊല്ലം പത്താം ക്ലാസ്സിലെയ്ക്കാ . ഓര്‍മ്മേംണ്ടോ നെണക്ക് -
അമ്മയുടെ ശബ്ദം. അച്ഛന്‍ വെറുതെ ചിരിച്ചു. അവരൊക്കെയിന്ന് എന്റെ വീടോട് ചേര്‍ന്നുള്ള തെക്കേപറമ്പില്‍ വിശ്രമം കൊള്ളുന്നു.
എന്നാലും അവരുടെ ഓര്‍മ്മപ്പെടുത്തലുകളും, ശാസനകളും ഇന്നും വിടാതെ കൂടെ കൊണ്ട് നടക്കുന്നുണ്ട് ഞാന്‍. അതുപോലെ കഥയിലെ ഒരമ്മ എന്റെ പുറം തലോടി ഇന്നും ഉറക്കാന്‍ ശ്രമിക്കുന്നുണ്ട്.
- ഉറങ്ങി കിട്ട്യാല്‍ മതിയായിരുന്നു. ന്റെ ഗുരുവായൂരപ്പാ ..-
എന്ന് വിതുമ്പിക്കൊണ്ട് പറയുന്ന ഒരമ്മ. കര്‍ക്കിടകം എന്ന എം ടി കഥയിലെ അമ്മ.
കാലങ്ങളെത്ര കഴിഞ്ഞിരിക്കുന്നു. ഒരു കഥയെ അടുത്തറിഞ്ഞ രാവ് ഇന്നും തെളിമയോടെ തന്നെ. എത്ര വട്ടം വായിച്ചിരിക്കുന്നു. കണ്ണീര്‍ പൊഴിച്ചിരിക്കുന്നു. എം. ടി എന്ന കഥാകാരനും, കര്‍ക്കിടകം എന്ന കഥയും, ഉണ്ണിയെന്ന കഥാപാത്രവും മനസ്സില്‍ കോരിയിട്ട വായനയുടെ രസനാമൃതം. അനുഭവങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ധാരണകളും, അസാധാരണത്വവും , കാഴ്ചയ്ക്ക് മിഴിവേകുന്ന വര വര്‍ണ്ണനകളായി കഥാകാരന്‍ വിരചിക്കുമ്പോള്‍ സംതൃപ്തി നേടുന്ന എത്ര മനസ്സുകളുണ്ട്‌. കാലങ്ങളോളം ജീവിക്കുന്ന സാക്ഷി പത്രങ്ങള്‍. വേരറ്റു അടര്‍ന്നു പോയ ഒരു കാലത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് ജീവ ഗന്ധമായി വായനക്കാരനിലേക്ക് പുനര്‍ജനിച്ചു കൊണ്ടേയിരിക്കുന്നു. മലയാളത്തിലെ മികച്ച പത്തു കഥകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിലൊന്ന് കര്‍ക്കിടകമായിരിക്കും. അതുറപ്പ്‌.
വിശപ്പിനേക്കാള്‍ വലുതാണോ അഭിമാനം? അഭിമാനികള്‍ തങ്ങളുടെ ഇല്ലായ്മകള്‍ പലരുടെയും മുനില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇഷ്ടപ്പെടില്ല. പത്തറുപതു കൊല്ലം മുന്‍പുള്ള ദാരിദ്ര്യം പിടിച്ച ഒരു നായര്‍ തറവാട്ടിലെ പട്ടിണിയും, അതിനു മുകളില്‍ അഭിമാനത്തിന്റെ കോലരക്ക് പിടിപ്പിച്ച കുറച്ച് മനുഷ്യരും. ഈ കഥ വികസിക്കുന്നത് ഉണ്ണിയിലൂടെയാണ്. നേരത്തിനു ഭക്ഷണം കിട്ടിയാല്‍ മനുഷ്യന്‍ ഒരു തരത്തില്‍ തൃപ്തനാകും. അതില്ലാത്തവന്റെ വേദന, അതിന്റെ രസക്കൂട്ടുകളില്‍ കൂടിയുള്ള സഞ്ചാരം , എന്നിവ നിറഞ്ഞ് നില്‍ക്കുന്നു ഇതില്‍. ഒരു പഞ്ഞ കര്‍ക്കിടക നാളിന്റെ യഥാതഥ ചിത്രം ഒപ്പിയെടുക്കാവുന്നതാണ്. കഥാകൃത്തിന്റെ തന്നെ ബാല്ല്യാനുഭവങ്ങള്‍ ആവാം ഏറെയും.
- ഞാന്‍ തെക്കെപ്പാട്ടെ അമ്മാളുവമ്മയുടെ മകനാണ്- എന്ന് പറയുന്നിടത്ത് ഉറപ്പിക്കുകയും ആവാം.
ഒരു സ്കൂള്‍ ദിനത്തിന്റെ വിരസതയില്‍ നിന്ന് ( വിശപ്പാണ് വിരസത ഉണ്ടാക്കുന്നത്‌ . സത്യം)
കുടഞ്ഞുണര്‍ന്ന്, ഉറിയിലെ കൂട്ടാന്റെ സ്വാദുമോര്‍ത്ത് വഴികള്‍ താണ്ടി വീട്ടിലെത്തിയെങ്കിലും , ആ വിശപ്പെന്ന ജ്വാലാമുഖിയുടെ നേരെ അസുരനെ പ്പോല്‍ കടന്നു വരുന്ന ശങ്കുന്ന്യേട്ടന്‍ , സല്‍ക്കരിച്ചു മതി വരാത്ത അമ്മ.
- കൊറച്ചും കൂടി തക്കരിക്കാന്‍ പറ മര്വോനെ , പിന്നീം പിന്നീം വേലക്വല്ലേര്ന്നോ . ചോറ് വേണ്ട , വാര്‍ത്ത വെള്ളത്തിലിടാന്‍ ഒരു പിടി വറ്റെങ്കിലും വെയ്ക്കെണ്ടേ ?-
പറയുന്നത് മീനാക്ഷിയെടത്തി , എവിടെയും ആശ്രയമില്ലാതെ തെക്കെപ്പാട്ട് വന്നു താമസിക്കുന്ന പാവം സ്ത്രീ.
അപ്പോഴും…
-പതുക്കെ പ്പറ യെന്റെ മീനാക്ഷ്യെ .. -
എന്ന് ഗദ്ഗദത്തോടെ അമ്മ. ” അവനോന്റോടെ ഇല്ലായ്മ ” ആരെയും അറിയിക്കരുതല്ലോ പ്രത്യേകിച്ചും അണ്ടത്തോട്ടു നിന്ന് ( ഭര്‍ത്താവിന്റെ സ്ഥലം ) വരുന്ന ശങ്കുണ്ണിയോട് .

നീണ്ട പട്ടിണിയിലൂടെ കടന്നു പോവുന്ന ഒരു സ്കൂള്‍ പകല്‍ , തിടുക്കത്തില്‍ വീട്ടിലെത്താനുള്ള പരാക്രമം. കഞ്ഞി പൂച്ച തട്ടി മറിച്ചു എന്നുള്ള മീനാക്ഷിയേടത്തിയുടെ അലസ മൊഴി, അത്താഴത്തിനുള്ള അരിയ്ക്കായി അയല്‍പക്കങ്ങളില്‍ അന്വേഷിച്ചു പോവുന്ന അമ്മ. പക്ഷെ ആ അമ്മ ഒരിക്കലും ” കീഴ്ക്കുറഞ്ഞ” വരോട് ” ഇരക്കാറില്ല. അഭിമാനം പണയം വെച്ചായാലും ഇല്ലത്തെ കുഞ്ഞാത്തോലോട് ഒരു ചാക്ക് അരി കടം ചോദിക്കാം.
എന്നാലും തൃസന്ധ്യ നേരത്ത് അത്താഴത്തിനു അരി തേടി പോവുന്ന ഒരു പാവം സ്ത്രീയെ നമിക്കാതെ എങ്ങിനെ ഈ വായന പൂര്‍ത്തിയാക്കും.
- ചായപ്പീട്യെലെത്തെ വെള്ളം കടം കിട്ടണടത്തോളം കാലം ആണുങ്ങള് അടുക്കളേലത്തെ കാര്യം അന്വേഷിക്കില്ല.-
ഇത് പറഞ്ഞ അമ്മാളുവമ്മയെ…..
ഇട മുറിയാതെ പെയ്യുന്ന കര്‍ക്കടകമഴരാത്രികള്‍. വിശപ്പിന്റെ ആളലില്‍ പായയില്‍ വയറമമര്‍ത്തി കിടന്നു ഉറക്കത്തെ മാടി വിളിക്കുന്ന ഉഷ്ണസഞ്ചാരരാത്രികള്‍ . ഉറക്കം എത്രയോ അകലെയാണ്. അഭിമാനത്തിന്റെ കുടചൂടി നടക്കുമ്പോഴും പട്ടിണിയില്‍ കാലിടറി വീഴാതെ നോക്കി നടക്കുന്നവര്‍. കാലത്തിന്റെ ഇരുണ്ട മടക്കുകളില്‍ വിറങ്ങലിച്ച കുറെ ജീവിതങ്ങള്‍.