Friday, March 6, 2020

മാമ്പഴക്കൂട്ടത്തിലെ മാൽഗോവ ...



മണ്മറഞ്ഞു പോയ കലാകാരന്മാർ . അവർ കയ്യൊപ്പിട്ടിട്ട് പോയ അവരുടേതായ സ്മാരകങ്ങൾ . കൽപ്രതിമകളെന്തിന് !എന്നെന്നുമോർക്കാൻ അവർ തന്നിട്ടുപോയ സൃഷ്ടികൾ . അവരുടെ ശ്വാസ നിശ്വാസങ്ങളേറ്റത് .അവരിലുറങ്ങിഉണർന്നത് ... അവരോടു സല്ലപിച്ചത് . ജീവന്റെ ഒരംശം തന്നെ. പലതും കാലങ്ങളെ അതിജീവിച്ചു കൊണ്ട് ഇവിടെ ഉണ്ടാവും.. തലമുറകൾ കൈമാറി കൈമാറി...! മറ്റെന്താണ് ഒരു കലാകാരന് വേണ്ടത് . അനുഭവിക്കുന്നവന്റെ മനസ്സിൽ തീർത്ത സ്മാരകങ്ങൾ , ഓർമ്മകളിൽ അവരെന്നും താലോലിച്ചുകൊണ്ട് ... കലാകാരൻ ചിരഞ്ജീവി ആണ്. അവൻ കൈകുറ്റപ്പാടുകൾ തീർത്ത് നമുക്ക് തന്നിട്ടുപോയ അമൂല്യമായത് സംരക്ഷിക്കപ്പെടുന്ന കാലത്തോളം ..
ദീർഘകാലം സിനിമാവ്യവസായവുമായി ചേർന്ന് ജീവിച്ചിരുന്ന ശ്രീ കെ വേലപ്പൻ നായർ എന്ന സാക്ഷാൽ പുകഴേന്തി എന്ന സംഗീതസംവിധായകന്റെ അമൂല്യമായ കുറച്ചു കലാസമ്പത്ത് കാത്തുസൂക്ഷിക്കുന്ന കാവൽക്കാരാണ് നമ്മളിൽ ചിലർ. .. ഇടയ്ക്കു പൊടി തട്ടി മിനുക്കി വെക്കുമ്പോൾ ആ പഴയ ഹാർമോണിയത്തിൽ രാഗങ്ങൾ ഉണരും... അസ്വസ്ഥമായിരിക്കുന്ന നമ്മുടെ മനസ്സിലേക്ക് അതിന്റെ അലകൾ ഞൊറി ഞൊറിയായി കയറിയിറങ്ങും..
സുന്ദര രാവിൽ ചന്ദനമുകിലിൽ മന്ത്രങ്ങളെഴുതും ചന്ദ്രികേ....
പ്രണയപരവശയായ ഒരു കാമുകിയുടെ വിചാരവികാരങ്ങൾ ഭംഗിയായി എഴുതിവെച്ച പി.ഭാസ്കരൻ. .ഓരോ വരികൾക്കും വേണ്ടവിധത്തിൽ ഭാവം പകർന്നു കൊടുത്തുകൊണ്ട് ശ്രീ പുകഴേന്തി ... ആദ്യനൊമ്പരം എന്ന പ്രയോഗം ,എസ് .ജാനകിയുടെ ശബ്ദത്തിലൂടെ പകർന്നുവെച്ചിരിക്കുന്നത് വാക്കുകളാൽ വിവരിക്കുക അസാധ്യം. എങ്ങിനെ എങ്ങിനെ പറയുവതെങ്ങിനെ എന്നയിടത്തും കാമുകിയുടെ വിവശത തെളിഞ്ഞുകാണാം. വരികളറിഞ്ഞു സംഗീതം ചെയ്യുന്നിടത്താണ് ആ പാട്ടിന്റെ വിജയം .വളരെ കുറച്ചേ മലയാളത്തിൽ പാട്ടുകൾ ഒരുക്കിയിട്ടുള്ളൂ ഇദ്ദേഹം. എന്തിനാ ഏറെ! എന്ന് തോന്നിപ്പോകും.. കേട്ടത് തന്നെ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുകയല്ലേ...
1965 ൽ മുതലാളി എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളുമായി അരങ്ങേറി ശ്രീ പുകഴേന്തി..പ്രഗത്ഭമതികൾ അന്ന് അരങ്ങു തകർക്കുന്ന സമയം.. ആ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടില്ലേലുംൻ 1967 ൽ ഭാഗ്യമുദ്രയിലൂടെ വീണ്ടും ഭാഗ്യപരീക്ഷണം..
മാമ്പഴക്കൂട്ടത്തിൽ മൽഗോവയാണ് നീ മാസങ്ങളിൽ നല്ല കന്നിമാസം എന്ന കിടുക്കൻ ഗാനവുമായി തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു അദ്ദേഹം.. മധുരപ്രതീക്ഷകളുടെ പൂങ്കാവനത്തിൽ ആ മണിവേണുഗായകനെ
കണ്ടെത്തുകയായിരുന്നു ഞങ്ങൾ...
1969 ൽ വിലകുറഞ്ഞ മനുഷ്യർ എന്ന ചിത്രത്തിന് വേണ്ടി ഗോപുരകിളിവാതിലിൽ ഞാൻ നൂപുരധ്വനി കേട്ട നാൾ ഒരു നാടകഗാനത്തിന്റെ മധുരിമയോടെ , പുതുമയോടെ പാട്ടാസ്വാദകർ അനുഭവിച്ചു...
അങ്ങിനെ 1971 ലെ ആ മാസ്റ്റർപീസ് പിറന്നു... സുന്ദരരാവിൽ ...
പതിവ് ഗാനരചയിതാവിൽ നിന്നും ശ്രീകുമാരൻ തമ്പി ഭാവനകളോടൊപ്പം അദ്ദേഹം മറ്റൊരു സംഗീതലയം തീർത്തു...വീണ്ടും 1971 തന്നെ എന്നത്തേയും ആ അപാരസുന്ദരഗാനം പിറക്കുകയായിരുന്നു... പി ഭാസ്കരൻ രചനയോടൊപ്പം അപാരസുന്ദര നീലാകാശം എന്ന ഗാനം...പ്രപഞ്ചത്തിലെ സകലതിനെയും ചേർത്തുവെച്ചു കൊണ്ട് മനുഷ്യമനസ്സിലെ ഇത്തിരി ആശകളെയും, കുഞ്ഞുപ്രണയത്തെയും, നഷ്ടങ്ങളെയും എല്ലാം തഴുകി കടന്നുപോയ ഗാനം... അപാരതയിലെ സംഗീതം.. ചക്രവാളത്തിൽ അലയടിച്ചുയുർന്നു കൊണ്ടേ ഇരിക്കും... മനുഷ്യനുള്ളേടത്തോളം കാലം..
വിത്തുകൾ എന്ന ചലച്ചിത്രത്തിലെ ഈ ഗാനത്തോടൊപ്പം എസ് ജാനകിയുടെ ഗോപുരമുകളിൽ വാസന്തചന്ദ്രൻ ഗോരോചനക്കുറി വരച്ചു. എന്നതും ഏറെ ഹൃദ്യം...
1971 ൽ മൂന്നു പൂക്കളിലെ എല്ലാം ഗാനങ്ങളും ഹിറ്റായിരുന്നു..
ഒന്നാനാം പൂമരത്തിൽ....കണ്മുനയാലേ ചീട്ടുകൾ കശക്കി ..വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ ...സഖീ... കുങ്കുമമോ ...
എന്നിവയോരോന്നും വ്യത്യസ്തതകൾ നിറഞ്ഞ സൃഷ്ടികൾ ആയിരുന്നു.
1972 ലാണ് എസ് ജാനകിയുടെ മധുരശബ്ദത്തിലൂടെ ലോകം മുഴുവൻ സുഖം പകരാനുള്ള പ്രാർത്ഥന നിറഞ്ഞ ഗാനം... സ്നേഹദീപമേ മിഴി തുറക്കൂ എന്ന ചിത്രത്തിലെ പി ഭാസ്കരൻ്റെ , നന്മയെ പ്രകീർത്തിക്കുന്ന, പ്രകാശത്തെ കെടാതെ നിലനിർത്താൻ മനുഷ്യമനസ്സിനെ പാകപ്പെടുത്തുന്ന ആ ഗാനം.. അതിലെ തന്നെ രണ്ടു അപൂർവ പ്രണയഗാനങ്ങളും കേൾക്കേണ്ടതാണ്.. നിന്റെ മിഴികൾ നീല മിഴികൾ എന്നെയിന്നലെ ക്ഷണിച്ചു... എന്നത്.. ആ രാഗസ്വപ്നത്തിൻ തരംഗിണിയിലൂടെ മിഥുനങ്ങൾ ഒഴുകിയൊഴുകി ഏതോ വിജനതയിൽ ലയിക്കുന്ന, അല്ലെങ്കിൽ ഒന്നാവുന്ന മധുര സങ്കല്പങ്ങൾ.. എന്തൊരു സംഗീതം... എന്തൊരു ഭാവം.. കണ്ണടഞ്ഞുപോവും.. ചൈത്രമാസത്തിലെ ആദ്യത്തെ മുല്ലപ്പൂ പൊട്ടിചിരിച്ചപ്പോൾ എന്ന ഗാനവും എടുത്തുപറയേണ്ടത് ..
പിന്നീടിങ്ങോട്ട് അദ്ദേഹത്തിന് മലയാളത്തിൽ അവസരങ്ങൾ തീരെ ഇല്ലാതായതായി കാണുന്നു... ശ്രീകുമാരൻ തമ്പിയുടെ അഗ്നിപർവതം എന്ന ചിത്രത്തിലെ കുടുംബം ..സ്നേഹത്തിൻ പൊന്നമ്പലം ,,,, ഏണിപ്പടികൾ തകർന്നുവീണാൽ ... എന്നീ ഗാനങ്ങളും ഇത്തരുണത്തിൽ ഓർത്തുപോവുകയാണ്...
തമിഴിൽ കെ വി മഹാദേവന്റെ ഓർക്കസ്ട്ര ടീമിലെ അംഗമായി ഏറെ നാൾ.... ശങ്കരാഭരണത്തിലെ ഗാനങ്ങൾ ഒരുക്കുമ്പോൾ പുകഴേന്തി എന്ന സംഗീതജ്ഞന്റെ കഴിവും, പങ്കും അതിൽ നന്നായി ഇഴുകിച്ചേർന്നിരിക്കുന്നു അതിലെ ഗായകൻ ശ്രീ എസ് പി ബാലസുബ്രഹ്മണ്യം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്..
മലയാളത്തിന് എന്നെന്നും ഓർക്കാൻ കുറച്ചു മാത്രമേ തന്നിട്ടുള്ളുവെങ്കിലും അത് ഏതിരുളിലും ഉജ്വലപ്രകാശത്തോടെ ശോഭിക്കുന്ന കലാരത്നങ്ങൾ തന്നെയാണ്.

Wednesday, March 4, 2020

പാട്ടിന്റെ തൂമഞ്ഞുതുള്ളികൾ ...



1978 ൽ തന്റെ അമ്പതാമത്തെ വയസ്സിലാണ് ശ്രീ കാവാലം നാരായണപ്പണിക്കർ തന്റെ സിനിമാജീവിതം പുഷ്ടിപ്പെടുത്താൻ തുടങ്ങിയത്. അതായത് സിനിമാ ഗാനങ്ങളുടെ കൂട്ടുകെട്ടുകളിലേക്ക് കടന്നുവന്നത് . അതിനു മുൻപ് നാടകരംഗത്തെ ഒഴിച്ചുകൂടാനാവാത്ത ഒരു സാന്നിധ്യമായി നിറഞ്ഞുനിന്നിരുന്നു കാവാലം. പാരമ്പര്യത്തിലധിഷ്ഠിതമായൊരു നാടകസംരഭം ഒരുക്കിയെടുക്കുന്നതിൽ ശ്രദ്ധാലുവായി കഴിഞ്ഞിരുന്ന കാലങ്ങൾ. ഒഴുക്കൻ നാടകങ്ങളുടെ പോക്ക്  അതൃപ്തിയോടെ കണ്ടിരുന്ന കാവാലം പുതിയൊരു നാടകസംസ്കാരത്തിന്റെ കേളികൊട്ട് നടത്തുകയായിരുന്നു തനതുനാടകവേദി എന്ന പുതുപ്രസ്ഥാനത്തിലൂടെ . വേദികളിൽ നിന്നും ആൾക്കൂട്ടത്തിലേക്കു ഇറങ്ങി വന്ന കഥാപാത്രങ്ങൾ അതിശയിപ്പിക്കുന്ന ഭാവചലനങ്ങളോടെ പ്രേക്ഷകരോടൊപ്പം നിറഞ്ഞാടി. പാട്ടും, നൃത്തവും, വാദ്യങ്ങളുമായി പുതിയൊരു രീതിയിൽ. കവിതകളും , നാടകവും തമ്മിൽ ഒരഭേദ്യബന്ധം  ഉടലെടുക്കുകയായിരുന്നു . പഴമയിൽ നിന്നും ക്ലാസ്സിക്കൽ കലകളിൽ നിന്നും ഊർജ്ജമുൾക്കൊണ്ട ഒരു ഉശിരൻ രീതി. കൂടിയാട്ടം  തെയ്യം എന്നീ ക്ഷേത്രകലകളിൽ നിന്നും  ഊറ്റിയെടുത്ത  നാടൻ പാട്ടിന്റെ കൊട്ടിയൊരുക്കത്തിലൂടെ ജന്മനസ്സുകളിലേക്കു അത് കത്തിക്കയറി .. ആ  കാലത്തിന്റെ പ്രസരിപ്പിൽ നിന്നും സിനിമാഗാനങ്ങളിലേക്കു കാവാലം കുടിയേറിയപ്പോൾ ഇവിടെയും ഒരു തനതുസിനിമാസംസ്കാരം ഉടലെടുത്തു..

1978 ൽ വാടകയ്‌ക്കൊരു ഹൃദയം എന്ന ചലച്ചിത്രത്തിലൂടെ ഉഗ്രൻ തുടക്കം. പൂവാംകുഴലി പെണ്ണിനുണ്ടൊരു കിളുന്തു പോലുള്ള മനസ്സ് എന്ന ഗാനത്തോടെ...അതിലെ തന്നെ ഒഴിഞ്ഞ വീടിൻ ഉമ്മറക്കോടിക്ക് ഓടോടിമൈന ചിലച്ചു ..എന്നതും ഒരു പ്രത്യേക രീതിയിൽ എഴുതപ്പെട്ട ഗാനമാണ്. നാടൻ പദങ്ങൾ ഇടയ്ക്കിടെ ഉപയോഗപ്പെടുത്തി പാട്ടിന്റെ മറ്റൊരു പ്രപഞ്ചം സൃഷിടിച്ചു ശ്രീ കാവാലം.
പ്രാദേശിക പദങ്ങൾ പാട്ടിൽ നിറയ്ക്കുമ്പോൾ ഒരു പ്രത്യേക ഭാവം തന്നെ അവയ്ക്കു കൈവരുന്നു..
തമ്പിലെ കാനകപ്പെണ്ണ് ചെമ്പരത്തി .... ഉഷാരവി എന്ന പുതുഗായിക പരീക്ഷിക്കപ്പെട്ടു. ഒരു യമുനാ നദി ഓളം നിലയ്ക്കിലും ... എന്ന ഉഷാരവി ഗാനവും അക്കാലത്തു ശ്രദ്ധിക്കപ്പെട്ടു.
പത്മരാജന്റെ മാസ്റ്റർപീസായ രതിനിർവേദത്തിലെ ഗാനങ്ങൾ . ഒരു കൗമാരക്കാരനിൽ കാമത്തിന്റെയും, പ്രണയത്തിന്റെയും അലയൊലികൾ ഉയരുന്നതിന്റെ എല്ലാ വിമ്മിഷ്ടങ്ങളും , ഇളക്കങ്ങളും  തിരുതിരുമാരൻ കാവിൽ ആദ്യവസന്തം കൊടിയേറി എന്ന ഗാനത്തിൽ അടങ്ങിയിട്ടുണ്ട്.. അതിലെ തന്നെ മാധുരിയുടെ ശ്യാമാനന്ദനവനിയിൽ നിന്നും എന്നതും ഉശിരൻ ഗാനമാണ്.
അരവിന്ദന്റെ കുമ്മാട്ടി തന്റെ നാടകപ്രവർത്തനങ്ങളുടെ കാലങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് ആരമ്പത്താരമ്പത്താരമ്പത്ത് .... കറുകറെ കാർമുകിൽ കൊമ്പനാനപ്പുറത്ത് ... എന്നിവയിലൂടെ കാവാലം പൂർണനാവുന്നതും കണ്ടു നമ്മൾ ..ആരവം, കുമ്മാട്ടി എന്നിവയൊക്കെ കാവാലത്തിന്റെ എഴുത്തുകാരന്റെ തനതുസംസ്കാരം നിഴലിക്കുന്ന രചനകളാൽ നിറഞ്ഞവയാണ്..മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചുകെട്ടിത്താ ...ഇതിലെ വരികളിലൂടെയൊക്കെ സഞ്ചരിക്കുമ്പോൾ പാട്ടുവഴികളിലെ ഒരപൂർവതീരത്തു എത്തിപ്പെട്ട സന്തോഷമാണ്.. നാടും, കാടും,മണക്കുന്ന ആ പൊയ്പോയ തനിമയുടെ ഒരാവർത്തനം ...തനിയാവർത്തനം ..എൺപതുകളിലെ വേനൽ, ആലോലം ,മർമ്മരം ,ഇളക്കങ്ങൾ എന്നീ ചിത്രങ്ങളിലൊക്കെ അദ്ദേഹം  ഒരുക്കിയിട്ടുള്ള ഗാനങ്ങൾ ശ്രദ്ധേയമാണ്.  കാവാലം - എം ജി രാധാകൃഷ്‌ണൻ കൂട്ടുകെട്ട് ഒരുക്കിയ ഗാനങ്ങളുടെ പ്രത്യേകതകൾ പറഞ്ഞറിയിക്കാൻ ആവാത്തത്. തമ്പ് ,ആരവം , രണ്ടുജന്മം ,പൂരം, എന്നിവയിലൂടെ
തിളങ്ങിനിന്നപ്പോൾ എം ബി ശ്രീനിവാസൻ കൂട്ട് സമാനമായ ആ അനുഭൂതി പിന്നെയും പങ്കുവെയ്ക്കുകയുണ്ടായി .. വേനൽ , ഇളക്കങ്ങൾ എന്നിവയിലെ ഗാനങ്ങൾ ഉദാഹരണം..
ഇളക്കങ്ങളിലെ കൗമാരം കടന്നിട്ടില്ലാത്ത ഒരു പെൺകുട്ടിയുടെ മനസ്സിന്റെ ഇളക്കങ്ങൾ പാട്ടുകളിലൂടെ കാവാലം പൂർണമായും പകർത്തിവെച്ചു .
ആവണിരാത്തിങ്കൾ ഉദിച്ചില്ല എന്ന ഗാനത്തിൽ നായികയുടെ മാനസികാസ്വാസ്ഥ്യം എത്ര ഭംഗിയോടെയാണ് എഴുതിയിട്ടിരിക്കുന്നതു... ശാരദനീലാംബരപാളികളെ ... എന്ന ഗാനവും അസാധ്യം തന്നെ..ആലോലം, കാറ്റത്തെ കിളിക്കൂട് എന്നിവയിൽ രണ്ടിലും നായികയുടെ മാനസികോല്ലാസവും , കഠിനവ്യഥകളും പാട്ടുകളിലൊതുക്കി തരുമ്പോൾ നിർവൃതിയോടെ അതേറ്റുവാങ്ങാതെങ്ങിനെ !!
ആലോലത്തിലെ   വീണേ വീണേ വീണക്കുഞ്ഞേ...എന്നതിലെ സ്നേഹസ്വരങ്ങൾ വഴിമാറി വ്യഥയിലേക്ക് കൂപ്പുകുത്തിയപ്പോൾ
തണൽ വിരിക്കാൻ കുട നിവർത്തും സൗവർണാവസന്തം എന്ന വിഷാദഗാനംപിറന്നു... അതിലെ മഞ്ചാടിമോഹങ്ങൾ എന്ന പ്രയോഗം തന്നെ നോക്കൂ...

ഭക്തിഗാനങ്ങളായിട്ടല്ലെങ്കിലും ചില ഗാനങ്ങൾ ഒരുക്കേണ്ടി വന്നിട്ടുണ്ട് കാവാലത്തിനും . അത് സിനിമാ സന്ദർഭത്തിനു യോജിച്ച തരത്തിൽ സുന്ദരമാക്കുകയും ചെയ്തു. ഇളക്കങ്ങളിലെ തുഷാരമണികൾ തുളുമ്പി നിൽക്കും തുളസിപൂമാല ചാർത്താം നിന്നെ എന്ന വരികിൽ വ്യത്യസ്തത പുലർത്തുന്നു . മർമ്മരത്തിലെ കർണ്ണാമൃതം കണ്ണന് കർണ്ണാമൃതവും വേറിട്ട ഒരനുഭൂതിയല്ല കൈവരുത്തി തരുന്നത്..
കാറ്റത്തെ കിളിക്കൂടിലും ഗോപികയുടെ ഹൃദയരഹസ്യം വെളിപ്പെടുത്തുന്ന , കണ്ണനിലേക്കു രതിയുടെ മേഘസ്വപ്നങ്ങളായി ഒഴുകിയെത്തുന്ന ഗാനവും മറക്കാനാവില്ല.. ഗോപികേ .. നിൻ വിരൽ തുമ്പുരുമ്മി വിതുമ്പി....
പൂരം എന്ന ചിത്രത്തിലെ പ്രേമയമുനാ തീരവിഹാരം ശൃംഗാരസുഖസാരം....പതിവുരീതികളിൽ നിന്നൊക്കെ വേറിട്ടൊരു പ്രണയഗാനമാണ്..
ഉത്സവപ്പിറ്റേന്നിലെ പുലരിത്തൂമഞ്ഞുതുള്ളിയിൽ പുഞ്ചിരിയിട്ടു പ്രപഞ്ചം എന്ന കവിതാസമാനമായ ഗാനം നമുക്ക് നൽകിയതിന് ഈ ജന്മം തന്നെ കടപ്പെട്ടിരിക്കുന്നു.
ശ്യാം എന്ന സംഗീതസംവിധായകന്റെ പതിവ് രീതികളിൽ നിന്നും വേറിട്ട ഒരു കോമ്പോസിങ് ആണ് കാവാലം വരികളോടൊപ്പം ചേരുമ്പോൾ പുലർത്തുന്നത്. ആരൂഢത്തിലെയും, ആരോരുമറിയാതെയിലെയും , ആൾക്കൂട്ടത്തിൽ തനിയെയിലെയും ഗാനങ്ങൾ അതാണ് അനുഭവപ്പെടുത്തുന്നത്..
ആരൂഢത്തിലെ  കാത്തിരിപ്പൂ ...ആരോരുമറിയാതെയിലെ മൂടൽമഞ്ഞിൻ മൂവന്തി...കായാമ്പൂ കോർത്തുതരും ..ആൾക്കൂട്ടത്തിൽ തനിയെയിലെ  അല്ലിമലർ കണ്ണിൽ പൂങ്കിനാവും എന്നതൊക്കെ
ശ്യാം സംഗീതം സൃഷ്‌ടിച്ച മറ്റു ചില ലോകങ്ങളാണ്...
പടയോട്ടത്തിലൂടെ ഗുണസിംഗ് എത്തിയപ്പോൾ
രവീന്ദ്രൻ സംഗീതത്തിലൂടെ അഹത്തിലെ നിറങ്ങളെ ..
എന്നിവയും നമ്മൾ തൊട്ടറിഞ്ഞു....
ഗൗരവമായി പാട്ടിനെ സമീപിച്ച അപൂർവം കവികളിൽ ഒരാളാണ് ശ്രീ കാവാലം നാരായണപ്പണിക്കർ . ഒരപൂർവ്വനിധി നമ്മെ ഏൽപ്പിച്ചു കൊണ്ട് മൂന്നു വർഷം മുൻപ് അദ്ദേഹം നമ്മോടു വിടപറഞ്ഞുപോയി...

പാട്ടിൽ ഈ പാട്ടിൽ...


പാട്ടിൽ ഈ പാട്ടിൽ...
ശുദ്ധസംഗീതമൊഴിഞ്ഞുപോയിരുന്ന സിനിമാ നഭസ്സിൽ ഉദിച്ചു വന്ന പുതുതാരമായിരുന്നു ശ്രീ എം ജയചന്ദ്രൻ.സംഗീത കുലപതികളെല്ലാം ഏകദേശം മൺമറഞ്ഞുപോയ കാലഘട്ടം. പുതുയുഗത്തിലെ വരണ്ട മണ്ണിലേക്ക് എന്നിട്ടും പുതുമഴയായി രവീന്ദ്രൻ - ജോൺസൻ സംഗീതം വന്നു ചേർന്നു . ഏറെ കാലം അതാസ്വദിക്കാൻ യോഗമില്ലാതെ നമ്മൾ. 2005 ലും 2011 ലുമായി ഉദിച്ചുയർന്ന ആ നക്ഷത്രങ്ങൾ പൊടുന്നനവെ അസ്തമിക്കുകയും ചെയ്തു. ആ പ്രതിഭകൾക്കൊപ്പം ഒരു മത്സരാർത്ഥി ആവാതെ കുറച്ചു കാലം ജയചന്ദ്രൻ സംഗീതം നമ്മെ തൊട്ടു തലോടി നിന്നിരുന്നു. മലയാള സിനിമാ സംഗീതം അനുഭവിച്ച വല്ലാത്തൊരു ശൂന്യതയിലേക്കായിരുന്നു ജയചന്ദ്രൻ സംഗീതം പടർന്നു കയറിയത്. ശരിക്കും പറഞ്ഞാൽ മറ്റൊരു എതിരാളി ഇല്ലാത്ത ഒരിടത്തേക്ക് . പ്രഗത്ഭമതികളായ എഴുത്തുകാരും കുറവ്. മലയാള സിനിമാ സംഗീതം വല്ലപ്പോഴും ഇറങ്ങുന്ന ജയചന്ദ്രൻ സംഗീതത്തിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചു . മലയാളിയുടെ മനസ്സറിഞ്ഞു കൊണ്ട് വേണ്ടത് കൊടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അർദ്ധ ക്ലാസിക്കൽ , ലളിതസംഗീതം തുടങ്ങിയവയിലൊക്കെ അസാധാരണമായ മിടുക്ക് സൃഷ്ടിച്ചെടുക്കാനും കഴിഞ്ഞു എന്നത് കാലം സാക്ഷ്യം.
1995 ൽ ചന്ത എന്ന തട്ടുപൊളിപ്പൻ സിനിമയിലൂടെ അരങ്ങേറ്റം . ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിലൂടെ . എന്നാൽ പിന്നീട് 2001 ൽ ഇറങ്ങിയ നഗരവധു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടാൻ കഴിഞ്ഞു എന്നത് മറ്റൊരു സത്യം. പ്രഭാവർമ്മയുടെ "പൂന്തേൻ നേർമൊഴി " എന്ന അർദ്ധ ക്ലാസിക്കൽ ഗാനം ജയചന്ദ്രന് മലയാള സിനിമയിൽ ഒരു കസേര വലിച്ചിട്ടിരിക്കാനുള്ള അവസരം കൈവരുത്തി കൊടുത്തു .അതിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, വയലാർ ശരത്ചന്ദ്ര വർമ്മ എന്നിവരിലൂടെ മലയാള ഗാനശാഖ രണ്ടാമതും പൂവിടാൻ തുടങ്ങിയിരുന്നു. ഗിരീഷ് പുത്തഞ്ചേരി - ജയചന്ദ്രൻ കൂട്ടുകെട്ട് കുറെയേറെ നല്ല ഗാനങ്ങൾ പിറവിയെടുക്കാൻ കാരണമായി.
ഗൗരീ ശങ്കരത്തിലെ "ഉറങ്ങാതെ രാവുറങ്ങീല" എന്ന അതീവ സുന്ദരഗാനം വീണ്ടും വരികൾ ശ്രദ്ധിച്ചു കേൾക്കേണ്ട ആവശ്യകത നമ്മെ മനസ്സിലാക്കി തന്നത്. യുവമിഥുനങ്ങളുടെ ആദ്യരാത്രിയുടെ നിർവൃതിയടയാളങ്ങൾ എത്രയേറെ ഭംഗിയായി എഴുതി വെച്ചു ഗിരീഷ് ! ജയചന്ദ്രൻ ചിട്ടപ്പെടുത്തിയതോ ! അതിന്റെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ടും ... അതിലെ തന്നെ " കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ " എന്നതും ഹൃദ്യം . അച്ഛന്റെ ഓർമ്മകളിലേക്ക് , ആ സ്നേഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ബാലേട്ടനിലെ " ഇന്നലെ എന്റെ നെഞ്ചിലെ " എന്ന ഗാനം ഗിരീഷ് പുത്തഞ്ചേരിയുടെ എഴുത്തിലെ സുവർണ്ണ ഘട്ടമാണ് . നമ്മൾ തമ്മിലെ "ജൂണിലെ നിലാമഴയിൽ " എന്ന പ്രണയഗാനത്തിന്റെ വരികളും സംഗീതവും കൊതിപ്പിക്കുന്നത്. നമുക്ക് ഒന്നും നഷ്ടപ്പെട്ടുപോയിട്ടില്ല എന്നോര്പ്പിക്കുന്നത് . ചില നേരങ്ങളിൽ ചിലതെങ്കിലും നമുക്കായ് കാലം ഒരുക്കിത്തരുന്നു. നഷ്ടപ്പെട്ടുപോയ പ്രതാപകാലത്തിന്റെ ഓർമ്മകളിലേക്ക് മറ്റൊരു നനവായ് ഗിരീഷ്- ജയചന്ദ്രൻ കൂട്ടുകെട്ട് ... മാമ്പഴക്കാലത്തിലെ സുജാതയുടെ "കണ്ടു കണ്ടു കൊതി കൊണ്ട് വന്ന കുയിലേ " എന്നത് ഓർമ്മകളെ തഴുകി ഉണർത്തിയ നൊസ്റ്റാൾജിക് ഗാനം. സുജാതയ്ക്കും ഒരു ബ്രേക്ക് നൽകിയ ഗാനം. ജയചന്ദ്രന്റെ കഴിവ് പൂർണമായും നിഴലിച്ചു കണ്ടത് ഗിരീഷ് പുത്തഞ്ചേരി വരികളിലും , റഫീഖ് അഹമ്മദിന്റെ വരികളിലും ആണെന്ന് പറയുന്നതിൽ മടിക്കേണ്ട കാര്യമില്ല. ഒരു ഗിരീഷ് -ജയൻ തരംഗം തന്നെ ഉണ്ടായി.
കഥാവശേഷനിലെ " കണ്ണുനട്ട് കാത്തിരുന്നിട്ടും "
അകലെയിലെ അകലെ .. അകലെ .. ആരോ പാടി ..മധുചന്ദ്ര ലേഖയിലെ മല്ലികപ്പൂ...കുസുമവദനമോഹസുന്ദരാ ..ചക്കരമുത്തിലെ മറന്നുവോ പൂമകളെ ...കരിനീലക്കണ്ണിലെന്തെടീ ...കഥപറയുമ്പോഴിലെ മാമ്പുള്ളിക്കാവിൽ ..മാടമ്പിയിലെ അമ്മമഴക്കാറിനു കൺ നിറഞ്ഞു...എന്റെ ശാരികേ ...
ബനാറസിലെ മധുരം ഗായതി മീരാ ...ഇവർ വിവാഹിതരായാലിലെ എനിക്ക് പാടാനുണ്ടോരു പാട്ട് ..
എന്നതൊക്കെ ഇവരുടെ കൂട്ടുകെട്ടിലെ ഉജ്വല ഗാനങ്ങളാണ്...
കാലം ആ എഴുത്തുകാരനെ വർത്തമാനകാലത്തു നിന്നും കൂട്ടിക്കൊണ്ടുപോയപ്പോൾ എഴുത്തിന്റെ ഒരു നല്ല കാലം അവിടെ തീരുകയായിരുന്നു.
ആദ്യ കാലത്തെ ജയചന്ദ്രൻ ഗാനങ്ങൾ കുറെയേറെ പിറന്നത് ശ്രീ രമേശൻ നായരുടെ വരികളിലൂടെ ആയിരുന്നു.
വാൽക്കണ്ണാടിയിലെ മണിക്കുയിലെ ..പുണ്യത്തിലെ കുങ്കുമരാഗപരാഗമണിഞ്ഞൊരു ..വെള്ളിനക്ഷത്രത്തിലെ ചന്ദനമുകിലേ ..എന്നതൊക്കെ കവി രമേശൻ നായർക്കും സിനിമാ ചരിത്രത്തിൽ എന്നെന്നും തിളക്കത്തോടെ നിലനിൽക്കാനുള്ള അവസരവുമായി...
കൈതപ്രത്തിന്റെ കവിത തുളുമ്പുന്ന വരികൾക്ക് ഈണമിടാനും ജയചന്ദ്രന് കഴിഞ്ഞു.
പെരുമഴക്കാലത്തിലെ കല്ലായിക്കടവത്തെ എന്ന പഴയ പാട്ടുകാലത്തെ ഓർമ്മിപ്പിച്ച ഗാനത്തിന്റെ വരികളിലൂടെ ... അതിലെ തന്നെ മെഹറുബാ എന്നതും അന്ന് ഹിറ്റായിരുന്നു. രാക്കിളിതൻ വഴി മറയും എന്ന ഗാനം റഫീഖ് അഹമ്മദിന്റെ എഴുത്തിൽ എം ജയചന്ദ്രൻ തന്നെ ഈണമിട്ട പാടുകയും ചെയ്തു.
ബഹളസംഗീതത്തിന്റെ ഇന്നത്തെ കൂട്ടായ്മകളിലൊന്നും ശുദ്ധ സംഗീതത്തിന്റെ വക്താവായ ജയചന്ദ്രന്റെ പേര് വായിച്ചെടുക്കാൻ കഴിയില്ല എന്നത് ഏറെ ആശ്വാസകരം . കൂവിയാർക്കുന്നതിലും, പശ്ചാത്തല സംഗീത പെരുക്കങ്ങൾ തീർക്കുന്നവർക്കിടയിലും വിമ്മിഷ്ടപ്പെടുന്ന സംഗീതാസ്വാദകർക്ക് ജയചന്ദ്രൻ സംഗീതം ഒരത്താണി തന്നെയാണ്. ഉറപ്പായും. മലയാള സംഗീത സാമ്രാജ്യത്തിൽ ഒരൊറ്റപ്പെട്ട വ്യക്തിത്വം, ശരിക്കും പറഞ്ഞാൽ ഒറ്റയാൻ തന്നെ.. ഇന്ന് തീരെ എതിരാളികൾ ഇല്ല .. വല്ലപ്പോഴും ഇറങ്ങുന്ന ജയചന്ദ്രൻ സംഗീതം മാത്രം മലയാളസിനിമയ്ക്ക് ...
നോട്ടം എന്ന സിനിമ നൽകിയ നല്ലൊരു സംഗീതാനുഭവമുണ്ട്. പൊൻകുന്നം ദാമോദരന്റെ ഒരു പഴയകാല ഗാനം ഈ സിനിമയിൽ ഒരു പ്രണയഗാനമാക്കിയ വിരുത് പ്രശംസനീയം തന്നെ. പച്ചപ്പനംതത്തേ ... എന്ന ഗാനം അവിസ്മരണീയമായൊരു അനുഭവം ആയിരുന്നു. അതിലെ കൈതപ്രം എഴുതിയ മയങ്ങിപ്പോയി... എന്ന ഗാനം ചിത്രയ്ക്ക് സംസ്ഥാന അവാർഡ് നേടിക്കൊടുത്തത്.
നിവേദ്യത്തിലെ കൊലക്കുഴൽ വിളി കേട്ടോ എന്നത് ലോഹിതദാസ് - ജയചന്ദ്രൻ കൂട്ടുകെട്ടിലെ സുവർണാധ്യായം .
ജയചന്ദ്രൻ എന്ന സംഗീതജ്ഞൻ ചെയ്ത മറ്റൊരു കാര്യം എടുത്തുപറയേണ്ടത്.
അന്യഭാഷാഗായകർ ഇവിടെ സ്ഥിരപ്രതിഷ്ഠ ആവുന്നത് കാലങ്ങൾക്കു മുൻപേ തുടങ്ങിയത്. എങ്കിലും ശ്രേയാ ഘോഷാൽ എന്ന ഹിന്ദി ഗായികയുടെ പ്രവേശം മറ്റൊരു അനുഭവമായിരുന്നു. ഭാവസാന്ദ്രമായി വരികളെ , സംഗീതത്തെ സമീപിക്കുന്ന അനുഗ്രഹീത ഗായിക .. ബനാറസ് എന്ന ചിത്രത്തിലൂടെ ജയൻ സംഗീതം രുചിച്ചെത്തിയ ഗായികയ്ക്ക് " "ചാന്തുപ്പൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ " എന്ന ഗാനത്തിന് സ്റ്റേറ്റ് അവാർഡും ! " മധുരം ഗായതി മീര " എന്നതും ഹൃദ്യം ..
രതിനിർവേദം എന്ന പുതുപതിപ്പിലേക്ക് കണ്ണോളം ചിങ്കാരം...എന്ന ഗാനം .പ്രണയത്തിലെ പാട്ടിൽ ഈ പാട്ടിൽ ...
കളിമണ്ണിലെ ശലഭമായ് ...എന്ന് നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നു..കണ്ണോടു ചൊല്ലുണ് ..മുന്തിരിവള്ളികൾ തളിർക്കുമ്പോഴിലെ അത്തിമരക്കൊമ്പിൽ...ആമിയിലെ നീർമാതളപ്പൂവിനുള്ളിൽ ...പ്രണയമയീ രാധാ....ഒടിയനിലെ കൊണ്ടൊരാം ...മാനം തുടിക്കിണ് ...മാമാങ്കത്തിലെ മൂക്കുത്തി മൂക്കുത്തി കണ്ടില്ല..
എന്നതൊക്കെ അവാച്യമായൊരു ഭാവചാരുതയോട് ആലപിച്ചത്.
ഇനിയും കടന്നുവരാവുന്ന മറ്റൊരു ജയചന്ദ്രൻ മാജിക്കിനായി കാത്തിരിക്കുകയാണ് മലയാളസിനിമ. മലയാള സംഗീതം ഇന്നേറെ കടപ്പെട്ടിരിക്കുന്നത് ഈ സംഗീതജ്ഞനോടാണ് . ഊർദ്ധശ്വാസംവലിക്കുകയായിരുന്നതിനെ ശ്വാസം കൊടുത്ത് നിലനിർത്തിയിരിക്കുന്നതിന് .ഇന്നും ഏങ്ങി വലിഞ്ഞു പോകുന്നതിനെ ഇടയ്ക്കിടെ പിടിച്ചു നടത്തുന്നതിന്

എന്തെന്നറിയാത്തൊരാരാധനയുടെ ...



പാട്ടുകളൊഴുകിത്തീർന്ന വരണ്ട മണ്ണിലേക്ക് ജീവജലം തളിച്ചെത്തിയ പാട്ടെഴുത്തുകാരനാണ് ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി. കൗമാരത്തിലെയും ,യൗവ്വനാരംഭകാലത്തിലെയും ജീവിത പരീക്ഷണങ്ങൾ അനുഭവിച്ചറിഞ്ഞു വന്ന ഊർജ്വസ്വലനായ കവിയ്ക്ക് 1986 ൽ എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലൂടെ ഒരു പുതുജന്മം കൈവരുകയായിരുന്നു.ദേവദുന്ദുഭീ സാന്ദ്രലയം എന്ന അർദ്ധ ശാസ്ത്രീയ ഗാനം നൽകിയ ഉണർവിലൂടെ മലയാള ചലച്ചിത്ര സംഗീതവും വീണ്ടും പഴയകാല നിറവിലേക്കു നടന്നടുക്കുകയായിരുന്നു. അദ്ദേഹം രചിച്ച വരികൾക്ക് അന്നത്തെ മിക്ക സംഗീത സംവിധായകരും ഈണമിട്ട് പൊലിപ്പിച്ചിട്ടുണ്ട് .
സ്വന്തം രചനകൾക്ക് കവി തന്നെ ഈണമിടുന്ന ഒരു പുതു രീതിയുടെ തുടക്കവും കൈതപ്രത്തിലൂടെ സാധ്യമായി മലയാളത്തിന്. സത്യത്തിൽ മറ്റൊരിടത്തും അനുഭവിക്കാത്ത ഒരു ലയം ആ പാട്ടുകൾക്കുണ്ടായിരുന്നു എന്നത് പറയാതെങ്ങിനെ !!സ്വന്തം കുഞ്ഞിനെ താലോലിക്കുമ്പോഴും , ഒരുക്കുമ്പോഴും  ഒക്കെ ഉണ്ടാവാവുന്ന ആ ശ്രദ്ധ പോലെ തന്റെ വരികൾക്കും അത്രയേറെ ചേർന്ന ഈണങ്ങൾ നൽകി അദ്ദേഹം ..
ദേശാടനത്തിലൂടെ തുടക്കം കുറിച്ചു .1996 ..കളിവീടുറങ്ങിയല്ലോ എന്ന ഗാനം മൂളാത്തവർ ഉണ്ടാവില്ല ... മനസ്സുകളിലേക്ക് തറച്ചു കയറുന്ന സംഗീതം .. ദേശാടനം എന്ന ചിത്രം തന്നെ അത്തരത്തിലുള്ളതായിരുന്നല്ലോ. നമ്പൂതിരി സമുദായത്തിലെ ആചാര്യസ്ഥാനത്തേക്കു അവരോധിതനാവുന്ന ഒരു കൊച്ചു കുട്ടിയുടെ കഥ പറഞ്ഞ ചിത്രം. ജനിച്ച മനയും, അച്ഛനും അമ്മയും, എല്ലാം അന്യമായി തീരുന്ന ആ അവസ്ഥയെ ആ കുടുംബം എങ്ങിനെ തരണം ചെയ്യുന്നു എന്നതും വികാരതീവ്രതയുടെ മുൾമുനയിൽ നിന്നേ  പ്രേക്ഷകനും നോക്കിക്കാണാൻ പറ്റിയുള്ളൂ... കുട്ടിക്കാലത്തിന്റെ സുഖകരമായ നറുനിമിഷങ്ങൾ കോർത്തിണക്കിയ രണ്ടുമൂന്നു പാട്ടുകൾ ഉണ്ട്. നാവാമുകുന്ദ ഹരേ , നീലകാർമുകിൽ വർണ്ണനന്നേരം എന്നിവയൊക്കെ പൊയ്‌പോയകാലത്തിന്റെ ഏതൊക്കെയോ നാട്ടുവഴികളിലൂടെ , കഥാസാഗരങ്ങളിലൂടെ എല്ലാം നമ്മെ കൊണ്ടുപോകുകയും ചെയ്തു..
കളിവീടുറങ്ങിയല്ലോ, യാത്രയായി .. എന്നീ ഗാനങ്ങൾ നൽകുന്ന പിരിമുറുക്കത്തെ എങ്ങിനെയാണ് വർണ്ണിക്കുക. ബന്ധങ്ങളുടെ കെട്ടുപാടുകൾ തീർക്കുന്ന വലിച്ചിലും , വേദനയും, നഷ്ടബോധവും എല്ലാം കൂടെ കൂടികലർന്ന ആ ഗാനങ്ങൾ കൈതപ്രത്തിന്റെ എന്നത്തേയും ഹിറ്റാണ് ...1997 ൽ കളിയാട്ടം എന്ന ചിത്രത്തിലെ ഗാനങ്ങളും വളരെയേറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. എന്നോടെന്തിനീ പിണക്കം എന്ന ഗാനത്തിലൂടെ ഭാവനാ രാധാകൃഷ്ണൻ എന്ന പുതുഗായികയേ പരീക്ഷിക്കുകയും ചെയ്തു അദ്ദേഹം.  ദാമ്പത്യബന്ധത്തിലെ പൊരുത്തക്കേടുകളും , സംശയങ്ങളും ഇടകലർന്ന മനുഷ്യമനസ്സിന്റെ കളിയാട്ടങ്ങൾ കണ്ട് പ്രേക്ഷകർ അമ്പരന്നു. നിരവധി അവാർഡുകൾ നേടിയ ചിത്രം... പ്രണയഗാനത്തിന്റെ പുതിയ രീതികൾ പരീക്ഷിക്കപ്പെട്ട ചിത്രം. വണ്ണാത്തിപ്പുഴയുടെ തീരത്ത് ,,,  വേളിക്ക് വെളുപ്പാൻ കാലം  എന്ന ഗാനങ്ങളൊക്കെ 1997 ന്റെ രോമാഞ്ചങ്ങളാണ് ...1997 ൽ തന്നെ കാരുണ്യം എന്ന ചിത്രം. ഒരച്ഛന്റെയും മകന്റെയും സ്നേഹസമർപ്പണത്തിന്റെ ഗാഥ . ലോഹിതദാസിന്റെ മാസ്റ്റർ പീസ് . നിരാശാകാമുകന്റെ പ്രണയവീചികൾ കരഞ്ഞൊഴുകിയ ഗാനം ... മറക്കുമോ നീയെന്റെ മൗനഗാനം .. അതി തീവ്ര പ്രണയദുഖത്തിന്റെ നിശ്വാസ അലകൾ ഉയർന്നു പൊങ്ങിയ ഗാനം.. നല്ലൊരു കമ്പോസർ ആണെന്ന് കൈതപ്രം തെളിയിച്ച മറ്റൊരു ഗാനാൽഭുതം ...പൂമുഖം വിടർന്നാൽ പൂർണേന്തു എന്ന സുന്ദര പ്രണയഗാനം ... മരണം വരുത്തി വെക്കുന്ന ശൂന്യതയെ , തീരാനഷ്ടത്തെ , ഒരു അപൂർവ ദുഃഖഗാനത്തിലൂടെ കൈതപ്രം ഒരുക്കിവെക്കുകയുണ്ടായി... മറഞ്ഞുപോയതെന്തേ ... എന്ന ഗാനം മരണത്തിനു ശേഷം ഓർമ്മകളിൽ മാത്രം നിറയുന്ന നഷ്ടബന്ധങ്ങളെ ഓർമ്മപ്പെടുത്തുന്നു...വലംപിരി ശംഖിൽ പുണ്യോതകം  എന്ന ഗാനം ദാർശനിക സങ്കൽപ്പങ്ങളെ പുൽകുന്ന പാവം മനുഷ്യമനസ്സിന്റെ വിഭ്രാന്തികളെ കാട്ടിത്തരുന്നു..1998 ൽ താലോലത്തിലെ ഗാനങ്ങൾ ഇതേ ലെവലിൽ തന്നെ പാട്ടസ്വാദകർ കൊണ്ടാടുകയുണ്ടായി... ഇനിയെന്ന് കാണും മകളെ എന്നത് ദേശാടനത്തിലെ ഗാനത്തോട് ചേർന്ന് നിൽക്കുന്നു ..
വീണ്ടും 1998 ൽ ഒരു കൈതപ്രം മാജിക് .. എന്ന് സ്വന്തം ജാനകികുട്ടി . എം ടി വാസുദേവൻ നായരുടെ  തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്തത്. ഒരു സ്വപ്നാടന പെൺകുട്ടിയുടെ മനസ്സിന്റെ ഇളക്കങ്ങൾ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.. യക്ഷിക്കഥകൾ കേട്ട് വളരുന്ന ബാല്യത്തിന്റെ മൂപ്പിൽ നിന്നും കൗമാരത്തിന്റെ ഇളപ്പിലേക്ക് ഊർന്നുവീണ ജാനകിക്കുട്ടിയുടെ മായിക സങ്കൽപ്പങ്ങളുടെ വെണ്മനിറവ് .. ഒരു സുന്ദരാനുഭവം തന്നെയായിരുന്നു ആ സിനിമയും അതിലെ ഗാനങ്ങളൂം. പാർവണ പാൽമഴ പെയ്തൊഴിഞ്ഞു.. എന്ന നിലാവിന്റെ വെണ്മയും, തുടിപ്പും, ,കുളിരും നിറഞ്ഞ ഗാനം കോരിത്തരിപ്പോടെയേ അനുഭവിക്കാനാവുള്ളൂ... ചെമ്പകപ്പൂമൊട്ടിനുള്ളിൽ വസന്തം വന്നു എന്ന കാവ്യ സങ്കല്പം അത്രമേൽ വികാരവായ്പോടെ അനുഭവിപ്പിച്ചു ശ്രീ കൈതപ്രം...
പിന്നീട്  തട്ടകം ,ശാന്തം എന്നീ സിനിമകൾ വന്നു. അതിലൊക്കെ തന്നെ കഥയോട് ഏറെ നീതി പുലർത്തിയ ഗാനങ്ങളായിരുന്നു..  ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ ശിവരൂപമായേനെ എന്ന സമർപ്പണ സങ്കല്പം അതീവ ഹൃദ്യം ആയിരുന്നു. ശാന്തത്തിലെ ആറ്റുനോറ്റുണ്ടായൊരുണ്ണി എന്നതും അമ്മയുടെ പുത്രസ്നേഹത്തിന്റെ കോരിച്ചൊരിഞ്ഞ ആയിരം പറ .
ലളിതാംബികാ അന്തർജനത്തിന്റെ ഏക നോവലായ അഗ്നിസാക്ഷിയുടെ സിനിമാ രൂപവും ഏറെ മികച്ചതായിരുന്നു. അതിന്റെ ശക്തി ചോരാതെ തന്നെ ശ്യാമപ്രസാദിന് അത് ചലച്ചിത്രമാക്കാൻ കഴിഞ്ഞു.  തേതികുട്ടി എന്ന ദേവകി മാനമ്പള്ളി അന്തർജനത്തിന്റെ വളർച്ചയും, തളർച്ചയും നമ്മൾ കണ്ടു.. ഒടുവിൽ സുമിത്രാനന്ദ ആയി അവർ മോക്ഷം നേടിയോ !! ദാമ്പത്യ ജീവിതത്തിലെ ആഗ്രഹങ്ങളും, ആത്മീയതയുടെ മോക്ഷ സങ്കൽപ്പങ്ങളും തമ്മിലുള്ള സംഘട്ടനത്തിൽ തകർന്നു പോയത് കുറെ ജീവിതങ്ങളായിരുന്നു.  വാർത്തിങ്കളുദിക്കാത്ത വാസന്തരാത്രിയിൽ  .... ഈ ഗാനം ദാമ്പത്യത്തിന്റെ വിരഹസമ്പൂർണ്ണതയുടെ കനത്ത നിശ്വാസങ്ങളാണ് ...
തീർത്ഥാടനം എം ടി യുടെ കഥയെ ആസ്പദമാക്കി ചിത്രീകരിച്ച ചിത്രമാണ്.
എന്തെന്നറിയാത്തോരാരാധനയുടെ ആരോഹണസ്വരം പാടി...
ഈ ഗാനം ചിത്രയുടെ ഗാനസമ്പത്തിലെ വലിയൊരു ഈടുവെപ്പാണ് ...
വരികളും സംഗീതവും മികവിൽ മികച്ചത്...
ഇത്രയും ഗാനങ്ങൾ നൽകുന്ന അനുഭൂതി വിവരണാതീതമാണ് ...
വരികളും സംഗീതവും ഒരേപോലെ ഇങ്ങനെ നിർവൃതിദായകമായി നിലനിർത്താൻ കഴിയുന്നത് വിലമതിക്കാനാവാത്ത ഒരു കഴിവ് തന്നെയാണ്... നമ്മൾ ഭാഗ്യവാന്മാർ ... അത്രേ ഇപ്പോൾ പറയാൻ തോന്നുന്നുള്ളൂ..