ചിലരങ്ങിനെയാണ്. അവർ ചെയ്യേണ്ടുന്ന കർമ്മങ്ങൾ ചെയ്തുകഴിഞ്ഞാൽ പിന്നീട് കാലങ്ങളോളം മൗനിയായിപ്പോവും. പിന്നീടുള്ളതൊന്നും തന്നെ സ്പർശിക്കുകയെ ഇല്ല .ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന കെ ജെ ജോയ് എന്ന സംഗീതജ്ഞന് സ്നേഹാദരം അർപ്പിച്ചു കൊണ്ട് അൽപ്പം പറയാൻ തോന്നുന്നു...
എന്റെയൊക്കെ കൗമാര യൗവന തുടക്കങ്ങളിൽ മനസ്സിനെ സ്പർശിച്ച സംഗീത സംവിധായകരിൽ കെ ജെ ജോയും ഉണ്ടായിരുന്നു . മൂളി നടക്കാൻ തോന്നുന്ന ഒരു പിടി ഗാനങ്ങൾ . അതി ബഹളങ്ങളില്ലാത്ത പാട്ടുകൾ. അറുപത്തി രണ്ടോളം ചിത്രങ്ങൾക്ക് ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് കെ ജെ ജോയ്. അത്രയൊന്നും നിലവാരമില്ലാത്ത ചിത്രങ്ങളായിരുന്നു ഏറെയും. തട്ടുപൊളിപ്പൻ മസാലപ്പടങ്ങൾ. എന്നിട്ടും അതിൽ ഹൃദയത്തിൽ നിന്നൂറുന്ന സംഗീതം ഇടകലർന്നു പോയപ്പോൾ ഹൃദ്യമാവുകയും ചെയ്തു. അനശ്വര നടൻ ജയന്റെ അധിക ചിത്രങ്ങളിലെ പാട്ടുകൾക്കും സംഗീതം ചെയ്തത് ഇദ്ദേഹമാണ്. ശക്തി, മനുഷ്യമൃഗം തുടങ്ങിയവ ഉദാഹരണം.
ദാർശനിക ഗാനങ്ങൾ പോലുള്ളതും, വിഷാദഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിലും ഉള്ള അദ്ദേഹത്തിന്റെ ശ്രദ്ധ പല ഗാനങ്ങളിലൂടെയും നമ്മളിന്നും ഓർക്കുന്നു..
ചന്ദനച്ചോലയിലെ ഹൃദയം മറന്നു നാണയത്തുട്ടിന്റെ കിലുകിലാശബ്ദത്തിൽ എന്ന ഗാനം .അനർഘമാം രത്നമെന്നോർത്തു ഞാൻ ലാളിച്ചു ,കനലെന്നറിഞ്ഞപ്പോൾ നൊന്തുപോയി എന്ന വരികളിലെയൊക്കെ വേദന എന്റെ കൗമാരകാലം സ്വീകരിച്ചത്...
അതെ പോലെ ശക്തി എന്നതിലെ എവിടെയോ കളഞ്ഞു പോയ കൗമാരം ഇന്നെന്റെ ഓർമ്മയിൽ തിരയുന്നു... ഗദ്ഗദത്തോടെ ഓർത്തുപോവുന്ന ഒരു ഗാനം. അത്തരം സിനിമകൾക്ക് ആ പാട്ടുകൾ തന്നെയായിരുന്നു ജീവൻ.
ഇവനെന്റെ പ്രിയപുത്രനിലെ ഈ ജീവിതമൊരു പാരാവാരം എന്തെന്തപാരം എന്ന് കേട്ടപ്പോൾ ആ വരികളെ എത്രമാത്രമാണ് കവിതയിലേക്ക് ചേർത്തുവെച്ചതു എന്ന് മനസ്സിലോർത്തു പോയി.. സാഗരത്തെ ജീവിതത്തോടുപമിക്കുന്ന അനേകം കവിതകളും ഗാനങ്ങളും ഉണ്ട് എങ്കിലും ഇത് വേറിട്ട് നിൽക്കുന്നു. സംഗീതത്തിന്റെ മാഹാത്മ്യത്തിലൂടെ..
അനുപല്ലവിയിലെ എൻ സ്വരം പൂവിടും ഗാനമേ എന്ന അനശ്വരഗാനം മൂളാത്തവർ ഉണ്ടാവില്ല. രവികുമാർ എന്ന നടനൊക്കെ ലഭിച്ച അത്യപൂർവ നിമിഷങ്ങൾ ആണവ. ദുർബലമായ കഥകൾ ഉള്ള സിനിമകൾക്കായി പോയി ഇദ്ദേഹത്തിന്റെ സംഗീതം പകർന്നു കൊടുത്തത് ...എന്നിരുന്നാലും ആ പാട്ടുകളിലൂടെ മാത്രം അത്തരം സിനിമകളെ വീണ്ടും ഓർമ്മകളിലേക്ക് കൊണ്ടുവരുന്നതിനും കെ ജെ ജോയ് സംഗീതത്തിനോട് കടപ്പെട്ടിരിക്കുന്നു..
പട്ടാളം ജാനകിയിലെ തൂമഞ്ഞു തൂകുന്ന ചന്ദ്രോദയം പോൽ...
ആരാധനയിലെ പൊൻതാമരകൾ ...
സ്നേഹം ഒരു പ്രവാഹത്തിലെ മണിക്കിനാക്കൾ യാത്രയായി...
ഇവയൊക്കെ ശുദ്ധസംഗീതത്തിന്റെ ഇളം വെയിൽ നാളങ്ങളായി നമ്മെ തഴുകിയിരുന്നു..
പപ്പുവിലെ മധുമലർ താലമേന്തും ഹേമന്തം ...
മനുഷ്യമൃഗത്തിലെ അജന്താ ശില്പങ്ങളിൽ ...
എന്നീ ഗാനങ്ങൾ ഏഴു മിനുട്ടോളം നീണ്ടു നിൽക്കുന്ന സംഗീതാനുഭവം ആണ്. അർദ്ധക്ലാസിക്കൽ മൂഡിൽ ചെയ്തത്...
എൺപതുകളിലെ പാട്ടോർമ്മകളിൽ അങ്ങെന്നുമുണ്ടാകും .. ഇവിടെ പാട്ടുകൾ നിലനിൽക്കും കാലം വരെ അങ്ങയുടെ ഗാനങ്ങളും ഇവിടെ ഉണ്ടാകും...
സുഖാശംസകളോടെ....
"ഒരു ശാസ്ത്രഗ്രന്ഥവുമിന്നോളം കണ്ടില്ല
മനമെന്ന പ്രതിഭാസം സൂക്ഷ്മമായി ..."
No comments:
Post a Comment