Thursday, September 17, 2020

ചന്ദനലേപസുഗന്ധം ചൂടിയ ഗാനങ്ങൾ...

 

"ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾക്കെത്ര

കിനാക്കളുണ്ടായിരിക്കും..!

സന്ധ്യാമ്പരത്തിന്റെ മന്ദസ്മിതങ്ങളിൽ

അവയെത്ര അഴകുള്ളതായിരിക്കും!"


ഈ ഗാനം വെറുമൊരു പാട്ടെഴുത്തുകാരനിൽ നിന്നും വരില്ല. കവിയിൽ നിന്ന് തന്നെയാവും. ഉറപ്പ്. കവിതകളേക്കാൾ സുന്ദരമായ ഗാനങ്ങൾ ചലച്ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ പാട്ടിഷ്ടമിലാത്തവർ പിണങ്ങും. സത്യം കേൾക്കുമ്പോൾ പിണങ്ങിയിട്ടു കാര്യമില്ല. ഇത്തരം ഗാനങ്ങൾ വയലാർ, പി ഭാസ്കരൻ, ഓ എൻ വി കുറുപ്പ് എന്നിവരിൽ നിന്നും  നമുക്ക് ഏറെ കിട്ടിയിട്ടുണ്ട്. പാട്ടിന്റെ വഴികളിലൂടെ സഞ്ചരിക്കുന്നവർക്കത്‌ അനുഭവപ്പെടും. ഒഴുക്കൻ മട്ടിൽ പാട്ടു കേട്ട് പോകുന്നവർക്ക് ചിലപ്പോൾ കിട്ടിയെന്നു വരില്ല.


ഒരു ഐ എ എസ്സുകാരനായി ജോലി നിർവഹിച്ച ശ്രീ കെ ജയകുമാറിന്റെതാണ് മുകളിൽ പറഞ്ഞ വരികൾ..


"മഞ്ഞിന്റെ മറയിട്ടൊരോർമ്മകൾക്കുള്ളിൽ

മൃദുല നിലാവുദിക്കുമ്പോൾ

കാലം കെടുത്തിയ കാർത്തിക ദീപങ്ങൾ

താനേ തെളിയുകയാണോ

കാലത്താമരപ്പൂയിതളുകൾ പിന്നെയും

കാറ്റിൽ  തുടിക്കുകയാണോ  !!"


മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരിയിലെ സുഭദ്രയുടെ മാനസിക ഭാവങ്ങൾ എഴുത്തുകാരി ഉദ്ദേശിച്ചതിനേക്കാൾ ഉൽകൃഷ്ടമായി , യോജിച്ച തരത്തിൽ ഒരു പാട്ടിലൂടെ  കെ ജയകുമാർ അവതരിപ്പിച്ചു...

കാട്ടുകടമ്പിന്റെ നിശ്വാസ സൗരഭം ഒരു കരസ്പര്ശമായ് തീരും എന്ന വരിയിൽ എത്തുമ്പോൾ അതതിന്റെ ഉച്ചകോടിയിൽ നമ്മെ കൊണ്ടെത്തിക്കും...

നഷ്ടപ്പെട്ട നീലാംബരിയെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മഴ എന്ന ചലച്ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഇദ്ദേഹം എഴുതിയതാണ്. രവീന്ദ്രൻ എന്ന സംഗീതജ്ഞൻ തൊട്ടുഴിഞ്ഞ വരികൾ ഇത്രയും മധുരമാകാതിരിക്കുമോ !


എം കൃഷ്ണൻനായർ എന്ന സംവിധായകന്റെ മകൻ ആയ ജയകുമാറിന്റെ ആദ്യ ഗാനവും അച്ഛന്റെ സിനിമയിലൂടെ തന്നെയായിരുന്നു.

ഭദ്രദീപത്തിലെ  മന്ദാരമണമുള്ള കാറ്റേ നീയൊരു സന്ദേശവാഹകനല്ലേ ... എന്ന എം എസ് ബാബുരാജ് സംഗീതത്തിലൂടെ അരങ്ങേറ്റം..


പിന്നീടിറങ്ങിയ സിനിമ പ്രദർശനത്തിനെത്താതെ പോയി..

നീലക്കടമ്പ്‌ എന്ന ചലച്ചിത്രത്തിൽ രവീന്ദ്രന്റെ സംഗീതത്തിൽ യാത്ര തുടങ്ങുകയായിരുന്നു..

നീലകുറിഞ്ഞികൾ  പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു ..

കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി ഗുണദായിനി ...

ദീപം കയ്യിൽ സന്ധ്യാദീപം...

നീലകടമ്പുകളിൽ....


സൗമ്യമായ, പ്രണയഭരിതമായ, ശാന്തമായ നിമിഷങ്ങളെ പാട്ടുകളിലേക്കു ആവാഹിക്കുമ്പോൾ ജയകുമാർ എന്ന കവി ഉണരും..  അതിനി ഏതു തരത്തിലുള്ള സിനിമ ആയാലും..

എന്റെ കാണാക്കുയിലിലെ  ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യ സന്ധ്യാമ്പരം  എന്ന ഗാനത്തിലും അത്തരം ഭാവങ്ങൾ തെളിയുന്നുണ്ട്...


രവീന്ദ്രൻ സംഗീതം കെ ജയകുമാർ വരികൾക്ക് നൽകിയ ചാരുത എടുത്തു പറയേണ്ടതാണ്. അത് നീലക്കടമ്പ് ,മഴ,കിഴക്കുണരും പക്ഷി ,ബട്ടർഫ്‌ളൈസ് തുടങ്ങിയവയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും  ഓരോരോ കാലങ്ങളിൽ അതൊരു ബ്രേക്ക് തന്നെയായിരുന്നു...

കിഴക്കുണരും പക്ഷിയിലെ  സൗപർണ്ണികാമൃതവീചികൾ പാടും...

എന്ന ഗാനത്തിന്റെ മാധുര്യം നമ്മളനുഭവിച്ചറിഞ്ഞതാണ്...


ജോൺസന്റെ സംഗീതത്തിൽ ഒഴിവുകാലത്തിലെ  സായന്തനം നിഴൽ വീശിയില്ല എന്ന ഗാനം എഴുതിയ സന്ദർഭം അദ്ദേഹം ഏതോ അഭിമുഖത്തിൽ വിവരിച്ചിട്ടുണ്ട്... വർധക്യകാലത്തെ പ്രണയത്തിലും സായന്തനത്തിന്റെ നിഴൽ പോലും വീഴാത്ത ഭാവം...


അതെ പോലെ തന്നെ കൈകാര്യം ചെയ്ത സിനിമയാണ് ഒരു വടക്കൻ വീരഗാഥ .

അതിലെ ചന്ദനലേപസുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ ! എന്ന രീതി .

അസ്വസ്ഥനായ ചന്തുവിലെ കാമുകനെ പുറത്തുകാണിച്ച ഗാനം..


പാവക്കൂത്ത് ചിത്രത്തിന് വേണ്ടിയെഴുതിയ

"സാരംഗിമാറിലണിയും 

ഏതപൂർവ്വ ഗാനമോ !"

എന്ന ഗാനത്തിൻ്റെ പല്ലവി തെറ്റിധരിക്കപ്പെട്ടിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട് . സാരംഗി സംഗീതം ഹൃദ്യമെങ്കിലും അത് വലുതും  ഭംഗിയില്ലാത്തത്മായ ഉപകരണം ആണ് .അത് മാറിലണിഞ്ഞ് നടക്കാൻ ആവുമോ എന്ന് ചില വിമർശകർ അന്വേഷിച്ചതും , സാരംഗിയുടെ മനസ്സിൽ നിന്നുണരുന്ന അപൂർവ്വരാഗത്തെക്കുറിച്ചുമാണ് ഉദ്ദേശിച്ചതെന്ന് പറയേണ്ടി വന്നതും ...


പക്ഷെ എന്ന സിനിമയും അതിലെ ഗാനങ്ങളും .... ഒരപൂർവസൃഷ്ടി തന്നെയാണ് രണ്ടും.. രണ്ടു പാട്ടുകളും യോജിച്ച സന്ദർഭത്തിൽ മാത്രം ..

സൂര്യാംശുവോരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ ...

തുടിക്കുന്ന ഹൃദയങ്ങളുടെ മേളനം. അതത്രെ ഓരോ വരികളിലൂടെയിലും നിറഞ്ഞൊഴുകിയത് .

മൂവന്തിയായ്, പകലിൽ രാവിൻ വിരൽസ്പർശനം ...

എത്ര ഭാവോജ്വലമായി ഊർന്നുവീണ വരികൾ ! ആ രംഗത്തിനു പറ്റിയ വരികൾ ...


അദ്ദേഹത്തിന്റെ മറ്റു ഗാനങ്ങളിലൂടെയൊന്നും പോകുന്നില്ല. പ്രിയപ്പെട്ടതിൽ മുഴുകുക എന്നതാണിഷ്ടം . ഇനിയും ഭാവസമ്പുഷ്ടമായ ഗാനങ്ങൾ ഇദ്ദേഹത്തിൽ നിന്നും പിറക്കട്ടെ എന്നാശംസിക്കുന്നു...

No comments:

Post a Comment