Sunday, September 20, 2020

കലഹങ്ങളൊഴിയാത്ത കവിമനസ്സ്

 

"നൂറു കൊല്ലം തികഞ്ഞപ്പോൾ

വീട്ടിയും കുറ്റിയറ്റുവോ !

വീട്ടിയേക്കാൾ നമുക്കിന്നു

നേട്ടം മാഞ്ചിയമല്ലയോ !"


ഈ വരികളിൽ തിങ്ങി നിറയുന്ന രസങ്ങളേതൊക്കെ ! ആ കവി മനസ്സിന്റെ കലഹമല്ലേ ഇവിടെ തെളിയുന്നത്. പരിഹാസമാണോ ,  നിസ്സംഗതയാണോ ... പക്ഷെ യാഥാർഥ്യത്തിന്റെ ഒരു വീ ടി യുഗം അവസാനിച്ചിരിക്കുന്നു എന്ന ഗദ്ഗദം ഇവിടെ ഘനീഭവിച്ചു നിൽക്കുന്നത് വേദനയോടെ അനുഭവിക്കുന്നു.


"എല്ലാം മറക്കാം , നിലാവിന്റെ തോളത്തു

കൈയിട്ടൊരൽപ്പം നടക്കാം , കറുപ്പും

വെളുപ്പും കലർന്നോരാ പക്ഷികൾ

മരംകൊത്തിയുണ്ടാക്കിവെച്ചോരാ

കൂട്ടിലേയ്ക്കന്തിയിൽ ചേക്കേറിടുന്നപോൽ

രാത്രിയുടെ കൂരിരുൾ കീറിമുറിച്ചു

പതുക്കെപ്പതുക്കെ ചിരിച്ചു ചിരിച്ച്

ഗദ്ഗദം ദൂരെയെറിഞ്ഞു കൈനീട്ടുക

അത്ഭുതം! ജീവിതമെത്ര മനോഹരം ..."


മറ്റൊരു കവിതയിൽ ജീവിതത്തെ കോരിക്കുടിക്കുന്ന ദാഹാർത്തനായ കവിയുടെ ഭാവങ്ങൾ!സങ്കീർണതകൾ നിറഞ്ഞ ജീവിതത്തിന്റെ കയ്പ്പും, ദുഷിപ്പും എല്ലാം അനുഭവിക്കുമ്പോഴും സഖിയുടെ സാമീപ്യത്തിന്റെ അനിർവചനീയമായ ഒരു സുഖം കവി അനുഭവമാക്കിത്തരുന്നു .സഖി എന്ന കവിത ...


ഇത്രയും എഴുതി കഴിയുമ്പോൾ കവിയാരെന്നെല്ലാർക്കും  മനസ്സിലാകും.. മുല്ലനേഴി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മുല്ലനേഴി നീലകണ്ഠൻ .. !


നാറാണത്തു ഭ്രാന്തൻ എന്ന കവിത വായിക്കുമ്പോൾ ആ ചുടുകാട്ടിൽ അരി വേവാൻ കാത്തിരിക്കുന്ന , മന്ത്കാൽ തടവി തടവി കാളിയോട് കലഹിക്കുന്ന നിസ്സംഗനായ ഒരു മഹാനുഭാവനെ അറിയുന്നു.... ശ്രീമതി ജ്യോതിബായ് പരിയാടത്ത് അവിസ്മരണീയമാക്കിയ ചൊല്ലൽ കാവ്യം സുഗേയത്തിലുണ്ട്. അവർ പാടുമ്പോൾ പല വരികളിലും ഉന്മാദം കൊള്ളുന്നതായി തോന്നും... അത്ര സുന്ദരമായിരുന്നു... Jyothibai Pariyadath


അത്രയേറെ കവിതകളൊന്നും അറിയില്ല ഇദ്ദേഹത്തിന്റെ. എന്നാലും വളരെ കാലം മുൻപു എഴുതിയ ചില ഉണർത്തുപാട്ടുകൾ ഓർമ്മയിലുണ്ട്..


"പട്ടിണിയായ മനുഷ്യാ നീ

പുസ്തകം കയ്യിലെടുത്തോളൂ

പുത്തനൊരായുധമാണ് നിനക്കത്

പുസ്തകം കയ്യിലെടുത്തോളൂ.."


എന്ന അറിവിന്റെ മന്ത്രങ്ങൾ പഠിച്ചറിഞ്ഞു കൊണ്ട് ജീവിതത്തെ സധൈര്യം നേരിടാൻ ആഹ്വാനം ചെയ്ത  വിപ്ലവകാരിയെ നമ്മൾ മറന്നോ ! ലോകത്തിനു മുൻപിൽ വെച്ച് നീട്ടാൻ ഉദാഹരണങ്ങൾ ഏറെയുണ്ടെന്നു അദ്ദേഹത്തിനറിയാം. അറിവ് നേടിക്കഴിഞ്ഞാലേ ചതികൾ മനസ്സിലാക്കാൻ ആവൂ, ചുറ്റിനും നടക്കുന്ന ഹീനപ്രവർത്തികളുടെ തനിനിറം തിരിച്ചറിയാനാവൂ എന്നെല്ലാം അദ്ദേഹത്തിനറിയാം . മറക്കാനാവില്ല മുദ്രാവാക്യമായി നമ്മിലേക്ക്‌ പ്രവഹിച്ച  ആ നാദധാര ...


പ്രണാമം അർപ്പിച്ചു കൊണ്ടേ അതെഴുതാനാവുള്ളൂ..

ബ്രെഹ്റ്റിൻ്റെ അമ്മയ്ക്ക് വേണ്ടി മൊഴി മാറ്റിയെഴുതിയ ...

" എന്തിന്നധീരത !

ഇപ്പോൾ തുടങ്ങുവിൻ

എല്ലാം നിങ്ങൾ പഠിക്കേണം

തയ്യാറാകണമിപ്പോൾ തന്നെ

ആജ്ഞാശക്തിയായ് മാറീടാൻ "


ഒരാജ്ഞാസ്വരത്തിലുള്ള ഈ ആഹ്വാനം ചെവിക്കൊണ്ട എത്രപേർ പിന്നീട് ജന്മനസ്സുകളിലേക്ക് ഇറങ്ങി ചെന്ന് കാണും... പക്ഷെ അപ്പോഴും എത്ര ബധിരത നടിക്കുന്നവരെ ഇതുണർത്തി !!!


ഏറെയൊന്നും ഈയുള്ളവനറിയില്ല മഹാപ്രഭോ !!

അറിയുന്നതിവിടെ എഴുതി...


അമ്മയും നന്മയും ഒന്നാണ് .... എന്ന് പ്രകീർത്തിച്ച മഹാകവിക്ക്‌ പ്രണാമം അർപ്പിച്ചുകൊള്ളുന്നു..


NB : മുല്ലനേഴിയുടെ സിനിമാ ഗാനങ്ങളെ ഉൾപ്പെടുത്തി രണ്ടാഭാഗം പിന്നാലെ ...

No comments:

Post a Comment