പലപ്പോഴുമാലോചിക്കാറുണ്ട് കലാ സാംസ്കാരിക രംഗത്ത് മലയാളികൾ പേര് കേൾപ്പിച്ചു തുടങ്ങിയത് എന്നുമുതലാണ്. എഴുത്തിന്റെ ലോകത്തു നിന്നും മലയാളത്തിന്റെ സ്വരം കേൾപ്പിച്ചിട്ടും സിനിമ എന്ന കലയ്ക്ക് അയിത്തം കൽപ്പിച്ച ഒരു കാലം ഉണ്ടായിരുന്നു ഇവിടെ എന്ന് തോന്നുന്നു. അയൽ സംസ്ഥാനങ്ങൾ ഉയർച്ചകൾ നേടുമ്പോൾ പോലും നെടുവീർപ്പിട്ടിരുന്നുവോ കേരളം! മലയാള സിനിമയ്ക്ക് എന്നും വേദനയോടെ ഓർക്കേണ്ട സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. ജെ സി ഡാനിയേൽ എന്ന കലാ പ്രതിഭയെ കുരുതി കൊടുത്ത കലാനിലയം ആണ് കേരള മണ്ണ് . ആദ്യ സിനിമയോടെ തന്നെ അതിലെ നായികയായ റോസിയെയും , സംവിധായകനെയും ജാതി മത തീവ്രവാദികൾ കലയിൽ നിന്ന് വരെ തുരത്തി കളഞ്ഞ കഥ കാലങ്ങൾ കഴിഞ്ഞിട്ടും ഇന്നും വേദനയായി മനസ്സിൽ വിങ്ങുന്നുണ്ട്.. ജാതി വ്യവസ്ഥകൾ കൊടിതോരണങ്ങൾ തൂക്കി വിളയാടിയിരുന്ന കാലത്ത് ജീവിച്ചിരുന്ന നാവറുക്കപ്പെട്ട ആ ഒരു വിഭാഗം പേർക്ക് സ്‌നേഹാഞ്ജലികളോടെ....
ഇന്നതിനൊന്നും വ്യത്യാസം വന്നിട്ടില്ല. കേരളം ബഹുദൂരം മുന്നോട്ടു പോയെങ്കിലും പിന്നോട്ടടിച്ച മറ്റിടങ്ങൾ ഇന്നും സ്വതന്ത്രമായിട്ടില്ല. കലയ്ക്കു കൊല എന്ന മുദ്രാവാക്യം ജീവിതമുദ്രയാക്കിയവർ നടമാടുന്ന കാലം ആണിന്ന് . ഇന്ന് ജീവിതത്തിൽ നിന്നും ദൂരങ്ങളിലേക്കു റോസിയെ പോലെയോ,ദാനിയേലിന്റെ പോലെയോ തുരത്തപ്പെടുകയല്ല ചെയ്യുന്നത് എന്ന വ്യത്യാസം മാത്രം... പറഞ്ഞു വന്നത് സിനിമയിലേക്ക് അന്ന് ആന്ധ്രായിൽ നിന്നും, തമിഴ്‌നാട്ടിൽ നിന്നും കലാകാരന്മാരെ കൊണ്ടുവരികയായിരുന്നു.. നമ്മുടെ മനസ്സിലേക്ക് പ്രിയമുള്ളതൊക്കെ വീതിച്ചു തന്ന മറുനാട്ടുകാർ... അവരിൽ ഒരാളായി കൃഷ്ണവേണി എന്ന പേരാണെങ്കിലും ജിക്കി എന്ന പേരിൽ അറിയപ്പെടുന്ന വിഖ്യാത
ഗായിക...തമിഴ്‌നാട്ടിൽ ജനിച്ച ജിക്കി ആന്ധ്രാപ്രദേശ് സ്വദേശിനി ആയിരുന്നു. പതിനായിരത്തോളം ഗാനങ്ങൾ പല ഭാഷകളിലും ആലപിച്ചിട്ടുണ്ട് ജിക്കി . മലയാളത്തിൽ വളരെ കുറച്ചു ഗാനങ്ങളും പാടിയിട്ടുണ്ട്. എൽ ആർ ഈശ്വരിയെ കുറിച്ച് പറഞ്ഞ പോലെ മലയാളത്തിൽ ഏറെ സുഖാനുഭവപാട്ടുകൾ ഇവർ നൽകിയിട്ടില്ല. ഒന്നുമില്ലെന്ന് പറഞ്ഞുകൂടാ... അവരുടെ സുഖദമായ ശബ്ദം പാട്ടുകളാക്കിയ സംഗീതജ്ഞർ ഇവിടെ ഉണ്ടായിരുന്നു. എല്ലാ ഗായകർക്കും അവസരങ്ങൾ കൊടുക്കാൻ സന്മനസ് കാണിച്ചിട്ടുള്ളത് എം എസ് ബാബുരാജ് ആണെന്നത് സ്മരണീയമായ ഒരു കാര്യമാണ്.
കദളിവാഴ കയ്യിലിരുന്നു കാക്കയിന്നു വിരുന്നു വിളിച്ചു... എന്ന ഉമ്മയിലെ ഗാനം ഇന്നത്തെ തലമുറ പോലും മൂളുന്നത് ..
പൂവേ നല്ല പൂവേ നല്ല വെള്ളത്താമര പൂവേ...( പാലാട്ട് കോമൻ )
മഞ്ചാടിക്കിളി മൈന മൈലാഞ്ചിക്കിളി മൈന (കാട്ടുതുളസി )
മാല മാല മധുമലർ മാല ( സ്നേഹദീപം)
മുങ്ങി മുങ്ങി മുത്തുകൾ വരും മുക്കുവനെ ( കടലമ്മ )
ലഹരി ലഹരി ലഹരി ( ഭാര്യ )
അപ്പം തിന്നാൻ തപ്പു കൊട്ട് ( ഉമ്മ )
കഥ പറയാമോ കാറ്റേ (സ്ത്രീ ഹൃദയം )
ലായിലാഹാ ഇല്ലള്ളാ ( സുബൈദ )
ഇവയൊക്കെ സോളോ ആയും മറ്റു ഗായകരോടൊപ്പവും പാടിയത്. വിരലിലെണ്ണാവുന്ന ചിലതെ ഓർമ്മയിൽ വരുന്നുള്ളൂ.. ഗായകൻ എ എം രാജയുടെ ഭാര്യ എന്ന നിലയിലും ഇവർക്ക് ഏറെ അവസരങ്ങൾ കിട്ടിയിട്ടുണ്ട്..ജീവിതാവസാനം ദുരന്തകാലം ആയിപ്പോയി ജിക്കിക്ക് . ബ്രസ്റ്റ് ക്യാൻസർ ബാധിച്ച് മരണമടഞ്ഞ ഇവരെ അന്ന് സഹായിക്കാൻ ജയലളിത സർക്കാരും, ആന്ധ്രാ സർക്കാരും ഉണ്ടായിരുന്നു..
റിയാലിറ്റി ഷോകളൊന്നും ഇല്ലായിരുന്ന അക്കാലത്ത് പലതിനോടും പടവെട്ടി വേണം പാട്ടുകാർക്ക് പ്രസിദ്ധി നേടാൻ.. അത് ജാതീയതയായാലും , മത തീവ്രത ആയാലും ......
അഞ്ജലികൾ അർപ്പിച്ചു കൊണ്ട്...
No comments:
Post a Comment