പതിവ് രസങ്ങൾ അനുഭവിച്ചു കൊണ്ടിരുന്നവർക്ക് മുൻപിലേക്ക് പുതിയ രസാനുഭവവുമായി വന്ന വിരുന്നുകാരനാണ് ശ്രീ സലിൽ ചൗധരി . അദ്ദേഹം വിളമ്പിത്തന്ന പുതുരസം മലയാളസിനിമാ ഗാന ശ്രോതാക്കൾ മനസ്സ് നിറഞ്ഞു കൊണ്ടാസ്വദിച്ചു. നന്ദി പറഞ്ഞു . സലിൽ ദാ നന്ദി .. നന്ദി..
രചനാരംഗത്തും , സംഗീതരംഗത്തും മലയാളികൾ തന്നെ സ്ഥിരപ്രതിഷ്ഠ നേടിത്തുടങ്ങിയ കാലത്താണ് ഇദ്ദേഹത്തിന്റെ വരവും. അതും 1966 ൽ ചെമ്മീൻ എന്ന വിഖ്യാത സിനിമയിലേക്ക് . പ്രണയവും, മറ്റു ജീവിതോല്ലാസങ്ങളും , പകയും, വിരഹവും എല്ലാം നിറഞ്ഞു നിന്ന മലയാളത്തിന്റെ മുദ്ര പതിഞ്ഞ സിനിമ. സന്തോഷത്തിന്റെ ചാകര വന്നു പെടുന്ന അൽപ്പ നിമിഷങ്ങളിൽ ഉല്ലസിച്ചാടുന്ന കടലോരജീവിതങ്ങളെ ചിത്രത്തിലൂടെയും പാട്ടിലൂടെയും ലോകം മുഴുവൻ അറിഞ്ഞ നാളുകൾ . സംഗീത സംവിധായകൻ എന്ന നിലയിൽ സലിൽ ചൗധരി എന്ന പേരിനും പ്രസക്തി കൂടി...
നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ എന്ന് കടലിനോടു വിരഹകാമുകൻ ചോദിക്കുന്ന ഭാവം അനുഭവിച്ചറിഞ്ഞ പ്രേക്ഷകർ തീയേറ്ററിലും കണ്ണീർ പൊഴിച്ചിരിക്കാം... വയലാറിൽ തുടങ്ങിയ ആ സംഗീതയാത്രയിലെ ചലനങ്ങൾ ഇരുപത്തൊൻപതു കൊല്ലം ഇടതടവില്ലാതെ ഇവിടെ അലയടിച്ചു.ഇരുപത്തിയേഴോളം ചലച്ചിത്രങ്ങളെ ഉണ്ടായിരുന്നുള്ളൂ എന്നത് അത്ഭുതപ്പെടുത്തുന്നുണ്ട് . നൂറ്റി ഇരുപതോളം പാട്ടുകളും . അതിലേറെ അതിശയിപ്പിക്കുന്ന മറ്റൊരു സംഗതി ഉണ്ട്. സംഗീതം ചെയ്ത തൊണ്ണൂറ്റി അഞ്ചു ശതമാനം ഗാനങ്ങളും ഹിറ്റുകളായിരുന്നു എന്നതിലാണ്. കേരളം ഇന്നും ഏറ്റുപാടുന്നത് . ഇതിലൊക്കെ അപ്പുറംമറ്റൊരു അപൂർവ ഭാഗ്യവും സലിൽ ചൗധരിക്ക് സിദ്ധിച്ചിട്ടുണ്ട് മലയാളത്തിൽ നിന്ന് . വയലാർ, ഓ എൻ വി കുറുപ്പ് , ശ്രീകുമാരൻ തമ്പി , പി ഭാസ്കരൻ ഏറ്റവും അവസാനം കൈതപ്രം വരെ ,ഇത്രയും പേരിൽ നിന്നുള്ള വരികളെ മാത്രമേ ചിട്ടപ്പെടുത്തേണ്ടി വന്നിട്ടുള്ളൂ.... ലഭിച്ച ചിത്രങ്ങളുടെ മേന്മയെക്കാൾ ഈണം നൽകേണ്ട വരികളൊക്കെ പ്രഗത്ഭരുടെ മാത്രം. ഈ അത്യപൂർവ നിർവൃതി അനുഭവിക്കാൻ കഴിഞ്ഞു ഈ അന്യഭാഷാ സംഗീതജ്ഞന് ..
ഏഴു രാത്രികളിലെ കാടാറുമാസം നാടാറുമാസം ..
നെല്ലിലെ കാട്കുളിരിണ് ..നീലപൊന്മാനേ ..
രാഗത്തിലെ ഓമനത്തിങ്കൽപക്ഷീ...ആ കയ്യിലോ ...അമ്പാടിപൂങ്കുയിലെ .... നാടൻ പാട്ടിലെ മൈന ...
രാസലീലയിലെ മനയ്ക്കലെ തത്തെ .... നീയും വിധവയോ നിലാവേ ....
തോമാശ്ലീഹയിലെ വൃശ്ചികപ്പെണ്ണേ ..
നീലപൊന്മാനിലെ കിലു കിലും ... പൂമാലപ്പൂങ്കഴലീ ..കാട് കറുത്ത കാട്..
തുലാവർഷത്തിലെ കേളീ നളിനം വിടരുമോ ..യമുനേ നീ ഒഴുകൂ ...
സംഗീതം ചെയ്ത ചിത്രത്തിലെ എല്ലാ ഗാനങ്ങളും നമുക്ക് പരിചിതമെന്നതാണ് . ഒന്നും ഒഴിവാക്കാനാവില്ല.. പാട്ടുകൾ എടുത്തെഴുതുമ്പോൾ ഏതൊഴിവാക്കും എന്നറിയില്ല... എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ.
മലയാളത്തിന്റേതായിട്ടുള്ള ഒരു സംഗീത രീതി , നമ്മുടെ നാടൻ പാട്ടിന്റെ കൂടിച്ചേരൽ , കർണ്ണാട്ടിക് സംഗീതത്തിന്റെ നിറഞ്ഞ പെയ്ത്ത് ... അത്തരമൊരവസ്ഥയിലേക്കാണ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ, വടക്കെ ഇന്ത്യയിലെ നാടൻ സംഗീതത്തിന്റെ കൂട്ടുമായി ഒരു ബംഗാളിയുടെ വരവ്. കഴിവുള്ളവരെ എന്നും മലയാളി കൈവിട്ടിട്ടില്ല. അവരെ നമ്മളങ്ങു സ്വന്തമാക്കും. ബംഗാളി ആദിവാസി സംഗീതത്തിന്റെ ചൂരും, നാട്ടുവഴികളിലെ ഏകാന്ത ബാവുൽ ഗായകരുടെ സംഗീതതനിമയും എല്ലാം ഇടകലർന്ന ഒരു അപൂർവത. നമ്മുടെ പ്രിയപ്പെട്ട ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുക്ക, എ ടി ഉമ്മർ ,എം കെ അർജ്ജുനൻ എന്നിവരുടെ പാട്ടുകൾക്കൊപ്പം നമ്മളെടുത്തു വെച്ചു ഈ ബംഗാളി സംഗീതജ്ഞനെയും ..
സലിൽ ചൗധരിയുടെ പാട്ടുകൾക്ക് ഏറെ പ്രത്യേകതകളുണ്ട് . ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീകം പോലെയാണ് ഓരോ പാട്ടിന്റെയും വരവ്. തുള്ളിച്ചാടിയുള്ള വരവ് , കുതിച്ചൊഴുകിയുള്ള ആ പോക്ക്... പാട്ടിനു മുൻപേ പശ്ചാത്തല സംഗീതജ്ഞരുടെ ഒരു പെരുക്കമുണ്ട് . ആ താളത്തിലൂടെ മറ്റൊരു പുഴയായി പാട്ടും അതിലേക്കലിഞ്ഞു ചേരുന്നത് അനിർവചനീയമായ ഒരു അനുഭവമാണ്. നീലപൊന്മാനേ .. എന്ന നെല്ലിലെ ഗാനം മികച്ചൊരുദാഹരണം..പശ്ചാത്തല സംഗീതത്തിന് കൊഴുപ്പേകുന്ന രീതിയാണ് മിക്ക ഗാനങ്ങളിലും ഉൾപ്പെടുത്തിരിയിരിക്കുന്നത് . പൂമാനപൂങ്കുഴലീ ... എന്നതിലൊക്കെ അതെത്ര മാത്രം ലയനം സാധ്യമായിരിക്കുന്നു എന്ന് കേട്ടനുഭവിക്കണം. മീനാടും പെരിയാർ തടാകമേ ... ഇതൊന്നും മറക്കാനാവില്ല... കുതിക്കുന്ന സംഗീതം എന്ന് പറയുമ്പോൾ വ്യാകരണ തെറ്റുകൾ വന്നേക്കാം... എന്നാലും സലിൽ സംഗീതം കേൾക്കുമ്പോൾ ആ സ്പീഡ് അനുഭവിക്കാതെ പോകില്ല. മലയാളത്തിലെ മറ്റു മിക്ക സംഗീതജ്ഞരുടെയിലും പ്രണയ ഗാനങ്ങളിൽ ഇഴചേരുന്ന ഒരു നേർത്ത വിഷാദമുണ്ട് . പ്രണയത്തിന്റെ വിങ്ങലിൽ നിറഞ്ഞുതുളുമ്പുന്ന വൈകാരികത . അർജ്ജുനൻ സംഗീതത്തിൽ അതേറെ അനുഭവമാണ്. പ്രണയം അനുഭവിപ്പിക്കുന്ന ഉള്ളിന്റെ ഉള്ളിലെ കടച്ചിൽ . അതാണാ വിഷാദഭാവത്തിന്റെ പ്രതിഫലനം . അത് തീരെ അനുഭവപ്പെടില്ല എന്നത് സലിൽ സംഗീതത്തിന്റെ മറ്റൊരു പ്രത്യേകത. അതിൽ ഉല്ലാസം മാത്രം . മദനോത്സവത്തിലെ ഗാനങ്ങളിൽ അത് പ്രകടം. മേലെ പൂമാല താഴെ തേനല .. എന്ന ഗാനത്തിൽ സംഗീതത്തോടൊപ്പം കിതച്ചോടുന്ന വരികളെ നമുക്ക് മനസ്സിലാക്കാം. അതൊരു പോരായ്മ എന്ന് പറഞ്ഞതല്ല. അതൊരു സലിൽ സ്റ്റൈൽ ... അത്തരം ഗാനങ്ങളേറെ ഉണ്ട് ലിസ്റ്റിൽ .വിഷാദഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിൽ ഇദ്ദേഹം കാണിച്ച ശുഷ്ക്കാന്തിയാണ് ഏറെയും ഇവിടെ ചിരപ്രതിഷ്ഠ നേടാൻ മുഖ്യകാരണവും.
ചെമ്മീനിലെ മാനസമൈനേ വരൂ...രാസലീലയിലെ നീയും വിധവയോ നിലാവേ...തുലാവർഷത്തിലെ സ്വപ്നാടനം ഞാൻ തുടരുന്നു....ഏതോ ഒരു സ്വപ്നത്തിലെ ഒരു മുഖം മാത്രം കണ്ണിൽ ...മദനോത്സവത്തിലെ സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..... സാഗരമേ ശാന്തമാകൂ നീ.....നീ മായും നിലാവോ എൻ ജീവന്റെ കണ്ണീരോ ...പ്രതീക്ഷയിലെ ഓർമ്മകളെ കൈവള ചാർത്തി...ചുവന്ന ചിറകുകളിലെ പറന്നുപോയ് നീ അകലെ ....യാമിനി ദേവീ യാമിനി...എന്നിവയിലൊക്കെ ഖനീഭവിച്ച വിഷാദം കേൾക്കുന്നവരിലും ചലനങ്ങൾ സൃഷ്ടിക്കും..
വയലാർ കഴിഞ്ഞാൽ ഓ എൻ വി കുറുപ്പ് കൂട്ടുകെട്ടാണ് ഏറെ ഗാനങ്ങൾ സംഭാവന ചെയ്തത്. ഓ എൻ വി എഴുതിയ മികച്ച വരികളൊക്കെ സലിൽ സംഗീതത്തിലൂടെ ആണ് പാട്ടുകളായി ഇറങ്ങിയിരിക്കുന്നത് ..പക്ഷെ ഭാഷാപ്രശ്നം സലിൽ ചൗധരി എന്ന സംഗീതജ്ഞനെ വരികളിൽ പിടിച്ചുലച്ചിരിക്കാം എന്ന് തോന്നാറുണ്ട്. പലപ്പോഴും അതുകൊണ്ടാവും വരികൾക്ക് ചേർന്ന സംഗീതമായോ എന്ന് സംശയിച്ചുപോവുന്നതും . ഇത്രെയേറെ പുകഴ്ത്തി പറഞ്ഞിട്ട് സലിൽ ചൗധരിക്കിട്ടു പണിയുകയാണോ എന്ന് ചോദിക്കരുത്. പാട്ടുകൾ പലപ്പോഴും ഹിറ്റായിട്ടും വരികൾ അത്രയേറെ ശ്രദ്ധിക്കപ്പെട്ടോ , അംഗീകരിക്കപ്പെട്ടോ , മനസ്സിലാക്കപ്പെട്ടോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.
നീയും വിധവയോ നിലാവേ....എന്നത് പോലെ ഈ ഭാഷാപ്രശ്നം മാത്രം അല്പം മുഴച്ചു നിൽക്കുന്നുണ്ട്... വരികളിലെ കവിത മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നോ എന്നത് മാത്രം പ്രശ്നം..ഈ മഹാ പ്രതിഭയെ ചോദ്യം ചെയ്യാൻ ഞാനാര്!!!.
കടൽക്കഥ പറയുന്ന സിനിമയിൽ തുടങ്ങി മറ്റൊരു കടൽക്കഥ പറഞ്ഞ സിനിമയിൽ അവസാനിച്ച സംഗീത യാത്ര..ചെമ്മീൻ മുതൽ തുമ്പോളി കടപ്പുറം വരെ...ഇറങ്ങാത്ത ഒരു സിനിമയ്ക്ക് സംഗീതം ചെയ്തിട്ടുണ്ട് സലിൽ ചൗധരി.. എന്നാൽ മറ്റേതൊരു ഗാനങ്ങളെക്കാളും മികച്ച സംഗീതം അതിനു നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നിർഭാഗ്യവശാൽ റിലീസ് ചെയ്യപ്പെടാതെ പോയ ദേവദാസി എന്ന ചിത്രത്തിലെ 'പദരേണു തേടി അലഞ്ഞു ...''ഒരു നാൾ വിശന്നേറെ തളർന്നേതോ 'പൊന്നലയിൽ അമ്മാനമാടി ..എന്ന ഗാനങ്ങളൊക്കെ സിനിമ കാണാൻ കഴിയാതെ ആസ്വദിച്ച ഗാനങ്ങളാണ്..തുലാവർഷത്തിലെ സ്വപ്നാടനം ഞാൻ തുടരുന്നു എന്ന ഗാനം എഴുതിയത് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ആണ്. സലിൽ ചൗധരിയുടെ മികച്ചൊരു വിഷാദഗാനം ...ശ്രീകുമാരൻ തമ്പിയോടൊപ്പം വിഷുക്കണിയിലെ മലർക്കൊടി പോലെ എന്ന ഗാനം ഒരു വ്യത്യസ്ത താരാട്ടു പാട്ടാണ്. അതുവരെ നമ്മൾ കേൾക്കാത്ത രീതിയിലുള്ള ഒരു താരാട്ട് .
ഒരു അന്യഭാഷാ സംഗീതജ്ഞൻ മലയാളത്തിൽ വന്നിത്രയൊക്കെ തന്നില്ലേ... അത് മതി.. അദ്ദേഹത്തിന്റെ ഭൗതിക ശരീരം നിലവിലില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ നിന്നും ഊർന്നിറങ്ങി വന്ന സംഗീതം ....അതെന്നുമുണ്ടാകും... ഈ ലോകമുള്ള കാലം വരെ...
No comments:
Post a Comment