കലയും കച്ചവടവും നിറഞ്ഞാടുന്ന മേഖലയാണ് സിനിമാലോകം . ലക്ഷങ്ങൾ ജീവിതോബാധിയായി തിരഞ്ഞെടുത്തിരിക്കുന്നത് . എത്ര പേർ രക്ഷപ്പെട്ടു! എത്ര പേർ
നിരാശരായി പിൻവാങ്ങി! ചതിയുടെ തിരക്കഥകളിൽ നായികാ നായകന്മാർ ആവുന്നു. ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോവാൻ പിന്നീടാവാതെ ഒടുങ്ങിപ്പോയവരെത്ര !! അഭിനയിക്കുക , പാടുക, സംവിധാനം ചെയ്യുക എന്നിങ്ങനെയുള്ള മോഹങ്ങളുമായി സിനിമയെന്ന മായികാവലയത്തിലെത്തപ്പെട്ടവർ... അവരെയോർത്തു . വെറുതെ.വെറുതെ...
ചെന്നെയിൽ വർഷങ്ങൾക്കു മുൻപ് സിനിമയിൽ കോറസ് പാടാൻ പോയിരുന്ന ഒരു ഗായികയുടെ മകൾ. അമ്മയെ പോലെ കോറസ് ഗായികയാവാൻ കുരുന്നിലെ നിയോഗിക്കപ്പെട്ടവൾ . പക്ഷെ അവളുടെ നിയോഗം മാറ്റിമറിക്കപ്പെട്ടു. സോളോ ഗായികയായി പിന്നീട് ശ്രദ്ധിക്കപ്പെട്ട എൽ ആർ ഈശ്വരി എന്ന ഗായികയുടെ ജനനം തമിഴ് സിനിമയിൽ തീരുമാനിക്കപ്പെട്ടിരുന്നു. പല പല ഭാഷകളിലായി മുപ്പതിനായിരത്തോളം ഗാനങ്ങൾ ! മലയാളത്തിലെ പഴയ കാല ഗായികമാരുടെ കൂടെ ഇവിടെയും വന്നു.. സുശീല-ജാനകി- വസന്ത- മാധുരി എന്നിവർക്കൊക്കെ എങ്ങനെയായാലും പൊതുവിൽ ചില പൊരുത്തങ്ങളുണ്ട്, ഭാവങ്ങളുണ്ട് ... എന്നാൽ ഇവരിൽ നിന്നൊക്കെ അനുഭവപ്പെടുന്ന ഒരു ഭാവം ആയിരുന്നില്ല ഈശ്വരിക്ക് ... അത് ചിലപ്പോൾ പതിഞ്ഞ സ്വരത്തിലാവാം. അതിലേറെ ഇളകിമറിഞ്ഞ ശബ്ദങ്ങളാവാം...ഊർജസ്വലത കൂടിയ ഒരു ശബ്ദവിന്യാസമായിരുന്നു അവരുടേത്. മലയാളത്തിൽ ഏകദേശം നൂറോളം ഗാനങ്ങളെ ഇവർ ആലപിച്ചിട്ടുള്ളൂ...തുടക്കത്തിൽ ഒരു ഒതുങ്ങിയ മട്ടിൽ പാട്ടുകളൊഴുകിയപ്പോൾ മലയാളത്തിലെ ആ പത്തു വർഷങ്ങൾ കൊണ്ട് ഏകദേശം എല്ലാ തരത്തിലുള്ള ഗാനങ്ങളും ഇവർ പാടിയിട്ടുണ്ട്.സോളോയെക്കാളും മറ്റു ഗായകരോടൊപ്പം ആണ് കൂടുതലും . .
എന്റെ കുട്ടിക്കാലത്തു ഞാൻ പാടി നടന്നിരുന്ന ഒരു ഗാനമുണ്ട്.
അച്ചാണിയിലെ "മാറിൽ സ്വമന്തക രത്നം ചാർത്തി മറക്കുട ചൂടിയ രാത്രി "...അതിലെ ഭാവോല്ലാസം അതി തീവ്രമാണ് . ശരിക്കും സിനിമയിലെ രംഗത്തിൽ വേണ്ടതിനേക്കാൾ കൂടുതൽ ഭാവം വരികളിൽ ചെലുത്തിയോ എന്ന് സംശയിച്ചേക്കാം .. പക്ഷെ അതവരുടെ രീതി ആയിരുന്നു... എം എസ് വിശ്വനാഥന്റെ പ്രിയഗായിക ആയിരുന്നു എൽ ആർ ഈശ്വരി ..
അൻപത്താറു വർഷം മുൻപ് ഭർത്താവ് എന്ന ചിത്രത്തിൽ കാക്കക്കുയിലെ ചൊല്ലൂ കൈ നോക്കാനറിയാമോ എന്ന ഗാനം യേശുദാസിനോടൊപ്പം ...
എൽ ആർ ഈശ്വരി ഏറെ ശ്രദ്ധിക്കപ്പെട്ടത് കുട്ടിക്കുപ്പായം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളിലൂടെ ആണ്.. എം എസ് ബാബുരാജിന്റെ തനിമയാർന്ന സംഗീതം...
ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ....
പുള്ളിമാനല്ല , മയിലല്ല, മധുരകരിമ്പല്ല ...
ഉമ്മയ്ക്കും ബാപ്പയ്ക്കും ...
എന്ന ഗാനങ്ങളൊക്കെ വലിയ ഹിറ്റുകളായി അന്നത്തെ ഓലടാക്കീസുകൾ കൊണ്ടാടിയ കഥകൾ പറഞ്ഞുകേട്ടിട്ടുണ്ട് ...
അൾത്താരയിലെ ഓണത്തുമ്പീ വന്നാട്ടെ ഓമനതുമ്പീ വന്നാട്ടെ...
സുബൈദയിലെ ഒരു കുടുക്ക പൊന്നു തരാം...
അർച്ചനയിലെ എത്ര കണ്ടാലും കൊതിതീരുകില്ലെനിക്കെത്ര കണ്ടാലുമീ ചിത്രം...
ചിലമ്പൊലിയിലെ കല്ല്യാണ രാത്രിയിൽ കള്ളിയവർ ...
അനാർക്കലിയിലെ അരുതേ അരുതേ..
എന്നൊതൊക്കെ ആണ് ഓർമ്മയിൽ വന്നു പോവുന്ന പാട്ടുകൾ....
പക്ഷെ മലയാള സിനിമ ഇവർക്ക് കൊടുത്തിരിക്കുന്ന പാട്ടുകൾ ഏറെയും മദനനർത്തന ഭാവങ്ങളിലൂടെ ആലപിക്കേണ്ട ഗാനങ്ങളാണ്. കുറെയേറെ ഡാൻസ് ഗാനങ്ങൾ ഉണ്ട് അവരുടേതായി. കാര്യമായി മലയാള സിനിമ ഇവരുടെ ശബ്ദത്തെ ഉപയോഗപ്പെടുത്തിയില്ല എന്നത് ഖേദകരമാണ്...
തിരകൾ എഴുതിയ കവിത എന്ന ഡബ്ബിങ് ചിത്രത്തിന് വേണ്ടി പാടിയ പാട്ടും നന്നായിരുന്നു... ബലേ ബലേ ആസാമി നീ.. എന്ന പാട്ടിലെ സ്വരം എല്ലാം അപ്പോഴേക്കും മാറിയിരുന്നു...
ദക്ഷിണേന്ത്യയിൽ നിന്നും ആയി രണ്ടു സംസ്ഥാനങ്ങളിൽ നിന്നും 12 സ്റ്റേറ്റ് അവാർഡും , തമിഴ്‌നാടിന്റെ പ്രത്യേക പുരസ്കാരങ്ങളും നേടിയിട്ടുണ്ട് ഈ അനുഗ്രഹീത ഗായിക...
No comments:
Post a Comment