Friday, September 11, 2020

മൌനം വാചാലം

 ഒരു പുസ്തകം വായിക്കുമ്പോൾ നമ്മിലേക്ക്‌ സംക്രമിക്കുന്ന ഊർജ്ജം ഉണ്ട്, അതാണ് ആദ്യ നിരൂപണം .അത് അനുഭവിച്ചില്ലെങ്കിൽ നിരൂപണം വെറും വിമർശനം മാത്രമായിപ്പോവും. ചിന്തകൾ വാക്കുകളായി പുസ്തകങ്ങളിൽ നിറയുമ്പോൾ അത് വായനക്കാരനിൽ ഏൽപ്പിക്കുന്ന വിവരണാതീതമായ വികാരങ്ങളുമുണ്ട് . അവിടെ ഒന്നും പറയാനാവാതെ വായനക്കാരൻ മൗനിയായി പോവാറുമുണ്ട്. ചില പുസ്തകങ്ങൾ വായിച്ചിട്ട് ദിവസങ്ങൾ ആരോടും ഒന്നും മിണ്ടാനാവാതെ പോയിട്ടുണ്ട്. ആ പുസ്തകത്തിൽ , അക്ഷരങ്ങളിൽ ഒട്ടിപ്പിടിച്ചു പോയിട്ടുണ്ട് മനസ്സ്. വീണ്ടെടുക്കാൻ ദിവസങ്ങൾ എടുക്കും. പിന്നീടെപ്പോഴോ ആയിരിക്കും അതിനൊക്കെ ഒരു കുറിപ്പെങ്കിലും എഴുതാൻ ആവുക.. 


ലോകം മുഴുവൻ ഒരു രോഗത്തിന്റെ പിടിയിൽ അമർന്നിരിക്കുന്ന ഈ വേളയിൽ തന്നെ ആയി ശ്രീമതി സുജാത ദേവിയുടെ A littile silence ( ഇത്തിരി മൗനം ) വായിക്കുന്നതും. പടർന്നു പിടിക്കാതിരിക്കാൻ അതീവ ജാഗ്രത പുലർത്തേണ്ടുന്ന ഒരു രോഗാവസ്ഥ. ഒരു കൈയ്യകലത്തിൽ നിന്ന് പോലും നീരാളികൈകൾ പോലെ നീട്ടി പിടിക്കുന്ന രോഗം. മഹാരോഗങ്ങൾക്കു മേൽ ഇന്നും കീഴ്പ്പെട്ടു പോവുന്ന അവസ്ഥ തന്നെയാണ് ലോകജനത നേരിടുന്ന വലിയ വെല്ലുവിളി. ലോകത്തെ മുഴുവൻ വീട്ടിനകത്തടച്ചിരുത്തുന്ന ഈ സാംക്രമിക രോഗത്തിന്റെ നേർ വിപരീതാവസ്ഥ ആണ് മറ്റൊരു മഹാരോഗം വരുത്തുന്നത് . മനുഷ്യനെ ഇന്നും ഭീതിയിലാഴ്ത്തുന്ന മഹാരോഗമായ അർബുദത്തിന്റെ കാര്യമാണ് ഉദ്ദേശിച്ചത്. ഇതൊരു പകർച്ചവ്യാധിയല്ല . ഒരു വ്യക്തിയെ മാത്രം വീട്ടിലടച്ചിടുന്ന രോഗാവസ്ഥകൾ . സകലതും അനുഭവിക്കേണ്ടത് ഒരാൾ മാത്രം. സഹജീവികൾ അവരുടെ യാതനകളോട് ചേർന്ന് നിൽക്കുന്നുണ്ടെങ്കിലും ... 

ഒരു രോഗം വന്നു ചേരുന്നതിന്റെ നേരിയ ചലനങ്ങൾ മുതൽ അത് തീർച്ചപ്പെടുത്തുന്ന നിമിഷങ്ങളിൽ തുടങ്ങി അത് വരുത്തി വെക്കുന്ന ശാരീരികവും മാനസികവുമായ അതി തീവ്ര വേദനകളിലൂടെ അതിനെ നേരിട്ട് കൊണ്ട് അതി ശക്തമായി പ്രതികരിച്ചു കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ഏകദേശം ഒരു കൊല്ലത്തെ അവസ്ഥകളാണ് ഈ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കുന്നത് .ക്യാൻസറിനോടുള്ള ഭീതി തീരെ ഒഴിയാത്ത ഒരാവസ്ഥയാണിന്നും. രോഗമുക്തി ഏറെ വർദ്ധിച്ചിട്ടുണ്ടെങ്കിലും .. ഈയൊരസുഖം വരുത്തി വെക്കുന്ന കനത്ത സാമ്പത്തികചിലവുകളും , ശാരീരികമായി അനുഭവിക്കേണ്ടി വരുന്ന ചികിത്സാ യാതനകളും , പാർശ്വഫലങ്ങൾ ഞെക്കി ഞെരുക്കുന്ന വേദനകളും എല്ലാം ഇന്നും ഭയപ്പാടോടെ തന്നെയാണ് നമ്മൾ കേട്ടറിയുന്നതും, ബന്ധു ജനങ്ങളിൽ നിന്നും അനുഭവിച്ചറിയുന്നതും. ഏതൊരസുഖത്തിനും രോഗാവസ്ഥയിൽ തന്നെ കൈവരുത്തി കൊടുക്കുന്ന ചില മാനസികാശ്വാസങ്ങൾ ഉണ്ട്. അതി ശക്തമായ ഒരു താങ്ങ് ബന്ധുജനങ്ങളിൽ നിന്നും തങ്ങളെ സ്നേഹിക്കുന്ന മറ്റുള്ളവരിൽ നിന്നും അനുഭവപ്പെടുമ്പോൾ ഉണ്ടാകാവുന്ന ഒന്ന്. അത് രോഗമുക്തിക്കു തന്നെ വേഗം കൂട്ടുകയും ചെയ്യും. മരുന്നുകൾ മാത്രമല്ല ഒരു രോഗത്തിന്റെ പ്രതിവിധി. ചികിത്സ നൽകുന്ന ആശുപത്രി , ഡോക്ടർ എന്നിവരിൽ തുടങ്ങി കൂടെ നിൽക്കുന്നവർ തുടങ്ങിയവരിൽ  കൂടി പടരുന്ന ചികിത്സാരീതി ..ഇതിലൊക്കെ അപ്പുറം തന്നിൽ തന്നെയുള്ള വിശ്വാസം . അത് പകർന്നു കിട്ടുന്നതിനേക്കാൾ വലുതാണ്. അസുഖത്തെ നേരിടുന്ന രോഗിയുടെ ചിന്തകൾ , പ്രവർത്തനങ്ങൾ തുടങ്ങിയവയൊക്കെ രോഗവിമുക്തിക്കും സഹായകമായതാണ്.  സുജാതാ ദേവിയുടെ കാര്യത്തിൽ അവർ ഭാഗ്യം ചെയ്തവരാണ് എന്ന് പുസ്തകം വായിക്കുന്നവർക്ക് മനസ്സിലാകും. അവരുടെയും ഭർത്താവിന്റെയും കുടുംബക്കാർ ഏതു നിമിഷവും എന്ത് സഹായവും ചെയ്യാൻ സന്നദ്ധരായവർ .. അവർ മഹാഭാഗ്യം ചെയ്തവരാണ്. ക്യാൻസർ രോഗി ആണെന്നറിഞ്ഞാൽ കൈയൊഴിയുന്ന ബന്ധുക്കളെയും,സ്നേഹിതരെയും ഏറെ കണ്ടിട്ടുണ്ട്..  

കോഴിക്കോട്ടെ എം വി ആർ ക്യാൻസർ സെന്ററിൽ ആയിരുന്നു ഇവർക്ക് ചികിത്സ നൽകിയിരുന്നത്. ആ ഹോസ്പിറ്റലിന്റെ വൃത്തിയും വെടിപ്പും മുതൽ ചികിൽസിച്ചിരുന്ന ഡോക്ടർ പ്രശാന്ത് പരമേശ്വരന്റെ നിറഞ്ഞ ചിരിയും, സാന്ത്വനമായി പുറത്തുള്ള ഡോക്ടറുടെ ഒരു തട്ടും കൂടിയായപ്പോൾ സുജാതയിലെ രോഗി പിൻവലിയാൻ തുടങ്ങിയിരുന്നു. പിന്നീടുള്ള ചികിത്സാ നാളുകളിലെ വേദനാജനകമായ പല നിമിഷങ്ങളും വന്നു പോവുന്നുണ്ട്. അതിനെയൊക്കെ നേരിടുന്ന ഇവരുടെ മനഃസാന്നിധ്യം എടുത്തു പറയേണ്ടതാണ്. വായനകളിൽ കൂടി ,ശുദ്ധസംഗീതത്തിൽ ലയിച്ചു ചേരാനായതിൽ കൂടി വേദനകളെ പുറംതള്ളിച്ചു കൊണ്ടും രോഗത്തിനെ  സ്വയം പ്രതിരോധിച്ചു കൊണ്ടും എടുത്ത ശരിയായ തീരുമാനങ്ങൾ രോഗത്തിൽ നിന്നും വഴുതി മാറാൻ ഏറെ സഹായിച്ചിട്ടുണ്ട്.  നിസ്വാർത്ഥ സ്നേഹത്തിന്റെ പരിചരണങ്ങൾ തീർച്ചയായും വലിയൊരു താങ്ങായി ഇവർക്ക് ലഭിച്ചതും പറഞ്ഞേ തീരൂ. 

ഈ ഒരു രോഗാവസ്ഥ വരുത്തി വയ്ക്കുന്ന സാമ്പത്തിക ബാധ്യതകൾ ആണ് 

പലരെയും വിഷമിപ്പിക്കുന്നതും. സ്റ്റാർ ഹെൽത് ഇൻഷുറൻസ് മുഖേനെ ചികിത്സാ ചിലവുകൾ മുട്ടില്ലാതെ നടന്നുവെങ്കിലും സാധാരണക്കാർക്ക് അത് പോലും അപ്രാപ്യമായ കാലം ആണ്. സാമ്പത്തികാടിത്തറ മികച്ചത്, കരുത്തുറ്റ ബന്ധങ്ങൾ , സ്വതന്ത്രമായ,ശക്തമായ ഒരു മനസ്സ് ഇതൊക്കെ കൊണ്ടാണ് അത്രയേറെ വേദനാജനകമായ ഒരു രോഗകാലം സുജാത ദേവിക്കുണ്ടാവാഞ്ഞതും രോഗമുക്തി വേഗം കൈവരിക്കാൻ കഴിഞ്ഞതും.  പറയാൻ കാരണം ഇതൊന്നുമില്ലാത്ത ഭൂരിപക്ഷം പേരുടെ അനുഭവങ്ങളാണ് നമ്മളെ ഭീതിയിൽ ആഴ്ത്തുന്നത് .  ഏതു കാര്യവും അതനുഭവിക്കുമ്പോഴേ മറ്റുള്ളവർ അത് നേരിട്ടത് എങ്ങിനെ എന്ന് മനസ്സിലാവുള്ളൂ എന്ന വലിയൊരു സത്യം സ്വന്തം അവസ്ഥയിൽ നിന്നുമവർ കണ്ടെടുക്കുന്നുണ്ട്. 

ഒരു പുസ്തകം എന്ന നിലയിൽ ഇതിനെ വിലയിരുത്തുമ്പോൾ  കാവ്യാത്മകമായ വിവരണം, വായനക്കാരനും ഏറെ അസ്വസ്ഥനാവുന്നില്ല. എഴുത്തുകാരിക്കൊപ്പം നമ്മളെയും കൂട്ടുന്നുണ്ട്.  ഒരു ഡോക്യുമെന്ററി പോലെ വിരസമാവാമായിരുന്ന എഴുത്തിനെ ഇത്തരത്തിൽ കൂട്ടിയൊരുക്കിയതിനെ അഭിനന്ദിക്കാതെ വയ്യ...


No comments:

Post a Comment