സ്വതസിദ്ധമായ തന്റെ ശൈലി കൊണ്ട് ചില സംവിധായകർ അവർ ഏറ്റെടുത്തു ചെയ്യുന്ന സിനിമയെ പൂർണമായും നിയന്ത്രണത്തിലാക്കുന്നതു കണ്ടിട്ടുണ്ട്. കഥയും, തിരക്കഥയും , സംവിധാനവും നിർവഹിച്ചുകൊണ്ട് നിർമ്മാതാവിന് ലാഭം നേടിക്കൊടുക്കുന്നവർ . റൊമാൻസും , ഹാസ്യവും , ഗൗരവവും എല്ലാം ഇഴചേർന്ന കുടുംബകഥകൾ . മലയാളത്തിൽ ആദ്യം ഓർമ്മയിൽ വരുന്നത് ശ്രീ ബാലചന്ദ്രമേനോൻ ആയിരിക്കും. അതെ . അദ്ദേഹം തന്നെ. സിനിമക്ക് ഒരു മിനിമം വിജയ ഗ്യാരണ്ടി നൽകാൻ തുടക്കകാലത്തദ്ദേഹത്തിനു കഴിഞ്ഞിരുന്നു. മറ്റു പ്രഗത്ഭരുടെ ചിത്രങ്ങൾക്കിടയിലും ബാലചന്ദ്രമേനോൻ ചിത്രം കുടുംബപ്രേക്ഷകരുടെ പ്രിയം നേടിയ എൺപതുകളും , തൊണ്ണൂറുകളും ...
സിനിമയെ ഗൗരവമായി കണ്ട് , പ്രേക്ഷകരുടെ ഇഷ്ടം മനസ്സിലാക്കി വേണ്ടത് നൽകാൻ ആദ്യകാലങ്ങളിൽ അദ്ദേഹത്തിന് കഴിഞ്ഞു. പാട്ടുകളുടെ കാര്യത്തിലും പിശുക്ക് കാണിച്ചില്ല . ഓ എൻ വി , പൂവച്ചൽ ഖാദർ, ബിച്ചു തിരുമല എന്നിവരെയൊക്കെ പാട്ടുകൾ ഏല്പിച്ചെങ്കിലും മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇദ്ദേഹം ചെയ്തിട്ടുണ്ട്. തുടക്ക കാലം മുതൽ ഒരിടക്കാലത്തേക്ക് ഒരു പുതുമുഖ പാട്ടെഴുത്തുകാരനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുക . അവരെ സിനിമയിലെ പൊതുധാരയിലേക്കു കൈപിടിച്ചിരുത്തുക . ഒരു കടമ പോലെ ചെയ്തതായി അദ്ധേഹത്തിന്റെ എല്ലാ സിനിമകളിലൂടെയും ഒന്ന് സഞ്ചരിച്ചാൽ മനസ്സിലാക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്നു പേരെ , അവരുടെ പാട്ടുകളെ ഒന്ന് പരിചയപ്പെടാം...
ദേവദാസ്, കോന്നിയൂർ ഭാസ് , മധു ആലപ്പുഴ .
ഓരോരോ കാലങ്ങളിൽ ഇവരിൽ ഓരോരുത്തരെ ആയി പരീക്ഷിച്ചതായി കാണാം. രണ്ടാമത്തെ സിനിമയായ രാധ എന്ന പെൺകുട്ടിയിൽ ദേവദാസ് എന്ന എഴുത്തുകാരനെ കൊണ്ടുവന്നു. ദേവദാസ് ആദ്യമായ് എഴുതിയതും ബാലചന്ദ്രമേനോൻ ചിത്രത്തിൽ തന്നെ.
കാട്ടുകുറിഞ്ഞി പൂവും ചൂടി എന്ന ഗാനം ശ്യാം ഈണത്തിൽ ജയചന്ദ്രൻ പാടിയത്. ഒരുവളുടെ വിവിധ ഭാവങ്ങൾ എഴുതിനിറച്ച ഒരു ഗാനം . എഴുത്തിൽ തന്നെ വ്യത്യസ്തത പുലർത്തിയ ഒന്ന്.
വർണ്ണരഥങ്ങളിൽ ഉഷസ്സണയുന്നു എന്ന ജയചന്ദ്രൻ ഗാനവും മികച്ചത്.
കലിക എന്ന ചിത്രത്തിലും തുടർന്ന് ബാലചന്ദ്രമേനോന്റെ ആദ്യ സൂപ്പർ ഹിറ്റായ പ്രേമഗീതങ്ങളിലും ദേവദാസ് ഗാനങ്ങൾ തന്നെയായിരുന്നു.
സ്വപ്നം വെറുമൊരു സ്വപ്നം ...
നീ നിറയൂ ജീവനിൽ പുളകമായ് ...
മുത്തും മൂടി പൊന്നും നീ ചൂടി വാ ...
ജോൺസൻ തുടക്കം ഗംഭീരമാക്കി . ദേവദാസ് വരികൾ കേരളം മൂളി നടന്ന കാലം.
ശേഷം, കേൾക്കാത്ത ശബ്ദത്തിലും ഈ ഒരു പേരെടുപ്പ് കൊണ്ട് ദേവദാസിന് തന്നെ നറുക്കു വീണു.
കന്നിപ്പൂ മാനം കണ്ണും നട്ടു ഞാൻ ..
നാണം നിൻ കണ്ണിൽ ...
ആന .. പളുങ്കുകൊണ്ടൊരാന ...
എന്നീ ഗാനങ്ങൾ ഹിറ്റായി...
എന്നാൽ പിന്നീടുള്ള ബാലചന്ദ്രമേനോൻ ചിത്രങ്ങളിൽ ദേവദാസ് ഗാനങ്ങൾ കണ്ടില്ല. മറ്റു സിനിമകളിലേക്ക് പിടിച്ചു കയറിക്കോളാൻ ഒരു കൈ നീട്ടി കൊടുത്തു ഇദ്ദേഹം. അങ്ങിനെ ഇതിനെ കാണാം...
എന്നാലും ദേവദാസ് വരികൾ പിന്നീടത്ര ശോഭിച്ചു കണ്ടിട്ടില്ല.. ഒന്നുരണ്ടെണ്ണം ഒഴിച്ച് .
നീയെന്റെ അഴകായ് വർണ്ണ മലരായ് പൂത്തു നിന്നു എന്ന നിഴൽ യുദ്ധത്തിലെ ഗാനം.... രാഗം അനുരാഗം എന്ന ആദ്യത്തെ അനുരാഗത്തിലെ ഗാനം .. ഇത്രയും മാത്രം...
അതിനിടയിൽ തന്നെ താരാട്ട് എന്ന ചിത്രത്തിൽ മധു ആലപ്പുഴയെ ഒരു പാട്ടു നൽകി സ്വീകരിച്ചു ബാലചന്ദ്രമേനോൻ .പൂവിനുള്ളിൽ പൂ വിരിയും പൂക്കാലം വന്നു എന്ന രവീന്ദ്രൻ ഈണം ...
ഇത്തിരിനേരം ഒത്തിരികാര്യം എന്നതിലെ ഒരു സുന്ദര പ്രണയ ഗാനം " ഇതളഴിഞ്ഞു വസന്തം ഇലമൂടി പൂ വിരിഞ്ഞു " എന്ന ജോൺസൻ വിരുത് ...
എൺപതുകളിൽ തിളങ്ങാതെ നിന്ന മധു ആലപ്പുഴയെ താരാട്ടിലൂടെ ഉയർത്തിക്കൊണ്ടു വന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിലൂടെ ആരാന്റെ മുല്ല കൊച്ചു മുല്ല വരെ അത് നീളുകയും ചെയ്തു...
കാട്ടിൽ കൊടുംകാട്ടിൽ ...
ശാലീന സൗന്ദര്യമേ ... എന്നിവയൊക്കെ ഉദാഹരണങ്ങൾ
മഴയത്തു മടവീണു നീരൊഴുകീടുമ്പോള്‍
വരമ്പത്തിരുന്നു മതി മറന്നു
ഉളിപോലെ പായുന്ന കുറുവാപ്പരലിനെ
തുണികൊണ്ടു കോരും കിടാങ്ങളേയും
കരളില്‍പ്പതിഞ്ഞു കിടക്കുമോ മായാതെ
കുളിര്‍ കോരും ആ ഹൃദ്യ രംഗമെന്നും
കരളില്‍ പതിഞ്ഞു കിടക്കുമോ മായാതെ
കറയറ്റ ചാരുതയെന്നുമെന്നും ആ
ശാലീന സൗന്ദര്യമേ.
മധു ആലപ്പുഴയിലെ കവിയെ കാണിച്ചു തന്ന വരികൾ ...
മധു ആലപ്പുഴയ്ക്ക് സമ്പാദ്യമായി മറ്റു ചില സിനിമകളിലെയും ഗാനങ്ങൾ ഉണ്ടായിരുന്നു എന്നത് ഒരു നേട്ടമാണ്.
മൗനം പൊന്മണി തംബുരു മീട്ടി ( ഓർമ്മക്കായ് )
മഞ്ഞക്കണി കൊന്നപ്പൂവുകൾ ചൂടും ( ആദ്യത്തെ അനുരാഗം )
ഉദയഗിരിയിറങ്ങി വരും കാറ്റേ ( ഇലഞ്ഞിപൂക്കൾ )
വിഷുപ്പക്ഷി ചിലച്ചു നാണിച്ചു ചിലച്ചു ( ഇലഞ്ഞിപൂക്കൾ )
മേടമാസപ്പുലരി കായലിൽ ( മിണ്ടാപൂച്ചക്ക് കല്യാണം )
എന്നിവയൊക്കെ ആദ്യഗാനങ്ങളോട് കിടപിടിച്ചു നിന്നിരുന്നു.
എന്നിട്ടും കൂടുതൽ കാലങ്ങൾ ഇദ്ദേഹവും തുടർന്നില്ല ..
ബാലചന്ദ്ര മേനോന്റെ മികച്ചതും, കൂടുതൽ കളക്ഷൻ നേടിയതും ആയ സിനിമ കാര്യം നിസ്സാരം എന്ന ചിത്രത്തിൽ ഇദ്ദേഹം വീണ്ടും പുതിയ ആളെ പരീക്ഷിച്ചു. കോന്നിയൂർ ഭാസ്. അദ്ദേഹവും ആദ്യകാല ചിത്രങ്ങൾ ഒന്നും ശ്രദ്ധിക്കപ്പെടാതെ ഇരിക്കുന്ന സമയത്തായിരുന്നു ബാലചന്ദ്രമേനോന്റെ കൈതാങ്ങ് .
കൊഞ്ചിവന്ന പഞ്ചമിയോ ( കാര്യം നിസ്സാരം )
കണ്മണി പെണ്മണിയെ ...
താളം ശ്രുതിലയ താളം എന്നിവയൊക്കെ സിനിമയോടൊപ്പം തന്നെ പ്രേക്ഷകർ ആഘോഷിച്ചു രസിച്ചിരുന്നു.
ശേഷം കാഴ്ച്ചയിൽ വിജയചിത്രമായിരുന്നില്ല .
എന്നാൽ ഇന്നത്തെ തലമുറയും പാടി രസിക്കുന്ന ഒരു പാട്ടുണ്ടതിൽ .
മോഹം കൊണ്ട് ഞാൻ ദൂരെയേതോ .... എന്നത് ..
കണ്ണുകളിൽ പൂവിരിയും കവിത പോലെ നിന്നു എന്നതും മനോഹരമായിരുന്നു..
എന്നാൽ പിന്നീടുള്ള ബാലചന്ദ്രമേനോൻ ചിത്രങ്ങളിൽ ഇദ്ദേഹത്തെ കണ്ടില്ല.
എന്നാൽ
അരുണകിരണമണിയും ...( കിഴക്കുണരും പക്ഷി )
നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു ( അഹം )
മൊഴിയഴകും മിഴിയഴകും ( കളിപ്പാട്ടം ) എന്നിവയിലൊക്കെ കോന്നിയൂർ ഭാസ് ഗാനങ്ങൾ ഓരോന്ന് പ്രത്യക്ഷപ്പെട്ടു . തന്റെ കരുത്തറിയിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്ന് തന്നെ നിന്ന് പോകുകയും ചെയ്തു.
എൺപതും തൊണ്ണൂറും കഴിഞ്ഞു . ബാലചന്ദ്രമോനോൻ യുഗവും അവസാനിച്ച പോലെ. പിന്നീട് വന്ന സിനിമകളൊക്കെ പരാജയമായിരുന്നു. എങ്കിലും കഴിഞ്ഞകാലങ്ങളിൽ അദ്ദേഹത്തിന്റെ സംഭാവനകളായി ചേർക്കാവുന്നതാണ് ഈ മൂവരുടെയും ഗാനങ്ങൾ. കാരണം ബാലചന്ദ്രമേനോൻ ചിത്രങ്ങളിലൂടെ പ്രസിദ്ധരായവരാണ് ഇവർ ...
No comments:
Post a Comment