Friday, October 29, 2021

കാലം കാത്തു വെച്ച സംഗീതം

 

ഉത്തരേന്ത്യൻ സംഗീത സംവിധായകരിൽ മലയാളത്തിൽ വേരുറപ്പിച്ച്  കാലങ്ങളോളം ഇവിടെ ഉണ്ടായിരുന്ന ഒരാളെ ഉള്ളൂ . ശ്രീ  സലിൽ ചൗധരി . ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും , ബാവുൽ ഗായകരുടെ ശോകസാന്ദ്രതയുടെയും  ഉൾത്തുടിപ്പുമായി കടന്നു വന്നയാൾ . അതിനു മുൻപും ശേഷവും വന്നവർ പലരും ഒന്നോ രണ്ടോ ചിത്രങ്ങളിൽ സഹകരിച്ചു മടങ്ങിപ്പോയവരാണ്.

അക്കൂട്ടത്തിൽ ശ്രീ രഘുനാഥ് സേഥ് , ശ്രീ രവീന്ദ്ര ജെയിൻ  എന്നിവരെ ഓർത്തുപോവുകയാണ്,. 

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ബാംസുരി ഓളങ്ങളുമായി നമ്മെ സംഗീതലഹരിയിൽ ആറാടിച്ച  രഘുനാഥ് . സിനിമകളിലും തന്റെ കഴിവ് കാണിച്ചവൻ. ഈണങ്ങളുടെ അല്ലെങ്കിൽ ഹിന്ദി സിനിമാ ഗാനങ്ങളുടെ ഛായയിൽ പിറന്നവ ആവാറുണ്ട് ഉത്തരേന്ത്യൻ സംഗീതജ്ഞരുടെ പാട്ടുകൾ ഏറെയും . എന്നാൽ അതിന്റെ ഒരു സ്പർശവും ഇല്ലാത്ത ഗാനങ്ങളുമായി ഒരിക്കൽ... ഒരിക്കൽ മാത്രം മലയാളത്തിലും. എം ടി വാസുദേവൻ നായരുടെ രചനയിൽ പിറന്ന സിനിമ . ആരണ്യകം . ഓ എൻ വി കുറുപ്പിന്റെ കവിത കിനിയുന്ന ഗാനങ്ങൾ . മലയാളിത്തം നിറഞ്ഞുതുളുമ്പുന്ന പാട്ടുകൾ. ആരണ്യകം എന്ന സിനിമയുടെ ജീവൻ തന്നെയായിരുന്നു  അതിലെ ഗാനങ്ങൾ .  


സിനിമയുടെ അവശ്യഘട്ടത്തിൽ , കാടിന്റെ താളങ്ങളുമായി ആ ഗാനം .."  ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി വെച്ചില്ലേ " ...

കാടിന്റെ ശബ്ദങ്ങളുമായി സംഗീതം ലയിച്ചു ചേരുന്നത് അനിർവ്വചനീയം . ഓ എൻ വി വരികൾ അത്രമേൽ സമ്പുഷ്ടവും .

അതേപോലെ തന്നെ " ആത്മാവിൽ മുട്ടിവിളിച്ചതു പോലെ " എന്നതും ..   എം ടി സിനിമയുടെ ഗ്രാമ്യഭംഗിയും , നിറച്ചാർത്തും എല്ലാം പാട്ടിൽ കാണാകാഴ്ചകളായി മിന്നിത്തെളിഞ്ഞു ... 

ഉള്ളിൽ കവിത തുളുമ്പുന്ന മനസ്സുമായി ഒരുവൾ . അവൾക്കു വേണ്ടി എഴുതാൻ ഓ എൻ വി ക്ക് കൂടുതൽ ആലോചിക്കേണ്ടി വരില്ല. യോജിച്ച സംഗീതം ഇല്ലായിരുന്നെങ്കിൽ എന്ന് ആലോചിച്ചുപോയി .. രഘുനാഥ്‌ സേഥ് എന്നതിൽ അപ്പുറം മറ്റൊരു പേരും കൂട്ടിച്ചേർക്കാനും ആവില്ല.  അതിൽ തന്നെ " തനിച്ചിരിക്കാൻ ഇവിടെ എനിക്കൊരു " എന്ന  വിഷാദഗീതവും കൂടിയുണ്ട്. കൂടാതെ ഒരു കവിതയും " താരകളെ , നിങ്ങൾ കാവൽ നിൽക്കൂ " .. ആകെ ഈ ഒരൊറ്റ സിനിമ മാത്രം !!  മറ്റാരും തന്നെ ഇദ്ദേഹത്തെ വീണ്ടും മലയാളത്തിലേക്ക് കൊണ്ടുവന്നില്ല . നമുക്ക് നഷ്ടപ്പെട്ടത് ഇങ്ങനെയൊക്കെയാണ് !!


രവീന്ദ്രജയിൻ എന്ന സംഗീതജ്ഞനും മലയാളത്തിൽ രണ്ടു മൂന്നു വട്ടം വന്നു പോയിട്ടുണ്ട്. എന്നാൽ ആദ്യ സിനിമയോളം മറ്റൊന്നും തിളങ്ങിയില്ല . 

ഗോരി തേരാ ഗാവ് ബഡാ പ്യാര എന്ന കെ ജെ യേശുദാസ് ഹിന്ദി ഗാനത്തിന്റെ മധുരിമ  കാലങ്ങൾക്കിപ്പുറവും ഒട്ടും കുറയാത്തത് . ചിറ്റ് ചോറിലെ  ഈ ഗാനം രവീന്ദ്ര ജെയിൻ  സംഗീതം ചെയ്തത്. അക്കാലത്തു തന്നെ അദ്ദേഹം മലയാളസിനിമയെ ശ്രദ്ധിച്ചു കാണും .  മൂന്നു സിനിമകൾ കഴിഞ്ഞപ്പോൾ തന്നെ മലയാളത്തിലേക്ക് ക്ഷണവും കിട്ടി. സുജാത എന്ന ഹരിഹരൻ ചിത്രം.  രഘുനാഥ്‌ സേഥ് സംഗീതം പോലെ ആയിരുന്നില്ല  മറിച്ച് 

ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ ടച് ഇല്ലാത്ത ഈണങ്ങൾ ആയിരുന്നു അത്. . എന്നാൽ അത് സൃഷ്‌ടിച്ച അലകൾ അപാരം തന്നെ എന്ന് വിശേഷിപ്പിക്കാം.. 

കാളിദാസന്റെ കാവ്യഭാവനയെ 

കാൽചിലമ്പണിയിച്ച സൗന്ദര്യമേ ..

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ രചനകളിൽ മികച്ചത് .  ഹിന്ദി പാട്ടുകളുടെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ടതായിട്ടും ഇവിടുള്ളവർ ഇതിനെ കൊണ്ടാടി  . 

താലിപ്പൂ  പീലിപ്പൂ 

താഴമ്പൂ ചൂടി വരും .... 

യേശുദാസിന്റെ അടുത്തഗാനവും ഈ ഗണത്തിൽ പെടുത്താവുന്നത്. 

മലയാളത്തിന് അന്ന് മറ്റൊരു ഭാഗ്യവും കൂടി ഉണ്ടായി ..

ഹിന്ദി ഗായികമാരായ ആശാ ഭോസ്ലെ , ഹേമലത എന്നിവർ ഇതിൽ സോളോ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു ...

സ്വയംവര ശുഭദിന മംഗളങ്ങൾ 

അനുമോദനനത്തിന്റെ ആശംസകൾ ... 

എന്ന ഗാനം ആശാ ഭോസ്ലെ വക. 

ആശ്രിത വത്സലനെ 

കൃഷ്ണ കൃഷ്ണ കൃഷ്ണ ...  എന്നത് ഹേമലത പാടിയതും ആയിരുന്നു. 

സംഗീതത്തിന് ഭാഷ ഇല്ല എങ്കിലും ഹിന്ദി  ഗാനങ്ങളുടെ ചുവടു പിടിച്ചെത്തിയ ഇവയൊക്കെ ഉച്ചാരണത്തിൽ കല്ല് കടിയായെങ്കിലും കേൾവിക്കാരെ വിഷമിപ്പിച്ചില്ല എന്ന് തോന്നുന്നു..

രണ്ടു സിനിമകളിൽ കൂടി സംഗീതം ചെയ്തെന്നു അറിയാം... എങ്കിലും സുജാതയിലെ ഗാനങ്ങൾ പോലെ അവയൊന്നും ശ്രദ്ധ നേടിയില്ല . 

നൗഷാദും, ഉഷാ ഖന്നയും എല്ലാം വന്നു പോയ ഇടമാണ് മലയാളം. എന്നെന്നും ഓർമ്മിപ്പിക്കത്തക്ക ഗാനങ്ങൾ തന്നവർ.  

ഇത്തരക്കാരുടെ ഒഴുക്ക് നിലച്ച കാലം ആണ് ഇപ്പോൾ.. നമ്മളിൽ തന്നെ ഒട്ടേറെ പ്രഗത്ഭമതികൾ .. അവർ ഓർക്കത്തക്ക ഒരു കാലം ഉണ്ടാക്കണം ..അത്രയേ പറയാനുള്ളൂ....

No comments:

Post a Comment