ഋതുസംക്രമ പക്ഷി പാടി
സുകൃത സങ്കീര്‍ത്തനം പാടി
ഹൃദയ കല്ലോലിനീ തീരങ്ങളില്‍ നിന്നും
ഋതു സംക്രമ പക്ഷി പാടി
പാട്ടിന്റെ കല്ലോലിനി കുതിച്ചൊഴുകുന്നു . അതിന്റെ മുൻപിൽ ഒരു കാഴ്ചക്കാരനായി ഈ ഞാനും..
ഈ എഴുത്തിന്റെ ഉറവിടം അന്വേഷിച്ചു പോയി . പ്രമുഖരിൽ ആരെങ്കിലും എഴുതിയതാവും. ഓ എൻ വി മുതൽ മനസ്സിൽ വന്നു . എന്നാൽ കണ്ടെത്തിയപ്പോൾ തകഴി ശങ്കരനാരായണൻ എന്ന അത്ര പരിചയം തോന്നാത്ത മുഖം . എത്ര മാത്രം ഉണർവിന്റെ അലകൾ മനസ്സിൽ സൃഷ്‌ടിച്ച ഗാനം . ഹൃദയത്തിലേക്ക് കുതിച്ചെത്തിയ ആ വരികളിൽ തണുത്ത മനസ്സുമായി ചില രാവുകൾ !! നന്ദി ശ്രീ ശങ്കരനാരായണൻ ... ഋതുഭേദം എന്ന എം ടി ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാസന്ദർഭത്തിൽ ഒഴുകിയെത്തിയ ഗാനം. കഥയ്ക്ക് പോലും കൂടുതൽ തെളിച്ചം കൊടുത്ത ഗാനം. ശ്യാം സംഗീതം അത്രമേൽ അതിനെ സമ്പുഷ്ടമാക്കി . അതിന്റെ ചരണത്തിലെ വരികൾ ഇങ്ങനെ ആണ്.
നവ ഭാവുകത്തിന്റെ നാളങ്ങള്‍
കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി.
മകനെ നിനക്കായ് കര്‍പ്പൂരം ഉഴിയുന്നു
ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍
തേടുന്നൊരുണ്മയോ
നക്ഷത്രമായി വിരിയും...
എന്തുമാത്രം മനസ്സ് തരളിതമായി ... എന്നാൽ കൂടുതൽ ഈ പ്രതിഭാധനനെ മലയാള സിനിമ ഉപയോഗിച്ചില്ല . അല്ലെങ്കിൽ അദ്ദേഹം അതിനു നിന്നുകൊടുത്തില്ല . സിനിമയിൽ ഒരു സ്ഥിരവാസം ചിലർ ആഗ്രഹിക്കുന്നില്ല .തീരെയും .. കവി എൻ എൻ കക്കാടിനെക്കൊണ്ട് സിനിമയിൽ പാട്ടെഴുതിക്കാൻ എംടി വരെ ശ്രമിച്ചതായി കേട്ടിട്ടുണ്ട്. കവിതയെ വിട്ട് അദ്ദേഹം അതിന് മുതിർന്നില്ല പോലും... ഒട്ടും താല്പര്യം കാണിക്കാത്തവരും ഉണ്ടെന്നു സാരം. ചിലർ ചില നിർബന്ധങ്ങൾക്കു വഴങ്ങി ഒന്ന് രണ്ടു സിനിമകളിൽ സഹകരിക്കും. താല്പര്യക്കുറവും ചിലർക്ക് . അത്തരത്തിലുള്ളവരെയും കൂടെ നമുക്കൊന്ന് പരിചയപ്പെടാവുന്നതാണ്. മത്സരം കൂടുതൽ കനത്തുനിൽക്കുന്ന മണ്ഡലം ആണല്ലോ സിനിമാരംഗം . അതിലെ ആർത്തിക്കാരൻ ആവാൻ ഒട്ടും ഇഷ്ടപ്പെടാത്തവർ നമുക്ക് തരാതെ പോയ പാട്ടുവരികൾ ഏതൊക്കെ ആയിരിക്കും!! ഒരു നേരമ്പോക്കായി മനസ്സിൽ വന്നത്..... ചിലർ ഒറ്റപ്പാട്ടുകൊണ്ടു കൂടുതൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ ഒതുക്കിയതും ആവാം.. അവസരങ്ങൾ തേടി പോവാൻ മനസ്സനുവദിക്കാത്തവർ അതിലേറെയും ഉണ്ടാവാം..
അശോകന്റെ അശ്വതിക്കുട്ടിയിലെ ഈ ഗാനം കൂടി തകഴി ശങ്കരനാരായണന്റേതായി ചേർക്കാവുന്നതാണ്.
തുഷാരബിന്ദുവേന്തും നീലത്താമരയെന്നപോല്‍
കണ്ടുഞാനെന്നാത്മാവില്‍ കണ്മണി നിന്നെ ഇന്നലെ
കൂടുതൽ എഴുതാതിരുന്നത് സിനിമാമേഖലയ്ക്ക് നഷ്ടം എന്നും രേഖപ്പെടുത്തുന്നു .
പ്രമുഖ കവികളുടെ ഗീതകങ്ങൾ അവർ ജീവിച്ചിരിക്കുമ്പോഴും , ഇവിടം വിട്ടുപോയിട്ടും ചില സിനിമകളിൽ കവിതകളായും, ചിട്ടപ്പെടുത്തിയ ഗാനങ്ങളായും ചേർക്കാറുണ്ട് .
പ്രണയ നൈരാശ്യത്തിൽ ജീവിതമൊടുക്കിയ മലയാളത്തിന്റെ രമണൻ ശ്രീ ഇടപ്പള്ളി രാഘവൻ പിള്ളയ്ക്കും അങ്ങിനെ ഒരു യോഗം ഉണ്ടായി. മരിച്ചതിന് എത്രയോ കാലം കഴിഞ്ഞതിനു ശേഷം അടയാളങ്ങൾ എന്ന എം ജി ശശി സിനിമയിൽ മികച്ചൊരു കഥാ സന്ദർഭത്തിൽ ഇടപ്പള്ളിയുടെ അവസാന കവിതയിലെ ഏതാനും വരികൾ ...
ചിരികൾ തോറുമെൻ
പട്ടടതീപ്പൊരി
ചിതറിടുന്നോരരങ്ങത്തു നിന്നിനി
വിട തരൂ മതി പോകട്ടെ ഞാനുമെൻ
നടനവിദ്യയും മൂക സംഗീതവും ...
മണിമുഴക്കം,
മരണദിനത്തിന്റെ മണിമുഴക്കം ,
മധുരം വരുന്നു ഞാൻ ....
എന്നെഴുതിവെച്ച് മരണത്തിലേക്ക് നടന്നുപോയ മഹാകവിയുടെ അവസാന വരികൾ . പൊള്ളപ്രണയത്തിന് മുൻപിൽ ജീവിതം എറിഞ്ഞുടച്ചതിലൂടെ ഒരു മഹാകവിയെ ആണ് നഷ്ടമായത് ..
സിനിമയിൽ ഈ വരികൾ ഉപയോഗിച്ച രീതി കവിതപ്രമേയത്തോടു എത്രമാത്രം യോജിച്ചോ എന്ന് സംശയം ...എങ്കിലും മഹാകവിക്ക് കൊടുത്ത വലിയ ഒരാദരവായി ഇതിനെ കരുതാം. വിദ്യാധരൻ മാസ്റ്ററുടെ തെളിഞ്ഞ സംഗീതം വാരിവിതറിയ ഗാനം....
ഇന്ന് പ്രമുഖരായവരെല്ലാം തന്നെ സോഷ്യൽ മീഡിയ നന്നായുപയോഗപ്പെടുത്തുന്നുണ്ട് .. തങ്ങളുടെ റിട്ടയർമെന്റ് ജീവിതം അവർ ഭംഗിയായി വിനിയോഗിക്കുന്നു. കവികളായും ലേഖകരായും മറ്റും യൗവ്വനകാലങ്ങൾ തിമിർത്താടിയ ഇവരൊക്കെ പുതുകാലത്തിന്റെ പരീക്ഷണങ്ങളെ മനസ്സറിഞ്ഞു സ്വീകരിച്ചതിൽ സന്തോഷം തോന്നി. അതിലേറെ ഇവരൊക്കെ നമ്മളോടും സുഹൃത്തുക്കളായി ഇഴചേർന്നു പോവുന്നു എന്നതിലും സൗഭാഗ്യം !
ശ്രീ ജമാൽ കൊച്ചങ്ങാടി
ശ്രീ പി പി ശ്രീധരനുണ്ണി
തുടങ്ങിയവർ ഒരു കാലത്ത് പാട്ടെഴുത്തുകളുമായി ഇവിടെ വന്നു പോയവർ . മത്സരങ്ങളിൽ , അവസരങ്ങൾ തേടി പോവുന്നതിൽ താല്പര്യമില്ലാത്തവർ എന്ന് വിശേഷിപ്പിക്കുമ്പോൾ അഭിമാനമാണ് തോന്നുന്നതെങ്കിലും നഷ്ടപ്പെട്ടുപോയ കുറെ വരികൾ ഒളി ചിന്നാതെ കിടക്കുന്നുണ്ടാവാം !!
ജമാൽ കൊച്ചങ്ങാടി ..പത്രാധിപർ , തിരക്കഥാകൃത്ത് , ഗാനരചയിതാവ് , കവി എന്നീ രംഗങ്ങളിൽ തിളങ്ങിയ ആൾ. ഹിന്ദി ഗാനങ്ങളുടെ ആരാധകൻ . അതുകൊണ്ടു തന്നെ ലതാ മങ്കേഷ്‌കർ , റാഫി തുടങ്ങിയവരുടെ പാട്ടുജീവിതങ്ങളിലൂടെ സഞ്ചരിച്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
മലയാള സിനിമയിൽ ഒരു കൈ നോക്കി ജമാൽ കൊച്ചങ്ങാടിയും .
അദ്ദേഹം തന്നെ കഥയും തിരക്കഥയും എഴുതി നിർമ്മിച്ച തളിരിട്ട കിനാക്കളിൽ രണ്ടു ഗാനങ്ങളും എഴുതിയിട്ടുണ്ട്.
വിഷാദത്തിന്റെ സീമകൾ കടന്നു പോവുന്ന കരളുരുക്കുന്ന ഒരു ഗാനമുണ്ടിതിൽ ..
എൻ മൂകവിഷാദം ആരറിയാൻ
എൻ ആത്മവിലാപം ആര് കേൾക്കാൻ
എസ് ജാനകിയുടെ ശബ്ദത്തിൽ കേൾക്കാൻ സുഖമാണ്. ജിതിൻ ശ്യാമിന്റെ സംഗീതവും. രണ്ടാമതൊരു ഗാനം കൂടിയുണ്ട് .
ആ ചുരം ഈ ചുരം എന്ന ഗാനം അത്ര സുന്ദരമായി തോന്നിയില്ല.
ഫാസിലിന്റെ മോശം സിനിമകളിൽ ഒന്നായ മറക്കില്ലൊരിക്കലും എന്ന ചിത്രത്തിലും ഒരു ഗാനം ഇദ്ദേഹത്തിനുണ്ട് .
എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായ്
പൊന്നുഷസ്സിന്‍ സംഗീതമായ്
എന്ന ഗാനം ജയചന്ദ്രനും , വാണിജയറാമും വെവ്വേറെ പാടിയത് . സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഈ ഗാനം എന്നും ഓർമ്മയിൽ ഉണ്ടാവും പാട്ടസ്വാദകരുടെ ..
പിന്നീട് പാട്ടുകളൊന്നും എഴുതി കണ്ടില്ല ...
കുട്ടിക്കാലത്തിന്റെ ഓർമ്മകളിൽ റേഡിയോയിൽ കേട്ടിരുന്ന ഒരു പേരായിരുന്നു ശ്രീ പി പി ശ്രീധരനുണ്ണി . കവിയും , സ്ക്രിപ് റൈറ്ററും ആയ ഇദ്ദേഹം ആകാശവാണിയിലെ പ്രോഗ്രാം എക്സികുട്ടീവ് ആയാണ് റിട്ടയർ ചെയ്തത്. ഒട്ടേറെ കവിതാ സമാഹാരങ്ങൾ പുറത്തിറക്കി . കേരളം സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി അവാർഡുകൾ നേടി . അഞ്ഞൂറിലധികം നാടക, ഭക്തി ഗാനങ്ങൾ രചിച്ചിട്ടുണ്ട് . സിനിമയിൽ തന്റെ കഴിവ് ഒന്ന് പ്രകടിപ്പിച്ചു പോവുകയും ചെയ്തു. രണ്ടു പ്രമുഖരുടെ തിരക്കഥകളുമായി ഇഴ ചേർന്ന് പോയി ശ്രീധരനുണ്ണി വരികൾ . പ്രമുഖ കലാകാരൻ സുരാസുവിന്റെ തിരക്കഥയിൽ പിറന്ന ശംഖുപുഷ്പത്തിലെ ഗാനം ശ്രദ്ധേയമായത് .
സ്വപ്നത്തില്‍ നിന്നൊരാള്‍ ചോദിച്ചു
പ്രേമസ്വര്‍ഗത്തില്‍ കൂട്ടിനു പോരാമോ?
രാഗത്തിന്‍ പൂമാല കോര്‍ക്കമോ?
നിന്റെ രാജകുമാരനു ചാര്‍ത്താമോ?
ലളിതമായ പദപ്രയോഗത്തിലൂടെ മലയാളിയെ മയക്കിക്കളഞ്ഞത് .എം കെ അർജുനന്റെ സംഗീതം .
എം ടി യുടെ ആദ്യകാല സിനിമയായ വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്നതിലും രണ്ടു ഗാനങ്ങൾ .
ഭൂതലം നിന്റെ ഭദ്രാസനം എന്ന ഗാനം എസ് ജാനകിയുടെ ശബ്ദത്തിൽ ..
ചന്ദനകുളിർ വീശുന്ന മണികാറ്റു വന്നു എന്ന ജയചന്ദ്രൻ ശബ്ദവും...
പിന്നീട് സിനിമകളിൽ പാട്ടെഴുതിയതായി അറിവില്ല. എന്നിരുന്നാലും ശംഖുപുഷ്പത്തിലെ ഗാനം ഒരോർമ്മയാണ്...
തിക്കോടിയൻ ഒരു ബഹുമുഖപ്രതിഭയാണ് . നാടകകൃത്ത് , നോവലിസ്റ്റ് , തിരക്കഥാകൃത്ത് , ഗാനരചയിതാവ് എന്നീ നിലകളിൽ തിളങ്ങിയവൻ .
അരവിന്ദന്റെ ഉത്തരായണത്തിൽ തിരക്കഥയുമായി സഹകരിച്ചിട്ടുണ്ട് തിക്കോടിയൻ . അരങ്ങു കാണാത്ത നടൻ എന്ന ആത്മകഥ പ്രസിദ്ധം .
സിനിമയിൽ ഒരേയൊരു ഗാനവുമായി തന്റെ ഇടം സൃഷ്‌ടിച്ച ആൾ. കാവാലം ശൈലി എന്ന് തോന്നിപ്പിക്കുന്ന ഒരു ശുദ്ധ നാടൻ പാട്ട് ..
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
കെ രാഘവന്റെ നാടൻ പാട്ടിന്റെ കരുത്ത് മുഴുവൻ ഊറ്റിയെടുത്ത ഗാനം അദ്ദേഹവും ഗായകൻ ആന്റോയും ചേർന്ന് കസറിയത് ... പി എൻ മേനോന്റെ കടമ്പയിൽ ...
( തുടരും ..)
No comments:
Post a Comment