കറുകനാമ്പും കവിത മൂളും
ഹരിതഭൂവിൻ മൃദുലഗാനം
ചിരിച്ചുപാടും കല്ലോലിനീ ഈ പൂവനം
മനോഹരം വരൂ തെല്ലുനേരം ..
ഈ പാട്ട് ആരെഴുതി എന്നന്വേഷിച്ചു പോയിരുന്നു ഒരിക്കൽ . കാരണം ആദ്യവരി തന്നെ .. കറുക നാമ്പ് കവിത മൂളുന്ന പ്രയോഗം .
അതിൽ തിളങ്ങി നിൽക്കുന്ന കവിതയുടെ പ്രസരിപ്പ് ഓർത്തെടുത്തിട്ടായിരുന്നു അത്. എന്തുകൊണ്ട് കറുകനാമ്പിനെ കവി തിരഞ്ഞെടുത്തു . എന്നാൽ പുൽത്തുമ്പിൽ തുടിച്ചു നിൽക്കുന്ന മഞ്ഞുതുള്ളിയെന്ന് സങ്കൽപ്പിച്ചപ്പോൾ കവിഭാവനയുടെ ആഴം തിരിച്ചറിഞ്ഞു. ഒരായിരം സൂര്യന്മാരെ പേറുന്ന കറുകനാമ്പിലെ മഞ്ഞുതുള്ളികൾ !! കവി പി കെ ഗോപി ആണ് ഈ വരികളുടെ ഉടമ . ഐവി ശശി ചിത്രമായ നീലഗിരിയിലെ ഗാനമാണിത് . നീലഗിരി എന്ന സ്ഥലപ്പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ആ ഹരിതാഭയും , ഇളംതണുപ്പും കൂടേറും . അതേ അനുഭാവം പ്രദാനം ചെയ്യുന്ന ആറോളം ഗാനങ്ങൾ ഉണ്ടിതിൽ . നീലഗിരിയുടെ സൗന്ദര്യം അപ്പാടെ ഒപ്പിയെടുത്തത് ക്യാമറയിലൂടെ അല്ല എന്നത് ഉത്സാഹപൂർണമായ കുസൃതി ചിന്തയായി ...
കറുകനാമ്പും കവിത മൂളും എന്ന ഗാനത്തിന്റെ യഥാർഥ പല്ലവി അതിലേറെ സുന്ദരമാണ്.
കിളിപാടുമേതോ
മലമേട് കാണുവാൻ
കുളിർകാറ്റുപോലെയാടിവാ ...
എന്ന രീതിയിൽ സിനിമയിൽ ആദ്യം വന്നുപോവുന്നുണ്ട്....
എം എം കീരവാണിയുടെ സംഗീതത്തിൽ പച്ചപ്പട്ടു വിരിച്ച പാട്ടുകൾ ...
തുമ്പീ നിൻ മോഹം പൂവണിഞ്ഞുവോ ...
മഞ്ഞുവീണ പൊൻതാരയിൽ ...
മേലെ മാനത്തെ തേര് ...
ഇവയൊക്കെ ഓരോന്നും ആ മഹാസൗന്ദര്യം ഒപ്പിയെടുത്ത് സൂക്ഷിച്ചിട്ടുണ്ട് ... നീലഗിരിയിൽ ഗാനങ്ങൾ കേട്ടാൽ മനസ്സാകെ ഒന്നുണരും ... വരികളും സംഗീതവും ഒന്നിനൊന്നു മെച്ചം അല്ലെങ്കിൽ ഒരേപോലെ വാചാലം ....
പി കെ ഗോപിയുടെ 1989 ലെ വരവ് ഒരു പുതുപുത്തൻ സിനിമാ പരീക്ഷണ കാലഘട്ടത്തിലായിരുന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്നതിലൂടെ . മലയാള സിനിമയിൽ അത്തരത്തിലുള്ള സിനിമകൾ പിന്നീടേറെ ഉണ്ടായി. ചിലതു വിജയിച്ചു. ചിലതു പരാജയപ്പെട്ടു. എന്നാൽ പെരുവണ്ണാപുരം രസാവഹമായ ഒരു ചിത്രം തന്നെ...
പികെ ഗോപിയുടെ ഗാനങ്ങളുടെ പ്രത്യേകതകൾ തേടി പോവുന്നത് നന്നാവും. മറ്റേതൊരു പാട്ടെഴുത്തുകാരനെപോലെ അല്ല ഇദ്ദേഹം എന്നത് ആദ്യം തന്നെ പറയട്ടെ. സ്ഥിരം പ്രയോഗങ്ങൾ ഒഴിവാക്കി കൊണ്ടുള്ള ഒരു പ്രത്യേക രീതി . ചില ഗാനങ്ങൾ കേട്ടാൽ നമ്മൾ ഏതോ ഗ്രാമീണഛായയിൽ നിർവൃതി കൊണ്ടിരിക്കുന്നതായി തോന്നും .. പുഞ്ചപ്പാടവും , കന്നിവെയിലും , വിഷുപുലരിയും, ഓണനിലാവും എന്ന് വേണ്ട സകല കേരളീയ സമൃദ്ധിയെയും തോരണം ചാർത്തുന്ന ഓർമ്മകളെ തൊട്ടുപോവുന്നവയാണ് .
പദപ്രയോഗങ്ങളിലെ വ്യത്യസ്തത ഒട്ടുമിക്ക ഗാനങ്ങളിലും കാണാം.
"ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ നീലക്കുരുവികളേ ... "
ധനത്തിലെ ഈ ഗാനം തന്നെ ഒരുദാഹരണം . കറുക നാമ്പും കവിത മൂളും എന്ന പ്രയോഗത്തിന് ശേഷം ഇതും...
മറ്റൊരു പൂവിനേയും ഇദ്ദേഹം കണ്ടില്ല. ചീരപ്പൂ ... കുരുവികൾക്കേറെ ഇഷ്ടമായിരിക്കാം ഈ പൂവിലെ തേനും ...
രവീന്ദ്രന്റെ സംഗീതത്തിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ട കെ എസ് ചിത്ര പാടിയ ഗാനം.
ഉല്ലാസപ്രദമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്ന ഗാനങ്ങൾ ആണ് പി കെ ഗോപി ചെയ്ത അധികം ഗാനങ്ങളൂം. ദുഃഖഗാനങ്ങൾ അധികമൊന്നും ഇല്ല. ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളിൽ ഒന്നോ രണ്ടോ മാത്രമേ മനസ്സിന്റെ വിങ്ങൽ പ്രകടമാക്കുന്ന വരികൾ എഴുതേണ്ടി വന്നിട്ടുള്ളൂ...
സസ്നേഹത്തിലെ എന്നത്തേയും പ്രിയപ്പെട്ട ജി വേണുഗോപാൽ ഗാനം . " താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം " ...
ഒരു മിശ്രവിവാഹത്തിലൂടെ ജീവിക്കാൻ തുടങ്ങിയ ദമ്പതിമാർക്കിടയിലേക്ക് ജാതി മത അനുഷ്ഠാനങ്ങളുമായി കടന്ന് വന്ന് സ്വൈര്യം കെടുത്തുന്ന കുടുംബാംഗങ്ങൾ കാരണം അസ്വസ്ഥയും അകൽച്ചയും അനുഭവിക്കേണ്ടി വന്ന ഒരു കഥാസന്ദർഭത്തിനു ചേർന്ന പാട്ട് .....
പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ " കതിരോല പന്തലൊരുക്കി " എന്ന ആദ്യഗാനം തന്നെ ഒരുത്സവച്ഛായ പകർത്തിയ രംഗങ്ങളോടെയുള്ള പാട്ടുദയം ആയിരുന്നു.
ചിത്രയുടെ ശബ്ദത്തിൽ " പുൽക്കൊടി തൻ തുഞ്ചത്ത് പെയ്തൊരു " കന്നിമഴയുടെ കുന്നിമണികളെന്ന രത്നങ്ങൾ സ്വപ്നങ്ങളിലേക്ക് വിരുന്നെത്തുന്നതും അനുഭൂതി പകരുന്നത് ....
കമൽ ചിത്രത്തിൽ തന്നെ തുടർന്നും.. ശുഭയാത്ര .
ജോൺസൻ ഗാനങ്ങളിലെ മധുരിമ പി കെ ഗോപി വരികളെ എത്രമാത്രം തുടിപ്പിച്ചു !! ആദ്യ ചിത്രത്തിന് ശേഷംതുടർച്ചയായി ചിലവ.,
ശുഭയാത്രയിലെ ഗാനങ്ങൾ നേരത്തെ പറഞ്ഞപോലെ യുവദമ്പതികളുടെ പങ്കിടാനാവാതെ വിതുമ്പുന്ന ആശകളുടെയും , വികാരങ്ങളുടെയും പാരവശ്യം വാരിപ്പുതച്ചവ ആണ്.
മിഴിയിലെന്തേ മിന്നി ... കന്നിമോഹ തുഷാരം ...എന്ന ആദ്യ ഗാനം തന്നെ വരികളുടെ മാസ്മരികതയിൽ മയങ്ങി ഉണരുന്നത്. വിവാഹം കഴിഞ്ഞ അന്ന് തന്നെ ജോലിസ്ഥലത്തേക്ക് മടങ്ങേണ്ടി വന്ന ദമ്പതികളുടെ ആദ്യരാത്രി ട്രെയിനിൽ .. പരസ്പരം നോക്കിയിരിക്കേണ്ടി വന്ന അവരുടെ പാരവശ്യം പി കെ ഗോപി വരികളിലൂടെ തൊട്ടു തൊട്ടുണർത്തി ...
സിന്ദൂരം തൂകും ഒരു സായംകാലം ...
തുന്നാരം കിളിമകളെ ....
കിനാവിന്റെ കൂടിൻ കവാടം തുറന്നു ...
എന്നിവയൊക്കെ ഇത്തരത്തിൽ എഴുതപ്പെട്ടത്. തലസ്ഥാന നഗരിയിൽ വേറെ വേറെ താമസിക്കേണ്ടി വന്ന അവരുടെ വെപ്രാളങ്ങളും , വിവശതകളും പ്രേമത്തിൽ പൊതിഞ്ഞ വരികളാക്കി ഇദ്ദേഹം....
സസ്നേഹത്തിലും നല്ലൊരു പ്രണയഗാനം ഉണ്ട്..
മാംഗല്യ പൂവിലിരിക്കും
മാണിക്യത്തുമ്പി വിളിച്ചു ...
ഒറ്റയാൾ പട്ടാളത്തിലെ ശരത് ഈണം പകർന്ന ഗാനം എത്ര സന്തോഷപ്രദമായതാണെങ്കിലും മനസ്സിൽ നീറ്റൽ പടർത്തുന്നത്. കാരണം അനശ്വര ഗായിക രാധിക തിലകിന്റെ മാസ്റ്റർപീസ് ആയിരുന്നു അത്.
" മായാമഞ്ചലിൽ
ഇതുവഴിയെ പോവും തെന്നലേ "
ധനത്തിലെ രവീന്ദ്രൻ സംഗീതം മറ്റൊരു ഗാനത്തിനും ഇഴ ചേർന്ന് പോയിട്ടുണ്ട്. " ആനയ്‌ക്കെടുപ്പത് പൊന്നുണ്ടേ "
എസ് പി ബാലസുബ്രമണ്യവും കെ എസ് ചിത്രയും ചേർന്ന് പാടിയ അനശ്വരം എന്ന ചിത്രത്തിലെ പ്രസിദ്ധ ഗാനം. "താരാപഥം ചേതോഹരം "
ഐ വി ശശിയുടെ ഭൂമികയിലും ഒന്ന് രണ്ടു ഗാനങ്ങൾ നന്നായിട്ടുണ്ട്.
"മനസ്സിനൊരായിരം കിളിവാതിൽ ...
"നെല്ലോല കൊണ്ടുവാ പുല്ലോല കൊണ്ടുവാ .. "
ഭക്തിസാന്ദ്രമായ ഒരു ഗാനം ഓർമ്മയിൽ വരുന്നു. അറബി ടീച്ചറായി ജോലിക്കു വരുന്ന ഒരു അന്തർജനത്തിന് സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വന്ന അവഗണനകളും , സ്നേഹവും ചിത്രീകരിച്ച ചിത്രം...
ശ്രീരാമ നാമം ജപസാര സാഗരം എന്നത് പികെ ഗോപിയുടെ മറ്റൊരു കവിഭാവം വെളിവാക്കുന്നു. കവികൾ പാട്ടെഴുത്തുകാരായാൽ ഇത്തരം സ്വർണഖനികൾ തുറക്കപ്പെടും...
അതിൽ തന്നെ വിമർശനാത്മകമായ ചിന്തകൾ തുറന്നുവിട്ട ഒരു ഗാനം കൂടിയുണ്ട്... "ഖൽബിലൊരൊപ്പന പാട്ടുണ്ടേ " എന്നത് ഹാസ്യരൂപേണ ചിത്രീകരിച്ചത്.
തൊണ്ണൂറുകളുടെ ആദ്യകാലത്ത് സമൃദ്ധിയോടെ നിലനിന്ന പാട്ടെഴുത്തിനു പിന്നെ നല്ലൊരു തുടർച്ച കിട്ടിയിട്ടില്ല. ഓർക്കാൻ ഈ പറഞ്ഞതൊക്കെ ഉണ്ട്. ശേഷം കുറച്ചേറെ ചിത്രങ്ങളിലും സഹകരിച്ചിട്ടുണ്ടെങ്കിലും പാട്ടിഷ്ടക്കാരെ അതത്ര തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. സിനിമയുടെ പ്രശ്നങ്ങളും ആയിരിക്കാം...
എന്നാലും ഇത്രയൊക്കെ ഉണ്ടല്ലോ.. എന്നെന്നും ഓർക്കാൻ, ഓമനിക്കാൻ... നന്ദി ശ്രീ പികെ ഗോപി ...
No comments:
Post a Comment