സംഗീതമെന്ന മഹാസിദ്ധി വരദാനമായി ലഭിച്ചവർ ഏറെയുണ്ട് .അതിലൂടെ ഉയരങ്ങളിൽ എത്തിയവർ വളരെ കുറച്ചും ! കഴിവുകൾ തിരിച്ചറിയപ്പെടാതെ പോയവർ അതിലേറെയും . ഒരു മിന്നലാട്ടം പോലെ വന്നുപോയവരും ഉണ്ട്. കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നവരും അങ്ങിനെ സംഗീതരംഗത്ത് വേരുറയ്ക്കപ്പെട്ടവരും അനവധി . പിന്തള്ളപ്പെട്ടവരുടെ , അവഗണിക്കപ്പെട്ടവരുടെ കഴിവുകൾ മനസ്സിലാക്കാതെ പോയവരുടെ കലാജീവിതത്തിലൂടെ ഒന്ന് തൊട്ടു പോവാമെന്നു കരുതി .
സിനിമാ പാട്ടു ജീവിതത്തിലേക്ക് കടന്നു വരാൻ ഏറെ കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു. യാദൃശ്ചികമായി കടന്നു വന്ന് അവസരങ്ങൾ കൊയ്തെടുക്കുന്നവരെ കുറിച്ചല്ല . സിനിമയ്ക്ക് പുറത്ത് തങ്ങളുടെ സംഗീതമികവ് ഗാനമേളകളിലും, സംഗീത സദസ്സുകളിലും തെളിയിക്കപ്പെട്ട് ചിലപ്പോൾ ഒരവസരം സിനിമയിൽ കിട്ടിയവർ ഉണ്ടാവാം. ഭാഗ്യം കൊണ്ടും, മറ്റുള്ളവരുടെ സഹായം കൊണ്ടും കടന്നു വന്നവരും കാണും. ചിലപ്പോൾ ഒരേയൊരു ഗാനം മാത്രമേ അവരുടെ സംഭാവനയായി ഉണ്ടാവൂ ..എന്നാൽ അതേറെ ശ്രദ്ധിക്കപ്പെട്ടതും ആയിരിക്കും. എന്നാലും പിന്നീട് എന്തോ ... അവസരങ്ങൾ ലഭിക്കാതെ പിൻവാങ്ങണ്ടേ ഗതികേട് അനുഭവിച്ചവരും ആയിരിക്കും. അവർക്കേറെ കഥകൾ പറയാനുണ്ടാവും സിനിമകളിലെ കളികളെ കുറിച്ച് . അത്രയേറെ പ്രശസ്തനായിട്ടും നമ്മുടെ ഗാനഗന്ധർവൻ യേശുദാസ് ഹിന്ദി സിനിമാ രംഗത്ത് അനുഭവിച്ചത് നമ്മൾ കേട്ടറിഞ്ഞിട്ടുണ്ട്. ലക്ഷ്മികാന്ത് പ്യാരേലാൽ വരെ യേശുദാസിനെ ഒഴിവാക്കാൻ വേണ്ടി കരുക്കൾ നീക്കിയവരാണെന്നു കേട്ടിട്ടുണ്ട്. പിന്നെയാണോ പുതു ഗായകരുടെ കാര്യം!
ഒഴിവാക്കപ്പെട്ടവർ കൂടാതെ സ്വയം ഒഴിഞ്ഞു മാറിയവരും ഉണ്ടാവാം. സിനിമയിൽ പാടാൻ താല്പര്യം ഇല്ലാത്തവരും ഉണ്ടാവാമല്ലോ. മറ്റു ചിലർ വേറെ പലതിലേക്കും വഴി തിരിഞ്ഞു പോയവരും ആവാം. എന്നാൽ പലരും പിന്നീട് അവസരങ്ങൾ ലഭിക്കാതെ പോയവർ ആണെന്നത് സത്യമായി തന്നെ നിലനിൽക്കുന്നുണ്ട്. പാട്ടുകൾ പിന്നീടും കിട്ടിയിരിക്കാം. കോറസ്സായും മറ്റും ഒതുങ്ങിപോയവർ ! ആദ്യകാലത്തെ നല്ല ഗായകനായിരുന്ന സി ഓ ആന്റോ മുതൽ അതനുഭവിച്ചവരാണ് !!
മനസിലെന്നും ഓർത്തുവെക്കാൻ ചില ഗാനങ്ങൾ തന്നു പോയ ചിലരെ ഒന്നോർമ്മിക്കാം..
കാഞ്ഞങ്ങാട് രാമചന്ദ്രൻ
1976 മുതൽ മലയാളസിനിമയിൽ ഉള്ളൊരു ഗായകനാണ് ശ്രീ കാഞ്ഞങ്ങാട് രാമചന്ദ്രൻ . തികഞ്ഞ ഗായകനായിട്ടും ഇത്രയും എത്ര സിനിമകളിൽ ഇദ്ദേഹം പാടി ! പത്തോളം എണ്ണം മാത്രം. എന്നെന്നും ഓർമ്മയിൽ താങ്ങി നിൽക്കുന്ന രണ്ടു ഗാനങ്ങൾ ഉണ്ട് . ലോഹിതദാസിന്റെ സൂപ്പർ ഹിറ്റ് സിനിമയായ വളയം എന്നതിലെ രണ്ടെണ്ണം . കൈതപ്രം- എസ് പി വെങ്കിടേഷ് കൂട്ടുകെട്ടിൽ പുറത്തുവന്ന " പുലരിയായ് . നിറമലരിയായ് പുതുജീവിതമുണരുകയായ് " .. ചിത്രയോടൊപ്പം പാടിയ യുഗ്മ ഗാനം . കൂടാതെ " ചെമ്പകമേട്ടിലെ എന്റെ മുളംകുടിലിൽ " എന്ന പാട്ടും കൂടി സംഭാവനയായി ഉണ്ട്. കഴിഞ്ഞു. പിന്നീട് ഓർമ്മയിലേക്ക് വരുന്ന ഗാനങ്ങൾ ഒന്നുമില്ല.
ഗോപൻ
1980 ൽ റിലീസ് ആയ ശക്തി എന്ന ജയൻ ചിത്രത്തിൽ കെജെ ജോയ് സംഗീതം ചെയ്ത നല്ല ഗാനങ്ങൾ ഉണ്ട്. ബിച്ചു തിരുമല രചന നിർവഹിച്ചത്. അതിൽ " മിഴിയിലെന്നും നീ ചൂടും നാണം " എന്ന ഗാനം എസ് ജാനകിയോടൊപ്പം ആലപിച്ച ശ്രീ ഗോപൻ എന്ന ഗായകനെ ഓർക്കുന്നവർ എത്ര പേരുണ്ടാവും! ഒതുങ്ങിയ ശബ്ദമാണ് ഗോപന്റേത് . എസ് ജാനകി എന്ന മഹാഗായിക പുതു ഗായകരോടൊപ്പം എത്ര സുന്ദരമായാണ് ചേർന്നലിയുന്നത് ! പിന്നീട് ഗോപനും തഴയപ്പെട്ടു . നല്ല ഗാനങ്ങളൊന്നും ഉണ്ടായില്ല. നമ്മൾ എന്നതിലെ" കാത്തുകാത്തൊരു മഴയത്ത് " എന്നതിൽ ഒരു ശബ്ദമായി ഗോപനുണ്ട്... അത്രമാത്രം...
പ്രസിദ്ധ ഗായികമാർ ജാനകി , സുശീല എന്നീ പേരുകളിൽ മറ്റു രണ്ടു ഗായികമാർ മലയാളത്തിൽ പാടിയിട്ടുണ്ട്. ജാനകിദേവി , സുശീല ദേവി .
ജാനകി ദേവി
1984 ൽ പുറത്തു വന്ന ചിത്രമാണ് ഏപ്രിൽ 18 . ബാലചന്ദ്രമേനോന്റെ സൂപ്പർ ഹിറ്റ് ചിത്രം . ശോഭനയുടെ നൃത്ത രംഗത്ത് ഗാനവുമായി ജാനകിദേവി അരങ്ങേറ്റം ചെയ്ത. " കാളിന്ദീ തീരം തന്നിൽ " അക്കാലത്തെ കലാലയങ്ങൾ പോലും കൊണ്ടാടിയ ഗാനം. പിന്നീട് ബാലചന്ദ്രമേനോന്റെ തന്നെ സിനിമയായ മണിച്ചെപ്പു തുറന്നപ്പോൾ എന്നതിൽ " സ്വർഗ്ഗവാതിൽ തുറന്നു സ്വപ്നലോകം വിടർന്നു " എന്ന ഗാനം.
സുശീല ദേവി
പി സുശീലയുടെ പേരിൽ കിടക്കുകയാണ് സുശീലാ ദേവി പാടിയ ഗാനം. പലയിടങ്ങളിലും അതിതുവരെ മാറ്റിയിട്ടില്ല. സിന്ദൂരച്ചെപ്പ് എന്ന ചിത്രത്തിലെ " മണ്ടച്ചാരേ മൊട്ടത്തലയില് " എന്ന പി മധുരിയോടൊത്തുള്ള ഗാനം . യൂസഫലിയുടെ രചനയ്ക്ക് ദേവരാജന്റെ സംഗീതം. പാട്ടിടങ്ങളിൽ രക്തബന്ധങ്ങളുണ്ടായിട്ടും സുശീല ദേവി എന്ന അനുഗ്രഹീത സംഗീതജ്ഞക്ക് കൂടുതൽ സിനിമാ അവസരങ്ങൾ ലഭിച്ചിരുന്നില്ല
ഷെറിൻ പീറ്റേഴ്‌സ്
1978 ലെ ചിത്രമായ അഷ്ടമുടിക്കായലിലൂടെ ആദ്യമായി സിനിമയിൽ പാടിയ ഗായിക ആണ് ഷെറിൻ പീറ്റേഴ്‌സ് . നല്ല ഒരു സോളോ അതിൽ ലഭിക്കുകയും ചെയ്തു. " മേടമാസക്കുളിരിലാരെ നീ " എന്ന ചിറയിൻ കീഴ് രാമകൃഷ്ണൻ നായരുടെ രചനയ്ക്ക് ദക്ഷിണാമൂർത്തി സംഗീതം ചെയ്തത് . പിന്നീട് കഥയറിയാതെ എന്ന ചിത്രത്തിൽ " താരണികുന്നുകൾ കാത്തുസൂക്ഷിച്ച തടാകം " എന്ന ഗാനം. കാറ്റത്തെ കിളിക്കൂടിലെ " കൂവരം കിളി കൂട് " എന്ന ഗാനവും ഓർമ്മയിൽ വരുന്നുണ്ട്...
ജ്യോതി മേനോൻ
2000 ലെ കുഞ്ചാക്കോ ബോബൻ സിനിമയായ പ്രിയം എന്നതിലെ " കട്ടുറുമ്പിനു കല്ല്യാണം " എന്ന ഗാനത്തിൽ യേശുദാസും ചിത്രയ്ക്കുമൊപ്പം പാടിക്കൊണ്ട് ജ്യോതി വന്നു. എങ്കിലും കുറച്ചെങ്കിലും ശ്രദ്ധ നേടിയത് രണ്ടാമത്തെ ഗാനമാണ്.
നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിൽ സന്തോഷ് കേശവുമൊത്ത് " പൂമാനം മേലെ എൻ വാർതിങ്കൾ താഴെ " എന്ന ഗാനമാണ്. പക്ഷെ ഈ സുന്ദര ശബ്ദം സിനിമയിൽ പിന്നീടധികം കേൾക്കാൻ കഴിഞ്ഞില്ല. എന്നാലും ഇപ്പോഴും സജീവമായി പാട്ടുരംഗത്തുണ്ട് ശ്രീമതി ജ്യോതി . പുത്തൻ ടെക്‌നിക്കുകളായ സ്മുളിലും മറ്റും .. കൂടാതെ ആൽബങ്ങളിലും സജീവം...
സന്തോഷ് കേശവ്
കൊതിപ്പിക്കുന്ന ശബ്ദമാധുരി ആണ് സന്തോഷ് കേശവിന്റേത്. 1999 " പൊന്നിൻ വളകിലുക്കി " എന്ന ഗാനവുമായി ഞങ്ങൾ സന്തുഷ്ടരാണ് ചിത്രത്തിൽ ... ഡാർലിംഗ് ഡാർലിംഗിലെ " പ്രണയസൗഗന്ധികങ്ങൾ " എന്നതും സമ്പാദ്യത്തിലുണ്ട്.
സതീഷ്ബാബു
എസ് ജാനകിയോടൊപ്പം നല്ലൊരു തുടക്കം കിട്ടിയ ഗായകൻ ആണ് സതീഷ്ബാബു . ധീര എന്ന ചിത്രത്തിലെ " മെല്ലെ നീ മെല്ലെ വരൂ " ..പൂവച്ചൽ - രഘുകുമാർ കൂട്ടുകെട്ട് .തുടർന്ന്
മുത്തുക്കുട ചൂടി നീ വാ (ഒന്നാനാം കുന്നിൽ ഓരടികുന്നിൽ ).
പട്ടണപ്രവേശത്തിലെ " ശിശിരമേ നീ ഇതിലെ വാ " സതീഷിന്റെ കരിയറിലെ തിളങ്ങുന്ന അദ്ധ്യായമാണ് . രവീന്ദ്രന്റെ സംഗീതം..
കൂടാതെ യുവജനോത്സവത്തിൽ വീണ്ടും എസ് ജാനകിയോടൊത്ത് . " ആ മുഖം കണ്ടനാൾ "
കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല എന്നത് സങ്കടകരം...
അഖില ആനന്ദ്
പുതുതലമുറയിലെ ഗായികയാണ് അഖില ആനന്ദ് . എന്തൊക്കെയായാലും ശ്രദ്ധ നേടിയ ഗാനങ്ങൾ ഇവർക്കും കുറവ്.
എടുത്തു പറയേണ്ട ചിലതുണ്ട്താനും.. " ശ്യാമാവാനിലേതോ കണിക്കൊന്ന പൂത്തുവോ " എന്ന് പാടിക്കൊണ്ട് വന്നുചേർന്നു.
അശ്വാരൂഡനിലെ " അഴകാലില മഞ്ഞച്ചരടിലെ പൂത്താലി" യിൽ ജാസി ഗിഫ്റ്റിനൊപ്പം . ജോസഫിലെ " കരിനീലക്കണ്ണുള്ള പെണ്ണ് " എന്ന ഗാനവും ചേർത്തുവെക്കാവുന്നത്.
ഗണേഷ് സുന്ദരം
കാലങ്ങളായി ഇവിടെ ഉണ്ടായിരുന്ന ഗായകൻ . സിനിമയിൽ വലിയ രീതിയിൽ തിളങ്ങാൻ ആയില്ലെങ്കിലും 4000 ത്തോളം ഭക്തി ഗാനങ്ങളൂം ആൽബം ഗാനങ്ങളൂം ആലപിച്ച അതുല്യ ഗായകനാണ് ഇദ്ദേഹം. സിനിമയിൽ ഇദ്ദേഹം പാടിയ " കണ്ണിലെ പൊയ്കയില് കുഞ്ഞലമാലയില് " എന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നതിലെ ഗാനം നാടൻ ടച്ചുള്ള ഒന്നാണ്. കൂടെ പാടിയത് സൗമ്യ രാമകൃഷ്ണൻ .
ആശാ മേനോൻ
ആദ്യമായി പാടിയ ഗാനത്തിന് തന്നെ സ്റ്റേറ്റ് അവാർഡ് കിട്ടിയ ഗായികയാണ് ആശാ മേനോൻ . മഴയിലെ " ആരാദ്യം പറയും " എന്ന ഓ വി ഉഷ എഴുതിയ ഗാനം. അതിലെ മറ്റു സൂപ്പർ ഗാനങ്ങളെ തള്ളിമാറ്റി മുന്നിൽ വന്നതാണ് എന്നത് ഒരൊത്ഭുതം പോലെ തോന്നും... എന്നാൽ കുറച്ചേറെ സിനിമകളിൽ കൂടി പാടിയിട്ടുണ്ടെങ്കിലും മികച്ചത് എന്നത് പിന്നീട് കിട്ടിയിട്ടില്ല എന്നത് ഖേദകരം ..
കെ എസ് ബീന
കെ എസ് ചിത്രയുടെ സഹോദരി . ചിത്രയേക്കാൾ മികച്ച ഗായിക എന്ന് അനുഭവസ്ഥർ . എന്നിരുന്നാലും ഏറെയൊന്നും സിനിമയിൽ സജീവമായില്ല. തകിലുകൊട്ടാമ്പുറത്തിലെ " കന്നിപ്പൂപൈതൽ ആണോ പെണ്ണോ " എന്നത് യേശുദാസിനൊപ്പം. തുറന്ന ശബ്ദമാണ് ബീനയുടേത് . അതിലെ തന്നെ " ഡ ഡ ഡാഡി " എന്ന ഗാനവും ആലപിച്ചിട്ടുണ്ട്., താറാവിലെ " തക്കിടമുണ്ടൻ താറാവ് "
എന്നതും കെ എസ് ബീനയുടെ സ്വന്തം...
രൂപ രേവതി
സംഗീത റിയാലിറ്റി ഷോയിൽ നിന്നും വന്ന ഗായികയാണ് രൂപ .
മാടമ്പിയിലെ പ്രശസ്ത ഗാനം" എന്റെ ശാരികേ ..പറയാതെ പോകയോ " എന്ന ഗാനം സുദീപ് കുമാറുമൊത്ത് ഗംഭീരമാക്കി .
രാജേഷ് വിജയ്
നമ്മളിലും , സ്വപ്നക്കൂടിലും കൂടി മലയാള സിനിമയിൽ വന്നെങ്കിലും ഏറെ ശ്രദ്ധിക്കപെടാത്ത സിനിമയായ സഫലം എന്നതിലെ " തൂവെള്ള തൂവുന്നുഷസ്സിൻ " എന്ന ഗാനത്തിലൂടെ പേര് നേടി . തങ്കൻ തിരുവട്ടാറിന്റെ രചന , ജെസി ഗിഫ്റ്റിന്റെ സംഗീതം .
സിന്ധു ദേവി
മമ്മൂട്ടി ചിത്രമായ കോട്ടയം കുഞ്ഞച്ചനിലെ ഒരു ഗാനമേള രംഗമുണ്ട് . അതിലെ ഫീമെയിൽ ശബ്ദമാണ് സിന്ധുവിന്റേത്.
പിന്നീടത് ഒറിജിനൽ ഗാനമേളകളും കൊണ്ടാടി. " ഹൃദയവനിയിലെ ഗായികയോ എന്നതായിരുന്നു ആ ഗാനം...
ദേവരാഗത്തിലെ " താഴമ്പൂ മുടിമുടിച്ച് " ശേഖരത്തിലെ മുഖ്യമായതിൽ ഒന്ന്..
ചില ശബ്ദങ്ങളിലൂടെ ഒന്ന് കടന്നു പോവുന്നു എന്നുമാത്രം. ഇവരിൽ പലർക്കും ഇനിയും പാടി തെളിയാവുന്നതേ ഉള്ളൂ.. അവസരങ്ങൾ കിട്ടുമാറാകട്ടെ എന്ന് ആശംസിക്കുന്നു...
No comments:
Post a Comment