തളിരിലയില്‍ താളം തുള്ളി
കാറ്റു കിണുങ്ങി - പൂവേ
സുഗന്ധിയാം നിന്‍ പൂങ്കവിളില്‍
കുങ്കുമം തൊട്ടതാര്...
വരിവണ്ടോ ചിത്രശലഭമോ
ശോണപ്പുലരിയോ സന്ധ്യയോ
അടങ്ങാത്ത നാണമോ
ഒരു സ്ഥിരം പാട്ടെഴുത്തുകാരന്റെ ഭാവനാ വിരുതല്ലിത് . വല്ലപ്പോഴും ഒന്നെഴുതി , ചിലപ്പോൾ ചിലത് സംഗീതം ചെയ്ത് , സ്വന്തം ചിത്രങ്ങൾക്ക് പോസ്റ്റർ വരച്ച് , സംവിധാനം ചെയ്ത് ഒരാൾ മലയാള സിനിമയിൽ വാണിരുന്നു . സകലകലാവല്ലഭൻ ! ഉയരം കുറഞ്ഞ താടിക്കാരൻ . സിനിമാ സങ്കല്പങ്ങൾ ഫ്രെയിം എന്ന അച്ചിൽ വാർത്തെടുക്കുന്ന ജ്ഞാനി . ചിന്തകളുടെ ഭാണ്ഡക്കെട്ടിൽ നിന്ന് അല്പം മാത്രം ഉപയോഗിക്കാൻ കഴിഞ്ഞവൻ . കാലം അനുവദിക്കാത്തത് കൊണ്ട് അത് മറ്റാർക്കും നൽകാൻ കഴിയാത്തതുകൊണ്ടും പ്രപഞ്ചത്തിൽ തന്നെ അലിഞ്ഞു പോയി. ഭരതൻ ! മലയാള സിനിമ കണ്ട എക്കാലത്തെയും സർഗ്ഗധനൻ . മുകളിൽ പറഞ്ഞ ഗാനം ശ്രീ ഭരതന്റെ മറ്റൊരു കഴിവിന്റെ തെളിവ്. ആർട് ഡിറക്ടറായി , തിരക്കഥാകൃത്തായി , സംവിധായകനായി, ചിത്രകാരനായി , പാട്ടെഴുത്തുകാരനായി , സംഗീത സംവിധായകനായി മലയാള സിനിമയെ ഒരുകാലത്ത് താലോചിച്ചു പുണർന്നവൻ !!
ഭരതന്റെ എഴുതിയ പാട്ടുകളിലൂടെയും, സംഗീതത്തിലൂടെയും കടന്നുപോവുമ്പോൾ വല്ലാതെ ആശ്ചര്യപ്പെട്ടുപോവും . ഇത്രയേറെ പ്രതിഭാ തിളക്കമോ !! പ്രണാമത്തിലെ ഗാനങ്ങൾ ഭരതൻ രചിച്ചത്.
താളം മറന്ന താരാട്ടു കേട്ടെന്‍
തേങ്ങും മനസ്സിന്നൊരാന്ദോളനം
ആലോലമാടാന്‍ ആടിത്തളരാന്‍
അമ്മമാറിന്‍ ചൂടു തേടി
കൊഞ്ചി കൊഞ്ചിച്ചിറകുരുമ്മി
മാനത്തെ മാമന്‍റെ മുത്തശ്ശിക്കഥ കേട്ടു
മുത്തണിച്ചുണ്ടത്തു പാല്‍മുത്തം പകരാ
ഭരതൻ ടച് എന്ന പ്രസിദ്ധ വാചകം തന്റെ എഴുത്തിലും ഇദ്ദേഹം അന്വർത്ഥമാക്കുന്നു . പ്രണാമത്തിലെ ഗാനങ്ങൾ ഔസേപ്പച്ചൻ ഈണത്തിൽ പിറന്നത് .
യേശുദാസ് , ലതിക കൂട്ടിൽ " കടലിളകി കരയോട് ചൊല്ലി പുണരാനൊരു മോഹം " എന്നതും ഹിറ്റായിരുന്നു.
ഭരതൻ രചനയും സംഗീതവും നിർവഹിച്ച ഒരു സിനിമ മാത്രമേ ഉള്ളൂ. തന്റെ ആദ്യ ചിത്രങ്ങളിൽ ഒന്നായ ഈണം . രണ്ടു ഗാനങ്ങൾ ഇദ്ദേഹത്തിന്റെ പൂർണ്ണ നിയന്ത്രണത്തിൽ ഉണ്ടായത് .
ചിലമ്പിലെ ഗാനങ്ങൾ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടവയാണ് . വിമർശിക്കപ്പെടുകയും ചെയ്തു അക്കാലത്ത് "പുടമുറികല്യാണം " എന്ന ഗാനം.
പുടമുറിക്കല്യാണം
എനിക്കിന്ന് മാംഗല്യം ....
ചിത്രയുടെ ശബ്ദത്തിൽ ...
ഈ ഗാനം യേശുദാസ് ലതിക യുഗ്മഗാനം എന്ന രീതിയിൽ വീണ്ടും ശ്രദ്ധിക്കപ്പെട്ട ഒന്ന് .
" താരും തളിരും മിഴിപൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി "
രചനയുടെ ഇഴകീറി ചിലർ ഭരതനെ മുറിവേൽപ്പിക്കാൻ ശ്രമിച്ചിരുന്നു,. ഔസേപ്പച്ചൻ സംഗീതം .
ലതിക എന്ന ഗായികയ്ക്ക് കൂടുതൽ അവസരങ്ങൾ ഭരതൻ ചിത്രങ്ങളിൽ ലഭിച്ചിട്ടുണ്ട്. കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ഭരതൻ പതിവ് തന്നെ ഇതിനും നിദാനം ..
ലതിക എന്ന ഗായികയ്ക്ക് വലിയ മൈലേജ് കിട്ടിയ ഗാനം ആയിരുന്നു
കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ , നീ ചൊല്ലി, വിഷുപ്പക്ഷി പോലെ ...
കാതോട് കാതോരത്തിലെ ഈ ഗാനം എന്നാൽ ഭരതൻ സംഗീതം ആയിരുന്നു. രചന ശ്രീ ഓ എൻ വി കുറുപ്പും. എഴുത്തായാലും ഈണം നല്കലായാലും ഭരതന്റെ കഴിവിന്റെ അപാരത ഇതിലൊക്കെ നിഴലിക്കും...
പരാതികൾ ഒഴിയാൻ വേണ്ടി ആവും ഭരതൻ പിന്നീട് പാട്ടു എഴുതി കണ്ടില്ല . എന്നാൽ സംഗീതം ഇടയ്ക്കിടെ തുടർന്നു . തന്റെ ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഗാനം മാത്രം തിരഞ്ഞെടുത്ത് ബാക്കി മറ്റു പ്രസിദ്ധർക്ക് നൽകി ഭരതൻ . എന്നാലും ഭരതൻ സംഗീതം തന്നെ ഏറെ ഉയർന്നു നിൽക്കുകയും ചെയ്തു ആ ചിത്രങ്ങളിൽ .
കണ്ണെത്താ ദൂരെ മറുതീരം ( താഴ് വാരം - കൈതപ്രം )
താരം വാൽക്കണ്ണാടി നോക്കി ( കേളി - കൈതപ്രം )
എന്നിവയൊക്കെ തുടർന്നുള്ള ഭരതനീണങ്ങൾ ...
താരം വാൽക്കണ്ണാടി നോക്കി എന്ന ചിത്രയുടെ ഗാനം ഒന്ന് മാത്രം മതി ആ മഹാപ്രതിഭയുടെ കഴിവിന്റെ ഉന്നതി മനസ്സിലാക്കാൻ. പാട്ടിന്റെ തുടക്കത്തിലേ ഹമ്മിങ് തീരുമ്പോഴേക്കും നമ്മൾ പാട്ടിൽ അലിഞ്ഞു പോയിരിക്കും. പിന്നീടുള്ള വരികളിലൂടെ ഒഴുകി ഒഴുകി എവിടെയോ എത്തും.... ഭരതസംഗീതത്തിന്റെ കണ്ണീർ നനഞ്ഞ വഴികൾ നമ്മെ ജന്മസാഫല്യത്തിന്റെ മോക്ഷപടികളിൽ എത്തിക്കും...
കണ്ണീർ നനഞ്ഞൊഴുകി ഒരു ഭരതൻ ഓർമ്മ ...
നന്ദി ഈ ജന്മത്തിന് ...
അങ്ങയെ അറിയാൻ കഴിഞ്ഞതിൽ ...
No comments:
Post a Comment