Friday, October 29, 2021

ചന്ദ്രകാന്തം

 


ഇന്നും സംഗീതരംഗത്തെ റെക്കാർഡ് നിലനിർത്തിക്കൊണ്ട് ദേവരാഗപ്രഭുവിന്റെ ജന്മദിനം  . പതിനഞ്ചു വർഷം മുൻപ് അന്തരിച്ച ആ മഹാസംഗീതജ്ഞൻ നമ്മെ ഏൽപ്പിച്ചു പോയ പാട്ടുകളുടെ മഹാനിധി ! എത്രനാളും ഉപയോഗിച്ചാലും തീരാത്തത് .

വീണ്ടും കുമിഞ്ഞു കൂടുന്നത് . വർണ്ണപ്രഭയാർന്ന ഒരു കാലത്തെ ഓർമ്മിപ്പിക്കുന്നത്. എഴുതാൻ തുനിഞ്ഞാൽ ഒരു ലേഖനത്തിലൊന്നും തൊട്ടുപോലും പോവാൻ കഴിയാത്തത് . ഒരു പുസ്തകമായി തന്നെ എഴുതിത്തീർക്കണം.  കുറഞ്ഞളവിൽ ഇദ്ദേഹത്തെ പറ്റി എന്ത് പറയാനാവും !!  എങ്കിലും ചില അതീവ ഇഷ്ടങ്ങളിലൂടെ ഒന്ന് കടന്നു പോവാം.. അല്ലെ ?


ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ കുഴങ്ങും .. പത്തിലും, നൂറിലും തീരില്ല. എല്ലാം ഇഷ്ടം എന്ന് മനസ്സമർത്തി പറഞ്ഞു പിന്മാറേണ്ടി വരും. എന്നിരുന്നാലും അത്രേക്കേറെ നമ്മുടെ ജീവിതത്തിലും വരെ സ്പർശിച്ചു പോയ ചിലവയിലൂടെ ...

ഒരു പത്ത് പ്രിയ ഗാനങ്ങൾ തിരഞ്ഞെടുക്കുന്നു.  ആ ഗാനങ്ങൾ കേൾക്കുമ്പോൾ മനുഷ്യനായി ജന്മമെടുത്തതിൽ തലകുനിച്ച് നന്ദി രേഖപ്പെടുത്തിപ്പോവും ...


തുടക്ക കാലങ്ങളിലെ ഗാനങ്ങൾ കഴിഞ്ഞാൽ ഉള്ള ഗാനങ്ങൾ ആണ് ഏറെയിഷ്ടം ... ദേവരാജൻ എന്ന സംഗീതജ്ഞനെ കുറിച്ച് പറയുമ്പോൾ വയലാറിനെ ചേർക്കാതെ എങ്ങിനെ !  ദേവരാജന്റെ തൊണ്ണൂറു ശതമാനം നല്ല ഗാനങ്ങളും എഴുതിയത് വയലാർ രാമവർമ്മയാണ് . ആ കൂട്ടുകെട്ടിന്റെ മനോഹാരിത അനുഭവിച്ച  കാലം ഇന്നും തെളിമയോടെ തന്നെ ! 

പ്രണയത്തിന്റെ മാസ്മരികതയുടെ പൂർണ്ണനിലാവുദിച്ച കാലങ്ങൾ .. ഏറെ ഇഷ്ടപ്പെട്ട ഒരു പ്രണയഗാനമുണ്ട് . ആ ഗാനത്തിൽ എല്ലാമുണ്ട്.  പ്രണയത്തിന്റെ എല്ലാ വശങ്ങളും .  വിരഹവും വരെ അതിൽ ചാലിച്ചിട്ടുണ്ട് ..

"ഹിമവാഹിനീ ഹൃദയഹാരിണീ 

നിനക്കോ എന്റെ പ്രിയമുള്ളവൾക്കോ 

മാദക സൗന്ദര്യം  !!"

ഇതെഴുതാൻ വയലാർ തന്നെ വേണം...   ഒന്നാമത്തെ പ്രിയഗാനമായി ഇതിനെ ചേർക്കാം..

ഇഷ്ടഗാനങ്ങൾ എല്ലാം തന്നെ പ്രണയത്തിൽ പൂത്തുലഞ്ഞവ ആയിരിക്കാം... എന്നാലും...

"ഉത്തരായണ കിളി പാടി 

ഉന്മാദിനിയെ പോലെ ..."

മറ്റൊരു പ്രിയ ഗാനം..

" ഇന്ദ്രനീല യവനിക ഞൊറിഞ്ഞു 

ചന്ദ്രലേഖ മണിയറ തുറന്നു " 


"കള്ളിപ്പാലകൾ പൂത്തു 

കാടൊരു വെള്ളിപൂക്കുട തീർത്തു "

ഇവയൊക്കെ പ്രണയ പാരവശ്യത്തിന്റെ സംഗീത നിർമ്മിതികൾ !!


വിരഹത്തിന്റെ മറ്റൊരു വശം ഉണ്ട്. തളർന്നവശയാവുന്ന പ്രണയിനിയുടെ ഭാവങ്ങൾ ...

" പ്രിയസഖി ഗംഗേ" പറയൂ 

പ്രിയമാനസനെവിടെ "

പ്രകൃതിയിലെ സകലതിനോടും പ്രിയനേ കണ്ടോ എന്ന് ചോദിപ്പിക്കുന്ന വിവശത ...

പക്വതയാർന്ന ചില പ്രണയങ്ങൾ ഉണ്ട്...

അതിങ്ങനെ പാടിയേക്കും ..

" അമ്പലപ്പറമ്പിലെ ആരാമത്തിലെ 

ചെമ്പരത്തിപ്പൂവേ "

പ്രണയിനിയുടെ ദാഹത്തിലും ഉണ്ട് ചില കുതിച്ചു ചാട്ടങ്ങൾ .

"പൂന്തേനരുവീ പൊന്മുടി പുഴയുടെ അനുജത്തീ " എന്ന  തരത്തിലും ഇളകിയാടും ..


വയലാർ കഴിഞ്ഞാൽ പിന്നെ ...

" എന്റെ വീണ കമ്പിയെല്ലാം 

വിലക്കെടുത്തു ,

അവരെന്റെ കയ്യിൽ പൂട്ടുവാനൊരു 

വിലങ്ങു തീർത്തു "  എന്ന പി ഭാസ്കരൻ ഗാനം മനസ്സിലെത്തും....

" പൊന്നിൽ കുളിച്ച രാത്രി 

പുളകം വിരിഞ്ഞ രാത്രി " 

അത്രയേറെ വിവരിച്ചു കൊണ്ട്  യൂസഫലി കേച്ചേരിയും ..

" രാക്കുയിലിൻ രാഗസദസ്സിൽ 

രാഗമാലിക മാധുരി "  

എന്ന് അകമഴിഞ്ഞ് പ്രശംസിച്ചു കൊണ്ട് ശ്രീകുമാരൻ തമ്പിയും ...

" അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ 

എന്ന് ഞാൻ ഒരു മാത്ര വെറുതെ 

നിനച്ചു പോയി "

എന്ന സൗമ്യ പ്രണയവുമായി ശ്രീ ഓ എൻ വി കുറുപ്പും....


തീർന്നില്ല. തീരുകയുമില്ല.

കായാമ്പൂ കണ്ണിൽ വിടരും 

തങ്കത്തളികയിൽ 

ചക്രവർത്തിനീ ...

മധുചന്ദ്രികയുടെ ..

യാമിനി യാമിനി .

ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു .

കണ്ണാ ആരോമലുണ്ണീ കണ്ണാ ..

കാദംബരി പുഷപസദസ്സിൽ 

വെണ്ണതോൽക്കുമുടലോടെ 

കൃഷ്ണപക്ഷക്കിളി ചിലച്ചു...

മലയാള ഭാഷതൻ ...

മാനത്തു കണ്ണികൾ ....


എഴുതിയാലെവിടെ തീരാൻ... ഇഷ്ടപെട്ട പത്തു ഗാനങ്ങൾ അതെന്റെ ചോയ്‌സ്  മാത്രം.. വിയോജിപ്പുകൾ ഉണ്ടാവാം... എന്നാൽ അതിലും തീരുന്നില്ലല്ലോ ഇഷ്ടങ്ങൾ ... പിന്നെയും കിടക്കുകയാണ്.. കേട്ട് കേട്ട് മതി വരില്ല ...

പ്രണാമങ്ങൾ ...

No comments:

Post a Comment