Tuesday, May 28, 2024
സംഗീതമേ ജീവിതം
ജീവിതത്തിൽ നിന്നും കടന്നു പോയ ഒരു ഗായകനെ കുറിച്ചെഴുതാനിരിക്കുമ്പോൾ അദ്ദേഹം ജീവിച്ചിരുന്ന ആ കാലത്തെ കുറിച്ചും ഓർത്തുപോവും. സ്വാതന്ത്ര്യാനന്തര കാലത്തെ പിച്ചവെച്ചുണരുന്ന ഒരു കലാമേഖലയെ പറ്റിയും ....സിനിമ. സാധാരണ ജനങ്ങൾക്കും കുറേശെ പിടിതന്നുകൊണ്ടിരുന്ന കാലം. സിനിമാഗാനങ്ങൾ തങ്ങൾക്കും മൂളിനടക്കാൻ പാകത്തിൽ ഉള്ളവ ആണല്ലോ എന്നൊരു സന്തോഷം ....
എങ്കിലും ഭക്തിരസപ്രധാനമായവ പിന്നെയും വന്നുകൊണ്ടിരുന്നു. ജീവിതാർത്ഥങ്ങളെ മുൻനിർത്തി പാട്ടുകൾ വന്നിരുന്നെങ്കിലും ജനഹൃദയങ്ങളിൽ അതത്ര ഏശിയിരുന്നില്ല . പൂന്താനത്തിന്റെ ജ്ഞാനപ്പാന പോലെ തരളിതമായി മനസ്സിനെ തഴുകിയിരുന്നില്ല. അപ്പോഴാണ് ഒരു ഗായകന്റെ വരവ്. 1954 മുതൽ ഇവിടെ ഉണ്ടായിരുന്ന ആൾ. ഹരിശ്ചന്ദ്ര എന്ന ചിത്രത്തിലെ " ആത്മവിദ്യാലമേ " എന്ന ഗാനം . ജീവിതത്തിനെ കുറിച്ച് പലതും നമ്മെ ഓർമ്മപ്പെടുത്തുന്ന ഒന്ന് . പൊൻകതിർ എന്ന ചലച്ചിത്രത്തിലെ ഒരു കവിതാ ശകലം പാടിക്കൊണ്ട് കടന്നു വന്ന ശ്രീ കമുകറ പുരുഷോത്തമൻ എന്ന കന്യാകുമാരിക്കാരൻ. ഈ ഗാനത്തിന്റെ മഹത്വം കൊണ്ടുകൂടിയാണ് പിന്നീടങ്ങോട്ട് ഒട്ടേറെ നല്ല ഗാനങ്ങൾ അദ്ദേഹത്തിന് കിട്ടാൻ കാരണവും..
അത്തരത്തിലുള്ള ഓർമ്മപ്പെടുത്തലുകൾ കൊണ്ടുവരുന്ന ഗാനങ്ങൾ പിന്നെയും ആലപിക്കേണ്ടി വന്നെങ്കിലും അതെല്ലാം വ്യത്യസ്തമായിരുന്നു , സുന്ദരമായിരുന്നു.
മായാമാധവഃ ഗോപാല .... ( ഭക്തകുചേല )
ഈശ്വരചിന്തയിതൊന്നെ മനുജന് ... ( ഭക്ത കുചേല )
പനിനീരിന്നിതൾ കൊഴിഞ്ഞാലും ( ജ്ഞാനസുന്ദരി )
മായാമയനുടെ ലീല ( ചിലമ്പൊലി ) ഭാർഗവി നിലയം )
മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു ( തറവാട്ടമ്മ )
ഏകാന്തതയുടെ അപാര തീരം ( ഭാർഗവി നിലയം )
ഈ ഗാനങ്ങളിലൊക്കെ തന്നെ തുടിച്ചു നിൽക്കുന്ന ഈശ്വര സങ്കൽപ്പത്തിന്റെ , അറിയാപ്രപഞ്ചത്തിന്റെ , ജീവിത സമസ്യകളുടെ ഇടറലുകളും , വിങ്ങലുകളും അറിയാം... ഹരിശ്ചന്ദ്രയിലെ ആ ഗാനത്തിന്റെ ഗരിമയിൽ നിന്നും ഒട്ടും പതറാതെ ഉള്ള മുന്നേറ്റങ്ങൾ . കാലം അതേറ്റുപാടിക്കൊണ്ടേ ഇരിക്കുന്നു.
കർണ്ണാടക സംഗീതത്തിന്റെ ഉറച്ച അടിത്തറയിൽ നിലനിന്ന ഗാനങ്ങൾ ലളിതസംഗീതത്തിന്റെ പീലിയിളക്കങ്ങളിലേക്ക് ചുവടു മാറ്റും നേരം....
മലയാള ഗാനങ്ങൾ ഒന്നുകൂടി ലളിതമാവുകയായിരുന്നു. അശാന്ത പി തിന്റെ തുടക്കം മുതൽ തന്നെ അദ്ദേഹം കൂടെയുണ്ട്....
"സംഗീതമേ ജീവിതം" എന്ന ജയിൽപ്പുള്ളിയിലെ ഗാനം ശാന്ത പി നായരുമൊത്ത്ആലപിച്ചത്. പ്രണയത്തിന്റെയും, തത്വചിന്തകളുടേയുമൊക്കെ ത്രാസിൽ തൂങ്ങുന്ന ജീവിതം തന്നെ വിഷയം ...
അന്നത്തെ മുൻ നിര ഗായികമാരുടെ കൂടെ പാടാൻ കമുകറയ്ക്ക് കഴിഞ്ഞു. ശാന്താ പി നായർ , പി ലീല, കെ പി എ സി സുലോചന , ജാനകി , സുശീല etc ...
തുമ്പപ്പൂ പെയ്യണ പൂനിലാവെ ( രണ്ടിടങ്ങഴി )
പൂവിനു മണമില്ല നിലാവിന് കുളിരില്ല ( ചിലമ്പൊലി )
ഏഴു നിറങ്ങളിൽ നിന്നുടെ രൂപം ( കറുത്ത കൈ )
പൊട്ടിക്കരയിക്കാൻ മാത്രം ( പട്ടുതൂവാല )
ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നുംതോണി ( പട്ടുതൂവാല )
തങ്കത്തേരിലേഴുന്നെള്ളുന്നൊരു തമ്പുരാട്ടി ( കളിയോടം)
യേശുനായകാ ദേവാ സ്നേഹഗായകാ ( തങ്കക്കുടം )
കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു ( ലേഡി ഡോക്ടർ )
അശോകവനത്തിൽ സീതമ്മ ( കള്ളിച്ചെല്ലമ്മ )
എന്നീ യുഗ്മഗാനങ്ങളൊക്കെ അന്നത്തെ സൂപ്പർ ഹിറ്റുകളായിരുന്നു. ഗൗരവക്കാരനായിരുന്ന ഒരു പ്രണയഗായകൻ ...
ഇരുപതു വർഷത്തോളം സിനിമാരംഗത്തുണ്ടായിരുന്നു ഇദ്ദേഹം . മറ്റെല്ലാ ഗായകർക്കുമെന്ന പോലെ യേസുദാസ് എന്ന ഗന്ധർവന്റെ വരവിൽ അവസരങ്ങൾ കുറഞ്ഞു. കറുത്ത കൈ എന്നതിൽ " പഞ്ചവർണ്ണ തത്ത പോലെ " എന്ന ഗാനം യേശുദാസുമൊത്ത് പാടുകയുണ്ടായി .
നാളെ നാളെയൊന്നായിട്ട് ( ഭക്തകുചേല )
പറന്നുപോയോ ഇണക്കുയിലേ ( ജ്ഞാനസുന്ദരി )
പനിനീർ മലരിന്നിതൾ കൊഴിഞ്ഞാലും ( ജ്ഞാനസുന്ദരി )
മാതളമലരെ മാതളമലരെ ( കളിയോടം )
വാർമുകിലെ വാനിലലയും വാർമുകിലേ ( പുത്രി )
പൂവായ് വിരിഞ്ഞതെല്ലാം പൊന്നാകുമോ ( പ്രിയതമ )
ഗംഗാ യമുന സംഗമ സമതല ഭൂമി ( ഹോട്ടൽ ഹൈ റേഞ്ച് )
മറക്കാൻ കഴിയുമോ പ്രേമം ( കണ്ണൂർ ഡീലക്സ് )
എന്നീ ഗാനങ്ങൾ ആലപിച്ചു കൊണ്ട് ഏകദേശം 1970 വരെ ....
പിന്നീട് ഗാനരംഗത്ത് നിന്നും സ്വയമേവ വിരമിച്ചു. എങ്കിലും പാട്ടുകൾ വിട്ടിരുന്നില്ല . കാലങ്ങൾക്ക് ശേഷം ആരോരുമറിയാതെ എന്ന ചിത്രത്തിൽ " ആ ചാമരം ഈ ചാമരം " എന്ന ഗാനവും ,. മണിച്ചെപ്പു തുറന്നപ്പോൾ എന്നതിലെ " സ്വർഗ്ഗവാതിൽ തുറന്നു " എന്ന ഗാനത്തിനും സഹകരിച്ചു....
1995 മെയ് 26 ന് ഒരു കാർ യാത്രക്കിടയിൽ ഹൃദയസ്തംഭനം മൂലം ഇദ്ദേഹം മരണമടയുകയായിരുന്നു ... പാട്ടിന്റെ ഒരു പൂക്കാലം സൃഷ്‌ടിച്ച അങ്ങയെ ഞങ്ങൾ ഒരിക്കലും മറക്കില്ല ..... പ്രണാമം പ്രിയ ഗായകാ ....
Subscribe to:
Post Comments (Atom)
No comments:
Post a Comment