Sunday, February 12, 2023
പുത്തഞ്ചേരി വിശേഷങ്ങൾ തീരുന്നില്ല
മനുഷ്യജീവിതം ഇഷ്ടങ്ങളിൽ കുരുങ്ങിയാണ് പുലർന്നു പോവുന്നത്. അനിഷ്ടങ്ങൾ ഒരു മനുഷ്യനും അംഗീകരിക്കില്ല . സാധാരണമായി പുലർന്നു പോവുന്നതായാലും, ഇനി അസാധാരണമായി വന്നു ഭവിക്കുന്നതായാലും. എത്രയേറെ മനുഷ്യരെ ആണ് നമ്മൾ കണ്ടും, പരിചയപ്പെട്ടതും, കൂട്ടുചേർന്നുപോയും ,ഇണങ്ങിയും, പിണങ്ങിയും, എല്ലാമെല്ലാമെന്നും പറഞ്ഞുകൊണ്ടും ഇഴുകിയഴുകി പോവുന്നത്...!
ഒരു പാട്ടുകാരന്റെ തീർന്നുപോയ ഒരു ജീവിതത്തിലൂടെ കടന്നുപോവുമ്പോൾ വല്ലാത്തൊരു ബഹളവും, പാട്ടിന്റെ ശാന്തതയും നമ്മൾ അനുഭവിക്കും. പാട്ടുകാരൻ എന്ന് വെച്ചാൽ പാട്ടിന്റെ ജീവനെ മുഴുവനായറിയുന്ന ഒരെഴുത്തുകാരൻ ! അയാൾ എഴുതും . പാടും,,, ചലച്ചിത്രലോകം അതെന്നുമോർമ്മിക്കും.. അത്തരമിടങ്ങളിലൂടെ ചിരിച്ചും, പാടിയും കടന്നുപോയ അയാൾ...
ഇന്ന് ഗിരീഷ് പുത്തഞ്ചേരിയുടെ പതിമൂന്നാമത് ചരമവാർഷികം ആണ് ..
ഒരു രാത്രികൂടി വിടവാങ്ങവേ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം... !
നാട്ടുകാരനാണ് . പാടി പകുതിയിൽ നിർത്തി കടന്നു പോയവൻ ..
ശാന്തമായ ഒരു രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടുവാ എന്ന് പറഞ്ഞവൻ ...
എല്ലാ ഘോഷങ്ങളോടെയും ആയിരുന്നു പിന്നെ വരവ്....
ഞെട്ടിയില്ല.. അർഹിക്കുന്നതല്ലേ...
അതുകൊണ്ടും അറിയാം ആ മനസ്സിന്റെ നിർമലത. കൈക്കുടന്ന നിറയെ മധുരം തരും എന്നതൊരു സ്വപ്നമാണ്.. ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം... സ്വപ്നാടനം പോലെ ആയിരുന്നു മായാമയൂരത്തിന്റെ വരവ് ...
പുത്തഞ്ചേരിയുടെ ഗ്രാമ്യജീവിതത്തിലേക്ക് നിശബ്ദമായ് വന്നു ചേർന്നവൻ .. സമൃദ്ധമായ ഒരു പാരമ്പര്യത്തിലേക്കായിരുന്നു അദ്ദേഹത്തിന്റെ ജനനം . സത്യസന്ധമായ ജീവിതവീക്ഷണങ്ങളും , പരിചരണങ്ങളും നിറഞ്ഞ ഒരു ഒരിടം,. അവിടെ സപ്തസ്വരങ്ങളും,ഈണമധുരങ്ങളും ചേർത്ത ദിവ്യഔഷധങ്ങളായിരുക്കും ഉയിർ കൊണ്ടിരുന്നത്...
അത്തരത്തിലൊരാൾ മഹാനാവാതെ എങ്ങനെ !!!!!
അച്ഛൻ ആയുർവേദാചാര്യൻ , ജ്യോതിഷ വിദഗ്ദൻ .. 'അമ്മ കർണ്ണാടക സംഗീതജ്ഞ .. അടിത്തറ പുഷ്ടിപ്പെട്ടിരുന്നു. തുടർ ജീവിതത്തിൽ അതാണ് കൂട്ടായ് ചേർന്ന് നിന്നതും...
തൊണ്ണൂറിന്റെ തുടക്കത്തിൽ സിനിമയിലേക്ക് കടന്നു വന്നവൻ
.. പറയേണ്ടത് മുഴുവൻ പറയാതെ പോയ ഗിരീഷ് പുത്തഞ്ചേരി എന്ന പാട്ടെഴുത്തുകാരന്റെ പതിമൂന്നാം ചർമവാർഷികത്തിൽ ഓർക്കുന്നതിലല്ല കാര്യം,,, സമൃദ്ധമായ ആ പാട്ടുജീവിതത്തിന്റെ ഇടനാഴികകളിൽ മയങ്ങിവീണ ഒരാരാധകന്റെ സൗമ്യമന്ത്രണം മാത്രമിത്..,, ഓർക്കുമ്പോൾ പോലും ജ്വാലാമുഖികളായി തൊണ്ണൂറുകളിൽ നിന്നും രണ്ടായിരത്തിൽ നിന്നും ഓർമ്മപ്പെടുത്തലുകൾ...!!
മനുഷ്യന്റെ കഴിവുകളെ ആദരിക്കുകയും. അഭിമാനത്തോടെ എഴുത്തുകളിലൂടെ ഉന്മാദത്തോടെ കൈവണങ്ങി നിന്നിട്ടുള്ള എഴുത്തുകാരൻ ആണ് വയലാർ രാമവർമ്മ, ആ മഹത്വങ്ങൾ ഏറ്റുവാങ്ങി സ്വന്തം തട്ടകം തീർത്തയാളാണ് ഗിരീഷ് പുത്തഞ്ചേരി... ആ സംസ്കാരം അദ്ദേഹത്തിന്റെ കവിതാ സമാഹാരത്തിൽ നിന്നും മനസ്സിലാക്കാനാവുന്നതാണ്.
മറ്റൊന്നും പറയുന്നില്ല .. ഗിരീഷ് പുത്തഞ്ചേരി എഴുതിയ പാട്ടുകളിൽ നിന്നും എനിക്കിഷ്ടപ്പെട്ടതും., അക്കാലത്തെ ഹിറ്റായതുമായ ചിലവയിലേക്കു ഒന്ന് പോവാൻ ഉദ്ദേശിക്കുന്നുണ്ട്.
മറ്റേതൊരു മലയാള സംഗീതജ്ഞൻ ഈണം ചെയ്തതിനേക്കാളും ഗിരിഷ് വരികൾ വാഴ്ത്തപ്പെട്ടത് തമിഴ് സംഗീതജ്ഞൻ ശ്രീ വിദ്യാസാഗർ തൊട്ടുഴിഞ്ഞപ്പോഴാണ്...
ഒരു തർക്കത്തിനായി എസ് പി വെങ്കിടേഷ്, രഘുകുമാർ , ജോൺസൻ , എം ജി രാധാകൃഷ്ണൻ ബേണി ഇഗ്‌നേഷ്യസ് ,ശരത് എന്നിവർക്കും ഇളയരാജക്കും ശേഷം ആണ് വിദ്യാസാഗർ വന്നത് എന്ന് പറയാമെങ്കിലും...
ഇന്ദ്രപ്രസ്ഥത്തിലെ ആ ഗാനം...'
തങ്കത്തിങ്കൾക്കിളിയായ് കുറുകാം ....
അതൊരു തുടക്കം തന്നെയായിരുന്നു.
അത് പിന്നെ കൃഷ്ണഗുഡിയിലെ കുളിർകാറ്റായി. സ്നേഹത്തിനും കടമകൾക്കും ഇടയിൽ മഞ്ഞുമാസപ്പക്ഷിയായി സാന്ദ്രമായ സന്ധ്യയിൽ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനത്തിനായി കാത്തിരിക്കുന്ന കണ്മണിയായി തുടർന്നും... വർണ്ണപകിട്ടിലെ മാണിക്യക്കല്ല് മേഞ്ഞ മെനഞ്ഞ കൊട്ടാരത്തിലെ ജീവിതത്തെ
പുല്കിയും നേരിട്ടും പോവുമ്പോൾ ആവും ചൂളമടിച്ചു കറങ്ങി നടക്കുന്ന ചോലക്കുയിലിനെ കാണുന്നത്,. ആകെ കൺഫ്യൂഷൻ തീർക്കണമേ എന്ന് ....
എത്രയോ ജന്മമായ് കാത്തിരിക്കുന്നതല്ലേ ... ഒരുരാത്രി കൂടി വിടവാങ്ങവേ എന്നതൊക്കെ എത്ര വലിയ ഭാരമാണ് പ്രണയിതാക്കൾക്ക് ... തമിഴകത്തിന്റെ ആ പ്രസന്നത ഒരിക്കലും കൈവിടാനാവില്ല വിദ്യാസാഗറിന് .. അപ്പോൾ സുന്ദരിയേ സുന്ദരിയേ എന്ന് ഒരു മറവത്തൂർ കനവായി വിടരും...
കരുണാമയനെ കാവൽ വിളക്കേ എന്ന ഗാനത്തിലും ഭക്തിനിർഭരമായ ഒരന്തരീക്ഷം കൊണ്ടുവരാൻ കഴിയും...
പ്രണയവർണ്ണങ്ങൾ ചാലിച്ച് കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും തൊട്ട് ആരൊക്കെയോ വരും.. തരളിതമായ ആ മനസ്സിലേക്ക് ആരോ വിരൽ നീട്ടിയെത്തും..
ബന്ധങ്ങളുടെ ചങ്ങലകിലുക്കത്തിൽ വെണ്ണിലാക്കൊമ്പിലെ രാപ്പാടി ആയി ഏട്ടനും അനിയത്തിയും...
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം എന്ന ദുഃഖസാന്ദ്രമായ നിമിഷങ്ങളിലേക്ക് ശുക്രിയ ശുക്രിയ എന്ന് ചൊല്ലി ഒരു കൂട്ടർ ...
കണ്ണിൽ കാശിതുമ്പകൾ എന്ന അപൂർവ ഭാവനയുമായി പുത്തഞ്ചേരി ..മണിമുറ്റത്താവണി പന്തലൊരുക്കി സ്വപ്‌നങ്ങൾ...
മൗനാനുരാഗത്തിന്റെ ലോലഭാവങ്ങൾ മനസ്സിൽ തുളുമ്പുകയാണ് മറക്കാൻ ശ്രമിച്ചിട്ടും... രണ്ടാംഭാവത്തിന്റെ ഒരുക്കത്തിൽ .
ചിങ്ങമാസം വന്നുചേർന്നാൽ സ്വന്തമാവുന്ന കരിമിഴിക്കുരുവിയെ ചേർത്തുപിടിച്ചുകൊണ്ടു എന്റെ എല്ലാമെല്ലാമല്ലേ എന്ന് ചൊല്ലണം..
പിന്നെയാണ് സീ ഐ ഡി മൂസയായി ചിലമ്പൊലിക്കാറ്റെ എന്ന് ചൊല്ലിയാടുന്നത് . ഗ്രാമഫോണിലൂടെ നിനക്കെന്റെ മനസ്സിലെ മലരിട്ട വസന്തത്തിന്റെ മഴവില്ല് മെനഞ്ഞു തരാനായി ഒരുവൻ . പ്രണയത്തിന്റെ ആധിക്യത്തിൽ വിളിച്ചതെന്തിന് നീ എന്ന് വിലപിക്കുകയും ചെയ്യൂന്നു ...
ചന്ദ്രോത്സവത്തിൽ മുറ്റത്തെത്തും തെന്നലിനെ വരവേൽക്കാൻ ശ്രീഹരിയുണ്ട്... ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നെയും പൂവിടുമോ എന്നാരാഞ്ഞുകൊണ്ട് ...
( തുടരും)
Subscribe to:
Post Comments (Atom)
No comments:
Post a Comment