Tuesday, May 28, 2024
സുഖമാണീ ഈണനിലാവ് ...
ചില പ്രതിഭകളുടെ കടന്നുവരവ് സൃഷ്ടിക്കുന്ന അനുഭവ സൗഖ്യങ്ങളുണ്ട് . ആ സർഗ്ഗസുഖത്തിന്റെ നിർവൃതിയെ പറ്റി എഴുതിയത് കൊണ്ടോ , പറഞ്ഞതുകൊണ്ടോ അനുഭവിക്കാത്തവർക്ക് പ്രത്യേകിച്ചൊന്നും തോന്നില്ല. എന്നാൽ കാലങ്ങൾക്കു ശേഷമുള്ള ഒരോർമ്മപ്പെടുത്തൽ ആ കാലത്തെ മനസ്സിൽ സൂക്ഷിച്ചവർക്ക് വീണ്ടും ഹൃദയത്തിനുള്ളിലൊരിടത്ത് വിങ്ങൽ അനുഭവപ്പെട്ടേക്കാം...
1983 . മലയാള ചലച്ചിത്രത്തിൽ ഒരു കുഞ്ഞു പൂ വിരിഞ്ഞതും അത് കേരളക്കരയാകെ നറുമണം പരത്തിയൊഴുകിയതും അന്നത്തെ പതിനേഴുകാരൻ ഓർക്കുന്നുണ്ട്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചലച്ചിത്രം. ബേബി ശാലിനി. പുതുമയോടെ അവതരിപ്പിക്കപ്പെട്ടതും, നിറഞ്ഞ സദസ്സിൽ ഏറെ നാൾ കളിച്ചതും എല്ലാം....ശേഷം അത്തരം സിനിമകളുടെ നിഴൽ ചിത്രങ്ങൾ ഇറക്കാൻ പലരും ശ്രമിച്ചെങ്കിലും ഒന്നും വേര് പിടിച്ചില്ല.
എന്നാൽ 1986 ൽ തീർത്തും വ്യത്യസ്തമായ മറ്റൊരു പ്രമേയവുമായി ഒരു കുഞ്ഞു പൂ കൂടി വിരിഞ്ഞു. " ഒന്ന് മുതൽ പൂജ്യം വരെ " . ഗീതു മോഹൻദാസ് .
പുതുമുഖങ്ങളുടെ ഒരു മേളനം തന്നെയായിരുന്നു. രഘുനാഥ് പലേരിയുടെ രചനയും സംവിധാനവും . ശാന്തമായ ഒരു സിനിമ. എന്നാൽ അതിൽ പ്രസരിച്ച വാത്സല്യവും, സ്നേഹവും എല്ലാം പ്രേക്ഷകർ എത്രമാത്രം നുണഞ്ഞു ! ഒരമ്മയുടെയും മകളുടെയും ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വന്ന ഒരപരിചിതൻ . ടെലിഫോൺ അങ്കിൾ . കാണാത്ത ഏതോ ഇടത്തിരുന്നു കൊണ്ട് ഇവരിലേക്ക് സൂക്ഷമായി പടർന്നു കയറിയ ആ ശബ്ദം . കീഴ്‌പ്പെട്ടു പോയ ശബ്ദം . ഒറ്റപ്പെടലിന്റെയും. ഏകാന്തതയുടെയും പൊട്ടിചിലമ്പലുകൾ കേട്ട നിമിഷങ്ങൾ അതിലെ പാട്ടുകൾ കഥാസന്ദർഭത്തോട് അത്രയേറെ ഇഴചേർന്നു പോയവ ആയിരുന്നു. ഒരു പുതുമുഖ സംഗീത സംവിധായകൻ . ശ്രീ മോഹൻ സിതാര ...
മോഹൻ സിതാരയുടെ പാട്ടുകളെ ശാന്തമായ ഗാനങ്ങൾ എന്ന് വിശേഷിപ്പിക്കുന്നു ..86 തൊട്ട് 2023 വരെ അതിവിടെ ഇടറാതെ തുടരുന്നുണ്ട്. അന്നും ഇന്നും ബഹളമായ തരത്തിലുള്ള ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഗാനങ്ങൾ സ്പീഡിലായാലും അതിനുമുണ്ടൊരു ഒതുക്കം. വഴിയേ പറയാം...
പോന്നൊലിവിൻ ചില്ലകളിൽ പൂത്ത എന്ന പ്രണയ ഗാനത്തിനുമുണ്ട് പിടഞ്ഞു ചിതറാൻ കൊതിക്കുന്നൊരു മനസ്സ് .
"സ്വരങ്ങളായ് നിറങ്ങളായ് പറന്നുയരാം..
നീളേ പറന്നുയരാം.."
എന്നൊരു ഭാവം .
പ്രണയതീക്ഷ്ണതയിൽ നിന്ന് മാറി മറ്റൊരു ഹൃദയഗീതം ..
കുഞ്ഞുങ്ങളിലേക്കിറ്റു വീഴുന്ന മാതൃപിതാ ബന്ധത്തിന്റെ സ്നേഹകണിക ..അത് വേണുഗോപാൽ എന്ന ഗായകനെ തിരിച്ചറിഞ്ഞ സന്ദർഭം. വേണുവും, ചിത്രയും മാറി മാറി പാടിയ ഗാനം.
രാരീ രാരീരം രാരോ ...
പൊന്നും തിങ്കൾ പോറ്റും മാനെ ... എന്നീ ഗാനങ്ങളായി മനസ്സിനെ മഥിച്ച കാലം...
ആ ഒരു താരാട്ടീണത്തിന്റെ മാധുര്യം കൊണ്ടുവരാൻ പിന്നീട് വന്ന പാട്ടുകൾക്ക് പലതിനും മോഹൻ സിതാര ശ്രമിച്ചിട്ടുണ്ട്.
താലോലം താനേ താരാട്ടും ( കുടുംബപുരാണം )
ഉണ്ണീ വാവാവോ ( സാന്ത്വനം )
കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ ( പൊന്നുച്ചാമി )
ചന്ദനത്തെന്നലായ് ഞാൻ നിന്റെ ലോലമാം ( ഷാർജ ട്ടോ ഷാർജ )
കുഞ്ഞേ നിനക്ക് വേണ്ടി ( കാഴ്ച )
തങ്കമനസ്സ് അമ്മമനസ്സ് ( രാപ്പകൽ )
മിണ്ടാതെടി കുയിലേ ( തന്മാത്ര )
എന്നമ്മേ ഒന്ന് കാണാൻ ( നമ്മൾ)
അണ്ണാറക്കണ്ണാ വാ ( ഭ്രമരം )
ഈ ഗാനങ്ങളിലൊക്കെ തന്നെ ആദ്യ രീതിയുടെ നിഴൽ വീണു കിടക്കുന്നുണ്ട്. ഓരോന്നും വ്യത്യസ്തം എങ്കിലും ഈ കുളിർ സ്വരം വീണ്ടും വീണ്ടും നമ്മെ ഭ്രമിപ്പിക്കുകയാണ് ...
പ്രണയഗാനങ്ങൾക്ക് അദ്ദേഹം കൊടുത്ത മുറുക്കം ..
ലളിതസംഗീതത്തിന്റെ തന്ത്രികൾ മുഴക്കിയ മൂകമാം അനുരാഗം ....
ഉള്ളിൽ അസ്വസ്ഥത ഉണ്ടെങ്കിലും മൃദുവായ സമീപനങ്ങൾ പുലർത്തുന്ന കാമുകരെ സൃഷ്‌ടിച്ച സംഗീതജ്ഞൻ .. :)
നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി ( വചനം )
പവിഴമഞ്ചലിൽ പറന്നു പാറി വാ ( ഫാസ്റ്റ് ബെൽ )
കുങ്കുമമലരുകളോ വിരിഞ്ഞു ( മുഖമുദ്ര )
സ്വരജതി പാടും പൈങ്കിളി ( വാരഫലം )
സീമന്തയാമിനിയിൽ അഴകിന്റെ താഴ്‌വരയിൽ ( കളിവീട് )
പൊൻവെയിൽ ഊതി ഒരുക്കി ( നക്ഷത്ര താരാട്ട് )
നീയെന്റെ പാട്ടിൽ ശ്രീരാഗമായി ( നക്ഷത്ര താരാട്ട് )
നിന്റെ കണ്ണിൽ വിരുന്നു വന്നു ( ദീപസ്തംഭം മഹാശ്ചര്യം )
സ്നേഹത്തിൻ പൂ നുള്ളി പൂജിച്ചു ഞാൻ ..
പുള്ളിമാൻ കിടാവേ ( മഴവില്ല് )
എന്തുഭംഗി നിന്നെക്കാണാൻ ( ജോക്കർ )
അല്ലിയാമ്പൽ പൂവേ ചൊല്ല് ചൊല്ല് പൂവേ ( ദാദാസാഹിബ് )
ഇന്ദ്രനീലം ചൂടി ( വർണ്ണക്കാഴ്ചകൾ ) ]
കാണുമ്പോൾ പറയാമോ ( ഇഷ്ടം )
എനിക്കും ഒരു നാവുണ്ടെങ്കിൽ ( ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ )
മകരനിലാവിൻ മധുരവുമായി ( സ്നേഹിതൻ )
കാനനക്കുയിലെ ( മിസ്റ്റർ ബ്രഹ്മചാരി )
ഈ ഗാനങ്ങളൊക്കെ ചേർത്തു നിർത്തുന്ന ഒരു സൗരഭമുണ്ട് . ഇതൊക്കെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ മനസ്സിന്റെ ഈറനുണക്കുന്ന ഒരനുഭവമുണ്ട്. ഇരുത്തം വന്ന ഒരു സംഗീതജ്ഞന്റെ ആ മുഖം മനസ്സിൽ തെളിയും. ...
തുടക്കം ഓ എൻ വി കുറിപ്പിന്റെ വരികളെങ്കിലും പിന്നീട് ഇടയ്ക്കിടെ വീണ്ടും സംഗമങ്ങൾ ഉണ്ടായെങ്കിലും കൂടുതലും ശരിക്കും പറഞ്ഞാൽ യൂസഫലി കേച്ചേരിയുടെ അവസാനം വരെ ഉണ്ടായ കൂട്ടുകെട്ടോളം മറ്റൊന്നും വരില്ല. അധിക വിനയൻ ചിത്രങ്ങളിലും ഇവരായിരുന്നു ഗാനങ്ങൾ ഒരുക്കിയിരുന്നത്.. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ,ദാദാ സാഹിബ് ,കരുമാടിക്കുട്ടൻ, രാക്ഷസരാജാവ് ,കരുമാടിക്കുട്ടൻ ,ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ ,മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും .തുടങ്ങിയവയിൽ നിറയെ ഗാനങ്ങളുമായി ഇവർക്കുണ്ടായിരുന്നു.
കൈതപ്രം - മോഹൻ സിതാരയും ചേർന്ന് മറ്റൊരു സംഗീതവിഹായസ്സ് ഒരുക്കി വെച്ചു .
കുടുംബപുരാണത്തിലൂടെ തുടങ്ങിയ ബന്ധം..
പുതുമഴയായ്... ( മുദ്ര )
സ്വരകന്യകമാർ വീണമീട്ടുകയായ് ( സാന്ത്വനം )
ശിവദം ശിവനാമം ( മഴവില്ല് )
രാവിൻ നിലാക്കായൽ ( മഴവില്ല് )
ചഞ്ചല ദ്രുതപദതാളം ( ഇഷ്ടം )
സുഖമാണീ നിലാവ് ( നമ്മൾ )
കറുപ്പിനഴക് ( സ്വപ്നക്കൂട് )
കണ്ണനായാൽ രാധ വേണം ( പട്ടണത്തിൽ സുന്ദരൻ )
ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ ( തന്മാത്ര )
പോകാതെ കരിയിലാക്കാറ്റേ ( രാപ്പകൽ )
വയലാർ ശരത്ചന്ദ്രവർമ്മ കൂട്ടിൽ നിന്നും ...
മഴയിൽ രാത്രി മഴയിൽ ( കറുത്ത പക്ഷികൾ )
പതിനേഴിന്റെ പൂങ്കരളിൽ ( വെള്ളരിപ്രാവിന്റെ ചങ്ങാതി )
പാട്ടുകൾ എടുത്തെഴുതിയാൽ തീരില്ല. രവീന്ദ്രൻമാസ്റ്റർ , ജോൺസൻ മാസ്റ്റർ എന്നിവരോടൊപ്പം ആ കാലത്ത് തന്റേതായ തട്ട് ഒട്ടും താഴാതെ സൂക്ഷിക്കാൻ മോഹൻ സിതാരയ്‌ക്കും കഴിഞ്ഞു. അവരൊക്കെ രംഗപടം താഴ്ത്തി ഒഴിഞ്ഞുപോയെങ്കിലും പിന്നീടിവിടെ ഞങ്ങൾക്ക് കൂട്ടായി നിന്നത് മോഹൻ സിതാര സംഗീതമാണ്. ഇനിയും ഈ പാട്ടിന്റെ മഴയിൽ നനയണം... ഏറെ കാലം.....
Subscribe to:
Post Comments (Atom)
No comments:
Post a Comment