Tuesday, May 28, 2024

രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി

സംഗീതം നമുക്ക് തരുന്ന അനുഭവത്തെ എങ്ങിനെ വാക്കുകളാൽ വിവരിക്കും ! അസാധ്യം. പൂർണമാവാത്ത കുറിപ്പുകളാവും എല്ലാം. എത്ര പറഞ്ഞാലും തീരാതെ വിവശതയോടെ നിർത്തേണ്ടി വരും. അത്രയേറെ ഉണ്ട് സിനിമാ സംഗീതത്തിന്റെ അറിവാഴങ്ങൾ . ആരെയൊക്കെ കുറിച്ച് പറയും. ആരെ മുന്നിൽ നിർത്തും. മികച്ചത് ഏത് എന്നിവയിലൊക്കെ തീരുമാനം എടുക്കാനാവാതെ കുഴങ്ങും. വെറുതെ കേട്ട് പോകുന്നവർക്ക് അതൊന്നും ബാധകമല്ല . നല്ലതിനെ തേടി പോവുമ്പോഴാണ് ആസ്വാദകൻ ബുദ്ധിമുട്ടുന്നത്. തിളങ്ങുന്ന സുവർണ്ണ കാലത്തിന്റെ മഹാപ്രഭയിൽ നിന്നും ഒരു കാലത്തും വേർപെടുത്താനാവാതെ മനസ്സ് ഉടക്കി കിടക്കും. ഇന്നിന്റെ സ്പീഡ് സംഗീതത്തിന്റെ ഇടയിൽ നിന്ന് തിരഞ്ഞെടുക്കാൻ പ്രയാസമില്ല. എന്നാൽ അറുപത് , എഴുപത് , എൺപത്, തൊണ്ണൂറു കാലങ്ങളിലെ ഗാനങ്ങളിൽ നിന്ന് മികച്ചത് തിരഞ്ഞെടുക്കുമ്പോൾ ആണ് സകലതും കീഴ്മേൽ മറിയുന്നതും, ഒന്നിനൊന്ന് മികച്ചത് കണ്ടെത്തുന്നതും... ആമുഖമായി പറഞ്ഞെന്നു മാത്രം... ഒരു വ്യക്തിയുടെ സംഗീതകൂട്ടത്തിൽ നിന്നും ഒന്നാമതായി തിരഞ്ഞെടുക്കുമ്പോൾ പോലും പതറും. ചിലരുടെ ... അതും പോരാതെ ഒരു കൂട്ടുകെട്ടിൽ നിന്നും കണ്ടെത്താൻ ശ്രമിച്ചാലോ! ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച ഒരു സംഗീതജ്ഞൻ നമ്മെ വിട്ടുപിരിഞ്ഞ ദിവസം ആണ്. ഏറെ കാലം ഒന്നുമായിട്ടില്ല . മൂന്നാം ചരമ വാർഷികം. ശ്രീ എംകെ അർജുനൻ മാസ്റ്റർ . അറുപതുകളുടെ അവസാനം തന്റെ പാട്ട് സപര്യ തുടങ്ങിയ ഇദ്ദേഹം ഇങ്ങു 2018 വരെ അത് തുടർന്നു .എഴുപത് എൺപത് കാലഘട്ടം ആ മാധുര്യ ധാര നുകർന്ന് നുകർന്ന് മത്ത് വന്നവർ നമ്മൾ. എന്നിട്ടും അതിൽ കീഴ്പെട്ടു കിടക്കാൻ ഇന്നും മോഹം.. പറഞ്ഞാലും പറഞ്ഞാലും തീരാത്ത മാഹാത്മ്യം!! എം കെ അർജുനൻ സംഗീതം ചെയ്ത തുടങ്ങിയ തുടക്കം മുതൽ തന്നെ അദ്ദേഹത്തിന് വരികൾ നൽകിയ മലയാളത്തിന്റെ ശ്രീ ശ്രീകുമാരൻതമ്പി ... ഇവരുടെ പാട്ടിന്റെ പാലാഴി മഥനം ഒന്നനുഭവിച്ചറിയേണ്ടതാണ് ! എം കെ അർജുനൻ ഈണം പകർന്ന ഉശിരൻ ഗാനങ്ങളേറെയും ശ്രീകുമാരൻ തമ്പി രചന നിർവഹിച്ചവയാണ് . കരളിൽ തൊട്ടത് പറയാം... 1969 ൽ അതിന്റെ ആദ്യ തീപ്പൊരി വീണു. അത് പിന്നെ കത്തിപടർന്നു .. ചൂടും , ചൂരും നൽകി ആ പ്രവാഹം... റസ്റ്റ് ഹൌസ് .. അതിലെ ഏതു പാട്ട് ആദ്യമെഴുതും... യമുനേ ... യദുകുല രതിദേവനെവിടെ എന്ന യുഗ്മ ഗാനം അതുവരെ കേട്ടതിൽ നിന്നൊക്കെ വ്യത്യസ്തമായൊരു രീതി...ഇന്നുമതിനെ മറികടക്കാൻ ആയിട്ടില്ല ആർക്കും! പൗർണമി ചന്ദ്രിക തൊട്ടു വിളിച്ചു പത്മരാഗം പുഞ്ചിരിച്ചു...\ ഈ സോളോ എത്ര പേർ ഇന്ന് മറന്നു പോയിട്ടുണ്ട്. കേട്ടവർ ആരും മറക്കില്ല. മുത്തിലും മുത്തായ മണിമുത്ത് കിട്ടി .. എന്നതും ഒട്ടും മോശമായിരുന്നില്ല. പാടാത്ത വീണയും പാടും . പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ... എന്ന ദുഃഖാനുരാഗ ഗാനം പകർന്ന വേദന ഇന്നും ത്രസിക്കുന്നുള്ളിൽ... തുടർന്ന് രക്തപുഷ്പം എന്ന ചലച്ചിത്രം. സിന്ദൂരപ്പൊട്ടു തൊട്ട് .... നീലക്കുട നിവർത്തി ... മലരമ്പനറിഞ്ഞില്ല ... ഈ ഗാനങ്ങളൊക്കെ രണ്ടുപേർക്കും കൊടുത്ത മൈലേജ് അപാരമായിരുന്നു. സംഗീതത്തിന്റെ മികവിൽ ആരെയും വെട്ടിക്കും അർജുനൻ മാസ്റ്റർ . ശ്രീകുമാരൻ തമ്പി വരികൾ കൊടുത്ത ശക്തിയെ ഒരിക്കലും നിഷേധിക്കാനും ആവില്ല. ആ വരികൾ ഇല്ലെങ്കിൽ ഈ സംഗീതമില്ല. തിരിച്ചും.... സിനിമകൾ തിരക്കഥയിലോ, സംവിധാനത്തിന്റെ സുന്ദരമാവണമെന്നില്ല അക്കാലത്തു പാട്ടുകൾ ഹിറ്റാവാൻ.. സി ഐ ഡി നസീർ എന്ന സിനിമയിലെ എക്കാലത്തെയും സമ്പൂർണ്ണ ഹിറ്റ് . നിൻ മണിയറയിലെ എന്ന ഗാനത്തിന്റെ പശ്ചാത്തല സംഗീതം പോലും വ്യത്യസ്തം... ബ്രഹ്മാനന്ദനെ എന്നുമോർക്കാൻ ഈ ഗാനം മാത്രം മതി... നീല നിശീഥിനീ .. നിൻ മണിമേടയിൽ നിദ്രാവിഹീനനായ് നിന്നു .... പുഷ്പ്പാഞ്ജലിയിലെ സുശീല പാടിയ ഗാനം ആ ഗായികയുടെ ശബ്ദമാധുര്യത്തിന്റെ അളവ് അളക്കാനാവാതെ കുഴങ്ങും ... നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നു നവരത്ന ചിത്രവേദി ഒരുങ്ങി നിന്നു . എഴുത്തിന്റെ ഗംഭീര തുടക്കം, സംഗീതത്തിന്റെ മിഴി നനയ്ക്കുന്ന വരവ് എന്നിവയൊക്കെ ഈ ഗാനത്തിന്റെ പ്രത്യേകത . പവിഴം കൊണ്ടൊരു കൊട്ടാരം.. പ്രിയതമേ പ്രഭാതമേ ... എന്നിവയ്ക്ക് പുറമെ ദുഃഖഗാനങ്ങൾക്കു ഇവർ രണ്ടു പേരും കൊടുക്കുന്ന ഒരുറപ്പുണ്ട് ... അത് നമ്മൾ പാടാത്ത വീണയും പാടും എന്നതിൽ അനുഭവിച്ചത്! പിന്നീട് പുഷ്പാഞ്ജലിയിലെ ദുഃഖമേ നിനക്ക് പുലർകാല വന്ദനം എന്നതിൽ വീണ്ടും അനുഭവിക്കും... എഴുതിയാൽ എത്രയെഴുതും!! ഈ അനുഭവങ്ങളെ പറ്റി ! കുറച്ചേറെ ഗാനങ്ങൾ എഴുതുന്നു... അനുഭവങ്ങൾ കേട്ടറിയുക... അന്വേഷണം ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ.. പഞ്ചമി ചന്ദ്രിക പൂപ്പന്തൽ കെട്ടി... മാനത്ത് നിന്നൊരു നക്ഷത്രം വീണു.. പഞ്ചവടി നക്ഷത്ര മണ്ഡല നടതുറന്നു.. ചിരിക്കു ചിരിക്കു ചിത്രവർണ്ണ പൂവേ.. പത്മവ്യൂഹം കുയിലിന്റെ മണിനാദം കേട്ടു .. നക്ഷത്ര കണ്ണുള്ള സുന്ദരിപ്പെണ്ണേ... ആദാമിന്റെ സന്തതികൾ .. പഞ്ചവടിയിലെ ... സിന്ദൂരകിരണമായ് ... പാലരുവിക്കരയിൽ ... അജ്ഞാതവാസം ഉദയസൗഭാഗ്യ താരകയോ ... മുത്തുകിലുങ്ങി മുത്തുകിലുങ്ങി ... ഇത് മനുഷ്യനോ! സുഖമൊരു ബിന്ദു .... ഹണിമൂൺ മല്ലികപ്പൂവിൻ മധുരഗന്ധം... പൂന്തേനരുവി നന്ത്യാർവട്ട പൂ ചിരിച്ചു... ഹൃദയത്തിനൊരു വാതിൽ ... പുലിവാല് പാതിരാനക്ഷത്രം കതകടച്ചു... ലജ്‌ജാവതി ... സിന്ധു ചന്ദ്രോദയം കണ്ട് കൈകൂപ്പി നിൽക്കും... ചെട്ടികുളങ്ങര ഭരണി നാളിൽ... തേടി തേടി ഞാനലഞ്ഞു... ചട്ടമ്പിക്കല്യാണി സിന്ദൂരം തുടിക്കുന്ന... ജയിക്കാനായ് ജനിച്ചവൻ ഞാൻ ... പൂവിനു കോപം വന്നാൽ... നാലുകാലുള്ളൊരു... പത്മരാഗം സാന്ധ്യതാരകേ മറക്കുമോ... ഉഷസാം സ്വർണ്ണ താമര വിടർന്നു... ഉറങ്ങാൻ കിടന്നാൽ... തിരുവോണം തിരുവോണപ്പുലരി തൻ ... എത്ര സുന്ദരി എത്ര പ്രിയങ്കരി ... ആ തൃസന്ധ്യതൻ ... അഷ്ടമിരോഹിണി രാരീരം പാടുന്നു രാക്കിളികൾ ... പിക്നിക് ചന്ദ്രക്കല മാനത്ത് ... വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി... ശിൽപ്പികൾ നമ്മൾ,,, ഓടിപ്പോകും വസന്തകാലമേ... തേൻപൂവേ നീയൊരല്പം...\ പ്രവാഹം സ്നേഹഗായികേ ... സ്നേഹത്തിൻ പൊൻവിളക്കേ ... മാവിന്റെ കൊമ്പിലിരുന്നോരു... സീമന്തപുത്രൻ സങ്കല്പത്തിൻ സ്വർണ്ണമരം പൂവണിഞ്ഞു.. കന്യാദാനം രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി ... ആടാതെ തളരുന്ന... വിധുമുഖീ നിൻ... ശംഖുപുഷ്പം സപ്തസ്വരങ്ങളാടും ... ആയിരം അജന്താ ചിത്രങ്ങളിൽ... സ്വപ്നത്തിൽ നിന്നൊരാൾ ചോദിച്ചു... ശാന്ത ഒരു ദേവത നിലവിളക്കിൻ ചിരി... മധുരസ്വപ്നം താരുണ്യ പുഷ്പവനത്തിൽ ... മംഗലപാലതൻ.... കാത്തിരുന്ന നിമിഷം ചെമ്പകത്തൈകൾ പൂത്ത... കാറ്റിലോളങ്ങൾ കെസ്സ് പാടും... ശാഖാ നഗരത്തിൽ... ജയിക്കാനായി ജനിച്ചവൻ ചാലകമ്പോളത്തിൽ ... അരയാൽ മണ്ഡപം... കാവടി ചിന്തു പാടി... ഏഴു സ്വരങ്ങൾ തൻ ഇന്ദ്രജാലമെ ... അള്ളാവിൻ തിരുസഭയിൽ... അജ്ഞാത തീരങ്ങൾ ഒരു പൂവിനെന്തു സുഗന്ധം... കഴുകൻ ചന്ദനക്കുളിർ ചൂടി വരും കാറ്റ്... അഗ്നിശരം വരുന്നു വന്നു സ്നേഹത്തിൻ പൂപ്പാലിക .. ഒരു കൂട്ടുകെട്ടിലെ മിക്കവാറും ഗാനങ്ങൾ ഞാനിവിടെ നിരത്തിയിട്ടുണ്ട്. ഒന്നുമൊഴിവാക്കാൻ ആവില്ല. 1981 വരെ അനസ്യൂതം തുടർന്നു ... പിന്നീട് ഒന്ന് രണ്ടു സിനിമകൾ കൂടി... നായിക എന്ന ചിത്രത്തിൽ കാലങ്ങൾക്കു ശേഷം അവർ ഒന്നിച്ചു... നായികയിലെ നിലാവ് പോൽ ഒരമ്മ എന്ന ഗാനം വീണ്ടും പലതുമോർമ്മിപ്പിച്ചു.... നന്ദിയോടെ ... നനയും നിൻ മിഴിയോരം കേട്ടു .... 2018 ജയരാജിന്റെ ഭയാനകം എന്ന ചിത്രത്തിൽ അവസാന ഗാനങ്ങൾ സമർപ്പിച്ചു രണ്ടു പേരും... നീണ്ട സംഗീത യാത്രയിൽ കേരള സർക്കാർ എം കെ അർജുനൻ മാസ്റ്റർക്ക് കൊടുത്ത ഏക പുരസ്കാരം.... ഭയാനകത്തിലെ ഗാനങ്ങൾക്ക്... അവസാന കാലത്ത് അതേറ്റു വാങ്ങി അദ്ദേഹം... അതും ശ്രീകുമാരൻ തമ്പി രചിച്ച വരികൾക്ക്...രണ്ടു വർഷം കഴിഞ്ഞദ്ദേഹം നമ്മെ വിട്ടു പിരിയുകയും ചെയ്തു... ശരീരമില്ലെങ്കിലും സംഗീതമെന്ന ആത്മാവ് ഇവിടെ ഉണ്ട്... അലയടിച്ചു കൊണ്ടേയിരിക്കും......

No comments:

Post a Comment