മലയാള സിനിമാ പാട്ടിന്റെ ഒരു പുഷ്കലകാലത്തിലേക്കാണ് തമിഴിൽ നിന്നും ഈ മഹാപ്രതിഭയുടെ വരവ് . ദേവരാജനും, ദക്ഷിണാമൂർത്തിയും, ബാബുരാജുവുമെല്ലാം പാട്ടിന്റെ നിവേദ്യങ്ങൾ മലയാളികൾക്കായി തന്നു കൊണ്ടേയിരിക്കുന്ന കാലം. മധുരിക്കുന്ന ആ പാട്ടുകാലത്തിലേക്ക് വന്നെങ്കിലും ഇവിടെ പച്ച പിടിക്കാൻ കുറച്ചു കാലം കൂടെ കാത്തിരിക്കേണ്ടി വന്നു. മെല്ലിശൈ മന്നരുടെ ആ വരവിൽ മലയാളം കോരിത്തരിച്ചെന്നു പറയേണ്ടല്ലോ... അനുഭവസ്ഥർ ഇന്നുമുണ്ടാവും എന്നറിയാം.
1971 ലെ ലങ്കാദഹനം എന്ന ചിത്രം ഹിറ്റ് പാട്ടുകളുടെ ഒരു മേളനം തന്നെയായിരുന്നു. ശ്രീകുമാരൻ തമ്പി രചന . എം എസ് വിശ്വനാഥൻ മലയാളത്തിൽ ഒരു കസേര വലിച്ചിട്ടിരിക്കുക ആയിരുന്നു., ആദ്യ ചിത്രങ്ങളിലെ ഇദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകളായി പരിണമിച്ചു. ഓരോന്നും ഒന്നിനൊന്നു മെച്ചം. ഒരു സിനിമയിൽ തന്നെ ഒട്ടേറെ പാട്ടുകൾ ഉള്ള കാലം. വ്യത്യസ്ത രാഗങ്ങൾ, പാട്ടുകാരെ പരീക്ഷിക്കാൻ കിട്ടുന്ന അവസരം.
യേശുദാസ് കൊടികുത്തി വാണിരുന്ന കാലം. മലയാളം ആ ശബ്ദത്തിൽ മയങ്ങിക്കിടക്കുകയായിരുന്നു, എങ്കിലും ജയചന്ദ്രൻ മഞ്ഞലയിൽ മുങ്ങിത്തോർത്തി 1966 മുതൽ ഇവിടെ ഉണ്ടായിരുന്നു. 1971 ൽ എം എസ് വി മലയാളത്തിൽ സ്ഥിരമായപ്പോൾ ലങ്കാദഹനത്തിലെ രണ്ടു ഗാനങ്ങൾ ഇദ്ദേഹത്തിന് നൽകുകയുണ്ടായി. തുടർന്നും തന്റെ സിനിമകളിലൊക്കെ ജയചന്ദ്രന് ഇദ്ദേഹം അവസരങ്ങൾ നൽകുകയുണ്ടായി.
ലങ്കാദഹനത്തിലെ തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിരനക്ഷത്രം ...
ലങ്കാദഹനത്തിലെ പഞ്ചവടിയിലെ മായാസീതയോ ...
മന്ത്രകോടിയിലെ അറബിക്കടലിളകി വരുന്നു....
കിലുക്കാതെ കിലുങ്ങും കിലുക്കൻപെട്ടി....
മലരമ്പനെഴുതിയ മലയാള കവിതേ ...
സുപ്രഭാതം... നീലഗിരിയുടെ സഖികളെ ( പണിതീരാത്ത വീട്)
കാറ്റുമൊഴുക്കും കിഴക്കോട്ടു ( പണിതീരാത്ത വീട് )
സ്വർണഗോപുര നർത്തകീ ശിൽപ്പം ( ദിവ്യദർശനം )
കർപ്പൂരദീപത്തിൻ കാന്തിയിൽ ( ദിവ്യദർശനം )
രാജീവ നയനെ നീയുറങ്ങു ( ചന്ദ്രകാന്തം )
അഷ്ടപദിയിലെ നായികേ ..യക്ഷഗായികേ ( ജീവിക്കാൻ മറന്നുപോയ സ്ത്രീ )
പത്മതീർത്ഥക്കരയിൽ ഒരു പച്ചില മാളികക്കാട് ( ബാബുമോൻ )
കളഭചുമരുവെച്ച മേട് (അവൾ ഒരു തുടർക്കഥ )
വന്നാട്ടെ ഓ മൈ ഡിയർ ബട്ടർഫ്‌ളൈ ( പഞ്ചമി )
സീതാ ദേവീ ശ്രീദേവി ( സംഗമം )
ഞായറും തിങ്കളും പൂത്തിറങ്ങും ( രണ്ടു പെൺകുട്ടികൾ )
ശ്രുതി മണ്ഡലം സപ്തസ്വരമണ്ഡപം ( രണ്ടു പെൺകുട്ടികൾ )
ഒന്ന് ചിരിക്കാൻ എല്ലാം മറക്കാൻ ( ഇതാ ഒരു മനുഷ്യൻ )
മയിലിനെ പണ്ടൊരിക്കൽ മന്ദഹസിച്ചു നീ ( ഇതാ ഒരു മനുഷ്യൻ)
തേടി വന്ന വസന്തമേ ( ഒരു രാഗം പലതാളം )
മധുമാസം ഭൂമിതൻ ( ഏഴാം കടലിനക്കരെ )
സ്വർഗത്തിൻ നന്ദനപൂവനത്തിൽ ( ഏഴാം കടലിനക്കരെ )
വിഷാദസാഗര തിരകൾ ( തീരം തേടുന്നവർ )
അറിയാത്ത പുഷപവും ( തിരകൾ എഴുതിയ കവിത )
ഇങ്ങനെ തുടങ്ങി അനേകം ഗാനങ്ങൾ ജയചന്ദ്രന്റെ ശബ്ദത്തിൽ എം എസിന്റെ ഈണത്തിൽ നമ്മൾ കേട്ട് മതി മറന്നു. പ്രണയ, വിഷാദ, ഹാസ്യ, ഗാനങ്ങൾ വരെ എല്ലാം ഇദ്ദേഹത്തിന് നൽകാൻ എം എസ് ശ്രദ്ധിച്ചിരുന്നു. ഈ ബന്ധം അദ്ദേഹത്തിന്റെ അവസാന മലയാള സിനിമയായ 'അമ്മ അമ്മായിയമ്മ വരെ തുടരുകയുണ്ടായി...
സംഗീതമാസ്വദിക്കാൻ ഭാഷകൾ അറിയേണ്ടെങ്കിലും ഓരോ ഇടങ്ങളിലെയും സംഗീതത്തിന് ഭാഷയോട് ചേർന്ന് നിൽക്കുമ്പോൾ ഒരു പ്രത്യേകത ഉണ്ട് എന്ന് പറയാതെ വയ്യ. അത് ഓരോ നാടിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ദക്ഷിണേന്ത്യൻ സംഗീതമായ കർണ്ണാട്ടിക്ക് മ്യൂസികിൽ നിന്നും ഊറ്റിയെടുക്കുന്ന ലളിതസംഗീതത്തെയും, അർധക്ലാസ്സിക്കൽ ഈണങ്ങളെയും ചേർത്തു നിർത്തുമ്പോൾ പൊതുവായ ബന്ധങ്ങളുണ്ട്. തമിഴ്, തെലുഗ് , മലയാളം എന്നിവ തമ്മിൽ , അവിടങ്ങളിലെ സംഗീതജ്ഞർ മാറി മാറി വന്നു പോകുന്നവരാണ്. എങ്കിലും മലയാളത്തിൽ എത്തുമ്പോൾ ഇവിടുത്തെ നാടൻ ഈണങ്ങളോട് ചേർന്നുപോവുന്ന തരത്തിൽ പാട്ടുകൾ ചെയ്യാൻ പലരും ശ്രദ്ധിക്കാറുണ്ട്. അതൊട്ടും ചോർന്നു പോവാതെ എം എസ് വി യും ....
ഭാഷകളിൽ സംഗീതത്തിന്റെ ചേർന്നുനിൽപ്പ് അറിയണമെങ്കിൽ അവൾ ഒരു തുടർക്കഥ എന്ന തമിഴ് മൊഴിമാറ്റ സിനിമയിലെ ഗാനങ്ങൾ കേൾക്കണം. അതിലെ സംഗീതത്തിൽ മലയാളത്തിൽ വയലാർ രചിച്ച ഗാനങ്ങൾ ശ്രദ്ധിക്കുക.
ദൈവം തന്ന വീട് വീഥിയെനിക്ക് ...
കളഭചുമരു വെച്ച വീട് ... എന്നീ ഗാനങ്ങളിലെ തമിഴ് ചുവ ശരിക്കും നമുക്ക് മനസ്സിലാക്കാം.. നാട്ടു പാട്ടിന്റെ ഈണങ്ങൾ കൂടിക്കലർന്ന സംഗീതം. എന്നാൽ മറ്റ് മലയാള ഗാനങ്ങളിലൊന്നും ആ എം എസ് ജി ടച്ച് വന്നിട്ടില്ല...
ശ്രീകുമാരന്തമ്പി വരികളോട് എം എസിന്റെ ഈണങ്ങൾ കൂടുതൽ ചേർന്ന് പോവുന്നതായി തോന്നും. അത് തുടക്കം മുതൽ ഉള്ള ബന്ധം കൊണ്ടാവാം.
ഈശ്വരനൊരിക്കൽ വിരുന്നിനു പോയി ( ലങ്കാദഹനം )
സൂര്യനെന്നൊരു നക്ഷത്രം ....
നക്ഷത്ര രാജ്യത്തെ നർത്തനശാലയിൽ ....
സ്വർഗനന്ദിനി സ്വപ്നവിഹാരിണീ ....
ആകാശ രൂപിണി അന്നപൂർണേശ്വരി ( ദിവ്യദർശനം )
അമ്പലവിളക്കുകളണഞ്ഞു ...
സ്വർഗ്ഗമെന്ന കാനനത്തിൽ ( ചന്ദ്രകാന്തം )
ആ നിമിഷത്തിന്റെ നിവൃതിയിൽ ...
പുഷ്പ്പാഭരണം വസന്തദേവന്റെ.....
മയിലിനെ കണ്ടൊരിക്കൽ ..( ഇതാ ഒരു മനുഷ്യൻ )
മറന്നുവോ നീ ഹൃദയേശ്വരീ ( അക്ഷയപാത്രം )
ജനിച്ചതാർക്കു വേണ്ടി ( സിംഹാസനം )
പുലരിയോടോ സന്ധ്യയോടോ ....
എന്റെ മനസ്സൊരു പൊന്നൂഞ്ഞാല് ...
എന്റെ രാജ്യകൊട്ടാരത്തിനു ( വേനലിൽ ഒരു മഴ )
ഏതു പന്തൽ കണ്ടാലുമതു ..
പൂജക്കൊരുങ്ങി നിൽക്കും ...
മറക്കാനാവില്ലാനാള് .. ( ജീവിതം ഒരു ഗാനം )
എന്നിവയൊക്കെ തന്നെ ഇവരുടെ കൂട്ടുകെട്ടിലെ അസാദ്ധ്യകണ്ടുപിടുത്തങ്ങളാണ്...
വയലാർ - ദേവരാജൻ കൂട്ടുകെട്ട് പോലെ ആയില്ലെങ്കിലും എം എസ് വി - വയലാർ ബന്ധത്തിൽ നിന്നും തനിമയായ മലയാളപാട്ടുകൾ ഉണ്ടായി... അത് ശ്രീ ജയചന്ദ്രന് മലയാളത്തിൽ നിന്നുള്ള ആദ്യ അവാർഡുമായി ....
സുപ്രഭാതത്തിന് ശേഷം അതിലെ എല്ലാ ഗാനങ്ങളും മികച്ചതായിരുന്നു.
അണിയം മണിയം പൊയ്കയിൽ ...( പണി തീരാത്ത വീട് )
വാ മമ്മീ വാ ....
വീണപൂവേ കുമാരനാശാന്റെ വീണപൂവേ ( ജീവിക്കാൻ മറന്നു പോയ സ്ത്രീ )
ബ്രഹ്മാനന്ദിനി സരസ്വതി നാദ ...
ശില്പീ ദേവേശില്പീ ....
ചഞ്ചലിത ചഞ്ചലിത ....( ധർമ്മക്ഷേത്രേ കുരുക്ഷേത്രേ )
മനസ്സൊരു സ്വപ്നഖനി ..
പാഞ്ചജന്യം മുഴക്കൂ കൃഷ്ണാ...
തേൻകിണ്ണം പൂങ്കിണ്ണം ( യക്ഷഗാനം )
നിശീഥിനീ നിശീഥിനീ ...
പോകാം നമുക്കു പോകാം...
എന്നീ അർത്ഥസമ്പുഷ്ട ഗാനങ്ങൾ ഇവരിൽ നിന്നും ജീവൻ വെച്ച് പുറത്തു വന്നു...
എൽ ആർ ഈശ്വരി എന്ന ഇന്ത്യൻ ഗായികക്ക് മലയാളത്തിൽ ഏറെ അവസരങ്ങൾ ഇദ്ദേഹം നൽകിയിട്ടുണ്ട്. തന്റെ ആദ്യ ചിത്രം മുതൽ അവർക്കനുയോജ്യമായത് നൽകാനും ശ്രമിച്ചു..
കിലുകിലെ ചിരിക്കും ചിലങ്കകളെ ( ലങ്കാദഹനം )
മാറിൽ സ്വമന്തക രത്നം ചാർത്തി ( പണി തീരാത്ത വീട് )
അയല പൊരിച്ചതുണ്ട് ( വേനലിൽ ഒരു മഴ )
എന്നീ ഗാനങ്ങൾ ഇവയിൽ പ്രധാനപ്പെട്ടത്.
മികച്ച സംഗീതജ്ഞൻ എന്നത് കൂടാതെ ഗായകനും കൂടിയാണ് ഇദ്ദേഹം... തന്റെ ശബ്ദത്തിനു ചേർന്ന ഗാനങ്ങൾ മലയാളത്തിലും ഇദ്ദേഹം ആലപിച്ചിട്ടുണ്ട്. അത് എല്ലാം അശരീരി ഗാനങ്ങൾ ആയിരുന്നു. സിനിമയിലെ സന്നിഗ്ദ ഘട്ടങ്ങളിൽ വരുന്ന ആ ഗാനങ്ങൾ കഥയുടെ നട്ടെല്ലായിരുന്നു...
കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച .... ( പണിതീരാത്ത വീട് )
ഉദിച്ചാൽ അസ്തമിക്കും മണ്ണിൽ ജനിച്ചാൽ അന്തരിക്കും ( ദിവ്യദർശനം )
പ്രഭാതമല്ലോ നീ ത്രിസന്ധ്യയല്ലോ ഞാൻ ( ചന്ദ്രകാന്തം )
ഹൃദയവാഹിനീ ഒഴുകുന്നു നീ ( ചന്ദ്രകാന്തം )
ബന്ധങ്ങളൊക്കെയും വ്യർത്ഥം ( അമ്മെ അനുപമേ )
എന്നീ ഉദാഹരണങ്ങൾ .....
മങ്കൊമ്പ് - എം എസ് കൂടിച്ചേരലിൽ നിന്നും ഉദാത്തമായതു തന്നെ പിറന്നു...
നാടൻപാട്ടിന്റെ മടിശീല കിലുങ്ങുമീ ( ബാബുമോൻ )
ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ ...
പത്മതീർത്ഥക്കരയിൽ ....
തൃശങ്കുസ്വർഗത്തെ തമ്പുരാട്ടി ( തെമ്മാടി വേലപ്പൻ)
രത്‌നാകരത്തിന്റെ മടിയിൽ നിന്നോ ( രാജയോഗം )
നാണം കള്ള നാണം ( ഓർമ്മകൾ മരിക്കുമോ )
തൃപ്രയാറപ്പ ശ്രീരാമ ....
ചന്ദ്രമദത്തിന്റെ ....
തുടിക്കും മനസ്സിലെ കലശങ്ങളിൽ ...( അമ്മെ അനുപമേ )
മന്മഥ ഗന്ധർവ യാമം ( സംഗമം )
സഹസ്ര കമലദളങ്ങൾ ...
ഗംഗയിൽ തീർഥമാടിയ ( സ്നേഹത്തിന്റെ മുഖങ്ങൾ )
താരകേ രജത താരകേ ( രണ്ടിൽ ഒന്ന് )
എന്നിവയിൽ തങ്ങളും ആരിലും പിന്നിലല്ലെന്നവരും തെളിയിച്ച ഗാനങ്ങൾ.....
കാവാലത്തിന്റെ രചനയിൽ കണ്ണന് കർണ്ണാമൃതം ( മർമ്മരം ) ...
പി ഭാസ്കരന്റേയും, യൂസഫലിയുടെയും ചില ഗാനങ്ങളും കൂടിയുണ്ട്...
ഏകദേശം 1998 വരെ ഇദ്ദേഹത്തിന്റെ സംഗീത സപര്യ ഇവിടെ തുടർന്നു . 2015 ജൂലൈ 14 ന് ശ്രീ എം എസ് വിശ്വനാഥൻ നമ്മെ വിട്ടു പോയി... സംഗീതത്തിന് മരണമില്ലല്ലോ ! അത് യുഗാന്തരങ്ങളോളം ഇവിടെ അലയടിച്ചുകൊണ്ടിരിക്കും....
No comments:
Post a Comment