കലാസൃഷ്ടിയുടെ നിലനിൽപ്പിനാധാരം ആസ്വാദകവൃന്ദം അത് മനസ്സിലേറ്റികൊണ്ടു നടക്കുന്നത് കൊണ്ടും കൂടിയാണല്ലോ .. കടലാസിലായാലും അത് വായിക്കപ്പെടണം. അനുവാചകനതിനുള്ള ഇഷ്ടങ്ങൾ പങ്കിടണം . കൈമാറി കൈമാറി അത് പ്രചരിക്കുന്നു. പുസ്തകങ്ങൾ ഇല്ലാതായാലും, നമ്മുടെ മനസ്സിൽ നിന്നത് നഷ്ടപ്പെട്ടാലും ഇന്ന് സൂക്ഷിച്ചുവെക്കാൻ ഇടങ്ങൾ ഉണ്ട്. ഇന്റർനെറ്റിന്റെ പേജുകളിൽ അത് ഭദ്രം. എഴുത്തായും, ചിത്രങ്ങളായും , വീഡിയോയായും അത് രേഖപ്പെടുത്തിവെക്കപ്പെടുന്നു. ഇന്നത്തെ കാലത്ത് അങ്ങിനെയെങ്കിലും അതിന്റെ സ്രഷ്ടാക്കൾ ഓർമ്മിക്കപ്പെടുന്നു. കാലങ്ങൾ കഴിയുമ്പോൾ മറവിയിലേക്കു പോയേക്കാവുന്നതും ഉണ്ട്. അവയ്‌ക്കൊക്കെ തന്നെ ഈയിടം ഒരനുഗ്രഹമാണ്. തിരഞ്ഞു ചെല്ലുമ്പോൾ ഇങ്ങനെ ചിലരൊക്കെ ഇവിടെ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കുകയും ചെയ്യും.ചിലപ്പോൾ ഒന്നോ രണ്ടോ രചനകൾ മാത്രം, സംഗീതം ചെയ്ത രണ്ടു പാട്ടുകൾ മാത്രം... എങ്കിലും അത് കേട്ട് കഴിയുമ്പോൾ കഴിഞ്ഞ കാലത്തിന്റെ മറ നീക്കി ആ എഴുത്തുകൾ നമ്മോടു സംസാരിക്കും. അന്ന് ഇതൊക്കെ കേട്ട് നിർവൃതിയടഞ്ഞവരെപ്പറ്റി വെറുതെ ഓർത്ത് നോക്കും. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിന്റെ ചടുലമാർന്ന കാലങ്ങൾ മനസ്സിലേക്ക് സ്വപ്നങ്ങളായി ഇതൾ വിരിയും. നമ്മൾ അവർക്കു മുൻപിൽ മനസ്സാ കുമ്പിടും. നിങ്ങൾക്കും ഇവിടെ സ്ഥാനമുണ്ട്. എന്തിനാ അധികം? ഇത്രയും തന്നെ ധാരാളം. കൂടുതൽ എഴുതാമായിരുന്നു എന്നൊക്കെ തോന്നിയേക്കാം... എങ്കിലും....
ഇത്രയും പറയുമ്പോൾ നെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു വെച്ച ഒരു മീശക്കാരന്റെ ചിത്രം അരികിലുണ്ട്.. ഗൗരവമാർന്ന മുഖം. 1975 ലും 76 ലുമായി രണ്ടു സിനിമകളിൽ രണ്ടു ഗാനങ്ങൾ മാത്രം എഴുതി രംഗം വിട്ട ശ്രീ മൂപ്പത്ത് രാമചന്ദ്രൻ എന്ന കവി .
എഴുതി തെളിയാതെ പോയവരും, എത്ര എഴുതിയിട്ടും തെളിയാതെ പോയവരും ഇവിടെ ചലച്ചിത്രങ്ങളിൽ ഉണ്ടായിട്ടുണ്ട്. അതൊരു വല്ലാത്ത ലോകം തന്നെയാണ്! എങ്കിലും രണ്ടു പാട്ടുകളിലൂടെ പാട്ടിഷ്ടക്കാരുടെ മനസ്സിൽ പൂമഴ പെയ്യിച്ച ഗാനരചയിതാവിനെ ഒന്ന് പരിചയപ്പെടാം..പരിചയപ്പെടാൻ രണ്ടു പാട്ടുകൾ മാത്രം. വ്യക്തിപരമായ മറ്റു കാര്യങ്ങൾ ഒന്നും അറിയില്ല. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നു കരുതുന്നു. അത്തരം വിവരങ്ങൾ ഒന്നും കിട്ടിയിട്ടില്ല...
1975 ൽ ചന്ദനച്ചോല എന്ന പ്രേതചിത്രത്തിൽ " ഹൃദയം മറന്നു നാണയത്തുട്ടിന്റെ കിലുകിലാ ശബ്ദത്തിൽ " അതിലെ മറ്റു പാട്ടുകളിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു രചന തന്നെയിരുന്നു..
വയലാർ , കോന്നിയൂർ ഭാസ് ,ഡോ .ബാലകൃഷ്ണൻ തുടങ്ങിയവരുടെ രചനകൾ ഉണ്ടെങ്കിലും. " ബിന്ദൂ നീയാനന്ദ ബിന്ദുവോ " എന്ന സുപ്രസിദ്ധ ഗാനമുണ്ടെങ്കിലും രാമചന്ദ്രന്റെ ഗാനം തന്നെ ഏറ്റവും മികച്ചത്.
ഹൃദയം മറന്നു എന്ന ഗാനം ദാർശനിക വിഭാഗത്തിൽ പെടുത്താവുന്ന ഒന്നാണ്. മലയാളത്തിലെ മറ്റേതൊരു ഗാനരചയിതാവിന്റെ അത്തരം സൃഷ്ടികൾ ഉണ്ടെങ്കിലും ഒപ്പത്തിനൊപ്പം നിൽക്കാനാവുന്ന ഒരു രചന . മനുഷ്യമനസ്സിന്റെ വ്യോമോഹത്തിന്റെ , നഷ്ടങ്ങളുടെ , ചതിയുടെ, എല്ലാ വശങ്ങളിലൂടെയും കടന്നുപോവുന്നത് . പുരാതന മനുഷ്യനിൽ നിന്ന് ആധുനിക മനുഷ്യനെ വേർതിരിച്ചു കാട്ടുന്ന ഒന്ന് . ആർത്തിയുടെയും, അഹന്തയുടെയും നാണയക്കിലുക്കങ്ങളിൽ മനസ്സ് കളഞ്ഞു പോവുന്നവരിൽ നിന്നും പ്രഹരങ്ങളേൽക്കുന്നവരുടെ വേദനകൾ ... നാണയത്തോടൊപ്പം സ്നേഹത്തെ തൂക്കി നോക്കുന്നവരുടെ ഗദ്ഗദങ്ങൾ ...ലാളിച്ചു പോറ്റിയ ബന്ധം വിലപ്പെട്ട രത്നമെന്നോർത്തു , എന്നാൽ അത് വെറും കനലാണെന്നറിഞ്ഞപ്പോൾ നൊന്തു പോവുന്ന ഹൃദയങ്ങൾ..അത്തരം ബന്ധങ്ങൾ താളുകൾ മറിയുന്ന ജീവിതത്തിന്റെ ഏടുകളിൽ ഏൽപ്പിക്കുന്ന സൗഹൃദത്തിന്റെ കൈനഖമുറിപ്പാടുകൾ .....
അതിലെ ഏറ്റവും ഗംഭീര വരികൾ ഇവയാണ്....
" ഒരു ശാസ്ത്ര ഗ്രന്ഥവുമിന്നോളം കണ്ടില്ല
മനമെന്ന പ്രതിഭാസം സൂക്ഷ്മമായി "
മനുഷ്യമനസ്സിന്റെ ഇരുളടഞ്ഞ ഇടങ്ങളൊരിക്കലും വെളിപ്പെടുന്നില്ല. അത്ഭുത പ്രതിഭാസമായി മനുഷ്യമനസ്സ്. അതിന്റെ കളികളെന്തൊക്കെ ! ആര് കണ്ടു....
കെ ജെ ജോയ് അസാമാന്യമായി ഈണം പകർന്ന് ഗാനം !!
പിന്നീട് 1976 ൽ മധുരം തിരുമധുരത്തിൽ " വേദന വിളിച്ചോതി വരുമെന്റെ കാമുകൻ "
ഇതും ഒരു പാതി ദാർശനിക ഗാനം തന്നെയാണ്. ഇതിലും മനസ്സിലെ നൊമ്പരങ്ങൾ തന്നെ. കുത്തിമുറിവേൽപ്പിക്കുന്ന ജീവിതസംഭവങ്ങൾ . പൂർത്തീകരിക്കാത്ത ജീവിത സമസ്യകൾ . അന്തം വിട്ടു നിൽക്കുന്ന പാവം മാനവർ !!
സ്നേഹനഷ്ടത്തിന്റെ വിങ്ങലിൽ നിലവിട്ട് കേഴുന്ന ഒരുവളുടെ ദൃശ്യങ്ങളിലൂടെ നീങ്ങുന്ന ഒരു ഗാനം .
വേദന പറയുന്നു അവൻ വരും.
ചേതന തിരിച്ചോതുന്നു വരില്ലവൻ വീണ്ടും.....
ഇത്തരത്തിലുള്ള ഒരു രചനാ രീതി അത്യപൂർവമായിരുന്നു .. മധുരം തിരുമധുരത്തിലും വേറെയും ഗാനങ്ങളുണ്ട്...എന്നാൽ ഇതിലും കേമം ഈ ഗാനം തന്നെ.
മനസ്സെന്ന ചരടിൽ കോർത്ത മാല്ല്യം .അതും സങ്കല്പപുഷ്പങ്ങളാൽ ...അതിന്നു കരിഞ്ഞിരിക്കുന്നു, കരളിനുള്ളിൽ സൂക്ഷിച്ച നിധിപേടകവും പൊട്ടിത്തകർന്നു...
എന്നിട്ടും മോഹമാണ് .അവളുടെ മൂകാശ്രുധാരയുടെ നൊമ്പരമറിഞ്ഞു അവൻ തിരിച്ചു വന്നെങ്കിൽ ..എങ്കിൽ ഞാനെല്ലാം മറക്കും, മധുരാഭിലാഷങ്ങൾ പുനർജനിക്കും ....
അതുവെറും പകൽസ്വപ്നമെന്നറിയുന്ന അവൾ ഒന്ന് വേദനയോടെ ചിരിക്കുന്നുമുണ്ട് പാട്ടിന്റെ അവസാനം ...
ഈ രണ്ടു ഗാനങ്ങൾ മാത്രം ശ്രീ മൂപ്പത്തു രാമചന്ദ്രന്റേതായി ...
ഈ രണ്ടു ഗാനങ്ങൾ മാത്രം. എന്നെന്നും ഈ രണ്ടും പാട്ടിനെ അറിയുന്നവർക്കിടയിൽ , സ്നേഹിക്കുന്നവർക്കിടയിൽ മൂളിക്കൊണ്ടേയിരിക്കും....
https://youtu.be/36pngpx9fSM
No comments:
Post a Comment