Friday, July 9, 2021

കയ്യെത്തും ദൂരെ ഒരു പാട്ടുകാലം....

 


സിനിമാ സംഗീതത്തിന്റെ ചരിത്രം എഴുതുമ്പോൾ എത്രയെത്ര മുഖങ്ങളാണ് തെളിഞ്ഞു വരുന്നത്. ചിലർ കാലങ്ങളോളം ഇവിടെ തങ്ങളുടെ കഴിവുകൾ തെളിയിച്ചുകൊണ്ട് തുടർന്നുകൊണ്ടേയിരിക്കും. കഴിവും, ഭാഗ്യവും, പിടിപാടും എല്ലാം ഒത്തുവന്നവർ . ചിലർ അല്പകാലം നിന്നാലായി.  ബന്ധുബലം കൊണ്ടും ചിലർ പിടിച്ചു നിൽക്കും.  സിനിമയിൽ തന്നെ പല വിഭാഗത്തിലും സഹോദരർ ഒരുമിച്ച് പ്രവർത്തിച്ചതായി ഉദാഹരണങ്ങൾ ഏറെയുണ്ട്.  കണ്ണൂരിൽ നിന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പാട്ടെഴുത്തും , സംഗീതവും എല്ലാമായി ഇവിടെ സജീവമായി തുടരുന്ന കാലം . അദ്ദേഹത്തിന്റെ സഹോദരൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയും പിന്നീട് കൂടെ കൂടുകയുണ്ടായി. ദേശാടനം, കളിയാട്ടം, തട്ടകം എന്നീ സിനിമകളിലൊക്കെ  ഏട്ടനോടൊപ്പം സഹകരിച്ചുകൊണ്ട്  കരുത്താർജിക്കുന്നതും നമ്മൾ അറിയുന്നുണ്ടായിരുന്നു. സ്വതന്ത്ര സംഗീത സംവിധായകനായി പിന്നീട് അരങ്ങേറ്റം നടത്തുകയുണ്ടായി.  ജയരാജ് ചിത്രമായ  കണ്ണകിയിലെ ശ്രുതിമധുരമായ ഗാനങ്ങൾ ഏവരും ഓർക്കുന്നത്. 

കൈതപ്രം വിശ്വനാഥന്റെ സംഗീതയാത്രയ്ക് പ്രത്യേകതകൾ ഉണ്ട്.  വളരെയേറെ ഗൃഹാതുരത്വം അനുഭവിപ്പിക്കുന്ന ഗാനങ്ങൾ മലയാളിക്ക് നൽകാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കിട്ടിയ അധികം ഗാനങ്ങളും അത്തരം മൂഡിൽ ചിത്രീകരിക്കേണ്ടതും ആണെന്ന് മനസിലാക്കുന്നു. 

2016 ൽ മലയാള സിനിമയിൽ ഒരു പുത്തൻ താരോദയം ഉണ്ടായി. മധു കൈതപ്രം എന്ന സംവിധായകൻ .  ഏകാന്തം, മധ്യവേനൽ , ഓർമ്മ മാത്രം, വെള്ളിവെളിച്ചത്തിൽ എന്നീ സിനിമകൾ മാത്രം സംവിധാനം ചെയ്‌തവസാനിപ്പിച്ച്  ഈ ലോകം വിട്ടു പോയ മഹാപ്രതിഭ . ആദ്യത്തെ രണ്ടു ചിത്രങ്ങളും ഒട്ടേറെ അവാർഡുകൾ സംസ്ഥാന തലത്തിലും, ദേശീയ തലത്തിലും നേടുകയുണ്ടായി.. 

നാട്ടുകാരനായ കൈതപ്രം വിശ്വനാഥനെയിരുന്നു തന്റെ ചിത്രങ്ങളിലെ പാട്ടുകൾക്ക് സംഗീതം നൽകാൻ അദ്ദേഹം നിയോഗിച്ചതും.  പാട്ടെഴുത്ത്  കൈതപ്രം ദാമോദരൻ നമ്പൂതിരിയും .  

ഒറ്റപ്പെട്ടുപോവുന്ന വൃദ്ധമാനസങ്ങളുടെ  വിങ്ങലും, പ്രയാസങ്ങളും  വികാരപരമായി അവതരിപ്പിച്ച ഏകാന്തം  ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു.  വളരെ മികച്ചൊരു ഗാനം അതിലുണ്ട്. 

കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം  

മഴവെള്ളം പോലെ ഒരു കുട്ടിക്കാലം ....

കൈതപ്രം ടീമിന്റെ സംഗീതക്കൊയ്ത്തായിരുന്നു ഈ  പാട്ട് ..

ഏകദേശം അതെ പാറ്റേണിൽ തന്നെ എഴുതിയ ഗാനമായിരുന്നു രണ്ടാമത്തെ ചിത്രമായ മധ്യവേനലിലേത് ... 

സ്വന്തം സ്വന്തം ബാല്യത്തിലൂടെ 

ഒന്ന് പോകാൻ മോഹമില്ലാത്തവരുണ്ടോ ....

കൈതപ്രം സഹോദരർ കസറിയ  ഈ രണ്ടു ഗാനങ്ങൾ ആദ്യം തന്നെ പറയാതെ വയ്യ.  അത്രയ്ക്കേറെ ഓർമ്മകൾ മനസ്സിലേക്ക് കൊണ്ടുവരുന്ന നൊസ്റ്റാൾജിക് പ്രമേയം ...

അതെ പോലെ തന്നെ ജയരാജ് ചിത്രങ്ങളിലെയും സ്ഥിതി. 

ജയരാജ് , മധു കൈതപ്രം എന്നിവരുടെ ചിത്രങ്ങളിലൂടെ കറങ്ങുന്ന സംഗീതയാത്ര ആയിരുന്നു  കൈതപ്രം വിശ്വനാഥന്റേത് ...

ഇനിയൊരു ജന്മമുണ്ടെങ്കിൽ 

നമുക്കാ സരയൂ തീരത്തു കാണാം ... 

കണ്ണകിയിലെ ഗാനങ്ങളും കൈതപ്രം സഹോദരർ തന്നെ തീർത്തത്. 

കരിനീലക്കണ്ണഴകി കണ്ണകീ 

കാവേരീകരയിലെത്തി ...

എന്ന് വരും നീ എന്ന് വരും നീ 

എന്റെ നിലാപന്തലിൽ ... 

 ഈ ഗാനങ്ങളെ എങ്ങിനെ വിലയിരുത്തും എന്ന് സംഗീത പ്രേമികൾ കുഴങ്ങും. എല്ലാം തികഞ്ഞ ഗാനങ്ങൾ .....

പൂ പറിക്കാൻ പോരുമോ .... എന്ന ഗാനവും അടിപൊളി ലിസ്റ്റിലും മികച്ചതായിരിക്കുന്നു.  ജയരാജിന്റെ കണ്ണകി പാട്ടുകളാൽ അറിയപ്പെടുന്ന തരത്തിലാണ് ...

ജയരാജിന്റെ തിളക്കത്തിലും ഈ കൂട്ടുകെട്ട് തന്നെ. 

പൂ വിടരും താളം.....

എനിക്കൊരു പെണ്ണുണ്ട്....

സാറേ സാറേ സാമ്പാറെ .....

നീയൊരു പുഴയായ്  തഴുകുമ്പോൾ ഞാൻ ....

വെയിലലിയും മുൻപേ...

 എന്നിവയിലൊക്കെ കൈതപ്രം ടച്ച് അനുഭവിക്കാം...

എന്ന തവം ശൈതനേ ... എന്ന  കീർത്തനവും തന്റേതായ ശൈലിയും ചേർത്ത് കൈതപ്രം വിശ്വനാഥൻ ശ്രവണ സുന്ദരമാക്കിയിട്ടുണ്ട്...

ഉള്ളം എന്ന ചിത്രത്തിലെ  ആടെടീ  ആടാടെടി ... എന്ന വേണുഗോപാൽ ഗാനം വ്യത്യസ്തമായ മറ്റൊന്നായിരുന്നു. 

അവാർഡുകൾ വാരിക്കൂട്ടിയ കുറച്ചേറെ ഗാനങ്ങൾ മലയാളത്തിന് സംഭാവന നൽകിയ  മഹാപ്രതിഭ പിൽകാലത്ത്  നിശ്ശബ്ദനാവുകയായിരുന്നു. പാട്ടിന്റെ നിലവാരം കുറഞ്ഞു വരുന്ന ഇക്കാലത്ത് അങ്ങിനെ സംഭവിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ ...

No comments:

Post a Comment