Tuesday, July 6, 2021

മനസ്സിൻ ആരോഹണം

 

നൂറുശതമാനവും കർണ്ണാടക സംഗീത വിദ്വാന്മാരായവരിൽ  ചിലർ ചലച്ചിത്രങ്ങളിലും തങ്ങളുടെ കഴിവുകൾ മാറ്റുരക്കാറുണ്ട്.  ചലച്ചിത്ര സംഗീതത്തെ അയിത്തം കൽപ്പിച്ച് മാറ്റി നിർത്താതെ  പാടിയും  സംഗീതം ചെയ്തും അഭിനയിച്ചും വരെ  സംഗീത വിദഗ്‌ധർ . 2016 ൽ അന്തരിച്ച ശ്രീ മംഗലംപള്ളി ബാലമുരളീകൃഷ്ണ ( എം ബലമുരളീ കൃഷ്ണ ) അത്തരം സംഗീതജ്ഞരിൽ ഒരുവനാണ്.  സംഗീത രംഗത്തെ എല്ലാ മേഖലയിലും വൈദഗ്ദ്യം നേടിയ ആൾ .  മികച്ച കർണ്ണാടക സംഗീതജ്ഞൻ, വാദ്യോപകരണങ്ങളിൽ വിദഗ്‌ധൻ ,പിന്നണിഗായകൻ, അഭിനേതാവ് എന്നീ നിലകളിലൊക്കെ ഇദ്ദേഹം മലയാളം, തമിഴ്, തെലുഗു സിനിമകളിൽ വിലസിയിട്ടുണ്ട് .

പതിവ് ചിട്ടകളിൽ നിന്നും മാറി രാഗവിസ്താരത്തിലും തന്റേതായ പ്രയോഗങ്ങൾ നടത്തിയ വിദ്വാൻ .  ആ ശബ്ദമാധുരി കേട്ടറിഞ്ഞിട്ടുള്ളവർക്കതു  ഓർമ്മയിൽ തങ്ങിനിൽക്കുന്നുണ്ടാവുമിന്നും .. ആ ഘനഗംഭീര ശബ്ദം മലയാള സിനിമയ്ക്കും 1965  മുതൽ അദ്ദേഹത്തിന്റെ അവസാന കാലം വരെ  ഇടയ്ക്കിടെ അനുഗ്രഹമായി വന്നു ചേർന്നിട്ടുണ്ട്. 


ദേവത എന്ന സിനിമയിലെ ഗാനങ്ങൾ ആലപിച്ചുകൊണ്ട് തുടക്കം. 

അക്കൊല്ലം തന്നെ അനാർക്കലി എന്ന പ്രേമ ചലച്ചിത്രത്തിൽ ഒരു അർദ്ധ ക്ലാസിക്കൽ ഗാനവുമായി ബാലമുരളീകൃഷ്ണ ...

വയലാർ രാമവർമ്മയുടെ വരികൾക്ക് എം എസ്  ബാബുരാജിന്റെ സംഗീതം . സപ്തസ്വരസുധാ സാഗരമേ ... സ്വർഗ്ഗീയ സംഗീതമേ ..വലിയൊരു പ്രത്യേകത ഈ പാട്ടിനുണ്ട്.. കെജെ യേശുദാസ് അഭിനയിച്ച സീനിനു വേണ്ടിയാണ് ബാലമുരളീ കൃഷ്ണ പാടിയത് എന്ന അപൂർവത ...

കൊടുങ്ങല്ലൂരമ്മേ......  ( കൊടുങ്ങല്ലൂരമ്മ) 

കാവേരീപൂമ്പട്ടണത്തിൽ ....

എന്നീ വയലാർ വരികളും ആലപിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. 


കവി സുഗതകുമാരി കാര്യമായി ഗാനരചന നിർവഹിച്ച സിനിമയാണ് കളിപ്പാവ . ബി എ ചിദംബരനാഥിന്റെ സംഗീതത്തിൽ നാലോളം ഗാനങ്ങൾ . അതിൽ  നീല നീല വാനമതാ .. എന്ന അതിസുന്ദര ഗാനം ജാനകിയോടൊപ്പം ബാലമുരളീകൃഷ്ണ ആലപിച്ചിരിക്കുന്നു..  ഒരു സ്വർഗീയ സുഖം പകരുന്ന ഒന്നായിരുന്നു അത്. രചനയിലും സംഗീതത്തിലും, ആലാപനത്തിലും....


പൂജക്കെടുക്കാത്ത പൂക്കളിലെ സാരസാക്ഷ പരിപാലയ ...

എന്റെ മോഹങ്ങൾ പൂവണിഞ്ഞുവിലെ  രഘുവര ...

എന്നിവ ആലപിക്കാൻ പറ്റിയ ശബ്ദം തന്നെയാണ് അദ്ദേഹത്തിന്റെത് .  സംഗീതം വിഷയമായിട്ടുള്ള അന്നത്തെ പല ചിത്രങ്ങളിലും ഒരു ബാലമുരളീകൃഷ്ണ ഗാനമെങ്കിലും ഉണ്ടാവും..


ശങ്കരാഭരണത്തിന്റെ ഗംഭീര വിജയത്തിന് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു സംഗീതസാന്ദ്രമായ സിനിമയാണ് ഗാനം. ശ്രീകുമാൻതമ്പി കഥ , തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത് നിർമ്മിച്ച ചിത്രം.  ഗംഭീര കീർത്തനങ്ങൾ നിറഞ്ഞ ഒരു ചിത്രം. മൂന്നു നാല് കീർത്തനങ്ങൾ ബാലമുരളീകൃഷ്ണ ആലപിച്ചിട്ടുണ്ടിതിൽ .

അദ്രി സുതാവര  എന്ന സ്വാതി തിരുനാൾ കൃതി 

യാരമിതാ വനമാലീനാ എന്ന ജയദേവകൃതി 

ശ്രീ മഹാഗണപതിം എന്ന മുത്തുസ്വാമി ദീക്ഷിതർ കൃതി 

എന്നിവ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടു. 


ഇടയ്ക്കു ചില ലളിത ഗാനങ്ങളും സിനിമയ്ക്ക് വേണ്ടി പാടിയിട്ടുണ്ട്. സന്ധ്യക്കെന്തിനു സിന്ദൂരം എന്ന ചിത്രത്തിലെ കാവാലം രചനയിൽ ശ്യാം സംഗീതം ചെയ്ത  മനസ്സിൻ ആരോഹണം എന്ന ഗാനം എസ്  ജാനകിയോടൊപ്പം...


1986  ലെ രാജീവ്നാഥിന്റെ കാവേരി എന്ന നായികാപ്രാധാന്യമുള്ള  മമ്മൂട്ടി,മോഹൻലാൽ, നെടുമുടി വേണു എന്നീ നായകർ അഭിനയിച്ച ചിത്രം . സിതാരയാണ് നായികയായത്. 

അതിലെ എല്ലാ പാട്ടുകളും അർദ്ധക്‌ളാസിക്കൽ ടച്ചുള്ള ഗാനങ്ങൾ ആയിരുന്നു. 

ജന്മങ്ങൾ വരും തരും തരും ...

നീലലോഹിത ഹിത്യകാരിണീ ..

സ്വർണ്ണസന്ധ്യാ വനഭൂമി ... 

എന്നിവയൊക്കെ കാവാലം നാരായണപ്പണിക്കർ വരികളാലും, ദക്ഷിണാമൂർത്തി, ഇളയരാജ സംഗീതത്താലും, ബാലമുരളീകൃഷ്ണ ആലാപനത്താലും ഹൃദ്യമായൊരു അനുഭവമായിരുന്നു. 


പൂർണമായും സംഗീതരസപ്രധാനമായ  ഒരു ചലച്ചിത്രമായിരുന്നു ലെനിൻ രാജേന്ദ്രന്റെ സ്വാതി തിരുനാൾ ...

പന്നഗേന്ദ്ര ശയനാ  എന്ന സ്വാതി തിരുനാൾ കീർത്തനം 

ജമുനാ കിനാരെ     സ്വാതി തിരുനാൾ കൃതി 

ഭജ ഭജ മാനസ   സ്വാതി തിരുനാൾ കൃതി 

മോക്ഷമു ഗലദാ  എന്ന ത്യാഗരാജ കീർത്തനം 

എന്തരോ മഹാനുഭാവലു  ത്യാഗരാജ കൃതി 

എന്നിവ എം ബി ശ്രീനിവാസൻ ചിട്ടപ്പെടുത്തിയത് ആയിരുന്നു. 

ബലമുരളീകൃഷ്ണയുടെ ശബ്ദത്തിൽ  ഒരു ഗാനം കൂടി എഴുതാൻ തോന്നുന്നു. 

ഭരതം എന്ന സംഗീതചിത്രത്തിലെ തുടക്കഗാനം ...

ധ്വനിപ്രസാദം ....  എന്ന കൈതപ്രം പല്ലവി പാടി കൊണ്ട് രവീന്ദ്രൻ സംഗീതത്തിൽ ബാലമുരളീകൃഷ്ണ കൂടി ഉണ്ടായിരുന്നു...


എന്തൊക്കെയായാലും ഇന്ത്യൻ സംഗീതത്തിന് ലോകത്താകമാനം ആരാധകരെ സൃഷ്‌ടിച്ച ഈ മഹാപ്രതിഭക്കേറെ പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. മഹാപുരസ്കാരം ആയ പത്മശ്രീ , പത്മഭൂഷൺ , പത്മവിഭൂഷൺ  മുതൽ ഇങ്ങോട്ട് കണ്ടമാനം പുരസ്കാരങ്ങൾ .....


ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആണ്.....  ആ മഹാജന്മത്തിന്  മുൻപിൽ സാഷ്ടാംഗം നമസ്കരിച്ചു കൊള്ളുന്നു...

No comments:

Post a Comment