എത്ര പറഞ്ഞാലുമെത്ര എഴുതിയാലും തീരില്ല പാട്ടിന്റെ പൊരുളുകൾ .ഏഴു സ്വരങ്ങൾ തീർത്ത അത്ഭുതലോകം !
ഓരോരോ നിയോഗങ്ങളുമായി ചിലർ വന്നുപോകും. സിനിമ സംഗീതലോകത്ത് സ്ഥിരപെട്ടുപോവുന്നവർ വിരളം. പാടാൻ വന്നയാൾ സംഗീതം ചെയ്യുന്നതിലൂടെ പ്രസിദ്ധനായി മാറുക. അങ്ങിനെയും സംഭവിക്കുന്നു.
രാമായണത്തിലെ സീത ...(ഒതേനന്റെ മകൻ )
ഉത്തിഷ്ഠതാ ജാഗ്രത ( ശരശയ്യ )
വൈക്കത്തപ്പനും ശിവരാത്രി ( മഴക്കാറ് )
എന്നീ ഗാനങ്ങളൊക്കെ പാടി അത്ര ശ്രദ്ധിക്കപ്പെടാതെ ഇടയ്ക്കിടെ വന്നു പോയൊരാൾ .. ശ്രീ എം ജി രാധാകൃഷ്ണൻ എന്ന ഗായകൻ . മുഴക്കമുള്ള ശബ്ദം. ഉത്തിഷ്ഠതാ ജാഗ്രതാ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടത്. അശരീരി ഗാനങ്ങൾക്കും, ഉണർത്തുപാട്ടുകൾക്കും , ഭക്തിഗാനങ്ങൾക്കും ചേർന്നൊരു ശബ്ദം . യേശുദാസ് , ജയചന്ദ്രൻ , തുടങ്ങിയവർ കൊടിപാറിക്കാൻ തുടങ്ങിയപ്പോൾ സ്വയം പിന്മാറി തന്റെ സർഗ്ഗപ്രക്രിയ സംഗീതം ചെയ്യലിൽ ആണെന്ന് തിരിച്ചറിഞ്ഞത് അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലൂടെ ആണ്. ആ വരവ് മലയാള സംഗീതത്തിന് ഏറെ പ്രയോജനപ്പെടുകയും ചെയ്തു. ആ പ്രതിഭയെ തിരിച്ചറിഞ്ഞവർ അത് വേണ്ടുംവണ്ണം ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാലും പാടാനുള്ള കഴിവ് ഉപേക്ഷിക്കേണ്ട കാര്യം ഇല്ലല്ലോ. പിന്നീടും വന്ദേ മുകുന്ദ ഹരേ (ദേവാസുരം ) ചന്ദനശിലയിൽ കാമനുഴിഞ്ഞത് ( കുലം ) പൂരം , യാനം എന്നീ ചിത്രത്തിലെ ഗാനങ്ങൾ എന്നിവയിലൂടെയും തന്റെ സാന്നിധ്യം ഇദ്ദേഹം അറിയിച്ചുകൊണ്ടിരുന്നു.
ഒരു യമുനാനദി ഓളമിളക്കിയെൻ എന്ന ഗാനം കൂട്ടത്തിൽ ഒരു യുവഗായികയെ കൂടി മലയാളത്തിന് സമ്മാനിക്കുകയായിരുന്നു. ഉഷാരവി . നാടൻ പാട്ടിന്റെ നിറതാളങ്ങൾ നിറഞ്ഞ കാനകപെണ്ണ് ചെമ്പരത്തി എന്ന മറ്റൊരു ഉഷാരവി ഗാനവും തമ്പിൽ ഉണ്ടായിരുന്നു. എന്തുകൊണ്ടോ പിന്നീട് ഗാനങ്ങൾ കിട്ടാതെ പോയ ഗായികയായി പോയി ഇവർ.
അവാർഡ് സിനിമകൾക്ക് പാട്ടുകൾ കുറവായ കാലത്ത് നാടൻപാട്ടിന്റെ വരികളും ഈണങ്ങളും നൽകിക്കൊണ്ട് കാവാലവും, എം ജി രാധാകൃഷ്ണനും അത്തരം സിനിമകളെ സംഗീതസാന്ദ്രമാക്കി . ശേഷം ആരവത്തിലെ മുക്കുറ്റി തിരുതാളി എന്ന നാടൻ പാട്ടും , പെരുവഴിയമ്പലം എന്നതിലെ ഗാനങ്ങളും ഇദ്ദേഹത്തെ ടൈപ്പ് ചെയ്തേക്കുമോ എന്ന് സംശയിച്ചിരുന്നു. എന്നാൽ അതിനിടക്ക് തന്നെ കുടുംബചിത്രമായ രണ്ടു ജന്മം എന്ന ചിത്രത്തിലെ ജനകീയ ഗാനം ഉണ്ടായി. കാവാലത്തിന്റെ ലളിതരചനയായ ഓർമ്മകൾ... ഓർമ്മകൾ .. ഓലോലം തകരുമീ തീരങ്ങളിൽ എന്ന ഗാനം .....
ഏറെ ചിത്രങ്ങൾക്കോ , വ്യത്യസ്ത ഗാന രചയിതാക്കൾക്കോ അധികം കൂട്ടുചേർന്നു പോവേണ്ടി വന്നിട്ടില്ല ഇദ്ദേഹത്തിന്.
ചെയ്ത എല്ലാ കൂട്ടുകെട്ടുകളും തന്റെ കഴിവ് കൊണ്ട് ഭംഗിയാക്കുകയും ചെയ്തു. കാവാലം മുതൽ ചുനക്കര വരെ .
പൂവച്ചൽ ഖാദർ കൂട്ടുകെട്ടിൽ പിറന്നവയൊക്കെ വമ്പൻ ഹിറ്റുകളായി. അവാർഡുകളും വാരിക്കൂട്ടി. പൂവച്ചൽ ഖാദറിനു കിട്ടിയ അവാർഡുകളിൽ രണ്ടെണ്ണം എം ജി സംഗീതം ചെയ്തവ ആയിരുന്നു.
മൗനമേ നിറയും മൗനമേ ( തകര )
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ ( ചാമരം )
തകരയിലെ തന്നെ കുടയോളം ഭൂമിയിൽ കുടത്തോളം കുളിര് എന്ന ഗാനം പൂവച്ചൽ ഖാദർ രചനയിലെ തന്നെ വ്യത്യസ്തമായ ഒന്ന്.. നവംബറിന്റെ നഷ്ടത്തിലെ അരികിലോ അകലെയോ എന്നതും ശ്രദ്ധേയം...
ചുനക്കര രാമൻകുട്ടി എന്ന പാട്ടെഴുത്തുകാരന്റെ ഗാനങ്ങളും സംഗീതം കൊണ്ട് മേന്മ നേടിയതും മുഖ്യം.
ദേവീ നിൻ രൂപം ശിശിരമാസക്കുളിർ രാവിൽ ( ഒരു തിര പിന്നെയും തിര ) കണ്ണനെ കണ്ടു സഖീ , ഒരു മൃദു മൊഴിയായ് ( പൂച്ചക്കൊരു മൂക്കുത്തി ) എന്നിവ ഉദാഹരണം ,
എംജി രാധാകൃഷ്ണൻ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന ഗാനങ്ങൾ ഉണ്ട്.
കാറ്റേ നീ വീശരുതിപ്പോൾ ( കാറ്റ് വന്നു വിളിച്ചപ്പോൾ ) കവി തിരുനല്ലൂർ കരുണാകരന്റെ അപൂർവ രചനകളിൽ ഒന്ന് .
ചന്ദനശിലയിൽ കാമനുഴിഞ്ഞത് ( കുലം ) കവി മധുസൂദനൻ നായരുടെ രചനയും അപാര ഫീൽ നൽകുന്ന ഒന്നാണ്.
ഗിരീഷ് പുത്തഞ്ചേരി വരികൾക്കും ഈ അതുല്യ സംഗീതം ഏറ്റുവാങ്ങാൻ യോഗമുണ്ടായി.
പോരു നീ വാരിളം ചന്ദ്രലേഖേ ( കാശ്മീരം )
വൈകാശി തെന്നലോ തിങ്കളോ ( രക്തസാക്ഷികൾ സിന്ദാബാദ് )
ചന്ദനമണി സന്ധ്യകളുടെ ( പ്രജ )
തിരനുരയും ചുരുൾമുടിയിൽ ( അനന്തഭദ്രം )
ശിവമാലിക്കാവിൽ കൂവളം പൂത്തു ( അനന്തഭദ്രം )
ഏറ്റവുമവസാനം വേണുഗോപാലിന്റെ ശബ്ദത്തിൽ പിറവിയെടുത്ത എന്തിത്ര വൈകി നീ സന്ധ്യേ ( പകൽ ) ഗിരീഷ് പുത്തഞ്ചേരി പാട്ടുകളിൽ ഒന്നാമത് നിൽക്കുന്നത്.
ദേവാസുരത്തിലെ ഗാനങ്ങൾ അക്കാലത്ത് ചിത്രത്തോടൊപ്പം തന്നെ ഏറെ പ്രശസ്തി നേടിക്കൊടുത്തു.
ശ്രീപാദം രാഗാർദ്രമായ് ...
വന്ദേ മുകുന്ദ ഹരേ...
അംഗോപാംഗം ....
സൂര്യകിരീടം വീണുടഞ്ഞു...
മേടപ്പൊന്നണിയും ...
മാപ്പുനൽകു മഹാമതേ....
എന്നിവയാൽ സമൃദ്ധമായിരുന്നു ദേവാസുരം...
നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ ( അഗ്നി ദേവൻ ) ഗിരീഷ് പുത്തഞ്ചേരിയുടെ മികച്ച രചനക്ക് എം ജി ശ്രീകുമാർ മനം തുറന്നു പാടിയ ഒന്ന്. ശ്രീകുമാറിന്റെ കരിയറിലെ ഏറ്റവും മികച്ചത് എന്ന് പറയാവുന്നത്.
ഒരു ദലം മാത്രം ( ജാലകം ) ഓ എൻ വി കുറുപ്പ്
ഈണം തുയിലുണർത്തീണം ( നൊമ്പരത്തിപ്പൂവ് )
ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ച് ( അയിത്തം )
അല്ലിമലർക്കാവിൽ പൂരം കാണാൻ ( മിഥുനം )
പൂമകൾ വാഴുന്ന കോവിലിൻ ( കാറ്റ് വന്നു വിളിച്ചപ്പോൾ ) എന്നിവയൊക്കെ എം ജി സംഗീതം കവിഞ്ഞൊഴുകിയ ഗാനങ്ങളാണ്.
കാവാലം രചനയിൽ പിന്നെയും ചില ഗാനങ്ങൾ കൂടി ഉണ്ടായി.
കൈതപ്പൂവിൻ കന്നികുറുമ്പിൻ ( കണ്ണെഴുതി പൊട്ടും തൊട്ട് )
ഹരിചന്ദന മലരിലെ മധുവായ് ....
ചെമ്പഴുക്ക മാണിക്യ ചെമ്പഴുക്ക .. എന്നീ പ്രിയ ഗാനങ്ങൾക്കും വേദിയായി .
ഒരത്യപൂർവ രചനയാണ് വരുവാനില്ലാരുമിന്നൊരുനാളും ( മണിച്ചിത്രത്താഴ് ) രചന മധു മുട്ടം .
മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഒരത്യപൂർവ രചനയാണ് കിന്നരിപ്പുഴയോരത്തിലേത് . സുന്ദരമായ രചന . അതിനു അത്രക്കും യോജിച്ച ഒരു ഈണം തന്നെയാണ് എം ജി രാധാകൃഷ്ണൻ നൽകിയതും. രാഗഹേമന്ത സന്ധ്യ പൂക്കുന്ന രാമണീയകം കണ്ടു ഞാൻ എന്ന കവിത തുളുമ്പുന്ന ഗാനം.
എസ് രമേശൻ നായരുടെ രചനയിലും ചില ഗാനങ്ങൾ...
രാക്കുയിലിൻ രാഗസദസ്സിലെ ഗോപാലക പാഹിമാം, എത്ര പൂക്കാലമിനി .. പൂമുഖവാതുക്കൽ ...
അച്ഛനെയാണെനിക്കിഷ്ടം എന്നതിലെ ശലഭം വഴിമാറുമാ . രമേശൻ നായർ രചനയിൽ നിന്നും വന്നത്.
ചിത്രക്ക് മലയാളത്തിലേക്ക് ഒരു തുടക്കം കൊടുത്ത ഗാനവും ഇദ്ദേഹത്തിൽ നിന്ന് തന്നെ . രജനീ പറയൂ പൂനിലാവിൻ പരിലാളനത്താൽ നൊമ്പരങ്ങൾ മാറുമോ എന്ന ഗാനം സത്യൻ അന്തിക്കാട് രചനയായിരുന്നു. പ്രണയ വസന്തം തളിരണിയുമ്പോൾ എന്ന യുഗ്മ ഗാനവും, ഓ മൃദുലേ എന്ന അതീവ ദുഃഖ ഗാനവും അക്കാലത്തെ ഹിറ്റുകളായിരുന്നു.
എല്ലാ ഗാനങ്ങളും എടുത്തു പറയുന്നില്ല. കൈതപ്രം രചനയിൽ അദ്വൈതത്തിലെ ഗാനങ്ങളൂം ഒഴിവാക്കാൻ ആവാത്തത്.
കൂടുതൽ കാലം മലയാളികൾക്ക് ആ ദേവസംഗീതം അനുഭവിക്കാൻ ഭാഗ്യമുണ്ടായില്ല... 2010 ൽ ഈ ലോകം വിട്ടുപോയിക്കഴിഞ്ഞിട്ടും അദ്ദേഹം ഈണം പകർന്നു നൽകിയ സംഗീതം കാലാതിവർത്തിയായി ഇവിടെ തുടരുന്നുണ്ടായിരുന്നു...
No comments:
Post a Comment