ഓർമകൾക്കുമുണ്ട് നിറങ്ങൾ. കടുംനിറങ്ങളും,നിറംമങ്ങിയതും. പോയകാലത്തിന്റെ കളിത്തട്ടിൽ ചിലത് ഒരു നിറവും ചാർത്താതങ്ങിനെ ! പച്ച നിറമാർന്നത് ഇടയ്ക്കിടെ അതിന്റെ സൗവർണതീരങ്ങളിലേക്ക് ക്ഷണിക്കും. അവിടെ ആ പച്ചപുൽത്തകിടിയിൽ കിന്നാരമോതിയിരിക്കും .ചാരനിറമാർന്നവ എന്നത്തേയും പോലെ പകുതി മറഞ്ഞു കൊണ്ട് നിരാശ കലർത്തി മങ്ങിയും തെളിഞ്ഞുമങ്ങിനെ ... ചുവപ്പിന്റെ കണ്ണടയാത്ത പ്രകാശധാരയിൽ ഒരു കാലത്തിന്റെ മഹാവിളംബരത്തിൽ നമ്മുടെ പേരും വിളിച്ചു പറയും. പുറകിൽ നിന്ന് വിളിക്കുന്നതൊക്കെ തിരികെ വരാത്ത വെറും സ്വപ്‌നങ്ങൾ മാത്രം. ...ബി. രവികുമാർ സാറിന്റെ ഓർമ്മയിലെ പച്ച... ചോപ്പ് എന്ന ജീവിതത്തിന്റെ ഛായാചിത്രങ്ങൾ ഓരോന്നോരോന്നായി കണ്ടിറങ്ങിയപ്പോൾ ചിലരൊക്കെ കൂടെ പോന്നു . കുന്നു കയറി വരുന്ന കുഞ്ഞുങ്ങൾക്ക് ദാഹജലം നൽകി നിർവൃതി അടഞ്ഞ
അല്ലിയമ്മ .അനപത്യദുഃഖത്തിന്റെ പടുകുഴിയിൽ തപസ്സിരിക്കാതെ ഒരു കുഞ്ഞിന് വേണ്ടി തങ്കമ്മയെ ജീവിത സഖിയാക്കാൻ ദാമോദരനെ നിർബന്ധിക്കുന്നത് ... വെളിച്ചപ്പാടമ്മാവൻ .പുരോഗമന വക്താക്കളെന്നു നടിക്കുന്നവർക്കിടയിൽ ഈ അമ്മാവൻ വ്യത്യസ്തനാണ് . ഡീ എഫ് ഐ ക്കാരന്റെ വാക്ധോരണികളിൽ ആത്മാർത്ഥത ദർശിച്ച ആൾ. കോളേജിലെ എസ് എഫ് ഐ ചെറുക്കന് സോവനീർ കാശ് നൽകാൻ വെളിച്ചപ്പാടായി തുള്ളിയുറഞ്ഞവൻ ... നന്മയും , നവചിന്തയും ഒളിഞ്ഞിരുന്ന ഇത്തരം ജന്മങ്ങൾ പച്ചയും ചോപ്പും തെളിയിച്ച് ഓർമ്മയിൽ സജീവമായിരിക്കും..
ഒടുവിലാന്റെ ചിതയ്ക്ക് കൂട്ടിരിക്കുവാ എന്ന് പറഞ്ഞു വിളിക്കുന്ന ചുടലമാടനെ എങ്ങിനെ മറക്കും.പഠിപ്പിച്ചു വിട്ട തലയുള്ള ചിലരിങ്ങനെയും എന്ന വ്യഥ മാഷിനുണ്ടോ എന്ന് സംശയിച്ചു പോവും.. ഉണ്ടാവില്ല... സതീർഥ്യരിൽ ചിലരെ കുറിച്ചും അഭിമാനത്തോടെ പറയുന്നുണ്ട്... ഓരോ മരം കയറ്റവും ലഹരിയാവുമ്പോൾ ,മരം കയറുമ്പോൾ മായക്കാഴ്ചകളുടെ റീലുകൾ നീങ്ങുമ്പോൾ ചെത്തുതങ്കപ്പനെന്ന ചെങ്ങായിയുടെ ആരാധകനാവുന്നതും നിറമാർന്നത്... ഹാപ്പി ജോയ് ആയും ഒരാൾ വന്നുപോവുന്നുണ്ട്..
പച്ചയിൽ ചവച്ച് ചോപ്പായി തുപ്പി മുറുക്കിന്റെ ആശാനായ അച്ഛന്റെ ഓർമ്മകൾ .. റേഡിയോ കഴുത്തിൽ തൂക്കിയിട്ടു മയങ്ങുന്ന അച്ഛന്റെ രൂപം ... തെളിമയാർന്ന പച്ച.സൂര്യവംശത്തിലെ കൃഷ്ണപ്പിള്ള ഒരു നോവ് പോലെ മനസ്സ് നനച്ചു പോയി....
കവിതകളിൽ നിന്നും കോരിയെടുത്ത് ഒന്നുരണ്ടുപേരെ പരിചയപ്പെടുത്തുന്നുണ്ട്.. സ്വപ്നങ്ങളും ,വിഷാദങ്ങളും കവിതയിൽ കോർത്തു നടക്കുന്ന കവി ശാന്തിജയ .അന്ധകാരനാഴിയിലെ മീൻപിടുത്തക്കാരനായ ഒരുവനിൽ കവിതയുടെ വിങ്ങൽ തിരിച്ചറിഞ്ഞതുമൊക്കെ ഉൾപുളകത്തോടെ വായിച്ചറിയാവുന്നത് .അടുക്കിയും പെറുക്കിയുമല്ല ഓരോന്നും ചേർത്തുവെച്ചിരിക്കുന്നത് . അല്ലെങ്കിൽ തന്നെ ഓർമ്മകളങ്ങിനെ വരുന്നതല്ലല്ലോ ! ഒന്നിന് മുകളിലൊന്നായി ചിലപ്പോൾ..
ഒരു കഥയുടെ രൂപമല്ലതാനും . സ്വപ്നങ്ങളുടെ സഞ്ചാരപഥങ്ങൾ അങ്ങിനെ ആണ്.. പറഞ്ഞുപോയ രീതിയിലൊന്നുമല്ല അതിന്റെ തുടർച്ചകൾ ... വീണ്ടുമതങ്ങിനെ വന്നുപോകും .. വന്നും പോയുമിരിക്കും ...
പാപ്പാത്തി പുസ്തകങ്ങൾ
B Ravi Kumar
No comments:
Post a Comment