Monday, June 10, 2024

രജനീ ഗന്ധി വിടർന്നു ....

എത്ര എഴുതി എന്നതല്ല കാര്യം . എന്തെഴുതി എന്നതാണ്. പാട്ടിന്റെ കൂടെ ഒഴുകാൻ തുടങ്ങിയിട്ട് അഞ്ചു പതിറ്റാണ്ടുകൾ കഴിഞ്ഞു. ഗൗരവമായി പാട്ടിനെ സമീപിച്ചിട്ടും നാല് പതിറ്റാണ്ടുകളും . എത്രയെത്ര കേട്ടു! എത്രയെത്ര അറിയാൻ ശ്രമിച്ചു . എന്നെ ഇത്രയേറെ സ്വാധീനിച്ച മറ്റൊന്നുണ്ടോ ! എഴുത്തായും , ഈണങ്ങളായും, ആലാപനമായും എന്നിലെ എന്നെ തണുപ്പിക്കുകയും , ജീവശ്വാസം തരുകയും ചെയ്ത ഒന്ന് ..!! ഇതിന്റെ എല്ലാ തുടിപ്പും ഏറ്റുവാങ്ങി യുഗങ്ങളോളം ഇവിടെ പുലരാനാവില്ലല്ലോ ! കേൾക്കുക , അറിയുക , പറയുക എന്ന തത്വത്തിൽ ഞാൻ .... എല്ലാംപറഞ്ഞു കഴിഞ്ഞു എന്നൊരു തോന്നൽ വന്നാൽ അതവസാനമാവും. ഇല്ലല്ലോ .... പറയാൻ മറന്നതെത്ര! പറയാനിരിക്കുന്നതെത്ര ! മറന്നവയുടെ കൂട്ടത്തിൽ നിന്നും ഒരു ഗായകനെ ഇന്നലെ കണ്ടെത്തി . എന്റെ കൗമാര കാലത്തും യൗവ്വനാരംഭഃ കാലത്തും ഞാനെത്ര മൂളി നടന്നിരുന്നു നിങ്ങളുടെ ഗാനങ്ങൾ എന്ന കണ്ടത്തെലിൽ ഒന്നമ്പരന്നു . ജോളി അബ്രഹാം എന്ന ഗായകൻ! 1974 മുതൽ ഇവിടെ ഉണ്ടായിരുന്ന ആൾ. ആ പതിഞ്ഞ ശബ്ദത്തിന്റെ ഉടമയെ ഞാനെന്റെ കൗമാരങ്ങളിൽ നിന്നും കണ്ടെടുത്തു .... " രജനീ ഗന്ധി വിടർന്നു അനുരാഗസൗരഭ്യം പരന്നു കടമിഴിയിൽ സ്വപ്നം നിരന്നു നിന്റെ കാൽച്ചിലങ്കകളുണർന്നു " ഈ ഒരു ഗാനത്തിന്റെ ചിത്രങ്ങൾ മനസ്സിൽ കണ്ടുകൊണ്ടു പാടാൻ ശ്രമിച്ച ഒരു പത്തു വയസ്സുകാരനെ ഞാൻ വീണ്ടും കണ്ടു. മറവിയിലെവിടെയോ അടങ്ങികിടന്നിരുന്ന അവനെ ഇന്നത്തെ ചിന്തകൾ മുന്നിലേക്ക് കൊണ്ടുവന്നപ്പോൾ എത്രയെത്ര ജോളി എബ്രഹാം പാട്ടുകളാണ് വരിവരിയായി നിന്നത്!!! ജോളി അബ്രഹാം ഗാനങ്ങൾ അധികവും അന്നത്തെ ഹിറ്റുകളായിരുന്നു . എന്നിട്ടും ശക്തമായ ഒരു നിലനിൽപ്പ് അദ്ദേഹത്തിന് ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ് . കുറെയേറെ സോളോ ഗാനങ്ങളൂം, യുഗ്മഗാനങ്ങളും , സംഘഗാനങ്ങളും എല്ലാം അദ്ദേഹത്തിന്റേതായിട്ടുണ്ട്. " ജയിക്കാനായ് ജനിച്ചവൻ ഞാൻ " ചട്ടമ്പിക്കല്യാണിയിലെ ഈ ഗാനം രചിച്ചത് ശ്രീകുമാരൻ തമ്പി , സംഗീതം എം കെ അർജുനൻ .... നല്ല ഒരു തുടക്കം തന്നെ ജോളി അബ്രാഹിമിന് ലഭിച്ചിരുന്നു. അതെന്തൊക്കെ ആയാലും അദ്ദേഹത്തിന് ലഭിച്ച യുഗ്മ ഗാനങ്ങൾ എന്നെ വളരെയേറെ ആകർഷിച്ചിട്ടുള്ളവയാണ്. ഗായിക വാണിജയറാമുമൊത്ത് ആണ് ഏറെ ഗാനങ്ങൾ പാടിയിട്ടുള്ളത്. എസ് ജാനകി, സുശീല , ലതിക , അമ്പിളി , വസന്ത , കെ എസ് ചിത്ര എന്നിവരുമൊത്തും ഒട്ടേറെ .... മാമലയിലെ പൂമരം പൂത്ത നാൾ -- അപരാധി ( വാണിജയറാം ) പിടിച്ചാൽ പുളികൊമ്പു പിടിക്കേണം -- മധുരസ്വപ്നം ( അമ്പിളി ) അരയരയോ കിങ്ങിണി അരയോ -- സ്നേഹത്തിന്റെ മുഖങ്ങൾ ( സുശീല ) വരിക നീ വസന്തമേ -- പമ്പരം ( എസ് ജാനകി ) നിമിഷങ്ങൾ പോലും വാചാലമാകും -- മനസ്സാ വാചാ കർമ്മണാ ( വാണിജയറാം ) സുരലോക ജലധാര ഒഴുകിയൊഴുകി -- ഏഴാം കടലിനക്കരെ ( വാണി ജയറാം ) ദൂരെ നീലവാനം ഏതോ പ്രേമഗാനം --ഓർമ്മകളെ വിടതരൂ ( വാണീ ജയറാം ) വേരുകൾ ദാഹനീർ തേടിയ മണ്ണിനെ --അമ്മയും മകളും ( ജൻസി ) വളകിലുക്കം കേൾക്കിണല്ലോ -- സ്ഫോടനം ( ജയചന്ദ്രൻ, വസന്ത) പഞ്ചമിയിലെ രജനീ ഗന്ധി വിടർന്നു എന്ന ഗാനത്തെ കുറിച്ച് ഞാൻ ആദ്യം പറഞ്ഞു . അതിന്റെ ഓർമ്മവിസ്ഫോടനത്തെ പറ്റിയും .... ഇത്തരം സോളോ ഗാനങ്ങൾ അനവധി ഉണ്ട്. എന്തുകൊണ്ട് ഇന്നത്തെ കാലം ഇതൊക്കെ മറക്കുന്നു ....ഉത്തരമില്ല ... !! സഹ്യാചലത്തിലെ സരോവരങ്ങളിലെ (പെൺപുലി) ഈണം പാടി തളർന്നല്ലോ ഞങ്ങളും കാറ്റും ( സ്നേഹം ) അമ്പലപ്പുഴ പാൽപ്പായസം ( പരിവർത്തനം ) സുന്ദര സുരഭില പുഷ്പ നിരകളെ ( സീമന്തിനി ) അള്ളാവിൻ തിരുസഭയിൽ കണക്കു കാണിക്കുവാൻ ( ജയിക്കാനായ് ജനിച്ചവൻ ) .. ഹിറ്റായ ഒരു ഗാനത്തിന്റെ പേരിൽ ഒരു സിനിമ വന്നപ്പോൾ അതിലും പാട്ടുകൾ ഉണ്ടായിരുന്നു ജോളി അബ്രഹാമിന് ... ശംഖുമുഖം കടപ്പുറത്തൊരു സായംകാലം (പതിവ്രത ) ആലം ഉടയോനെ നിന്റെ റഹ്മത്താൽ ( വെള്ളായണി പരമു ) ശാന്തരാത്രി തിരുരാത്രി ( തുറമുഖം ) ഓമൽകലാലയ വർഷങ്ങളെ ( കോളിളക്കം ) ഒന്നാം തുമ്പീ പൊന്നോമൽ തുമ്പീ ( മകൻ എന്റെ മകൻ ) പാട്ടിന്റെ ഈ പുണ്യോദയത്തിൽ അന്ന് മുങ്ങികുളിച്ചിരുന്നു മലയാളം . പ്രേം നസീർ കാലഘട്ടത്തിൽ തുടങ്ങിയെങ്കിലും , രതീഷ് , ജയൻ , സുകുമാരൻ സോമൻ എന്നിവർ തിളങ്ങി നിന്നിരുന്ന ഒരു സമയത്തായിരുന്നു ഇദ്ദേഹത്തിന്റെയും സംഗീതം ഇവിടെ മുഴങ്ങിയിരുന്നത്. ആ സൗമ്യസ്വരം മലയാളികളിലെ പാട്ടിഷ്ടക്കാർ എന്നുമോർക്കും ... മലയാളം കൂടാതെ തമിഴ് , കന്നഡ , തെലുഗു ചിത്രങ്ങളിലും കുറച്ചേറെ ഗാനങ്ങൾ ആലപിക്കാൻ കഴിഞ്ഞിട്ടുണ്ട് ... കാലങ്ങൾ കഴിഞ്ഞപ്പോൾ മലയാള മനസ്സിനെ കുലുക്കിയുണർത്തിയ ആ ഗാനവും വന്നു. ഭരതന്റെ ചിത്രമായ ചമയത്തിലെ " അന്തിക്കടപ്പുറത്ത് " എന്ന ഗാനം . എം ജി ശ്രീകുമാറുമൊത്ത് മത്സരിച്ചു പാടിയത് .. അതി മനോഹരമായ ഒരു ഗാനം .... പാട്ടിന്റെ സുവർണകാലങ്ങൾ ആഘോഷിക്കുന്ന ഒരു മനസ്സിനെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞ മഹാഗായകാ അങ്ങേക്കെന്റെ നന്ദി ... സുഖകാലങ്ങൾ നേർന്നുകൊണ്ട്....

No comments:

Post a Comment