Thursday, December 8, 2022

താമരകുമ്പിളല്ലോ

ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ? രോഗിക്ക് സുഖവും ദുഃഖവും ഇല്ല. തികച്ചും ഒരു നിർവികാരാവസ്ഥ . വൈകാരികതയുടെ കൊടുമുടിയിൽ എങ്കിലും ദ്വേഷമില്ല , അഹങ്കാരമില്ല , താൻ പോരിമ ഇല്ല ... തികച്ചും ഒരു നിർവാണാവസ്ഥ തന്നെ. പഴയ ഓർമ്മകൾ ഇല്ലെന്നു മാത്രം. ചില സമയങ്ങളിൽ ചില മിന്നലാട്ടങ്ങൾ ചിലരിൽ കാണാറുണ്ട് എന്ന് അനുഭവസ്ഥർ പറഞ്ഞിട്ടുണ്ട്. ഈ പാട്ടു വിശേഷത്തിൽ ഇതിനെന്തു പ്രസക്തി എന്ന് വിചാരിക്കുന്നുണ്ടാവും ല്ലേ ? ഓർമ്മകളിലെ ആ പഴയ സുവർണകാലങ്ങളിൽ ജീവിക്കുന്ന ഒരു കാലം ഇല്ലാതായാൽ വെറും പിണം ആവും ഈ എഴുതുന്നവനൊക്കെ !! പറഞ്ഞുവന്നത് ജീവിതത്തിന്റെ അവസാനകാലത്ത് അൽഷിമേഴ്‌സ് ബാധിച്ച് നിർവികാരാവസ്ഥയിൽ ആയിപ്പോയിരുന്ന പ്രസിദ്ധ കവിയും, ഗാനരചയിതാവും ആയിരുന്ന ശ്രീ പി ഭാസ്കരന്റെ ജീവിതത്തിലൂടെ , രചനയിലൂടെ ഒന്ന് പോയപ്പോൾ... ശ്രീ രവിമേനോന്റെ Ravi Menon പുസ്തകത്തിൽ ഇദ്ദേഹത്തിന്റെ ഈ വൈഷമ്യഘട്ടത്തിൽ ഗായിക ജാനകിയുമൊത്തുള്ള ഒരു തിരുവനന്തപുരം യാത്രയെ പറ്റി പ്രതിപാദിക്കുന്നുണ്ട്. പി ഭാസ്കരന്റെ ഒട്ടേറെ ഗാനങ്ങൾ പാടിയ അനുഗ്രഹീത ഗായികയാണല്ലോ എസ് ജാനകി . പി ഭാസ്കരന്റെ വീട്ടിൽ അവർ എത്തി . അദ്ദേഹത്തെ കണ്ടു .ഒരു തരത്തിലും ഗായികയെ തിരിച്ചറിയാൻ അദ്ധേഹത്തിനു കഴിഞ്ഞില്ല . രവിമേനോന്റെ നിർദ്ദേശപ്രകാരം പി ഭാസ്കരന്റെ പ്രിയ ഗാനങ്ങൾ ഒന്നൊന്നായി ആ ഗായിക പാടി. അതിനു ശേഷമുണ്ടായ സംഭവങ്ങൾ അദ്ദേഹത്തിന്റെ പുസ്തകത്തിൽ നിന്നും വായനക്കാർ വായിക്കുക . എഫ് ബി കുറിപ്പുകളിൽ നിന്നും അറിയാവുന്നതാണ്. എസ് ജാനകി പാടിയ ഗാനങ്ങളിൽ പി ഭാസ്കരൻ സംഭാവന വിലമതിക്കാനാവാത്തതാണ് . അത്തരം ഗാനങ്ങളിലൂടെ ഒന്ന് പോവുമ്പോൾ നമ്മൾ അതിശയപ്പെടും. സ്പഷ്ടമായ ആ ശബ്ദത്തിന്റെ ഹൃദ്യത അനുഭവിക്കും. ജാനകിയുടെ മലയാളത്തിലെ തുടക്ക കാലം മുതൽ തന്നെ പി ഭാസ്കരൻ വരികൾ കൂടെയുണ്ട്. ജി ദേവരാജൻ എന്ന മഹാസംഗീത സംവിധായകൻ തഴഞ്ഞിട്ടും പാട്ടരുകിലേക്കു തള്ളപ്പെടുകയൊന്നും ചെയ്തിട്ടില്ല ജാനകീ നാദം .. ചിദംബരനാഥ്‌ , രാഘവൻ മാസ്റ്റർ , എം എസ് ബാബുരാജ് , ദക്ഷിണാമൂർത്തി ,പുകഴേന്തി, എം കെ അർജുനൻ മാസ്റ്റർ , എം ബി ശ്രീനിവാസൻ , ജോൺസൻ തുടങ്ങിയവരിലൂടെയെല്ലാം അതേറെ പുഷ്ടിപ്പെടുകയേ ചെയ്തിട്ടുള്ളൂ.. അതിൽ തന്നെ കൊടുത്തതെല്ലാം സ്വർഗീയ സംഗീതം പോലെ ഇന്നും ആസ്വദിക്കാവുന്നത് എന്ന് പറയേണ്ടത് എം എസ് ബാബുരാജ് ഈണം തന്നെയാണ്. ബാബുരാജിന്റെ സംഗീതവും, പി ഭാസ്കരന്റെ രചനയും, ജാനകിയുടെ ആലാപനവും .... എത്ര ധന്യരാണ് നമ്മൾ !!!! എസ് ജാനകിയുടെ ശ്രദ്ധിക്കപ്പെട്ട ആദ്യഗാനം എന്നതിലേക്ക് ചേർക്കേണ്ടത് നിശ്ചയമായും ഈ ഗാനമാണ്. മൂടുപടത്തിലെ " തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ ...എന്റെ വിരുന്നുകാരൻ...." പി ഭാസ്കരൻ- എം എസ്‍ ബാബുരാജ് ഈണം..... പിന്നീടങ്ങോട്ട് ഇവരുടെ കൂട്ടായ്മ തീർത്ത സർഗ്ഗവസന്തം നമുക്കൊന്നനുഭവിക്കാം!! അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി(തച്ചോളിഒതേനൻ ) വാസന്തപഞ്ചമി നാളിൽ ( ഭാർഗവി നിലയം) പൊട്ടാത്ത പൊന്നിൻ കിനാവുകൊണ്ടൊരു .... അനുരാഗമധുചഷകം .... പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു .... ഒരു കൊച്ചു സ്വപ്നത്തിൻ ...( തറവാട്ടമ്മ) താമരകുമ്പിളല്ലോ മമ ഹൃദയം ( അന്വേഷിച്ചു കണ്ടെത്തിയില്ല) പാവനനാം ആട്ടിടയാ ... കവിളത്തെ കണ്ണീർ കണ്ടു.. വാകച്ചാർത്ത് കഴിഞ്ഞൊരു ( ഇരുട്ടിന്റെ ആത്മാവ്) ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന ... ഇരുകണ്ണീർതുള്ളികൾ .... അവിടുന്നെൻ ഗാനം കേൾക്കാൻ ( പരീക്ഷ ) എൻ പ്രാണനായകനെ .... സ്വർണവളകളിട്ട കൈകളാൽ ( ലക്ഷപ്രഭു ) വെണ്ണിലാവിനെന്തറിയാം ... പാതിരാവായില്ല ( മനസ്വിനി ) ആരാധികയുടെ പൂജാകുസുമം ... മാവുപൂത്തു മാതളം പൂത്തു ( അമ്പലപ്രാവ് ) താനേ തിരിഞ്ഞും മറിഞ്ഞും... വാർമഴ വില്ലിന്റെ വനമാല വിൽക്കും ...( രാത്രി വണ്ടി ) പൂവുകൾ ചിരിച്ചു... 1978 ൽ അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ പ്രിയ സംഗീതജ്ഞന്റെ തരളിതമാമോർമ്മകൾ ....അദ്ദേഹത്തിന്റെ അവസാനകാലത്തെ ഗാനമാണ് ഇത് .. "പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു .. ''എന്നത്... ഇതിന്റെ വരികളും സംഗീതവും നൽകുന്ന സുഖം വാക്കുകളാൽ വിവരിക്കാനാവില്ല . ഈ രണ്ടു മഹാത്മാക്കൾ നമ്മളുടെ ഇടയിൽ ജീവിച്ചിരുന്നിരുന്നു ... ഇന്നും നമ്മെ സുഖചിന്തകൾ നൽകി പുൽകുന്നു എന്ന സത്യം എങ്ങിനെ നമ്മൾ ഒഴിവാക്കും ... ബാബുരാജ് പകർന്ന സംഗീത ലഹരിയിൽ നിന്നും ജാനകീ ശബ്ദത്തെ കോരിയെടുക്കുമ്പോൾ ഇനിയുമുണ്ടിതേ പോലെ വേറെയും എന്ന് മനസ്സ് മെല്ലെ പറയുന്നുണ്ട്... ഇതേ പോലെ ചേർത്തു നിർത്താവുന്ന , പലരും മറന്നു പോയെന്നു വരെ സംശയിക്കാവുന്ന ഒരാളുടെ ഈണങ്ങൾ ഉണ്ട്.. ശ്രീ ചിദംബരനാഥ്‌ ... എസ് ജാനകി അദ്ദേഹത്തിന്റെ പ്രിയ ഗായിക ആയിരുന്നു. ബാബുരാജ് നൽകിയരുളിയ ഈണമാധുര്യം ഒട്ടും കുറയാതെ ചിദംബരനാഥും വിളമ്പി... കളിത്തോഴിമാരെന്നെ കളിയാക്കി ( മുറപ്പെണ്ണ് ) കുന്നിന്മേലെ നീയെനിക്ക് ( രാജമല്ലി ) കേശാദിപാദം തൊഴുന്നേൻ ( പകൽക്കിനാവ് ) നിദ്രതൻ നീരാഴി... ഗുരുവായൂരുള്ളൊരു .. കുങ്കുമപ്പൂവുകൾ പൂത്തു ( കായങ്കുളം കൊച്ചുണ്ണി) ഇതൊക്കെ അദ്ദേഹം ഉള്ള കാലത്തോളം ജാനകിക്ക് സമ്മാനിച്ചത്... മറക്കാനാവില്ലയീ ഈണങ്ങൾ ... പി ഭാസ്കരൻ വരികളിൽ അമർത്തിവെച്ച വൈകാരികത അത്രമേൽ മനസ്സിലാക്കിയവർ , അവർ സംഗീതത്തിലൂടെ കൂടുതൽ വിശാലത കൈവരുത്തിക്കൊടുക്കുന്നു. ദക്ഷിണാമൂർത്തി സംഗീതം അനുഗ്രഹിച്ച് നൽകിയവയിലൂടെ കടന്നുവരാൻ കുറച്ചു കാലം എടുത്തുവെന്നു തോന്നുന്നു. മികച്ചതെന്ന് പറയാൻ ... ഇന്നലെ നീയൊരു സുന്ദരരാഗമായെൻ എന്ന സ്ത്രീയിലെ ഗാനം വേണ്ടിവന്നു.. തുടർന്ന് ഇനിയുറങ്ങൂ... മനതാരിൽ മലരിടും സ്വപ്നങ്ങളെ ( വിലയ്ക്ക് വാങ്ങിയ വീണ ) പ്രേമകൗമുദി മലർമഴ ചൊരിഞ്ഞു ( മുത്തശ്ശി ) എന്റെ മകൻ കൃഷ്ണനുണ്ണി ( ഉദയം ) മുല്ലപ്പൂം പല്ലിലോ ( അരക്കള്ളൻ മുക്കാൽകള്ളൻ ) പച്ചമലപ്പനംകുരുവീ ....... തിങ്കൾമുഖീ തമ്പുരാട്ടീ... കന്നൽമിഴി കണിമലരെ ( തച്ചോളി മരുമകൻ ചന്തു ) ഇന്ദുചൂഡൻ ഭഗവാന്റെ ... വടക്കിനി തളത്തിലെ ... പുലയനാർ മണിയമ്മ ( പ്രസാദം ) ദേവരാജനെ പോലെ അല്ലെങ്കിലും ദക്ഷിണാമൂർത്തി ജാനകിയുടെ ശബ്ദത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്.... പുകഴേന്തി എന്ന സംഗീത സംവിധായകൻ നിശബ്ദമായി ഇവിടെ വന്നുപോയിരുന്നു... അവരുടെ സംഗീതത്തിന്റെ മാസ്മരികത തിരിച്ചറിയാൻ ഈ ഒരു ഗാനം മതി.. മധുരപ്രതീക്ഷൻ പൂങ്കാവിൽ വെച്ചൊരു ( ഭാഗ്യമുദ്ര ) പിന്നീട്... .ഗോപുരമുകളിൽ വാസന്തചന്ദ്രൻ ( വിത്തുകൾ ) സഖി കുങ്കുമമോ ( മൂന്നു പൂക്കൾ) എന്നിവയും ജാനകിയുടെ കരിയറിലെ മാസ്റ്റർ പീസും , ജീവനുകൾക്കെല്ലാമായുള്ള സമർപ്പണ ഗീതവുമായ ... ലോകം മുഴുവൻ സുഖം പകരാനായ് ( സ്നേഹദീപമേ മിഴി തുറക്കൂ) എന്നതും നൽകി വിട പറഞ്ഞു പോയി.... കെ രാഘവൻ മാസ്റ്റർ പി ഭാസ്കരൻ കൂട്ടുകെട്ട് മലയാള സിനിമയിലെ ശക്തമായ ഒരധ്യായമാണ്. തുടക്ക കാലം മുതൽ തുടർന്ന് വന്ന ഒരു ബന്ധം... പി ഭാസ്കരൻ , രാഘവൻ , ജാനകി കൂട്ടുകെട്ടിൽ വന്നു ചേർന്ന സുന്ദര ഗാനങ്ങൾ ഇവയൊക്കെ ആണ്... മഞ്ഞണിപ്പൂന്നിലാവ് ( നഗരമേ നന്ദി ) ഉണരുണരൂ ഉണ്ണിപ്പൂവേ ( അമ്മയെ കാണാൻ ) കൊന്നപ്പൂവേ കിങ്ങിണി പൂവേ ... ഉത്രട്ടാതിയിലുച്ച തിരിഞ്ഞപ്പോൾ ( കാക്കത്തമ്പുരാട്ടി ) വീണക്കമ്പി തകർന്നാൽ ( ഉമ്മാച്ചു) മോതിരകൈവിരലുകളാൽ ( ശ്രീകൃഷ്ണപ്പരുന്ത്... ) ഭാസ്കരൻ രചനയെ പുഷ്ടിപ്പെടുത്തിയവർ ഇനിയുമേറെ .. ജാനകിക്ക് പാട്ടുകൾ നൽകിയ മറ്റു ചിലരിൽ കൂടെയും ഒന്ന് പോവാം... അർജുനൻ മാസ്റ്റർ മാനത്തിൻ മുറ്റത്ത് ( കറുത്ത പൗർണമി ) ദീപം കയ്യിൽ സന്ധ്യാദീപം ( അവിടുത്തെ പോലെ ഇവിടെയും ) ജോൺസൻ മാസ്റ്റർ എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ ( നസീമ ) സ്വർണ്ണമുകിലെ ( ഇത് ഞങ്ങളുടെ കഥ ) എ ടി ഉമ്മർ പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ ( ആൽമരം ) മഴമുകിലൊളി വർണ്ണൻ ( ആഭിജാത്യം ) വരില്ലെന്ന് ചൊല്ലുന്നു വേദന ( തെക്കൻകാറ്റ് ) വിഫലം ( മണിയറ ) കണ്ണൂർ രാജൻ ആ വിരൽ നുള്ളിയാൽ ( സ്വന്തം ശാരിക ) ജെറി അമൽദേവ് പ്രകാശനാളം ചുണ്ടിൽ മാത്രം ( ഒരു വിളിപ്പാടകലെ ) ലക്ഷമീകാന്ത് പ്യാരേലാൽ മലയാളത്തിൽ ചെയ്തപ്പോൾ ജാനകിക്കും ഗാനം. ചിന്നും വെൺ താരത്തിൻ എന്ന ഗാനം... ഈ സംവിധായകരൊക്കെ മറ്റു രചയിതാക്കളിൽ ജാനകിക്ക് വേറെ ഗാനങ്ങൾ കൊടുത്തിരിക്കാം... ഇവിടെ പ്രതിപാദിച്ചത് ഭാസ്കരൻ വരികൾ മാത്രം... അതിന്റെ ഊഷ്മളത മാത്രം.....

No comments:

Post a Comment