Thursday, December 8, 2022

നിശാഗാനങ്ങൾ സിനിമകളിൽ

രാത്രികൾ നമുക്ക് വിശ്രമവേളകൾ കനിഞ്ഞുനൽകുന്നു. രാവിന്റെ ഓരോ യാമങ്ങളും ആസ്വദിക്കാനും വേണം ഒരു കഴിവ്. ഉറക്കം മാത്രമല്ല രാവിന്റെ സമ്മാനം .ഉറങ്ങാതിരുന്ന ജീവിതസ്വപ്നങ്ങൾ പലപ്പോഴും ചില രൂപങ്ങളണിഞ്ഞുകൊണ്ടു മേളനങ്ങൾ തീർക്കും. സ്വപ്നങ്ങളുടെ ആ നിശായാത്രയിൽ ഒറ്റയ്ക്കായും കൂട്ടായും ജോഡിയായും സംഗമങ്ങൾ . വികാരസമ്മേളനങ്ങളുടെ രാത്രി. പ്രണയവും, കാമവും, വിഷാദവും, എല്ലാം ഒറ്റപ്പെടലുകളുടെ വൈഷമ്യങ്ങളിൽ ഊഞ്ഞാലാടുന്ന യാമങ്ങൾ. സിനിമയിൽ അത് പാട്ടുകളുടെ അകമ്പടിയോടെ വർണരേണുകൾ ചാർത്തി അണിഞ്ഞൊരുങ്ങുകയും , മൂടുപടം അണിയുകയും ചെയ്യും. ഈറൻ നിലാവും , തേന്മലർമണവും ഇക്കിളി കൂട്ടുന്ന രാവായി യൂസഫലി വിശേഷിപ്പിക്കുമ്പോൾ പൊന്നിൽ കുളിച്ച രാസംഗമങ്ങൾ മനസ്സിൽ അരങ്ങേറുന്നു. നിനവിന്റെ തേൻ ചഷകം നെഞ്ചിൽ പതഞ്ഞൊഴുകുന്ന രാത്രിയാണപ്പോൾ പ്രാണപ്രേയസിക്ക് . യൂസഫലിയുടെ നിശാ വർണ്ണനകൾ കൊതിപ്പിക്കുന്നതാണ്. ജീവിതത്തിലെ വരും കാലങ്ങളുടെ തുടക്കമാണ് രാത്രിയോർമ്മകൾ ... വയലാറിലെത്തുമ്പോൾ ഓരോ രാത്രിയിലും വിടരുന്ന അനുരാഗപുഷ്പിണിയാണ് അവൾ. വെണ്ണ തോൽക്കുമുടലോടെയും വെണ്ണിലാവിൻ തളിർ പോലെയുമവൾ ...മഞ്ഞിൽ മുങ്ങി നിവർന്നീറൻ മാറി മന്ദഹാസത്തോടെ അവൾ പരിലസിക്കുന്നു .. വയലാറിന് പലപ്പോഴും പ്രണയം രാത്രിയോട് ചേർക്കുമ്പോൾ അത് ശരീരസംഗമം കൂടിയായി മാറുന്നു.. അത് ത്രിവേണീ സംഗമം ആയി മാറുന്നു. ശൃംഗാരപദമാടി മദാലസയായ യാമം കൂട്ടിനുണ്ടാകും...അവളപ്പോൾ പ്രണയകലാവല്ലഭനോട് മുഖപ്രസാദം വിടർത്താൻ ആവശ്യപ്പെടുന്നു. നമ്മുടെ പ്രഥമവും പ്രമദവുമായ രാത്രിയല്ലേ എന്നും ചോദിക്കുന്നു.. പ്രണയപരവശയായ നായിക യാമിനിയോട് ചേർന്ന് കാമദേവന്റെ പ്രിയകാമിനീ എന്ന് വിവശയായി മൊഴിയുന്നു. അകലങ്ങളിൽ യുവമനസ്സുകളെ പുളകം കൊള്ളിക്കുന്ന രാത്രിയെക്കുറിച്ചും വയലാർ ഉല്ലാസവാനാവുന്നുണ്ട്. കാട്ടിൽ കള്ളിപ്പാലകൾ പൂത്തപ്പോൾ വെള്ളിപ്പൂക്കുട തീർത്തപ്പോൾ ആരിലും ആളിപ്പടരുന്ന അതിന്റെ സൗരഭം പ്രണയവാസനകളെ തൊട്ടുണർത്തുന്നതാണ്... വെണ്ണിലാവുള്ള രാത്രിയിൽ മടിയിൽ മയങ്ങുന്ന പ്രണയിനിയെ ശല്യപ്പെടുത്തല്ലേ എന്ന് രാവിനോട് അവൻ ... പുഷ്പങ്ങൾ അണിഞ് നവവധുവായ ഭൂമിക്കു വേളീപ്പുടവയുമായി വരുന്ന വെണ്ണിലാവിനോട് തന്റെ മടിയിൽ മയങ്ങുന്ന മാലതീലതയെ തൊടല്ലേ എന്ന് എത്ര ആർദ്രമായ സ്വരം.... പ്രണയത്തിന്റെ എത്രമാത്രം അവർ മാത്രം തീർക്കുന്ന ഒരു ലോകം... വിഷുക്കൈനീട്ടം തന്നവനോട് വിവാഹമോതിരം എന്ന് തരും എന്നവൾ ചോദിക്കുന്നതും വാർത്തിങ്കൾ കണി വെച്ച ആരാത്രിയിലാണ് ... വയലാർ ഭാവനകൾ ഒട്ടേറെ ഉണ്ട്... പി ഭാസ്കരന്റെ മിക്ക ഗാനങ്ങളിലും ആകാശവും ഭൂമിയും രാവും, താരകളും എല്ലാം നിറഞ്ഞു നിൽക്കുന്നതാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോവുന്നവന്റെ രാത്രികൾ ഏറെയുണ്ട്... നിദ്രയുടെ ആഴി തുഴഞ്ഞു കടക്കുവാൻ സ്വപ്നത്തിന്റെ കളിയോടം കിട്ടി , അതിൽ കാണാത്ത അറിയാത്ത ഏതോ കരയിൽ എത്തപ്പെട്ടവളുടെ ഗദ്ഗദവും ആശ്വാസവും .... രാവിനെ നോക്കി താരത്തെ സാക്ഷിയാക്കി അവിടെയും തങ്കക്കിനാവുകൾ ഉണ്ടോ എന്ന് ചോദിക്കുന്ന യുവമിഥുനങ്ങൾ... ആശയറ്റവളുടെ ഗദ്ഗദസ്വരമായി ഈറൻ രാവിൽ മഞ്ഞണിഞ്ഞു കൊണ്ട് ആകാശം ചുറ്റുന്ന വൃഥാവ്യായാമം എന്തിനെന്ന് ! കണ്ണീരണിഞ്ഞ പട്ടുതൂവാലയുമായ് എന്തിനാണ് ഈ ശ്രീകോവിൽ ചുറ്റുന്നു എന്നും.... ഇതൊക്കെയാണെങ്കിലും മണ്ണിലെ മനുഷ്യന്റെ നൊമ്പരങ്ങൾ ഒന്നും ആകാശങ്ങളിലിരിക്കുന്നവർക്കറിയില്ല എന്നൊരു ധ്വനി ഭാസ്കരൻ നൽകുന്നുണ്ട്. വെണ്ണിലാവിനെന്തറിയാം! ഒളിഞ്ഞു ചിരിക്കാനല്ലാതെ ... മാനവന്റെ ഹൃദയത്തിന്റെ മോഹഭംഗങ്ങൾ നിനക്കറിയാമോ ? ഭാവനയുടെ തളിർ മഞ്ചലിൽ ഭാസ്കരസഞ്ചാരം ഉന്മാദം സൃഷ്ടിക്കുന്നതാണ്. . കന്നിമാസരാവിൽ പൂർണചന്ദ്രൻ പൊന്നാനിപ്പുഴയിൽ പ്രതിബിംബിച്ചപ്പോൾ കളഭക്കിണ്ണം വീണുകിടക്കുമ്പോൽ എന്നെഴുതാൻ ഇദ്ദേഹത്തിനെ ആവുള്ളൂ... മറ്റൊരിടത്ത് പേരാറ്റിലെ ഒരു കടവിൽ നിലാമഞ്ഞളരച്ചു വെച്ച് നീരാടുന്ന തിങ്കളെ വാഴ്ത്തുന്നു... ധനുമാസ പൂക്കൈത പൂവിട്ടു വരുന്ന രാത്രിയിൽ അവനെ കനവിൽ കണ്ടു കൊതിച്ചിരുന്ന അവളെയും കാട്ടിത്തരുന്നു... മധുരപതിനേഴുകാരിയായ പൂനിലാവിനെ പ്രകീർത്തിക്കുന്നു ഭാസ്കരൻ . പാതിരാവായിട്ടില്ല ... പൗർണമി കന്യകയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ എന്ന്... സങ്കടങ്ങളുടെ പട്ടികകളിലേക്കു പിന്നെയും ഗാനങ്ങൾ ഉണ്ട്... നിലാവസ്തമിക്കുന്ന യാമത്തെ കവി കാണുന്നതിങ്ങനെ ... പാർവണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ . അപ്പോൾ കരിമുകിൽ കണ്ണീരടക്കാനാവാതെ ഒരു തിരി കൊളുത്തുന്നു... നിരാശയുടെ പടുകുഴിയിൽ നിന്ന് മറ്റൊരു രാഗാനം ... രാത്രിയുടെ കനകാംബരങ്ങൾ വാടി ... രാത്രി അസ്തമിച്ചു ... കടത്തുവള്ളം യാത്രയായി.... ഭാസ്കരൻ എന്ന മഹാപ്രതിഭയും.... ശ്രീകുമാരൻ തമ്പിയുടെ രചനകളിൽ കൂടുതൽ നിശിത വിമർശങ്ങളില്ല . വേദനയുടെ സ്ഫുലിംഗങ്ങൾ കണ്ടേക്കാം... അതും തീക്ഷ്ണമാണ് . കൂടുതലും ഉല്ലാസപ്രദമായ രാവുകളാണ്... വരുമല്ലോ രാവിൽ പ്രിയതമൻ എന്ന് സഖിയോട് ചോദിക്കുന്നവൾ . പൗർണമി ചന്ദ്രിക തൊട്ടപ്പോൾ പത്മരാഗം പുഞ്ചിരി പൊഴിക്കുന്നതും അശോകപൂർണിമ വിടരും രാവിൽ അനുഭൂതികളുടെ രജനീയാമത്തിൽ അലയുന്ന അനുരാഗകല്പനകളുമായി ആകാശത്തേരിൽ ഒരു കാമുകൻ . ചന്ദ്രികയാൽ ഒരു ചിത്രനീരാളം വിരിക്കുന്ന ചൈത്രയാമിനിയെ കാണിച്ചുതരുന്നു ശ്രീകുമാരൻതമ്പി . ഒരാശ്വാസഗാനം പോലെ അവൻ അവൾക്കു പാടിക്കൊടുക്കുന്നുണ്ടിങ്ങനെ ... ശാരദരജനീ ദീപമുയർന്നു , നക്ഷത്രമണ്ഡലങ്ങൾ ഉണർന്നു . ഇടിമിന്നലുകൾ പൊഴിച്ച മഴമുകിലുകൾ മറഞ്ഞു... ഇനി നീ ഉറങ്ങൂ.... പ്രിയേ.... എന്ന്.... മനുഷ്യമനസ്സിനോടും ഉപമിക്കും കവി നിലാവിനെയും, രാവിനെയും ഒക്കെ. കുംഭമാസത്തിലെ കാറുകൾ നിറഞ്ഞ മാനത്തെ രാത്തിങ്കളെ പറ്റി കവി ഇങ്ങനെ ... മങ്ങിയും ഇരുണ്ടും വരുന്ന പൂനിലാവിനെ പോലെ ആണ് കുമാരിമാരുടെ മനസ്സ് എന്ന് ...എപ്പോഴാണ് തെളിയുന്നത്, എപ്പോഴാണ് ഇരുളുന്നത് എന്നറിയില്ല . സിനിമാ സന്ദർഭങ്ങൾ കവികളെകൊണ്ട് ഇങ്ങനെയും എഴുതിപ്പിക്കും.. ( അവസാനിക്കുന്നില്ല .... )

No comments:

Post a Comment