1975 ൽ ചലച്ചിത്ര ഗാനരംഗത്ത് ഒരു വലിയ ശൂന്യത സൃഷ്ടിച്ചിട്ടാണ് വയലാർ രാമവർമ്മ ഈ ലോകം വിട്ടു പോയത് .പി ഭാസ്കരൻ, ശ്രീകുമാരൻതമ്പി തുടങ്ങിയവർ സജീവമായി ഇവിടെ ഉണ്ടായിരുന്നെങ്കിലും ഇദ്ദേഹം ഉണ്ടാക്കിയെടുത്ത ആ ഗാനപ്രപഞ്ചം ഇരുളടഞ്ഞു തന്നെ കിടന്നു . പിന്നീട് കാലങ്ങളോളം . പലരു പാട്ടെഴുത്തുകാരായി ഇവിടെ അവസരങ്ങൾ പരീക്ഷിക്കുകയുണ്ടായി . വയലാർ ഭാവം ഉൾകൊണ്ട് പലരും അനുകരിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും വേര് പിടിക്കുക ഉണ്ടായില്ല. ശ്രീ പൂവച്ചൽ ഖാദറെ പോലുള്ള കവികൾ മാത്രം ഇടയ്ക്കിടയ്ക്ക് നമ്മെ വീണ്ടും പാട്ടുലോകത്തേക്കു ക്ഷണിച്ചു കൊണ്ടുവരുക ഉണ്ടായി. ചിലർ വയലാറിന്റെ നിഴലായി അവശേഷിച്ചു. വയലാർ ഗാനങ്ങളിലെ രതിവർണനകൾ കച്ചവടച്ചരക്കാക്കി പലരും. വയലാറിന്റെ കവിതാമയമായ കാമിനീ വർണ്ണനകൾ അരഞ്ഞാണച്ചരടിലെ ആരെയും മയക്കുന്ന മന്ത്രങ്ങളായിരുന്നു . മല്ലീസായകാ നീയെൻ മനസ്സൊരു മായാ മണ്ഡപമാക്കി ...നാണത്തിൽ മുങ്ങിയ കായലിൻ കവിളിൽ നഖചിത്രമെഴുതും നിലാവും ...എന്നൊക്കെ കവിതയിൽ ചാലിച്ച് അദ്ദേഹം എഴുതിയപ്പോൾ കാലം പോലും പുളകം കൊണ്ട നാളുകൾ ഉണ്ടായിരുന്നു. പിന്നീട് വന്നവർ പ്രണയത്തിൽ പോലും രതിക്കേറെ പ്രാധാന്യം കൊടുത്തേറേ എഴുതാൻ ശ്രമിച്ചു. മേലാകെ പൂത്തു പൂത്ത് നാം തന്നെ ഒരു വന മാലയായ് മാറിയാലോ എന്ന് അവസാന കാലത്തു പോലും വയലാർ എഴുതി വെച്ച് പോയിരുന്നു. അതിനെ പിന്തുടർന്ന് കുഴഞ്ഞു പോയി മദനരതി പാട്ടെഴുത്തുകാർ .
ഇത്രയും പറഞ്ഞു വന്നത് അത്തരത്തിൽ എഴുതി വന്നവരുടെ കൂട്ടത്തിൽ ശ്രീ ആർ കെ ദാമോദരൻ എന്നൊരു പാട്ടെഴുത്തുകാരനും ഉണ്ടായിരുന്നു. രാജു റഹീം എന്ന ചിത്രത്തിലൂടെ 1978 ൽ രവിവർമ്മ ചിത്രത്തിൻ രതിഭാവമേ എന്ന ഗാനവുമായി അരങ്ങേറ്റം . എം കെ അർജുനന്റെ സംഗീത ലഹരിയിൽ അതേറെ ശ്രദ്ധിക്കപ്പെട്ടു. സർപ്പസൗന്ദര്യമേ, തിരണ്ടു നിൽക്കുന്ന താരുണ്യമേ ,വെണ്മണി ശ്ലോകത്തിലെ നഗ്ന ശൃംഗാരമേ ,രതിദേവിയും, രാധികയും,ദമയന്തിയും എല്ലാമായി അവളെ വർണ്ണിച്ചിരിക്കയാണ് ശ്രീ ആർ കെ ദാമോദരൻ. വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമായിരുന്നു അക്കാലത്ത് . ആ എഴുത്തിൽ , പക്ഷെ അദ്ദേഹം അത്തരം പാട്ടുകളുടെ മാസ്മരികതയിൽ വീണ്ടും എഴുതാൻ നിർബന്ധിക്കപ്പെടുകയായിരുന്നു എന്ന് തോന്നുന്നു. പിന്നീട് വന്ന പല പാട്ടുകളിലും പ്രണയഭാവങ്ങൾ രതിയായി പരിണമിക്കുന്നത് കാണാം. ഇരുമ്പഴികളിലെ പ്രമദവനത്തിൽ ഋതുമതിപ്പൂ ..മുഖശ്രീ വിടർത്തുന്ന കൗമാരം ( അകലങ്ങളിൽ അഭയം ) മദരജനി ( അടിമച്ചങ്ങല )ഇന്ദീവരങ്ങളിമതുറന്നു ( ഇരുമ്പഴികൾ ) വിപിനവാടിക കുയിലു തേടി ( ഇണയെ തേടി ) എന്നിവയൊക്കെ ഇത്തരത്തിൽ എഴുതേണ്ടി വന്നവയാണ് എന്ന് മനസ്സിലാക്കാം.എങ്കിലും എം കെ അർജുനൻ സംഗീതത്തിൽ ഇരുമ്പഴികളിൽ ചെറുകിളിയെ കിളിയെ കിളി കിളിയെ എന്ന് വാണീ ജയറാം ശബ്ദം ഒരുശിരൻ ഗാനമായിരുന്നു.
ഭക്തി ഗാനങ്ങൾ എഴുതുന്നതിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു ശ്രീ ആർ കെ ദാമോദരൻ . കുറേയെറെ നല്ല ഭക്തി ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായി പിറന്നിട്ടുണ്ട് . ആ ഒരു രസം സിനിമാഗാനങ്ങളിൽ നിന്ന് അത്ര കിട്ടിയിട്ടില്ല എന്ന് പറയേണ്ടിയിരിക്കുന്നു. എന്നാൽ അകലങ്ങളിൽ അഭയം എന്ന ചിത്രത്തിൽ തിരുവൈക്കത്തപ്പാ എന്ന വാണിജയറാം ഗാനം അതിന്റെ ചുവടു പിടിച്ചെഴുതിയതായി അനുഭവപ്പെടും. അനുഭവങ്ങളെ നന്ദി എന്നതിലെ ദേവന്റെ കോവിലിൽ കൊടിയേറ്റ് എന്നതും അത്തരം രസം ഉൽപ്പാദിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.
ജോൺസൻ യുഗം അരങ്ങേറിയപ്പോൾ പാട്ടുകൾ വീണ്ടും വർണ്ണക്കുടകൾ ചൂടുകയുണ്ടായി. പാട്ടെഴുത്തുകാരും ശ്രദ്ധിക്കപ്പെട്ട നാളുകൾ വന്നു. പാട്ടുകൾ കേൾക്കാൻ വീണ്ടും തീയേറ്ററിൽ ജനങ്ങൾ ഇരുന്നു കൊടുത്തു . മഞ്ഞിൽ ചേക്കേറും മകരപെൺപക്ഷീ ( രക്തം ) സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ ( രക്തം ) പൊന്നിൻ കുടം പൊട്ടു തൊട്ടു മുന്നിൽ വന്നു ( എന്റെ എന്റേത് മാത്രം ) നിൻ മൗനം അതിലൊരു ഗാനം ( എന്റെ എന്റേത് മാത്രം ) ആരോമൽ കുഞ്ഞുറങ്ങു ആയില്യപെണ്ണുറങ്ങൂ ...തുടങ്ങിയവയൊക്കെ ജോൺസന്റെ വിരുതുകളായിരുന്നു.
രവീന്ദ്രൻ സംഗീതവും അത്തരത്തിൽ തന്നെ വരികൾക്കപ്പുറം സംഗീതത്തെ ഉയർത്തി നിർത്തി. മോശം വരികൾ പോലും രവീന്ദ്രൻ സംഗീതത്തിൽ ശ്രദ്ധിക്കപ്പെട്ടു .
എന്നാൽ താളം തെറ്റിയ താരാട്ടു എന്നതിലെ വരികളും സംഗീതവും മികച്ചതായിരുന്നു. താളം തെറ്റിയ താരാട്ട് എന്ന് തന്നെ തുടങ്ങുന്ന ഗാനവും ഹേമന്തഗീതം സാനന്ദം മൂളും ...സിന്ധൂ പ്രിയസ്വപന മഞ്ജരി തൂകി എന്നിൽ ....എന്നിവയും ഹിറ്റായി പിറന്നവയാണ്.
തുടക്കം മുതൽ ആർ കെ ദാമോദരൻ പാട്ടുകളെ തഴുകി കടന്നുപോയിരുന്നത് എം കെ അർജുനൻ സംഗീതമായിരുന്നു. മോഹൻലാലിന് ഒരു ബ്രേക്ക് കൊടുത്ത ചലച്ചിത്രമായിരുന്നു മിഴിനീർപൂവുകൾ . അതിലെ അർജുനൻ സംഗീതത്തിൽ ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും ചകോരയുവമിഥുനങ്ങൾ എന്ന ഗാനം അദ്ദേഹം മുൻപെഴുതിയ രീതിയിൽ നിന്നും അപ്പോഴേക്കും ഏറെ വ്യത്യാസപ്പെട്ടിരുന്നു.
വിദ്യാധരൻ മാസ്റ്ററുടെ ഈണത്തിൽ നിശാഗന്ധി പൂത്തു എന്ന കെ എസ് ചിത്ര ഗാനം തടവറയിലെ രാജാക്കന്മാരിൽ നിന്നും പിറന്നു.
എസ് പി വെങ്കിടേഷിന്റെ ചിട്ടപ്പെടുത്തലിൽ സ്ത്രീയെ മഹാലക്ഷ്മീ എന്ന സ്ത്രീധനം ഗാനവും വന്നു.
ഒടുവിൽ തമിഴ് സംഗീത ചക്രവർത്തിയുടെ ഈണമധുരവും ചാലിച്ചു കൊണ്ട് ആർ കെ ദാമോദരൻ വരികൾ ഉണ്ടായി . ഫ്രണ്ട്‌സിലെ പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജനക്കണ്ണാളേ ... തനി തങ്ക കിനാ പൊങ്കൽ ...പുന്നാരപ്പൂവിലും ... എന്നതെല്ലാം വെളിച്ചം കണ്ടു.
വിദ്യാസാഗറിന്റെ മായികസ്പർശം നിൽക്കാനുള്ള ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചു. ഒരു തമിഴ് ശൈലിയിൽ പിറന്ന തങ്കക്കുട്ടാ എന്ന അടിപൊളി ഗാനം കൊച്ചി രാജാവിൽ നിന്നായിരുന്നു...
1978 ൽ തുടങ്ങിയ പാട്ടെഴുത്തു യാത്ര ഏകദേശം 2005 വരെ തുടർന്നു. പുതു എഴുത്തുകാർ രംഗം കീഴടക്കിയപ്പോൾ സ്വയമേവ പിൻവാങ്ങി ഇദ്ദേഹം.. സംഗീതത്തിന്റെ ഗന്ധം കൊണ്ടെങ്കിലും ഓർക്കപ്പെടുന്ന കുറച്ചു ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്... പാട്ടെഴുത്തുകാരെ പറ്റി ഓർക്കുമ്പോൾ നിശ്ചയമായും ഇദ്ദേഹത്തിന്റെ പേരും ഓർക്കപ്പെടും....
No comments:
Post a Comment