Tuesday, May 25, 2021

ഹിമശൈല സൗന്ദര്യം

 

സംഗീതലോകത്തെ നിലനിൽപ്പ് കഴിവിനെ ആശ്രയിച്ചു മാത്രമല്ല എന്ന് അനുഭവങ്ങളിലൂടെ മനസ്സിലാക്കാം നമുക്ക് . ചില ഭാഗ്യങ്ങളെ തട്ടിമാറ്റുന്നവരും  ഉണ്ടാവാം.  ചലച്ചിത്രലോകത്ത് സ്ഥിരമാവാൻ ആഗ്രഹിക്കാത്തവരും ഉണ്ട്. അവരിലെ കഴിവിനനുസരിച്ച് അവർക്കു കിട്ടുന്നത് മാത്രം ആസ്വദിച്ച് ഒതുങ്ങി പോവുന്നവർ.  ക്ലാസിക്കൽ ലോകത്ത് സ്ഥിരപ്രതിഷ്ഠ  നേടാൻ ആഗ്രഹിക്കുന്നവർ. സംഗീത ലോകത്തെ പളപളപ്പും , പുളപ്പും അറിഞ്ഞവർ . അവർക്കവരുടെ കഴിവിനെ അറിയാം. കഴിവിന്റെ പരിമിതിയെയും .  അത് ചിലപ്പോൾ ലളിത സംഗീതത്തെ അത്ര കണ്ട് മനസ്സ് തുറന്നു സ്വീകരിക്കാൻ കഴിയാത്തതല്ലെങ്കിലും അതല്ല തന്റെ വഴി എന്ന തീരുമാനത്തിൽ ഉറച്ചു വിശ്വസിക്കുക.യും ചെയ്യുന്നവർ. അവർ തൻ്റെ സംഗീതത്തിന്റെ ജീവശ്വാസം അറിഞ്ഞവർ . അവരെപ്പോഴും കഠിനമായ ഉപാസനയിൽ ആത്മസമർപ്പണം തേടുന്നവർ.  


അരുന്ധതി എന്ന ആദ്യകാല ഗായികയെ ഒന്ന്  അവതരിപ്പിക്കാൻ ശ്രമിക്കയാണ്. ക്ലാസിക്കൽ സംഗീതത്തിന്റെ , കർണ്ണാടക സംഗീതത്തിന്റെ ജീവവായു തൊട്ടറിഞ്ഞവൾ . അവർ അറിയാതെ സിനിമാസാമ്രാജ്യത്തിൽ വന്നു പോയതാണെന്ന് കരുതാനാണ് ഇഷ്ടം.. വന്നതും കുറച്ചുകാലം ഇവിടെ പാടിയതും അല്ല അവരേറെ പറയാൻ ഇഷ്ടപ്പെടുന്നതും എന്ന് ഇന്റർവ്യൂകൾ കാണുമ്പോൾ മനസ്സിലാവും.  എങ്കിലും പാട്ടിഷ്ടക്കാരുടെ മനസ്സിൽ കുറഞ്ഞൊരല സൃഷ്ടിക്കാൻ ഇവർക്കും കഴിഞ്ഞിട്ടുണ്ട് എന്ന് പറയാതെ വയ്യ. 


1982 ൽ  പത്മരാജന്റെ നവംബറിന്റെ നഷ്ടത്തിൽ കെ എസ് ചിത്രയോടൊപ്പം ആദ്യഗാനാലാപനം . അരികിലോ അകലെയോ എവിടെയാണ് നീ... എന്ന ഗാനം കേൾക്കുമ്പോൾ ചിത്രയേത്, അരുന്ധതി ഏത് എന്ന് പറയാൻ ആവില്ല. അത്രയ്ക്ക് ശബ്ദ സാമ്യം ഉണ്ടിവർ തമ്മിൽ..  എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ പൂവച്ചൽ ഖാദർ രചന. അതൊരു ഉല്ലാസഗാനമാണ് . 

പിന്നീട് കണ്ണൂർ രാജന്റെ സംഗീതത്തിൽ കൊച്ചു ചക്കരച്ചി പെറ്റു .... എന്ന ഗാനം എന്റെ അമ്മു നിന്റെ തുളസി , അവരുടെ ചക്കി എന്ന ബാലചന്ദ്രമേനോൻ ചിത്രം... 


മാസ്റ്റർ പീസ് പിറക്കാൻ ഏറെ കാലം വേണ്ടി വന്നില്ല . നാല് വർഷത്തിന് ശേഷം രാക്കുയിലിൻ രാഗസദസ്സിൽ എന്ന ചിത്രമിറങ്ങി . എത്ര പൂക്കാലമിനി .... എന്ന ഗാനം ആസ്വാദകന്റെ മനസ്സിനെ എത്രമാത്രം ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞു !!!  ആ ശബ്ദമാധുര്യത്തിന്റെ അപാരത അതിൽ തീർച്ചയായും നിഴലിക്കുന്നുണ്ട്...  എം ജി സംഗീതത്തിന്റെ നിതാന്തധാര .    ഗോപാലക പാഹിമാം.... എന്ന ഗാനവും സുന്ദരവും. ക്ലാസ്സിക്കൽ,അർദ്ധ ക്‌ളാസിക്കൽ ഗാനങ്ങൾ പാടുമ്പോൾ ആ ശബ്‌ദമുണർന്നുലയുന്നത് അനുഭവം!!\


രമേശൻനായരുടെ രചനയിൽ പിന്നെയും എം ജി സംഗീതം. ധിം തരികിട തോം  .  കിളിയെ കിളിയെ കിളിമകളെ എന്ന ഗാനം എം ജി ശ്രീകുമാറോടൊപ്പം മധുരതരമാക്കി അരുന്ധതി.  


സ്വാതിതിരുനാൾ എന്ന ചരിത്ര സിനിമയിലും ഏറെ ഗാനങ്ങൾ അരുന്ധതിക്ക്‌ ഉണ്ടായിരുന്നു. ... സുമസായക ...

അലർശരപരിതാപം ..

പ്രാണനാഥനെനിക്ക് നൽകിയ...

ഓമനത്തിങ്കൾക്കിടാവോ ...              എന്നീ പാടിപ്പതിഞ്ഞ , കേട്ടുപരിചയിച്ച ഗീതങ്ങൾ അവർക്കാലപിക്കാൻ കഴിഞ്ഞു. 


വിദ്യാധരൻ മാസ്റ്ററുടെ സംഗീതത്തിലും ചില ഗാനങ്ങൾ പിറന്നിട്ടുണ്ട്.  ഉത്തരം എന്ന എം ടി സിനിമയിലെ ഗാനങ്ങൾ അരുന്ധതിയുടെ ശബ്ദത്തിലാണ്. ഗാനമായും , കവിതയായും  ഓ എൻ വി ഗീതങ്ങൾ ... മഞ്ഞിൻ വിലോലമാം യവനികക്കുള്ളിലെ  എന്ന ഗാനം അരുന്ധതിയും, വേണുഗോപാലും വെവ്വേറെ ആയി ആലപിച്ചിട്ടുണ്ട്.  കവയിത്രിയായ കഥാപാത്രത്തിന്റെ മാനസികഭാവങ്ങളെ കവിതയാക്കിയ ഓ എൻ വി പെരുമ ചില വരികൾ ഉത്തരത്തിൽ  നൽകിയിട്ടുണ്ട്.   നിന്നിലസൂയയാർന്നെന്തിനോ ...

സ്നേഹിക്കുന്നു ഞാൻ ....   എന്നീ കവിതാ ശകലങ്ങൾ അരുന്ധതിയുടെ മൃദുല ശബ്ദമായി അതിൽ പരിലസിക്കുന്നു... 


ദേവദാസ് എന്ന ചിത്രത്തിന് വേണ്ടി എം കെ രാഘവൻ ഈണം. പി ഭാസ്കരന്റെ വരികളിലൂടെ സ്വപ്നമാലിനീ തീരത്തുണ്ടൊരു എന്ന ഗാനം ... അതേപോലെ  പൂരം എന്ന ചിത്രത്തിലും കാവാലം നാരായണപ്പണിക്കരുടെ  നാട്ടുപെരുമയുടെ വരികളുടെ മേളനം . അരുന്ധതിയുടെ ശബ്ദത്തിൽ ചില ഗാനങ്ങൾ ...


മാരിവിൽ പൂങ്കുയിലേ എന്ന ഹിറ്റ്ലറിലെ ഗാനം അരുന്ധതിയുടെ ശബ്ദത്തിൽ ഏറെ വ്യത്യസ്തമായത് . പാടിയ പാട്ടുകളിൽ നിന്നൊക്കെ മാറി നടന്ന ഒരു പരീക്ഷണം. നല്ലൊരു സോളോ ആയിരുന്നു അത് . എസ് പി വെങ്കിടേഷിന്റെ സംഗീതം. 


രവീന്ദ്രന്റെ ഈണത്തിൽ ആയിരപ്പറയിലേത് യേശുദാസിനൊപ്പം മികച്ചൊരു യുഗ്മഗാനം. യാത്രയായ് വെയിലൊളി നീളുമെൻ ... എന്നത് ...

ദേവാസുരത്തിൽ മേടപ്പൊന്നണിയും ...

ദില്ലിവാലാ രാജകുമാരനിലെ  അകലെ നിഴലായ് ...

എന്നിവയിൽ  വന്നുപോകുന്നു അരുന്ധതി ശബ്ദം ...


അരുന്ധതിയുടെ ശബ്ദത്തിന്റെ മാധുര്യം വീണ്ടും അനുഭവിച്ചത്‌ മഴ എന്ന ലെനിൻ രാജേന്ദ്രന്റെ സിനിമയിൽ ആണ്. ഗേയം ഹരിനാമധേയം എന്ന തുടക്കം മാത്രമെങ്കിലും  ഓർമ്മയിൽ തങ്ങിനിൽക്കുന്നത് ...

ഹിമശൈല സൗന്ദര്യമായ് ... എന്ന യേശുദാസ്, ചിത്ര , അരുന്ധതി ഗാനം അനുഭൂതിയുടെ നനവുകളോടെ നമ്മെ പുൽകും.. ശരിക്കും തുടക്കം ചിത്രയോടൊപ്പം... ഇങ്ങേയറ്റം ചിത്രയോടൊപ്പം തന്നെ ...  അതിനിയും തുടരട്ടെ...  ഹിമശൈല സൗന്ദര്യമായി അതങ്ങിനെ വിളങ്ങട്ടെ ....

No comments:

Post a Comment