Wednesday, July 10, 2019

എ കെ ലോഹിതദാസ്

നാൽപ്പത്തെട്ടു ചിത്രങ്ങൾക്ക് തിരക്കഥയെഴുതി അതിൽ  പന്ത്രണ്ടെണ്ണം സംവിധാനം ചെയ്യുകയും ചെയ്ത ആ വലിയ കലാകാരന്റെ പത്താം ചരമവാർഷികമാണ് നാളെ .എ കെ ലോഹിതദാസ് .തനിയാവർത്തനം എന്ന ആദ്യ ചിത്രം തന്നെ മലയാള സിനിമാ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു .അന്ധവിശ്വാസങ്ങളുടെ തലമുറകൾ നീളുന്ന നീരാളിപ്പിടുത്തം .ഒരിക്കലും അതിൽ നിന്നും രക്ഷ നേടാനാവാതെ നിസ്സഹായരായ ചില മനുഷ്യർ .സ്വയം കുരുതി കൊടുക്കേണ്ടി വരുന്നവർ .തനിയാവർത്തനം അങ്ങിനെ ചരിത്രമാവുകയായിരുന്നു . അന്ധവിശ്വാസങ്ങളിൽ കീഴ്പ്പെട്ട് സ്നേഹ ബന്ധങ്ങളെ മറികടന്ന് ജീവിക്കുന്ന കഥാപാത്രങ്ങൾ ലോഹിതദാസിന്റെ പല ചിത്രങ്ങളിലും കാണാം .ജാതകം എന്ന ചിത്രത്തിൽ അതിന്റെ മൂർദ്ദന്യാവസ്ഥയിൽ ജീവിതമവസാനിപ്പിക്കേണ്ടിയും വരുന്നുണ്ട് തിലകന്റെ കഥാപാത്രത്തിന് .

മനസ്സുറപ്പുള്ള സ്ത്രീകഥാപാത്രങ്ങൾ ഇദ്ദേഹത്തിന്റെ കണ്ടെത്തലുകളാണ് .നായകന്റെ നിഴലായല്ല ,പലപ്പോഴും മുൻപിലായിരിക്കുന്നതും ഉണ്ട് .അല്ലെങ്കിൽ നായക കഥാപാത്രത്തിന് താങ്ങായി നിൽക്കുന്ന ജ്വലിക്കുന്ന പാത്രസൃഷ്ടികൾ .
ഭരതത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തിന് സന്നിഗ്ദ ഘട്ടങ്ങളിൽ താങ്ങായി മാറുന്ന ഉർവ്വശിയുടെ കവിതയെ  മറക്കാനാവാത്തത് . ചകോരത്തിലെ ശാരദാമണിയുടെ ചങ്കൂറ്റത്തോട് കൂടിയുള്ള പെരുമാറ്റങ്ങൾ ജീവിതം നൽകിയ കയ്പേറിയ പല പാഠങ്ങളിൽ നിന്നും ഉറച്ചു പോവുന്നതാണ് .ജീവിതത്തിൽ ചില നിർണ്ണായക ഘട്ടങ്ങളിൽ തീർത്തും ഒറ്റപ്പെട്ടു പോവുന്നവരും ലോഹിതദാസിന്റെ കരുത്തരായി അഭ്രപാളിയിൽ നിറഞ്ഞാടിപ്പോയിരുന്നു . ചകോരത്തിലെ ശാരദാമണിയും ,മുകുന്ദൻ മേനോനും ,കിരീടം ,ചെങ്കോൽ എന്നിവയിലെ സേതുവും ,അമരത്തിലെ അച്ചുവും ,ആധാരത്തിലെ ബാപ്പൂട്ടിയും എല്ലാം ഒറ്റപ്പെടലിന്റെ തീക്ഷ്ണത അനുഭവിച്ചവർ .
പല നടന്മാർക്കും അവരുടെ കരിയറിലെ സുപ്രധാന റോളുകൾ കൈകാര്യം ചെയ്യേണ്ടി വന്ന നിമിഷങ്ങൾ ഓർത്തെടുക്കുമ്പോൾ നിശ്ചയമായും ലോഹി ചിത്രങ്ങളാവും ആദ്യം മനസ്സിൽ വരുക .
മമ്മൂട്ടിയുടെ തനിയാവർത്തനം ,മൃഗയ ,ഭൂതക്കണ്ണാടി ,അരയന്നങ്ങളുടെ വീട് ,മഹായാനം ,അമരം ,കൌരവർ ,പാഥേയം ,വാൽസല്യം
മോഹൻലാലിന്റെ  കിരീടം ,ചെങ്കോൽ ,ഭരതം ,ഹിസ് ഹൈനസ് അബ്ദുള്ള ,ദശരഥം ,കമലദളം
മുരളിയുടെ അമരം ,ആധാരം ,വളയം ,വെങ്കലം
എന്നിവയിൽ പലതും മികച്ച ചിത്രമെന്ന നിലയിലും മികച്ച അഭിനേതാവ് എന്നതിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കീർത്തി നേടിയെടുത്തിട്ടുള്ളതാണ് .
കെട്ടുറപ്പുള്ള തിരക്കഥകൾ മികച്ച സംവിധായകരാൽ മികവിൽ മികച്ചതായി മാറിയപ്പോൾ നല്ല സിനിമയെ സ്നേഹിക്കുന്നവർക്ക് എന്നുമോർമ്മിക്കാനുള്ളതായി അവ മാറി ..
ലോഹി ചിത്രങ്ങൾക്ക് ചുവട് പിടിച്ചു പോലും ആരും എഴുതാൻ തുനിഞ്ഞിട്ടില്ല . അൽഭുതങ്ങൾ കാട്ടുന്ന അവതാരകഥാപാത്രങ്ങൾ ഉണ്ടാക്കുന്നതിൽ നിന്ന് വിഭിന്നമായി യഥാർത്ഥ മനുഷ്യനെ ,മണ്ണിന്റെ മണമുള്ള മനുഷ്യരെ പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കുക മാത്രമെ ഇദ്ദേഹം ചെയ്തിട്ടുള്ളു .അതാണ് വിജയവും .
ലോഹിതദാസ് ഇല്ലാതായശേഷം സിനിമയിൽ തന്നെ ഒരു മരവിപ്പിന്റെ കാലമായിരുന്നു .കാമ്പില്ലാത്ത കഥകളുമായി മുഷിപ്പൻ സിനിമകൾ . ഇന്ന് അവസ്ഥ മാറിയെങ്കിലും കുറച്ച് കാലം ആ ശൂന്യത നമ്മൾ അനുഭവിച്ചതാണ് .
ഇപ്പോൾ മലയാള സിനിമ മുന്നോട്ടാണ് .ആ ലോഹിതദാസ് കാലത്തിൽ നിന്നും സിനിമ തന്നെ മാറിക്കഴിഞ്ഞു .എന്നാലും ഒരു പാഠപുസ്തകമായി എന്നെന്നും ആ അതുല്ല്യ കലാകാരന്റെ സൃഷ്ടികൾ ഇവിടെ ഉണ്ടാവും ...

നനവാർന്ന ഓർമ്മകൾ സമ്മാനിച്ച പ്രിയ ലോഹി സാറിന് സാഷ്ടാംഗ പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട്...

No comments:

Post a Comment