സിനിമാപ്പാട്ടുകളുടെ മാസ്മരികതയിൽ മുങ്ങി നിവരുന്നത് വയലാർ ,ദേവരാജൻ കാലഘട്ടം മുതൽ തുടങ്ങിയതാണ് . ഈ ന്യൂ ജനറേഷൻകാലത്ത് ഇത്തരം മുങ്ങി നിവരൽ പുതുരചനകളിൽ നടക്കുന്നില്ല എന്ന ദുഃഖം നമ്മെ അലട്ടുന്നില്ല. കാരണം പഴയ കാലഘട്ടത്തിലെ ആ പവിത്രമായ ശാന്തിഘട്ടിൽ തന്നെയാണ് നാമിപ്പോഴും മുങ്ങി നിവരുന്നത്. ഇവരിൽ പുത്തഞ്ചേരിയുടെ കാലം വന്നപ്പോഴേക്കും പാട്ടുകൾക്ക് രൂപഭാവമാറ്റം വന്നു കഴിഞ്ഞിരുന്നു. പാട്ട് മാത്രം എഴുതുന്നവരിൽ നിന്നും കവികളിൽ പാട്ട് എഴുതുന്നവരിലേയ്ക്ക് പുത്തഞ്ചേരിയേയും ചേർത്തു വെയ്ക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്.
ഗാനങ്ങൾ ഏറെ കൊണ്ടാടിയപ്പോഴും ഒരു കവിതാപുസ്തകം വലിയ വായനയറിയാതെ ഇവിടെ ഉണ്ടായിരുന്നു. സാധാരണക്കാർ നെഞ്ചേറ്റി ലാളിച്ചതാണ് പുത്തഞ്ചേരിയുടെ സിനിമാ ഗാനങ്ങൾ . ഇദ്ദേഹത്തിന്റെ കവിതകളിൽ നിന്നും ഊറ്റിയെടുത്ത സത്ത് തന്നെയാണ് പാട്ടുകളും എന്ന് തോന്നിപ്പോവും ഈ പുസ്തകത്തിലൂടെ ഒരു വായനായാത്ര നടത്തുമ്പോൾ . എന്റെ ഹൃദയത്തെ സ്പർശിച്ച ചിലത് ഞാനിവിടെ പറഞ്ഞു പോവാം.
അനാമിക
ഈ ലോകത്തിൽ പിടയുന്ന ഓരോ അനാമികകയ്ക്ക് വേണ്ടിയും നീറുന്ന ഹൃദയമായ് കവി.
"നിനക്ക് പടരാൻ മുറ്റ -
ത്താരോ വെട്ടിയ മാവ് ഞാൻ .
നിനക്ക് വറ്റുണ്ണാനായ്
പൊട്ടിച്ചീന്തിയ മണ്‍കലം "
എന്ന് പറയുന്നിടത്ത് കവി തന്റെ നിസ്സഹായതയും , ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നു. ചിലപ്പോഴത്രയൊക്കെയെ കഴിയൂ ഒരു കവിയ്ക്ക് .
ബദരീനാഥം
ജന്മവും, മരണവും, പാപവും , പുണ്യവും ഇഴുകിച്ചേർന്നു കിടക്കുന്ന ബദരീനാഥം പോലുള്ള തീർഥാടനകേന്ദ്രങ്ങളുടെ മായാവലയത്തിൽ പെട്ട ഒരു കവിയേയും ഈ കവിതയിൽ കാണാം. പ്രകൃതിയുടെ സമസ്തസൌന്ദര്യത്തിലും അകപ്പെട്ട ഒരു വേദാന്തിയുടെ തീർപ്പുകൾ ഇതിൽ നേർത്ത മന്ത്രങ്ങളാവുന്നു .
"അകലെയൊരു ചുരവളവിലേകാന്ത വീഥിയിൽ
അലറുന്ന പാഷാണവൃഷ്ടി ..
അവിടെയൊരു യമി, തന്റെ പൂർവാശ്രമം തൊട്ടു
'പുനരപി' കളെണ്ണും സമഷ്ടി .."
എന്ന് പറയുന്നിടത്ത് പുത്തഞ്ചേരിയിലെ യഥാർഥ മനുഷ്യൻ അർദ്ധനിമീലിതനായ് നിലകൊള്ളുകയാണ് .
കർക്കിടകം
ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകളിൽ ഹൈന്ദവ ബിംബങ്ങൾ നിറയെ കാണാം എന്നൊരു പരാതി കേട്ടിട്ടുണ്ട്. ഭാരതീയ സംസ്കാരത്തെ ഹൈന്ദവം , അഹൈന്ദവം എന്നൊക്കെ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയോ അന്ന് തുടങ്ങിയതാണ് ഈ അധോഗതി.
കർക്കിടകം ഓർമ്മപ്പെടുത്തുന്നത് വറുതിയുടെ നാളുകളാണ് . ആ കൊടും പേമാരി നാളുകൾ വിശപ്പറിയാതെ ഇരിയ്ക്കാനും സമയം കൊല്ലാനും എല്ലാം വേണ്ടിയാണ് ഒരു സമ്പൂർണ്ണ കാവ്യ ഗ്രന്ഥം വായിക്കാൻ ഒരു ജനത തെയ്യാറായത് . രാമായണം പിന്നീട് ഒരു ഹൈന്ദവ കാവ്യഗ്രന്ഥമായി ചിലർ തരം താഴ്ത്തിക്കളഞ്ഞു. കവി ഇതിൽ കാണുന്നത് ഒരു ഭർത്താവ് അയാൾ ഒരു രാജാവായാലും , ദേവൻ ആയാലും തന്റെ സഹധർമ്മിണിയോട് ചെയ്ത അതിക്രൂരതയാണ് .
"രഘുരാമന്നിതാ
പരിത്യജിക്കുവാൻ
പഴംപുരാണമായ്
പഴുക്കുന്നു സീത"
എന്ന് കവി വ്രണിതഹൃദയനായ് തേങ്ങുകയാണ് .
"മടക്കൂ നീ നിന്റെ
മഹിതമാം ഗ്രന്ഥം "
എന്ന് കവി സഹിക്കാതെ പറയുമ്പോൾ അവിടെ തെളിഞ്ഞു നില്ക്കുന്നത് ഒരു ഹൈന്ദവ കവിയല്ല. മനുഷ്യപക്ഷത്ത് നില്ക്കുന്ന ഒരുവനാണ് .
അക്കിത്തം
ഇതിവിടെ പകർത്താതെ നിവൃത്തിയില്ല എന്ന് തോന്നി. അക്കിത്തം എന്ന മഹാകവി ഗിരീഷിന്റെ മനസ്സിൽ നിറഞ്ഞു നില്ക്കുന്നത് കാണണ്ടേ !
" ആരെൻ നെഞ്ചുതുളച്ചൊരോടക്കുഴൽ തീർ -
ത്താരഭീരാഗച്ചോരയിൽ ,സ്നേഹമാ-
മാദിതാളവും, ത്രിപുടയും വാറ്റി ,നീരാറ്റിയെന്നെ -
പ്പാടാൻ പ്രാണഞരമ്പിലെശ്ശതതന്ത്രിയിൽ പുണ്യ
കാംബോജിയാക്കി? "
അമ്മ
അമ്മയെന്ന സത്യത്തെ അറിയാൻ ശ്രമിക്കാതെ സ്നേഹത്തെക്കുറിച്ച് എന്തുമെഴുതുന്നത് പാഴാണ് .
പക്ഷെ ഈ കവിയ്ക്ക് അങ്ങിനെയല്ല.
അമ്മ ഇങ്ങനെയാണ്.
" ആരോ കുടഞ്ഞിട്ട മഞ്ഞിൽക്കുളിർന്നുനി-
ന്നലിവോടെയേൽക്കുന്ന ശീലം,
പിന്നെത്തിരിഞ്ഞു നടക്കവേ, ഞാൻ കേട്ടു
പിൻവിളിക്കാനുള്ള ശ്വാസം "
ആറ് പേർ പിരിയുമ്പോൾ
ആറ് പേർ പിരിയുമ്പോൾ എന്ന കവിതയിൽ പഠനകാലവും, തീരാവ്യാധി പോലെ പിന്തുടർന്നിരുന്ന ദാരിദ്ര്യവും എല്ലാം വിഷയമാവുന്നു.
മഴക്കാലത്തുള്ള ഒരു ബാല്യകാല ഓർമ്മ .
" അവസാനത്തെ വാതിലും പൂട്ടി
*അപ്പുനായർ മടങ്ങവേ
പുതുശ്ശേരിത്താഴത്തെ
പ്രളയവാരിധി താണ്ടുവാൻ
എനിക്കും, പിലാച്ചേരി കൃഷ്ണനും
ഒരു ചേമ്പിൻതുമ്പിലെ ആലില !" * അപ്പുനായർ -- സ്കൂൾ ശിപായി .
ഗീത
ഹാ ..ആധുനിക ഗീത ചിലപ്പോൾ ഇങ്ങനെയാവും പറയുന്നത്.
സ്ത്രീ അനുഭവിക്കുന്ന പീഡനങ്ങൾക്ക് നേരെ ഈ ആധുനിക ഗീത എന്തൊക്കെയോ പറയാൻ ഉദ്ദേശിക്കുന്നുണ്ട് .
" കണ്ണനറിഞ്ഞിട്ടും
ജടായു തടുത്തിട്ടും
കരിമ്പൂച്ച കരഞ്ഞിട്ടും
സംഭവിക്കേണ്ടത് സംഭവിച്ചു !
"സംഭാവാമി യുഗേ ... യുഗേ.. "
എന്ന് പറയുന്നിടത്ത് കവി കൂടുതൽ പറയാൻ മിനക്കെടുന്നില്ല .
ഗുരുപ്രണാമം
കവി ശ്രീ യൂസഫലി കേച്ചേരിയുടെ സപ്തതി ആഘോഷ സ്മരണയ്ക്ക് പുത്തഞ്ചേരി എഴുതിയതിൽ നിന്ന്...
"സാരസ്വതത്തിന്റെയഗ്നികാണ്ഢങ്ങളിൽ
സാന്ദ്രാനന്ദാവബോധം തിരഞ്ഞൊരാൾ "
എന്നെഴുതി തന്നിലേയ്ക്ക് ചേർത്തു നിർത്തുന്ന സ്നേഹത്തെ നമ്മൾ കാണുന്നു.
പുത്തഞ്ചേരി ഇന്ത്യയിലെ ഒട്ടുമിക്ക പുണ്യസ്ഥലങ്ങളൊക്കെ സന്ദർശിച്ചതായി പല കവിതകളിൽ നിന്നും മനസ്സിലാക്കാം. അത്ഭുതനേത്രനായി സകലതും ഉൾക്കൊണ്ട് വിജ്രംഭിച്ചു നില്ക്കയാണ് കവി.
" കയറണം ഹിമാലയം.ഉമയുടെയുത്കണ്ഡയും
ഊഷ്മളപ്രണയവും തപംകൊണ്ട ശരണാലയം "
-----------------------------------------------------------
ഇവിടെ നമസ്കരിക്ക ! വേദാന്തവിത്തുക്കൾ പ-
ണ്ടിതിലേയല്ലയോ കൈവല്യം തിരഞ്ഞുപോയ്.."
അച്ഛനോട്
സംസ്കൃതത്തിലും , ആയുർവേദത്തിലും വിദഗ്ദൻ ആയിരുന്നത്രെ പുത്തഞ്ചേരിയുടെ അച്ഛൻ . അച്ഛന്റെ മരണ ശേഷം ഒരോർമ്മക്കുറിപ്പായി ഈ കവിത.
" അമ്മയ്ക്ക് കൊടുക്കാൻ മറന്നോ-
രാഴക്ക് കണ്ണീരിൻഖനി തുരക്കാൻ ...
മുറ്റത്തെചെമ്പരത്തിക്കൊമ്പൊടി-
ച്ചായുർവേദം ചവപ്പിച്ചെ -
ന്നസ്ഥിയിൽക്കഷായത്തി -
ന്നക്ഷരശ്ലോകം തുളിപ്പിക്കാൻ ...
------------------------------------------
മണ്ണിന്നടിയിൽ
മഴ നനഞ്ഞു കിടക്കുന്നവനച്ഛൻ ...
മൌനം കൊണ്ട് പുതച്ചവൻ ...
കവിത ഒരു സുന്ദരമായ അനുഭവമല്ല കവിയ്ക്ക് .
ആ പിറവിയുടെ അല്ലെങ്കിൽ അനുഭവത്തിന്റെ വേദനയിൽ അമർന്ന് കിടക്കുന്നത് സുഖം തന്നെയെങ്കിലും ...
"കവിതയെഴുതുമ്പോൾ
പാതാളത്തിലകപ്പെട്ടുപോയതുപോലെ
ഒരു പൊള്ളലാണുള്ളിൽ ..
അണലിയുടെ വിഷപ്പല്ല്
ഞരമ്പിലേക്കാഴ്ന്നിറങ്ങുമ്പോഴുള്ള
നീറ്റമായി, അതെന്നെ ചുറ്റിവരിയാറുണ്ട് .
വെടിയേറ്റ കരിമ്പുലിയുടെ അലർച്ച പോലെ
അതെന്നെ പ്രകമ്പനം കൊള്ളിക്കാറുണ്ട് ...
ഒലീവിലയുടെ തണുപ്പായെന്നെ
ഒരിക്കലും തലോടിയിട്ടില്ല...
പ്രണയത്തിന്റെ ജലശ്രോതസ്സായി
ഒരിക്കലുമതെന്നെ കുളിർപ്പിച്ചിട്ടില്ല ....
പ്രണാമങ്ങളോടെ ..
ഫെബ്രുവരി 10 . ഗിരിഷ് പുത്തഞ്ചേരിയുടെ ചരമ വാർഷികം ആണ്..
പ്രണാമങ്ങളോടെ ....
കവി -- ഗിരീഷ് പുത്തഞ്ചേരി
കവിതകൾ -- ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകൾ
മാതൃഭൂമി ബുക്ക്സ്
No comments:
Post a Comment