Sunday, February 5, 2017

വിശപ്പിന്റെ രാഷ്ട്രീയം അഥവാ ദല്‍ഹി ഗാഥകള്‍ (എം. മുകുന്ദന്‍ )




  

    രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളുടെ ശേഷിപ്പാണ് അഭയാര്‍ഥികള്‍. ഇന്ത്യ- പാക്കിസ്ഥാന്‍ – ബംഗ്ലാദേശ് യുദ്ധങ്ങളുടെ അവസാനം ഒരൊഴുക്കായിരുന്നു. ഡല്‍ഹിയുടെ തെരുവോരങ്ങള്‍ ഇവര്‍ക്ക് അഭയ സ്ഥാനങ്ങള്‍. കൂട്ടത്തില്‍ മറ്റൊരു വിശപ്പിന്റെ രാഷ്ട്രീയം അവിടെ രൂപം കൊള്ളുന്നുണ്ടായിരുന്നു. കൊളോണിയസം വരഞ്ഞിട്ടു പോയ മുറിവിന്റെ വേദനയില്‍ സുഖം കൊള്ളുന്നവര്‍. കത്തിക്കാളുന്ന വിശപ്പിന്റെ രാഷ്ട്രീയത്തിലെ രക്തദാഹികള്‍. സമാധിയടഞ്ഞ , എരിഞ്ഞടങ്ങിയ, അധികാര വേഴ്ച്ചകളുടെ ഈറ്റില്ലങ്ങളും, ശ്മശാന ഭൂമിയുമാണ് ഡല്‍ഹിയും, പ്രാന്തപ്രദേശങ്ങളും. നഗരത്തിന്റെ അഴുക്കുചാലില്‍ വീണു ജീവിക്കുന്ന ഒരു പറ്റം മലയാളികള്‍. മുകുന്ദന്റെ പതിവ് പറച്ചിലില്‍ നിന്നും ഒട്ടും മാറാതെ അടിത്തട്ടിലെ മനുഷ്യന്റെ കഥ.

    യുദ്ധങ്ങള്‍ വരുത്തി വയ്ക്കുന്ന അതിസങ്കീര്‍ണ്ണതയോടും, വ്യാകുലതയോടും ഒരേ പോലെ പൊരുത്തപ്പെട്ടു പോവുന്നുണ്ട് നഗരവാസികള്‍. മാറിവരുന്ന കാലാവസ്ഥാ മാറ്റങ്ങളോട് എങ്ങിനെ തെയ്യാറെടുക്കുന്നു എന്നതിനോട് ചേര്‍ന്ന് തന്നെയെന്നു തോന്നിപ്പോവുംവിധം അത് ജനങ്ങളില്‍ ഉറച്ചുപോവുന്നുണ്ട്; ഗ്രീഷ്മവും, ശൈത്യവും, വസന്തകാലവും അവരുടെ ജീവിതാവസ്ഥയെ എങ്ങിനെ രൂപപ്പെടുത്തിയിരിക്കുന്നു എന്നത് പോലെ തന്നെ. ഒരു സാധാരണ പൌരനെപ്പോലും പരോക്ഷമായി ഒരു യുദ്ധം എങ്ങിനെ ബാധിയ്ക്കുന്നു എന്ന് ഈ നോവല്‍ എടുത്തു പറയുന്നുണ്ട്. ശ്രീധരനുണ്ണിയുടെ ആകസ്മിക മരണം, സഹദേവന്റെ പതിമൂന്നു നാള്‍ പനി എന്നിവ നോവലിസ്റ്റ് ‘ സാധാരണ ‘ രീതിയില്‍ പറഞ്ഞു പോവുന്നു. സ്വന്തം വിശ്വാസങ്ങളുടെ തകര്‍ച്ച അല്ലെങ്കില്‍ അതിന്മേല്‍ ഏല്‍ക്കുന്ന ആഘാതങ്ങള്‍ ഒരു വിശ്വാസിയെ തകര്‍ക്കുന്നത് ശ്രീധരനുണ്ണിയുടെ മരണത്തിലൂടെ വായനക്കാരന്‍ അനുഭവിച്ചറിയുന്നു. വീടിന്റെ കോലായില്‍ ഡാങ്കെയുടെ പടത്തോടൊപ്പം ചൌ എന്‍ ലായിയുടെ ചിത്രവും ആരാധനയോടെ തൂക്കിയിട്ടുണ്ട്‌ ശ്രീധരനുണ്ണി. 1962 ലെ ഇന്ത്യാ- ചൈന യുദ്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന അറിവില്‍ , തുറന്നുവെച്ച പത്രത്തോടൊപ്പം ശ്രീധരനുണ്ണിയുടെ ജീവനും പിടഞ്ഞു മാറുകയായിരുന്നു. വിശ്വാസ ഗോപുരത്തിന്റെ ഉത്തുംഗ ശ്രുംഗത്തില്‍ നിന്ന് പൊടുന്നനവേ താഴെ വീണു ജീവന്‍ ബലി നല്‍കാന്‍ ആയിരുന്നു അയാളുടെ വിധി. ഏത് യുദ്ധങ്ങളും ആത്യന്തികമായി സൃഷ്ടിക്കുന്നത് ഭയവും, അരക്ഷിതാവസ്ഥയും ആണെന്ന് ദല്‍ഹി നിവാസികള്‍ മൂന്നു യുദ്ധങ്ങളിലൂടെ മനസ്സിലാക്കുന്നു.

    വിശക്കുന്നവരുടെ എരിപൊരിസഞ്ചാരങ്ങള്‍ ആണ് മുകുന്ദന്റെ ദാല്‍ഹിഗാഥകള്‍ നീളെ . വയറിന്റെ വിശപ്പ്‌, കാമത്തിന്റെ വിശപ്പ്‌ , ഗര്‍ഭ പാത്രത്തിന്റെ വിശപ്പ്‌ എന്നിവയെക്കാള്‍ മനസ്സിന്റെ വിശപ്പിനു പ്രാധാന്യം നല്‍കി, നെഞ്ചുഴിഞ്ഞു നടക്കുന്ന കുറച്ചു പേരുടെ ജീവിതം, ജീവിതാസക്തികള്‍ തുടങ്ങിയവ അനുഭവവേദ്യമാകുന്നു വായനക്കാരനും. 1962 , ’65 , ’71 കാലഘട്ടങ്ങളിലെ യുദ്ധങ്ങള്‍ സമൂഹത്തിന്റെ നൈതികതയില്‍ സൃഷ്ടിക്കുന്ന കൊടും വരള്‍ച്ചയില്‍ ഒരു തലസ്ഥാന നഗരിയും, പ്രാന്തപ്രദേശങ്ങളും പൊരി കൊള്ളുകയായിരുന്നു. യുദ്ധാനന്തരം താളം നഷ്ടപ്പെട്ട ജീവിതങ്ങള്‍ സ്വയം ഭാരമാവുന്നത് ദേവിയിലൂടെയും , ലളിതയിലൂടെയും, കുഞ്ഞികൃഷ്ണനിലൂടെയും, സഹദേവനിലൂടെയും എടുത്തുകാട്ടുന്നു രചയിതാവ് . രാജ്യാതിര്‍ത്തികളില്‍ പൂര്‍ണ ശ്രദ്ധയോടെ ഭരണ കര്‍ത്താക്കള്‍ മിഴിയൂന്നുമ്പോഴും, രാജ്യത്തിനകത്തെ പ്രജകളുടെ അശാന്തിയുടെ അതിര്‍ത്തികള്‍ ഭീമവല്ക്കരിക്കപ്പെടുന്ന കൊടും വിപത്തുകള്‍ ആവുമ്പോഴും ഒരു വിശപ്പിന്റെ ബീജങ്ങള്‍ ഉള്ളറകളില്‍ ഉതിര്‍ന്നു വീണു മുളയ്ക്കുന്നുണ്ടായിരുന്നു.

    വിദേശികള്‍ വിത്തെറിഞ്ഞ ആ ബീജങ്ങള്‍ മുളപൊട്ടി വിടര്‍ന്നതിന്റെ ഭീകരയാധാര്‍ത്ഥ്യം ഈ നോവലില്‍ ഇടക്ക് വന്നു പോവുന്നുണ്ട്. 71 – ല്‍ ദല്‍ഹി കൈനീട്ടി സ്വീകരിച്ച ബംഗ്ലാദേശ് അഭയാര്‍ഥി പ്രവാഹം തെരുവോരങ്ങളില്‍ കുമിഞ്ഞു കൂടി. ” മാര്‍ക്കം ചെയ്ത ഇച്ചിമ്മിണി ” കാട്ടി നടക്കുന്ന ഒരു കൊച്ചു കുട്ടിയുടെ ആ മര്‍മ്മ സ്ഥാനത്തു കല്ലെറിഞ്ഞു കൊള്ളിച്ച് സ്വന്തം മനസ്സിന്റെ വിശപ്പ്‌ ശമിപ്പിക്കാന്‍ മുതിരുന്ന ഒരു “യഥാര്‍ത്ഥ ഹിന്ദു” വിനെ നമ്മള്‍ കണ്ടുമുട്ടുന്നു. ഈ വിശപ്പിന്റെ രാഷ്ട്രീയം ആണ് ഇന്ന് ഇന്ത്യന്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു മാറാവ്യാധിയും. ആരുടെയൊക്കെയോ വിശപ്പിനു ഇരയാവുകയും, സ്വയം ഇരയായി തീര്‍ന്നവരും ഇതില്‍ കഥാപാത്രങ്ങള്‍ ആയി വരുന്നു.

    മറ്റു ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതെ ഒരു പൊങ്ങു തടി പോലെ ഭൂമിയില്‍ ജീവിച്ച് , സ്വന്തം വിലയറിയാതെ എരിഞ്ഞു തീര്‍ന്ന ഒരാള്‍ നന്മെണ്ട വാസവപ്പണിക്കര്‍. ചിത്രകാരന്‍. തീവ്ര വിപ്ലവ പ്രസ്ഥാനത്തിന് ബലിയായി സമര്‍പ്പിച്ച ഒരച്ഛന്റെ മകളായി ഡല്‍ഹിയില്‍ വന്നുപെട്ട ജാനകിക്കുട്ടി, തെരുവ് ബാര്‍ബര്‍ ദാസപ്പന്‍, ഉത്തംസിംഗ്, മകള്‍ പിങ്കി, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആണ്. യുദ്ധങ്ങള്‍ക്ക് ശേഷം വന്ന അടിയന്തരാവസ്ഥ , സഞ്ജയ്‌ ഗാന്ധി പരിഷ്കാരങ്ങള്‍,ജെ. പി. യുഗം , ഇന്ദിരാ ഗാന്ധി വധം, സിഖ് കൂട്ടക്കൊലകള്‍ , സഫ്‌ദര്‍ ഹാഷ്മി വധം തുടങ്ങിയ സംഭവങ്ങളിലൂടെ ആണ് നോവല്‍ കടന്നുപോകുന്നത്. ഏത് പരിതസ്ഥിതിയിലും മനുഷ്യന് ഒരു ‘ ജീവിച്ചു പോവല്‍’ ഉണ്ട്. അവസ്ഥകളോടുള്ള പടപൊരുതല്‍. അവിടെ ജയമല്ല, വെറും നിലനില്‍പ്പ്‌ മാത്രം . അതും പലപ്പോഴും അസംതൃപ്തമായ മനസ്സിനെ വൃഥാ തൃപ്തിപ്പെടുത്താന്‍ മാത്രം . നിസ്സംഗതയുടെ മൂടുപടത്തിനുള്ളിലുള്ള ജീവിച്ചു പോവല്‍. അപ്പോഴും ഒരു പ്രതീക്ഷയുണ്ട് . അതാണ്‌ ദേവിയെ വീണ്ടും പിറന്നിടത്തേയ്ക്കുള്ള തിരിച്ചു പോക്കിന് ഊര്‍ജ്ജം പകര്‍ന്നുകൊടുക്കുന്നതും. ശ്രീധരനുണ്ണിയുടെ ഭാര്യയായി ഡല്‍ഹിയില്‍ എത്തപ്പെട്ട ദേവി. ഭര്‍ത്താവിന്റെ ആകസ്മികമരണ ശേഷം , മകള്‍ ദിവ്യയുടെ തിരോധാനത്തിനു ശേഷം , അവര്‍ ജീവിതത്തില്‍ തന്റേതായ ഒരു ഇടുങ്ങിയ ലോകം സൃഷ്ടിക്കുകയായിരുന്നു. പത്രപ്രവര്‍ത്തകനായ മകന്‍ സത്യനാഥന്‍. അടിയന്തരാവസ്ഥയുടെ ഭീകര സൃഷ്ടിയായ നിര്‍ബന്ധിത വാസക്ടമി ഓപ്പറേഷന് വിധേയനായിപ്പോവുകയാണ് യുവാവായ സത്യനാഥന്‍. മകന്റെ ജോലിയിലുള്ള സ്ഥാന കയറ്റവും, അകല്‍ച്ചയും ദേവിയെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നു. ഒടുവില്‍ അവര്‍ നാട്ടിലേയ്ക്ക് പോവാന്‍ ഒരുങ്ങുന്നു. ഇവിടെ ഞങ്ങളൊക്കെയില്ലേ, നാട്ടില്‍ ആരുണ്ട്‌ എന്നന്വേഷിക്കുന്ന സഹദേവനോട് ദേവി പറയുന്നത് ” എനക്കവിടെ വൃശ്ചിക കാറ്റും , മാമ്പൂവുമുണ്ട്. എനക്കതു മതി ” എന്നാണു. സാഹിത്യകാരന്‍ പ്രവാചകന്റെ സ്ഥാനം വഹിക്കുന്നവന്‍ ആണ്. അവന് പകര്‍ന്നു കിട്ടുന്ന അറിവുകള്‍ കലാസൃഷ്ടികളായി, പ്രവചനങ്ങളായി മാറുന്നു.സമൂഹത്തിന്റെ നന്മക്കു വേണ്ടി ഉതകുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകനേക്കാള്‍ ഉത്തരവാദിത്വം ഉള്ളവന്‍. മുകുന്ദന്റെ കഥാപാത്രങ്ങള്‍ ഒരിക്കലും സ്വപ്ന ജീവികള്‍ ആവുന്നില്ല. അവര്‍ ജീവിതത്തോടു ഒരുതരത്തില്‍ സമരസപ്പെട്ടുപോവുകയാണ്. അതായത് ജീവിതം ജീവിച്ചുതീര്‍ക്കുക തന്നെ. കുഞ്ഞികൃഷ്ണനായാലും, സഹദേവനായാലും, ദേവിയും, ലളിതയും എല്ലാം മടുപ്പിക്കുന്നതെങ്കിലും ജീവിതത്തിന്റെ ആസക്തിയില്‍ മുങ്ങിത്താഴുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് കനത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങികൊണ്ട് കൈസ്വാധീനം നഷ്ടപ്പെട്ടിട്ടും ജീവിതം തിരിച്ചു പിടിക്കുന്ന കുഞ്ഞികൃഷ്ണന്‍, ജീവിച്ച സാഹചര്യങ്ങളില്‍ നിന്നും വിഭിന്നമായ ഒരു തലത്തിലേക്ക് മാറുന്ന ലളിത ഇവരൊക്കെ ഏത് സാഹചര്യത്തിലും ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണ്. അതുകൊണ്ടുതന്നെ മനുഷ്യ ജീവിതത്തെ മഹത്വവല്‍ക്കരിക്കുന്ന ഈ ഗാഥ മുകുന്ദന്റെ പതിവ് ശൈലിയില്‍ നിന്നും ഒരിക്കലും വഴി മാറി പോകുന്നില്ല. മലയാള നോവല്‍ സാഹിത്യത്തിന്റെ വളര്‍ച്ച മുരടിച്ചു പോയിട്ടില്ല എന്ന് ഇത്തരം നോവലുകള്‍ തെളിയിക്കുന്നത് ആശാവഹം തന്നെയാണ്.


നോവൽ  - ദൽഹിഗാഥകൾ 
നോവലിസ്റ്റ്  -- എം മുകുന്ദൻ 
ഡീ സി ബുക്ക്സ് 
വില  475 /-

No comments:

Post a Comment