പാട്ടെഴുത്തിന്റെ ,ഈണങ്ങളുടെ ഇഴയടുപ്പങ്ങളിലൂടെ നൂണ്ടിറങ്ങാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. മനസ്സിലടിയുറച്ചു പോയ പഴയ ഗാനങ്ങളിൽ നിന്നും ഒരു കാലത്തും പടിയിറങ്ങേണ്ടി വന്നിട്ടില്ല . അതെന്നും മനസ്സിലൊരു നിധി തന്നെയാണ്. കാലം കഴിയുന്നതിനനുസരിച്ചു സിനിമകളിൽ പാട്ടൊരു അധികപറ്റാവുകയാണോ ! ഇന്നത്തെ ഗാനങ്ങളെ വിമർശിക്കുമ്പോൾ പലരും എന്നോട് പറഞ്ഞിട്ടുണ്ട്
" ഇന്ന് പാട്ടില്ലേ ?"
" നിങ്ങൾ ഇന്നത്തെ ഗാനങ്ങൾ ശ്രദ്ധിക്കാഞ്ഞിട്ടാണ് "
" ഇന്നത്തെ ഗാനങ്ങളും കേൾക്കൂ .. എന്നിട്ടു വിമർശിക്കൂ "
ഇതൊക്കെ മനസ്സിലേക്ക് കയറ്റിവിട്ടു . പത്തു കൊല്ലത്തെ ഏകദേശം എല്ലാ ഗാനങ്ങളിലൂടെയും കയറി ഇറങ്ങി. കേൾക്കാത്തത് കേട്ടു . നിറയെ എഴുത്തുകാരും സംഗീതജ്ഞരും , ഗായകരും. പുതിയവർ കഴിവുള്ളവരാണ്. എഴുതുന്നതിലും, സംഗീതം ചെയ്യുന്നവരിലും എല്ലാമുണ്ട് പ്രതിഭകൾ. ഒരു കാര്യം എനിക്ക് മനസ്സിലായി. സംഗീതം നശിപ്പിച്ച ഏറെ നല്ല വരികൾ ഇവിടെ പിറന്നിട്ടുണ്ട്. ബി കെ ഹരിനാരായണന്റെതൊക്കെ ഏറെയും നല്ല വരികളാണ്. എന്നിട്ടും സംഗീത അതിപ്രസരത്തിൽ പലതും മുങ്ങിപ്പോയി . ഇതിനിടയിലും അദ്ദേഹത്തിന്റെ പല വരികളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് . അത് പറയാതെ വയ്യ. അവിടെയും സംഗീതം അല്പം മൃദുലത കൈവരിച്ചത് കൊണ്ടും ...
ഷാൻ റഹ്‌മാൻ എന്ന സംഗീതജ്ഞനെ കുറിച്ചൽപ്പം പറയാം എന്ന് കരുതുന്നു. ഇന്നത്തെ യുവത്വം ഏറെ ആസ്വദിക്കുന്ന സംഗീതമായി തീർന്നിരിക്കുന്നു ഷാൻ റഹ്‌മാൻ ഈണങ്ങൾ. യൂ റ്റിയൂബിലൂടെ ഏറെ സഞ്ചരിച്ചാൽ ആരാധകരുടെ നീണ്ട നിര കാണാൻ കഴിയും... അതിലുമേറെ പുറത്തുണ്ടാവാം. അദ്ദേഹത്തിന്റെ കുറെ ഏറെ ഗാനങ്ങൾ കേട്ടു . ഒറ്റ വാക്കിൽ പറയാം . ഇദ്ദേഹത്തിൽ സംഗീതമുണ്ട്. എന്നാൽ ഏറെയും ഒരേ റൂട്ടിൽ ഓടുന്ന ബസ്സ് പോലെ ആണെന്ന് പറഞ്ഞാൽ ആരും പിണങ്ങേണ്ട. അതിനിടയിലും കുറച്ചെണ്ണം ഓർത്തുവെക്കാനുണ്ട് അതുമിവിടെ പറയാം. മലയാള സിനിമ സംഗീത രംഗത്തെ ഇന്നത്തെ കാലത്തെ പ്രതിനിധീകരിക്കുന്നു ഷാനീണങ്ങൾ ....
2009 ൽ ഈ പട്ടണത്തിൽ ഭൂതം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ചെയ്തുകൊണ്ട് പ്രവേശം. ഗിരീഷ് പുത്തഞ്ചേരി വരികൾക്ക് തുടക്കം തന്നെ ഈണം നൽകാൻ ഭാഗ്യമുണ്ടായി ഷാന് . ഈ പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിന് വേണ്ടി ഗിരീഷിൻറെ സുന്ദരമായ വരികൾക്ക് ..അതിലെ "മാമരങ്ങളെ ഒരു മഞ്ഞുകൂടു നെയ്തു താ ""ആരോ നിലാവായ് തലോടി "
തുടക്കം പാട്ടാസ്വാദകർ സ്വീകരിച്ചിരുന്നു.
പിന്നീട് വിനീത് ശ്രീനിവാസൻ സിനിമകളുടെ ഒരു ഭാഗമാവുകയായിരുന്നു ഷാൻ. ഷാൻ സംഗീതം ആ ചിത്രങ്ങൾക്ക് നല്ല മൈലേജ് കൊടുത്തിട്ടുണ്ട് . ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ് എന്നതിലെ യുവത്വത്തിന്റെ തുടിക്കുന്ന ചലനങ്ങൾ നിറഞ്ഞ ആട്ടും പാട്ടും നിറഞ്ഞത് . അവസാന ഗാനം ശരിക്കും സിനിമയുടെ ഒരു കൊട്ടിക്കലാശം തന്നെയായിരുന്നു ."നേരിന്‍ വഴി തന്‍ ജാലകവാതില്‍ നീ
ഇട നെഞ്ചിന്‍ തുടികളിലുണരും സ്വരമോ നീ..
നിന്‍ മലർ വാടിയിലെന്നും വാടാമലരുകൾ ഞങ്ങൾ
അനഘ സംഗീതമിവിടെ ഒഴുകുന്നിതാ
അമര സൗഹാർദ്ദമിവിടെയുണരുന്നിതാ
ആയിരം കാതമകലെ നിന്നു നീ
തൂകിടും മന്ദഹാസം
ഇവിടെ ഈ സന്ധ്യശോഭയില്‍ ഞാനറിവൂ. "
വിനീതിലെ കവിയും, ഗായകനും, അഭിനേതാവും, സംവിധായകനും ഉണർന്നുലഞ്ഞ സിനിമ . തരക്കേടില്ലാത്ത ഒരു പാട്ടെഴുത്തുകാരൻ ആണ് വിനീത്. ഷാനീണം ഇവയിലെ മിക്ക ഗാനങ്ങൾക്കും മുതൽക്കൂട്ടാണ്. " നിൻ മലർവാടിയിലെന്നും വാടാമലരുകൾ ഞങ്ങൾ " . ഷാൻ എന്ന സംഗീതജ്ഞനെ തിരിച്ചറിഞ്ഞ ഗാനം ...
അനു എലിസബത്ത് എന്ന പുതു എഴുത്തുകാരിയുടെ വരികൾക്ക് ഈണം നൽകി ഇദ്ദേഹം. " ശ്യാമാംബരം പുൽകുന്നൊരാ " എന്ന നല്ല വരികൾക്ക് ...
പിന്നീട് വിനീതിന്റെ തന്നെ മേൽനോട്ടത്തിൽ ചിത്രീകരിച്ച തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലും ഷാൻ ഈണം തന്നെ. സകലകലാ വല്ലഭനായ വിനീതിന്റെ വരികൾക്ക് തന്നെ ഈണം ചേർക്കുന്നത്.. " അനുരാഗത്തിൻ വേളയിൽ " മലയാളക്കരയാകെ അലയടിച്ച ഒരു ഗാനം. നായകൻറെ സൂപ്പർ പെർഫോമൻസും മറ്റൊരു കാരണം. എങ്കിലും വരികളും സംഗീതവും മികച്ചു നിന്ന ഒരു ഗാനം തന്നെ ഇത്... അനു എലിസബത്ത് വീണ്ടും... "തട്ടത്തിൻ മറയത്തെ പെണ്ണെ " ... സച്ചിൻ വാരിയർ എന്ന പുതു ഗായകനിലൂടെ ....
അനൂപ് മേനോന്റെ വരികളിലൂടെ കാലിഫോർണിയയിൽ ഒരു നീക്കം.." മഞ്ഞുതിരും രാവിനുള്ളിൽ " എന്നത് ആവറേജ് സുഖം തന്ന ഗാനം ..
2014 ൽ ഹരിനാരായണൻ ഗാനങ്ങളെ പുൽകികൊണ്ട് ഷാൻ സംഗീതം ഒരു തുടക്കമിട്ടു. അത് ഹിറ്റായിരുന്നു. " കാറ്റു മൂളിയോ '' ..
ഓം ശാന്തി ഓശാനയിൽ .മനു മഞ്ജിത്തിന്റെ " മന്ദാരമേ .. " എന്നതും വരികൾ കൊണ്ടും സംഗീതം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.
ഒരു വടക്കൻ സെൽഫിയിലൂടെ തമാശപ്പാട്ടുകൾക്കും ഈണം നൽകിക്കൊണ്ട് ഷാൻ റഹ്‌മാൻ ." എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല""കൈക്കോട്ടും കണ്ടിട്ടില്ല കയ്യിൽ തഴമ്പുമില്ല " എന്ന കോമഡി ഗാനങ്ങൾക്ക് . പാട്ടുകളുടെ ചിത്രീകരണം കൊണ്ടും നവീൻ പ്രകടനം കൊണ്ടും അതേറെ ശ്രദ്ധിക്കപ്പെട്ടു. മടിയൻ യുവത്വത്തിന്റെ പ്രതീകം എന്ന പോലെയുള്ള ഒരു നവീൻ കഥാപാത്രം ..
വിനീത് ശ്രീനിവാസന്റെ എഴുത്തും,പാടലും ...
ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ മലയാളി എന്നുമോർക്കുന്ന അല്ലെങ്കിൽ ഒരു പ്രവാസി മനസ്സിൽ സൂക്ഷിക്കുന്ന ചില ദൃശ്യങ്ങളും പാട്ടും, സംഗീതവും....": തിരുവാവാണി രാവ് " എന്ന ഗാനം വരികളുടെ അർത്ഥം ചോർന്നു പോവാതെ സംഗീതം കൊടുക്കാൻ ഷാൻ റഹ്‌മാന് കഴിഞ്ഞു .. മനു മഞ്ജിത് മനസ്സറിഞ്ഞെഴുതിയ ഗാനം...
പിന്നീട് ...." തെന്നൽ നിലാവിന്റെ " ഒരു മുത്തശ്ശി ഗദ , ബി കെ ഹരിനാരായണൻ എന്നതിലൂടെ ചുറ്റിത്തിരിഞ്ഞു കൊണ്ട് ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ കോളിളക്കം സൃഷ്ടിച്ച ഗാനത്തിലൂടെ ആ ഗാനസഞ്ചാരം തുടർന്ന് കൊണ്ടിരുന്നു. പി എം എ ജബ്ബാറിന്റെ പഴയൊരു പാട്ടായ " ഒരു മാണിക്യ മലരായ പൂവി " യുവത്വത്തിന്റെ കളിയും ചിരിയും നിറഞ്ഞ ലോകത്തിലൂടെ ..
.വീണ്ടും ഹരിനാരായണനിലൂടെ ... നല്ല വരികളിലൂടെ പോയി കുളിരലയിലൊരു മുങ്ങി നിവരൽ സാധിക്കുന്നുണ്ട് ഷാൻ സംഗീതത്തിന് ... അരവിന്ദന്റെ അഥിതികളിലെ " രാസാത്തി എന്നെ വിട്ടു പോകാതേടീ " ... നല്ലൊരു കമ്പോസിംങ് ആണ്. കൂടാതെ സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്നതിലെ .."ഇല്ലിക്കൂടിനുള്ളിൽ " എന്ന ബി കെ ഹരിനാരായണൻ ഗീതവും ഷാൻ സംഗീത ലോകത്തിനു ഒരു മുതലാണ് ...
ഇനിയും സംഗീതം തുടരുക. ആദ്യം പറഞ്ഞ പോലെ ഒരേ റൂട്ടിലെ ബസ്സ് ... അതാവരുത്. ഒരേ കാഴ്ചകൾ , ഒരേ അനുഭൂതികൾ... കാഴ്ചകൾ വ്യത്യസ്ഥമാവട്ടെ . ഈണത്തിലെ ഉച്ചസ്ഥായികൾ ഹൃദ്യം . പാശ്ചാത്യ സംഗീതത്തിൽ നിന്ന് നല്ലതു ഊറ്റിയെടുക്കുന്ന വിരുത് എല്ലാം നല്ലത് .... തുടരുക... സംഗീതയാത്ര... ആശിർവാദങ്ങൾ ...
No comments:
Post a Comment